“നല്ല സംവിധായകനാകാന്‍ നല്ല അഭിനേതാവാകണം”

2015ലെ ഓണക്കാലത്ത് ഇറങ്ങിയ കുഞ്ഞു ചിത്രം കുഞ്ഞിരാമായണം ഹിറ്റായപ്പോൾ മലയാള സിനിമാ ചരിത്രത്തിലേക്ക് പേരെഴുതി ചേർക്കപ്പെട്ട ഒരു 24കാരനുണ്ട്, ബേസിൽ ജോസഫ്. സംവിധായകന്റെ തൊപ്പിയണിഞ്ഞ് ബേസിൽ പുറത്തിറക്കുന്ന രണ്ടാമത്തെ രണ്ടാമത്തെ ചിത്രമാണ്‌ ഗോദ. ബേസിൽ സംസാരിക്കുന്നു ഗോദയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മീര നളിനിയുമായി സംസാരിക്കുന്നു.

ഗോദ സിനിമയിലേക്കുള്ള യാത്ര ഒന്നു വിവരിക്കാമോ?

തിര സിനിമ എഴുതിയ രാജേഷ് മണ്ടോടിയുടെ സബ്ജക്ടാണ് ഗോദ. തിരയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അങ്ങനെയൊരു ബന്ധമുണ്ടായിരുന്നു രാജേഷേട്ടനുമായി. 2015-ലാണ് ഞാൻ ഗോദയുടെ കഥ കേൾക്കുന്നത്. അന്ന് കേൾക്കുമ്പോൾ ഗുസ്തി ബേസ് ചെയ്തിട്ടുള്ള ഒരു സിനിമ ഒരു ഭാഷയിലും ഇറങ്ങിയിരുന്നില്ല. അപ്പോൾ ആ സബ്ജക്ട് കേട്ടപ്പോൾ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു.

മലയാളത്തിൽ മുത്താരംകുന്ന് പി.ഒയും ഒരിടത്ത് ഒരു ഫയൽവാനും മാത്രമേയുള്ളൂ ഗുസ്തി കേന്ദ്രീകരിച്ചുള്ള സിനിമകൾ. പിന്നെ, ഇതിൽ പെൺകുട്ടിയാണ് ഗുസ്തി ചെയ്യുന്നത്. അതും ഭയങ്കര ഇന്ററസ്റ്റിംഗ് ആയി തോന്നി. അങ്ങനെയാണ് ഗോദ എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. നായകനായി ആദ്യത്തെ ഓപ്ഷൻ തന്നെ ടൊവിനോ ആയിരുന്നു. അത്തരമൊരാളെയായിരുന്നു വേണ്ടിയിരുന്നത്. ഗോദയാണ് ടൊവീനോ ആദ്യമായി ഹീറോ ആയി കമ്മിറ്റ് ചെയ്യുന്ന പടം. അതിന് ശേഷമാണ് മെക്സിക്കൻ അപാരതയും ഗപ്പിയുമൊക്കെ കമ്മിറ്റ് ചെയ്യുന്നത്. പുതിയ ഒരാളെ ഹീറോ ആയി ലോഞ്ച് ചെയ്യണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ടൊവീനോ അപ്പോൾ എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കാരക്ടർ ചെയ്ത് തിളങ്ങി നിൽക്കുകയാണ്.

വാമിക ഗബ്ബി ആണ് നായിക. പഞ്ചാബി പെൺകുട്ടിയുടെ കഥയാണിത്. അപ്പോൾ നായികയ്ക്ക് വേണ്ടി പല സ്ഥലങ്ങളിലും നോക്കി. പലയിടങ്ങളിലും ഓഡിഷൻ ചെയ്തു. അപ്പോഴാണ് മാലൈ നേരത്ത് മയക്കം എന്ന സിനിമ ഇറങ്ങിയിരുന്നു. ഗീതാഞ്ജലി ശെൽവരാഘവൻ സംവിധാനം ചെയ്ത, ശെൽവ രാഘവൻ എഴുതിയ സിനിമ. ഗോദയുടെ നിർമ്മാതാവാണ് അതിലെ നായികയെ നോക്കാൻ എന്നോട് പറഞ്ഞത്. കാണാൻ ക്യൂട്ട്നെസ് വേണം, അതേ സമയം ബോൾഡായിരിക്കണം. സിനിമ കണ്ടപ്പോൾ അവൾ അങ്ങനെയാണെന്ന് മനസ്സിലായി. പിന്നെ ഗൂഗിളിൽ നോക്കിയപ്പോഴും ഇൻസ്റ്റഗ്രാമിലെ ആ പെൺകുട്ടിയുടെ വീഡിയോ ഒക്കെ കണ്ടപ്പോഴും അവൾ നമുക്ക് പറ്റിയതാണെന്ന് തോന്നി. അങ്ങനെയാണ് അവളെ നായികയാക്കാൻ തീരുമാനിച്ചത്.

ശരിക്കും ഈ സിനിമയിൽ ഗുസ്തിയുണ്ട്. അപ്പോൾ ഒരു ഗുസ്തിക്കാരൻ ഈ സിനിമ കണ്ടാൽ ‘അയ്യേ! ഇത് ഗുസ്തിയല്ലല്ലോ, നാടൻ തല്ലാണല്ലോ” എന്ന് പറയരുത് എന്നുണ്ടായിരുന്നു. കാണിക്കുന്ന കാര്യം ജനുവിൻ ആയി, കൺവിൻസ് ചെയ്യുന്ന രീതിയിൽ ആവണം എന്നുണ്ടായിരുന്നു. അതിന് വേണ്ടി ടെക്നീഷ്യൻസ് എന്ന നിലയിൽ ഞങ്ങൾ ആദ്യം ഗുസ്തി പഠിക്കണം. ഗുസ്തിയുടെ നിയമങ്ങളും പോയിന്റ് സിസ്റ്റവും കാര്യങ്ങളുമെല്ലാം പഠിച്ചതിന് ശേഷമാണ് സിനിമയ്ക്കായി ഇറങ്ങിയത്. ഇത് എങ്ങനെ സിനിമാറ്റിക്കായി കാണിക്കാം എന്നുള്ളതായിരുന്നു അടുത്ത വെല്ലുവിളി. ഗുസ്തി വെറുതെ കാണിച്ചാൽ ആളുകൾക്ക് രസിക്കില്ല. ഗുസ്തി അറിയാത്ത കാഴ്ചക്കാരുടെ മുന്നിലാണ് നമ്മളിത് കാണിക്കുന്നത്. അവർക്ക് ഗുസ്തി മനസ്സിലാകുകയും വേണം, അതേസമയം എക്സൈറ്റ് ചെയ്യിക്കുകയും വേണം. അങ്ങനെ എങ്ങനെ ഡ്രമാറ്റിക് ആയി കൊറിയോഗ്രാഫ് ചെയ്യാം എന്ന് മനസ്സിലാക്കണമായിരുന്നു.

അടുത്ത വെല്ലുവിളിയായിരുന്നു ആർട്ടിസ്റ്റിനെ ഗുസ്തി പഠിപ്പിക്കുക എന്നത്. നായിക ആറുമാസക്കാലം പഞ്ചാബിൽ ഗുസ്തി ട്രെയിനിംഗ് ചെയ്തു, ബോഡി ബിൽഡിംഗ് ഒക്കെ നടത്തി. അഭിനയിക്കാൻ എത്തിയപ്പോഴേക്കും അവൾ ശരിക്കും ഒരു ഗുസ്തിക്കാരി ആയിരുന്നു. അതേപോലെ ടോവിനോയും കൊച്ചിയിൽ മിന്നൽ ജോർജ്ജ് എന്ന ഫയൽവാന്റെ കീഴിൽ ഒരുമാസക്കാലം ഗുസ്തി പരിശീലനം നേടി. രഞ്ജി സാറും പരിശീലനം നേടിയിരുന്നു. അത്രയും എഫേർട്ട് ഈ സിനിമയ്ക്ക് വേണ്ടി ഇട്ടിട്ടുണ്ട് ഞങ്ങൾ.

ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് കാണാൻ വേറെ ഗുസ്തി സിനിമകളൊന്നുമുണ്ടായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷമാണ് സുൽത്താൻ എന്ന സിനിമ ഇറങ്ങിയത്. ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷമാണ് ദംഗൽ ഇറങ്ങിയത്. ഈ ഗുസ്തി സിനിമകളുമായി ഗോദയെ കമ്പയർ ചെയ്യുന്നത് തന്നെ തെറ്റാണ്. അത് വലിയ ബഡ്ജറ്റിൽ വലിയ താരങ്ങൾ ഒക്കെ അഭിനയിച്ച വലിയ സിനിമകളാണ്. പക്ഷേ, ഈ സിനിമകളിറങ്ങിയിട്ടും ഞങ്ങൾ ഗോദയുമായി മുന്നോട്ട് പോയത് സബ്ജക്ടിലുള്ള ആത്മവിശ്വാസം കൊണ്ടാണ്. ഗുസ്തിയുടെ എലമന്റ് ഉണ്ടാകും, എങ്കിലും നാടിന്റെ ഗുസ്തി എലമന്റ് ഒന്നും അവയിലുണ്ടാകില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മറ്റു സിനിമകളിറങ്ങിയപ്പോൾ ഞങ്ങൾക്ക് സമാധാനമായി. ഒരു തരത്തിലും ഗോദയുമായി യാതൊരു ബന്ധവുമുണ്ടായില്ല അവയ്ക്ക്. ഇന്ന് സിനിമ ഇറങ്ങുമ്പോഴും ആ ഒരു വിശ്വാസമുണ്ട് എനിക്ക്.

കോപ്പി അടിക്കാനായിരുന്നെങ്കിൽ ദംഗൽ ഒക്കെ ഇറങ്ങിയിട്ട് ഷൂട്ടിംഗ് നടത്തിയാൽ മതിയായിരുന്നു. പക്ഷേ, അത്രത്തോളം എഫർട്ട് ഞങ്ങൾ ഈ സിനിമയ്ക്കായി ഇട്ടിട്ടുണ്ട്.  ടീസർ ഇറങ്ങിയപ്പോഴും ദംഗലിന്റെ കോപ്പി എന്ന് ആരും പറഞ്ഞില്ല. പകരം, ഇത് മലയാളികളുടെ ദംഗൽ എന്ന രീതിയിലാണ് ആളുകൾ സംസാരിച്ചത്. അത് ഞങ്ങൾക്ക് ശരിക്കും ആത്മവിശ്വാസവും ഊർജ്ജവും നൽകിയിട്ടുണ്ട്.

സിനിമയിലേക്കുള്ള ബേസിലിന്റെ യാത്ര എങ്ങനെയായിരുന്നു?

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അച്ഛൻ ഒരു വൈദികനാണ്. അമ്മ സ്കൂൾ ടീച്ചറും. വയനാട് ആണ് എന്റെ സ്ഥലം. ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ടെക്നോ പാർക്കിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. സിനിമ ഉള്ളിലൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അങ്ങനെ, എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാണ് ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്. പിന്നീട്, പത്തുവർഷം കഴിഞ്ഞ് റിഗ്രറ്റ് ചെയ്യാൻ പാടില്ലല്ലോ. എനിക്ക് ചെയ്യാമായിരുന്നു എന്നൊക്കെ അന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. അതു കാരണം ആ മൊമന്റ് കിട്ടിയപ്പോൾ പ്രിയംവദ കാതരയാണ് എന്ന ഷോർട്ട് ഫിലിം ചെയ്തു. അന്ന് ഷോർട്ട് ഫിലിം അത്ര ട്രെന്റിംഗ് അല്ലാതിരിക്കുന്ന സമയമാണ്. അതുകണ്ട് വിനീതേട്ടൻ തിര എന്ന സിനിമയിലേക്ക് അസിസ്റ്റന്റ് ആകാൻ വിളിച്ചു. അങ്ങനെ തികച്ചും അവിചാരിതമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട്, കുഞ്ഞിരാമായണം ചെയ്യുന്നു. ഇപ്പോൾ ഗോദയും.

സംവിധാനത്തിന് മുമ്പ് ഹോംലി മീൽസ് എന്ന സിനിമയിൽ അഭിനയിച്ചിരുന്നല്ലോ. തിര തന്നെയാണോ അഭിനയത്തിലെത്തിച്ചത്?

അല്ല. പ്രിയംവദ കാതരയാണ് എന്ന ഷോർട്ട് ഫിലിമാണ്. ഹോംലി മീൽസിന്  അസിസ്റ്റന്റ് ഡയറക്ടറുമാരെ കിട്ടാൻ ഷോർട്ട് ഫിലിംസ് ഒക്കെ കാണുവായിരുന്നു വിപിൻ ചേട്ടൻ. പ്രിയംവദ കാതരയാണ് എന്ന ഷോർട്ട് ഫിലിമിൽ ഞാൻ ഒരു വേഷം ചെയ്തിട്ടുണ്ട്. അത് ഹോംലി മീൽസിൽ ഞാൻ ചെയ്ത കഥാപാത്രവുമായി നല്ല സാദൃശ്യമുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ ആ കഥാപാത്രമാക്കുന്നത്.

അഭിനയമോ സംവിധാനമോ ബേസിലിന് ഇഷ്ടം? നടനായത് സംവിധാനത്തെ സഹായിച്ചോ?

സംവിധായകനാകുക എന്നതായിരുന്നു എന്റെ ആഗ്രഹം. നടനാകുമ്പോൾ ഉത്തരവാദിത്തം ഒരു പരിധി വരെ കുറവാണ്. ക്രിയേറ്റീവ് സൈഡിൽ ആലോചിച്ചോണ്ടിരിക്കേണ്ട കാര്യമില്ല. എനിക്ക് കുറച്ചൂടെ ഈസിയായിട്ട് തോന്നിയത് ആക്ടിംഗ് ആണ്. സംവിധായകനാകുമ്പോൾ 24 മണിക്കൂറും ആ സിനിമയെക്കുറിച്ച് തന്നെ ആലോചിച്ചോണ്ട് ഇരിക്കണം. നമ്മുടെ മനസ്സിൽ എപ്പോഴും അതുതന്നെ വേണം. അതു വിട്ട് മറ്റൊന്നും ആലോചിക്കാൻ പറ്റില്ല. ആക്ടിംഗിൽ റിസ്ക് കുറവാണ്. പെർഫോം ചെയ്യുമ്പോൾ ഉത്തരവാദിത്തമേയുള്ളൂ. നല്ല സംവിധായകൻ ആണെങ്കിൽ പുള്ളി ഒക്കെ പറഞ്ഞാൽ നമ്മുടെ ഉത്തരവാദിത്തം തീരും. നമുക്ക് സമാധാനമായി മാറി ഇരിക്കാം. പക്ഷേ, സംവിധായകനാകുമ്പോൾ എല്ലാവരുടെയും ആക്ടിംഗ് നോക്കണം. അതേസമയം, നല്ല സംവിധായകനാകണമെങ്കിൽ നമ്മൾ നല്ല ആക്ടറുമാകണം. ചിലപ്പോൾ നമ്മൾ അഭിനയിച്ചു കാണിച്ചു കൊടുക്കേണ്ടി വരും. ആ ഒരു സമയത്ത് നമ്മൾ എങ്ങനെ ബിഹേവ് ചെയ്യും എന്നുള്ളത് നമ്മൾ കാണിച്ചു കൊടുക്കണം.

ബേസിലിന്റെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വലിയ സ്ഥാനമുണ്ടെന്ന് തോന്നുന്നല്ലോ?

ശരിക്കും സിനിമയ്ക്ക് അകത്തെ സൗഹൃദങ്ങളേക്കാൾ പുറത്തുള്ള സൗഹൃദങ്ങളാണ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ളത്. ജോലി രാജി വച്ച് സിനിമയ്ക്ക് വേണ്ടി ഇറങ്ങുമ്പോഴും നീ എന്തിനാടാ അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച് കെടുത്തി കളയാൻ ശ്രമിച്ചിട്ടില്ല. പലയിടത്ത് നിന്നും അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കൂട്ടുകാർ ഒരിക്കലും ഒറ്റപ്പെടുത്തിയിട്ടില്ല. സ്കൂളിലും കോളേജിലുമൊക്കെയുള്ള കൂട്ടുകാരാണ് സിനിമയിറങ്ങുമ്പോഴൊക്കെ ഓൺലൈനിലും സോഷ്യൽ മീഡിയയിലൂടെയുമൊക്കെ ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത്. എന്നെ വേറെ ഒരു ലെവലിലേക്ക് പ്രമോട്ട് ചെയ്തത് ഫ്രണ്ട്സ് എല്ലാവരും ചേർന്നിട്ടാണ്. പിന്നെ, സിനിമയിലേക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത് വിനീതേട്ടനും അജുവേട്ടനുമൊക്കെയാണ്.

സിനിമാപരമായും അല്ലാതെയും എന്തെങ്കിലും പ്രശ്നം എനിക്ക് വന്നാൽ വിനീതേട്ടനെ ഇപ്പോഴും ഞാൻ വിളിക്കാറുണ്ട്. ധൈര്യം തന്ന്‌ മുന്നിൽ നിൽക്കുന്ന ആളാണ് വിനീതേട്ടൻ. തിര എന്ന സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ആളുകളും എനിക്ക് സുഹൃത്തുക്കളാണ്. ആ സൗഹൃദമാണ് കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ എന്നെ പെട്ടെന്ന് സ്വതന്ത്ര സംവിധായകനാക്കാൻ സഹായിച്ചത്. 24 വയസായിരുന്നു ആ സിനിമയുടെ സമയത്ത് എന്റെ പ്രായം. ആ പ്രായത്തിൽ സംവിധാനം ചെയ്യാൻ കഴിഞ്ഞു എന്നത് ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. നമ്മളെ അറിയാവുന്നതു കൊണ്ട് വിശ്വസിച്ച് ഇവരൊക്കെ കൂടെ നിന്നതു കൊണ്ടാണ് അത് സാധ്യമായത്. ഞാൻ വർക്ക് ചെയ്ത സിനിമയിലെ ആളുകളുമായേ എനിക്ക് സൗഹൃദമുള്ളൂ. മറ്റുള്ളവരെ അറിയാം എന്നല്ലാതെ സൗഹൃദമൊന്നുമില്ല.

ഗോദയ്ക്ക് വേണ്ടി എല്ലാത്തരത്തിലും പ്രമോഷൻ നടത്തുകയാണല്ലോ. മറ്റു ഗുസ്തി സിനിമകൾ വന്നതു കൊണ്ടാണോ പ്രമോഷന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്?

സുൽത്താനും ദംഗലും വന്നതു കൊണ്ടല്ല. ബാഹുബലി പോലത്തെ വലിയ സിനിമകൾ തീയേറ്ററിൽ ഓടുകയാണ്. അതിനിടയ്ക്ക് നമുടെ കൊച്ചു സിനിമ പിടിച്ച് നിൽക്കണമെങ്കിൽ നല്ല രീതിയിൽ പ്രമോട്ട് ചെയ്തേ പറ്റൂ. ടൊവിനോ നല്ലൊരു സ്റ്റാറാണ്, എന്നാൽ ഒരു സൂപ്പർ സ്റ്റാർ ഇല്ല. ആദ്യ ദിവസം തന്നെ തീയേറ്ററിൽ ഏറ്റവും കൂടുതൽ ആളുകളെ എത്തിക്കുക, ഇനീഷ്യൽ റഷ് കൊണ്ട് വരിക എന്നതാണ് മാർക്കറ്റിംഗ് ലക്ഷ്യം. ആദ്യ ദിവസ കളക്ഷനുകളാണ് സിനിമയുടെ ഭാവിയെ ബാധിക്കുന്നത്. സ്മ്യൂൾ, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് തുടങ്ങിയവയിലൂടെ പ്രമോഷൻ നടത്തി.

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഗോദ സ്പെഷ്യൽ ഡിഷ് ചിക്കൻ മലർത്തിയടിച്ചത് കൊണ്ടു വന്നു, പല മൂവി പേജുകളിലും പ്രമോഷൻ നടത്തുന്നു. ഐസിയു വിൽ ചളു പേ ചർച്ച സീരീസ് ഞങ്ങളെ വച്ച് തുടങ്ങി. പത്തു ദിവസം ഗുസ്തിഗാഡി എന്ന പേരിൽ വണ്ടി ഓടുന്നുണ്ട്. ഗോദ മഗ്, ഗോദ ടീ ഷർട്ടും ടിക്കറ്റുമൊക്കെ അതിലുണ്ട്.എല്ലാ കാറ്റഗറിയിലും എത്തണം. യൂത്തിനിടയിൽ എല്ലാവർക്കും അറിയാം. ഫാമിലി ഓഡിയൻസും അറിയേണ്ടതുണ്ട്. ആദ്യ ദിനം കാണുന്നവർ മറ്റുള്ളവരിലേക്കും സിനിമ എത്തിക്കും എന്നാണ് പ്രതീക്ഷ.

കുഞ്ഞിരാമായണം ആ ഓണക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു. അതുകഴിഞ്ഞ് ഒരിടവേള കഴിഞ്ഞാണ് ഗോദയുമായി എത്തുന്നത്. ടെൻഷനുണ്ടോ?

സിനിമ എടുക്കുന്നതിന് മുമ്പ് ടെൻഷനുണ്ടായിരുന്നു. രണ്ടാമത്തെ സിനിമയാണ്, ആളുകൾ ജഡ്ജ് ചെയ്യാൻ പോകുന്നത് ഈ സിനിമ വച്ചാണ്. ഇവൻ കഴിവുള്ളവൻ ആണോ അല്ലയോ എന്ന് ആളുകൾ വിധിയെഴുതന്നത് ഈ സിനിമയിലൂടെയാണ്. അങ്ങനെ ഒരു ടെൻഷനുണ്ടായിരുന്നു. എങ്ങനെയങ്കിലും പ്രൂവ് ചെയ്യണം എന്നുള്ളതു കൊണ്ട്‌ ഹോംവർക്ക് ചെയ്തിട്ടാണ് ഗോദ സിനിമയ്ക്ക് വേണ്ടി ഇറങ്ങിയത്. കുഞ്ഞിരാമായണം വച്ച് നോക്കുമ്പോൾ കുറച്ചൂടെ ബെറ്റർ ആയി ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. പ്രിവ്യൂ കണ്ടവരും അതാണ് പറഞ്ഞത്. ടെൻഷനേക്കാളും ഞാൻ ഇപ്പോൾ എക്സൈറ്റഡാണ്. എത്രയും പെട്ടെന്ന് ആളുകൾ കാണണം എന്നതാണ് എന്റെ ആഗ്രഹം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More