ബെറ്റിയെപ്പോലെയല്ല ഞാന്‍: അശ്വതി മനോഹരന്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തിയറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ നായിക അശ്വതി മനോഹരന്‍ തന്റെ ആദ്യ സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. നര്‍ത്തകിയും യോഗ ഗുരുവുമായ അശ്വതി ആദ്യ സിനിമയെ കുറിച്ചും മറ്റ് ഇഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

സിനിമ ഹിറ്റായി മുന്നേറുകയാണ്. അശ്വതിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. വളരെ പോസിറ്റീവായ അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമ നന്നായി ഓടുന്നുണ്ട്. പലയിടങ്ങളിലും ഹൗസ് ഫുള്ളാണ്. ടിക്കറ്റ് കിട്ടുന്നില്ലെന്നൊക്കെ കേട്ടു. സിനിമ കണ്ട എന്റെ സുഹൃത്തുക്കളൊക്കെ ഹാപ്പിയാണ്. ആരും മോശം അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല. എനിക്ക് നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അവര്‍ക്കെല്ലാം സന്തോഷമാണ്. വീട്ടില്‍ അമ്മയുടെ അച്ഛനും സന്തോഷത്തിലാണ്. ചേച്ചി ആരതി അമേരിക്കയിലാണ്. അതുകൊണ്ട് ഇതുവരെ സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ ചേച്ചിയും ഡബിള്‍ ഹാപ്പിയിലാണ്. എറണാകുളത്ത് വെച്ച് അച്ഛന്റേയും അമ്മയുടേയും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫസ്റ്റ് ഷോ തന്നെ കണ്ടിരുന്നു. തിയേറ്ററില്‍ കയറിയപ്പോള്‍ മുതല്‍ ഭയങ്കര ടെന്‍ഷനായിരുന്നു. ഇനി സമാധാനമായി ബാംഗ്ലൂരില്‍ നിന്ന് ഫ്രണ്ട്സിന്റെ കൂടെ സിനിമ ഒന്നു കൂടെ കാണണം.

എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്?

കാസ്റ്റിങ്ങ് കോള്‍ കണ്ട് അപേക്ഷിച്ച് ഓഡിഷന്‍ വഴിയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന് കുറച്ചു കാലമായി ആഗ്രഹമുണ്ടങ്കിലും ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ ഓഡിഷനായിരുന്നു ഈ സിനിമയുടേത്. എറണാകുളത്ത് വെച്ചായിരുന്നു ഓഡിഷന്‍ നടന്നത്. തമാശ എന്താന്ന് വെച്ചാല്‍ ഒമ്പത് മണിക്കാണ് ഓഡിഷന്‍ പറഞ്ഞിരുന്നത്. ഞാന്‍ ആ സമയമായപ്പോഴേക്കും എത്തി. പക്ഷെ വേറെ ആരും ആ പ്രദേശത്തെങ്ങും ഇല്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ക്രൂ അംഗങ്ങളൊക്കെ എത്തി തുടങ്ങി. ഓഡിഷനില്‍ പങ്കെടുക്കാനുള്ള മറ്റുള്ളവരും വന്നു. ആദ്യത്തെ ഓഡിഷനും എന്റേതായിരുന്നു. എല്ലാവരുടേയും മുന്നില്‍ വെച്ച്. റോള്‍ കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലാത്തതു കൊണ്ട് വല്യ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. കുറേ ഓഡിഷനിലൊക്കെ പങ്കെടുത്താലെ സിനിമയില്‍ ചാന്‍സ് ലഭിക്കുവെന്നായിരുന്നു എന്റെ ധാരണ.

സെലക്ടായി എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?

ഭയങ്കര സന്തോഷമായിരുന്നു. രണ്ടാമത്തെ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ റിസല്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാം എന്നായിരുന്നു പറഞ്ഞത്. രണ്ട് ദിവസമായിട്ടും വിളിയൊന്നും കാണാത്തപ്പോള്‍ ഞാന്‍ വിചാരിച്ചു. വേറെ ആളെ സെലക്ട് ചെയതു. അത് കിട്ടിയില്ല എന്നൊക്കെ. പക്ഷെ നാലു ദിവസം കഴിഞ്ഞപ്പോള്‍ സെലക്ടായി എന്നു പറഞ്ഞ് സംവിധായകന്‍ ടിനു ചേട്ടന്റെ കോള്‍ വന്നു. ശരിക്കും പറഞ്ഞാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവരെന്നെ വിളിച്ചിരുന്നു. ബാംഗ്ലൂരായതു കൊണ്ട് നെറ്റ് വര്‍ക്ക് പ്രശ്നം കൊണ്ട് കിട്ടാതിരുന്നതാണ്. സെലക്ടായി എന്നറിഞ്ഞപ്പോള്‍ പിന്നെ ടെന്‍ഷനായിരുന്നു. റോള്‍ കിട്ടി, ഇനിയത് വൃത്തിയായി ചെയ്യണമല്ലോ. ഒരുത്തരവാദിത്തം വന്നതുപോലെ.

സിനിമയിലെ കഥാപാത്രത്തെ കുറിച്ച്?

എന്റെ സ്വഭാവത്തില്‍ നിന്ന് നേരെ വിപരീതമാണ് സിനിമയിലെ കഥാപാത്രമായ ബെറ്റി. കുറച്ചു ഉള്‍വലിഞ്ഞ സ്വഭാവം ഉള്ളയാളാണ്. ആന്റണിയുടെ കഥാപാത്രത്തെ വല്ലാതെ ഡിപ്പെന്‍ഡ് ചെയ്യുന്നയാളുമാണ് ബെറ്റി. കഥ കേട്ടപ്പോള്‍ തന്നെ എന്റെ സ്വഭാവത്തില്‍ നിന്നു ഓപ്പോസിറ്റായതു കൊണ്ട് ചലഞ്ചിങ്ങായി തോന്നിയിരുന്നു. പിന്നെ വേറെയൊരാളാകാന്‍ പറ്റിയത് ശരിക്കും ത്രിലിങ്ങായുള്ള അനുഭവം തന്നെയായിരുന്നു.

ചിത്രീകരണം എങ്ങനെയായിരുന്നു?

സിനിമയില്‍ വളരെ ചെറിയ കഥാപാത്രമാണ് എന്റേത്. കൂടുതല്‍ സീനുകളും ആന്റണിയുടെ കൂടെ തന്നെയായിരുന്നു. വിനായകന്‍ ചേട്ടനും ചെമ്പന്‍ ചേട്ടനും ഒക്കെ ഉണ്ടെങ്കിലും ആരുടെ കൂടെയും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. അഭിനയിക്കുമ്പോള്‍ ഏറ്റവും പ്രയാസമായി തോന്നിയത് മൂന്നു നാലു പേര്‍ സംസാരിക്കുമ്പോള്‍ കൂടെ വെറുതെ നില്‍ക്കുന്ന സീനുകളാണ്. ഇവരു സംസാരിക്കുമ്പോള്‍ ഞാനെന്ത് ചെയ്യുമെന്നാണ് പ്രധാന പ്രശ്നം. കൈ അനക്കണോ കാല്‍ അനക്കണോ അങ്ങനെയൊക്കെ ഓര്‍ത്ത് വട്ടാകും.

ആന്റണിയുടെ കൂടെയുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?

ആന്റണിയാണ് ഹീറോ എന്നറിഞ്ഞപ്പോള്‍ തന്നെ സന്തോഷം തോന്നി. കാരണം ഏകദേശം ഒരേ പ്രായം ആയതുകൊണ്ട് കമ്പനിയായി സംസാരിക്കല്ലോ എന്നാണ് ആദ്യം ഓര്‍ത്തത്. റിഹേഴ്സലിന് ചെന്നപ്പോഴാണ് ആദ്യമായി ആന്റണിയെ കാണുന്നത്. അപ്പോള്‍ മുതല്‍ നല്ല ഫ്രണ്ട്സായി. സെറ്റിലായാലും തമാശയൊക്കെ പറഞ്ഞ് നല്ല കമ്പനിയായിരുന്നു.

അഭിനയിക്കാനുള്ള ആഗ്രഹം തുടങ്ങുന്നത് എപ്പോഴാണ്?

ഒന്നര വര്‍ഷം മുമ്പ് അച്ഛനും അമ്മയുമാണ് സിനിമ നോക്കി കൂടെ എന്നു പറയുന്നത്. ഏതായാലും കലാരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സിനിമയും കൂടെ നോക്കിയാലോ എന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോഴാണ് അതിനു വേണ്ടിയുള്ള ശ്രമം തുടങ്ങുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് നേരത്തെ ഒന്നും ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതലെ സിനിമകള്‍ വല്യ ഇഷ്ടമാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പരീക്ഷയുടെ തലേ ദിവസം വരെ സിനിമ കാണാന്‍ പോകും. അച്ഛന്‍ മോഹന്‍ലാല്‍ ഫാനാണ്. അമ്മയും ഞാനും ചേച്ചിയും മമ്മൂട്ടി ഫാന്‍സും. അതുകൊണ്ട് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണും.

സിനിമയിലെ ഇഷ്ടതാരങ്ങള്‍ ആരാണ്?

മമ്മൂട്ടി, ഉര്‍വശി, ശോഭന, പാര്‍വ്വതി, ഫഹദ് ഫാസില്‍ ഇവരെയൊക്കെ ഭയങ്ക ഇഷ്ടമാണ്.

ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നാണോ ആഗ്രഹം?

അയ്യോ അങ്ങനെയൊന്നുമില്ല. എല്ലാവരുടെയും കൂടെ അഭിനയിക്കും. അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടണേ എന്ന് മാത്രമാണ് ആഗ്രഹം.


അഭിനയമല്ലാതെ ഇഷ്ടമുള്ള മറ്റ് മേഖല എന്താണ്?

ഞാനൊരു ഡാന്‍സറാണ്. കൂടാതെ യോഗ പഠിപ്പിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ ഡാന്‍സ് കളിക്കുമായിരുന്നു. നന്നായി പഠിക്കുന്നയാളായിരുന്നുവെങ്കിലും പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചു കുറഞ്ഞുപോയി. എന്നെ വിളിപ്പിച്ചിട്ട് പ്രിന്‍സിപ്പിള്‍ ചോദിച്ചു. താന്‍ ഡാന്‍സിന് കൊടുക്കുന്ന അത്രയും ആത്മാര്‍ത്ഥത പഠിത്തതിന് കൊടുക്കുന്നുണ്ടോ എന്ന്. ആലോചിച്ച് നോക്കിയപ്പോള്‍ ശരിയാണ്- ഇല്ല. എന്നാല്‍ പിന്നെ ഇനി ഡാന്‍സ് തന്നെ പഠിക്കാം എന്നോര്‍ത്തു. വീട്ടില്‍ ആദ്യം എന്റെ തീരുമാനത്തിനോട് എതിര്‍പ്പുണ്ടായിരുന്നു. കുറച്ചു വര്‍ഷം കഴിഞ്ഞു അത് മാറാന്‍. ഞാന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒക്കെ കണ്ടപ്പോള്‍ അമ്മയ്ക്കും അച്ഛനും മനസ്സിലായി. എനിക്കിതാണ് ഇഷ്ടം, കുഴപ്പമില്ല ശരിയായ ദിശയില്‍ കൂടെയാണ് പോകുന്നത് എന്നൊക്കെ. ഡാന്‍സ് കരിയറായി എടുത്തപ്പോള്‍ സാമ്പത്തികമായി അത്ര മെച്ചമില്ലാതെ വന്നപ്പോഴാണ് യോഗ പഠിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതലായി യോഗ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഭരതനാട്യത്തില്‍ പിജിചെയ്യുന്നുമുണ്ട്.

കുടുംബം

അച്ഛന്‍ ശിവന്‍ മനോഹരന്‍ ദുബായില്‍ സിവില്‍ എഞ്ചീനയറായിരുന്നു. അമ്മ അനിതാ മനോഹരന്‍. ചേച്ചി ആരതിയും കുടുംബവും അമേരിക്കയിലാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More