“ചിന്തിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പങ്കുവയ്ക്കരുത്‌ “

സ്പ്രിംക്‌ളര്‍ വിവാദം രാഷ്ട്രീയമായിരുന്നുവെങ്കിലും അത് ഡാറ്റ, ഡാറ്റ ചോര്‍ച്ച, ഡാറ്റ വില്‍പന, ഡാറ്റയുടെ മൂല്യം എന്നിവയൊക്കെ ടെക്ക് സമൂഹത്തിന് പുറത്ത് ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയിരുന്നു. ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് തലപുകയുമ്പോള്‍ തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ അച്ചടക്കമില്ലാതെ നാം ഇടപെടുന്നു. ഉപാധികളൊന്നുമില്ലാതെ നമ്മെതന്നെ സ്വയം വിവിധ മൊബൈല്‍ ആപ്പുകള്‍ക്കും മറ്റും വെളിപ്പെടുത്തുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ശുചിത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നാം എന്തുകൊണ്ട് സൈബര്‍ ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നില്ല?. ഉത്തരവാദിത്വങ്ങളെ കുറിച്ച് പറയുമ്പോള്‍ ഉത്തരവാദിത്വമുള്ള സാമൂഹിക മാദ്ധ്യമ ജീവിതത്തിനുള്ള സാദ്ധ്യത ആരായുന്നില്ല?. ഉത്തരങ്ങള്‍ നിരവധിയുണ്ട്. ചോദ്യങ്ങളും. ധനശ്രീയോട് നര്‍ത്തകിയും വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററുമായ പാട്ടത്തില്‍ ധന്യാ മേനോന്‍ പ്രതികരിക്കുന്നു.

ഡാറ്റ സംബന്ധിച്ച് വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. ഡാറ്റ അമൂല്യമാണെന്ന വാദമാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ഡാറ്റ ഈസ് ആന്‍ ഓയില്‍ എന്ന വാദത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഡാറ്റ അമൂല്യമാണ്. അത് ഏത് സ്ഥാപനത്തെ സംബന്ധിച്ചും. വിവരങ്ങള്‍, അറിവുകള്‍ എല്ലാം സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ആസ്തിയാണെന്ന് പറയാം. സാധാരണക്കാരനെ സംബന്ധിച്ചും ഇനി അങ്ങോട്ട് വിവരങ്ങള്‍ ഏറ്റവും നിര്‍ണ്ണായകമാണ്. ഇനി വരാന്‍ പോകുന്നതെന്ന് പറയുന്നതും തെറ്റാണ്. ഇപ്പോള്‍ മാത്രമല്ല. എപ്പോഴും അങ്ങനെയാണ്. പ്രത്യേകതരം വിവരങ്ങളുടെ കാര്യത്തില്‍, ആരോഗ്യകാര്യത്തില്‍, സൈബര്‍ സ്പേസില്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. പിന്നെ പണ്ടത്തേക്കാള്‍ ഇപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ മൂല്യത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകുന്നത്.

എന്താകാം ഈ ഡാറ്റകള്‍ കൊണ്ടുള്ള ഉപയോഗം?

നിസാരമായ ഒരു കാര്യം പറയാം. ഒരു സ്ഥാപനത്തിന് അതിന്റെ പല ഗവേഷണങ്ങള്‍ക്കായി വിവരങ്ങള്‍ ഉപയോഗിക്കാം. ഒരു കാര്‍ നിര്‍മ്മാണ കമ്പനിയുടെ കാര്യം തന്നെ തന്നെ എടുക്കാം. കാറിന്റെ കളര്‍ എന്ത് വേണമെന്ന് കമ്പനിക്ക് തീരുമാനമെടുക്കണം. പണ്ടാണെങ്കില്‍ കുറെ ആളുകളെ കണ്ട്, ഡീലേഴ്സിനെ കണ്ട്, ഉപഭോക്താവിനെ കണ്ട്, ഷോറൂമില്‍ നേരിട്ട് ചെന്നൊക്കെ വിവരം ശേഖരിച്ചാണ് തീരുമാനമെടുത്തിരുന്നത്.

ഇപ്പോള്‍ അതൊന്നും വേണ്ട. സോഷ്യല്‍ മീഡിയയിലോ, ഓണ്‍ലൈനിലൂടെയോ ഒക്കെ ഈ വിവരങ്ങള്‍ ശേഖരിക്കാം. ശരിയായ തീരുമാനമെടുക്കാം. ഞാനീ പറഞ്ഞത് ഒട്ടും ഉപദ്രവമില്ലാത്ത ഒരു കാര്യമാണ്.

അല്ലാത്ത എത്രയോ ഡാറ്റകള്‍, എത്രയോ തീരുമാനങ്ങള്‍. നമ്മുടെ ജീവിതത്തെ പാടെ മാറ്റി മറിക്കുന്നതും സമൂഹത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതുമായ എത്രയോ കാര്യങ്ങളില്‍ ഇടപെടാം.

"ചിന്തിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പങ്കുവയ്ക്കരുത്‌ " 1

ഇതിന് തുടര്‍ച്ചയായുള്ള ഒരു ചോദ്യമാണ്. നാം അറിഞ്ഞാ അറിയാതെയോ എത്രയോ വിവരങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ, ആപുകളിലൂടെയോ ഒക്കെ കൈമാറുന്നുണ്ട്. ഇതൊക്കെ നമുക്ക് ഒഴിവാക്കാനാകുമോ?

അറിയാതെ എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. നമ്മള്‍ സ്വമേധയാ ചെയ്ത് കൊടുക്കുന്നതിനാലാണ് അവര്‍ക്കിതെല്ലാം കിട്ടുന്നത്. ഏത് ആപ്ലിക്കേഷനിലും ഏത് പ്ളാറ്റ്ഫോമിലും കയറുന്നതിന് മുമ്പ് എല്ലാറ്റിലും ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് കൊടുത്തിട്ടുണ്ടാകും.

ഡാറ്റ ഉപയോഗിച്ചോട്ടെ എന്ന് അവര്‍ ചോദിക്കുന്നുണ്ട്. നാമതെല്ലാം സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി.

നാം ട്രെയിനില്‍ കയറുന്നു എന്ന് ഇരിക്കട്ടെ. എങ്ങോട്ടാണ് പോകുന്നത്, ഏത് കമ്പാര്‍ട്ട്മെന്റാണ്, ഏത് ടിക്കറ്റാണ് എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കാറില്ലേ. പക്ഷേ ഡാറ്റയുടെ കാര്യത്തില്‍ നാം സ്വീകരിക്കുന്ന രീതിയെന്താണ്. ഏതോ ട്രെയിന്‍ വരുന്നു.

ഏത് ദിശയിലേക്ക് പോകുന്നു എന്നറിയാതെ ചുമ്മാ കയറിപ്പോകുകയാണ്. 99 ശതമാനം ആളുകളും സാമൂഹിക മാദ്ധ്യമങ്ങളും പല ആപ്പുകളും ഉപയോഗിക്കുന്നത് ഇങ്ങനെയാണ്. ഏത് പ്ളാറ്റ്ഫോമും അറിഞ്ഞ് ഉപയോഗിക്കുക. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സിന്റെ കാര്യത്തിലും നാം ഇങ്ങനെയൊക്കെ തന്നെയാണ്.

ഡാറ്റ വിശകലനം ചെയ്യുകയും സ്വീകരിക്കുകയും സംഭരിക്കുകയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുണ്ടല്ലോ? ഏതൊക്കെ ഘട്ടങ്ങളിലാണ് ഡാറ്റ മോഷ്ടിക്കപ്പെടുകയെന്ന് പറയാനാകുമോ?

സാങ്കേതികമായി ഏത് ഘട്ടത്തിലും സംഭവിക്കാം. അത് ശേഖരിക്കുന്നിടത്താകാം, പ്രോസസ് ചെയ്യുന്നിടത്താകാം. ട്രാന്‍സ്ഫര്‍ ചെയ്യുന്നിടത്താകാം. മോഷണം ഏത് ഘട്ടത്തിലും സംഭവിക്കാം. മോഷ്ടാവ് എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്നത് അനുസരിച്ചിരിക്കും കാര്യങ്ങള്‍. മോഷ്ടാവ് എവിടെ മോഷ്ടിക്കണം എന്ന് തീരുമാനിക്കുന്നതും ഇക്കാര്യം നോക്കിത്തന്നെയാകും.

ഡാറ്റ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു കേട്ടതാണ് അമേരിക്കയില്‍ ഡാറ്റ സംഭരിച്ചാല്‍ മോഷണ സാദ്ധ്യതയേറെ, ഇന്ത്യയില്‍ സംഭരിച്ചാല്‍ കുറവ് എന്ന മട്ടിലുള്ള ചര്‍ച്ചകള്‍. എന്താണ് അതിലെ വാസ്തവം ?

അതില്‍ വല്യ കാര്യമില്ല. എവിടെ സംഭരിച്ചാലും മോഷ്ടിക്കാന്‍ തീരുമാനിച്ചവന്‍ മോഷ്ടിച്ചിരിക്കും. ഏതിടത്തായാലും ഏത് രാജ്യത്താണെങ്കിലും മോഷ്ടിക്കാന്‍ തീരുമാനിക്കുന്നവന് മോഷണം എവിടെയും അസാദ്ധ്യമൊന്നുമല്ല. പക്ഷേ മറ്റൊരു കാര്യമുണ്ട്. അങ്ങനെയൊരു മോഷണ സാഹചര്യമുണ്ടായി എന്ന് വയ്ക്കുക. നമുക്ക് അമേരിക്കയില്‍ പോയി വാദിക്കാന്‍ പറ്റുമോ. നമ്മുടെ നിയമവ്യവസ്ഥ പ്രകാരം അവിടെ വാദിക്കാന്‍ പറ്റുമോ.

അങ്ങനെ ചെയ്യണമെങ്കില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സര്‍വസമ്മതമായ ഒരു ഉടമ്പടി പ്രകാരമുള്ള നിയമസാദ്ധ്യത നിലവിലുണ്ടാകണം. അതിന് ഒരു കരാര്‍ വേണമെന്നതാണ് പ്രധാനം. അല്ലാതെ ഇന്ത്യന്‍ നിയമങ്ങള്‍ വച്ചിട്ട് അമേരിക്കയില്‍ പോയി വാദിക്കാനൊന്നും പറ്റില്ലല്ലോ. കാര്യം ലളിതമാണ്. രണ്ട് രാജ്യങ്ങളും അംഗീകരിക്കുന്ന എല്ലാ ഇടപാടുകളെയും ശരിവയ്ക്കുന്ന ഒരു കരാര്‍ നിലവിലുണ്ടാകണം.

നേരെ മറിച്ച് ഡാറ്റ ഇന്ത്യയില്‍ സ്വീകരിച്ച്, അമേരിക്കയില്‍ സംഭരിച്ച്, ഇംഗ്ളണ്ടില്‍ വിശകലനം ചെയ്ത് സിംഗപ്പൂരില്‍ ഉപയോഗിക്കുന്നുവെന്നിരിക്കട്ടെ. നാല് രാജ്യങ്ങളിലെയും നിയമവ്യവസ്ഥ പ്രകാരം ഈ ഡാറ്റ സംരക്ഷിക്കാനും ലംഘനമുണ്ടായാല്‍ ശിക്ഷയ്ക്കുമുള്ള വ്യവസ്ഥ ഉള്‍പ്പെടെ കരാറില്‍ ഉണ്ടാകണം. ലംഘനമുണ്ടായാല്‍ നഷ്ടപരിഹാരത്തിനും ശിക്ഷയ്ക്കുമുള്ള വ്യവസ്ഥ കൂടി ഉള്‍ക്കൊണ്ടിരിക്കുകയും വേണം. ഏറ്റവും നല്ലത് നാലുഘട്ടങ്ങളും

ഒരു രാജ്യത്ത് തന്നെയാക്കുന്നതാണ്. മോഷ്ടിക്കില്ലെന്ന ഗ്യാരന്റിയൊന്നുമില്ല. നിയമസാധുത കൂടുതല്‍ ഉണ്ടെന്നതാണ് പ്രധാനഗുണം. ഡാറ്റ സ്വീകരിക്കുന്നതും സംഭരിക്കുന്നതും വിശകലനം ചെയ്യുന്നതും ഉപയോഗിക്കുന്നതുമെല്ലാം ഒരേ രാജ്യത്താണെങ്കില്‍ നന്നായിരിക്കും.

പക്ഷേ പല ചര്‍ച്ചകളിലും ഡാറ്റ മോഷണം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമല്ലെന്ന വാദം ഉയരുന്നുണ്ട്. അത് എത്രത്തോളം വാസ്തവമാണ്. അങ്ങനെയെങ്കില്‍ കര്‍ശന നിയമങ്ങള്‍ ഏത് രാജ്യത്താണ് ഉള്ളത്?

ഇന്ത്യന്‍ ഐ.ടി ആക്ട് ശക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്താണ് ആളുകള്‍ അങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്നുണ്ട്. അത് ശരിയായി ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്.

സെക്ഷന്‍ 43 മുതല്‍ സെക്ഷന്‍ 65 വരെയുള്ള നിയമങ്ങളാണ് ഇതില്‍ പ്രധാനം. സെക്ഷന്‍ 43 സിവില്‍ നഷ്ടപരിഹാരത്തെ കുറിക്കുന്നതാണ്. സെക്ഷന്‍ 65 ഒക്കെ ക്രിമിനല്‍ നടപടി ക്രമങ്ങളാണ്. നിയമത്തിന് വ്യക്തതയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

വ്യക്തതയേക്കാള്‍ വേണ്ടത് വ്യാഖ്യാനത്തിനുള്ള സാദ്ധ്യതയാണ്. മോശം നിയമമാണെന്ന് എനിക്ക് അഭിപ്രായമില്ല. പിന്നെ ഡാറ്റ ലോ സംബന്ധിച്ച് രാജ്യങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ താരതമ്യം ചെയ്തിട്ടില്ല. പക്ഷേ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കര്‍ശന നിയമങ്ങളാണെന്നാണ് കരുതുന്നത്. അത് ഐ.ടി ആക്ടിന്റെ ഗുണം മാത്രമല്ല.

അവിടെ വ്യക്തി സ്വകാര്യതാ നിയമങ്ങളൊക്കെ കര്‍ശനമാണ്. രണ്ട് നിയമങ്ങളും കൂടി ഒരുമിച്ച് വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും കൊണ്ടുള്ള സാദ്ധ്യതയാണ് അവിടെ കാണുന്നതെന്ന് തോന്നുന്നു.

പല സോഫ്റ്റ്വെയറുകള്‍ നാം ഉപയോഗിക്കുന്നുണ്ട്. അതിലൂടെയുള്ള ഡാറ്റ മോഷണത്തിനുള്ള സാദ്ധ്യത എത്രത്തോളമുണ്ട്?

ഡാറ്റ മോഷണത്തിനുള്ള സാദ്ധ്യത എവിടെയുമുണ്ട്. സോഫ്റ്റ്‌വെയറൊക്കെ എങ്ങനെ ഡിസൈന്‍ ചെയ്യുന്നു എന്നതൊക്കെ അനുസരിച്ചിരിക്കും കാര്യങ്ങള്‍. പിന്നെ നൂറ് ശതമാനം സംരക്ഷണം വാഗ്ദാനം ചെയ്യാവുന്ന ഒരു സാങ്കേതിക വിദ്യയും എവിടെയും ഇല്ല.

ഇക്കാലത്ത് സൈബര്‍ നിയമങ്ങളുടെ പ്രാധാന്യമെന്താണ് ?

സര്‍വവ്യാപിയാണ് സൈബര്‍ ലോകം. അതില്‍ മുങ്ങിജീവിക്കുകയാണ് നാമോരോരുത്തരും. ഇപ്പോള്‍ കുറ്റകൃത്യങ്ങളില്‍ വരെ സൈബര്‍ തെളിവുകള്‍ നിര്‍ണ്ണായകമാകുന്നു. തെളിവ് ശേഖരണത്തിനു വരെ സഹായിക്കുന്നു.

ഏതൊക്കെ വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും കൈകാര്യം ചെയ്യേണ്ടി വരാറ്?

എണ്ണം വച്ച് നോക്കിയാല്‍ എണ്ണം കൂടുതല്‍ സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. പക്ഷേ നാം ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുക സാമ്പത്തിക ഇടപാടുകളും സാമ്പത്തിക പ്രശ്നങ്ങളും സംബന്ധിച്ചാണ്.

സ്ത്രീകള്‍ അഭിപ്രായം പറയുകയോ, തുറന്ന് പറയുകയോ ചെയ്യുമ്പോള്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ വേര്‍ബല്‍ റേപ്പിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് കരുതുന്നത് ?

ഓരോരുത്തരുടെയും സംസ്‌കാരം അനുസരിച്ചാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഓരോരുത്തരും ഇടപെടുന്നത്. അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായാല്‍ അതിനെതിരെ നടപടിയെടുക്കുക. ഐ.ടി ആക്ടിലെ 65 മുതല്‍ 68 വരെയുള്ള സെക്ഷനുകള്‍ അതിന് നിയമസാധുത നല്‍കുന്നുണ്ട്.

മൂന്ന് വര്‍ഷം തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ചുമത്തപ്പെടാം. അതിന് സ്ത്രീ തന്നെ പരാതിയുമായി മുന്നോട്ടുവരണം. സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറായാല്‍ ഇത്തരം ആളുകള്‍ പതിയെ പിന്‍വലിയും. പിന്നെ ഇക്കാര്യത്തിലൊക്കെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാന്‍ പൊലീസ് ജാഗ്രത കാണിക്കേണ്ടതുണ്ട്. പലയിടങ്ങളിലും പൊലീസ് സംവിധാനം അത്ര ജാഗ്രത കാണിക്കാറില്ലെന്നതാണ് അനുഭവങ്ങള്‍.

ഇത് കൊവിഡ് കാലമാണ്. ഹൈജീനിനെ (ശുചിത്വം) കുറിച്ചാണ് ചര്‍ച്ചകള്‍. സൈബര്‍ ഹൈജീന്‍ എന്ന വാദം മുന്നോട്ടുവയ്ക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ഏതൊക്കെയാണ് നിര്‍ദ്ദേശിക്കുക.

ഇക്കാര്യങ്ങള്‍ കൊല്ലങ്ങള്‍ക്ക് മുമ്പേ പറയുന്നതാണ.് നാം ഒരു വിവരം കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെയാണതെന്ന ധാരണ വേണം. ഡാറ്റ ഒറ്റയ്ക്കായാണോ കൂട്ടമായിട്ടാണോ കൈകാര്യം ചെയ്യുന്നതെന്ന കാര്യം പരിഗണിക്കുക. മണി മാനേജ്മെന്റ് പോലെ തന്നെയാണത്. എക്സ്പോസ് ചെയ്യാനുള്ള (വെളിപ്പെടാനുള്ള) സാദ്ധ്യത കണക്ക് കൂട്ടണം.

നാമൊക്കെ 2000 രൂപയാണെങ്കില്‍ പേഴ്സാണ് ഉപയോഗിക്കുക. 20,000 ആണെങ്കിലോ അത് ബാഗിലാക്കും. ഇരുപത് ലക്ഷമാണെങ്കില്‍ പെട്ടിയിലാക്കും. രണ്ടോ മൂന്നോ പേരെ ഒരു സുരക്ഷിതത്വത്തിനായി കൂടെ കൂട്ടുകയും ചെയ്യും. സംരക്ഷണസാദ്ധ്യതകള്‍ കൂടി തേടും. അതേ രീതി തന്നെയാണ് ഇക്കാര്യത്തിലും അവലംബിക്കേണ്ടത്. വെളിപ്പെടാനുള്ള സാദ്ധ്യത കണ്ടെത്തി ആ റിസ്‌ക് കണക്കാക്കി സുരക്ഷിത മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് പോംവഴി.

അവിയല്‍ പോലെ എല്ലാ വിവരങ്ങളും ഒരു ഗാഡ്ജറ്റിലാണ് നാം കൊണ്ടുനടക്കുന്നത്. പല ഡാറ്റകള്‍ പലരീതിയില്‍ സംഭരിക്കുകയും ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. ഒഫീഷ്യല്‍ വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവയ്ക്ക് വെവ്വേറെ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുക.

വിവരങ്ങള്‍ സംഭരിക്കുമ്പോഴും കൈമാറ്റം ചെയ്യുമ്പോഴും ശ്രദ്ധിക്കുക. പൊതുവായി വെളിപ്പെടുത്തേണ്ടി വരുമ്പോള്‍ അച്ചടക്കത്തോടെ അത് നിര്‍വഹിക്കുക. രഹസ്യാത്മകമായി സൂക്ഷിക്കേണ്ടത് അങ്ങനെ തന്നെ സൂക്ഷിക്കുക. പിന്നെ ഓരോരുത്തരുടെയും ഡാറ്റയുടെ കാര്യത്തില്‍ പുലര്‍ത്തേണ്ടത് വ്യത്യസ്ത മാനദണ്ഡങ്ങളാണ്.

"ചിന്തിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പങ്കുവയ്ക്കരുത്‌ " 2

ഹാക്കിംഗ് എന്നാല്‍ എന്താണ്? ഒ.ടി.പി തട്ടിപ്പൊക്കെ ഈ ഗണത്തില്‍ വരുന്നതാണോ ?

നമ്മുടെ സമ്മതമില്ലാതെ നമ്മുടെ കമ്പ്യൂട്ടറിലോ, ഗാഡ്ജറ്റിലോ നെറ്റ് വര്‍ക്കിലോയെത്തി വിവരങ്ങള്‍ എടുക്കുന്നതിനെയാണ് ഹാക്കിംഗ് എന്ന് പറയുന്നത്. പക്ഷേ അത് സാങ്കേതിക പ്രാഗത്ഭ്യം വേണ്ട കാര്യമാണ്.

ശ്രദ്ധിച്ച് , പ്രത്യേക ലക്ഷ്യം വച്ച് , ഒരാളെ നോട്ടമിട്ട്, സമയമെടുത്ത്, വിവരം തട്ടിയെടുക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടാകും. സാധാരണക്കാരന്റെ ഡാറ്റയുടെ കാര്യത്തില്‍ ഹാക്കിംഗിന്റെ ആവശ്യമുണ്ടോ. പക്ഷേ എല്ലാം ഹാക്കറുടെ ആവശ്യം അനുസരിച്ചിരിക്കും.

ഒ.ടി.പി കൈക്കലാക്കി സാമ്പത്തികമായി തട്ടിക്കുന്നത് പലതും ഫിഷിംഗ് എന്ന രീതിയാണ്. അത് പക്ഷേ സമ്മതമില്ലാതെ ചെയ്യുന്നതല്ല. നമുക്ക് അന്യായമായി എന്തെങ്കിലും വാഗ്ദാനം ചെയ്ത് നമ്മുടെ ഡാറ്റയോ ഒ.ടി.പിയോ കബളിപ്പിച്ച് തട്ടിയെടുത്ത് അത് ഉപയോഗിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്.

സ്പ്രിംക്‌ളറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? ഈ വിവാദങ്ങളില്‍ എത്ര കഴമ്പുണ്ട് ?

ഈ പ്രത്യേക പ്രശ്നത്തില്‍ രേഖകളൊന്നും ഞാന്‍ പരിശോധിച്ചിട്ടില്ല. പറഞ്ഞു കേട്ടിടത്തോളം ഡാറ്റ പോകാനുള്ള സാദ്ധ്യത തള്ളിക്കളയാനൊന്നുമാകില്ല. ഇന്ത്യയിലുള്ള സാദ്ധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നും അറിയില്ല. രണ്ടാമത്തെ കാര്യം ഇരുപാര്‍ട്ടികളും തമ്മിലുള്ള കരാറാണ്. കരാറുണ്ടായിട്ടില്ലെന്ന് പറയാന്‍ എനിക്കാവില്ല. ചെയ്തിട്ടുണ്ടാകണം. ചെയ്യണം അത് മാത്രമേ പറയാനുള്ളൂ.

സാമൂഹിക മാദ്ധ്യമങ്ങളുടെ ഇക്കാലത്തെ ഇടപെടലുകളെ എങ്ങനെ കാണുന്നു? ഉത്തരവാദിത്ത സാമൂഹിക മാധ്യമ ജീവിതം എന്നത് എങ്ങനെ സാക്ഷാത്കരിക്കാനാകും

സാമൂഹിക മാദ്ധ്യമങ്ങള്‍ പൊസിറ്റീവായും നെഗറ്റീവായും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. കാര്യങ്ങള്‍ അറിഞ്ഞ് ഇവ ഉപയോഗിക്കണമെന്നതാണ് പ്രധാന കാര്യം. അതിന് പ്രത്യേക നിയമങ്ങള്‍ പൊതുവായി പ്രയോഗിക്കാനൊന്നും ആകില്ല. ഞാനൊരു നര്‍ത്തകി കൂടിയാണ്. അതിനാല്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചരണ സാദ്ധ്യത രസമായിട്ട് ഉപയോഗപ്പെടുത്താറുണ്ട്.

നല്ല സന്ദേശങ്ങളൊക്കെ നമുക്ക് കൈമാറാനുമാകും. അല്ലാതെ ഇന്ന് രാവിലെ ധരിച്ച വസ്ത്രത്തിന്റെ നിറം, കഴിച്ച ഭക്ഷണം എന്നിങ്ങനെയുള്ള വ്യക്തിപരമായ ഇഷ്ടങ്ങളും വിവരങ്ങളുമൊക്കെ കൈമാറുന്നവരുമുണ്ട്. ഓരോരുത്തരും ഓരോ രീതിയിലാണ് ഇതെല്ലാം ഉപയോഗിക്കുന്നത്. ഒരു കാര്യവും, ചിന്തിക്കാതെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം.

പ്രത്യേകിച്ച് സ്വയം ശരിയാണെന്ന് തോന്നാത്ത കാര്യങ്ങള്‍ ഒരിക്കലും ഷെയര്‍ ചെയ്യരുത്. റെസ്പോണ്‍സബിള്‍ നെറ്റിസണ്‍ എന്ന പദം ആ അര്‍ത്ഥത്തിലാണ് കാണേണ്ടത്. പിന്നെ ഇത്തരം കാര്യങ്ങളില്‍ പ്രത്യേക നിയമമൊന്നും നമുക്ക് അടിച്ചേല്‍പ്പിക്കാനാകില്ലല്ലോ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More