വിമര്‍ശനം കണ്ണടച്ചാകരുത്: ഒടിയന്റെ ഗാനരചയിതാവ്

മുത്തപ്പന്റെ ഉണ്ണീ ഉണര് ഉണര്…ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനം. റഫീഖ് അഹമ്മദിനും പ്രഭാവര്‍മ്മയ്ക്കുമൊപ്പം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ഗാന രചനാ ശാഖയിലേയ്ക്ക് പുതിയൊരു കൈയ്യൊപ്പ് ചാര്‍ത്തി കടന്ന് വന്നത് ലക്ഷ്മി എന്ന ലക്ഷ്മി ശ്രീകുമാര്‍ മേനോന്‍ ആണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍. ചിത്രത്തിലെ രണ്ട് ഗാനങ്ങളും കേരളം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഈ പുതുമുഖ ഗാനരചയിതാവ്. ലക്ഷ്മിയുമായി അനു സംസാരിക്കുന്നു.

മലയാള ചലച്ചിത്ര രംഗത്ത് അധികം വനിതകള്‍ കൈകടത്താത്ത മേഖലയാണ് ഗാന രചന, എങ്ങനെയാണ് ഈ രംഗത്തേയ്ക്ക് എത്തിയത് ?

എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു രംഗം തന്നെയാണിത്. ഇതിനെ എന്റെ പൊതുജീവിതത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്താനാവില്ല. പാട്ടുകളെ ഏറെ പ്രണയിക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു അവസരം ലഭിച്ചതും. മുന്‍പ് ഒരു ചിത്രത്തിലേക്ക് ഞാന്‍ പാട്ടുകളെഴുതി നല്‍കിയിരുന്നു. ഔസേപ്പച്ചന്‍ സാറായിരുന്നു അതിന്റെ സംഗീത സംവിധായകന്‍. പക്ഷെ ആ ചിത്രം, പുറത്തിറങ്ങിയില്ല. കുട്ടിക്കാലത്ത് കവിതകള്‍ എഴുതാറുണ്ടായിരുന്ന എന്നോട് അച്ഛന്‍ തന്നെയാണ് ഒടിയന്‍ എന്ന ചിത്രത്തിലേയ്ക്ക് പാട്ട് എഴുതാമോ എന്ന് ചോദിച്ചത്. അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞാന്‍ അതിന് സമ്മതിച്ചത്.

കവിതകള്‍ എഴുതുമായിരുന്നു!

അതെ, കവിതകള്‍ എഴുതുമായിരുന്നു. പക്ഷെ പ്രസിദ്ധീകരിക്കാന്‍ അത്രയ്ക്ക് താല്പര്യം കാണിച്ചിരുന്നില്ല. പിന്നെ ചില കവിതകള്‍ ഒരിക്കല്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ഇടവപ്പാതി എന്ന കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഏറെ ഇഷ്ടമാണ് ഞാന്‍ എഴുതുന്നത്. അവര്‍ തന്നെയാണ് പ്രോത്സാഹനം നല്‍കുന്നതും. ഒറ്റ മകളായതു കൊണ്ട് മാത്രമല്ല അത് എന്റെ ഉള്ളിലെ പാട്ടുകളെ അടുത്ത് അറിയുന്നതു കൊണ്ടുമാകും.

ഒടിയന്‍ കണ്ട പലര്‍ക്കും ഉള്ള അഭിപ്രായം കഥാപാത്രത്തിന്റെ ആ ഫീലിംഗ് അതേ പോലെ വരികളില്‍ നിറഞ്ഞിരുന്നുവെന്നതാണ്?

ഞാന്‍ പറഞ്ഞല്ലോ പാട്ടുകള്‍ എഴുതി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതേ പോലെ തന്നെ ടെന്‍ഷനും തോന്നിയിരുന്നു. മറ്റ് പാട്ടുകള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മയേയും റഫീഖ് സാറിനെയും പോലെയുള്ളവര്‍. അവര്‍ക്കൊപ്പം എനിക്ക് എത്താനാവില്ലെങ്കിലും മോശം പറയിക്കരുതെന്ന് ഉണ്ടായിരുന്നു. അതിലെ ഒരു ഗാനം എഴുതുമ്പോള്‍ റഫീഖ് സാറും അമ്മയും അച്ഛനും ജയചന്ദ്രന്‍ സാറും ഒപ്പമുണ്ടായിരുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന്റെ രീതിയും സിറ്റുവേഷനും പറഞ്ഞു തന്നിരുന്നു. ആ കഥാപാത്രം അനുഭവിക്കുന്ന വേദന പാട്ടിലൂടെ കാണികള്‍ അറിയണം. അങ്ങനെ ഒരു നിബന്ധനയാണ് എന്റെ മുന്നിലുണ്ടായിരുന്നത്. അത് അറിഞ്ഞാണ് എഴുതിയതെന്ന് എന്റെ വരികള്‍ വായിച്ച ശേഷം റഫീഖ് സാര്‍ പറഞ്ഞിരുന്നു.

നെഞ്ചിലെ കാളക്കൊളമ്പ് എന്ന പാട്ട് ഒടിയന്‍ മാണിക്യന്‍ സര്‍വ്വതും നഷ്ടപ്പെട്ട്, സ്‌നേഹിച്ചവര്‍ പോലും കൈവിട്ട രംഗത്ത് ഉള്ള പാട്ടാണ്. അത് എഴുതാനാണ് ഞാനും ഏറെ കഷ്ടപ്പെട്ടത്. ഓരോ വരികളും പലതവണ മാറ്റി എഴുതി. പലപ്പോഴും പല വാക്കുകള്‍ പോലും മാറ്റിയെഴുതി. ചില അവസരങ്ങളില്‍ ചില വാക്കുകള്‍ ചേര്‍ത്താല്‍ പാട്ടുകള്‍ കൂടുതല്‍ നന്നാവുമെന്ന് മനസ്സിലാക്കി തന്നത് ജയചന്ദ്രന്‍ സാറാണ്.

നെഞ്ചിലെ വേദന ഒടിയന്‍ ഇറക്കി വച്ച ആ പാട്ട് തന്നെയാണ് എനിക്കും ഏറെ പ്രിയം. ശങ്കര്‍ മഹാദേവന്‍ സാറും ആ വേദന ഉള്‍ക്കൊണ്ട് തന്നെ പാടിയതുപോലെ തോന്നി.

ഒരു മുന്‍പരിചയവും ഇല്ലാത്ത ഒരാള്‍ എഴുതിയ പാട്ടുകള്‍ ഹിറ്റായപ്പോള്‍?

ഞാന്‍ പറഞ്ഞല്ലോ എനിക്ക് ഇഷ്ടപ്പെട്ട രംഗം തന്നെയാണിത്. പിന്നെ സിനിമകള്‍ക്ക് വേണ്ടിയാവുമ്പോ ആ രംഗങ്ങള്‍ക്ക് മനസ്സില്‍ നമ്മള്‍ സാക്ഷിയാകേണ്ടി വരും. ഒടിയനിലെ ഒരു ഗാനം എഴുതുമ്പോള്‍ എനിക്ക് ചെന്നൈയില്‍ എം എ മലയാളത്തിന് അഡ്മിഷന്‍ ലഭിച്ചു പഠനം നടക്കുന്ന സമയം. പലപ്പോഴും പാട്ടിലെ വരികള്‍ എഴുതി അച്ഛന് അയച്ചുകൊടുക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. മുത്തപ്പന്റെ ഉണ്ണീ എന്ന ഗാനത്തില്‍ വാത്സല്യം ഉണ്ടാകണം, ഒപ്പം ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാന്‍ തയ്യാറുള്ള ഒടിയന്റെ വളര്‍ച്ചയും കാണിക്കണമായിരുന്നു. അതിന് ഏറ്റവും നല്ലത് മുത്തച്ഛന്റെ സ്‌നേഹവും അച്ഛന്റെ കരുതലും ഗുരുവിന്റെ ശിക്ഷണവും ഉള്ള വരികളാകണം എന്നുണ്ടായിരുന്നു. അത് അങ്ങനെ തന്നെ ലഭിച്ചതായാണ് വിശ്വാസം.

എന്നാല്‍ ചിത്രത്തിനെതിരെ ആദ്യ ദിവസങ്ങളില്‍ വളരെ നെഗറ്റീവ് പ്രതികരണങ്ങള്‍ ഉണ്ടായി. ചില അവസരങ്ങളില്‍ സംവിധായകന്‍ എന്ന നിലയില്‍ ശ്രീകുമാര്‍ മേനോന്‍ വളരെ വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. അതിനെ പറ്റി എന്തു പറയുന്നു?

ഞാനും സോഷ്യല്‍ മീഡിയയുടെ ഭാഗത്ത് നിന്നുള്ള ആ പ്രതികരണങ്ങള്‍ കണ്ടിരുന്നു. അച്ഛന്‍ ആ ചിത്രത്തിനു വേണ്ടി എന്തുമാത്രം എഫേര്‍ട്ട് എടുത്തുവെന്ന് എനിക്കറിയാം. സത്യത്തില്‍ നല്ലതിനെ നല്ലതായി തന്നെയാണ് നമ്മള്‍ കാണേണ്ടത്. അല്ലാതെ കാണുന്നതിനു മുന്‍പേ അഭിപ്രായം പറഞ്ഞ്, ഒരു നല്ല വശത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. നല്ല വിമര്‍ശനങ്ങള്‍ കല വളരാന്‍ നല്ലതാണ്. എന്നാല്‍ കണ്ണടച്ച് വിമര്‍ശിക്കുന്നതിനോട് താല്പര്യമില്ല.

പാട്ട് കേട്ടിട്ട് ആരെങ്കിലും വിളിച്ചിരുന്നോ?

പലരും പറഞ്ഞു നന്നായെന്ന്. പക്ഷെ, എങ്കിലും ലാലേട്ടന്‍ പാട്ടുകള്‍ കൊള്ളാം എന്ന് പറഞ്ഞപ്പോഴാണ് ഏറെ സന്തോഷം തോന്നിയത്. ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വലിയ ആളില്‍ നിന്നും കേള്‍ക്കുമ്പോള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് നല്‍കിയത്.

പെണ്‍കുട്ടികള്‍ ഈ രംഗത്തേയ്ക്ക് അധികം കടന്നുവരുന്നില്ലല്ലോ?

ഇപ്പോള്‍ ആ രീതികള്‍ക്ക് മാറ്റം വരുന്നുണ്ട്. തമിഴില്‍ താമരൈ പോലെയുള്ളവര്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ട്. അപ്പൊ അത് ഒരു പ്രോത്സാഹനമല്ലെ. മലയാളത്തില്‍ എനിക്ക് അനു എലിസബത്തിനെ എറെ ഇഷ്ടമാണ്. ആ വരികള്‍ ഏറെ ഫീലിംഗ് ഉള്ളതായി തോന്നിയിട്ടുണ്ട്. ശ്യാമാബരം പോലെയുള്ള പാട്ടുകള്‍.ഏറെ ഇഷ്ടമാണ്.

ഭാവി?

ഇപ്പോള്‍ ഞാന്‍ എം എ മലയാളം രണ്ടാം വര്‍ഷം പഠിക്കുകയാണ്. പക്ഷെ സിനിമയുടെ വഴിയെ നടക്കാനാണ് എനിക്ക് ഇഷ്ടം.അതുകൊണ്ട് തന്നെ ഇനിയും സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ എഴുതി ഈ രംഗത്ത് നില്‍ക്കാനാണ് ഇഷ്ടം.അതിന് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More