“നൃത്തം ധ്യാനം, ഉള്ള് കാവ്യാത്മകം”

“വായിക്കുമ്പോള്‍ നാം യാത്ര പോകുന്നു. വാക്കുകള്‍ വഴികാട്ടുന്ന അര്‍ത്ഥങ്ങളുടെ ആഴങ്ങളിലേക്ക്. വരികള്‍ക്കിടയിലൂടെ വന്യമായ വിജനതയിലേക്ക്.”അത്തരത്തില്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ച്, ആ ഊര്‍ജത്തില്‍ സര്‍ഗശക്തിയുടെ പല തലങ്ങളിലേക്ക് ഊളിയിടുന്നവരുണ്ട് നമുക്കുചുറ്റും. സാധാരണ മനുഷ്യനുമപ്പുറം ചിന്താശേഷിയുള്ള പ്രവര്‍ത്തന മികവുള്ള അപൂര്‍വ പ്രതിഭകള്‍. സഞ്ചരിക്കുന്ന വഴികള്‍ വേറിട്ടതാകുന്തോറും കാലത്തിനുമപ്പുറം വളരുന്നവര്‍. മറ്റുള്ളവരുടെ ആരാധനാപാത്രമാകുന്നവര്‍. അത്തരത്തില്‍ അവശേഷിപ്പുകളേറെയുള്ള ഒരു പ്രതിഭയെ അറിയാം. കവയത്രി, നര്‍ത്തകി, അവതാരക, അഭിനേത്രി. അങ്ങനെ വിശേഷണങ്ങളേറെയുള്ള മീരാനായരുമായി ആമി സംസാരിക്കുന്നു.

കവയത്രി, നര്‍ത്തകി, അവതാരക, അഭിനേത്രി ഇതില്‍ മീരയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതേതാണ്?

എനിക്ക് സ്വാഭാവികമായി വരുന്നത് കവിത തന്നെയാണ്. അടിസ്ഥാനപരമായി എന്നും കവയത്രി തന്നെയാണ് ഞാന്‍. തുടര്‍ച്ചയായി കവിതകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കുറച്ചുകഴിഞ്ഞാല്‍ ഇത് തുടരുമോയെന്നറിയില്ല. എന്തൊക്കെയായാലും എന്റെയുള്ളെപ്പോഴും കാവ്യാത്മകമാണ്. അതുകൊണ്ടുതന്നെ എന്റെ ഏറ്റവും അടുത്തു നില്‍ക്കുന്നതും കവിത തന്നെയാണ്. നൃത്തം എന്റെ ഇഷ്ടമാണ്. കുഞ്ഞിലേ നൃത്തം പഠിച്ചിരുന്നു. ഇടവേളയ്ക്കുശേഷം വീണ്ടും തുടരുന്നു. ധ്യാനം പോലെയാണെനിക്ക് നൃത്തം. ശരീരത്തിനും മനസിനും ഒരുപോലെ ചിട്ടയും സന്തോഷവും തരുന്നതാണ് നൃത്തം. അവതരണം ഫ്രീലാന്‍സായി മുന്‍പേ ചെയ്യുന്നുണ്ട്. കൂടുതലും അഭിമുഖങ്ങളാണ് ചെയ്തിട്ടുള്ളത്. പല വ്യക്തികളെയും മേഖലകളെയും അറിയാനും വായിക്കാനും പല അഭിമുഖങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. അഭിമുഖ പരമ്പരകള്‍ പല അനുഭവങ്ങള്‍ സമ്മാനിച്ചാണ് പോയത്. അഭിനയം ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു കാര്യമാണ്. കുട്ടിക്കാലത്ത് നാടകങ്ങളുടെ ഭാഗമായിട്ടുണ്ടെന്നല്ലാതെ അഭിനയത്തില്‍ വേറെ പരിചയമില്ല.

പിന്നെ എങ്ങനെയാണ് അഭിനയത്തിലേക്കെത്തിയത്?

കോളേജില്‍ സിനീയറായി പഠിച്ചിരുന്ന ലീന വഴിയാണ് ഞാന്‍ അഭിനയത്തിലേക്കെത്തുന്നത്. ലീനയുടെ അമ്മയുടെ കവിത ആല്‍ബമാക്കാന്‍ ആലോചിച്ചപ്പോള്‍ അഭിനയിക്കുമോയെന്ന് ചോദിച്ചു. എനിക്ക് അഭിനയിച്ച് പരിചയമില്ലെന്ന് പറഞ്ഞപ്പോഴും ലീനയുടെ മനസിലെ കഥാപാത്രത്തിന്റെ രൂപം എന്റേതാണെന്ന് പറയുകയായിരുന്നു. അങ്ങനെ ലീനയുടെ പിന്‍ബലത്തില്‍ പരീക്ഷണാര്‍ത്ഥമാണ് എന്റെ അമ്മ എന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ വേഷമിട്ടത്.

മീരയുടെ സര്‍ഗശക്തിയുടെ മേഖലകള്‍ ഒന്ന് മറ്റൊന്നിനെ സ്വാധിനിക്കാറുണ്ടോ? അല്ലെങ്കില്‍ സഹായിക്കാറുണ്ടോ?

അഭിനയത്തില്‍ തീരെ പരിചയമില്ലാത്ത ഒരാളെന്ന നിലയില്‍ നൃത്തമെന്ന ഏറെ സഹായിച്ചിട്ടിട്ടുണ്ട്. മറ്റെല്ലാം വെറൊരു തലമാണ്. എഴുത്ത് തനിയെ വന്നുപോകുന്നതാണ്. നൃത്തം വളരെ അച്ചടക്കത്തോടെ ചെയ്യുന്ന കാര്യമാണ്. ശാസ്ത്രീയ നൃത്തത്തിന്റെ ഏതവസ്ഥയിലും നമ്മളൊരു അതിര്‍ത്തിയിലധിഷ്ഠിതമായിരിക്കും. എന്നാല്‍ ഭാവനയെ അല്ലെങ്കില്‍ ചിന്തകളെ എല്ലാ അര്‍ത്ഥത്തിലും സ്വന്തന്ത്രമാക്കുമ്പോള്‍ രചന തനിയെ സംഭവിക്കും.

മീരയോട് സംസാരിക്കുമ്പോള്‍ തന്നെ ഏറ്റവും അടുത്തു നില്‍ക്കുന്നത് എഴുത്താണെന്നറിയാം. ഇതെപ്പോഴാണ് കൂടെക്കൂടിയത്?

ചെറുപ്പത്തിലേ ഇംഗ്ലീഷ് കവിതകളും ചെറുകഥകളുമൊക്കെ എഴുതിയിരുന്നു. സ്‌കൂള്‍ കോളേജ് തലത്തില്‍ പുരസ്‌കാരങ്ങളൊക്കെ കിട്ടിയിരുന്നു. എന്നിരുന്നാലും സ്‌കൂള്‍, കോളേജ് മാഗസിനുകളില്‍ ഒതുങ്ങിയിരുന്നു എന്റെ രചനകള്‍.

പിന്നെ എപ്പോഴാണ് എഴുത്തിനെ ഗൗരവമായി കണ്ടുതുടങ്ങിയത്?

സത്യത്തില്‍ സോഷ്യല്‍ മീഡിയയാണ് എന്റെ കവിതകള്‍ക്കും എഴുത്തിനും വിശാലമായൊരു തലം സമ്മാനിച്ചത്. ചെറിയ കവിതകള്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിശയിപ്പിക്കുന്ന പ്രതികരണമാണുണ്ടായത്. കവിതകളിലൂടെ അറിഞ്ഞ്, പ്രതീക്ഷയ്ക്കുമപ്പുറം ഇപ്പോഴും നിലനില്‍ക്കുന്ന നല്ല സൗഹൃദങ്ങളും ഇതിലൂടെയെനിക്ക് കിട്ടി.

ഇക്കൂട്ടത്തില്‍ മനസില്‍ തട്ടുന്ന ഒരോര്‍മ പറയാമോ?

ഒരിക്കല്‍ സച്ചിദാനന്ദന്‍ സാര്‍ എന്റെ കവിതയ്ക്ക് താഴെ ഒരു കമന്റ് പോസ്റ്റ് ചെയ്തു. അപ്പോഴാണ് ഞാനെഴുതുന്നത് കവിതയാണെന്ന തിരിച്ചറിവ് അല്ലെങ്കില്‍ ഒരു ആത്മവിശ്വാസമുണ്ടായത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ തന്നെയാണ് രചനകള്‍ പുസ്തകമാക്കണമെന്ന ചിന്തയുണ്ടാക്കിയതും. പലരുടെയും നിര്‍ബന്ധത്തിലാണ് കവിതകള്‍ ആദ്യമായി പുസ്തക രൂപത്തിലാക്കിയത്.

ആദ്യത്തെ പുസ്തകത്തിന് തന്നെ പുരസ്‌കാരം കിട്ടിയപ്പോള്‍ എന്തുതോന്നി?

കവിതകള്‍ പുസ്തകമാക്കിയപ്പോഴും ഞാനത്ര കാര്യമായെടുത്തില്ല. എന്നാല്‍ ആദ്യ പുസ്തകത്തിന് തന്നെ ന്യൂസ് ഇന്‍ഡ്യ യംഗ് റൈറ്റര്‍സ് അവാര്‍ഡ്, 35 വയസിന് താഴെയുള്ള സാഹിത്യകാര്‍ക്ക് ദേശീയതലത്തില്‍ നല്‍കുന്ന പുരസ്‌കാരം, അത് കിട്ടിയപ്പോള്‍ ഞെട്ടലിനൊപ്പം ആത്മവിശ്വാസം കൂടുന്നതായും തോന്നി. പിന്നീട് കഴിഞ്ഞവര്‍ഷം അടുത്ത പുസ്തകം- പോയട്രി വെന്‍ഡിംഗ് മെഷീന്‍ പുറത്തിറങ്ങി.

ഇനി അടുത്ത പുസ്തകം

ഉറപ്പായും അടുത്ത പുസ്തകം ഉടന്‍ ഉണ്ടാകും . എഴുതിയവ ധാരാളമുണ്ട്, ഏകദേശം നൂറ്റന്‍പതോളം കവിതകള്‍. അവ ചേര്‍ത്തിണക്കണം.

വായനക്കാര്‍?

കവിതകളിലൂടെ എനിക്ക് ധാരാളം സുഹൃത്തുക്കളെ കിട്ടി. കൂടുതലും സ്ത്രീകളാണ് തിരിച്ചറിയുന്നത്. ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകേണ്ടിയിരുന്ന ധാരാളംപേരെ കവിതയിലൂടെ കണ്ടത്തി. അത് വളരെ സന്തോഷം നല്‍കുന്നുന്ന കാര്യമാണ്.

പഠനം?

സ്‌കൂള്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ്, പ്രീഡിഗ്രി പഠനം മാര്‍ ഇവാനിയോസ്, ഓള്‍സെയിന്‍സ് കോളേജില്‍ നിന്ന് കോമേഴ്‌സ് ഡിഗ്രി തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് എംബിഎ. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും ചെയ്തു.

കോമേഴ്‌സും ഇംഗ്ലീഷ് സാഹിത്യവും?

എഴുത്തിനെ അക്കഡമിക്കായി സമീപിക്കണമെന്ന് തോന്നിയില്ല. അതെനിക്ക് ആസ്വദിക്കാനാകുമെന്ന് തോന്നിയിട്ടുമില്ല. ചെറുപ്പത്തിലേ വായനയും എഴുത്തും ഒപ്പമുണ്ടായിരുന്നതുകൊണ്ട് ഇംഗ്ലീഷ് പ്രത്യേകിച്ച് പഠിക്കണമെന്ന് തോന്നിയിരുന്നില്ല.

കരിയര്‍?

എംബിഎ കഴിഞ്ഞ് ചെന്നൈ എച്ച് ഡി എഫ് സി ബാങ്കില്‍ ക്യാംപസ് പ്ലേസ്‌മെന്റിലൂടെ ജോലികിട്ടി. ഒരുവര്‍ഷം ജോലി ചെയ്തശേഷം വിവാഹം. തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടിലെത്തി. പിന്നിട് തിരുവനന്തപുരത്തുതന്നെ പലയിടത്തും ജോലി നോക്കി. കുട്ടികളായപ്പോള്‍ മനസിനൊപ്പം സഞ്ചരിച്ചു. കരിയര്‍ ബില്‍ഡിംഗിനുമപ്പുറം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യംകൊടുത്തു. കുട്ടികള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ തോന്നിയപ്പോള്‍ ഇടവേളയെടുത്തു.

കുടുംബം?

ഭര്‍ത്താവ് അരുണ്‍, രണ്ട് ആണ്‍മക്കള്‍ ആദിത്യയും അദ്വൈതും.

കുടുംബത്തെ ശ്രദ്ധിക്കുന്നതിനൊപ്പം പല മേഖലകളിലും കഴിവു തെളിയിക്കാനാകുന്നതെങ്ങനെ?

കുറെയൊക്കെ ജന്മനാകിട്ടിയ വാസനകളും ഭാഗ്യവും പിന്നെ എന്റെ മാതാപിതാക്കളുടയെും ഭര്‍ത്താവിന്റെയും പൂര്‍ണ പിന്തുണയുമായിരിക്കും ഇതിനൊക്കെ പിന്നില്‍. നിറയെ സ്വാതന്ത്യവും വ്യക്തിയെന്ന സ്ഥാനവും നന്നായിക്കിട്ടുന്നൊരു മകളും ഭാര്യയും അമ്മയുമൊക്കയാണ് ഞാന്‍.

നമ്മുടെ സ്ത്രീകളോട് മീരയ്‌ക്കെന്താണ് പറയാനുള്ളത്?

മകളും ഭാര്യയും അമ്മയുമൊക്കെയാകുമ്പോഴും നമ്മള്‍ ഒരു വ്യക്തിയാണെന്ന കാര്യം മറക്കരുത്. ഇതൊക്കെ നല്ല കാര്യമാണ് പക്ഷെ ചെറുതാണെങ്കിലും നമുക്ക് നമ്മുടേതായെന്തെങ്കിലും ചെയ്യാനുണ്ടാകണം . താനെന്താണെന്ന തിരിച്ചറിവ് നമ്മുടെ കൂടെയുള്ള മക്കളടക്കം കുറച്ചുകഴിയുമ്പോള്‍ അവരുടെ ലോകത്താകുമ്പോള്‍ നമ്മള്‍ ഒറ്റപ്പെട്ടു പോകുക സ്വാഭാവികമാണ്. ബോധപൂര്‍വം അതുണ്ടാകാതെ നോക്കണം. കുട്ടികളെ നോക്കാനൊക്കെ വര്‍ഷങ്ങളുടെ ഇടവേളയെടുത്തപ്പോഴും മനസുകൊണ്ട് ഞാനിക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. കാരണം വീട്ടിലെ കാര്യങ്ങളില്‍ മാത്രമായി നമ്മുടെ ജീവിതം ഒതുക്കാം. പക്ഷെ വായിക്കാനും ചിന്തിക്കാനും ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നൃത്തത്തിലടക്കം തിരിച്ചുവരവിന് എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല.

നൃത്തം?

മകനെ നൃത്തം പഠിപ്പിക്കാന്‍ പോകുന്നതിനൊപ്പമാണ് രണ്ടാമത് ശാസ്ത്രീയനൃത്തം പഠിക്കാന്‍ പോയത്. മോഹിനിയാട്ടത്തിലാണ് ശ്രദ്ധിക്കുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലടക്കം നിരവധി വേദികളില്‍ നൃത്തം ചെയ്തു.

യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് മീര, അതിനെക്കുറിച്ച്?

യാത്രകള്‍ വളരെ ഇഷ്ടമാണ്. എപ്പോഴും അവസരമുണ്ടാകാറില്ലെങ്കിലും പറ്റുന്നതൊന്നും മുടക്കാറില്ല. ഫ്രഞ്ച് എംബസിയുടെ ഭാഗമായി ഒരു പ്രോജക്ട് ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഈ വര്‍ഷമാദ്യം കല്‍ക്കട്ട, ജയ്പൂര്‍, ഡല്‍ഹി , ചന്ദന്‍ നഗര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പോയതാണ് ഏറ്റവും ഒടുവിലത്തെ യാത്ര. ഇന്‍ഡോ -ഫ്രഞ്ച് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള യാത്ര ഏറെ രസകരമായിരുന്നു.

ആ യാത്രയുടെ അനുഭവം എങ്ങനെയുണ്ടായിരുന്നു?

ഒരു ഫ്രഞ്ച് കവിയും ഞാനും പരസ്പരം എഴുതുക. അദ്ദേഹം ഫ്രഞ്ച് പശ്ചാത്തലത്തിലുള്ള ഒരു ഭാഗമെഴുതുമ്പോള്‍ അതുമായി ബന്ധപ്പെടുത്തി ഞാന്‍ നമ്മുടെ പശ്ചാത്തലത്തില്‍ അടുത്തഭാഗമെഴുതി. അങ്ങനെ സംസ്‌കാരക്കൈമാറ്റമെന്നോണം ഒന്നുരണ്ടുമാസത്തോളം തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. പിന്നിട് മുകുന്ദന്റെ മയ്യയിപ്പുഴയുടെ തീരങ്ങളിലെ കുറച്ച് ഭാഗവും ചേര്‍ത്തു. ഒപ്പം സംഗീതവും ജിംഗ്ലിളുമൊക്കെ ചേര്‍ത്ത് നാടകീയമാക്കി, പരീക്ഷണാര്‍ത്ഥത്തില്‍ അത് വേദിയിലെത്തിച്ച് പലയിടങ്ങളിലും അവതരിപ്പിച്ചു. ഏറെ നല്ല പ്രതികരണമായിരുന്നു എല്ലായിടത്തുനിന്നും കിട്ടിയത്. ഒപ്പം ഒരിക്കലും മറക്കാത്ത അനുഭവമായി ആ യാത്ര മാറുകയും ചെയ്തു.

എന്റെ അമ്മയിലെ അമ്മവേഷം കൂടാതെ മീരയെ മാധവിക്കുട്ടിയായി കണ്ട ഓര്‍മ വരുന്നു. അതെന്തായിരുന്നു?

ഏഷ്യാനെറ്റിന്റെ സ്ത്രീ ശക്തി അവാര്‍ഡിന്റെ ഭാഗമായി സൂര്യകൃഷ്ണമൂര്‍ത്തി സാര്‍ കേരളത്തിലെ 20 സ്ത്രീകളെ ക്കുറിച്ചുള്ള ഒരു പരിപാടി ചെയ്തിരുന്നു. അതില്‍ മാധവിക്കുട്ടിയുടെ ഒരുകവിത അവതരിപ്പിച്ച് വേദിയിലെത്താനുള്ള അവസരമുണ്ടായി. മീര എന്റെ കമലാദാസിനെ ഓര്‍മകളിലേക്കെത്തിച്ചുതന്നെന്ന് സുഗതകുമാരി ടീച്ചര്‍ പറഞ്ഞത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ പ്രശംസയായി ഞാന്‍ സൂക്ഷിക്കുന്നു.

സര്‍ഗപ്രതിഭയുടെ കുത്തൊഴുക്കില്‍ എഴുതാതിരിക്കാനാകാത്ത, അക്ഷരങ്ങളുടെ പ്രണയിനി… മോഹിനിയാട്ടത്തെ അച്ചടക്കത്തോടെ കൈപ്പിടിയിലൊതുക്കാന്‍ അനുസരണയോടെ നില്‍ക്കുന്ന നൃത്ത വിദ്യാര്‍ത്ഥിനി. ഏറെ മുഖങ്ങളും ജീവിതങ്ങളുമറിഞ്ഞ് അവരിലേക്ക് തിരിച്ചുവെക്കുന്ന കണ്ണാടിയാകുന്ന നല്ല കേള്‍വിക്കാരി. മകളാകുമ്പോഴും ഭാര്യയാകുമ്പോഴും അമ്മയാകുമ്പോഴുമെല്ലാം സമൂഹത്തോടും സ്വന്തം ആശയങ്ങള്‍കൊണ്ട് സംവദിക്കുന്നവള്‍. യാത്രകള്‍പോകലും അക്ഷരങ്ങളും സര്‍ഗചോദനകളും അവള്‍ക്ക് കൂട്ടുണ്ട്. നാട്യങ്ങളില്ലാതെ ജീവിക്കുന്നവള്‍ക്ക് അഭ്രപാളയില്‍ നിറഞ്ഞാടാനായതും ഈ സര്‍ഗ പ്രതിഭ കൊണ്ടുതന്നെ. അതേ മീരയെന്ന പ്രതിഭയ്ക്ക്, സ്ത്രീയ്ക്ക് , കാലം ഇനിയുമേറെ നിയോഗങ്ങള്‍, വേഷങ്ങള്‍ കാത്തുവെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതെന്തെന്നും എങ്ങനെയെന്നുമറിയാന് നമുക്കും കാത്തിരിക്കാം അഭ്യുദയകാംഷികളായി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ആമി)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More