മലയാള സിനിമ ഭരിക്കുന്നത് താരമാഫിയ: കാ ബോഡി സ്‌കേപ്സ് സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍

വീണ്ടുമൊരു ഫിലിം ഫെസ്റ്റിവല്‍ കാലം എത്തിയിരിക്കുന്നു. ഏഴുനാള്‍ കേരളം സിനിമയുടെ പിടിയിലാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടി മുറുകുന്നതും ചരിത്രമെഴുതിക്കൊണ്ട് സുപ്രീം കോടതി വിധികള്‍ പ്രഖ്യാപിക്കുന്നതും ഈ കാലത്ത് തന്നെയാണ്. 2016-ലെ ഫിലിം ഫെസ്റ്റിവലില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച കാ ബോഡി സ്‌കേപ്സ് എന്ന സിനിമയുടെ സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി നടത്തിയ സംഭാഷണം. തന്റെ സിനിമയുടെ പേരില്‍ വേട്ടയാടപ്പെടേണ്ടി വന്ന സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ ഇന്നത്തെ സിനിമാ സാഹചര്യങ്ങളെക്കുറിച്ചും സിനിമാലോകത്തെ കാണാപ്പുറങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

ഫിലിം ഫെസ്റ്റിവല്‍ കാലമാണ്. പണ്ട് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ തോതിലുള്ള ഭീഷണികളും പ്രതിഷേങ്ങളുമൊക്കെ നേരിട്ട ഒരാളാണ്. ആ ഫെസ്റ്റിവല്‍ ഓര്‍മ്മകളും ഇന്നത്തെ സാഹചര്യവും.

2016 ഫെസ്റ്റിവലിലാണ് തിരുവനന്തപുരത്ത് കാബോഡി സ്‌കേപ്സ് പ്രദര്‍ശിപ്പിച്ചത്. അതും കോടതിയില്‍ നിന്നുള്ള ഇടക്കാല ഉത്തരവിന്റെ പുറത്ത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് അക്കാദമി പറഞ്ഞു. പിന്നീട് കോടതിയുത്തരവുമായി വന്നപ്പോഴാണ് പ്രദര്‍ശനാനുമതി കിട്ടിയത്. അന്ന് കലാഭവന്‍ തീയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കെപി ശശികല അടക്കം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി വലിയ പ്രതിഷേധവും പ്രകടനവുമൊക്കെ നടത്തി. എനിക്കെതിരെ ഭീഷണികളും ഉണ്ടായിരുന്നു. പക്ഷേ സന്തോഷിക്കേണ്ട കാര്യമെന്തെന്നാല്‍ ഇപ്പോള്‍ സിനിമ തീയറ്ററുകളിലുണ്ട്. തൃശ്ശൂരിലും കോഴിക്കോടുമെല്ലാം പ്രദര്‍ശനം ഇപ്പോള്‍ നടക്കുന്നുണ്ട്. മലയാളികളുടെ പൊതു സ്വഭാവമെന്തെന്നാല്‍ വളരെ പുരോഗമനം പറയുമെങ്കിലും അതൊന്നും പ്രവര്‍ത്തിയില്‍ കാണിക്കില്ലെന്നതാണ്. അത് കുറെ കാണാന്‍ പറ്റി ഫിലിം ഫെസ്റ്റിവലിലും അല്ലാതെയും.

സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തത് വലിയൊരു പോരാട്ടത്തിലൂടെയാണല്ലോ. ആ നിയമപോരാട്ടത്തെക്കുറിച്ച്.

ഏറ്റവും ബുദ്ധിമുട്ടിയത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായാണ്. നീണ്ട 18 മാസം നിയമപോരാട്ടത്തിലായിരുന്നു. നിയമപ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തേണ്ടി വന്നു. അഞ്ച് പ്രാവശ്യമാണ് ഈ സിനിമ വിവിധ സെന്‍സര്‍ഷിപ്പ് ബോര്‍ഡുകളില്‍ കാണിച്ചത്. സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിച്ചു. കോടതിയില്‍ നിന്ന് കോടതിയലക്ഷ്യത്തിന് വിധി സമ്പാദിക്കേണ്ടി വരുന്നു. അങ്ങനെ നൂറ് നൂറ് തരത്തിലാണ് അവര്‍ ബുദ്ധിമുട്ടിച്ചത്. സിനിമയെന്ന കലയ്ക്കും മീതെ രാഷ്ട്രീയം വന്നത് കൊണ്ടാണിത്. പിന്നീട് പല നിബന്ധനകളും മുന്നില്‍ വെച്ചു. അതൊക്കെ പാലിച്ചതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച് നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു?

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കേന്ദ്രം മുന്നോട്ട് വെച്ച നിബന്ധനകളാണ് ഞെട്ടിച്ചത്. സിനിമയില്‍ ചിലയിടങ്ങളില്‍ ഗോള്‍വാര്‍ക്കറിന്റെയും ഹെഡ്ഗെവറിന്റെയും ചിത്രങ്ങള്‍ കാണിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്തുള്ള ഹെഡ്‌ഗെവറിന്റെ ചിത്രമാണ് രംഗത്തില്‍ വന്നത്. അത് മാറ്റണം. സിനിമയില്‍ കാവിക്കൊടി കാണിക്കുന്ന രംഗങ്ങള്‍ എല്ലാം ഒഴിവാക്കണം. സിനിമ ചിത്രീകരിച്ചത് കോഴിക്കോടാണ്. അവിടെ പല സ്ഥലങ്ങളിലും കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ട്. മനപൂര്‍വ്വം ഞങ്ങള്‍ വെച്ചതല്ല. അതൊക്കെയും മാറ്റാന്‍ പറഞ്ഞു. സിനിമയിലെ കേന്ദ്ര കഥാപാത്രം സിയ, സ്വയംഭോഗം ചെയ്യുന്ന രംഗങ്ങളുണ്ട്. അത് മാറ്റുക. ഹനുമാനെ നഗ്‌നനായി ചിത്രീകരിച്ച രംഗങ്ങള്‍, ഹനുമാന്റെ നഗ്‌ന ഫോട്ടോകള്‍ ഉള്ള രംഗങ്ങള്‍ അതൊക്കെയും മാറ്റുക. ഇതൊക്കെയായിരുന്നു ആ നിബന്ധനകള്‍. ആര്‍എസ്എസുമായി ബന്ധമുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മാറ്റാനാണ് അവര്‍ പറഞ്ഞത്.

കാ ബോഡി സ്‌കേപ്സ് ചര്‍ച്ച ചെയ്ത, സിനിമ മുന്നോട്ട് വെച്ച പ്രശ്നങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കുന്നു. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ കാ ബോഡി സ്‌കേപ്സ് ഒരു പ്രവചനം പോലെയായിരുന്നു എന്ന് തോന്നുന്നു. സിനിമ മുന്നോട്ട് വെച്ച പ്രശ്നങ്ങളാണ് ഇന്ന് സമൂഹത്തില്‍. സിനിമയില്‍ കഥാപാത്രമായ ചിത്രകാരന്‍ സമൂഹത്തോട് പോരാടുന്നത് എന്റെ, സംവിധായകന്റെ പോരാട്ടമായി മാറി. സിനിമയില്‍ സ്വവര്‍ഗ പ്രണയമുണ്ട്. പിന്നീടാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രഖ്യാപിക്കുന്നത്. അത് മാത്രമല്ല, സ്ത്രീ അല്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലയെന്നും ശബരിമല വിധിയായാലും ഒക്കെ കോടതി പറഞ്ഞു. സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയം കാലം മാറി വന്നപ്പോള്‍ നടക്കുന്നു. അതില്‍ വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റിയെന്ന സന്തോഷം. പക്ഷേ ദുഖകരമായ കാര്യമെന്തെന്നാല്‍ കേരളത്തിലെ സിനിമാ ബിസിനസ് നിയന്ത്രിക്കുന്ന താര മാഫിയയോ എല്ലാം ഇപ്പോഴും നെഗറ്റീവായാണ് ഇതിനെയൊക്കെ കാണുന്നത് എന്നതാണ്.

മലയാള സിനിമ ലോകം ഇന്ന്.

സിനിമ കലാരൂപത്തിന് പുറമെ രാഷ്ട്രീയം പറയുകയാണ്. സിനിമ ഭരിക്കുന്നത് മാഫിയയാണ്. ഫ്യൂഡല്‍ ഹൈറാര്‍ക്കിയല്‍ സിസ്റ്റമാണ് ഇന്ന് മലയാള സിനിമയില്‍. മോഹന്‍ലാലിന്റെ മകന്‍, മമ്മൂട്ടിയുടെ മകന്‍, ജയറാമിന്റെ മകന്‍, അങ്ങനെയങ്ങനെ. ജാതി വ്യവസ്ഥ സിനിമയിലും കാണാം. വര്‍ഗാധിഷ്ഠിതമായ, ജാതീയത പുലര്‍ത്തുന്ന സിനിമാലോകമാണ് മലയാള സിനിമലോകം. വളരെ സങ്കീര്‍ണമാണ് മലയാള സിനിമാലോകം. സിനിമയില്‍ മാത്രമല്ല, കേരളമേ അങ്ങനെയാണ്. ശബരിമല വിധിക്ക് പിന്നാലെ അശുദ്ധകളാണ് എന്ന് സ്വയം പറഞ്ഞ് എത്ര സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അത് ആണ്‍ മേല്‍ക്കോയ്മ കാരണമാണ്. ഇറങ്ങിയ സ്ത്രീകളില്‍ തന്നെ എത്രപേര്‍ ‘ഉയര്‍ന്ന’ കുല സ്ത്രീകളായിരുന്നു. അതൊക്കെ സമൂഹം താഴ്ന്നവര്‍ എന്ന് വിളിക്കുന്നവരാണ്. അവരാണ് അനുഭവിക്കേണ്ടി വരുന്നത് എല്ലാം.

കഴിഞ്ഞ മാസം സിനിമ റിലീസായി. പക്ഷേ ചിത്രത്തിന്റെ പോസ്റ്റര്‍ എങ്ങുമില്ലായിരുന്നു.

വളരെ ബുദ്ധിമുട്ടിയാണ് സിനിമയെടുത്തത്. പക്ഷേ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. സിനിമ ഇറങ്ങിയെന്ന് ജനങ്ങളെ അറിയിക്കാന്‍ സോഷ്യല്‍മീഡിയ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. അതിന് കാരണമായത് പ്രബുദ്ധരെന്ന് സ്വയം പറയുന്ന മലയാളികളുടെ നെഗറ്റീവ് ചിന്തകളാണ്.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ തീയറ്ററുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചല്ലോ. സര്‍ക്കാര്‍ തീയറ്ററുകളില്‍ മാത്രമല്ലേ പ്രദര്‍ശനം?

അതേ, സ്വകാര്യ തീയറ്ററുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നല്ല, അവര്‍ നിരാകരിക്കുകയായിരുന്നു. അവര്‍ക്ക് വേണ്ടത് വന്‍ താരങ്ങള്‍ അണി നിരക്കുന്ന സിനിമകളാണ്. അവര്‍ നോക്കുന്നത് ലാഭം മാത്രമാണ്. അവര്‍ക്ക് വേണ്ട എന്റര്‍ടെയിന്‍മെന്റ് എന്റെ സിനിമയിലില്ല. എന്നെ സംബന്ധിച്ച് സിനിമയും രാഷ്ട്രീയമാണ്. പ്രൈവറ്റ് തീയറ്റര്‍ ഉടമകള്‍ക്ക് പണമാണ് വേണ്ടത്, ലാഭമാണ് വേണ്ടത്. അവരുടെ വിനോദമൂല്യം, അവരുദ്ദേശിക്കുന്ന വിനോദമൂല്യം എനിക്കില്ലാ. കേരളത്തില്‍ നിലനില്‍ക്കുന്നത് പൊള്ളയായ രാഷ്ട്രീയമാണ്. താത്പര്യങ്ങളാണ്. നോക്കൂ, കേരളം ഭരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്, പുരോഗമന വാദികളായ ഇടത് സര്‍ക്കാരിന് പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍ നിര്‍മ്മാണമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാനാണ് താത്പര്യം. ഇവിടുത്തെ സംഘപരിവാറിന്റെയും സര്‍ക്കാരിന്റെയും മുഖം ഒരുപോലെയാണ്. സര്‍ക്കാരും പോലീസും ആണ് മല ചവിട്ടാന്‍ വരുന്ന സ്ത്രീകളെ തടയുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ തടയുന്നത് ഇവിടെ സംഘപരിവാറും ഇടത് സര്‍ക്കാരും ഒരുമിച്ചാണ്. ഇവര്‍ രണ്ടും ഒരുപോലെയാണ്.

കലാരൂപത്തിലും കത്രികകള്‍ വെക്കുന്ന രാഷ്ട്രീയം. എങ്ങനെ നോക്കിക്കാണുന്നു?

വളരെ കഷ്ടമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സിനിമാരംഗങ്ങള്‍ വരെ മാറ്റേണ്ടി വരുന്നു. അധപതനമാണ് നടക്കുന്നത്. കലയുടെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അധപതനം. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരുകളും ഇവിടെ അവര്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സംവിധാനത്തിനും എതിര് നില്‍ക്കുന്ന, എതിര്‍ അഭിപ്രായങ്ങള്‍ പറയുന്നവരുടെ ജീവിതം ദുസഹമാക്കുന്ന സാഹചര്യമാണ്. ദൗര്‍ഭാഗ്യകരമാണ് അത്. ഇത് ജനാധിപത്യമല്ല, ഫാസിസമാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More