പൗരത്വ (ഭേദഗതി) ബില്ലിന്റെ ഉദ്ദേശമെന്ത്‌? പൊതുജനം പ്രതികരിക്കുന്നു

147,332

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വച്ചാല്‍ നിയമമാകും. രാജ്യത്തെ വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ കാരണമായി കഴിഞ്ഞു. പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

ബില്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്നും മുസ്ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നിഷേധിക്കുന്നു.

ഈ ബില്‍ അനുസരിച്ച് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതവിവേചനത്തിനിരയായ ഹിന്ദു, സിഖ്, ബുദ്ധ ജൈന, പാഴ്‌സി, ക്രിസ്തു മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വം ലഭിക്കും. ഈ പട്ടികയില്‍ നിന്നും മുസ്ലിങ്ങളെ ഒഴിവാക്കിയതും രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചതുമാണ് പ്രതിഷേധത്തിന് കാരണം.

പൗരത്വ (ഭേദഗതി) ബില്ലിന്റെ ഉദ്ദേശമെന്ത്‌? പൊതുജനം പ്രതികരിക്കുന്നു 1

പൗരത്വ (ഭേദഗതി) ബില്ലിന് പിന്നാലെ രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ കൂടെ നടപ്പിലാക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആരോപണം. രജിസ്റ്ററില്‍ ഉള്‍പ്പെടാതെ പോകുന്ന മുസ്ലിങ്ങള്‍ക്ക് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന ഭീതിയുണ്ട്.

പൗരത്വ (ഭേദഗതി) ബില്ലിനെ കുറിച്ച് പൊതുജനം അഭിമുഖം വോക്‌സ് പോപുലെയിലൂടെ പ്രതികരിക്കുന്നു. നിങ്ങള്‍ക്കും ഈ പേജില്‍ കമന്റായി അഭിപ്രായം രേഖപ്പെടുത്താം.

ekalawya.com

ബഹുസ്വരത, സഹവര്‍ത്തിത്വം, സഹിഷ്ണുത, ഏകത്ത്വം, ഇതാവട്ടെ നമ്മുടെ മൂലമന്ത്രം

പൗരത്വ ബില്ലിലൂടെ അപരത്വ ബോധവും രാജ്യത്ത് അന്യവല്‍ക്കരണവും നടപ്പിലാക്കുന്നത് ശരിയല്ല. മനുഷ്യ പക്ഷ മതേതര ഇന്ത്യയെന്ന ബോദ്ധ്യത്തിന് ഏല്‍ക്കുന്ന ആഘാതം രാജ്യത്തിന് ഗുണം ചെയ്യില്ല. പൗരത്വത്തിന്മേല്‍ വിഭാഗീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിക്കുന്നു. സ്‌നേഹവിചാരങ്ങള്‍ കൊണ്ട് നമുക്ക് ജീവിത വീക്ഷണമുണ്ടാക്കാനായാല്‍ അതിരെന്തിന്, ജാതി-മതങ്ങളെന്തിന്?
മനുഷ്യത്വമില്ലാത്ത സകല ഭരണകൂടങ്ങളും തിരിച്ചടിയെ നേരിട്ടിട്ടുണ്ട്, തകര്‍ന്നടിഞ്ഞിട്ടുണ്ട്!
ബഹുസ്വരത, സഹവര്‍ത്തിത്വം, സഹിഷ്ണുത, ഏകത്ത്വം,
ഇതാവട്ടെ നമ്മുടെ മൂലമന്ത്രം.

പ്രശാന്ത് നാരായണന്‍
തിരുവനന്തപുരം

നവനാസികൾ സിവിൽ വാറിലേക്ക് നയിക്കാനുള്ള ശ്രമത്തില്‍

ഇതിനേക്കാൾ ഉച്ചത്തിൽ ആർത്തു വിളിച്ചതാണ് നോട്ടു നിരോധന സമയത്ത്.പിന്നീട് സംഭവിച്ചത് സാമ്പത്തിക രംഗത്തിന്റെ സമ്പൂർണ്ണ തകർച്ച.

നവനാസികൾ രാജ്യത്തെ സിവിൽ വാറിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ്.രാഷ്ട്രീയത്തിൽ മതം കലർത്തിയത് അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും എങ്ങിനെ തകർത്തു എന്നു നമ്മൾ കണ്ടതാണ്. മഹത്തായ ഇന്ത്യാ രാജ്യം വീണ്ടും മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണ്.

എല്ലാം കഴിഞ്ഞപ്പോൾ സ്റ്റാലിന്റെ ചെമ്പടക്ക് മുന്നിൽ എലിയെ പോലെ പോലെ പേടിച്ചോടി ആത്മഹത്യ ചെയ്യാനേ ഹിറ്റ്ലർക്ക് പറ്റിയുളളൂ എന്ന് നവനാസികൾ ഓർക്കണം.

മഹാത്മാ ഗാന്ധിയോട് വിയോജിപ്പുണ്ടാവാം പക്ഷെ എനിക്കുറപ്പാണ് ഗാന്ധിജി ഉണ്ടായിരുന്നു എങ്കിൽ CAB നിയമം പാസാക്കുന്നതിനെതിരെ അദ്ദേഹം മരണം വരെ നിരാഹാരം പ്രഖ്യാപിക്കുമായിരുന്നു എന്ന്. ഹിന്ദുത്വത്തെ അലോസരപ്പെടുത്തിയിരുന്ന അത്തരം ധീര നിലപാടുകളാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലേക്കു കൂടി നയിച്ചത്.

ഇവിടെ ഗാന്ധിയുടെ പേര് വാലായി കൊണ്ടു നടക്കുന്ന ഒരാൾ വിഭജന ബില്ലിനെതിരെ ശബ്ദം പോലുമില്ലാതെ പ്രതിപക്ഷത്തുള്ള പാർട്ടികളെ പോലും ഒപ്പം നിർത്താനാവാതെ ദയനീയ മുഖം സമ്മാനിക്കുന്നു

ശ്രുതി എസ് പങ്കജ്
തിരുവനന്തപുരം

ഒരു തെറ്റിനെ വലിയ മറ്റൊന്ന് കൊണ്ട് ചെറുതാക്കുന്നു

കോർപറേറ്റുകൾ തങ്ങളുടെ താളത്തിനൊത്തു തുള്ളാൻ അധികാര ശൃംഗത്തിൽ പ്രതിഷ്ഠിച്ച ഒരു പറ്റം വികട മസ്തിഷ്കത്തിനുടമകൾ അന്തവും കുന്തവുമില്ലാതെ രാജ്യം ഭരിച്ചു മുടിച്ചിട്ടു ആ കഴിവുകേട് ചോദ്യം ചെയ്യപെടാതിരിക്കാൻ ഒരു തെറ്റിനെ വലിയ മറ്റൊരു തെറ്റുകൊണ്ടു ചെറുതാക്കി മാറ്റുകയാണ്. മതംകൊണ്ടു അന്ധരായ ഒരുപറ്റം ഭ്രാന്തന്മാരെ പ്രീണിപ്പിക്കാൻ ന്യൂനപക്ഷ വേട്ടയെന്ന എല്ലിന്കഷണം എറിഞ്ഞുകൊടുത്തു ഉന്മാദം പകരുകയാണ്.

ഉന്മാദ ഉൾപ്രേരകങ്ങൾ അതിനു പിറകെ പോകുന്നവന് താത്കാലികമായി അനുഭൂതി പകർന്നേക്കാം എന്നാൽ ആത്യന്തികമായി അവനെയും അവന്റെ കുടുംബത്തെയും അവൻ ജീവിക്കുന്ന സമൂഹത്തെയും അത് മുച്ചൂടും മുടിക്കുക തന്നെ ചെയ്യും. ഇദി അമീനും ഹിറ്റ്ലറിനും ലഭിച്ചത്തിൽ നിന്നും മികച്ചതൊന്നും അമിത് ഷായ്ക്കും പ്രതീക്ഷിക്കാനില്ല.

അനില്‍ പുളിക്കല്‍
നാട്ടകം, കോട്ടയം

മതമെന്ന മയക്കു മരുന്ന് നൽകി ചികിൽസിക്കാനുള്ള ശ്രമം

വിഭജന സന്ദേശം ഉയർത്തി മതവികാരത്തിലൂടെ അധികാരം നിലനിർത്തുന്നതിനുള്ള പുതിയ വിദ്യ.കോർപ്പറേറ്റുകൾക്ക്‌ എഴുതിക്കൊടുത്ത രാജ്യത്ത്‌ അടിസ്ഥാന വർഗ്ഗം പട്ടിണി മാറ്റാൻ പ്രയാസപ്പെടുന്ന അവസ്ഥ മതമെന്ന മയക്കു മരുന്ന് നൽകി ചികിൽസിക്കാനുള്ള ശ്രമം. രാജ്യത്തെ മതത്തിന്റെ പേരിൽ ഒരിക്കൽ കൂടി വിഭജിക്കാനുള്ള നിയമം.വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ ബുദ്ധി സ്വന്തം തലയിലേറ്റുന്ന മോഡി-അമിത്‌ ഷാ കൂട്ടുകെട്ടിന്റെ പരീക്ഷണം.

നിസ്സാം അഹമ്മദ്
പത്തനംതിട്ട

ഒരു മതത്തെ ഒറ്റപ്പെടുത്തുമ്പോള്‍ മതേതരത്ത്വം പുറന്തള്ളപ്പെടുന്നു

മത വര്‍ഗ്ഗീയത രാജ്യം ഭരിക്കുമ്പോള്‍ ഭീകരതമാത്രമാണ് പ്രജകള്‍ അഭിമുകീകരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി ഒരു മതത്തെ ഒറ്റപ്പെടുത്തുമ്പോള്‍ മതേതരത്ത്വം പുറന്തള്ളപ്പെടുകയാണ്.

അതിര്‍ത്തി രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് പൗരത്വബില്‍ പാസ്സാക്കുന്നതെങ്കില്‍ പാകിസ്‌താനിൽ ഒരുപക്ഷേ, ഹിന്ദുക്കളോളമോ ക്രിസ്‌ത്യാനികളോളമോ ഒരുവേള അതിൽക്കൂടുതലോ പീഡിപ്പിക്കപ്പെടുന്ന വിഭാഗങ്ങളാണ്‌ ന്യൂനപക്ഷമായ ശിയാ മുസ്ലിങ്ങളും അഹമദിയ വിഭാഗവും. ശിയാകളുടെ പള്ളികളിൽ നമസ്‌കാരസമയത്ത്‌ ചാവേർ ബോംബാക്രമണങ്ങൾ നടത്തുന്നത്‌ സുന്നി തീവ്രവാദികളുടെ പതിവ്‌ ഹിംസാത്മക വിനോദമാണ്‌.

അഹമദിയാ വിഭാഗത്തിനെതിരെ 1953 ലും 1974ലും പാകിസ്ഥാനിൽ കലാപവും കൂട്ടക്കൊലകളും അരങ്ങേറി. അഹമദിയാ വിഭാഗക്കാരെ മുസ്ലിങ്ങളായി അംഗീകരിക്കാത്ത ഇസ്ലാമിസ്‌റ്റുകൾക്കും മറ്റ്‌ സുന്നി സംഘടനകൾക്കും കലാപങ്ങളിൽ പങ്കുണ്ടെന്ന്‌ 1953ൽ നടന്ന കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച മുനീർ കമീഷൻ റിപ്പോർട്ട്‌ വെളിപ്പെടുത്തുകയുണ്ടായി

സുജേഷ്
എടക്കാട്‌

നാളെയവര്‍ ദളിതരേയും പിന്നോക്കക്കാരേയും തേടിവരും

‘നാനാത്വത്തിൽ ഏകത്വം’ ഒരുപക്ഷെ ലോകത്തെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത ഈ സവിശേഷതയാണ് ഇന്ത്യയെന്ന രാജ്യത്തെ ലോകഭൂപടത്തിൽ ഉത്കൃഷ്ടമാക്കിയിരുന്നത് . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നതിനൊപ്പം നാനാജാതി മത വിഭാഗങ്ങളെ ഒരുപോലെ കാണുന്ന ഒരു ഭരണഘടന അത് ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒന്നാണ് . ജാതി-മത-ദേശ- വർണ്ണ വ്യത്യസങ്ങൾക്കതീതമായി ഏവരെയും ഒരുപോലെ കാണുന്ന പൗരത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് .

യാതൊരുവിധ വിവേചനവും കൂടാതെ പൗരത്വം ഉറപ്പുവരുത്തുന്നതാണ് ഇന്ത്യൻ ഭരണഘടന . മതം രാഷ്ട്രീയമായി മാറുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് വൈവിധ്യങ്ങളിലെ ഏകത്വമെന്ന സവിശേഷത മാത്രമല്ല ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങളും കൂടിയാണ് .മതത്തിൻറെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കപ്പെടുമ്പോൾ ഇല്ലാതാകുന്നത് ഭരണഘടന തന്നെയാണെന്ന വസ്തുത വേദനാജനകമാണ് .

രാജ്യത്തെ പൗരന്മാരെ മതത്തിൻറെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനോളം ഭീമമായ ഫാസിസം വേറെയൊന്നുണ്ടാവില്ല ഇന്ത്യയിൽ . ജനിച്ചു ജീവിച്ച മണ്ണിൽ അഗതിയാകേണ്ടിവരുന്ന മനുഷ്യൻറെ നിസ്സഹായാവസ്ഥയെക്കുറിച്ചൊന്നു ആലോചിച്ചുനോക്കൂ . എത്ര ഭീതിജനകമാണത് ! കുടിയേറിയവരിൽ ആറു വിഭാഗത്തിൽപ്പെട്ടവർക്കു പ്രാപ്യമായ നീതി ഒരുവിഭാഗത്തിനു മാത്രം നിഷേധിക്കുക എന്നതിൽത്തന്നെ ലക്ഷ്യം വ്യക്തമാക്കുകയാണ് .

ഇവരുടെ ലക്ഷ്യം രാജ്യത്തിൻറെ ക്ഷേമമല്ല മറിച്ച് മൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം .കഴിഞ്ഞ ആറുവർഷത്തെ ഭരണം കൊണ്ട് തകർന്നടിഞ്ഞ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ വർഗീയ ഫാസിസ്റ്റു ഭരണകൂടം കൈക്കൊണ്ട ചെപ്പടിവിദ്യയാണ്‌ പൗരത്വ ഭേദഗതി ബിൽ .

ഈ നീക്കത്തെ എതിർത്തു തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ പൈതൃകത്തെയും സംസ്ക്കാരത്തെയും അതിലുപരി ഭരണഘടനയെയും സ്നേഹിക്കുന്ന ഏതൊരാളുടെയും കടമയാണ് .
ഇന്നവർ മുസ്ലീമിനെ തേടിവന്നെങ്കിൽ നാളെ അവർ ദളിതനെയും പിന്നോക്കക്കാരനെയും തേടിയെത്തുമെന്നതിൽ സംശയം വേണ്ട . സവർണ്ണ ഫാസിസ്റ്റു ശക്തികളുടെ കൈയ്യിലെ കളിപ്പാവകളായ കേന്ദ്രസർക്കാരിന് ഈ മൂന്നുകൂട്ടരും ശത്രുക്കളാണെന്നത് പകൽപോലെ വ്യക്തം .നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ബ്രട്ടീഷ് പാദസേവകരെ അനുവദിച്ചുകൂടാ . ഇന്ത്യ ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളുടെയുമാണ് .

ബിനു കേശവന്‍
കടുത്തുരുത്തി

നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുക

Comments
Loading...