ബാര്‍ ക്യാമ്പ്: ഇത് വേറിട്ടൊരു ബാര്‍

വ്യത്യസ്ത ആശയങ്ങളുടേയും ചിന്തകളുടേയും സംവാദത്തിനും സംവേദനത്തിനും ഒരു വേദി. അതാണ് ബാര്‍ ക്യാമ്പ്. ഇരുപതാമത് ബാര്‍ ക്യാമ്പ് കോഴിക്കോട് മാര്‍ച്ച് 18-ന് നടക്കാനിരിക്കെ ബാര്‍ ക്യാമ്പ് എന്ന ആശയത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ബാര്‍ ക്യാമ്പറും ആയ്‌റുസ് ഡാറ്റാ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ കെന്നി ജേക്കബ്, രാജി രാമന്‍കുട്ടിയുമായിസംസാരിക്കുന്നു.

ബാര്‍ ക്യാമ്പ് എന്ന കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

അമേരിക്കയില്‍ തുടങ്ങിയ ഒരു കൂട്ടായ്മയുടെ ചുവടുപിടിച്ചാണ് കേരളത്തിലും 2007-ല്‍ ബാര്‍ ക്യാമ്പ് ആരംഭിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ക്ക് വിവിധ വിഷയങ്ങളിലെ ആശയങ്ങളുമായി സംവദിക്കാന്‍ ഒരു വേദി. ബാര്‍ ക്യാമ്പിന്റെ പ്രത്യേകത ക്ഷണിതാക്കളും പ്രതിനിധികളുമൊന്നും ഇല്ല എന്നതാണ്. ക്യാമ്പ് നടക്കുന്ന തീയതി, സ്ഥലം, സമയം എന്നിവ അറിയിച്ചു കഴിഞ്ഞാല്‍ പിന്നെയെല്ലാം, തന്നെ നടക്കുന്നതാണ് അതിന്റെ രീതി. കമ്മ്യൂണിറ്റി തന്നെ എല്ലാത്തിന്റെയും മേല്‍നോട്ടം വഹിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും പ്രഭാഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യുന്നു. പിന്നീട് ക്യാമ്പ് നടക്കുന്ന വേദിയില്‍ ഒരുമിക്കുന്നു. ഒരു കൂട്ടായ്മ തന്നെ മുന്‍കൈയെടുത്തുന്ന ചെയ്യുന്ന പരിപാടിയാണിത്. വ്യത്യസ്തമായ ചര്‍ച്ചകളും പ്രഭാഷണങ്ങളും പ്രതിനിധികളുമാണ് ബാര്‍ ക്യാമ്പിനെ വേറിട്ടതാക്കുന്നത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന കഴിഞ്ഞ ബാര്‍ ക്യാമ്പില്‍ ടെക്നോളജി, വൈറല്‍ മാര്‍ക്കറ്റിംഗ്, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഹാം റേഡിയോയുടെ ഒരു ഡെമോയും നടന്നു. ഇങ്ങനെ വ്യത്യസ്ത ചിന്തകളാലും ചര്‍ച്ചകളാലും സമ്പന്നമാണ് ഓരോ ബാര്‍ ക്യാമ്പും.

കെന്നി ജേക്കബും (ഇടത് നിന്ന് രണ്ടാമത്) സുഹൃത്തുക്കളും ഒരു ബാര്‍ ക്യാമ്പിനിടെ


മറ്റ് സ്റ്റാര്‍ട്ട് അപ്പ് പരിപാടികളില്‍ നിന്നും ബാര്‍ ക്യാമ്പ് എങ്ങനെയാണ് വ്യത്യസ്തമാവുന്നത്?

ബാര്‍ ക്യാമ്പ് എന്നു പറയുന്നത് ശരിക്കുമൊരു സ്റ്റാര്‍ട്ട് അപ്പ് പരിപാടി അല്ല. എന്തും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദിയാണിത്. സ്റ്റാര്‍ട്ട് അപ്പ് പോലെയുള്ള കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ ഇതിനു വേണ്ടി മുന്നിട്ടിറങ്ങുന്നു എന്നുള്ളതേ ഉള്ളൂ.

ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് തന്നെ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ട കുറെ വിഷയങ്ങള്‍ ഇവിടേയും സ്വാഭാവികമായി ചര്‍ച്ചയാവുന്നുണ്ട്. എങ്ങനെ കമ്പനി തുടങ്ങാം, വിജയിക്കാം, ഉപഭോക്താക്കളെ കണ്ടെത്താം തുടങ്ങിയ വിഷയങ്ങളിലുണ്ടാകുന്ന ചര്‍ച്ചകളും ഇതിന്റെ തുടര്‍ച്ചയായി സംഭവിക്കുന്നതാണ്.

അല്ലാതെ ബാര്‍ ക്യാമ്പിന് സ്റ്റാര്‍ട്ട് അപ്പുമായി നേരിട്ടൊരു ബന്ധവുമില്ല. പിന്നെ ഇതില്‍ പങ്കെടുക്കുന്നതില്‍ 50 ശതമാനത്തിലേറെ ആളുകള്‍ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധമുള്ളവരാണ്.

താങ്കള്‍ പറഞ്ഞതു പോലെ ബാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ പകുതിയിലേറെ ആളുകള്‍ സ്റ്റാര്‍ട്ട് അപ്പുമായി ബന്ധപ്പെട്ടവരാണല്ലോ. അതുകൊണ്ട് തന്നെ ഈ 20ാമത്തെ ക്യാമ്പിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് സംസ്‌കാരത്തിന് ബാര്‍ ക്യാമ്പ് നല്‍കിയ സംഭാവനകള്‍ എന്താണ്?

ഒത്തിരി കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ ബിസിനസ് ആശയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. മറ്റെവിടേയും ചര്‍ച്ച ചെയ്യുമ്പോള്‍ ലഭിക്കാത്ത പ്രതികരണങ്ങളായിരിക്കും ഇത്തരം കാര്യങ്ങള്‍ ബാര്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടാവുക. ഈ ഒരു കൂട്ടായ്മയില്‍ നിന്ന് വളരെ സത്യസന്ധമായ മറുപടികള്‍ ലഭിക്കും.

വ്യത്യസ്തമായി ചിന്തിക്കുന്ന ഒരുപാട് ആളുകള്‍ക്ക് ഒത്തുചേരാനുള്ള അവസരമാണ് ഇവിടെ കിട്ടുന്നത്. അതുകൊണ്ട് തന്നെ ബിസിനസ് പങ്കാളികളെ അന്വേഷിക്കുന്നവര്‍ക്കൊക്കെ ക്യാമ്പില്‍ നിന്ന് ഗുണം ലഭിക്കാറുണ്ട്. അങ്ങനെ ഒരുപാട് കമ്പനികള്‍ ആരംഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്നുമുണ്ട്. പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമുള്ള തുടക്കമായി ബാര്‍ ക്യാമ്പ് മാറാറുണ്ട്.

ഈ വര്‍ഷത്തെ ബാര്‍ ക്യാമ്പിന്റെ പ്രത്യേകത എന്താണ്?

ഇത്തവണത്തെ ബാര്‍ ക്യാമ്പ് കോഴിക്കോട് വെച്ച് നടക്കുന്നുവെന്നത് തന്നെയാണ് പ്രത്യേകത. സാധാരണ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കാറ്. വേദി കിട്ടുന്നതാണ് ബാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിലെ ഏറ്റവും വലിയ പ്രശ്നം. എപ്പോള്‍ വേദി കിട്ടിയാലും അപ്പോള്‍ പരിപാടി നടത്തും.

ശരിയായൊരു വേദി പലപ്പോഴും കിട്ടാത്തതു കൊണ്ടാണ് കോഴിക്കോടിനെ മിക്കപ്പോഴും മാറ്റി നിര്‍ത്തേണ്ടി വന്നിരുന്നത്. ഇത്തവണ ആ പ്രശ്നത്തിനൊരു പരിഹാരമായി. പിന്നെ ബാര്‍ ക്യാമ്പില്‍ താല്‍പര്യമുള്ള നിരവധി പേരുള്ള സ്ഥലമാണ് വടക്കന്‍ കേരളം. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ പരിപാടി നടത്തുമ്പോള്‍ മുടങ്ങാതെ പങ്കെടുക്കുന്ന ഒട്ടനവധി പേരുണ്ട്. അവരെല്ലാം മുന്‍കൈയെടുത്താണ് കോഴിക്കോട് വേദി സംഘടിപ്പിച്ചത്. കോഴിക്കോടുള്ള സ്റ്റാര്‍ട്ട് അപ്പുകളൊക്കെയാണ് ഇതിന് താല്‍പര്യമെടുത്തിട്ടുള്ളത്.

കോഴിക്കോട് എത്ര പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?. ആരൊക്കെയാണ് പ്രഭാഷകര്‍?

കോഴിക്കോട് വെച്ച് നടക്കുന്നതു കൊണ്ട് തന്നെ ഇത്തവണത്തെ ബാര്‍ ക്യാമ്പിലെ പ്രഭാഷകരിലേറെ പേരും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ പരിപാടി നടക്കുമ്പോള്‍ 250 ആളുകള്‍ വരെ പങ്കെടുക്കാറുണ്ട്.

ആദ്യത്തെ നാല്, അഞ്ച് ബാര്‍ ക്യാമ്പിലൊക്കെ നൂറു പേരൊക്കെയാണ് എത്തിയിരുന്നത്. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നുണ്ട്. കോഴിക്കാടാണ് ഈ വര്‍ഷത്തെ വേദി എന്നുള്ളതു കൊണ്ട് തന്നെ മലബാറില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഓരോ വര്‍ഷം കഴിയും തോറും ബാര്‍ ക്യാമ്പിനുണ്ടാകുന്ന മാറ്റം എന്താണ്?

2007-ലെ ആദ്യത്തെ ബാര്‍ ക്യാമ്പില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കാരണം മാറ്റങ്ങള്‍ ഉണ്ടാകുന്നതിനായി ഇതൊരു കേന്ദ്രീകൃത സംഘാടകര്‍ ഉള്ള പരിപാടിയല്ല.

തുടങ്ങിയപ്പോഴുള്ളതു പോലെ തന്നെ ഓണ്‍ലൈനില്‍ പരിപാടിയെ കുറിച്ച് അറിയിക്കും. ആളുകള്‍ രജിസ്റ്റര്‍ ചെയ്യും, വരും, പങ്കെടുക്കും, സംസാരിക്കും അങ്ങനെത്തന്നെ. പിന്നെ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

ആദ്യമായി ബാര്‍ ക്യാമ്പ് എന്ന ആശയം അവതരിച്ചപ്പോള്‍ ഉണ്ടായിരുന്ന പ്രതികരണങ്ങള്‍ എന്തായിരുന്നു?

ഈ ആശയം ആദ്യം അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ പങ്കെടുക്കാന്‍ വരുമോ എന്ന സംശയം ഒരുപാട് പേര്‍ പ്രകടിപ്പിച്ചിരുന്നു. കാരണം അന്ന് ടെക്നോപാര്‍ക്കിലൊക്കെ ടെക്നോളജിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പരിപാടികളിലോ വര്‍ക്ക്ഷോപ്പിലോ ഒക്കെ ഉണ്ടായിരുന്ന പങ്കാളിത്തം ശുഷ്‌കമായിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ മാറ്റമുണ്ട്. ഇത്തരം പരിപാടികള്‍ക്ക് ടെക്നോപാര്‍ക്കില്‍ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്. അന്ന് ഈ പരിപാടി നടത്തുമ്പോള്‍ ആരെങ്കിലും വന്നില്ലെങ്കിലോ എന്നൊരു ടെന്‍ഷന്‍ ശരിക്കുമുണ്ടായിരുന്നു.

പിന്നെ പരിപാടി നടത്താന്‍ കൂടെയുണ്ടായിരുന്ന എല്ലാവരും കൂടി പറഞ്ഞു പത്ത് പേര്‍ എങ്കില്‍ പത്ത് പേര്‍. അവരെ വെച്ച് പരിപാടി നടത്താം എന്ന്. പക്ഷെ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഒരുപാട് നല്ല പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങി. രജിസ്ട്രേഷനും നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പായി എഴുപത് പേരെങ്കിലും പരിപാടിക്ക് വരുമെന്ന്.

ആദ്യത്തെ ബാര്‍ ക്യാമ്പ് എങ്ങനെയായിരുന്നു?

ആദ്യത്തെ ബാര്‍ ക്യാമ്പ് മികച്ച വിജയമായിരുന്നു. അന്ന് വ്യത്യസ്ത തലങ്ങളില്‍ ചിന്തിക്കുന്നവര്‍ക്കും അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്തരമൊരു വേദി കിട്ടിയിരുന്നില്ല.

അപ്പോള്‍ ഇത്തരമൊരു പരിപാടി വന്നപ്പോള്‍ അവരെല്ലാവരും അങ്ങ് ഒത്തുകൂടി. 120തോളം ആളുകള്‍ ഉണ്ടായിരുന്നു അന്നത്തെ ബാര്‍ ക്യാമ്പിന്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട് അപ്പുകള്‍ക്ക് എത്രത്തോളം പിന്തുണ നല്‍കുന്നുണ്ട് എന്ത് മാറ്റമാണ് ഇനി ഉണ്ടാകേണ്ടത്?

മുമ്പൊക്കെ സര്‍ക്കാരിന്റെ പിന്തുണ കുറവായിരുന്നു. പക്ഷെ ഇപ്പോള്‍ മികച്ച രീതിയില്‍ തന്നെ സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. ബിസിനസ് രംഗത്ത് വളരേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ ചെയ്യുന്നത്. സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

ഉപദേശകരുണ്ട്. അങ്ങനെ ആ ഭാഗം എല്ലാം ഒക്കെയാണ്. പക്ഷെ കഴിവുകള്‍ കണ്ടെത്തേണ്ടുന്നതിലാണ് ഇപ്പോള്‍ അപര്യാപ്തതയുള്ളത്. കഴിവുകള്‍ വളര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല. വിദ്യാഭ്യാസ രംഗം മുതല്‍ ഇതിനു വേണ്ട മാറ്റങ്ങള്‍ ഉണ്ടാവണം.

സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ ഏതെങ്കിലും തരത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. നല്ല കാര്യമാണിത്. ഇപ്പോഴത്തെ തലമുറയ്ക്കത് പറ്റുകയും ചെയ്യും. ഇതിന് മുമ്പുള്ള തലമുറയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഇങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും നടക്കില്ലായിരുന്നു. സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നതിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ. ഇപ്പോള്‍ അതല്ല സ്ഥിതി.

മാതാപിതാക്കള്‍ തന്നെ സാമ്പത്തികമായി മക്കളെ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ഈ തലമുറയ്ക്ക് കുറെ കൂടി റിസ്‌ക് എടുക്കാന്‍ പറ്റും. സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ പറ്റിയ ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതും. പക്ഷെ കൂള്‍ ഫാക്ടര്‍ മാത്രം നോക്കി എന്തെങ്കിലും തുടങ്ങിയിട്ട് കാര്യമില്ല. കൃത്യമായ ആശയം ഉണ്ടായിരിക്കണം. ഒരു പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയണം. വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടായിരിക്കണം. ഇതെല്ലാം നോക്കിയതിന് ശേഷമായിരിക്കണം എന്തെങ്കിലും സംരംഭം ആരംഭിക്കേണ്ടത്.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം വിജയസാധ്യത ഉണ്ട്?

വിജയസാധ്യതയെ കുറിച്ച് കൃത്യമായി പറയാന്‍ പറ്റില്ല. ഓരോ സ്ഥലത്ത് ഓരോ ബിസിനസ്സായിരിക്കും വിജയിക്കുക. ഉദാഹരണത്തിന് ഒരു ഗൂഗിളോ മൈക്രോസോഫ്റ്റോ കേരളത്തിന് യോജിക്കില്ല. അതിന് ഇവിടെ സാധ്യതയുമില്ല. കേരളത്തിന് പറ്റുന്ന രീതിയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ കണ്ടെത്തി തുടങ്ങിയാല്‍ വിജയം ഉറപ്പാണ്.

സ്റ്റാര്‍ട്ട് അപ്പ് എന്നു പറയാന്‍ പറ്റില്ലെങ്കിലും പതിനഞ്ച് വര്‍ഷം മുമ്പൊക്കെ ട്രാവലിംഗ് രംഗത്ത് നിരവധി സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. ടൂര്‍ ഓപ്പറേഷന്‍സ്, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിങ്ങനെ. അങ്ങനെ മാര്‍ക്കറ്റ് സാധ്യതകള്‍ കൂടി നോക്കി തുടങ്ങിയാലെ ബിസിനസ് വിജയിക്കൂ.

ബാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: ബാര്‍ക്യാമ്പ്‌കേരള.ഓര്‍ഗ്‌

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More