കേരള മാതൃകയെ ബ്രാന്‍ഡ് ചെയ്യുന്നത് ദോഷമാകും

ഈ പകര്‍ച്ചവ്യാധിക്കാലത്ത് ബാല്‍ക്കണികളുടെ പ്രാധാന്യത്തെക്കുറിച്ച് പലരും സംസാരിച്ച് തുടങ്ങുന്നു. വൈറല്‍സന്ദേശങ്ങളായി അവ പങ്കുവയ്ക്കപ്പെടുന്നു. ബാല്‍ക്കണികളിലിരുന്ന് ഏറെ മനുഷ്യര്‍ പുറം ലോകത്തോട് സംസാരിക്കുന്നു. സംഗീതം പൊഴിക്കുന്നു, പരസ്പരം അഭിവാദ്യം ചെയ്യുന്നു. ലോകം പാടെ മാറിപ്പോയി. കാത്തുവച്ചതും കരുതി വച്ചതും ചോര്‍ന്നുപോകുമ്പോള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന അടയാളം കാട്ടലാണ് ഏറെ പ്രാധാന്യമുള്ളതെന്ന് അവര്‍ കരുതുന്നു. ഇക്കാലത്ത് കേരളം പതിയെ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ്. ഫ്ളാറ്റന്‍ ദ കര്‍വ് വിജയിച്ചതിന്റെ ചുവടു പറ്റി. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ചിറകില്‍ സാമൂഹികമായി അകലം പാലിക്കുമ്പോഴും സാമൂഹികമായ ഇടപെടലിലൂടെ. കേരള മാതൃകയെ കുറിച്ച്‌, മാറുന്ന ലോകത്തെക്കുറിച്ച്, കേരളത്തിലെ ഇളവുകള്‍ എങ്ങനെ നമ്മെ സ്വാധീനിക്കുമെന്നതിനെ കുറിച്ച്, വാക്സിനുകളെക്കുറിച്ച്, അതിജീവനത്തിന് നാം എത്ര നാള്‍ കാത്തിരിക്കണമെന്നതിനെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പാത്തോളജി പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. കെ.പി അരവിന്ദനുമായി ധനശ്രീ സംസാരിക്കുന്നു.

കോവിഡ് 19 ലോകമാകെ പടരുമ്പോള്‍ പൊതുജനാരോഗ്യത്തെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്താണ് നാം കോവിഡില്‍ നിന്ന് പഠിക്കുന്നത്?

ലോകം തന്നെ സാമ്പത്തികമായി സാംസ്‌കാരികമായി കെട്ടിപ്പടുത്തിട്ടുള്ള സംവിധാനങ്ങളൊക്കെ അട്ടിമറിക്കാന്‍ ചെറിയ വൈറസ് മതിയെന്ന് തിരിച്ചറിയാനുള്ള അവസരമാണിത്. ഇത്തരം പകര്‍ച്ചവ്യാധികള്‍ നിരന്തരമായി വരാനുള്ള സാദ്ധ്യതയുണ്ടെന്നും തടയാനായി ഭാവിയിലേക്ക് എന്ത് ചെയ്യണമെന്നും ആലോചിക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത് വരുന്നതെന്ന് നാം ഗൗരവമായി ആലോചിക്കണം.
വളരെ പെട്ടെന്ന് ലോകം മുഴുവന്‍ സഞ്ചരിക്കാനാകുമെന്നതാണ് ഇന്നു നാം കാണുന്ന പ്രധാനമാറ്റം.

വലിയ കൂട്ടം ആളുകള്‍ ലോകത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ഒരു ഗ്ളോബല്‍ വില്ലേജ് എന്നത് ഇപ്പോള്‍ സങ്കല്പമല്ല യാഥാര്‍ത്ഥ്യമാണ്. ഏത് കോണില്‍ വരുന്ന ഏത് വൈറല്‍ രോഗവും ഏതു സ്ഥലത്തുമെത്താം. മൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്കെത്തുന്ന പ്രക്രിയ ലോകത്തെപ്പോഴുമുണ്ട്. പക്ഷേ ആദ്യമൊക്കെ അവിടെ മാത്രം രോഗമുണ്ടായി കെട്ടടങ്ങുകയായിരുന്നു പതിവ്.

എച്ച്.ഐ.വി ആഫ്രിക്കയില്‍ 1940നും 50നും ഇടയില്‍ പ്രത്യേക സ്ഥലത്ത് ആള്‍ക്കുരങ്ങില്‍ നിന്നും വന്നതാണ്. ഏറെ നാള്‍ ആഫ്രിക്കയില്‍ ചെറിയ തോതില്‍ ഒതുങ്ങി നിന്നു. മനുഷ്യന്റെ സഞ്ചാരരീതിയിലെ മാറ്റങ്ങളുടെ ഭാഗമായാണ് പെട്ടെന്ന് എച്ച്.ഐ.വി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകത്ത് എല്ലായിടത്തുമെത്തുന്നത്.

സാര്‍സും സാര്‍സ് രണ്ടും അതേ ക്രമത്തിലാണ് ലോകത്ത് പടര്‍ന്നത്. ഇനിയും അങ്ങനെ സംഭവിക്കാം. വനനശീകരണം, വന്യമൃഗങ്ങള്‍, മനുഷ്യരും വളര്‍ത്തുമൃഗങ്ങളും അടുത്തിടപെഴകാനുള്ള സാഹചര്യം അങ്ങനെ കാരണങ്ങള്‍ പലതാണ്. ഈ സാഹചര്യങ്ങള്‍ കുറച്ചു കൊണ്ടുവരാനാകുമോ എന്ന് ആലോചിക്കണം. ഇങ്ങനെ പലവിധത്തില്‍ നാം ചിന്തിക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ മാത്രമല്ല , ലോകം ഒന്നാകെ ഇക്കാര്യം ആലോചിക്കണം.

കേരള മാതൃകയെ ബ്രാന്‍ഡ് ചെയ്യുന്നത് ദോഷമാകും 1

ആതുരസേവന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമെടുത്താല്‍ ഇറ്റലി, ഫ്രാന്‍സ്, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവ ലോകത്ത് തന്നെ മികച്ചത് എന്ന് പേര് കേട്ടതാണ്. ഡോക്ടര്‍-നഴ്സ്-രോഗി അനുപാതം, ഒരു രോഗത്തിന് രോഗി ചെലവഴിക്കുന്ന പണത്തിന്റെ തോത്, അടിസ്ഥാന സൗകര്യത്തിന് പണം ചെലവഴിക്കുന്ന അനുപാതം അങ്ങനെ ഈ റാങ്കിംഗിന് മാനദണ്ഡമാക്കുന്നത് നിരവധി കാര്യങ്ങളാണ്. കൊവിഡിന്റെ കാലത്ത് ഈ മാനദണ്ഡങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നുണ്ടോ?

ശരിയാണ്. മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇറ്റലിയൊക്കെ മികച്ച ട്രാക്ക് റെക്കോഡുള്ള രാജ്യമാണ്. സാമാന്യം നല്ല സംവിധാനങ്ങളുമുണ്ട്. പക്ഷേ മറ്റൊരു കാര്യമുണ്ട്. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. അത്രയും പ്രതികൂലമായത് എന്തുകൊണ്ടെന്ന് ഇനിയും പഠിക്കണം. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെപ്പിറകിലുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗമെടുത്താല്‍ തന്നെ കാഠിന്യവും മരണനിരക്കും കൂടുതലാണെന്നും കാണാം. അത് എന്തുകൊണ്ടാണെന്ന ഉത്തരം തേടണം.

തണുപ്പ് കൂടുതല്‍ ഉള്ളതു കൊണ്ടാണോ, രോഗത്തിന് വ്യാപിക്കാനുള്ള സാഹചര്യം (എക്സ്പൊഷര്‍) തുറന്ന് കിട്ടിയതുകൊണ്ടാണോ എന്നൊക്കെ പഠിക്കണം. പക്ഷേ ഒന്ന് ഉറപ്പാണ്. കൊവിഡ് മൂലം എല്ലാ രാജ്യങ്ങളിലും മാറ്റമുണ്ടാകും. പൊതുജനാരോഗ്യത്തിനും പൊതുസംവിധാനത്തിനും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകും. പൊതുസംവിധാനങ്ങളില്‍ പണം ചെലവഴിച്ചാലേ ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ രക്ഷയുണ്ടാകൂ എന്ന് പല രാജ്യങ്ങളും മനസിലാക്കിക്കഴിഞ്ഞു.

സ്പെയിനിന്റെ കാര്യം തന്നെ എടുത്താല്‍, ഈ കാലഘട്ടത്തില്‍ താത്കാലികമായി സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. വേണ്ട സംവിധാനങ്ങള്‍ ഇല്ല എന്ന ബോദ്ധ്യത്തിലാകുമല്ലോ അത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവര്‍ അതിന് നിര്‍ബന്ധിതരാകുകയായിരുന്നു. പക്ഷേ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിറകിലാണ്. ജി.ഡി.പിയുടെ 1.3 ശതമാനം മാത്രമേ ഈ മേഖലയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നുള്ളൂ.

കൊവിഡില്‍ കേരളമാതൃകയെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമെടുത്താല്‍ വളരെ മെച്ചപ്പെട്ടതെന്ന് നമുക്ക് വിലയിരുത്താനാവില്ല. മാതൃക സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് തോന്നുന്നു. ശരിക്കും ആരോഗ്യമേഖലയിലെ വികേന്ദ്രീകൃത സംവിധാനങ്ങളാണോ, നാം നടപ്പിലാക്കിയ രീതികളാണോ ഏതാണ് നിര്‍ണ്ണായകമായത്?

KP Aravindan : കേരളത്തില്‍ കാര്യങ്ങള്‍ വഷളാകും മുമ്പ് സ്വയമേവ രംഗത്തിറങ്ങിയ രാഷ്ട്രീയ നേതൃത്വമാണ് നിര്‍ണ്ണായകമായ ശക്തികളില്‍ ഒന്നെന്നാണ് ഞാന്‍ കരുതുന്നത്. ലോകത്തില്‍ അങ്ങനെ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന നേതൃപദവിയിലുള്ള ആളുകളുടെ എണ്ണം തുലോം കുറവായിരുന്നു. താഴെത്തട്ടില്‍ വരെ അവര്‍ക്ക് സംവിധാനങ്ങളെ ചലിപ്പിക്കാനായി. രണ്ടാമത് നിര്‍ണ്ണായകമായത് താഴെത്തട്ടിലുള്ള ജനകീയക്കൂട്ടായ്മകളായിരുന്നു. അവരുടെ കാര്യക്ഷമതയായിരുന്നു കേരളത്തിന്റെ ശക്തി. ഗ്രാമപ്രദേശത്ത് അവരെ സഹായിക്കാന്‍ വികേന്ദ്രീകൃത മാതൃകകളുമുണ്ടായിരുന്നു. ജനകീയ ജനാധിപത്യ സംവിധാനങ്ങളായ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പോലുള്ള സംവിധാനങ്ങള്‍ തുണയായി.

മുകളില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുകയും വളരെ വേഗം അത് താഴേത്തട്ടില്‍ നടപ്പിലാക്കുകയും ചെയ്തു.
വളരെ പെട്ടെന്ന് ആശ്രയിക്കാവുന്ന വൊളണ്ടറി സംഘങ്ങളും കുടുംബശ്രീ, അംഗനവാടി, ആശാ വര്‍ക്കര്‍ പോലുള്ള അടിത്തട്ടിലുള്ള സംഘങ്ങളും സംവിധാനത്തെ കരുത്തുറ്റതാക്കി. എണ്ണത്തില്‍ തന്നെ അവര്‍ വളരെ വലിയ കൂട്ടമായിരുന്നു.

ഏറ്റവും താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെ തന്നെ ജനങ്ങളില്‍ ബോധവത്കരണവും ഫലവത്തായി. ദൂരത്ത് നിന്നുള്ള ഉത്തരവുകള്‍ പോലെയല്ല, തൊട്ടടുത്തുള്ള ആള് പറയുമ്പോള്‍ ആളുകള്‍ കൂടുതലും കേള്‍ക്കും. രോഗത്തെ പറ്റി, രോഗവ്യാപനത്തെ പറ്റി, സാമൂഹിക വ്യാപനത്തെ പറ്റി എല്ലാം അവബോധം ഉണ്ടാകും. ക്വാറന്റൈന്‍ തന്നെ ഫലവത്തായി നടപ്പിലാക്കിയതും ഈ ജനങ്ങള്‍ തന്നെയായിരുന്നു. അവര്‍ തന്നെ നിരീക്ഷണ സംവിധാനത്തെ കാര്യമായ പിഴവില്ലാത്ത വിധം കാര്യക്ഷമതയുള്ളതാക്കി. അതൊക്കെ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഇന്ത്യയുടെ മലേറിയ മരുന്ന് മാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്ന് ഉള്‍പ്പെടെ ചില പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ പാര്‍ശ്വഫലം ഉണ്ടാക്കുമെന്ന മുന്നറിയിപ്പും ഉണ്ട്. എന്താണ് ഇതിന് പിന്നിലെ വാസ്തവം?

ഇതൊക്കെ സംബന്ധിച്ചുള്ള വസ്തുതകള്‍ പഠനം നടത്തി മാത്രമേ അളക്കാനാകൂ. നമ്മുടെ മലേറിയ മരുന്ന് സംബന്ധിച്ച് (ഹൈഡ്രോക്സി ക്ളോറോക്വിന്‍) ഫ്രാന്‍സില്‍ ചെറിയ ഒരു പഠനം നടന്നിരുന്നു. ഈ മരുന്ന് വൈറസിന്റെ എണ്ണം കുറയ്ക്കുന്നു എന്നൊരു കണ്ടെത്തലും അവര്‍ നടത്തി. രോഗം വരാതിരിക്കാന്‍ വേണ്ടി കഴിക്കാം എന്ന് ഐ.സി.എം.ആര്‍ പറയുന്നുണ്ടെങ്കിലും അത് ശരിക്കും പഠനത്തെ അടിസ്ഥാനമാക്കിയല്ല.

ഈ മരുന്ന് ഉപയോഗിച്ച ശേഷമുള്ള വസ്തുതകള്‍ പരിശോധിച്ചാലേ ഇതെല്ലാം വിശകലനം ചെയ്യാനാകൂ. ഇന്നത്തെ നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ക്കൊന്നും തെളിവില്ല. വൈറ്റമിന്‍ ഡിയുമായി ബന്ധപ്പെട്ട പ്രചരണത്തിലും അങ്ങനെ തന്നെയാണ്. തെളിവിന്റെ അടിസ്ഥാനത്തിലല്ല, ഗുണമുണ്ടായേക്കാം എന്ന അനുമാനത്തിലാണ് ഈ പ്രചരണം. വേറെ മരുന്ന് ഇല്ലാത്ത സ്ഥിതിക്ക് ഉപയോഗിക്കാമെന്നേ ഉള്ളൂ. പക്ഷേ ഇതാണ് പ്രതിവിധി എന്ന മട്ടിലുള്ള പ്രചരണം ശരിയല്ല.

തെറ്റായ പ്രചരണമുണ്ടായി, വ്യാപകമായി ജനം കഴിച്ചാല്‍ ദോഷം ചെയ്യും. പ്രമേഹം മൂലം കണ്ണിന് കുഴപ്പമുള്ളവര്‍ക്ക്, ഹൃദ്രോഗം ഉള്ളവര്‍ക്ക് എല്ലാം മലേറിയ മരുന്ന് ഗുരുതരമായേക്കാം. ടെസ്റ്റ് ചെയ്യാതെ സ്വമേധയാ ഒരു മരുന്നും പരീക്ഷിക്കരുത്. മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം പരിഗണിക്കണം. ചെറിയ പഠനങ്ങള്‍ ജനറലൈസ് ചെയ്യാനാകില്ല.

പ്രവാസികള്‍, ഇതരസംസ്ഥാനത്ത് ഉള്ളവരുടെ മടങ്ങിവരവ് ലോക്ക് ഡൗണ്‍ കാലത്താക്കുന്നതല്ലേ കൂടുതല്‍ നല്ലത്?. മറിച്ച് ലോക്ക് ഡൗണ്‍ പിന്നിട്ട് അവരിവിടെയെത്തി കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ വീണ്ടും ലോക്ക് ഡൗണ്‍ തന്നെ വേണ്ടി വരില്ലേ?

അവരെല്ലാം ഇപ്പോള്‍ തിരിച്ചു വരികയാണെങ്കില്‍ പിന്നെ ഇത് ലോക്ക് ഡൗണ്‍ ആകില്ലല്ലോ. അവര്‍ എവിടെയാണോ അവിടെത്തന്നെ തുടരുകയാണ് ഇപ്പോള്‍ വേണ്ടത്. ലോക്ക് ഡൗണ്‍ രോഗവ്യാപനം കുറച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ചെയ്യുന്നത്. പ്രവാസികളും മറ്റും തിരിച്ചെത്തുമ്പോള്‍ അവരെ പ്രത്യേകം നിരീക്ഷിച്ച് പ്രത്യേക ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ് നല്ലത്. പരിശോധനകളും നടത്താം.

കോവിഡിനെ നേരിടാന്‍ ലോകവ്യാപകമായി സ്വീകരിക്കുന്ന രീതി സാമൂഹിക അകലം പാലിക്കല്‍, ലോക്ക് ഡൗണ്‍, കൂടുതല്‍ പരിശോധന എന്ന സംവിധാനമാണ്. കേരളം ഫ്ളാറ്റന്‍ ദ കര്‍വ് എന്ന നേട്ടം കൈവരിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പക്ഷേ പരിശോധനകളുടെ കാര്യത്തില്‍ ലോകശരാശരിയില്‍ നാം ഏറെ പിന്നിലാണ്. ലക്ഷണങ്ങളില്ലാത്ത രോഗികളാണ് ഇറ്റലിയെ ശവപ്പറമ്പാക്കിയതെന്ന യാഥാര്‍ത്ഥ്യം മുന്നിലുള്ളപ്പോള്‍ എത്രത്തോളം വിശ്വസനീയമാണ് ഈ ഡാറ്റകള്‍?

ഈ മൂന്ന് രീതികളോടൊപ്പം തന്നെ ബ്രേക് ദ ചെയിന്‍ എന്ന രീതിയും കൂടി ചേര്‍ന്നതാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍. ഫ്ളാറ്റന്‍ ദ കര്‍വ് എന്നതാണ് ഇതിന്റെ ഫലം. ഇതെല്ലാം ഫലമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ തന്നെ ഏറെക്കുറെ ഫലപ്രദമായിട്ടുണ്ട്. കേരളത്തില്‍ ഈ കര്‍വിനെ ഏറെ താഴേക്ക് കൊണ്ടുവരാനായി.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നേരത്തെ തന്നെ കൊവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടാകാം ഫ്ളാറ്റന്‍ ദ കര്‍വ് കാര്യക്ഷമമായത്. പിന്നെ മറ്റൊരു കാര്യം വ്യാപകമായ പരിശോധനയാണ്. പക്ഷേ അതിന് ടെസ്റ്റ് കിറ്റ് ലഭ്യമല്ല. അക്കാര്യത്തില്‍ പരിമിതികളുണ്ട്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടേ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യങ്ങളൊക്കെ ചെയ്യാനാകൂ. പക്ഷേ രോഗം പൊട്ടിപ്പുറപ്പെടുന്ന ഒരു അവസ്ഥയ്ക്ക് തടയിടാനായെന്നാണ് എന്റെ വിലയിരുത്തല്‍. 2, 4, 8, 16 എന്ന ക്രമത്തിലുള്ള രോഗികളുടെ വര്‍ദ്ധനവിനെ എന്തായാലും നമുക്ക് തടയിടായി.

കോവിഡ് വാക്സിനില്ലാത്ത ഒരു രോഗമാണ്. അമേരിക്കയിലൊക്കെ ഉയര്‍ന്നുവന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി വാദം (ആര്‍ജ്ജിത പ്രതിരോധ ശേഷി) അങ്ങനെ തള്ളിക്കളയേണ്ട ഒന്നാണോ ? ഇത്തരം രോഗങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം എന്നത് സ്വയാര്‍ജ്ജിത പ്രതിരോധമല്ലേ ? ലോക്ക് ഡൗണ്‍ ഈ സ്വയാര്‍ജ്ജിത പ്രതിരോധത്തെ പരിമിതപ്പെടുത്തുന്നില്ലേ?

തീര്‍ച്ചയായിട്ടും തള്ളിക്കളയേണ്ട വാദമല്ല ഹെര്‍ഡ് ഇമ്മ്യൂണിറ്റി. രണ്ട് രീതിയിലാണ് ഇത് ആര്‍ജ്ജിക്കുക. ഒന്ന് നാച്ചുറല്‍ ഇന്‍ഫെക്ഷന്‍ (രോഗം വരാന്‍ അവസരം നല്‍കുക) കൊടുക്കുക. പിന്നെ വാക്സിനേഷന്‍ നല്‍കി നമുക്ക് രോഗത്തിനെതിരെ ഇമ്മ്യൂണിറ്റി ആര്‍ജിക്കാം. പക്ഷേ ഇവിടെ വാക്സിന്റെ കാര്യത്തില്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിയുണ്ട്. വാക്സിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ വേണ്ടി വരും.

അതുവരെയുള്ള കാലഘട്ടത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ആകട്ടെ എന്ന് കരുതി വെറുതെ ഇരുന്നാല്‍ രോഗം വളരെ പെട്ടെന്ന് പടരും. ആശുപത്രി, ബെഡ്, ഐ.സി.യു എന്നിവയൊന്നും മതിയാകില്ല. ഗുരുതരമായിട്ടുള്ള രോഗികളില്‍ 10 ശതമാനം പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കേണ്ടതുണ്ട്. രണ്ട് ശതമാനത്തിനെങ്കിലും വെന്റിലേറ്റര്‍ വേണ്ടി വരും. എല്ലാവരും രോഗബാധിതരായാല്‍ ചികിത്സ നല്‍കാനാകില്ല. ഇറ്റലിയില്‍ അതാണ് സംഭവിച്ചത്.

വെന്റിലേറ്റര്‍ കൊടുക്കേണ്ടത് ആര്‍ക്ക് എന്നത് സംബന്ധിച്ച് അവിടെ ആശയക്കുഴപ്പമുണ്ടായി. ഒരാളെ മരണത്തിന് വിടുക, മറ്റൊരാളെ തെരഞ്ഞെടുക്കുക എന്നത് നൈതികമായ ഒരു പ്രശ്നം കൂടിയാണ്. ഈ രോഗവ്യാപനം സാവധാനം ആക്കലാണ് പ്രതിവിധി. സാവധാനം ആക്കിയാല്‍ 50-60 ശതമാനം ആളുകള്‍ പതുക്കെ പ്രതിരോധ ശേഷി കൈവരിക്കും. വാക്സിന്‍ വരുന്നതുവരെ നീട്ടാനായാല്‍ നമുക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ മുക്തി നേടാനാകും.

കേരള മാതൃകയെ ബ്രാന്‍ഡ് ചെയ്യുന്നത് ദോഷമാകും 2

ലോക്ക് ഡൗണിന് നാം ഇപ്പോള്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കിയിരിക്കുകയാണ്. ഇത് രോഗ വ്യാപനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത് ?

പക്ഷേ ഈ തീരുമാനങ്ങള്‍ ഒന്നും പൂര്‍ണ്ണമായി മെഡിക്കല്‍ ആയി എടുക്കുന്നതല്ല. ഈ ലോക്ക് ഡൗണ്‍ അനന്തമായി തുടരാനാകില്ല. വരുമാനമില്ലാതെ ഇരിക്കുകയാണ് എല്ലാവരും. പിന്നെ അതിന്റെ പ്രത്യാഘാതം പലപ്പോഴും കോവിഡ് മരണ നിരക്കിനേക്കാള്‍ ഉയര്‍ന്നേക്കാം. അതിന്റെ ഭാഗമാണീ ഘട്ടം ഘട്ടമായുള്ള ഇളവുകള്‍. ഇനി പുതിയ കേസുകള്‍ ഉണ്ടാകാം.

പതിയെ രോഗവ്യാപനം ഉണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് സംവിധാനമുണ്ട്. ഘട്ടം ഘട്ടമായിട്ടാകുമ്പോള്‍ അഞ്ച് മാസം ഒക്കെ ആകും പതിയെ സാധാരണ അവസ്ഥയിലെത്താന്‍. വാക്സിന്‍ എത്രയും പെട്ടെന്ന് കിട്ടുകയാണെങ്കില്‍ പിന്നെ ഭീതി ഒഴിയും. വാക്സിന്റെ കാര്യത്തില്‍ പ്രാരംഭ നടപടികള്‍ ആയിട്ടുണ്ടെന്നാണ് വിവരം. ചൈനയില്‍, അമേരിക്കയിലൊക്കെ ഗവേഷണം നടക്കുന്നുണ്ട്. യു.കെയില്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. അത് വരുന്നതോടെ പ്രശ്നം ഒഴിവാകും.

പിന്നെ ഇക്കാലത്ത് റിവേഴ്‌സ് ക്വാറന്റൈനും കൂടി നടപ്പിലാക്കണം. കോവിഡ് 19 രോഗം കൊണ്ടുള്ള മരണ സാദ്ധ്യത ഏറെയും പ്രായമായവരിലും ചില സ്ഥായീരോഗങ്ങള്‍ ഉള്ളവരിലുമാണ്. ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, കാന്‍സര്‍, കടുത്ത പ്രമേഹം എന്നിവയൊക്കെയാണീ രോഗങ്ങള്‍. ഇത്തരക്കാരെ കോവിഡ് കാലത്ത് പ്രത്യേകം സംരക്ഷിക്കേണ്ടതുണ്ട്.

കോവിഡ് ബാധിതരെ ബാക്കി സമൂഹത്തില്‍ നിന്ന് മാറ്റി നിറുത്തുന്നതാണ് ക്വാറന്റൈന്‍ സംവിധാനം. അതു പോലെ കോവിഡ് ബാധയില്ലാത്ത പ്രത്യേകം സംരക്ഷണം വേണ്ടയാളുകളെയും തത്കാലം മറ്റുള്ളവരില്‍ നിന്ന് മാറ്റി നിറുത്തുന്നതാണ് റിവേഴ്സ് ക്വാറന്റൈന്‍. ഇത് വീടുകള്‍ക്കുള്ളില്‍ പോലും പാലിക്കേണ്ടതാണ്. കോവിഡ് മൂലമുള്ള ഗുരുതര രോഗാവസ്ഥയും മരണവും കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

വാര്‍ത്തകളില്‍ ക്യൂബന്‍ മോഡല്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കേരളമോഡല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ നിറയുന്നത്. ക്യൂബന്‍ മോഡലിനെയും കേരള മോഡലിനെയും എങ്ങനെ താരതമ്യം ചെയ്യാം?

മോഡല്‍ എന്ന രീതിയില്‍ കേരളത്തെ കാണാനാകുമോ എന്നെനിക്കറിയില്ല. ഈ രോഗത്തെ കാര്യക്ഷമമായി കേരളം നേരിട്ടു എന്നത് ശരിയാണ്. നിലവിലുള്ള പ്രോട്ടോകോളുകളും മാതൃകകളും നാം നല്ല രീതിയില്‍ നടപ്പിലാക്കി എന്നതാണ് ഞാന്‍ കാണുന്നത്. പിന്നെ അതിനായി നമ്മുടെ ഗ്രാസ് റൂട്ട് ലെവല്‍ സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ചു എന്നതും ശരിയാണ്. പക്ഷേ ക്യൂബന്‍ സാഹചര്യം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ക്യൂബ ഏറെ നാളായി ആരോഗ്യമേഖലയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്. ലോകത്തെ മികച്ച ഡോക്ടര്‍ രോഗി അനുപാതമുള്ള രാജ്യവുമാണ്. ബയോ ടെക്‌നോളജി രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. അവര്‍ നിര്‍മ്മിച്ച ഇന്റര്‍ ഫോറോണ്‍ മരുന്ന് കേരളത്തിലടക്കം ലഭിച്ചു. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രശ്നബാധിത മേഖലയിലെത്തി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നതും നമുക്ക് കാണാനാകും. ഇറ്റലിയിലൊക്കെ അവരെത്തുന്നത് നാം കാണുന്നുണ്ട്.

നാം ഒരു വിപണി കേന്ദ്രീകൃത ലോകത്താണ് താമസിക്കുന്നത്. കേരള മാതൃകയ്ക്ക്‌ അതിര്‍ത്തി കടന്നും പ്രശംസകളെത്തുന്നു. ബ്രാന്‍ഡ് എന്ന നിലയില്‍ അതിന് മൂല്യവുമുണ്ട്. ആ മൂല്യം ഉപയോഗപ്പെടുത്തി നമുക്കെന്തുകൊണ്ട് അടിസ്ഥാനസൗകര്യ വികസനത്തിലെ പോരായ്മകള്‍ പരിഹരിച്ചു കൂടാ ? സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ ഒരു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സംവിധാനത്തിലൂടെയോ മറ്റോ നമുക്കെന്ത് കൊണ്ട് അതിന് ഫണ്ട് കണ്ടെത്തിക്കൂടാ?

പൊതുജനാരോഗ്യം സാമൂഹിക ഇടപെടലിലൂടെ നടപ്പിലാക്കാനാകുന്നു എന്നത് ശരി തന്നെയാണ്. പക്ഷേ ബ്രാന്‍ഡ് എന്ന ആശയം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് എനിക്ക് ആശങ്കകളുണ്ട്.

അത് നമുക്ക് ചിലപ്പോള്‍ ദോഷം ചെയ്തേക്കാം. ഇതുമൂലം അപകടമെന്തെന്ന് വച്ചാല്‍ കേരളത്തിന് പണം വേണ്ടായെന്ന തീര്‍പ്പിലേക്ക് കേന്ദ്രം എത്തിയേക്കാം. കേരളം പെര്‍ഫക്ട് ആണെങ്കില്‍ പിന്നെന്തിന് പണം എന്ന ചോദ്യവും ഉയരും.
ഇപ്പോള്‍ കൊവിഡുമായി ബന്ധപ്പെട്ട ഫണ്ട് അനുവദിച്ചപ്പോഴും കേരളം പിന്നിലായത് നാം കണ്ടതാണ്. മഹാരാഷ്ട്രയിലും കേരളത്തിലും ഒരേ പോലെ കേസുകളുള്ളപ്പോള്‍ പണം അനുവദിച്ചതെങ്ങനെയെന്ന് നാം കണ്ടു.

പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ് ബാധ ഉണ്ടായപ്പോള്‍ കോണ്‍ട്രാക്ട് ട്രേസിംഗില്‍ നമ്മള്‍ നടത്തിയ അത്യദ്ധ്വാനം കൊണ്ടാണ് ഇങ്ങനെയെല്ലാമെങ്കിലും കാര്യങ്ങള്‍ എത്തിയത്. അതുകൊണ്ട് കേരളബ്രാന്‍ഡെന്ന വാദത്തോട് യോജിപ്പില്ല. വില്‍ക്കാന്‍ നമുക്ക് ഒന്നുമില്ല എന്നതാണ് പ്രശ്നം. ഡോക്ടര്‍ രോഗി അനുപാതം മെച്ചപ്പെടാനുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടാനുണ്ട്.

പക്ഷേ സാമൂഹികമായി കേരള ബ്രാന്‍ഡിന് പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ബ്രാന്‍ഡ് ലോകാരോഗ്യ സംഘടനയൊക്കെ അംഗീകരിച്ചതാണ്. വരുമാനം കുറഞ്ഞിട്ടും മികച്ച ആരോഗ്യ സൂചികയാണ് കേരളത്തിന്റേത്. കേരളം, ശ്രീലങ്ക, കോസ്റ്റാറിക്ക എന്നിവ ഈ ഗണത്തില്‍ വരുന്നതാണ്. ലോകോസ്റ്റ് ഹെല്‍ത്ത് (കുറഞ്ഞ ചെലവില്‍ ആരോഗ്യം) എന്ന ആശയമാണ് നാം സാക്ഷാത്കരിക്കുന്നത്. സാമൂഹികമായ നിരവധി ഘടകങ്ങളാണ് അതിന് തുണയാകുന്നത്.

കോവിഡ് കാലത്തെ മെഡിക്കല്‍ വിദ്യാഭ്യാസ പരിഷ്‌കരണം ഏത് ദിശയിലാകും മുന്നോട്ടുപോകുക?

വികസിത രാജ്യങ്ങളിലെ കരിക്കുലമാണ് നാം പലപ്പോഴും പകര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കരിക്കുലത്തില്‍ ഏറിയ പങ്കുമുള്ളത് ജീവിതശൈലി രോഗങ്ങള്‍, കാന്‍സര്‍ എന്നിവയെക്കുറിച്ചാണ്. പക്ഷേ ഇനി ലോകം മുഴുവന്‍ കൂടുതലായി പകര്‍ച്ച വ്യാധികളുടെ നിയന്ത്രണം, സാമൂഹികക്കാഴ്ചപ്പാടുകള്‍ എന്നിവയ്‌ക്കൊക്കെ ഊന്നല്‍ നല്‍കേണ്ടി വരും. അത് വീണ്ടും അജണ്ടയിലേക്ക് തിരിച്ചുവരും. സാംക്രമിക രോഗങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന ബോധം ഉയര്‍ന്നുവരും.

ആന്റി ബയോട്ടിക് റെസിസ്റ്റന്‍സ് എന്ന ഒരു ഭീഷണി കൂടി ആശങ്ക ഉയര്‍ത്തുന്നില്ലേ?

വൈറസിന്റെ കാര്യത്തിലല്ല അത് ബാക്ടീരിയയുടെ കാര്യത്തിലാണ് പ്രസക്തമാകുന്നത്. ആന്റിബയോട്ടിക്കുകള്‍ ഫലവത്താകാത്ത അവസ്ഥ നാം കൂടുതല്‍ പഠിക്കേണ്ടി വരും. കരിക്കുലത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരും. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗ കാര്യത്തില്‍. മോശമായത് കൊണ്ടതല്ല, അത് അമൂല്യമായത് കൊണ്ട് ആവശ്യത്തിന്, ചുരുങ്ങിയ സമയത്തേക്ക് മാത്രം കൊടുക്കണം. മൃഗങ്ങള്‍ക്ക് പരമാവധി കൊടുക്കാതിരിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അത് പിന്തുടരണം.

കൊവിഡിന് മുമ്പ്, ശേഷം എന്ന രീതിയില്‍ ചരിത്രത്തെ രണ്ടായി പകുക്കുന്നുണ്ട് ഇക്കാലഘട്ടം. എങ്ങനെയാണ് സാമ്പത്തികമായും ചികിത്സാപരമായും ഇത് ലോകത്തെ മാറ്റുക ?

ഇക്കാലം പിന്നിട്ടാല്‍ പൊതുജനാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പിന്‍സീറ്റിലിരുന്ന പൊതുജനാരോഗ്യം എന്നത് മുഖ്യധാരയിലേക്ക് കടന്നുവരും. മെഡിക്കല്‍ പദസമ്പത്തിലും അത് മാറ്റങ്ങളുണ്ടാക്കും. ഈ മേഖലയില്‍ വ്യക്തിഗത ആരോഗ്യത്തിലേക്കും സ്വകാര്യമേഖലയിലേക്കും വഴുതി നീങ്ങുകയായിരുന്നു ലോകമാകെ. പൊതുമേഖല, പൊതുജനാരോഗ്യം തുടങ്ങി പദങ്ങള്‍ക്ക് തിളക്കം കൂടും. ഈ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടത് ആവശ്യമായി മാറും.

കേന്ദ്രത്തിന്റേത്‌ മൊദാനി മോഡൽ കൊള്ള: വിജൂ കൃഷ്ണന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More