ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍: ശ്യാമ എസ് പ്രഭ

ആണിനും പെണ്ണിനുമപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു ലിംഗം കൂടിയുണ്ടെന്ന് പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. അങ്ങനെയൊരു അംഗീകാരം കിട്ടുന്നതിനൊക്കെ മുമ്പ് ഇവരുടെ ജീവിതം എന്താണെന്ന് ചിന്തിച്ചു നോക്കാന്‍ കഴിയുന്നുണ്ടോ. അവഗണനയുടെയും കളിയാക്കലുകളുടെയും കാലം. സമൂഹത്തില്‍ എന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍. പൊതു ജനമധ്യത്തില്‍ നാണം കെട്ട വിഭാഗമായി ചിത്രീകരിക്കപ്പെട്ടവര്‍. അങ്ങനെ ഒരുപാട് ഭീതിപ്പെടുത്തുന്ന കഥകള്‍ ഈ ട്രാന്‍സ്‌ജെന്‍ഡെഴ്‌സിന് പറയാനുണ്ട്. അതില്‍ നിന്നൊക്കെ മാറി തങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് ഉറക്കെ വിളിച്ചു പറയുന്നവരില്‍ മുന്‍പന്തിയിലാണ് ശ്യാമയുടെ സ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപിക കൂടിയായ ശ്യാമ എസ് പ്രഭ തങ്ങളുടെ പൊള്ളുന്ന ജീവിതത്തെ കുറിച്ച് വിനീത രാജിനോട് സംസാരിക്കുന്നു.

ശ്യാമയെ തേടി അംഗീകാരങ്ങള്‍ എത്തുകയാണല്ലോ?

പഴയതിനേക്കാള്‍ അവസ്ഥ ഇപ്പോള്‍ മാറിയിട്ടുണ്ട്. സമൂഹം ഞങ്ങളെ അംഗീകരിക്കാന്‍ തുടങ്ങി. അതുകൊണ്ടാണല്ലോ സാക്ഷരതാമിഷന്റെ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയായി എന്നെ നിയമിച്ചത്. അതുപോലെ,? സംസ്ഥാനത്ത് ആരംഭിച്ച ട്രാന്‍സ്‌ഡെന്‍ഡര്‍ സെല്ലിന്റെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ കൂടിയാണ്. മറ്റൊരു നേട്ടം കൂടിയുണ്ട്? ചരിത്രത്തിലാദ്യമായി ഡി.വൈ.എഫ്.ഐ യൂണിറ്റില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സിനും അംഗത്വം നല്‍കി. തിരുവനന്തപുരം പി.എം.ജിയിലുള്ള ഡി.വൈ.എഫ്.ഐ യൂണിറ്റാണ് ഞങ്ങള്‍ക്ക് അംഗത്വം നല്‍കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ബ്യൂട്ടി ക്വീന്‍ മത്സരത്തില്‍ നിന്ന്‌

പുതിയ ഉണര്‍വ് പകരുന്ന തീരുമാനമാണല്ലോ ഇതൊക്കെ?

ഞങ്ങളുടെ രാഷ്ട്രീയം സംസാരിക്കാനോ പ്രശ്‌നങ്ങള്‍ പറയാനോ ഇതുവരെ വേദിയുണ്ടായിരുന്നില്ല. യുവജനപ്രസ്ഥാനം എന്ന നിലയ്ക്ക് ഡി.വൈ.എഫ്.ഐയില്‍ ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ മുന്നിലുണ്ടാകുമെന്ന് കരുതുന്നു. യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ പ്രശ്‌നങ്ങളും ഇവിടെ ചര്‍ച്ചയാകും. ഇതൊരു പുതിയ ചുവടുവയ്പ്പാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമൂഹം അംഗീകരിച്ചു തുടങ്ങി എന്നതിനുള്ള തെളിവാണ് ഈ അംഗത്വം. ഡി.വൈ.എഫ്.ഐയുടെ മാതൃകയില്‍ എല്ലാ രാഷ്ട്രീയ സംഘടനകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തണം. വിപ്ലവകരമായ ഈ തീരുമാനത്തിന് എല്ലാവരും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണം. ഞങ്ങള്‍ 11 പേരാണ് ഈ യൂണിറ്റില്‍. ഒമ്പത്‌ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രണ്ട് പുരുഷന്മാരും. അതുപോലെ സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

പഠനത്തില്‍ ഏറെ പിന്നിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. പക്ഷേ, ശ്യാമ അതില്‍ നിന്നൊക്കെ വ്യത്യസ്തയാണല്ലോ?

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കൂട്ടത്തില്‍ പലര്‍ക്കും വിദ്യാഭ്യാസം ഇല്ല. ഞാന്‍ എം.എ മലയാളം ചെയ്തു. ബി എഡും എം എഡും കഴിഞ്ഞു. ഇനിയും പഠിക്കണം. സിവില്‍ സര്‍വീസ് കോച്ചിംഗിന് പോയി ഐ.എ.എസ് നേടണമെന്നാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇനിയുള്ളത്. ഇപ്പോള്‍ അധ്യാപികയുടെ വേഷവും ആസ്വദിക്കുന്നു.

അപ്പോഴും അവഗണന നേരിടുന്ന ഒരു വിഭാഗം പുറത്തുണ്ട്?

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പലരും ഞങ്ങളുടെ സംഘടനയിലൂടെ മുന്നോട്ട് വരുന്നുണ്ട്. മാന്യമായി ജോലി ചെയ്യുന്നുണ്ട്. പഠിക്കുന്നുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ചുവൊക്കെ ഞങ്ങള്‍ക്ക് അഭിമാനമാണ്. ഞങ്ങളുടെ ജീവിതം എന്താണെന്നു മനസിലാക്കണം എന്നാണു സമൂഹത്തോട് പറയാനുള്ളത്. ട്രാന്‍സ്ജെന്‍ഡേഴ്സ് ആരും അറിഞ്ഞുകൊണ്ട് ഇങ്ങനെ ജനിക്കുന്നവരല്ല. ഇതൊരു വൈവിധ്യമാണെന്നു മനസിലാക്കി കൂടെ നില്‍ക്കുകയാണു വേണ്ടത്. ഞങ്ങളും നിങ്ങളിലൊരാള്‍ തന്നെ. സമൂഹം മാറി ചിന്തിക്കുമ്പോള്‍ മാത്രമേ ഇതിനൊക്കെ ഒരു മാറ്റം കൊണ്ടു വരാന്‍ കഴിയൂ.

എന്തുകൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്?

എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും എത്രയൊക്കെ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാലും ഇന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് സമൂഹം അവഗണനയോട് മാത്രമേ പെരുമാറൂ. വലിയൊരു വിഭാഗം മാറി ചിന്തിക്കുമ്പോഴും അതിന് കൂട്ടാക്കാത്ത ഒത്തിരിപ്പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ക്കെല്ലാം മുന്നില്‍ ഞങ്ങള്‍ക്കും സംസാരിക്കാം, തലയുയര്‍ത്തി നടക്കാം. ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് ഞങ്ങള്‍ക്കിടയില്‍. സ്ത്രീയെന്നോ പുരുഷനെന്നോ പറയാന്‍ കഴിയാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള അപമാനം നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറത്താണ്. ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ സംസാരിക്കാനോ അധികമാളുകളില്ല. പകല്‍ സമയത്ത് മുഖത്ത് അറപ്പോടെ നോക്കുന്ന, ആക്ഷേപിക്കുന്ന ചില കഴുകന്മാര്‍ രാത്രിയുടെ മറവില്‍ ശരീരത്തിന് വേണ്ടി ഞങ്ങളുടെ അടുത്തേക്ക് വരാറുണ്ട്. പകല്‍ വെളിച്ചത്തില്‍ അവരെല്ലാം മാന്യന്‍മാരും. ഞങ്ങള്‍ വെറുക്കപ്പെട്ടവരും. ഈ ചിന്താഗതി മാറാത്തതാണ് പ്രശ്‌നം.

ശ്യാം എങ്ങനെയായിരുന്നു ശ്യാമ ആയത്?

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് എന്റെയുള്ളിലും ഒരു സ്ത്രീയുണ്ടെന്ന് ഞാന്‍ അറിഞ്ഞു തുടങ്ങിയത്. പെണ്‍കുട്ടികളോട് ഒരു ആകര്‍ഷണവും തോന്നിയിരുന്നില്ല. എല്ലാവരും കളിയാക്കും. ആരോടും തുറന്നു പറയാന്‍ പോലും പറ്റിയിട്ടില്ല. നമുക്കുള്ളിലെ സ്ത്രൈണ സ്വഭാവം ആദ്യം തിരിച്ചറിയുന്നത് മറ്റുള്ളവരാണ്. വളര്‍ച്ചയുടെ ഒരു ഭാഗം എത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റം നമ്മളേക്കാള്‍ മുമ്പ് മനസിലാക്കുന്നത് മറ്റുള്ളവരാണ്. പത്താം ക്ലാസ് ഒക്കെ ആയപ്പോഴാണ് എന്റെയുള്ളിലെ സ്ത്രീഭാവത്തെ ഞാനും തിരിച്ചറിയുന്നത്. എല്ലാ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും കാര്യം ഇങ്ങനെയായിരിക്കും. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമാണ് ആദ്യം തിരിച്ചറിയുക. അതോടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവസാനിക്കും. പക്ഷേ, തോറ്റു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. സ്വന്തം വ്യക്തിത്വത്തെ തുറന്നു കാട്ടുക തന്നെചെയ്തു. അങ്ങനെ ശ്യാം കുമാര്‍ എന്ന ഞാന്‍ ശ്യാമയായി. ഞങ്ങളെ ഞങ്ങളായി തന്നെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് സമൂഹത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.

സമൂഹത്തില്‍ നേരിട്ട അവഗണനകളെ കുറിച്ച്?

കുട്ടിക്കാലത്ത് സ്ത്രൈണ സ്വഭാവം കൂടിയതുകൊണ്ടാകാം ആരും കൂട്ടത്തില്‍ കൂട്ടില്ലായിരുന്നു. ഒരുപാട് കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ നാട് വിടാതെ രക്ഷയില്ലെന്ന് മനസിലായി. ആത്മഹത്യയ്ക്ക് മുന്നില്‍ നിന്നുമാണ് തിരിച്ചെത്തിയത്. പിന്നെ ആലോചിച്ചപ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന് എനിക്ക് തന്നെ തോന്നി, ഞാന്‍ എന്തിന് ഇവിടെ നിന്ന് പോകണമെന്ന് സ്വയം ചോദിച്ചപ്പോള്‍ വാശിയോടെ എനിക്കിവിടെ ജീവിക്കണമെന്ന് മനസ് പറഞ്ഞു. ഞങ്ങളുടെ തെറ്റ് കൊണ്ടല്ലല്ലോ ഈ അവസ്ഥ ഉണ്ടായത്. നാളെ ഇത് ആര്‍ക്കും ഉണ്ടാകാവുന്നതേയുള്ളൂ. ഒളിച്ചോട്ടത്തിന് ശേഷം തിരിച്ച് വന്നപ്പോള്‍ സ്ത്രീ വേഷം അണിഞ്ഞ് തന്നെ നടക്കാനായിരുന്നു ആദ്യ തീരുമാനം. ഒരു സ്ത്രീയെ പോലെ ഒരുങ്ങി നടന്നു. അതൊക്കെ കാണുമ്പോള്‍ പലര്‍ക്കും ചിരിയും പുച്ഛവുമൊക്കെയാണ് ഞങ്ങളോട് തോന്നുന്നത്. പക്ഷേ, എല്ലാവരേയും പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്.

ട്രാന്‍സ് ജെന്‍ഡേഴ്‌സില്‍ പലരും ഇന്ന് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നു. ശ്യാമ വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയോ?

ഇതുവരെ അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. പക്ഷേ, നല്ലൊരു പങ്കാളി വന്നാല്‍ വിവാഹം കഴിച്ചേക്കും. പ്രണയമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം ബ്രേക്ക് അപ്പ് ആയി. മനസില്‍ പ്രണയം സൂക്ഷിക്കുന്നുണ്ട്. പ്രണയമാണല്ലോ എല്ലാവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.ഇപ്പോള്‍ ഞങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അതാണ് മനസില്‍.

എന്തുകൊണ്ടാണ് സമൂഹത്തില്‍ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തത്?

പഴയ തലമുറയെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, വളര്‍ന്നുവരുന്ന തലമുറ കുറേക്കൂടി മാറി ചിന്തിക്കണം. പലപ്പോഴും നമ്മുടെ കാഴ്ചപ്പാടാണ് വില്ലനാകുന്നത്. അത് മാറണം. അറിവുള്ളവരാണ് കൂടുതലും അജ്ഞത കാട്ടുന്നത്. സാക്ഷരത കൂടിയ കേരളത്തില്‍ എന്തൊക്കെ നാണം കെട്ട പരിപാടികളാണ് നടക്കുന്നത്. ദിവസവും പത്രം നോക്കിയാല്‍ അത് കാണുന്നില്ലേ. പീഡനം, വീഡിയോ തുടങ്ങി എന്തൊക്കെ. സത്യത്തില്‍ കാഴ്ചപ്പാടാണ് ഇവിടത്തെയൊക്കെ പ്രശ്നം. സമൂഹം എന്തിനിങ്ങനെ ഞങ്ങളെ അകറ്റി നിര്‍ത്തണം? നിങ്ങള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതു പോലെ തന്നെ ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അര്‍ഹതയുണ്ട്. നിങ്ങളുടെ ശരീരത്തില്‍ ഓടുന്ന പോലെ ഞങ്ങളുടെ ശരീരത്തിലും രക്തം തന്നെയല്ലേ ഓടുന്നത്. ഹോര്‍മോണ്‍ മാറ്റം ആര്‍ക്കു വേണമെങ്കിലും ഉണ്ടാകാവുന്നതാണെന്ന കാര്യം എല്ലാവരും ഓര്‍ത്താല്‍ ഈ പ്രശ്നമുണ്ടാകില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കൂട്ടത്തില്‍ ഉയര്‍ന്ന നിലകളിലേക്ക് ആരും എത്തിയിട്ടില്ല. എത്തിയവര്‍ക്ക് എങ്ങും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടുമില്ല. നിരന്തരമായ പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളിലൂടെയും ഇപ്പോള്‍ പലയിടങ്ങളിലും ടിജിക്ക് വേണ്ടി സംവരണമുണ്ട്. എന്നാല്‍, അതൊക്കെയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് നിലവില്‍. മറ്റൊന്നും കൊണ്ടല്ല, സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവഗണന കൊണ്ട് അപകര്‍ഷത കൊണ്ടും പലരും ഉള്‍വലിയും. അതോടെ, പഠനവും അവസാനിപ്പിക്കും. ആ അവസ്ഥ എല്ലാം ഇനി മാറുമെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. നല്ല മാറ്റങ്ങള്‍ക്ക് ഞങ്ങള്‍ കാത്തിരിക്കുകയാണ്.

ഇതിനിടയില്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. ട്രാന്‍സ് ജെന്‍ഡേഴ്‌സിനിടയിലെ ബ്യൂട്ടി ക്വീനാണ് ശ്യാമ?

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി ആദ്യമായി സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ വിജയിയായിരുന്നു. കേരളത്തിലാദ്യമായിട്ടായിരുന്നു അങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി. ഞാന്‍ മത്സരിക്കണം എന്നൊന്നും കരുതിയിട്ടേയില്ല. ഒടുവില്‍ എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വെറുതെ അപേക്ഷിച്ചു. പക്ഷേ, അപ്പോഴും വിജയി ആകും എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നേക്കാള്‍ സൗന്ദര്യവും മിടുക്കുമുള്ള എത്രയോ ട്രാന്‍സ് കേരളത്തിലുണ്ട്. മുന്നൂറു പേരില്‍ നിന്നും മുപ്പതുപേരെ തിരഞ്ഞെടുത്തതില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ നല്ലതുപോലെ ഞെട്ടി. അപ്പോള്‍ കുറച്ചു ആത്മവിശ്വാസമൊക്കെ വന്നു. അവസാന നിമിഷം നല്ല കോംപറ്റഷീന്‍ ആയിരുന്നു. ഒരു ഉത്തരമാണ് എന്നെ വിജയിയാക്കിയത്. കുഞ്ഞിനെ ദത്തെടുക്കയാണെങ്കില്‍ ആണ്‍കുട്ടിയെയായിരിക്കുമോ പെണ്‍കുട്ടിയെ ആയിരിക്കുമോ എന്നായിരുന്നു ചോദ്യം. എന്റെ കൂടെയുണ്ടായിരുന്ന എല്ലാരും പറഞ്ഞത് പെണ്‍കുട്ടി എന്നായിരുന്നു. ഞാന്‍ ആണ്‍കുട്ടി എന്നും പറഞ്ഞു. അതിനുള്ള കാരണവും അവര്‍ ചോദിച്ചു. ഞാന്‍ പഠിച്ചത് മുഴുവന്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു. ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിട്ടതും അവരില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ദത്തെടുക്കുന്ന കുട്ടിയെ ഞാന്‍ ഇതെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തും, സ്ത്രീകളോടും ട്രാന്‍സിനോടും ബഹുമാനത്തോടെ പെരുമാറാന്‍ അവനെ പഠിപ്പിക്കും. ഇതായിരുന്നു എന്റെ ഉത്തരം. ഒരുപാട് കൈയ്യടികളും കിട്ടി ആ ഉത്തരത്തിന്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More