ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും ഏറെ മാറേണ്ടതുണ്ട്: നന്ദന

ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മറ്റിയില്‍ ഇടം നേടിയ ട്രാന്‍സ്‌ജെന്‍ഡറാണ്‌  നന്ദന. എസ് എഫ് ഐയുടെ ഇക്കഴിഞ്ഞ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് അവര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. പുതിയ ചുമതലയുടെ ആവേശത്തിലാണ് അവര്‍. എസ്എഫ്‌ഐ തന്നെ എന്നും പ്രചോദിപ്പിച്ചിരുന്ന പ്രസ്ഥാനമായിരുന്നു എന്ന് പറയുന്ന നന്ദനയ്ക്ക് രാഷ്ട്രീയ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. മുടങ്ങിപ്പോയ പഠനം വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ് നന്ദന. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും നന്ദന സംസാരിക്കുന്നു. ഒപ്പം ട്രാന്‍സ്‌ജെന്‍ഡറുകളെ കോമാളികളാക്കുന്ന മലയാള സിനിമയിലെ പ്രവണതകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. നന്ദന രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു.

രാജ്യത്ത് ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മേല്‍കമ്മിറ്റിയുടെ ഭാഗമാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയാണ്. ഈ നേട്ടത്തെ എങ്ങനെ കാണുന്നു?

വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്ന സമയമാണിത്. കാരണം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു നേട്ടം ലഭിക്കുന്നത് എനിക്കാണ്. അതില്‍ വളരെ അധികം സന്തോഷം ഉണ്ട്.

ഈ നേട്ടം സമൂഹത്തില്‍ എന്തു തരത്തിലെ മാറ്റത്തിന് തുടക്കം കുറിക്കണമെന്നാണ് ആഗ്രഹം?

സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തിലുള്ള നേട്ടമാണ് ഇത്. എന്റെ കാര്യം പറയുകയാണെങ്കില്‍ തന്നെ ഈ ഒരു അംഗീകാരത്തിന് ശേഷം എന്റെ ജീവിതത്തില്‍ തന്നെ വളരെ അധികം മാറ്റങ്ങള്‍ ഉണ്ടായി. മുമ്പ് മറ്റുള്ളവര്‍ക്ക് എന്നോടുണ്ടായിരുന്ന കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. ബഹുമാനം തരുന്ന രീതിയിലാണ് എല്ലാവരും കാണുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനം എന്തുകൊണ്ട്?

രാഷ്ട്രീയത്തോട് ഒരു പ്രത്യേക ഇഷ്ടം നേരത്തെ തന്നെ ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ മത്സരിക്കുന്നവരോടൊക്കെ താല്‍പര്യമാണ്. പിന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന നിരവധി രാഷ്ട്രീയക്കാരും പ്രചോദനമായി.

എന്തുകൊണ്ട് എസ്എഫ്ഐ തെരഞ്ഞെടുത്തു?

എസ്എഫ്‌ഐ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും മാറ്റങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. മനുഷ്യരെ മനുഷ്യരായി കാണാനും മനുഷ്യത്വത്തോടെ പെരുമാറാനും കഴിയുന്നൊരു പ്രസ്ഥാനമാണിത്. അതു തന്നെയാണ് ഞാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയാകാന്‍ കാരണം. ഇപ്പോള്‍ സജീവ പ്രവര്‍ത്തകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ നടത്തിയ ചക്രസ്തംഭനം സമരം ചേലൂര്‍ മേഖലയില്‍ ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു.

എസ് എഫ് ഐയില്‍ അംഗത്വം ലഭിച്ചത് എപ്പോഴാണ്?

പ്ലസ്ടു കഴിഞ്ഞ സമയത്താണ് എസ് എഫ് ഐയില്‍ അംഗത്വം ലഭിക്കുന്നത്. 2016-ല്‍. നേരത്തെ ഇഷ്ടമുള്ള പ്രസ്ഥാനമായിരുന്നു എസ് എഫ് ഐ. പ്രവര്‍ത്തകയാവണം എന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ആണ് എന്നോട് ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയായി എസ് എഫ് ഐയില്‍ അംഗത്വം എടുക്കാമോ എന്ന് ചോദിക്കുന്നത്. എന്റെ അംഗത്വവും മാറ്റത്തിന് തുടക്കം കുറിച്ച സംഭവമായിരുന്നു.

നന്ദനയാകുന്നതിന് വേണ്ടി നടത്തിയ യാത്ര?

ആദ്യമായി ഞാന്‍ ജെന്‍ഡര്‍ ഐഡന്റിറ്റി തിരിച്ചറിയുന്നത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. വളരെ അധികം സ്ന്തോഷം തോന്നിയ സന്ദര്‍ഭമാണത്. എന്നാല്‍ പൂര്‍ണ്ണമായും മനസിലാക്കുന്നത് പ്ലസ്ടു കഴിഞ്ഞതിന് ശേഷം ട്രാന്‍സ്‌ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ഒരു പ്രോജക്ടില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ്. അവിടെ വെച്ച് ഫീമെയില്‍ എന്താണ്, മെയില്‍ എന്താണ്, ട്രാന്‍സ്‌ജെന്‍ഡേഴ്സ് എന്താണ് എന്ന് വ്യക്തമായി മനസിലാക്കാന്‍ പറ്റി.എട്ടാം ക്ലാസ് വരെ പെണ്‍കുട്ടികളെ പോലെ നടക്കാന്‍ തന്നെയായിരുന്നു എനിക്കിഷ്ടം. വളയിട്ട്, കണ്ണെഴുതി, പൊട്ട് തൊട്ട് ഒക്കെയായിരുന്നു നടന്നിരുന്നത്.

വിഷ്ണു നന്ദനയാകുമ്പോള്‍ വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?

വീട്ടുകാര്‍ പിന്തുണയായി കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും അതെ. തൃശൂരിലെ ഇരിങ്ങാലക്കുടയിലാണ് വീട്. അച്ഛനും അമ്മയും അനിയനും രണ്ട് ആന്റിമാരും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ വിദേശത്ത് ഡ്രെവറായിരുന്നു. വയ്യാത്തതു കൊണ്ട് ഇപ്പോള്‍ നാട്ടിലേക്ക് വന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടുള്ള സമൂഹത്തിന്റെ മനോഭാവം എത്തരത്തിലാണ് മാറേണ്ടത്?

ട്രാന്‍സ്‌ജെന്‍ഡേഴ്സിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലും ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. വസ്ത്രധാരണ സ്വാതന്ത്ര്യവും രാത്രിസഞ്ചാര സ്വാതന്ത്ര്യവും ഇപ്പോഴും കിട്ടാക്കനിയാണ്. കൂടാതെ പലപ്പോഴും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പോലും അവഗണനയാണ് ഉണ്ടാവാറ്. ഇതിന് മാറ്റം വരണം. സര്‍ക്കാര്‍ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ഇപ്പോഴുള്ള ഇടപെടലില്‍ മാറ്റം ഉണ്ടാവണം.

സൂര്യയുടേയും ഇഷാന്റെയും വിവാഹത്തോടുള്ള പ്രതികരണം?

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമായിരുന്നു അത്. വളരെ പോസിറ്റീവായ പ്രതികരണമാണ് എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സൂര്യയുടേയും ഇഷാന്റെയും വിവാഹം മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നാണ്. പൊതു സമൂഹത്തില്‍ നിന്ന് ആരും ഞങ്ങളെ വിവാഹം കഴിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. അപ്പോള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് തമ്മിലുള്ള വിവാഹം ഒരു മികച്ച മാതൃക തന്നെയാണ്. ഞങ്ങള്‍ക്കും വിവാഹം കഴിച്ച് ഈ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുമെന്നതിന്റെ വലിയൊരു തെളിവാണത്.

നന്ദനയ്ക്കും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ?

തീര്‍ച്ചയായും താല്‍പര്യമുണ്ട്. പക്ഷെ എന്നെ സ്നേഹിച്ച് ജീവിതാവസാനം വരെ കൂടെ നില്‍ക്കുന്ന ഒരാളെ വേണം. അല്ലാതെ വെറുതെ ഒരു നേരത്തെ തമാശയ്ക്കായി വരുന്ന വ്യക്തിയാവരുത്. നേരത്തെ ഉള്ളത് ഒക്കെ വളരെ മോശം അനുഭവമായിരുന്നു. മുമ്പ് ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം കാണുന്ന തരത്തിലുള്ളതായിരുന്നു.

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കുന്ന മേരിക്കുട്ടിയുടെ ട്രെയിലറും മറ്റും ഇപ്പോള്‍ ഹിറ്റാണ്. ഇങ്ങനെയുള്ള സിനിമയുടെ അവതരണത്തെ കുറച്ചുള്ള കാഴ്ച്ചപ്പാട് എന്താണ്?

മേരിക്കുട്ടി ശരിക്കും ഞങ്ങളുടെ കഥ പറയുന്ന സിനിമയാണ്. അതിലാണ് യാഥാര്‍ത്ഥത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സിന്റെ ജീവിതം പറയുന്നത്. ഈ സിനിമ ഞങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് പുറത്തിറങ്ങിയ അര്‍ദ്ധനാരി, കാഞ്ചന ഇതൊക്കെ നല്ല രീതിയില്‍ അവതരിപ്പിച്ച ചിത്രങ്ങളാണ്. പക്ഷെ എതിരഭിപ്രായമുള്ളത് ദിലീപിന്റെ ചാന്തുപൊട്ടിനോടാണ്. എന്ത് വിഢിത്തങ്ങളാണ് അതില്‍ കാണിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായ ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും ചെയ്യാത്ത പല കാര്യങ്ങളുമാണ് ആ സിനിമയില്‍ കാണിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ പുറത്തിറങ്ങുന്ന ട്രാന്‍സ്ജെന്‍ഡര്‍ സിനിമകളെല്ലാം വളരെ മികച്ചവയാണ്. മലയാളത്തിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കോമഡി കഥാപാത്രങ്ങളാക്കുന്നത്. അല്ലാതെ ഞങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് ഒരിക്കലും അവര്‍ ചിന്തിക്കുന്നില്ല.

മുടങ്ങിയ പഠനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍?

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ സോഷ്യോളജിയില്‍ ഡിഗ്രിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്. പ്ലസ്ടു കഴിഞ്ഞതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡിലടക്കം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാക്കി മാറ്റിയിരുന്നു. ആ സമയത്തൊന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി ഉപയോഗിച്ച് പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഈ ജെന്‍ഡര്‍ രേഖകള്‍ തന്നെ ഉപയോഗിച്ച് സര്‍ക്കാരും സമൂഹവും അംഗീകരിച്ചതിന് ശേഷമേ പഠിക്കൂ എന്ന വാശി എനിക്കുണ്ടായിരുന്നു.

ഓരോരുത്തരും തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയുന്നത് വിദ്യാഭ്യാസ കാലയളവിലാണ്. വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകളിലും മാറ്റം അനിവാര്യമല്ലേ?

വിദ്യാഭ്യാസ രംഗത്തും മാറ്റം അനിവാര്യമാണ്. എഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതില്‍ വ്യക്തമായ അറിവ് നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരണം. അങ്ങനെയാണെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് അപമാനമോ ബുദ്ധിമുട്ടോ നേരിടില്ല. അതുപോലെ തന്നെ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ അവഗണിക്കാതെ കൂടെ ചേര്‍ത്ത് പിടിക്കാനും പഠിക്കും. സ്വന്തം വ്യക്തിത്വം പുറത്തു പറയാനുള്ള ധൈര്യം ലഭിക്കും എന്നതു തന്നെയാണ് ഇങ്ങനെയൊരു നീക്കത്തിലൂടെ സമൂഹത്തിലുണ്ടാകാവുന്ന സുപ്രധാന മാറ്റം.

ആഗ്രഹം എന്താണ്?

മികച്ചൊരു രാഷ്ട്രീയ നേതാവകണം. സമൂഹത്തിന് മാതൃകയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കണം. സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സിന് ഭയപ്പെടാതെ ജീവിക്കാനുള്ള അവകാശങ്ങള്‍ നേടാനാകും എന്റെ പോരാട്ടം. ഭരണഘടന അനുവദിച്ചിട്ടും സമൂഹം നിഷേധിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കും. ഐപിസി 377 നിയമം എടുത്തു കളയാനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More