സംഗീതജ്ഞയുടെ രാഷ്ട്രീയത്തില്‍ സംഗീതം നിരപരാധി: പുഷ്പവതി പൊയ്പാടത്ത്‌

0

സിനിമയില്‍, ‘നമ്മളിലും സാള്‍ട്ട് ആന്‍ഡ് പെപ്പറിലും’ തുടങ്ങി ഹാലാകേ മാറുന്നയിലൂടെ തുടരുന്ന ഹിറ്റുകള്‍ തീര്‍ത്ത രണ്ടര പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതം. പാലക്കാട് സംഗീത കോളജിലെ പഠന ശേഷം ആകാശവാണിയില്‍ ബി ട്രേഡ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ ജീവിത ചരിത്രം. പക്ഷേ സംഗീതത്തിന്റെ ക്ലാസിക് ശൈലിയോട് ചേര്‍ന്നല്ല ഇന്നും പുഷ്പവതിയുടെ പാട്ടുനടപ്പ്. വനിതാ മതിലും സി.എ.എ കാലത്ത് ആസാദിയും ഖുറാനുമെല്ലാം ആ സംഗീതത്തിന് രാഷ്ട്രീയ നിറം നല്‍കുന്നു. പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണ ഗുരുവും കബീര്‍ ദാസും മേല്‍ക്കോയ്മ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് മേല്‍ പ്രതിരോധത്തിന്റെ സംഗീതധാരയാകുന്നു. ഇത്തരത്തില്‍ പുഷ്പാവതിയുടെ സംഗീതം പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മിക്‌സാണ്. സമത്വത്തിനായുള്ള ഉണര്‍ത്തുപാട്ട്. പുഷ്പവതി പൊയ്പാടത്തുമായി ജയശ്രീ എസ് ജി നടത്തിയ സംഭാഷണത്തില്‍ നിന്ന്

90കളുടെ മദ്ധ്യത്തില്‍ സംഗീത പഠനം, ആകാശവാണിയിലെ ആര്‍ട്ടിസ്റ്റ്, സിനിമയില്‍ പിന്നണി ഗായികയായി അരങ്ങേറ്റം- പുഷ്പവതി എന്ന വ്യക്തിയെ സംഗീതം എങ്ങനെ അടയാളപ്പെടുത്തുന്നു?

സംഗീതത്തെ എന്റെ കാഴ്ചപ്പാടിലൂടെ, ചിറകുകള്‍ നല്‍കി, സമാന്തര സംഗീതത്തിലൂടെ അടയാളപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പരിശീലിച്ചതും, നിറയെ കേട്ടതുമായ സംഗീത വഴികള്‍ എന്നെ അതിന് സഹായിക്കുന്നു. ആ വഴികളിലൂടെ, പല തരത്തിലുള്ള അഡാപ്റ്റേഷനുകള്‍ (പരിതസ്ഥിതികളോട് ഇണങ്ങി) നമ്മള്‍ അറിയാതെ പലതും സംഭവിച്ചു പോകുന്നുണ്ട്. വരികള്‍ക്കനുസരിച്ച് ശൂന്യതയില്‍ നിന്ന് ഒരു കല്‍പ്പന വന്നണയുകയും ആ കല്‍പ്പനയെ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു ആവിഷ്‌കാര രീതി. അവിടെ ഞാന്‍ ആശയം കണ്‍സീവ് ചെയ്യുന്നു, സംഗീതം നല്‍കുന്നു, പാടുന്നു. പിന്നണി ഗാനരംഗത്താണെങ്കില്‍ പാടലേ ഉണ്ടാകുന്നുള്ളൂ. രണ്ടും വളരെ സന്തോഷം തരുന്നുണ്ടെങ്കിലും ഒരു സ്വതന്ത്ര സംഗീതജ്ഞ (ഇന്‍ഡിപെന്‍ഡന്റ് മ്യൂസിഷ്യന്‍) ആയി നില്‍ക്കുമ്പോള്‍ കൂടുതല്‍ അഭിമാനം തോന്നാറുണ്ട്.

പുഷ്പവതി പൊയ്പാടത്ത്‌ | ഫോട്ടോ: സതി

സംഗീതം പുഷ്പാവതിക്ക് വിനോദ ഉപാധി മാത്രമല്ല പോരാട്ടത്തിന്റെ ഊര്‍ജ്ജം കൂടിയാണ്. ആസാദിയും വനിതാ മതിലും സി.എ.എയും അതിന്റെ ഭാഗമായി കടന്നുവന്നു. ഇവിടെ സംഗീതത്തിന് ആണോ രാഷ്ട്രീയം, അതോ സംഗീതജ്ഞയ്ക്കോ?

സംഗീതജ്ഞയുടെ രാഷ്ട്രീയമാണ് അത്തരം സംഗീതത്തിലുള്ളത്. സംഗീതം അതില്‍ നിരപരാധിയാണ്

ഒരളവോളം നമ്മുടെ വ്യക്തിത്വമാണ് നമ്മുടെ സംഗീതം. പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണഗുരുവും കബീര്‍ദാസും ഖുര്‍ആനും എല്ലാം അടങ്ങുന്ന ധാരയിലേക്ക് പുഷ്പാവതി കടന്നുവരുന്നത് എങ്ങനെയാണ് ?

ജാതിയെ ഒരു സാമൂഹിക മൂലധനമായി ഉപയോഗിക്കുകയും അതുവഴി അത് വിഭവ അധികാരം കൈയാളുന്നതിനു ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. അവിടെ അത്തരം ഒരു പ്രിവിലേജും ഇല്ലാത്ത ജനവിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍, ശ്രീനാരായണ ഗുരുവും, പൊയ്കയില്‍ അപ്പച്ചനും കബീര്‍ ദാസുമെല്ലാം നല്‍കിയ ദര്‍ശനങ്ങള്‍ സാമൂഹിക നിര്‍മ്മിതിക്ക് ആവശ്യമുണ്ട് എന്നും ആ ദര്‍ശനങ്ങള്‍ക്ക് ഒരു മുന്നോട്ടുപോക്ക് ഉണ്ടാകണമെന്നും ചിന്തിക്കുന്നതുകൊണ്ടാണ് അത്തരം കൃതികള്‍ സംഗീതം ചെയ്ത് പാടുന്നത്.

ചരിത്രപരമായ കാരണങ്ങളാല്‍ ക്ലാസിക് കലകള്‍ക്കെല്ലാം ഒരു വരേണ്യ സ്വഭാവമുണ്ട്. പഠനം മുതല്‍ അവതരണം വരെ യോഗ്യതയുടെ അധികഭാരം ചില കലാകാരന്മാരെ മാത്രം പൊള്ളിക്കും. ആര്‍.എല്‍.വി രാമകൃഷ്ണന്‍ നമുക്ക് മുന്നിലുണ്ട്. ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു ?

വരേണ്യ കലകള്‍ സ്വായത്തമാക്കുമ്പോഴും അതില്‍ എത്ര തന്നെ മികവ് കാണിക്കുമ്പോഴും അധികാര ഇടങ്ങള്‍ ജാതിയെ അഭിസംബോധന ചെയ്യാത്ത കാലത്തോളം ഇത്തരം അവഗണനകള്‍ ഇനിയുമുണ്ടാകും. ജാതിവരേണ്യതയെ മറി കടക്കാന്‍ അധികാര പ്രാതിനിധ്യം വേണം. അധികാരമില്ലാതെ അതിനെ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് അത് വളരെ പ്രയാസകരമാണ്. വെള്ളത്തില്‍ ഉപ്പ് കലര്‍ന്നത് പോലെ എല്ലായിടത്തും ജാതി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് സാമൂഹിക അസമത്വം ചോദ്യം ചെയ്യുന്നവര്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയുമുണ്ട്. ആര്‍.എല്‍.വി രാമകൃഷ്ണന് സംഗീത നാടക അക്കാഡമിയുടെ വേദി നല്‍കി പിന്തുണ നല്‍കിയിരുന്നു. എന്റെ ജീവിതത്തിലും ഇതുപോലെ അവസര നിഷേധമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള വഴിയായിട്ടാണ് ഞാന്‍ ഗുരുവിലൂടെയും അപ്പച്ചനിലൂടെയും കബീറിലൂടെയും മറ്റ് പ്രൊജക്ടുകളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജാതിമേല്‍ക്കോയ്മ എന്നത് ഒരു അധികാരപ്രയോഗമാണ്. ജനാധിപത്യ രാജ്യത്ത് അക്കാഡമിക് പദവികളും അക്കൂട്ടത്തില്‍പെടുന്നുവെന്ന് കരുതുന്നവരുണ്ട്. പരമ്പരാഗത മേല്‍ക്കോയ്മാ പ്രത്യയ ശാസ്ത്രങ്ങളെ സംഗീത നാടക അക്കാഡമി ഉപാദ്ധ്യക്ഷ എന്ന പദവികൊണ്ട് എങ്ങനെ നേരിടാമെന്നാണ് താങ്കള്‍ കരുതുന്നത് ?

സംഗീത നാടക അക്കാഡമി വൈസ് ചെയര്‍ പേഴ്സണ്‍ പദവി ഒരു അധികാരം ഉപയോഗിക്കത്തക്ക സ്ഥാനമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ.

കലയും കലാകാരന്മാരും ഒന്നിക്കുന്ന ഇടത്ത് ഒരു സംഗീതജ്ഞയുടെ ഇടപെടല്‍ പോലെ അല്ലല്ലോ ഉപാദ്ധ്യക്ഷ എന്ന നിലയിലുള്ള ഇടപെടല്‍? കലാസമൂഹത്തില്‍ ഈ പദവിക്ക് സ്വാധീനം ചെലുത്താന്‍ കഴിയില്ലേ? പരിമിതികള്‍ ഉണ്ടോ ?

എന്റെ സ്പേസില്‍ നിന്നുകൊണ്ട് പറ്റും പോലെ കാര്യങ്ങളില്‍ ഇടപെടാറുണ്ട്.

ഒരു പദവിയിലിരിക്കെ തീരുമാനമെടുക്കുന്നതിലും ആയാസകരമാവും അത് പ്രായോഗികമാക്കാന്‍. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉപാദ്ധ്യക്ഷയെന്ന നിലയില്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഒരു അധികാര ഘടനയുടെ ഭാഗമായിരിക്കേ, യോജിപ്പായാലും വിയോജിപ്പായാലും വിമര്‍ശനങ്ങളായാലും ആന്തരികമായേ പറ്റൂ. ഇല്ലെങ്കില്‍ അത് വേണ്ടെന്ന് വച്ച് പുറത്തുവരണം.

രണ്ട് പതിറ്റാണ്ടായുള്ള സിനിമാ ജീവിതം, ഇക്കാലയളവില്‍ നേടിത്തരേണ്ടിയിരുന്ന നേട്ടങ്ങളും അവസരങ്ങളും ശരിക്കും നേടിത്തന്നിട്ടുണ്ടോ?

ഞാന്‍ ആര്‍ജിച്ച സംഗീതം അതിന്റെ പണി ചെയ്തോണ്ടിരിക്കുന്നുണ്ട്. പണം, പ്രശസ്തി ഇതൊക്കെയാണ് ഈ ചോദ്യത്തിന്റെ മാനദണ്ഡം എങ്കില്‍. ദ്രാവിഡ ചാനല്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ ടി.വി മാധ്യമങ്ങളില്‍ ക്ഷണിക്കപ്പെടാറില്ല. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ജനങ്ങള്‍ എന്നെ അറിഞ്ഞത്. ടി.വിയും ബിഗ് സ്‌ക്രീനും നല്‍കുന്ന പോപ്പുലാരിറ്റി കൊണ്ടല്ല ഞാന്‍ നിലനിന്നു പോകുന്നത്, എന്റെ സ്വന്തം പാട്ടുകള്‍ നല്‍കുന്ന സ്റ്റേജ് പ്രോഗ്രാമുകളെ കൊണ്ടാണ്. എനിക്കതില്‍ അഭിമാനമുണ്ട്.

സംഗീതജ്ഞയുടെ രാഷ്ട്രീയത്തില്‍ സംഗീതം നിരപരാധി: പുഷ്പവതി പൊയ്പാടത്ത്‌ 1

ക്ലാസിക്കല്‍ സംഗീതത്തിന് മുന്‍പില്‍ മാറ്റുകുറഞ്ഞ ഒന്നായി സിനിമാ സംഗീതത്തെ ചിലരെങ്കിലും കണ്ടുപോരുന്നു. എന്നാല്‍ കര്‍ണാടിക് രാഗങ്ങള്‍ക്ക് ജനപ്രീതിയും അടുപ്പവും സാധാരണക്കാരനില്‍ ഉണ്ടാക്കിയത് സിനിമാഗാനമാണെന്ന് നിസംശയം പറയാം. സംഗീതജ്ഞ എന്ന നിലയില്‍ മലയാള കൃതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ മലയാളികള്‍ ആ ഒരു അടുപ്പം കൃതികളോട് കാണിക്കാറുണ്ടോ?

സിനിമാ ഗാന ശാഖയും ക്ലാസിക്കല്‍ സംഗീത ശാഖയും നാടോടി സംഗീത ശാഖയും പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കര്‍ണാടിക് സംഗീതം വളരെ പിന്നിലാണ്. ഞാന്‍ തെരഞ്ഞെടുക്കുന്ന കൃതികള്‍ അത് ശ്രീനാരായണ ഗുരുവിന്റെയും പൊയ്കയില്‍ അപ്പച്ചന്റെയും കബീര്‍ ദാസിന്റെയും ഒക്കെയാണ്. അത് കൂടുതലും മനുഷ്യരെ ചിന്തിപ്പിക്കുന്നതാണ്. വാക്കുകളാണ് അതില്‍ സത്യമായിട്ടുള്ളത്. അത്തരം പ്രൊജക്ടുകള്‍ ചെയ്യുമ്പോള്‍ കുറച്ചു വെളിച്ചം എനിക്കും കിട്ടുമല്ലോ എന്ന ജിജ്ഞാസയുടെ പുറത്താണ് ചെയ്യുന്നത്. പൊയ്കയില്‍ അപ്പച്ചന്റെ വരികള്‍, അടിമജീവിതത്തിന്റെ പൊള്ളലില്‍ വെന്തു നീറിയ കഠിനമായ അനുഭവത്തിന്റെ പ്രത്യക്ഷമായ ഭാഷയാണ്. ആ വാക്കുകള്‍ മനുഷ്യരിലേക്ക് നേരെ ചെന്നുകൊള്ളുന്ന വരികളാണ്. ഒരു മാസ് ഓഡിയന്‍സിലേക്ക് നാരായണ ഗുരുവിന്റെ ആഴമാര്‍ന്ന വരികളെയെത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഗുരുവിന്റേത് അറിവിന്റെ ആഴമാര്‍ന്ന സൂക്ഷ്മഭാഷയാണ്. അത് അറിഞ്ഞെടുക്കാന്‍ നല്ലോണം ശ്രമം ആവശ്യമാണ്. അവിടെ ജനപ്രിയത ഒരു വിഷയമായേ വരാറില്ല. ആത്മോപദേശം പോലുള്ള ഗുരു കൃതികളില്‍ ജിജ്ഞാസുക്കള്‍ക്ക് മാത്രമേ താല്പര്യമുള്ളൂ.

കുടുംബം?

ജീവിതപങ്കാളി പ്രിയരഞ്ജന്‍ ലാല്‍. ഒരു മകള്‍ പേര് ശ്രീ ഗൗരി.

സംഗീതജ്ഞയുടെ രാഷ്ട്രീയത്തില്‍ സംഗീതം നിരപരാധി: പുഷ്പവതി പൊയ്പാടത്ത്‌
Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More