വിഡി സതീശന്
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രീംകോടതിയുടെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളുടേയും ആചാരത്തിന്റേയും പേരില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് എംഎല്‍എയുടെ പ്രതികരണത്തിനായി ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താന്‍ അദ്ദേഹം തയ്യാറായില്ല. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കില്ലെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു സമകാലിക രാഷ്ട്രീയത്തിലെ മറ്റു വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചത്. അനുവുമായി വി ഡി സതീശന് സംസാരിക്കുന്നു.
ശബരിമല വിഷയത്തില്‍ പ്രതികരിക്കാന്‍ താങ്കള്‍ തയ്യാറല്ല, എന്നിരുന്നാലും ഒരു ജനത സ്വന്തം വിശ്വാസങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ അവര്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസിനെതിരെ സോളാര്‍ കേസും വന്നിരിക്കുന്നു. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്?
കോണ്‍ഗ്രസിനെ തളര്‍ത്തി കളയാമെന്നു ഒരു ധാരണ ഇടതുപക്ഷത്തിനു ഉണ്ടെങ്കില്‍ അത് വെറും തെറ്റാണ്. അത് പ്രതിപക്ഷ നേതാവും കെപിസി സി പ്രസിഡന്റും വ്യക്തമാക്കി കഴിഞ്ഞു. കേരളത്തില്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്കിയ കോണ്‍ഗ്രസ് എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു. കെട്ടിചമച്ച ആരോപണങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുമെന്ന് സിപിഐഎമ്മിനോ മുഖ്യമന്ത്രിക്കോ തോന്നുന്നുവെങ്കില്‍ ആ നിലപാട് തികച്ചും തെറ്റാണെന്ന്
വരും ദിവസങ്ങളില്‍ ബോധ്യപ്പെടും.
ബ്രൂവറി അനുവദിച്ചതില്‍ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു, ബ്രൂവറി ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കി. അപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടായിരുന്നോ?
തീര്‍ച്ചയായും. കാരണം കുടിവെള്ള പദ്ധതി ആരംഭിക്കാന്‍ എംഎല്‍എ അഞ്ചേക്കര്‍ ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന പിണറായി സര്‍ക്കാരാണ് ബ്രൂവറിക്കായി പത്ത് ഏക്കര്‍ അനുവദിച്ചത്. പാലക്കാട് കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന ഒരു ജില്ലയാണ്. ആ ജനതയെ പറ്റി ഒരു നിമിഷം പോലും ചിന്തിക്കാതെയാണ് സര്‍ക്കാര്‍ ബ്രൂവറിക്ക് അവിടെ അനുമതി നല്‍കിയത്. അപ്പൊ അനുമതി റദ്ദാക്കി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. ഇതിനു പിന്നില്‍ എന്താനുള്ളതെന്നു ജനങ്ങള്‍ അറിയണം. നമ്മളൊക്കെ വിചാരിച്ചു സര്‍ക്കാര്‍ ഇവിടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് പക്ഷെ അവര്‍ ഈ ബ്രൂവറി ഇടപാടിന്റെ തിരക്കിലായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത്. ഏഴ് മാസത്തോളം ഇതിന്റെ ഫയല്‍ എക്സൈസ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. പ്രളയത്തിന്റ മറവില്‍ ഡീല്‍ ഉറപ്പിച്ച് ലൈസന്‍സ് നല്‍കുകയായിരുന്നു. കീഴിലുള്ള ഉദ്യോഗസ്ഥര്‍ പോളിസിക്ക് എതിരാണെന്ന് പറഞ്ഞ ഫയലിന് അനുമതി നല്‍കിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കണം.

ഈ ബ്രൂവറി വിവാദത്തിലും ശബരിമല വിഷയത്തിലുമൊക്കെ വോട്ട് ബാങ്ക് രാഷ്ടീയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്ന ആരോപണമുണ്ടല്ലോ?
വോട്ട് ലക്ഷ്യം വയ്ക്കുന്നതില്‍ തെറ്റുണ്ടോ? ഇല്ലായെന്നാണ് എന്റെ അഭിപ്രായം. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കുന്നവരാണ് അധികാരത്തിലേറേണ്ടത്. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാരായാലും ശരി സംസ്ഥാന സര്‍ക്കാരായാലും ശരി ജനങ്ങള്‍ക്ക് വേണ്ടി ശരിയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ. വരുന്ന തെരഞ്ഞെടുപ്പ് ജനങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെ രക്ഷയും നോക്കി മുന്നോട്ട് പോകേണ്ട തെരഞ്ഞെടുപ്പാണ്. ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരാണെന്ന വാദം പൊളിഞ്ഞില്ലെ. നായനാരാണ് അനുമതി നല്‍കിയതെന്ന് തെളിഞ്ഞില്ലേ. അതുപോലെ എന്തൊക്കെ നുണപ്രചരണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും അന്തിയുറങ്ങാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നു. ഈ അവസരത്തിലാണ് 80 കോടി ചെലവില്‍ എം എല്‍ എമാര്‍ക്കായി സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
നമ്മളൊക്കെ സ്വന്തം വീടുകളില്‍ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സാമ്പത്തികമായി ചെലവുകള്‍ ചുരുക്കി ജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും എന്താണ് ചെയ്യുന്നത്. പതിനായിരം രൂപ ധനസഹായം ഉണ്ടെന്ന് പറഞ്ഞ് എത്ര നാളുകള്‍ക്ക് ശേഷമാണ് അത് നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് 2200 കോടിരൂപ ലഭിച്ചതായി മുഖ്യമന്ത്രി പറയുന്നു. അതിന്റെ വ്യക്തമായ രേഖകളും കണക്കുകളും എവിടെ. അത് മന്ത്രിമാരും മുഖ്യമന്ത്രിയും മാത്രം അറിയേണ്ടതാണോ. നവകേരള നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ മുഖ്യമന്ത്രി ജനങ്ങളെ ക്ഷണിക്കുന്നുണ്ടല്ലോ, എന്താ ഇത്തരത്തിലുള്ള ദുരിതാശ്വാസ നിധിയുടെ കണക്കുകള്‍ ജനങ്ങള്‍ക്ക് നല്‍കാത്തത്.
പ്രളയം തകര്‍ത്ത കേരളത്തിനു മോദി സര്‍ക്കാര്‍ വേണ്ട വിധത്തില്‍ സഹായം നല്കിയില്ലെന്നാണോ?
കേരളത്തിനെ ആകെ തകര്‍ത്ത പ്രളയ സമയത്ത് കേന്ദ്രസര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ ന്യായീകരണം. എന്നാല്‍ ഇവിടെയൊന്നും പറയാതെ അങ്ങ് യു എ ഇ യില്‍ പോയി പറയുന്നു മോദി സര്‍ക്കാര്‍ ഒന്നും തന്നില്ലെന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കാര്യം പണ്ടാരോ പറഞ്ഞപോലെയാ. അവരൊട്ട് തരികയുമില്ല, മറ്റുള്ളവര്‍ തരുന്നത് വാങ്ങാന്‍ സമ്മതിക്കുകയുമില്ല. അങ്ങനെ വിദേശ സഹായം വാങ്ങാന്‍ പാടില്ലെന്ന് നയമുണ്ടെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിനാവശ്യമായ പണം മോദി സര്‍ക്കാര്‍ തരണം. ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായ അവസരത്തില്‍ കോടി രൂപ വിദേശസഹായം നിരസിച്ച മന്മോഹന് സര്‍ക്കാര്‍ പകരം നല്‍കിയത് പന്തീരായിരം കോടിയാണ്. ഇതാണെങ്കിലോ ചോദിച്ചതിന്റെ പകുതി പോലുമില്ല. അതാണ് അവസ്ഥ. അതിനൊക്കെയുള്ള സര്‍ക്കാരിന്റെ പ്രതികരണമോ അതാണെങ്കില്‍ ആറി തണുത്തതും.

അല്ലാ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്?
അതെ, അതു തന്നെയാണ് പറഞ്ഞത് ആറി തണുത്ത പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. മുന്‍പ് പറഞ്ഞതല്ല ഇപ്പൊ പറയുന്നത്. അന്ന് പറഞ്ഞു മന്ത്രിമാര്‍ അടക്കം യു എ ഇ യില്‍ പോകുമെന്ന്. പിന്നെ പറയുന്നു മോദി സര്‍ക്കാര്‍ അനുമതി തന്നില്ലെന്ന്. വിദേശ സഹായം നിരസിച്ച വേളയില്‍ തന്നെ ചൂണ്ടിക്കാട്ടി കൊടുക്കാവുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഗുജറാത്തില്‍ വിദേശസഹായം വാങ്ങിയതുള്‍പ്പെടെ പലതും പറയാന്‍ വൈകി പോയി.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് കഴിഞ്ഞു, മോദിയുടെ പിന്നില്‍ അണി നിരക്കുന്ന ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോ?
തീര്‍ച്ചയായും ഇന്ന് ചെയ്യുന്നതിനൊക്കെയുള്ള തിരിച്ചടിയാകും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കാണാന്‍ പോകുന്നത്. ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്ത് അത് ബിജെപിയ്ക്കും ഇടതുപക്ഷത്തിനും നല്കുന്ന മുന്നറിയിപ്പുമാകും.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)