സ്മിത സുരേഷ്: അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക്

824,475
ekalawya.com

കെ സി അരുണ്‍

അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക് വരുമ്പോള്‍ കണ്ണൂരുകാരിയായ സ്മിത എസ് സുരേഷിന് വ്യക്തമായൊരു സ്വപ്‌നമുണ്ടായിരുന്നു. സംരംഭം നടത്തുന്നതിനൊപ്പം സമൂഹത്തില്‍ അവശത അനുഭവിക്കുന്ന കൂട്ടരെ കൂടെക്കൂട്ടി സ്വയം സംരംഭകരാക്കി വളര്‍ത്തുക എന്നതായിരുന്നു റിബോണി എന്ന ടെക്‌സ്റ്റൈല്‍ സ്റ്റാര്‍ട്ട്അപ്പിന്റെ സ്ഥാപകയായ സ്മിതയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ തൊഴില്‍ പഠിപ്പിച്ച് അവരെ സംരംഭകരാക്കുന്നു. ഈ കുട്ടികളുടെ ഉല്‍പന്നങ്ങള്‍ റിബോണിയിലെ ആവശ്യങ്ങള്‍ക്കായി വാങ്ങുന്നതിനൊപ്പം മറ്റ് ഉപഭോക്താക്കളേയും ഇവര്‍ക്ക് പരിചയപ്പെടുത്തുന്നു. മാര്‍ക്കറ്റിങ്ങിലും സെയില്‍സിലും മെന്ററിങ് നല്‍കി അവരെ സ്വയംപര്യാപ്തരാക്കുന്നു.

തനിക്ക് ബിസിനസ് പാരമ്പര്യമില്ലെന്നും എന്തെങ്കിലും ഒരു സോഷ്യല്‍ കോസിന് വേണ്ടി വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹമായിരുന്നു ഇതിലേക്ക് നയിച്ചതെന്നും സ്മിത പറയുന്നു.

2017-ല്‍ അസാപിന്റെ മലബാര്‍ മേധാവിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ദിയ (ഡിഫ്രന്റ്‌ലി ഏബിള്‍ഡ് ഇന്‍ ആക്ഷന്‍) എന്ന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പോയതാണ് ജീവിതത്തിലെ വഴിത്തിരിവ്. സംരംഭകയാകണം അതേ സമയം സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്ന സ്മിതയ്ക്ക് താന്‍ എന്താണ് ചെയ്യേണ്ടതെന്ന തിരിച്ചറിവ് ലഭിക്കുന്നത് ഇവിടെ നിന്നാണ്.

ദിയയിലെ കുട്ടികള്‍ പഠനം പൂര്‍ത്തിയായശേഷം ജീവിക്കാനായി എന്ത് ചെയ്യും എന്ന ചിന്തയാണ് പിന്നീടുള്ള ദിവസങ്ങളില്‍ സ്മിതയെ അലട്ടിയത്. അങ്ങനെയാണ് തൊഴില്‍ അന്വേഷകര്‍ ആക്കുന്നതിനേക്കാള്‍ നല്ലത് അവരെ തൊഴില്‍ ദാതാക്കള്‍ ആക്കുന്നതാണ് നല്ലതെന്ന ചിന്ത സ്മിതയിലുണ്ടായത്. അടുത്ത ആഴ്ച തന്നെ കുട്ടികളുടെ യോഗം വിളിച്ചു. നാല്‍പതോളം കുട്ടികളാണ് അന്നുണ്ടായിരുന്നത്.

എനിക്കൊരു കമ്പനിയുണ്ടെങ്കില്‍ അവരെ സഹായിക്കാമല്ലോയെന്ന ചിന്തയും ഉണ്ടായി സ്മിത പറയുന്നു. റിബോണിയുടെ തുടക്കവും ഇവിടെയാണ്. കണ്ണൂരില്‍ ഡിസൈനര്‍ ഡ്രസുകള്‍ ചെയ്യുന്ന സംരംഭങ്ങള്‍ കുറവായിരുന്നു. ചെന്നൈ, ഹൈദരാബാദ് എന്‍ ഐ എഫ് ടിയില്‍ പഠിച്ചവരെ റിബോണിയില്‍ ജോലിക്കെടുത്തു. ഈ ഡിസൈനര്‍മാര്‍ ഞായറാഴ്ചകളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.

സ്‌ക്രീന്‍ പ്രിന്റിങ്, ടെക്‌സ്‌റ്റൈല്‍ പ്രിന്റിങ്, മാര്‍ക്കറ്റിങ് തുടങ്ങിയവ അവരെ പഠിപ്പിച്ച് തുടങ്ങി. ഈ കുട്ടികളില്‍ ഭൂരിപക്ഷവും കാഴ്ചയില്ലാത്തവര്‍ ആയിരുന്നു. കുറച്ച് പേര്‍ മെന്റലി റിട്ടാര്‍ഡും ആയിരുന്നു. കുട്ടികള്‍ റിബോണിക്കും മറ്റും ഡിസൈനുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതായിരുന്നു പദ്ധതി.

എന്റെ ടെക്‌സ്റ്റൈല്‍ സ്റ്റാര്‍ട്ട് അപ്പായ റിബോണിയിലേക്ക് നിഫ്റ്റില്‍ നിന്നും സ്റ്റാഫിനെ റിക്രൂട്ട് ചെയ്തു സ്മിത പറയുന്നു. അവര്‍ കുട്ടികള്‍ക്ക് ട്രെയിനിങ് കൊടുത്തു. ഒരു വര്‍ഷത്തോളം എല്ലാ ഞായറാഴ്ചകളിലും പ്രിന്റിങ്ങിലെ പരിശീലനം കൊടുത്തു. ഭൂരിപക്ഷം കുട്ടികളും അന്ധരായിരുന്നു. കുറച്ച് പേര്‍ ഇന്റലെക്ച്വലി ചലഞ്ച്ഡ് ആയിരുന്നു. ബ്ലോക്ക് പ്രിന്റിങില്‍ പരിശീലനം കൊടുക്കാനായിരുന്നു ശ്രമം. അത് കുട്ടികള്‍ക്ക് എളുപ്പമായിരിക്കുമെന്ന് കരുതി. പക്ഷേ, അവര്‍ക്കൊരു സ്‌ട്രെയിനായി. ബ്ലോക്ക് പ്രിന്റിങ് പഠിക്കുന്നത് ഇവരെ സംബന്ധിച്ച് കഠിനമായിരുന്നു. അതിനാല്‍ വിജയകരമായില്ല. എന്റെ അനുഭവ പരിചയക്കുറവും പ്രശ്‌നമായിരുന്നു, സ്മിത കൂട്ടിച്ചേര്‍ത്തു.

സ്മിത സുരേഷ്: അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക് 1

നാളുകള്‍ കടന്ന് പോയി. സ്മിത ശ്രമം ഉപേക്ഷിച്ചില്ല. റിബോണിയുടെ വസ്ത്ര ഉല്‍പന്ന നിര തയ്യാറായി. റിബോണിയൊരു ബ്രാന്റായി മാറി. പ്രൊഡക്ഷന്‍ യൂണിറ്റ് ബില്‍ഡ് ചെയ്തു. അത് വിപണിയിലെത്തിക്കുമ്പോള്‍ പേപ്പര്‍ കവറുകളുടേയും ബോക്‌സുകളുടേയും ആവശ്യം വരും.

കുട്ടികളുടെ പ്രൊഡക്ടിനെ റിബോണിയിലേക്ക് കൊണ്ട് വരാന്‍ ഒരു തരത്തിലും പറ്റുന്നുണ്ടായിരുന്നില്ലെന്ന് സ്മിത പറഞ്ഞു. അതിനിടയില്‍ പരീക്ഷണമെന്ന നിലയില്‍ പേപ്പര്‍ ബാഗുണ്ടാക്കുന്നതില്‍ പരിശീലനം നല്‍കി. റിബോണിയുടെ പ്രൊഡക്ട് മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ പേപ്പര്‍ ബാഗിന്റെ ആവശ്യം വരും. അപ്പോള്‍ റിബോണി ആ പ്രോഡക്ട് വാങ്ങാം എന്നായിരുന്നു പ്ലാന്‍. പേപ്പര്‍ ബാഗ്, പേപ്പര്‍ ബോക്‌സ് വേണ്ടി വരും. അത് ക്ലിക്കായി. നല്ല പെര്‍ഫക്ഷനോടെ അവര്‍ ചെയ്തു, സ്മിത പറഞ്ഞു.

റിബോണിയുടെ സമീപം കടയെടുത്ത് കുട്ടികളുടെ ബാഗ് പ്രൊഡക്ഷന്‍ യൂണിറ്റ് അവിടേക്ക് മാറ്റി. മെഷീനും മറ്റും സ്ഥാപിച്ചു. ബാഗ് നിര്‍മ്മിക്കാനുള്ള പേപ്പര്‍ കോഴിക്കോട് നിന്നാണ് വാങ്ങുന്നത്. ഒരു തവണ സ്മിത കൂടെ പോയി വാങ്ങിച്ചു കൊടുത്തു. പിന്നീട് അവര്‍ തന്നെ തനിയെ പോയി. പ്രിന്റിങ്ങ് ഡിസൈന്‍ എല്ലാം അവര്‍ തീരുമാനിച്ച് തുടങ്ങി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി അവര്‍ ചെയ്ത് തുടങ്ങി സ്മിത ഓര്‍ത്തെടുക്കുന്നു. കുട്ടികള്‍ സ്വയം പര്യാപ്തതയിലേക്ക് വളരുകയായിരുന്നു.

മാര്‍ക്കറ്റിങ്ങും കുട്ടികള്‍ സ്വയം ചെയ്ത് തുടങ്ങി. ഒന്ന് രണ്ട് ക്ലയന്റ്‌സിനെ ഞാന്‍ പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് അവര്‍ ചെയ്ത് തുടങ്ങി. അതായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്ന ആശയം. നമ്മള്‍ പിന്നാലെ നില്‍ക്കാതെ അവര്‍ സ്വയം കാര്യങ്ങള്‍ ചെയ്യണം. ഒരു പരിധി കഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്താല്‍ അവര്‍ക്കൊരിക്കലും സ്വയം പര്യാപ്തരാകാന്‍ സാധിക്കില്ല. പതിയെപതിയെ സപ്പോര്‍ട്ട് പിന്‍വലിച്ച് മെന്ററിങ് മാത്രമായി മാറ്റണം.

അവര്‍ ജയിലില്‍ കവര്‍ കൊടുത്തിരുന്നു. എന്നാല്‍ ബാഗിന്റെ വില അധികൃതര്‍ നല്‍കുന്നത് താമസിക്കുമായിരുന്നു. പണം ചോദിക്കാന്‍ കുട്ടികള്‍ക്ക് മടിയും. ആ പണം ആവശ്യപ്പെടണമെന്ന് സ്മിത കുട്ടികളെ പഠിപ്പിച്ചു. കൂടെ വിലയേറിയ മറ്റൊരു ഉപദേശവും നല്‍കി സിമ്പതി സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കരുത്. അത് ദീര്‍ഘകാലം ഉണ്ടാകില്ല. നിങ്ങള്‍ സ്‌ട്രോങ്ങായിട്ടുള്ള ആളുകള്‍ ആകണം. സ്മിതയുടെ മെന്ററിങ്ങില്‍ ശാക്തീകരിക്കപ്പെട്ട കുട്ടികള്‍ പണം ചോദിച്ച് വാങ്ങിത്തുടങ്ങി.

സ്മിത അസാപിന്റെ ഒരു പ്രോജക്ട് ചെയ്തപ്പോള്‍ സ്മാര്‍ട്ട് ഇന്ത്യ എന്നൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്റ്റാര്‍ട്ട് അപ്പ് എന്ന ആശയം. ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ്, അക്കൗണ്ടന്‍സി എന്നിവയൊക്കെ അവര്‍ പഠിച്ചിരുന്നു. ഇതിനെയെല്ലാം ഒരു കോമണ്‍ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരിക. ഈ കമ്പനിയിലേക്ക് വിളിച്ചാല്‍ ഏത് വര്‍ക്കിനും വേണ്ട വിദഗ്ദ്ധ തൊഴിലാളികളെ കിട്ടുന്ന രീതിയില്‍. ആദ്യം അവര്‍ വര്‍ക്ക് ചെയ്യുക. പിന്നീട് താഴേക്ക് ടീമിനെ ബില്‍ഡ് ചെയ്യുക. ഇതായിരുന്നു സ്മിതയുടെ മനസ്സില്‍.

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിച്ച കുട്ടികള്‍ ഒരു ഹോട്ടലിന്റെ ഒരു ഭാഗം മാനേജ് ചെയ്തിരുന്നു. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പഠിച്ച കുട്ടികള്‍ സ്‌കൂളുകളിലെ ജോലികള്‍ ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം അതിന്റെ പിന്നില്‍ എല്ലാകാര്യത്തിലും സ്മിത കൂടെ നിന്നിരുന്നു. പിന്നീട് നിങ്ങള്‍ തനിയെ ഇത് കൈകാര്യം ചെയ്യണം എന്ന് കുട്ടികളോട് പറഞ്ഞപ്പോള്‍ അവര്‍ ഡൗണായി. ഇന്റലക്ച്വലി പ്രശ്‌നമില്ലാത്ത കുട്ടികള്‍ വരെ ഇതില്‍പ്പെടുന്നു. ഒരാള്‍ പിന്നില്‍ നിന്ന് ചെയ്യിപ്പിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ അവരുടെ താല്‍പര്യം നശിച്ചു. ഈ അവസ്ഥ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് സ്മിത തീരുമാനിച്ചിരുന്നു.

സ്മിത സുരേഷ്: അധ്യാപനത്തില്‍ നിന്നും സംരംഭകത്വത്തിലേക്ക് 2

കഴിഞ്ഞ ഗ്രൂപ്പില്‍ വിഷ്വലി ചലഞ്ച്ഡ് ആയ കുട്ടികള്‍ ആയിരുന്നു മുഴുവനും. അടുത്ത പ്ലാന്‍ കാഴ്ചയ്ക്കും കൈയ്ക്കും പ്രശ്‌നമില്ലാത്ത കുട്ടികളെ എന്ത് ചെയിക്കാന്‍ കഴിയുമെന്നുള്ള അന്വേഷണമാണ്. ക്ലോത്ത് വേസ്റ്റില്‍ നിന്നും ഉപയോഗയോഗ്യമായ എന്തുണ്ടാക്കാന്‍ കഴിയും എന്നാണ് നോക്കുന്നത്. ഹൈദരാബാദ്, ചെന്നൈ നിഫ്റ്റില്‍ നിന്നും കോഴ്‌സ് കഴിഞ്ഞവരാണ് റിബോണിയിലെ ഡിസൈനേഴ്‌സ്. അവര്‍ പ്രോഡക്ട് ഡിസൈന്‍ ചെയ്യും. ഡിസ്‌കഷന്‍ നടക്കുന്നു.

എല്ലാവര്‍ക്കും ട്രെയിനിങ് കൊടുത്തിട്ട് കാര്യമില്ലെന്ന് സ്മിത പറയുന്നു. പഠിച്ചത് നാളെ അവര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടാകണം. ഒരു വര്‍ഷം എന്റെ കീഴില്‍ നിര്‍ത്തി ചെയ്യിപ്പിച്ചിട്ട് അവരെ സ്വന്തമായി ചെയ്യാന്‍ വിടാനാണ് പ്ലാന്‍. അല്ലെങ്കില്‍ അവര്‍ ഒരു എംപ്ലോയിയായി നില്‍ക്കും. എനിക്ക് കൂടുതല്‍ പേരെ എടുക്കാനും കഴിയില്ല. അതുകൊണ്ട് അവരെ ഒരു എന്‍ട്രപ്രണര്‍ ഗ്രൂപ്പാക്കി വളര്‍ത്തുകയാണ് ചെയ്യുന്നത്, സ്മിത പറയുന്നു.

Comments
Loading...