പൗരത്വ ബില്‍ മനുഷ്യപറ്റുള്ളത്: ബിജെപി വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ള കുട്ടി

വിവാദമായ പൗരത്വ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. രാജ്യമെമ്പാടും ഈ ബില്ലിന് എതിരെ ജാതി, മതഭേദമെന്യേ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നു. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മതം നോക്കി പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നും ഇത് രാജ്യത്തിന്റെ മതേതരത്വത്തിന് എതിരാണെന്നും പ്രതിപക്ഷവും ബില്ലിനെ എതിര്‍ക്കുന്നവരും പറയുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍, ഈ ബില്‍ ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയിട്ടുള്ള അഭയാര്‍ത്ഥികളെ കുറിച്ച് മൗനം പാലിക്കുന്നു. ബില്ലിനെ കുറിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി കെ സി അരുണുമായി സംസാരിക്കുന്നു.

ekalawya.com

ബില്ലിന് എതിരായ പ്രചാരണം വാസ്തവ വിരുദ്ധം

പൗരത്വ ബില്ലിന് എതിരെ നടക്കുന്ന കോലഹാലങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയുള്ള പ്രചാരണങ്ങളാണ്. മുസ്ലിങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കി, ഭരണഘടന വിരുദ്ധമാണെന്നാണ് വാദം. സത്യത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മുസ്ലിങ്ങളുടെ പ്രശ്‌നം ഉദിക്കുന്നില്ല.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും തുരത്തിയോടിച്ചവരില്‍ മുസ്ലിങ്ങളില്ല. ഇന്ത്യയുടെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരില്‍ ഈ മുന്ന് രാജ്യങ്ങളില്‍ നിന്ന് വന്ന സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ഹിന്ദു തുടങ്ങിയ ആറ് സമുദായത്തില്‍പ്പെട്ടവരേയുള്ളൂ. ഈ മൂന്ന് രാജ്യങ്ങളില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇവിടെ നിന്നും മുസ്ലിങ്ങളെ ആട്ടിയോടിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.

ഇത് മനുഷ്യപറ്റുള്ള ബില്ലാണ്. പണ്ട് നമ്മള്‍ ദലൈലാമയെ സ്വീകരിച്ചത് പോലെ. 1951-ലെ യുഎന്‍ ഉടമ്പടിയുടെ സ്പിരിറ്റാണ് ഈ ബില്ലിലുള്ളത്. സാര്‍വദേശീയ തലത്തില്‍ ഒരുപാട് അര്‍ത്ഥമുള്ള നിലപാടാണ് ഇന്ത്യാ സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഇത് മുസ്ലിം വിരുദ്ധമെന്ന് പറയുന്നത് നുണയാണ്.

ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളുടെ കുടിയേറ്റം

ആ മതവിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ഈ ബില്‍ വന്നതിന് ശേഷം പറയുന്നുണ്ട്. ഈ ബില്ലില്‍പ്പെട്ട ആറ് മതവിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ച് 2003-ല്‍ പാര്‍ലമെന്റില്‍ ശക്തമായി വാജ്‌പേയിയോട് ആവശ്യപ്പെട്ടത് മന്‍മോഹന്‍ സിംഗാണ്. അദ്ദേഹം എങ്ങനെയാണ് ഈ ബില്ലിന് എതിരെ നിയമം യുദ്ധം നടത്തുമെന്ന് പറയുന്നത്.

ശ്രീലങ്ക, ഭൂട്ടാന്‍ വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ വന്നിട്ടുണ്ട്. പക്ഷേ, നമ്മുടെ മുന്നില്‍ ഗൗരവമായുള്ളത് ഈ ആറ് സമുദായങ്ങളുടേതാണ്. അത് നമ്മള്‍ അംഗീകരിച്ചിരിക്കുന്നു. ബാക്കി നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

പൗരത്വ ബില്‍ മനുഷ്യപറ്റുള്ളത്: ബിജെപി വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ള കുട്ടി 1

പൗരത്വ രജിസ്റ്ററില്‍ മുസ്ലിങ്ങള്‍ പേടിക്കേണ്ടതില്ല

പൗരത്വ (ഭേദഗതി) ബില്ലും (കാബ്) എന്‍ആര്‍സിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്‍ആര്‍സി നുഴഞ്ഞ് കയറ്റക്കാരെ, അതിക്രമിച്ച് കയറിയവരെ അടിച്ചോടിക്കണം എന്ന ലൈനിലുള്ളതാണ്. 1951 കോണ്‍ഗ്രസാണ് ഇത് കൊണ്ടുവന്നത്. ഇത് എല്ലാ രാജ്യത്തും അവരുടെ നാഷണലിസത്തിന്റെ ഭാഗമായുള്ള ശക്തമായ നിയമമാണ്. എന്നാല്‍ കാബ് അഭയാര്‍ത്ഥികളെ അംഗീകരിക്കുന്ന പ്രശ്‌നമാണ്.

എന്‍ആര്‍സിയെ എന്തിനാണ് മുസ്ലിങ്ങള്‍ ഭയപ്പെടുന്നത്. ഭയപ്പെടേണ്ട ഒരു ആവശ്യവുമില്ല. കാരണം നമ്മുടെ രാജ്യത്ത് ധാരാളം പേര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. അവരെ തിരിച്ചോടിക്കണം. എന്താണ് അമിത് ഷാ പറഞ്ഞത്, ഈ ഭാരതത്തിന്റെ ഒരു ഇഞ്ച് പോലും വിദേശ പൗരന്‍മാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നാണ്. വളരെ ദേശസ്‌നേഹപരമായ നിലപാടാണ് അമിത് ഷാ പറഞ്ഞിട്ടുള്ളത്. അതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്.

സൗദി അറേബ്യയിലും മുസ്ലിങ്ങളായ അഭയാര്‍ത്ഥികളെ ജയിലില്‍ ഇടുന്നു

സൗദി അറേബ്യയില്‍ മതിയായ രേഖകളില്ലാത്തവരെ പിടിച്ച് ജയിലില്‍ ഇടുന്നുണ്ട്. രണ്ട് ലക്ഷത്തോളം പേരുണ്ട്. അതില്‍ മുസ്ലിങ്ങളുണ്ട്. അവരെ തുറന്ന് വിടണം എന്ന് പറയാന്‍ പറ്റുമോ. മലേഷ്യ-സിങ്കപ്പൂര്‍ അതിര്‍ത്തിയില്‍ ഒരു പക്ഷി അതിര്‍ത്തി കടന്നാല്‍ വെടിവച്ചിടും. മെക്‌സിക്കോ- അമേരിക്ക അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ മതില്‍ കെട്ടുന്നു.

നമ്മുടെ രാജ്യത്തേക്ക് ലക്കുംലഗാനുമില്ലാതെ ആര്‍ക്കും കടന്ന് വരാം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇത് ദേശവിരുദ്ധമായ നിലപാട് അല്ലേ. പല രാജ്യങ്ങളും അഭയാര്‍ത്ഥികളെ ജയിലില്‍ ഇട്ടിട്ടുണ്ട്. നമുക്കും മാനാഭിമാനം ഇല്ലേ.

അസമിലെ പ്രശ്‌നം ഗൗരവകരമാണ്. വിദേശികളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അവിടെ തോറ്റ് തുന്നം പാടി. അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ അധികാരം പിടിച്ചു. 1951-ല്‍ നിയമം കൊണ്ട് വന്നിട്ടും നടപ്പിലാക്കുന്നതില്‍ അഴകൊഴമ്പന്‍ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ധീരമായ നിലപാട് സ്വീകരിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മുസ്ലിങ്ങളെ ഭയപ്പെടുത്തി മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തി വോട്ട് ബാങ്കാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പൗരത്വ ബില്ലിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൗരത്വ ബില്‍ മനുഷ്യപറ്റുള്ളത്: ബിജെപി വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ള കുട്ടി 2

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More