‘സിനിമ സുരക്ഷിതം’

86

സ്വന്തം വീടു പോലെയാണ് നിരഞ്ജന അനൂപിന്‌ സിനിമ. കലയും സിനിമയും ചെറുപ്പം മുതലേ കൂട്ടായുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ക്കൊപ്പം വരെ ചുരങ്ങിയ കാലം കൊണ്ട് അഭിനയിച്ചു. ലോഹം, പുത്തന്‍പണം, സൈറബാനു എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തോമസ്. കെ. സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഗൂഢാലോചന തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് നായകന്‍. കേന്ദ്ര കഥാപാത്രമായാണ് നിരഞ്ജന എത്തുന്നത്. ചിത്രത്തെയും സിനിമ ജീവിതത്തെയും കുറിച്ച്  കൃഷ്ണ പ്രിയയുമായി നിരഞ്ജന സംസാരിക്കുന്നു.

ഗൂഢാലോചന ചിത്രത്തിന്റെ ചിത്രീകരണം?

വളരെ രസകരമായിരുന്നു. യുവതാരങ്ങള്‍ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ശ്രീനാഥ് ഭാസി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഉളളത്. ചിരിപ്പിക്കുന്ന സിനിമയാണ്. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. കോഴിക്കോടായിരുന്നു കൂടുതല്‍ ചിത്രീകരണവും നടന്നത്.

യുവതാരങ്ങള്‍ക്കൊപ്പവും സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഉളള അഭിനയം?

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായാണ് കരുതുന്നത്. രണ്ടും പേരും നല്ല സഹകരണമായിരുന്നു. ലാല്‍ അങ്കിള്‍ റിഹേഴ്സല്‍ എടുത്തു കൊണ്ടിരിക്കും. സംസാരത്തിനിടയില്‍ ഡയലോഗ് പറയിക്കും.
വളരെ ആകാംക്ഷയോടെയാണ് നിന്നത്. ക്യാമറയ്ക്ക്‌ മുന്നില്‍ എത്തിയാല്‍ ലാലേട്ടന്‍ മാജിക് ആണ്. യുവതാരങ്ങള്‍ക്കൊപ്പവും അതു പോലെ തന്നെയാണ്. വളരെ രസകരമായ ഷൂട്ടിങ്ങായിരുന്നു പല ദിവസവും.

മഞ്ജു വാര്യര്‍ക്കൊപ്പം നൃത്തവും അഭിനയവും?

മേമ്മയെന്നാണ് ഞാന്‍ വിളിക്കുന്നത്.എന്റെ രണ്ടാമത്തെ അമ്മയായാണ് മേമ്മയെ ഞാന്‍ കാണുന്നത്. എല്ലാവരും പറയുന്നതിനപ്പുറം മേമ്മ എന്താണെന്ന് മനസ്സിലാക്കാന്‍ നൃത്തവും അഭിനയവും സഹായിച്ചു. അമല മാമിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. രണ്ടു പേരുടെ ഒപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്.

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ?

എന്റെ അഭിപ്രായത്തില്‍ സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. ഞാന്‍ സിനിമ കുടുംബത്തില്‍ നിന്നുളള ആളായതു കൊണ്ടാവും എനിക്ക് അങ്ങനെ തോന്നുന്നത്. ഒരിക്കലും ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിട്ടില്ല. പിന്നെ നമ്മള്‍ സൂക്ഷിക്കണം. സുരക്ഷിതമല്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല.

ഏത് കഥാപാത്രങ്ങളും സ്വീകരിക്കുമോ ?

നല്ല കഥയാണെങ്കിലും ഉറപ്പുളള കഥാപാത്രമാണെങ്കിലും പ്രായം നോക്കാതെ അഭിനയിക്കും. വിധിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. വൈശാഖ്- ഉദയകൃഷ്ണ ടീമിന്റെ ആണ് പുതിയ പ്രൊജക്ട്. ഇതില്‍ പ്രധാന വേഷമാണ് ചെയ്തിരിക്കുന്നത്.

മംഗലശ്ശേരി നീലകണ്ഠന്‍ മുത്തശ്ശന്റെ കഥായാണെന്ന് കേട്ടിട്ടുണ്ട്. സിനിമ കുടുംബമായപ്പോള്‍ നടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

അമ്മയുടെ അച്ഛനാണ് മുല്ലശ്ശേരി രാജു. മുത്തച്ഛന്‍ എന്റെ നാലാമത്തെ വയസ്സില്‍ മരിച്ചു. പക്ഷെ ചെറിയ ചില ഓര്‍മ്മകള്‍ മുത്തച്ഛനൊപ്പം ഉളളത് മനസ്സില്‍ ഉണ്ട്. മുത്തച്ഛന്‍ പറയുമായിരുന്നു ഞാന്‍ കലാകാരി ആകാതെ പഠിത്തത്തില്‍ പുലിയാകുമെന്ന്. എന്നാല്‍ മുത്തച്ഛന്‍ പറഞ്ഞതിനെക്കാള്‍ വിപരീതമായിട്ടാണ് വന്നത്. അമ്മ നാരായണി നര്‍ത്തകിയാണ്. കലാപാരമ്പര്യമുളള കുടുംബമാണ്. സിനിമ എന്നത് ഒരു മോഹമായിരുന്നില്ല. സിനിമയിലേക്ക് വരുന്ന കാര്യം പറയുമ്പോള്‍ രഞ്ജിത്ത് മാമന്‍ പറയും വേണ്ടാന്ന്. നടി രേവതി ഇന്‍സ്പിരേഷന്‍ ആയിരുന്നു. നൃത്തത്തിലായിരുന്നു കൂടുതല്‍ ഫോക്കസ് ചെയ്തിരുന്നത്.

പഠനം, വിവാഹം?

സെന്റ് തേരേസാസ് കോളേജില്‍ ലിറ്ററേച്ചറിന് പഠിക്കുകയാണ്. വിവാഹം, പ്രണയമൊന്നും മനസ്സിലില്ല. അത് വളരെ ദൂരെയുളള സ്വപ്നമാണ്.

കുടുംബം

കൊച്ചിയിലാണ് താമസം. അച്ഛന്‍ അക്ബര്‍ അനൂപ് ഇന്റീരിയര്‍ ഡിസൈനര്‍ ആണ്. അമ്മ നാരായണി അനൂപ്. പുനര്‍ജനി ഡാന്‍സ് സ്‌കൂള്‍ ഹെഡ് ആണ്. അമ്മ ആണ് എല്ലാം . ഡാന്‍സിലും, അഭിനയത്തിലും അമ്മ എന്റെ തെറ്റുകള്‍ തിരുത്തും ചെയ്യും. അച്ഛന്‍ ആത്മവിശ്വാസം പകരും. നല്ല പിന്തുണയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...