മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ ഗൗരവമുളള എഴുത്തിന്റെ ഗണത്തില്‍ വരുന്നില്ല: നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍ സംസാരിക്കുന്നു

പുസ്തകമിറങ്ങി രണ്ട് മാസത്തിനുള്ളില്‍ രണ്ടാം പതിപ്പ് ഇറങ്ങുക, അതും കോവിഡ് തകര്‍ത്ത പുസ്തക വിപണിയില്‍. മലയാളി രസിച്ചു വന്ന യക്ഷിക്കഥകളല്ല, യഥാര്‍ത്ഥ ക്രൈംഫിക്ഷനെന്ന് തുറന്ന് പറയുകയാണ് ഛായാമരണം എന്ന നോവലിന്റെ എഴുത്തുകാരന്‍ പ്രവീണ്‍ ചന്ദ്രന്‍. ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനെ വായനക്കാരുടെ പ്രിയ പുസ്തകമാക്കിയതും. ബി.എസ്.എന്‍.എല്‍ എഞ്ചിനീയറായ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പ്രവീണ്‍ ചന്ദ്രനുമായി മീര സംസാരിക്കുന്നു.

എഴുതി ചുരുങ്ങിയ കാലത്തിനുള്ളില്‍ രണ്ടാംപതിപ്പ്. പരമ്പരാഗത വായനക്കാരുടെ എണ്ണം ചുരുങ്ങുന്ന ഈ കാലത്ത് എങ്ങനെ സാധിച്ചു ഈ നേട്ടം?

എന്റെ ആദ്യത്തെ പുസ്തകം നോവല്‍ തന്നെയായിരുന്നു, ‘അപൂര്‍ണതയുടെ ഒരു പുസ്തകം’ എന്നായിരുന്നു പേര്. അതും രണ്ടാം പതിപ്പ് ഇറങ്ങിയിരുന്നു. അങ്ങനെ എന്നെ അറിയാവുന്ന കുറച്ച് വായനക്കാര്‍ ഉണ്ടായിരുന്നു.

ഛായാമരണം ഒരു ക്രൈം ഫിക്ഷനാണ്. അപൂര്‍ണതയുടെ ഒരു പുസ്തകം വായിച്ചവരില്‍ പലര്‍ക്കും ക്രൈം ഫിക്ഷന്‍ ഇഷ്ടമല്ലാത്തവരായിരുന്നു. അതില്‍ ക്രൈം ഉണ്ടായിരുന്നു. പക്ഷേ, ക്രൈം ഫിക്ഷന്റെ ശൈലിയിലായിരുന്നില്ല അതിന്റെ രചന. ആ നോവല്‍ വായിച്ച ചിലര്‍ ഈ നോവല്‍ വാങ്ങിച്ചിരുന്നു.

പക്ഷെ പൊതുവെ ആരാണ് വായിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ? ആയിരം കോപ്പി കടന്നു പോകുമ്പോള്‍ ആരുടെ കൈകളിലാണ് പുസ്തകം എത്തുന്നത് എന്ന് നമുക്ക് കണ്ടെത്താനാകില്ലല്ലോ?

എന്താണ് ക്രൈംഫിക്ഷനെ വായനക്കാരിലേക്കെത്തിക്കാന്‍ നടത്തിയ തയ്യാറെടുപ്പ്, നേരിട്ട വെല്ലുവിളി?

ലിറ്റററി ഫിക്ഷനും ക്രൈം ഫിക്ഷനും തമ്മിലുള്ള പ്രധാന വ്യത്യാസം ക്രൈം ഫിക്ഷന്‍ എഴുത്തുകാര്‍ വായനക്കാര്‍ ജീവിക്കുന്ന അന്തരീക്ഷത്തിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടിവരും എന്നതാണ്.

എന്നുപറഞ്ഞാല്‍ ആളുകള്‍ എന്തു തരം സിനിമകളാണ് കാണുന്നത്, എന്താണ് വായിക്കുന്നത്, പത്രങ്ങളും മറ്റും എങ്ങനെയാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്, ടെലിവിഷനും ടെലി സീരീസുകളും ആളുകള്‍ എങ്ങനെ കാണുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

വായനക്കാര്‍ വിവിധങ്ങളായ മാധ്യമങ്ങളുമായി എങ്ങനെ പരിചിതമായിരിക്കുന്നു എന്നത് അവരെ നോവലിന്റെ കഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പര്യാപ്തരാക്കുന്നു. അപ്പോള്‍ ആളുകളുടെ മാനസിക വ്യാപാരങ്ങള്‍ ഊഹിച്ച്, അവര്‍ക്ക് പ്രവചിക്കാനാവാത്ത വിധത്തില്‍ വേണം നോവലെഴുതാന്‍.

അതേസമയം, വായനക്കാരന്‍ കഥ പ്രവചിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അവരെ തെറ്റിദ്ധരിപ്പിക്കാനോ പറ്റിക്കാനോ പാടില്ല. ക്രൈം ചെയ്ത ആള്‍ ഇന്നയാളാണോ എന്ന് വായനക്കാരന് പലപ്പോഴും സംശയം തോന്നാം. എന്നാല്‍, നമ്മള്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ കൊടുത്തുകൊണ്ടോ ബോധപൂര്‍വ്വം എന്തെങ്കിലും മറച്ചുവെച്ചു കൊണ്ടോ കഥാപാത്രങ്ങളെക്കൊണ്ട് തെറ്റായ പ്രസ്താവനകള്‍ പറയിപ്പിച്ചുകൊണ്ടോ വായനക്കാരെ വഴിതിരിച്ചു വിടാന്‍ പാടില്ല.

നമ്മള്‍ ജീവിക്കുന്ന സമൂഹം ഇത്തരം ക്രൈംഫിക്ഷനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കണം. ലിറ്റററി ഫിക്ഷനില്‍ ആ ചലഞ്ച് ഇല്ല. ക്രൈം ഫിക്ഷന്‍ വായനക്കാരന്‍ എഴുത്തുകാരനെ തോല്പിക്കാനുള്ള പന്തയത്തിലാണ്. ആ മത്സരത്തെ നേരിടുകയെന്നതാണ് എഴുത്തുകാരന്റെ യഥാര്‍ത്ഥ വെല്ലുവിളി. എന്നാല്‍ ലിറ്റററി ഫിക്ഷനില്‍ വായനക്കാരന്‍ എഴുത്തുകാരനോട് മത്സരിക്കുന്നില്ല.

മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ ഗൗരവമുളള എഴുത്തിന്റെ ഗണത്തില്‍ വരുന്നില്ല: നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍ സംസാരിക്കുന്നു 1

കൂടുതല്‍ ആളുകളിലേക്കെത്തും എന്നതാണോ രണ്ടാമത്തെ പുസ്തകം ക്രൈംഫിക്ഷനെടുക്കാം എന്ന തീരുമാനത്തിന് പിന്നില്‍?

ക്രൈംഫിക്ഷന്റെ മാര്‍ക്കറ്റ് ആയിരുന്നില്ല എന്റെ പ്രലോഭനം. മാര്‍ക്കറ്റ് സാവധാനം ഉരുത്തിരിയുന്നതാണ്. മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ ഗൗരവമുളള എഴുത്തിന്റെ ഗണത്തില്‍ വരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ മുഖ്യധാരാ സാഹിത്യകാരന്‍മാര്‍ അതിനെ കൈയ്യൊഴിയുകയും ചെയ്യുന്നു. മലയാളത്തില്‍ കുറ്റാന്വേഷണവും ഹൊററും മന്ത്രവാദവും വിദേശസാഹിത്യത്തിലെ കഥാപാത്രങ്ങളുടെ പുനാവിഷ്‌കാരങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ ഒരു അവസ്ഥയിലാണ് ക്രൈം ഫിക്ഷന്‍ കിടക്കുന്നത്.

ഛായാമരണം സാഹിത്യരചനയുടെ പക്ഷത്ത് നിന്നുകൊണ്ട് ക്രൈം ഫിക്ഷന്റെ സാധ്യത പരീക്ഷിക്കുകയായിരുന്നു. ഞാന്‍ നിരന്തരം ക്രൈം ഫിക്ഷന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ആളല്ല എന്നര്‍ത്ഥം.

ക്രൈംഫിക്ഷനോട് മലയാളികള്‍ക്ക് അത്തരം ഒരു മനോഭാവം ഉണ്ടോ?

ക്രൈം ഫിക്ഷന്റെ സാദ്ധ്യതകള്‍ ആരും പരീക്ഷിക്കാതെ ഇനിയും കിടപ്പുണ്ട്. സാഹിത്യത്തെ ഗൗരവത്തില്‍ സമീപിക്കുന്നവര്‍ പോലും ക്രൈംഫിക്ഷനെ രണ്ടാംകിട സാഹിത്യമായിട്ടാണ് കാണുന്നത്. ആ രണ്ടാംകിട സാഹിത്യത്തിലേക്ക് കൈവയ്ക്കാനുള്ള മടി പല മുന്‍കിട എഴുത്തുകാരിലുമുണ്ട്.

അതേസമയം, ക്രൈംഫിക്ഷനിലൂടെ സാഹിത്യത്തിലെ പല സങ്കേതങ്ങളും പരീക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും. മലയാളത്തില്‍ സീരിയസ് ക്രൈം ഫിക്ഷന്‍ ഉണ്ടായിട്ടില്ല എന്നല്ല. ക്രൈം ഫിക്ഷന്റെ സാദ്ധ്യതകള്‍ ഇനിയും പരീക്ഷിക്കാനുണ്ട് എന്നാണ് ഉദ്ദേശിച്ചത്.

ഉമ്പര്‍ട്ടോ എക്കോയെ പോലെയുള്ള എഴുത്തുകാര്‍ ക്രൈം ഫിക്ഷന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ മികച്ച ലിറ്റററി ഫക്ഷന്‍ എഴുതുന്നു. ക്രൈം ഫിക്ഷന്റെ സാങ്കേതികതകള്‍ ഉപയോഗിച്ച് സാഹിത്യം എഴുന്നത് ആവേശകരമാണ്. അതിന്റെ ഫലമാണ് ഛായാമരണം.

ക്രൈംഫിക്ഷന്‍ ചെയ്യുമ്പോള്‍ കഥാപാത്രമോ കഥയോ എന്ന ചോദ്യം പലപ്പോഴും വന്നിട്ടുണ്ടാകുമല്ലോ? നോവിന്റെ ഭാഷയിലും അത് പ്രധാനമാണല്ലോ? സാഹിത്യകാരനെ സംബന്ധിച്ച് ഇതില്‍ ഏതിന് മുന്‍തൂക്കം നല്‍കണമെന്ന ആ മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നോ?

ലോകത്തിലെ മുഴുവന്‍ സാഹിത്യത്തിലും എല്ലാ കാലത്തും വന്നിട്ടുള്ള പ്രധാന ചോദ്യമാണ് കാരക്ടര്‍ വേഴ്‌സസ് പ്‌ളോട്ട് എന്ന പ്രശ്‌നം. അത് വലിയൊരു ചോദ്യവുമാണ്. അതിന് പലപ്പോഴും, വായനക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ ചെന്നെത്തുന്ന ഉത്തരം കഥാപാത്രമാണ് പ്രധാനം എന്നതാണ്.

മാര്‍ക്കറ്റില്‍ വിജയിക്കുന്ന ക്രൈംഫിക്ഷന്‍ ഒക്കെ പ്‌ളോട്ടിനാകും മുന്‍തൂക്കം നല്‍കുക. അതിന്റെ ഭാഷ പലപ്പോഴും ലളിതമായിരിക്കും. സംഭാഷണം കൂടുതലായിരിക്കും. വിവരണങ്ങള്‍ വളരെ കുറവായിരിക്കും. അഗതാ ക്രിസ്റ്റിയുടെ നോവലുകള്‍ നോക്കുക. ഒരു ഗണിതശാസ്ത്ര പ്രശ്നം പോലെയാണ് അതിന്റെ ഘടന.

മരിച്ച ആളിനോട് നമുക്ക് യാതൊരു വിധ മാനസികപ്പൊരുത്തവും ഉണ്ടാകില്ല. ഒരു മരണം നഷ്ടമായി തോന്നില്ല. മരിച്ചയാള്‍ എന്തിന് മരിച്ചു? ആര് കൊന്നു? എന്നതാണ് പ്രശ്നം. മരിച്ചയാള്‍ നമുക്ക് വായിച്ച് രസിക്കാനുള്ള സസ്പെന്‍സ് സൃഷ്ടിക്കാനായി മരിച്ചു എന്നേ പറയാന്‍ സാധിക്കൂ. അയാളുമായി നമുക്ക് വൈകാരികമായി ഒരു ബന്ധവും ഉണ്ടാകില്ല.

അത്തരം നോവലുകള്‍ പ്ലോട്ടിനെ അധികരിച്ചുള്ളവയായിരിക്കും. കഥാപാത്രങ്ങള്‍ കാര്‍ഡ് ബോര്‍ഡ് രൂപങ്ങളായിരിക്കും. പേര് മാത്രമുള്ള ദ്വിമാന രൂപങ്ങള്‍. എന്നാല്‍ ഛായമരണത്തില്‍ ഞാന്‍ ഈ പാറ്റേണ്‍ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഭാഷയില്‍ യാതൊരു വിധ വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. വിവരണങ്ങളും ദീര്‍ഘ സംഭാഷണങ്ങളും ഉണ്ട്. കുടുംബ ബന്ധത്തിലെ സങ്കീര്‍ണ്ണത നോവലിലെ പ്രധാന പ്രേമയമാണ്.

സൈബറിടത്തിന്റെ പ്രത്യകതകള്‍ കുടുംബബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോവല്‍ പരിശോധിക്കുന്നു. ഗണിതവും മറ്റും കഥയില്‍ കടന്നു വരുന്നുണ്ട്. നോവലിന്റെ ഭാഷയില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടായിട്ടില്ല.

എത്രകാലത്തെ അദ്ധ്വാനമാണ് ഛായമരണം?

2014ല്‍ ആണ് ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. അതിന് ശേഷം 2020 ജൂലായിലാണ് ഛായാമരണം ഇറങ്ങിയത്. അതിനിടയ്ക്കുള്ള ആറ് വര്‍ഷം ചില എഴുത്ത് ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എഴുതി പൂര്‍ത്തിയാക്കിയ ഒരു നോവല്‍ ഉപേക്ഷിക്കേണ്ടി വന്നു. ചിലത് പാതിയില്‍ കളഞ്ഞു.

അക്കാലത്തിനിടക്ക് വായനയും ക്രൈം ഫിക്ഷനെ സംബന്ധിച്ച പഠനങ്ങളും കള്‍ച്ചറല്‍ സ്റ്റഡിയും തുടര്‍ന്നിരുന്നു. ഈ നോവലെഴുതാന്‍ അധിക സമയം എടുത്തിട്ടില്ല. ഒരു വര്‍ഷത്തെ സമയം കൊണ്ടാണ് ഇതിന്റെ ജോലികള്‍ തീര്‍ത്തത്.

നോവലിന് വേണ്ടി കള്‍ച്ചറല്‍ സ്റ്റഡിയുടെ ആവശ്യകതയെന്താണ്?

ക്രൈംഫിക്ഷന് ഓരോ രാജ്യത്തും ഓരോ ശൈലിയാണ്. ജപ്പാനിലുള്ള ക്രൈംഫിക്ഷന്‍ പാറ്റേണല്ല അമേരിക്കയില്‍ നിന്ന് വരുന്നത്. അതിന്റെ പാറ്റേണിലല്ല യൂറോപ്പില്‍ നിന്ന് നിന്ന് വരുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നത് മറ്റൊരു പാറ്റേണിലാണ്.

പൊതുവെ പറഞ്ഞാല്‍ ക്രൈംഫിക്ഷന്‍ ഓരോ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ പൊതുവെ കുടുംബബന്ധത്തില്‍ ഊന്നിയുള്ള രചനകളാണ് ആളുകള്‍ക്ക് കൂടുതല്‍ ഉള്‍ക്കൊള്ളാനാവുക. ജപ്പാനില്‍ നിന്നുള്ള നോവലുകളിലും ഇതേ രീതി കാണാം. അമേരിക്കയില്‍ നിന്നുള്ള രചനകള്‍ ഫാന്റസിയും ടെക്നോളജിയും എല്ലാം ഉള്‍ക്കൊണ്ടവയാണ്. ഫ്രാന്‍സിലെ എഴുത്തുകളില്‍ സാമൂഹിക പ്രശ്നങ്ങള്‍കൂടി കടന്നു വരുന്നു.

ഇപ്പറഞ്ഞവ പൊതു പ്രസ്താവനകളല്ല. ഉദാഹരണങ്ങള്‍ കാണിച്ചു എന്നേയുള്ളൂ. മലയാളത്തില്‍ ഒരു ക്രൈം ഫിക്ഷന്‍ ചെയ്യുമ്പോള്‍ മലയാളത്തിന്റെ സംസ്‌കാരത്തെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിന് മാതൃകകള്‍ കുറവാണ്.

മലയാളത്തിന്റെ സംസ്‌കാരത്തെ തെറ്റായ വിലയിരുത്തി എഴുതിയിട്ടുള്ളതാണ് ഇവിടുത്തെ മിക്കവാറും കുറ്റാന്വേഷണ നോവലുകള്‍. ഡ്രാക്കുളയും മന്ത്രവാദവുമൊക്കെയാണ് ആക്ഷനും ഇടകലര്‍ന്ന കുറ്റാന്വേഷണങ്ങള്‍. നോക്കൂ, ഡ്രാക്കുള നമ്മുടെ ആളല്ല. പക്ഷെ ഇവിടുത്തെ നോവലുകളില്‍ അത് കടന്നു വരുന്നു.

ഇപ്പോഴത്തെ വായനക്കാര്‍ വ്യത്യസ്തമാണ്. പുസ്തകം എന്നതിന്റെ കാഴ്ച്ചപ്പാടും മാറിയിട്ടുണ്ട്. സോഷ്യല്‍മീഡിയയെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ?

ഈ പുസ്തകത്തിന്റെ ആദ്യത്തെ ചാപ്റ്റര്‍ 2019ല്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അത് നന്നായി വായിക്കപ്പെട്ടിരുന്നു. അല്ലാതെ, നോവല്‍ ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പുസ്തകത്തെ സോഷ്യല്‍ മീഡിയ ഒരുപാട് സഹായിച്ചിട്ടുണ്ട്.

ആളുകളിലേക്കെത്താന്‍, വായിച്ചവരുടെ അഭിപ്രായം അറിയാന്‍ ഒക്കെ ഉപകരിച്ചിട്ടുണ്ട്. പുസ്തകവായനയെ സോഷ്യല്‍മീഡിയ നന്നായി സ്വാധീനിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. അതേസമയം, കള്‍ച്ചറല്‍ സ്റ്റഡിയുടെ ടൂള്‍ ആയി സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ പറ്റിയിട്ടില്ല. സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നവര്‍ നിരന്തരം പ്രതികരിക്കുന്നവരാണ്.

പോസ്റ്റിടുന്നവര്‍ എപ്പോഴും പോസ്റ്റിട്ടു കൊണ്ടിരിക്കുന്നവരായിരിക്കും. അവരില്‍ നിന്ന് കൃത്യമായ സാമൂഹിക വിശകലനം സാധ്യമല്ല. വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനൊന്നും അത് സഹായിക്കില്ല.

ക്രൈംഫിക്ഷന് ഇപ്പോള്‍ സിനിമയില്‍ നല്ല സമയമാണ്. ഛായാമരണം സിനിമയാക്കുമോ? സിനിമയ്ക്ക് വേണ്ടി എഴുതുമോ?

സിനിമ എനിക്ക് ഇഷ്ടപ്പെട്ട മീഡിയമാണ്. സിനിമയുടെ ലാംഗ്വേജും ഇഷ്ടമമാണ്. പക്ഷേ, ഞാന്‍ ബേസിക്കലി സിനിമയ്ക്ക് പറ്റിയ ആളല്ല. ഒരേ കഥാതന്തുവുള്ള ഒരു പുസ്തകവും ഒരു സിനിമയും എന്റെ മുന്നില്‍ വന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കുക പുസ്തകമാകും. ആ സിനിമ കാണാതിരിക്കാനാവും ശ്രമിക്കുക.

പുസ്തകം വായിക്കുമ്പോള്‍ സിനിമാറ്റിക്ക് ആണെന്ന് തോന്നുന്ന രീതി ഭാഷ കൊണ്ട് നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. ആളുകളില്‍ ആകാംക്ഷ ജനിപ്പിക്കുകയും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനം നോവലിനെ സംബന്ധിച്ചിടത്തോളം ഭാഷയാണ്. ഉദാഹരണത്തിന് വായനക്കാരന് ഉണ്ടാകാവുന്ന അതേ സംശയം, എഴുത്തുകാരനും ഉണ്ടാകുന്നു.

വായനക്കാരന്റെ സംശയത്തെ മുന്‍കൂട്ടി കണ്ട് അതേ സംശയം അയാള്‍ ചോദിക്കാന്‍ സാധ്യതയുള്ള സമയത്ത് എഴുത്തുകാരനും ചോദിക്കുന്നു. എന്നിട്ട് നമ്മള്‍ തന്നെ അതിന് മറുപടി കൊടുക്കുകയും ചെയ്യും. അത് എഴുത്തുഭാഷയുടെ സാദ്ധ്യതയാണ്. ആ സാദ്ധ്യത സിനിമയില്‍ ഇല്ല. സിനിമയുടെ ഭാഷ വ്യത്യസ്തമാണ്. പക്ഷേ, കാഴ്ചയുടെ ആ ഭാഷ എന്റെ മുന്‍ഗണനയിലില്ല.

# ഛായാമരണം നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന്‍
ബൈജു എന്‍ നായര്‍ സ്മാര്‍ട്ട് ഡ്രൈവ്‌

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More