ഹൊറര്‍ സിനിമ ചെവി പൊത്തിപ്പിടിച്ച് കാണുന്ന പ്രേതം നായിക

വിമാനത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി സിനിമാ ലോകത്തെത്തിയ ദുര്‍ഗ കൃഷ്ണ പ്രേതം 2വിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കൂടാതെ ചിത്രീകരണം നടക്കുന്ന മറ്റ് രണ്ട് ചിത്രങ്ങളിലും ദുര്‍ഗ സുപ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുമുണ്ട് . ദുര്‍ഗ കൃഷ്ണയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

പ്രേതം 2ന്റെ വിശേഷങ്ങള്‍? പ്രതീക്ഷകള്‍?

വളരെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സിനിമ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അനു തങ്കം പൗലോസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നഴ്‌സാണ് അനു തങ്കം പൗലോസ്. വിമാനത്തിലെ ജാനകിയില്‍ നിന്നും തികച്ചു വ്യത്യസ്തമായ കഥാപാത്രമാണ് പ്രേതം 2വിലെ അനു.

വിമാനത്തില്‍ നിന്ന് പ്രേതം 2വിലേക്ക്?

വിമാനം കഴിഞ്ഞതിന് ശേഷം ഒരുപാട് കഥകള്‍ കേട്ടിരുന്നു. പക്ഷെ എനിക്കിഷ്ടമായത് പ്രേതം 2വാണ്. സിനിമയിലെ അഞ്ച് സുഹൃത്തുക്കളില്‍ ഒരാളാണ്. മികച്ച കഥാപാത്രം, വിമാനത്തിലെ ജാനകിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നതൊക്കെ എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളാണ്. ഭയങ്കര രസമുള്ള സെറ്റായിരുന്നു പ്രേതം 2വിലേത്. എവിടെയോ കളിക്കാനായി ചെന്ന ഫീലായിരുന്നു. ഞങ്ങള്‍ അഞ്ചു പേരുടെ കൂടെ കളിക്കാന്‍ ജയേട്ടനും കൂടും. ശരിക്കും ഫണ്‍.


വരിക്കാശ്ശേരി മനയിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍?

കടുത്ത ലാലേട്ടന്‍ ഫാനായ എനിക്ക് വരിക്കാശ്ശേരി മന നല്ല പരിചയമാണ്. എത്ര എത്ര ലാലേട്ടന്‍ സിനിമകളില്‍ മന കണ്ടിട്ടുണ്ട്. ഷൂട്ടിനായി മനയിലെത്തിയപ്പോഴും തെരഞ്ഞതൊക്കെ ആ സിനിമകളില്‍ കണ്ടിട്ടുള്ള സ്ഥലങ്ങളായിരുന്നു.

പ്രേതം കണ്ടിട്ടുണ്ടായിരുന്നോ?

പ്രേതം കാണുന്ന സമയത്ത് ഞാന്‍ സിനിമാ ഫീല്‍ഡിലെ ഇല്ല എന്നതാണ് രസം. വളരെ രസമുള്ള സിനിമയായിരുന്നു അത്. ഒരുപാട് ചിരിപ്പിച്ച സിനിമ. പ്രേതം 2വും ആ തരത്തിലുള്ള രസകരമായ തമാശകള്‍ പ്രതീക്ഷിക്കാം.

ഹൊറര്‍ സിനിമകള്‍ ഇഷ്ടമാണോ?

ഹൊറര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്. പക്ഷെ അതുപോലെ തന്നെ പേടിയുമാണ്. ഒറ്റയ്ക്കിരുന്ന് ഒരിക്കലും ഹൊറര്‍ സിനിമകള്‍ കാണാറില്ല. ആരെങ്കിലും ഒരാള്‍ ഉണ്ടാകും കൂടെ. മിക്കവാറും അത് അനിയനാകും. ഒറ്റയ്‌ക്കെങ്ങാനും ആയിപ്പോയാ പിന്നെ ചെവിയൊക്കെ പൊത്തി പിടിച്ചാകും സിനിമ കാണുന്നത്.


പുതിയ സിനിമകള്‍?

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയും ധ്യാന്‍ ചേട്ടന്‍ നായകനാകുന്ന കുട്ടിമാമയുമാണ് ഇനിയുള്ള സിനിമകള്‍. കുട്ടിമാമ ഫെബ്രുവരിയില്‍ റിലീസ് ഉണ്ടാകും. വി.എം.വിനു സാറാണ് സംവിധാനം. പഴയ കഥയാണ് കുട്ടിമാമയുടേത്. പണ്ടത്തെ ഒരു ഗ്രാമത്തില്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിന്‍പുറത്ത് എത്തുന്ന ഒരു പെണ്‍കുട്ടിയുടെ റോളാണ് ചിത്രത്തില്‍. എന്തും ചാടി കയറി സംസാരിക്കുന്ന സ്വഭാവമുള്ള ഒരു പെണ്‍കുട്ടി. ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയുടേയും നയന്‍താരയുടേയും കൂടെയാണ് അഭിനയിക്കുന്നത്. സിനിമയുടെ അദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ തുടങ്ങും. സിനിമയിലെ എന്റെ ഫസ്റ്റ് ഷോട്ട് നയന്‍താരയുടെ കൂടെയായിരുന്നു. സൂപ്പര്‍ സ്റ്റാറും സീനിയര്‍ താരവുമൊക്കെ ആയതു കൊണ്ട് പോയി സംസാരിക്കുന്നതിനൊക്കെ പേടിയായിരുന്നു. പക്ഷെ ഭയങ്കര കൂളായ വ്യക്തിയാണ് നയന്‍താര. നമ്മളെയും കൂളാക്കി കംഫര്‍ട്ടാക്കി വെയ്ക്കും. ധ്യാന്‍ ചേട്ടനും നിവിന്‍ ചേട്ടനും അജു ചേട്ടനും ഉള്ള സെറ്റിന്റെ കാര്യം പിന്നെ പറയണ്ടല്ലോ. ശരിക്കും അടിപൊളി.

സിനിമ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

എന്റെ ക്യാരക്ടര്‍ തന്നെയാണ് നോക്കുന്നത്. എനിക്ക് പറ്റാവുന്നതാണോ, എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റും എന്നു നോക്കും.

നൃത്തവും സിനിമയും

സിനിമാ നടിയാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്ന ആളല്ല ഞാന്‍. നല്ലൊരു നര്‍ത്തകിയാകണമെന്നായിരുന്നു സ്വപ്നം. ഭരതനാട്യത്തില്‍ ഡിപ്ലോമ കഴിഞ്ഞ് ബി.എ ഭരതനാട്യം ചെയ്യുമ്പോള്‍ കാലിനൊരു പരിക്ക് പറ്റി ബ്രേക്ക് എടുത്തു. അങ്ങനെ ആ ഇടവേളയില്‍ സംഭവിച്ചതാണ് സിനിമ. നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുമ്പോഴും നൃത്തം കൂടെ തന്നെയുണ്ട്. നൃത്തത്തിനൊപ്പം സിനിമ ചെയ്യുന്നുവെന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More