ആഭാസത്തിനുണ്ട് കൃത്യമായ രാഷ്ട്രീയം: ജുബിത് നമ്രാഡത്ത്

ആഭാസം… പേരിലെ പുതുമയും കൗതുകവും സിനിമയിലും പ്രതീക്ഷിക്കാം. എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന് ചിന്തിക്കുന്നവരോട് അണിയറപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ചിത്രം പറയുന്ന രാഷ്ട്രീയവും ചില തെരഞ്ഞടുപ്പുകളുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഷൂട്ട് തുടങ്ങിയതു മുതല്‍ വിവാദങ്ങളും ചിത്രത്തിന് പിന്നാലെയുണ്ട്. ഒടുവില്‍ സെന്‍സറിംഗ് കഴിഞ്ഞതോടെ ചിത്രത്തിന് കിട്ടിയതാകട്ടെ എ സര്‍ട്ടിഫിക്കറ്റും. പിന്നെയും വിവാദങ്ങളും നിയമപോരാട്ടങ്ങളും. ഒടുവില്‍ എല്ലാം മാറ്റിയെഴുതി യു/എ സര്‍ട്ടിഫിക്കറ്റുമായി വിഷുവിന് തീയേറ്ററിലെത്തുകയാണ് ആഭാസം. ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രാഡത്ത് വിനീത രാജുമായി സംസാരിക്കുന്നു.

താങ്കളുടെ ആദ്യ ചിത്രമാണ് ആഭാസം. വളരെ വ്യത്യസ്തമായ ഒരു പേര്. എന്താണ് ആഭാസം എന്ന സിനിമയിലൂടെ പറയുന്നത്?

ഇതൊരു സോഷ്യല്‍ സറ്റയര്‍ മൂവിയാണ്. നമ്മുടെ സംസ്‌കാരം എന്ന പേരില്‍ നാട്ടില്‍ നടക്കുന്ന വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം? അതാണ് ആഭാസം? ഈ ചിത്രം കൃത്യമായ ഒരു രാഷ്ട്രീയം പറയുന്നുണ്ട്. ആര്‍ഷഭാരത സംസ്‌കാരമാണ് ആഭാസമായി ചുരുക്കിയത്. വിഷു റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ഒരു ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ എന്നു ചോദിച്ചാല്‍ അതിന് പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ടെന്ന് പറയേണ്ടി വരും. കഴിഞ്ഞ കുറേ നാളായി നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥ മാറിമറിഞ്ഞത് ശ്രദ്ധിക്കുന്നില്ലേ. അതിനെതിരെ ഒരു പ്രതിഷേധം എന്ന അര്‍ത്ഥത്തില്‍ കൂടിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലും സൂചനയുമൊക്കെയാണ് ഈ ചിത്രം.

ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയല്ലോ?

പല തലത്തിലുള്ള വ്യക്തികള്‍ ഒരു ദിവസം നടത്തുന്ന ബസ് യാത്രയാണ് ചിത്രം പറയുന്നത്. അതില്‍ ആണുണ്ട്, പെണ്ണുണ്ട്, ട്രാന്‍സ്‌ജെന്‍ഡറുണ്ട്. സമൂഹത്തെ തുറന്നു കാട്ടുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ. അവരും കൂടി ചേര്‍ന്നതാണ് ഈ സമൂഹം. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ സ്ത്രീയ്ക്കും ട്രാന്‍സ് ജെന്‍ഡറിനും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി തന്നെ സിനിമ പറയുന്നുണ്ട്. അവരോടുള്ള സമൂഹത്തിന്റെ പെരുമാറ്റം സത്യസന്ധമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിംഗല്‍ കോമ്പിനേഷന്‍ ആണോ സിനിമയുടെ ഹൈലൈറ്റ്?

അങ്ങനെ പറയാനാകില്ല. ഈ സിനിമയില്‍ നായിക- നായക സങ്കല്‍പ്പം ഇല്ല. ഒരു സൊസൈറ്റിയെ പ്രതിനിധീകരിക്കുന്ന പല തരത്തിലുള്ള ആളുകളുടെ സിനിമയാണിത്. പ്രത്യേകിച്ചൊരു നായകനെന്നോ നായികയെന്നോ എടുത്തു പറയാന്‍ ഈ സിനിമയിലില്ല. പക്ഷെ കുറച്ച് വലിയ താരങ്ങള്‍ എന്ന ഇമേജ് സുരാജിനും റിമയ്ക്കുമുണ്ട്. അതുപോലെ ആക്ടിവിസ്റ്റ് ശീതളിനും നല്ലൊരു റോളുണ്ട്. സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ റെപ്രസന്റേഷനെന്ന ചിന്തയില്‍ നിന്നാണ് ശീതളിലെത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡറായിട്ട് തന്നെയാണ് അവരെത്തുന്നത്.

കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ‘ആഭാസ’ത്തിന് പിന്നിലും മുന്നിലുമൊക്കെ. അത് സിനിമയെ എത്രത്തോളം സഹായിച്ചു?

അവര്‍ ഇതിലേക്കെത്തി എന്നതിനേക്കാള്‍ അവരിലേക്ക് ഞാനെത്തി എന്നു പറയുന്നതാകും കൂടുതല്‍ ശരി. കാസ്റ്റിംഗ് അങ്ങനെയായിരുന്നു. രാഷ്ട്രീയമായി ശരിയെന്നു തോന്നിയവരെ തന്നെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തോളമെടുത്താണ് സ്‌ക്രിപ്ട് ശരിയാക്കിയത്. ആ സമയമൊക്കെയും കഥാപാത്രങ്ങള്‍ ആര് ചെയ്യണമെന്ന് മനസിലുറപ്പിച്ചിരുന്നു. പലകാലങ്ങളിലായി, പല ഘട്ടങ്ങളിലായി പരിചയപ്പെട്ടിട്ടുളളവരാണ് എല്ലാവരും. കഥയെഴുതുമ്പോള്‍ തന്നെ പലരുടെയും മുഖം മനസിലുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ അവരൊക്കെ സമ്മതം മൂളി. റിമയോട് കഥ പറഞ്ഞത് ഒന്നരവര്‍ഷം മുന്നേയായിരുന്നു. സുരാജേട്ടനോട് പലപ്പോഴായി ചര്‍ച്ച ചെയ്തു. ഒരുപാട് നാളത്തെ സൗഹൃദത്തില്‍ നിന്നുമാണ് ഇങ്ങനെയൊരു സിനിമ പിറന്നിരിക്കുന്നത്.

ആഭാസത്തിന്റെ മറ്റൊരു പ്രത്യേകത,? ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് രവിയാണെന്നതാണ്. അദ്ദേഹത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

വര്‍ഷങ്ങളായി അദ്ദേഹത്തെ പരിചയമുണ്ട്. ആഭാസത്തിന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെയാണ് സിനിമ നിര്‍മ്മിക്കാമെന്നു പറയുന്നത്. പിന്നെ, അദ്ദേഹത്തെ പോലൊരാളുടെ സപ്പോര്‍ട്ട് കൂടി കിട്ടുമ്പോള്‍ നമുക്കും അതൊരു പ്രോത്സാഹനവും പിന്തുണയുമാണ്. ഒരേ രാഷ്ട്രീയ നിലപാടുകളും ചിന്തകളുമുള്ളയാള്‍ക്കാര്‍ തന്നെയാണ് കാമറയ്ക്ക് മുന്നിലും പിന്നിലും എല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നത്.

നിലവിലെ പല രാഷ്ട്രീയ സാഹചര്യങ്ങളെയും ചോദ്യം ചെയ്യുന്നൊരു സിനിമയാണ് ആഭാസം. എങ്ങനെയാണ് ആ തീമിലേക്ക് എത്തിയത്?

മുമ്പ് ചെയ്ത ഒരു ഷോട്ട് ഫിലിമിന്റെ ഒരു സിനിമാരൂപമാണ് ആഭാസം. 2010-ലായിരുന്നു ആ ഷോട്ട് ഫിലിം ചെയ്തത്. അതിനു മുന്നേയൊക്കെ ചില ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധ കിട്ടിയത് അതിനായിരുന്നു. അതും ഇതുപോലെ സോഷ്യല്‍ സറ്റയറായിട്ട് തന്നെ ചെയ്തതാണ്. സിനിമ ചെയ്യണമെന്ന് മനസില്‍ തോന്നിയപ്പോള്‍ ആദ്യം വന്ന ഐഡിയയും അത് തന്നെയാണ്. എങ്കില്‍ പിന്നെ പഴയ അതേ തീം കുറേ കൂടി ഡെവലപ്പ് ചെയ്യാമെന്ന് തീരുമാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തുകൊണ്ടും ആ വിഷയത്തിന് പ്രസക്തിയുണ്ടെന്ന് മനസിലായി.

തുടക്കം മുതലേ വിവാദങ്ങളും ഈ സിനിമയ്ക്ക് പിന്നാലെ ഉണ്ടായിരുന്നു. റിലീസ് ചെയ്യുമ്പോഴും വിവാദങ്ങള്‍ ഉണ്ടായേക്കാം. അവയെ ഭയക്കുന്നില്ലേ?

വിവാദങ്ങളെ ഭയക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരിക്കലും ഈ പടം റിലീസിനെത്തില്ലായിരുന്നല്ലോ. മാത്രവുമല്ല,? എത്രയോ വിവാദങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. ആരോഗ്യകരമായ വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഗാന്ധി, ഗോഡ്‌സെ, ജിന്ന, അംബേദ്കര്‍, മാര്‍ക്‌സ്. അങ്ങനെ ഓരോ പേരിലുള്ള അഞ്ച് ബസുകളാണ് ചിത്രത്തില്‍ കാട്ടുന്നത്. ഓരോ ബസും കൃത്യമായ രാഷ്ട്രീയവുമായി ഇതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതില്‍ ഗാന്ധി ബസില്‍ യാത്ര ചെയ്യുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ പേരുകള്‍ പലര്‍ക്കും പ്രശ്‌നങ്ങളായേക്കും. കല ഒരിക്കലും എന്റര്‍ടെയ്‌മെന്റ് മാത്രമല്ലല്ലോ പ്രതിഷേധത്തിന്റെ ടൂള്‍ കൂടിയല്ലേ. സമാന രീതിയില്‍ ചിന്തിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സിനിമ കാത്തിരിക്കുന്ന ഒരുപാട് പേരുമുണ്ട്.

രാഷ്ട്രീയവും നിലപാടുകളും കൊണ്ട് തന്നെ ഏറെ ശ്രദ്ധ ഇതിനോടകം ചിത്രത്തിന് കിട്ടികഴിഞ്ഞു. ഒരു സാധാരണ പ്രേക്ഷകന് ആഭാസം സമ്മാനിക്കുന്നതെന്താണ്?

രണ്ട് മണിക്കൂറാണ് ചിത്രം. കാണാനെത്തുന്നവര്‍ക്ക് ഒരു തരത്തിലും ബോറടിക്കാതെ കണ്ട് ആസ്വദിച്ച് ചിന്തിക്കാവുന്ന ഒരു പടമായിരിക്കുമെന്ന ഉറപ്പ് സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് തരാന്‍ കഴിയും. ഒരു നിമിഷം പോലും കസേരയില്‍ നിന്ന് എഴുന്നേല്‍ക്കണമെന്ന് തോന്നില്ല. ചിരിയും ചിന്തയും സിനിമയിലുണ്ടാകും. അവനവന്റെ ജീവിതവുമായി ഏറെ ബന്ധപ്പെടുത്താന്‍ ഓരോ പ്രേക്ഷകനും കഴിയും. ചുറ്റിലുമുള്ള പല കാര്യങ്ങളും ചര്‍ച്ചയാകും. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണണം.അതാണ് എനിക്ക് ഓരോ പ്രേക്ഷകനോടും പറയാനുള്ളത്.

ചിത്രത്തിലെ സംഗീതത്തിനുമുണ്ടല്ലോ വലിയൊരു പ്രത്യേകത?

ഊരാളി ബാന്‍ഡിന്റേതാണ് സംഗീതം. മനോഹരമായ സംഗീതമാണ് അവരൊരുക്കിയിരിക്കുന്നത്. അവരിലേക്കെത്തുന്നതും ഒരു നിലപാട് തന്നെയായിരുന്നു. മികച്ച ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഊരാളി ബാന്‍ഡിനെ എനിക്ക് നന്നായി അറിയാം, അവരുടെ രാഷ്ട്രീയവും. സിനിമയില്‍ അത് പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ആദ്യ സെന്‍സറിംഗില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നല്ലോ. സെന്‍സറിംഗ് പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നോ ചിത്രം റിലീസിനെത്താന്‍ വൈകിയത്?

കഴിഞ്ഞ ഡിസംബറില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കൊക്കെ കഴിഞ്ഞിരുന്നു. അധികം വൈകാതെ റിലീസ് ചെയ്യണമെന്നുമായിരുന്നു പ്ലാന്‍. ആദ്യം സെന്‍സര്‍ ബോര്‍ഡിനയച്ചു കൊടുത്തപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ് അവര്‍ തന്നത്. കുറച്ച് ഡയലോഗുകള്‍ മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സുരാജേട്ടന്‍ തുട കാണിക്കുന്നതാണ് പ്രശ്‌നം. തുടര്‍ന്ന് റിവ്യു കമ്മിറ്റിയില്‍ അപ്പീലിന് കൊടുത്തു. അവിടെ ചെന്നപ്പോഴും അവസ്ഥ മാറിയില്ല. പട പേടിച്ച് പന്തളത്ത് ചെന്നവന്റെ അവസ്ഥയെന്നു പറഞ്ഞാല്‍ മതിയല്ലോ. സിനിമയില്‍ കത്രിക വയ്ക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് വീണ്ടും നിയമ പോരാട്ടത്തിന് തന്നെ തുനിഞ്ഞു. ഡല്‍ഹി ട്രിബ്യൂണലില്‍ വീണ്ടും കേസ് കൊടുത്തു. ഒടുവില്‍ എ സര്‍ട്ടിഫിക്കറ്റ് മാറി, യു/ എ സര്‍ട്ടിഫിക്കറ്റാണ് ഇപ്പോഴുള്ളത്. എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഒരാവശ്യവും ഇല്ലെന്ന് ആ സിനിമയിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. രാഷ്ട്രീയമായ കാഴ്ചപ്പാടുകളാകും അധികാരികളെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. എന്തായാലും സിനിമ ഇറങ്ങുന്നതിന് മുന്നേ തന്നെ വിവാദങ്ങളായി. കാത്തിരിപ്പുകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ സിനിമ വിഷുവിന് തീയേറ്ററുകളിലെത്തുകയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More