കര്‍ഷക സമരം ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകും

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മാത്രം ഭരിക്കുന്ന സിപിഎമ്മിന് എതിരേ രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തില്‍ സര്‍വസന്നാഹങ്ങളുമായി ജനരക്ഷാ യാത്ര നടത്തുമ്പോള്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടന ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

സിപിഎം തീര്‍ത്ത പ്രതിരോധത്തില്‍ ജനരക്ഷാ യാത്രയിലൂടെ ബിജെപി ഉയര്‍ത്താന്‍ ശ്രമിച്ച വാദങ്ങള്‍ അമ്പേ പൊളിയുകയും കേരള മാതൃക ദേശവ്യാപകമായി ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നു.

അതേസമയം ബിജെപി ഭരിക്കുന്ന രാജസ്ഥാനിലാരംഭിച്ച കര്‍ഷസമരം വിജയം കാണുകയും മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും ചെറുകിട വ്യാപാരികളെയുമെല്ലാം അണിനിരത്തി വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിപിഎമ്മും അതിന്റെ വര്‍ഗ ബഹുജന സംഘടനകളും വന്‍ പ്രക്ഷോഭ പരമ്പരകളാണ് സംഘടിപ്പിക്കുന്നത്.

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ രാജസ്ഥാനിലെ സിക്കാറില്‍ നടന്ന ബഹുജനമുന്നേറ്റം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ നടന്ന കര്‍ഷക സമരത്തില്‍ പാര്‍ട്ടിഭേദമന്യേ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കച്ചവടക്കാരുമെല്ലാം ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിനു കീഴില്‍ അണിനിരന്നു.

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേ മനസോടെ ഇത്രയധികം ദിവസം കിസാന്‍ സഭയ്ക്കൊപ്പം തളരാതെ ഉറച്ചുനിന്നുവെന്നതു തന്നെ പാര്‍ട്ടിക്കു ലഭിച്ച പിന്തുണയ്ക്കും അതോടൊപ്പം ജനങ്ങള്‍ അനുഭവിക്കുന്ന  ദുരിതങ്ങളും വെളിവാക്കുന്നതാണ്.

സര്‍ക്കാരിനു മുമ്പില്‍ വച്ച ആവശ്യങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കുംവരെ ഈ സമര പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ വിജു കൃഷ്ണന്‍ പറയുന്നു.

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിയ വിജു കൃഷ്ണന്‍ മലയാളിയാണെങ്കിലും കര്‍ണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്.

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും സംഭവിച്ച അധപതനത്തെക്കുറിച്ചും കര്‍ഷകരെ സംഘടിപ്പിച്ച് ആ പ്രശ്നങ്ങളെ നേരിടാനുള്ള കിസാന്‍ സഭയുടേയും സിപിഎമ്മിന്റെയും പദ്ധതികളെക്കുറിച്ചും വിജുകൃഷ്ണന്‍ രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.

ഒരു ഇടതു സംഘടനയ്ക്ക് ഇതുവരെ നേടാനാവാത്ത സമരവിജയമാണ് വടക്കേ ഇന്ത്യയില്‍ കിസാന്‍ സഭ സ്വന്തമാക്കിയത്. എങ്ങനെയായിരുന്നു സമരത്തിന്റെ ഒരുക്കങ്ങള്‍?

രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്.  അവരാണിപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ശരിയായ മാറ്റമുണ്ടാകണമെങ്കില്‍ അവരെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനു മുന്‍പും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല കാര്‍ഷിക പ്രശ്നങ്ങളിലും കിസാന്‍ സഭ ശക്തമായി ഇടപ്പെട്ടിരുന്നു.

ഏതാനും മാസം മുമ്പ് രാജസ്ഥാനില്‍ തന്നെ വൈദ്യുതി നിരക്ക് 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരേയും സമാനമായ സമരം നടത്തുകയും സര്‍ക്കാര്‍ വൈദ്യുതി നിരക്കു വര്‍ധന പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഏതാനും വര്‍ഷം മുമ്പ് ജല ലഭ്യതയുമായി  ബന്ധപ്പെട്ടു നടത്തിയ സമരവും കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാജസ്ഥാനിലെ സിക്കാറില്‍ അടുത്തിടെ നടത്തിയ സമരത്തിന് എല്ലാ ഭാഗത്തു നിന്നും ശ്രദ്ധ ആകര്‍ഷിക്കാനായി.

സഖാക്കളെല്ലാം തന്നെ കഴിഞ്ഞ മൂന്നു നാലു മാസമായി ഓരോ ഗ്രാമത്തിലും പോയി കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. രണ്ടാഴ്ചയോളം നീണ്ടു നിന്ന സമരമായിരുന്നു അത്. ആളുകളെ ഇതിനായി സന്നദ്ധരാക്കുകയെന്നതു വലിയ ജോലി തന്നെയായിരുന്നു. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 17-ന് കിസാന്‍ കര്‍ഫ്യു നടത്തിയിരുന്നു. രാജസ്ഥാനിലെ മിക്ക ജില്ലകളിലെയും കര്‍ഷകര്‍ ഇതില്‍ അണിനിരന്നു.

എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ തൊഴിലെടുക്കുന്നതു നിര്‍ത്തിവച്ചു കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. വീടുകളില്‍ നിന്നു ഗോതമ്പും മറ്റു ധാന്യങ്ങളുമെല്ലാം സംഭാവനകളായി നല്‍കി എല്ലാ വിഭാഗം ജനങ്ങളും തുടക്കം മുതല്‍ സമരത്തിനൊപ്പം നിന്നു. അതിന്റെ ഫലം ഒരുപരിധി വരെ സ്വന്തമാക്കാനുമായി.

സമരത്തിന്റെ ഫലമായി ഉടനെ തന്നെ ചെറുപയറും പരിപ്പുമെല്ലാം വാങ്ങാന്‍ എല്ലാ ജില്ലകളിലും പര്‍ച്ചേസിംഗ് സെന്ററുകള്‍ തുറന്നു.

കന്നുകാലി വില്‍പ്പന നിയന്ത്രണം കര്‍ഷകരെ എത്രത്തോളം ബാധിച്ചിട്ടുണ്ട്?

രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന  പ്രധാന പ്രശ്നങ്ങളിലൊന്നാണ് കന്നുകാലി വില്‍പ്പന നിയന്ത്രണം. രാജസ്ഥാന്‍ ബീഫ് കഴിക്കാത്ത പ്രദേശമാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം തന്നെ ഇവിടെ കുറവാണ്. പക്ഷേ കന്നുകാലി വില്‍പ്പന നിയന്ത്രണം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണ്.

ആര്‍എസ്എസ് പറയുന്നതുപോലെ ഇതൊരു ഹിന്ദു- മുസ്ലീം പ്രശ്നമല്ല. പല കര്‍ഷകരുടെയും പെട്ടെന്നുള്ള വരുമാനമാര്‍ഗമാണ് കന്നുകാലി വില്‍പ്പന. പശുക്കളെ വിറ്റാണ് പലരും വിവാഹത്തിനും പഠനത്തിനും കൃഷിക്കുമൊക്കെയുള്ള പണം സ്വരൂപിക്കുന്നത്. ഇപ്പോള്‍ പുറത്തു നിന്നുള്ള വ്യാപാരികള്‍ കാലികളെ വാങ്ങിക്കൊണ്ടുപോവുകയാണങ്കില്‍ അവരെ ആക്രമിക്കുന്ന സാഹചര്യവുമുണ്ട്.

അപ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്നം ഉപക്ഷിക്കുന്ന കന്നുകാലികളുടെ എണ്ണത്തിലുള്ള വര്‍ധനയാണ്. അവ തെരുവില്‍ അലഞ്ഞു നടക്കുകയും കൃഷിയിടങ്ങളില്‍ കയറി വിള നശിപ്പിക്കുകയും ചെയ്യുന്നു.

വ്യാപാരികള്‍ ഇവയെ വാങ്ങാത്ത സാഹചര്യമുണ്ടായാല്‍ ഇവയുടെ എണ്ണം പെരുകി കാര്‍ഷികവൃത്തി പൂര്‍ണമായും ഇല്ലാതാകുന്ന സാഹചര്യമാണ്  നിയന്ത്രണം മൂലം സംജാതമായിരിക്കുന്നത്. ഗോ രക്ഷക്, ഗോവധ നിരോധന നിയമം തുടങ്ങിയവ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് പ്രധാന പ്രശ്നമാണ്.

ഇതോടൊപ്പം വന്യജീവികളെ കൊല്ലാന്‍ പാടില്ലായെന്നതും ഫലത്തില്‍ കര്‍ഷകരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. ഹിമാചല്‍ പ്രദേശിലും മറ്റും കുരങ്ങന്മാര്‍, കാട്ടുപന്നി എന്നിവയുടെ ശല്യവും രാജസ്ഥാനില്‍ ‘നീല്‍ഗായി’ എന്നൊരു മൃഗത്തെയും കാണാം.

പേരില്‍ തന്നെ ‘ഗായി ‘എന്നുള്ളതുകൊണ്ട് ഇതിനെ കൊല്ലാന്‍ പാടില്ലായെന്നാണ്. ഇത്തരത്തില്‍ മിക്ക പ്രദേശങ്ങളിലും വന്യജീവികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ബിജെപി ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ തീര്‍ത്തും നിരാശരാണ്. ജനങ്ങളെ പൂര്‍ണമായും വഞ്ചിക്കുന്ന നടപടികളാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്.

ഇതോടൊപ്പം ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനത്തിലധികം മിനിമം താങ്ങുവില നടപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍, പര്യാപ്തമായ ഇന്‍ഷുറന്‍സ്, ഇറിഗേഷന്‍ സൗകര്യങ്ങള്‍, കാര്‍ഷിക മേഖലയിലെ പൊതുജനനിക്ഷേപം തുടങ്ങി  അധികാരത്തിലെത്തുമ്പോള്‍ വാഗ്ദാനം ചെയ്തിരുന്ന പല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയാറായിട്ടില്ല.

കര്‍ഷകര്‍ക്കുണ്ടായ നിരാശകളാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സമരത്തെ കര്‍ഷകരും തൊഴിലാളികളും ഒരു പോലെ പിന്തുണച്ചതിനു പിന്നില്‍?

നോട്ടുനിരോധനം സൃഷ്ടിച്ച പ്രശ്നങ്ങളില്‍ നിന്നു കരകയറാനാകാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് വിളകള്‍ക്ക് വിലത്തകര്‍ച്ചയും നേരിടേണ്ടി വന്നതെന്നത് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനുശേഷം എല്ലാ കാര്‍ഷിക വിളകള്‍ക്കും കുത്തനെ വില ഇടിഞ്ഞിരിക്കുകയാണ്.

പ്രഖ്യാപിച്ചിട്ടുള്ള മിനിമം താങ്ങുവിലയ്ക്കു പോലും സര്‍ക്കാര്‍ വിളകള്‍ സംഭരിക്കുന്നുമില്ല. മിക്ക സംസ്ഥാനങ്ങളിലും എംഎസ്പി വെറും പേപ്പറില്‍ മാത്രമാണ്. പഞ്ചാബ്, കേരളം, ഹരിയാന എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടങ്ങളിലും എംഎസ്പി സാങ്കല്‍പ്പികം മാത്രമാണ്. ഈ പ്രശ്നങ്ങളെല്ലാം കര്‍ഷക കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇത്തരത്തില്‍ പ്രതിസന്ധിയുള്ളതിനാല്‍ ചെറുകിട വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പാല്‍ വണ്ടികള്‍, വിവാഹ പാര്‍ട്ടികള്‍ക്ക് ഡാന്‍സും പാട്ടുമെല്ലാം ഒരുക്കുന്ന ഡിജെകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ സമരത്തെ പിന്തുണച്ചു. വന്‍തോതില്‍ സ്ത്രീകളും യുവാക്കളും സമരത്തില്‍ പങ്കെടുത്തു.

ചില സ്വതന്ത്ര എംഎല്‍എമാര്‍ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസോ സമാനരീതിയിലുള്ള പാര്‍ട്ടികളോ സമരത്തിന് പിന്തുണ നല്‍കിയില്ലെന്നു മാത്രമല്ല സമരത്തിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കര്‍ഷകരെല്ലാം പൂര്‍ണ പിന്തുണയുമായി സമരത്തിനൊപ്പം നിന്നു.

സെപ്തംബര്‍ ഏഴിന് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ ‘സികാര്‍ബന്ദ്’ പൂര്‍ണ വിജയമായിരുന്നു. വ്യാപാരി അസോസിയേഷനുകള്‍, തൊഴിലാളി സംഘടനകള്‍, ബാര്‍ അസോസിയേഷനുകള്‍, ആട്-മാട് ചന്തകള്‍, ഓട്ടോറിക്ഷ യൂണിയനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെല്ലാം  ബന്ദിന് പൂര്‍ണ പിന്തുണ നല്‍കി.

സമരക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കാക്കാന്‍ സ്ഥാപനങ്ങള്‍ മത്സരിച്ചു. പഴം, പച്ചക്കറി വ്യാപാരികളും ബന്ദുമായി സഹകരിച്ചു. ബാര്‍ അസോസിയേഷനുകള്‍ കോടതികള്‍ ബഹിഷ്‌കരിച്ചു. മില്‍ക്ക് ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ നഗരത്തില്‍ 200 സെന്ററുകള്‍ തുറന്നു. സമരകാലയളവു മുഴുവന്‍ രാജസ്ഥാന്‍ മെഡിക്കല്‍ സെയില്‍സ് റപ്രസന്റേറ്റീവ്സ് യൂണിന്‍ സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി.

കിസാന്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കുടിവെള്ള വിതരണ യൂണിയനുകള്‍   ട്രക്കുകളിലും ജീപ്പുകളിലും റാലികള്‍ നടത്തി. സമരത്തിന്റെ പ്രതിഫലനം ഓരോ ടൗണിലും ഗ്രാമത്തിലും ചേരിയിലും കാണാമായിരുന്നു. വൈദ്യ സേവനങ്ങളും മെഡിക്കല്‍ ഷോപ്പുകളും ഒകെ  ബാക്കിയെല്ലാം നിശ്ചലമായിരുന്നു.

സര്‍ക്കാര്‍ 144 വകുപ്പ് പ്രകാരം എല്ലാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും ജനങ്ങളെ ഭയപ്പെടുത്താനായി ഫ്ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇന്റര്‍നെറ്റ് ബന്ധം വിശ്ചേദിക്കപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് കലാപം ഉണ്ടായേക്കാമെന്ന പ്രതീക്ഷയില്‍ 400 ഓളം വൈദ്യസഹായ കേന്ദ്രങ്ങളാണ് തുറന്നത്.

സമരം പൂര്‍ണമായും വിജയിപ്പിക്കാനായെന്നു കരുതുന്നുണ്ടോ?

പൂര്‍ണമായും വിജയിച്ചെന്നു പറയാനാവില്ല. പല വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  13 ദിവസത്തിനു ശേഷം കിസാന്‍ സഭാ പ്രതിനിധികളും മന്ത്രിമാരും ചേര്‍ന്ന് നാലു റൗണ്ടുകളിലായി 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളിലൂടെ കര്‍ഷകരുടെ 11 ആവശ്യങ്ങളിന്മേല്‍ തീരുമാനമെടുത്തു.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവടങ്ങളിലേതുപോലെ കടാശ്വാസം നടപ്പിലാക്കാനായി രൂപീകരിച്ച കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കടക്കെണിയില്‍പ്പെട്ട ഓരോ കര്‍ഷകനും 50000 രൂപ കടാശ്വാസം നല്‍കേണ്ടി വരുമ്പോള്‍ 20000 രൂപ വീതം സാമ്പത്തിക ബാധ്യത വരുന്നുണ്ട്. അറുപതു വയസു പൂര്‍ത്തിയായ പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയാക്കും.

കര്‍ഷകര്‍ക്ക് രണ്ടു വയസില്‍ കൂടുതല്‍ പ്രായമുള്ള കന്നുകാലികളെ വില്‍ക്കാന്‍ അനുമതി ലഭിച്ചു. ഇതോടൊപ്പം പരിപ്പ്, ഉഴുന്ന് തുടങ്ങിയ ഫാം ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് സെന്ററുകള്‍ വഴി മിനിമം താങ്ങുവിലയ്ക്ക് സംഭരിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നു.

രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന എസ് സി എസ്ടി വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ പ്രവൃത്തിദിനങ്ങളും ഉയര്‍ന്ന വേതനവും വേണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു.

തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റവും കുറവു പ്രവൃത്തി ദിനങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞ വരള്‍ച്ചാക്കാലത്ത് 150 പ്രവൃത്തിദിനങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഒരു ശതമാനം ആളുകള്‍ക്കു പോലും  150 ദിവസം തൊഴില്‍ ലഭിച്ചില്ലെന്നു മാത്രമല്ല ഏഴെട്ടു മാസമൊക്കെ കഴിഞ്ഞാണ് വേതനം പോലും ലഭിക്കുന്നത്. അഴിമതിയാണ് ഇവിടങ്ങളിലെ പ്രധാന പ്രശ്നം. സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ല.

കോണ്‍ട്രാക്ടര്‍മാരെല്ലാം സ്വന്തം താല്‍പര്യ പ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. സിപിഎമ്മിന് അത്ര സ്വാധീനമില്ലാത്ത മേഖലകളിലെല്ലാം ജോബ് കാര്‍ഡ് വാങ്ങിയ ശേഷം യന്ത്രസഹായത്തോടെ ജോലി ചെയ്യിക്കുന്ന രീതിയുമുണ്ട്. ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ആളുകളുടെ നിയന്ത്രണത്തിലാണ് ഇത്തരം കാര്യങ്ങളെല്ലാം അരങ്ങേറുന്നത്.

ഡ്രിപ് ഇറിഗേഷനുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുക, എസ് സി, എസ് ടി, ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ് കുടിശിക തീര്‍ത്ത് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. എന്തായാലും സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ നടപ്പിലാകും വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കിസാന്‍ സഭയുടേയും സിപിഎമ്മിന്റെയും തീരുമാനം.

രാജസ്ഥാനിലെ ഇരുപതോളം ജില്ലകളില്‍ ഈ കര്‍ഷക സമരത്തിലൂടെ കിസാന്‍ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സ്വാധീനം വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വോട്ടായി മാറുമോ? 

കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭയില്‍ സിപിഎമ്മിന് മൂന്ന് എംഎല്‍എമാരുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു തെരഞ്ഞെടുപ്പ് പോരാട്ടമായല്ല കാണുന്നതും. എങ്കിലും രാഷ്ട്രീയ എതിര്‍പ്പ് സര്‍ക്കാരിനെതിരേ ഉണ്ടാകും. ഇപ്പോള്‍ പറയുന്നതൊന്നും സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയുമെന്നുറപ്പാണ്.

ഇതോടൊപ്പം സമരം നയിച്ചത് ഇടതുപക്ഷമായതുകൊണ്ടുതന്നെ അതിന്റേതായ മുന്നേറ്റമുണ്ടാകും.  രാജസ്ഥാനില്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരേ മുന്‍പു വലിയൊരു സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നു സര്‍ക്കാര്‍ ആ നീക്കം പിന്‍വലിച്ചു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ സമരത്തോടെ നാം കുറച്ചുകൂടി മുന്നോട്ടു പോയെന്നു മാത്രം.

കര്‍ണാടകയില്‍ മുപ്പതു ലക്ഷത്തിലധികം കര്‍ഷകര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും അവരെ ഇറക്കി വിടാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരേ വന്‍തോതില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് കിസാന്‍ സഭയാണ്. എന്നാല്‍ ഇതൊന്നും ചിലപ്പോള്‍ വോട്ടില്‍ പ്രതിഫലിച്ചെന്നു വരില്ല.

തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാര്‍ഗമെന്നതല്ല, മറിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. അതിനെതിരേ കര്‍ഷകരെ അണിനിരത്താനും പ്രതിരോധിക്കാനുമാണ് കര്‍ഷക സംഘം ശ്രമിക്കുന്നത്.

കേരളത്തിനും ത്രിപുരയ്ക്കും ബംഗാളിനും പുറത്ത് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘടനാ സംവിധാനമില്ലാത്തതാണ്. ആ സാഹചര്യത്തില്‍ സമരത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാനാവും? 

കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടതുപക്ഷം ശക്തരാണ്. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കുന്നുണ്ട്. മുപ്പത്തിനാലാമത് അഖിലേന്ത്യാ സമ്മേളനം ഹരിയാനയിലെ ഹിസാറില്‍ നടക്കുന്നുണ്ട്.

അവിടെ അവതരിപ്പിക്കുന്ന പ്രധാന ആശയം ‘എല്ലാ ഗ്രാമത്തിലും കര്‍ഷകസംഘം എല്ലാ കര്‍ഷകനും കര്‍ഷക സംഘത്തില്‍’ എന്നതാണ്. ഇതോടൊപ്പം മോദി സര്‍ക്കാരിന്റെ നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വര്‍ഗീയ-ജാതീിയ ശക്തികള്‍ക്കെതിരേയും വന്‍തോതില്‍ പ്രശ്നാധിഷ്ഠിത ഐക്യം ശക്തിപ്പെടുത്തി വരികയാണ്.

ഇടതുപക്ഷ കര്‍ഷക സംഘടനകള്‍, ദളിത് ആദിവാസി സംഘടനകള്‍, തൊഴിലാളി യൂണിയന്‍, നര്‍മദ ബച്ചാവോ ആന്ദോളന്‍, നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ് പോലുള്ള സാമൂഹിക സംഘടനകള്‍ ഇവയെല്ലാം ചേര്‍ന്ന് വലിയ കൂട്ടായ്മയാണ് ഈ ഭൂമി അധികാര ആന്ദോളന്‍ എന്ന പദ്ധതിയില്‍ പങ്കാളികളായത്.

കര്‍ഷക സമരം: ഭാവി?

മറ്റു സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒറീസ എന്നിവിടങ്ങളിലും ഭൂമി അധികാര ആന്ദോളന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. മാന്‍ഡ്സൂര്‍ വെടിവയ്പിനുശേഷം ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ സംഘര്‍ഷ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

അതില്‍ 175 ഓളം സംഘടനകള്‍ ഒന്നിച്ച് അണിനിരന്നിരുന്നു. ഈ 175 സംഘങ്ങളുടെ കിസാന്‍ മുക്തിയാത്ര ഇന്ത്യയിലുടനീളം നടക്കുകയാണ്. സൗത്ത് റീജിയണിന്റെ ജാഥ കഴിഞ്ഞയാഴ്ച ബാംഗളൂരില്‍ സമാപിച്ചു. ഇനി ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് ചംബാരനിലേക്കും അതേപോലെ പശ്ചിമ ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കു മറ്റൊരു യാത്രയും നടത്തുന്നുണ്ട്.

ഇതോടൊപ്പം ഉത്തരേന്ത്യയില്‍ ഒരു യാത്ര, വടക്കു കിഴക്കന്‍ ജാഥ ഇതെല്ലാം കഴിഞ്ഞ നംവംബര്‍ 20-ന് കര്‍ഷകരുടെ വലിയൊരു സംഗമം ഡല്‍ഹിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കിക്കൊണ്ട് ‘ജന്‍ ഏക്ദാ ജന്‍ അധികാര്‍ ആന്ദോളന്‍’ എന്നൊരു പരിപാടിയും നടത്തുന്നുണ്ട്.

കടം എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. കേരളത്തിലെ കടാശ്വാസ കമ്മിറ്റി ഇവിടെയില്ല. അത്തരമൊരു കമ്മീഷന്‍ സ്ഥാപിച്ച് എല്ലാ കടങ്ങളും എഴുതിത്തള്ളണം.

ഇതോടൊപ്പം സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും. കേരളത്തില്‍ നെല്ലിന് സംഭരണ വില 2300 രൂപയുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1540 രൂപയാണ്. ഇത്രത്തോളം കാര്യങ്ങള്‍ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ചെയ്യുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നതാണ് ആവശ്യം. ഇങ്ങനെ വിവിധ തലങ്ങളില്‍ മോദി സര്‍ക്കാരിനെതിരേ ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 9,10,11 തീയതികളില്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി വലിയ പ്രതിഷേധ പരിപാടി ആലോചിക്കുന്നുണ്ട്.

മുമ്പൊരിക്കലുമില്ലാത്തവിധം കര്‍ഷകരും  കര്‍ഷകത്തൊഴിലാളികളും തമ്മില്‍ ഐക്യമുണ്ടാകുന്നുണ്ട്. ഇതിനു മുമ്പും പ്രതിഷേധങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ നമുക്കൊപ്പം ചേര്‍ന്നിരുന്നു.

കര്‍ഷകരുടെ പ്രശ്നത്തിന് സംസ്ഥാനത്തിനു വെളിയില്‍ ലഭിച്ചില്ലെങ്കിലും അവിടെ ശക്തമായ മാധ്യമ പിന്തുണ ലഭിച്ചിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് സമയത്ത് അത്തരമരു പിന്തുണ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഈ മുന്നേറ്റം ജനങ്ങളുടെ ഇടയില്‍ നിലനിര്‍ത്തി വീണ്ടും അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കാനായാല്‍ അതിന്റെ ഗുണം ലഭിക്കും.

വടക്കേന്ത്യയില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി സ്വാധീനം വര്‍ധിപ്പിക്കാനാവുമെന്ന് ആം ആദ്മി പാര്‍ട്ടി തെളിയിച്ചിരുന്നു. ഇതാണോ സിപിഎമ്മിനെയും ഉണര്‍ത്തിയത്?

ആം ആദ്മിയുടെ രീതിയുമായി താരതമ്യം ചെയ്യുന്നത് അത്ര നല്ലതല്ല. അഴിമതിയും വൈദ്യുതിയും വിഷയമാക്കി ഡല്‍ഹിയില്‍ മാത്രം ജനങ്ങളെ സംഘടിപ്പിക്കുകയും അതിന്റെ നേട്ടം സ്വന്തമാക്കുകയും ചെയ്തുവെന്നല്ലാതെ ആം ആദ്മിക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

കര്‍ഷകരുടെ മാത്രം പ്രശ്നത്തിലേക്ക് എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കാന്‍ സാധിച്ചുവെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാല്‍ ആം ആദ്മി  ഇതിന് പ്രചോദനം ആയെന്നു ഒരിക്കലും പറയാനാവില്ല.

ഇടതുപക്ഷം ഇതിനു മുമ്പും രാജസ്ഥാനില്‍ ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇതും സംഭവിച്ചത്.

കേരളത്തില്‍ റബര്‍ ഉള്‍പ്പെടെയുളള കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി എന്തൊക്കെ നടപടികള്‍ വേണം? 

കേരളത്തില്‍ കൂടുതലും വാണിജ്യ വിളകളാണ്. അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഇവിടുത്തെ വിളകളുടെ വിലയില്‍ വ്യത്യാസമുണ്ടാകാനുള്ള പ്രധാനകാരണം. ശ്രീലങ്കയുമായി ഫ്രീ ട്രേഡ് നിനില്‍ക്കുന്നതിനാല്‍ തേയില, കാപ്പി, കുരുമുളക് ഇവയ്ക്കെല്ലാം മുമ്പ് വിലയിടിവുണ്ടായിരുന്നു.

പിന്നീട് നടപ്പിലാക്കിയ ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറും വിളകളുടെ വിലയിടിവിന് കാരണമായി. അന്ന് ഇടതുപക്ഷം ശക്തമായി അതിനെ എതിര്‍ത്തതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കരാര്‍ നടപ്പിലാക്കിയപ്പോള്‍ ബിജെപി പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ് എന്നുപറഞ്ഞ് ഒരു മെഗാ ഫ്രീട്രേഡ് എഗ്രിമെന്റ് നടപ്പാക്കുകയാണ്.

കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. കേരളത്തില്‍ പലരീതിയിലും കര്‍ഷകരെ സഹായിക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ സര്‍ക്കാരും കാര്‍ഷിക സംഘങ്ങളും നടത്തുന്നുണ്ട്. റബറിന്റെ കാര്യം തന്നെയെടുത്താല്‍ വില ഒരു പരിധിയിലധികം ഇടിഞ്ഞാല്‍ സര്‍ക്കാര്‍ അതു സംഭരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം ഇപ്പോള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ ഇവിടെ തന്നെ  ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങാന്‍ അടുത്തിടെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

ഉത്തരേന്ത്യയില്‍ ഇടുതപക്ഷത്തിന്റെ വളര്‍ച്ച? 

എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളില്‍ ഇടതുപക്ഷം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷക പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേട്ടമുണ്ടാകുന്നത്. ഈ സമരങ്ങളാണ് വരും നാളുകളില്‍ മാറ്റത്തിനുള്ള വഴിമരുന്നായി മാറുന്നത്.

എന്റെ അനുഭവം പറഞ്ഞാല്‍ ഹിമാചല്‍ പ്രദേശിലെല്ലാം തൊണ്ണൂറ്റിയേഴ് കാലഘട്ടത്തിലൊക്കെ പോകുമ്പോള്‍ 500 പേരെയൊക്കെയാണ് നമുക്ക് ഒരുമിച്ച് കൊണ്ടുവരാനായിരുന്നത്. എന്നാലിപ്പോള്‍ അയ്യായിരത്തിലധികം പേരെ സംഘടിപ്പിക്കാനാകും. അവിടങ്ങളിലെ സ്ഥിതിവച്ചു നോക്കിയാല്‍ ഇതു വളരെ വലിയ സംഖ്യയാണ്. പ

ഞ്ചായത്തുകളില്‍ പല സ്ഥലങ്ങളിലും നമുക്ക് പ്രതിനിധികളുണ്ട്. ഉത്തരേന്ത്യയില്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും എസ്എഫ്‌ഐ വിജയിക്കുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകസംഘം പ്രതിനിധികള്‍ മത്സരിക്കുന്നുണ്ട്.

സീറ്റുകിട്ടുമെന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ആളുകളുടെ ഇടയില്‍ നമ്മുടെ രാഷ്ട്രീയം അവതരിപ്പിക്കും. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതുപോലെ പണം ചെലവഴിക്കാന്‍ ഇടതുപക്ഷത്തിനില്ല. അത്തരത്തില്‍ പണം ചെലവഴിച്ചു വോട്ട് വാങ്ങുതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല.

ചിലപ്പോള്‍ ഒരു തെരഞ്ഞെടുപ്പില്‍ കാശെറിഞ്ഞു വിജയിക്കാനാകുമായിരിക്കും. പക്ഷേ,  ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടാല്‍ മാത്രമേ തുടര്‍ന്നും ഭരണത്തിലേറാനാവൂ. ബിജെപിക്ക് സംഭവിച്ചിരിക്കുന്നത് അതാണ്.

കള്ളത്തരങ്ങള്‍ പറഞ്ഞും സോഷ്യല്‍ മീഡിയ കാംപെയിനുകള്‍ വഴിയും പണമെറിഞ്ഞുമെല്ലാം അധികാരത്തിലേറി. പക്ഷേ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാനായില്ല.

നോട്ടു നിരോധനവും ജി എസ് ടിയു ജന ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്?

കള്ളപ്പണത്തിനെതിരായാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നാണ് പറയുന്നത്. ഉണ്ടായിരുന്ന ബ്ലാക്ക് മണിയൊക്കെ വൈറ്റായി. അടുത്തത് ജിഎസ്ടിയാണ്. സാധനങ്ങളുടെ വില കൂടിയെന്നല്ലാതെ സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാകില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയ രീതി ശരിയായില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കൂടുതല്‍ കേന്ദ്രത്തിലേക്ക് പോവുകയാണ്. താല്‍കാലികമായി കേരളത്തിനൊക്കെ ചില പ്രയോജനങ്ങളുണ്ടാകുമായിരിക്കും. പക്ഷേ വരുംകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കുറച്ചു കൂടി ശക്തി ആവശ്യമാണ്.

ഓരോ തവണയും നികുതി കുറയ്ക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അടുത്തു പോകണം. അത് സംസാരിക്കാന്‍ മറ്റു സംസ്ഥാനങ്ങളെ കൂട്ടുപിടിക്കണം, ഒറ്റയ്ക്കു പറഞ്ഞാല്‍ കേള്‍ക്കില്ല. ഇത്തരം പലവിധ പ്രശ്‌നങ്ങളുണ്ട്. ഇത്ര ചുരുങ്ങിയ കാലയളവില്‍ ഇതേക്കുറിച്ച് പറയാനാകില്ലെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സര്‍ക്കാരിനെതിരായുണ്ടാകും.

രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ?

നാട് കരിവള്ളൂരാണ്. കയ്യൂരിന്റെയും, കരിവള്ളൂരിന്റേയും പുന്നപ്ര വയലാറിന്റെയും, അമരാവതി, എകെജി എന്നിവരുടെയുമൊക്കെ വിപ്ലവ കഥകള്‍ കേട്ടാണ് വളര്‍ന്നത്. അച്ഛന്റെ വീട്ടില്‍ നായനാര്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളോ പ്രവര്‍ത്തകരോ ആയിരുന്നു. 1940-കളില്‍ അച്ചാച്ചന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ കര്‍ഷക സംഘം ആരംഭിച്ചിരുന്നു. ജന്മിമാരുടെ അടിച്ചമര്‍ത്തലുകളെയും അതിനെതിരെയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകള്‍ ചെറുപ്പത്തില്‍ വല്ലാതെ സ്വാധീനിച്ചിരുന്നു.

ഇതൊക്കെയാവാം പാര്‍ട്ടിയില്‍ ചേരാന്‍ പില്‍ക്കാലത്തു പ്രേരണയായത്. 1996 മുതല്‍ സജീവ രാഷ്ടീയത്തിലുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഡല്‍ഹിയിലെ പഠന കാലയളവിലാണ് എസ്എഫ്‌ഐയില്‍ ചേരുന്നത്.

ജെഎന്‍യുവില്‍ യൂണിയന്‍ പ്രസിഡന്റായിരുന്നു. അതിനു ശേഷം പിഎച്ച്ഡി ചെയ്തത് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കര്‍ഷകരെ നവഉദാരീകരണ നയങ്ങള്‍ എങ്ങനെ ബാധിച്ചുവെന്നതിലായിരുന്നു. പിന്നീട് ബംഗളൂരുവില്‍ ഒരു കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റായി പ്രവര്‍ത്തിച്ചു. കര്‍ഷകരുടെ നയങ്ങളില്‍ അനുദിനം ഇടപെടുമായിരുന്നു.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പ്ലാനിംഗ് ബോര്‍ഡിന്റെ അഗ്രികള്‍ച്ചര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. ആ സമയത്താണ് ജെഎന്‍യുവില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ കോള്‍ വന്നത്. എന്നാല്‍ പിന്നീടാണ് ജോലി വേണ്ടെന്ന് തീരുമാനിച്ച് പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നത്.

2009 മുതല്‍ കര്‍ഷക സംഘത്തില്‍ സജീവമാണ്. മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലേക്ക് പോകാന്‍ ശ്രമിക്കാറുണ്ട്. പറ്റുന്നിടത്തോളം അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും സമരങ്ങളില്‍ പങ്കു ചേരുകയും ചെയ്യുന്നു. കര്‍ഷകരുടെ അടുത്ത് നിന്ന് പഠിക്കാനേറെയുണ്ട്. അവരുടെ ഇടയില്‍ പോയി പ്രശ്നങ്ങള്‍ അറിഞ്ഞ് അതിനനുസരിച്ച് സര്‍ക്കാരിന് മുന്നില്‍വയ്ക്കേണ്ട ആവശ്യങ്ങള്‍ തീരുമാനിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

കേന്ദ്രത്തിന്റേത് മൊദാനി മോഡല്‍ കൊള്ള: വിജൂ കൃഷ്ണന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More