ഞാനൊരു സാമ്പ്രദായിക ഫെമിനിസ്റ്റ് മാത്രമല്ല: ഡോ സംഗീത ചേനംപുല്ലി സംസാരിക്കുന്നു

ചുരുങ്ങിയ കാലയളവുകൊണ്ട് പുരോഗമന സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ച എഴുത്തുകാരിയാണ് ഡോ. സംഗീത ചേനംപുല്ലി. ഈ വര്‍ഷത്തെ ദേവകി വാര്യര്‍ സ്മാരക പുരസ്‌കാര ജേതാവും അധ്യാപികയുമായ ഡോ:സംഗീത അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു.

ആധുനികതയിലും എന്തുകൊണ്ടാണ് നവോത്ഥാനത്തിന് ഇത്ര പ്രസക്തിയേറുന്നത്?

കേരള നവോത്ഥാനത്തിന്റെ കാലത്തെപ്പറ്റി പലതരം വീക്ഷണങ്ങളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന അമ്പതുകള്‍ വരെ നീളുന്നതാണ് കേരള നവോത്ഥാനം എന്നാണ് ഒരു വീക്ഷണം. ഞാന്‍ പക്ഷേ അതിനെ ഒരു തുടര്‍പ്രക്രിയ ആയാണ് കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മാറുമറക്കല്‍ സമരത്തില്‍ ആരംഭിക്കുന്നു അത്. അമ്പതുകള്‍ക്ക് ശേഷം പല കാരണങ്ങളാല്‍ അതിന്റെ ഗതിവേഗം കുറഞ്ഞിട്ടുണ്ടാവാം. എങ്കിലും അത് അനുദിനം തുടരുന്ന ഒരു പ്രക്രിയ തന്നെയാണ്. അസമത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം അതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല. നവോത്ഥാനം തുടര്‍ന്ന് പോകാത്തൊരു സമൂഹം അത് മരിച്ച സമൂഹം തന്നെയാണല്ലോ!

‘സ്ത്രീവാദം രചനകളില്‍ പ്രബലമാണല്ലോ. ക്രിയേറ്റിവിറ്റിയില്‍ അതിന്റെ റോള്‍ എത്രത്തോളമുണ്ട്?

ഫെമിനിസം സ്ഥിതിസമത്വത്തിന്റെ ഒരു ഭാഗമായി നോക്കി കാണാനാണ് എനിക്കിഷ്ടം. സ്ത്രീ സമത്വം സ്ഥിതി സമത്വത്തിന്റെ ഭാഗമായ ഒന്നാണ്. മറിച്ച് പ്രഥമപരിഗണന സ്ത്രീ സമത്വത്തിനും അതിനുശേഷമേ സമൂഹത്തിന്റെ മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കേണ്ടൂ എന്ന അഭിപ്രായമൊന്നുമില്ല. അതുകൊണ്ടുതന്നെ സാമ്പ്രദായികമായി ഞാനൊരു ഫെമിനിസ്റ്റ് മാത്രമല്ല, എങ്കിലും ഒരു മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റാണ് എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു.

രചനകളിലെല്ലാം പ്രതിഫലിക്കുന്ന ചില പൊളിച്ചെഴുത്തുകള്‍ക്ക് കാരണമെന്താണ്?

സാമൂഹിക പൊളിച്ചെഴുത്തുകളെല്ലാം എഴുത്തുകള്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ചുവയ്ക്കുന്നവയല്ല. മുന്നോട്ടു പോകുന്നൊരു സമൂഹവും മുന്നോട്ടു പോകുന്ന മനുഷ്യരും ഉണ്ടാവേണ്ടതു കൊണ്ട് തന്നെ മാറ്റം അനിവാര്യമാണ്. ഇതുവരെ ആര്‍ജ്ജിച്ചതെല്ലാം കൊണ്ട് ഒരു ചുവടുകൂടി മുന്നോട്ട് വയ്ക്കാന്‍ ഉള്ള കെല്‍പ്പ് നമ്മള്‍ ഉണ്ടാക്കിയെടുക്കുകയാണല്ലോ വേണ്ടത്. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള കലഹം എഴുത്തില്‍ വരുന്നത് ഉള്ളിലുള്ള ആശയങ്ങളുടെ ബഹിര്‍സ്ഫുരണമായി ചിലപ്പോള്‍ അബോധത്തില്‍ സംഭവിച്ചുപോകുന്നതാകാം.



ഒരു ശാസ്ത്രകാരിയില്‍ നിന്ന് സാഹിത്യകാരിയിലേക്കുള്ള യാത്ര വളരെ വലുതാണെന്ന് തോന്നിയിട്ടുണ്ടോ?

അത്തരത്തില്‍ ഒരു യാത്ര ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് വേണം പറയാന്‍. എഴുത്തുകളെ ഞാനൊരിക്കലും ശാസ്ത്രമെഴുത്ത്, സാഹിത്യമെഴുത്ത് എന്ന രീതിയില്‍ തരംതിരിച്ചിട്ടില്ല. എനിക്ക് എന്റെ അഭിപ്രായങ്ങളെ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു മാധ്യമമാണ് എഴുത്ത്. ഒരു കവിതയും ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല മറിച്ച് ചില സ്വയം തിളച്ചുമറിയലുകള്‍ ആണ്. പക്ഷേ ശാസ്ത്രമെഴുത്ത് ഒരു ശാസ്ത്രം പഠിച്ച വ്യക്തി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായി കരുതുന്നു. അതിന് വലിയ സാമൂഹ്യ ദൗത്യം നിര്‍വ്വഹിക്കാനുണ്ട് എന്നും കരുതുന്നു.

എന്തുകൊണ്ടാണ് മിക്ക രചനകളും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ശ്രമിക്കുന്നത്?

ഓരോ വ്യക്തിയും ഒരു പൊളിറ്റിക്കല്‍ ബീയിംഗ് കൂടിയാണല്ലോ, ഞാന്‍ പിന്തുടരുന്ന ഇടതുപക്ഷ എഴുത്തിന്റെ രാഷ്ട്രീയമാകാം ഒരു പക്ഷെ അത്തരം പ്രതിഫലനങ്ങള്‍ക്ക് കാരണം. എല്ലാവിധത്തിലുള്ള പാര്‍ശ്വവല്‍ക്കരണത്തെയും എതിര്‍ക്കുന്ന ഒരുവ്യക്തിയായതുകൊണ്ടുതന്നെയാകാം അവ എഴുത്തുകളില്‍ നിഴലിക്കുന്നതും.

ഇനിയും സഞ്ചരിക്കുവാനുള്ള ദൂരം ജീവിതത്തില്‍ അടയാളപ്പെടുത്തുന്നതെങ്ങനെയാണ്?

സഞ്ചരിച്ച ദൂരത്തെ വിലയിരുത്തുന്നത് കൊണ്ട് എന്തര്‍ത്ഥമാണുള്ളത്? എഴുത്തില്‍ തൃപ്തിയുള്ളതുകൊണ്ട് എഴുതുന്നു, വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ബോധ്യമാണ് നിരന്തരം സമൂഹത്തോട് സംസാരിച്ചു കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചില നാഴികകല്ലുകള്‍ അടിസ്ഥാനമാക്കി ജീവിതത്തെ അളക്കുവാന്‍ താല്പര്യപ്പെടുന്നില്ല.

(നിയമ ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More