ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍: മെക്‌സിക്കന്‍ അപാരതയ്ക്ക് മറുപടി

മഹാരാജാസിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ് ശ്രദ്ധേയമായ സിനിമയാണ് ഒരു മെക്‌സിക്കന്‍ അപാരത. പക്ഷേ സിനിമയില്‍ ചരിത്രത്തെ മറിച്ചാണ് അടിയാളപ്പെടുത്തിയത് എന്ന് വാദമുയര്‍ന്നിരുന്നു. കെഎസ്‌യുവിന്റെ വിജയം എസ്എഫ്‌ഐയുടെതായി ചിത്രീകരിച്ചുവെന്നായിരുന്നു വാദം. എസ്എഫ്ഐ കൊടിക്കുത്തി വാണ മഹാരാജാസ് കാമ്പസില്‍ കെഎസ്‌യുവിന് മിന്നുന്ന വിജയം സമ്മാനിച്ച ജിനോ ജോണിന്റെ കഥയായിരുന്നു സിനിമയില്‍ പറഞ്ഞത്. സിനിമയില്‍ ജിനോ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വന്തം കഥ തന്നെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ജിനോ. ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍ എന്ന സിനിമയാണ് ജിനോ സംവിധാനം ചെയ്യുന്നത്. ജിനോ ജോണുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ഒരു മെക്സിക്കന്‍ അപരാത യാഥാര്‍ത്ഥ സംഭവം, പക്ഷെ വിജയം കെഎസ്‌യുവിന്റേതാണ്

മഹാരാജാസിലെ എന്റെ വിജയം സിനിമയാക്കണം എന്ന് ആദ്യം ആലോചിച്ചത് ഞാന്‍ തന്നെയാണ്. 34 വര്‍ഷത്തിന് ശേഷമായിരുന്നു അവിടെ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു വിജയിക്കുന്നത്. സിനിമ എടുക്കുന്നതിന് പല തടസ്സങ്ങളും ഉണ്ടായി. നിര്‍മ്മാതാവിനെ കിട്ടിയില്ല, അങ്ങനെ കുറെ പ്രശ്നങ്ങള്‍. അപ്പോഴാണ് സുഹൃത്തായ ടോം ഇമ്മട്ടി ഈ സിനിമ ചെയ്യാനുള്ള ആഗ്രഹം പറയുന്നത്. തുടക്കത്തിലെ ചര്‍ച്ചകളിലെല്ലാം അത് എസ്എഫ്‌ഐയെ കെഎസ്‌യു പരാജയപ്പെടുത്തിയ കഥ തന്നെയായിരുന്നു. പിന്നീട് നിര്‍മ്മാതാക്കളുടെ എല്ലാം നിര്‍ബന്ധത്തിന് ആണ് അത് എസ്എഫ്‌ഐയുടെ കഥയാക്കി മാറ്റുന്നത്.

സത്യം പറയാന്‍ പ്രേരിപ്പിച്ചത് എസ്.എഫ്.ഐയുടെ അക്രമം

ഒരു മെക്സിക്കന്‍ അപരാത എന്റെ കഥയാണ് എന്ന് മിക്കവര്‍ക്കും അറിയാം. പക്ഷെ പലരും ധരിച്ചുവെച്ചിരിക്കുന്നത് അത് യഥാര്‍ത്ഥത്തില്‍ എസ്എഫ്‌ഐയുടെ വിജയം ആണെന്ന് തന്നെയാണ്. ഇതിന്റെ പേരില്‍ പല ക്യാമ്പസുകളിലും കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് തൃശൂര്‍ ലോ കോളേജില്‍ എസ്എഫ്‌ഐക്കാര്‍ കെഎസ്‌യുക്കാരെ തല്ലി. അങ്ങനെയാണ് ഞാന്‍ തന്നെ ഒരു മെക്സിക്കന്‍ അപരാത എന്റെ കഥയാണ് എന്നും കെഎസ്‌യുവിന്റെ വിജയമാണെന്നും പറയേണ്ടി വരുന്നത്. പിന്നീട് പല കാമ്പസുകളിലും പോയി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അക്രമങ്ങള്‍ ഉണ്ടായപ്പോഴാണ് ഒരു മെക്സിക്കന്‍ അപരാതയുടെ കെഎസ്‌യു വേര്‍ഷനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.

തുടക്കത്തില്‍ എതിര്‍ക്കാത്തത് കലാരൂപമെന്ന് വിചാരിച്ചിട്ട്

എന്റെ കഥ എസ്എഫ്‌ഐയുടെ വിജയമായിട്ടാണ് ചിത്രീകരിക്കുന്നത് എന്നറിഞ്ഞിട്ടും എതിര്‍ക്കാതിരുന്നത് ഒരു കലാരൂപമാണല്ലോ എന്ന് കരുതിയാണ്. പിന്നെ ഒരുപാട് പൈസ മുടക്കി ചെയ്യുന്നതാണ്. ഒരുപാട് പേരുടെ അദ്ധ്വാനം ഉണ്ട്. ആരെയും ദ്രോഹിക്കരുതെന്ന് വിചാരിച്ചു. ഒരുപാട് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു നിന്റെ കഥ അങ്ങനെ മാറ്റാന്‍ സമ്മതിക്കണ്ട, കേസു കൊടുക്കണം, രാഷ്ട്രീയമായി നേരിടണം, ചാനലുകളില്‍ പറയണം എന്നൊക്കെ. പക്ഷെ ഇതിന്റെ പേരില്‍ കെഎസ്‌യുകാര്‍ക്കെതിരെ ആക്രമണം തുടങ്ങിയപ്പോള്‍ കരുതി ഇനി മിണ്ടാതിരിക്കേണ്ട കാര്യമില്ലെന്ന്

ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍

ബ്ലൂ ഈസ് ദ വാമസ്റ്റ് കളറെന്ന പേരിലാണ് മഹാരാജാസിലെ യാഥാര്‍ത്ഥ കഥ സിനിമയാക്കുന്നത്. പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. നിരവധി പുതുമുഖങ്ങളായിരിക്കും സിനിമയില്‍ അഭിനയിക്കുക. സമയം കുറച്ച് ചിത്രീകരണം നടത്തണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവായിരിക്കും സിനിമ നിര്‍മ്മിക്കുക.

ചിത്രീകരണം മഹാരാജാസില്‍

സിനിമ മഹാരാജാസില്‍ തന്നെ ചിത്രീകരിക്കണമെന്നാണ് കരുതുന്നത്. സീനുകളെല്ലാം യഥാര്‍ത്ഥ സ്ഥലത്ത് തന്നെ ഷൂട്ട് ചെയ്യാന്‍ പറ്റും. അടുത്ത വര്‍ഷം മാത്രമേ ചിത്രീകരണം തുടങ്ങൂ. അതിന് മുമ്പ് മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് ഷൂട്ടിങ്ങ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. കേരളത്തില്‍ ആദ്യമായി കെഎസ്‌യുവിന്റെ കഥ പറയുന്ന സിനിമയായിരിക്കും ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍. കെഎസ്‌യു പ്രവര്‍ത്തകരെ മോശക്കാരാക്കി, പരിഹാസ കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടൂള്ളൂ. വിപ്ലവകാരികള്‍ ഉണ്ടെങ്കില്‍ മാത്രമേ സിനിമ വിജയിക്കൂ എന്നാണ് ധാരണ. എന്നാല്‍ യഥാര്‍ത്ഥ സംഭവം വന്നാലും അത് വിജയിക്കുമെന്ന് എന്റെ സിനിമയിലൂടെ തെളിയിക്കണമെന്നാണ് ആഗ്രഹം. അങ്ങനെയാണെങ്കില്‍ ഇനി വരുന്ന ആളുകള്‍ക്ക് എങ്കിലും ഹിറ്റുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി പൊളിറ്റിക്കല്‍ പേരുകള്‍ മാറ്റേണ്ട അവസ്ഥ വരില്ല. പുതിയ രീതിക്കുള്ള സിനിമാ മാറ്റങ്ങള്‍ക്കാണ് ശ്രമം.

മഹാരാജാസിലെ തെരഞ്ഞെടുപ്പും വിജയവും

കെഎസ്‌യു ചെയര്‍മാനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഭീഷണിയായിരുന്നു. അടിക്കുക, പരസ്യമായി ആക്ഷേപിക്കുക അങ്ങനെ കുറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു സിനിമയില്‍ ഒന്നും ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത അത്ര അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെയര്‍മാനായി വിജയിച്ചതിന് ശേഷവും എസ്എഫ്‌ഐക്കാരുടെ ദ്രോഹം തുടര്‍ന്നിരുന്നു. പരിപാടികളില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യും. കലോത്സവ പരിപാടികള്‍ക്ക് കയറ്റാതിരിക്കുക, ക്ലാസിന് പുറത്ത് തല്ലാന്‍ നില്‍ക്കുക അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ യൂണിയനിലുള്ള ഒരു പെണ്‍കുട്ടി എന്നോട് സംസാരിച്ചതിന് ആ കുട്ടിയോട് ആരും രണ്ട് മാസത്തോളം സംസാരിച്ചില്ല. ആ കുട്ടിയെ ഒരുപാട് ദ്രോഹിച്ചു. അവസാനം അവള്‍ എസ്എഫ്‌ഐയില്‍ നിന്ന് രാജിവെച്ചു. കോളേജിന് പുറത്തിറങ്ങിയതിന് ശേഷം പല എസ്എഫഐക്കാരും എന്നോട് ക്ഷമ പറഞ്ഞിട്ടുണ്ട്. പലരും ഇന്ന് അടുത്ത സുഹൃത്തുക്കളുമാണ്.

വിജയിച്ചത് മികച്ച പ്രവര്‍ത്തനം മൂലം

അതുവരെ മഹാരാജാസില്‍ മത്സരിക്കുന്ന കെഎസ്‌യുക്കാര്‍ നോമിനേഷന്‍ കൊടുത്തതിന് ശേഷം വീട്ടില്‍ പോയി ഇരിക്കുന്ന അവസഥയാണ് ഉണ്ടായിരുന്നത്. പിന്നെ തെരഞ്ഞെടുപ്പ് ഒക്കെ കഴിയുമ്പോള്‍ ക്യാമ്പസില്‍ വരും. പ്രചരണം ഒന്നും നടത്തില്ല. ഒരു കെഎസ്‌യു സ്ഥാനാര്‍ത്ഥിയേയും വിദ്യാര്‍ത്ഥികള്‍ കാണാറുമില്ല. എസ്എഫ്‌ഐയുടെ ദ്രോഹം കൊണ്ടാണിത്. ഞാന്‍ പക്ഷെ സജീവമായി പ്രചാരണം നടത്തി. വര്‍ഷങ്ങളായി എസ്എഫ്‌ഐ യൂണിയനില്‍ വിജയിച്ചിട്ടും എന്തുകൊണ്ടാണ് മാറ്റങ്ങള്‍ വരാത്തത് എന്ന് മുന്‍ നിര്‍ത്തിയായിരുന്നു പ്രചാരണം. ഓരോരുത്തരേയും വ്യക്തിപരമായി കണ്ട് വോട്ട് ചോദിച്ചു. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. കൂടാതെ സാധാരണ മാറി നില്‍ക്കാറുള്ള സെക്കന്റ് ഇയറിലേയും ഫൈനല്‍ ഇയറിലേയും കുട്ടികളും വോട്ട് ചെയ്തു.

മാറിയ മഹാരാജാസ്

മഹാരാജാസിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. നേരത്തെ എസ്എഫ്‌ഐയുടെ ചെങ്കോട്ടയായിരുന്നു അവിടെ. വേറെ ഒരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ പറ്റില്ല. യൂണിറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുമായിരുന്നു. വ്യക്തിപരമായ വൈരാഗ്യം രാഷ്ട്രീയമായി തീര്‍ക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ സ്വാതന്ത്രവും സമത്വവും സോഷ്യലിസവും മഹാരാജാസില്‍ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് പാരമ്പര്യം

വീട്ടില്‍ കോണ്‍ഗ്രസുകാരാണ് എല്ലാവരും. ചേട്ടന്‍ കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആലുവ യുസി കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങുന്നത്. മാഗസിന്‍ എഡിറ്ററായിരുന്നു. ആശയപരമായി കെഎസ്‌യുവിനോട് തോന്നിയ ഇഷ്ടമാണ് പ്രവര്‍ത്തകനാക്കിയത്.

ക്യാമ്പസ് രാഷ്ട്രീയം വേണം, കോടതിയുടെ നിലപാടിനോട് യോജിപ്പില്ല

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമെന്ന് തന്നെയാണ് എന്റെ നിലപാട്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും സമരത്തിലൂടെ ലഭിച്ചതാണ്. വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് വേണ്ടി അധ്യാപകരോ, രക്ഷിതാക്കളോ ആരും സമരത്തിനിറങ്ങില്ല. മാനേജ്മെന്റും ഒന്നും ചെയ്യില്ല. ഇപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെ എതിര്‍ക്കുന്നവര്‍ എല്ലാം ഒരിക്കല്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരാണ്. എന്റെ അഭിപ്രായത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വരണം. ഇവരില്‍ പലരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ നേതാക്കളായവര്‍ ആണ്. അത് അവര്‍ മറക്കരുത്.

രാഷ്ട്രീയ താല്‍പര്യത്തിന് മുമ്പേ മൊട്ടിട്ട സിനിമാ പ്രണയം

പതിനഞ്ച് വര്‍ഷത്തോളമായി സിനിമാ മോഹവുമായി നടക്കുന്നു. ചെറുപ്പം മുതലുള്ള ഇഷ്ടമാണ് സിനിമയോട്. ബലിയാട് എന്ന ഷോര്‍ട്ട് ഫിലീം കണ്ടിട്ടാണ് മഹേഷിന്റെ പ്രതികാരത്തിലേക്ക് ദിലീഷേട്ടന്‍ വിളിക്കുന്നത്. പക്ഷെ എന്റെ ആദ്യത്തെ സിനിമ മഹേഷിന്റെ പ്രതികാരമല്ല. അത് കോഴിക്കോട് ചിത്രീകരണം ആരംഭിച്ച സിനിമയായിരുന്നു , പ്രാവ് പറത്തല്‍ മത്സരത്തിനെ കുറിച്ചുള്ള ഒന്ന്. ചില കാരണങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയായില്ല. ഇപ്പോള്‍ അഭിനയിക്കുന്നത് മനോജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ക്യൂബന്‍ കോളനിയിലാണ്. അങ്കമാലിയിലെ അഞ്ച് കൂട്ടുകാരുടെ കഥയാണ് .

വായില്ലാ കുന്നിലപ്പന്‍

വായില്ലാ കുന്നിലപ്പനാണ് ഞാന്‍ ആദ്യം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ. ക്യൂബന്‍ കോളനി കഴിഞ്ഞാലുടന്‍ അത് ആരംഭിക്കും. അതിന് ശേഷമായിരിക്കും ബ്ലൂ ഈസ് ദ വാമസ്റ്റ് കളറിന്റെ ഷൂട്ടിങ്ങ്. വായില്ലാ കുന്നിലപ്പന്‍ ഒരു ക്യാമ്പസ് സിനിമയാണ്. പുതുമുഖ താരങ്ങളാണ് കൂടുതല്‍ അഭിനയിക്കുന്നത്. അണിയറ പ്രവര്‍ത്തകരും പുതിയ ആള്‍ക്കാരാണ്. ഗ്യാങ്‌സ് ഓഫ് മഹാരാജാസ് എന്ന ബാനറില്‍ ഞാനും ചില സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മ്മാണം. ശരിക്കും പറഞ്ഞാല്‍ അതിയായ സിനിമാ മോഹവും ഒരുപാട് കഴിവുമുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് വായില്ലാ കുന്നിലപ്പന്‍.

താല്‍പര്യം അഭിനയത്തിനോട്

ഇതൊക്കെയാണെങ്കിലും എനിക്ക് താല്‍പര്യം അഭിനയത്തിനോടാണ്. നല്ലൊരു നടനാണ് എന്ന് കേള്‍ക്കുന്നതിനാണ് ഇഷ്ടം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

 

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More