സബ്‌ കളക്ടർ പെണ്ണിന് എം.എൽ.എ ചെക്കൻ

ആദ്യം തമ്മില്‍ തല്ല്. പിന്നെയൊരു കോംപ്രമൈസ്. കഥയുടെ മധ്യഗതിയിലെത്തുമ്പോള്‍ നായകനും നായികയും തമ്മില്‍ പ്രണയം. ഒടുവില്‍ കല്ല്യാണം. ഇതൊക്കെയാണ് രാഷ്ട്രീയക്കാരനായ നായകനും സിവില്‍ സര്‍വീസുകാരിയായ നായികയും സിനിമാക്കഥയില്‍. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു എം.എല്‍.എയും സബ് കളക്ടറും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണം. അരുവിക്കര എം.എല്‍.എ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സിവില്‍ സര്‍വീസ് ദമ്പതികളാകുകയാണ് അവര്‍. ദിവ്യ എസ് അയ്യര്‍ ശബരിനാഥുമായുള്ള വിവാഹ തീരുമാനത്തെ കുറിച്ചും ഭാവിയെ കുറിച്ചും മീര നളിനിയുമായി സംസാരിക്കുന്നു.

ഡിപ്ളോമാറ്റിക്കായി ഉത്തരം പറയരുത്. ദിവ്യ-ശബരിനാഥിന്റേത്‌ പ്രണയവിവാഹമാണെന്ന് ഉറപ്പാണ്. എപ്പോൾ, എവിടെ വച്ച് മൊട്ടിട്ട പ്രണയമാണ് എന്ന് പറയൂ?

(ചിരി) ഞങ്ങൾ തന്നെയാണ് പരസ്പരം കണ്ടെത്തിയത്. ഞാൻ തിരുവനന്തപുരത്ത് എത്തിയതിന് ശേഷം മാത്രമേ ഇങ്ങനെയൊരു വ്യക്തിയെ പരിചയപ്പെടുന്നത്. ആറുമാസമാകുന്നതേയുള്ളൂ. ആദ്യം ഓഫിഷ്യലായി തന്നെയാണ് പരിചയപ്പെടുന്നത്. പിന്നെ, ഫോണിലൂടെ സംസാരിക്കുമായിരുന്നു. പഴ്സണൽ കാര്യങ്ങളൊക്കെ ഷെയർ ചെയ്യാൻ തുടങ്ങി. അപ്പോഴും ഫ്രണ്ട്സ് എന്ന നിലയ്ക്കായിരുന്നു. പിന്നെ, കല്ല്യാണം ഞങ്ങൾ രണ്ടു പേരുടെയും ഫാമിലീസിനെ അറിയാവുന്ന കോമൺ ഫ്രണ്ട്സ് ആണ് ആ ഒരു ഐഡിയ ഞങ്ങളുടെ തലയിൽ മുളപ്പിച്ചത്. പിന്നെ, ഞങ്ങൾ ചിന്തിച്ചു എന്തു കൊണ്ട് ആയിക്കൂടാ. അത് ശരിക്കും നല്ലൊരു ഐഡിയ തന്നെയായിരുന്നു. ഇത് വന്നപ്പോൾ ഞങ്ങൾ കുടുംബത്തോട് സംസാരിച്ചു. അല്ലാത്തൊരു ബന്ധത്തിന് ഞങ്ങൾ രണ്ടുപേർക്കും താൽപര്യമില്ലായിരുന്നു. അങ്ങനെ ഒരു റിസ്ക് എടുക്കാനുള്ള പൊസിഷൻസും അല്ലല്ലോ ഞങ്ങൾ രണ്ടുപേരുടെയും. ഞങ്ങൾ സംസാരിച്ചു തുടങ്ങിയെങ്കിലും, ഒരു പ്രണയം എന്ന് പറയാവുന്ന കൺവെൻഷണൽ പ്രണയത്തിന് പറ്റിയ സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടിയിട്ടുമില്ല. അങ്ങനെ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ കൂടുതൽ പ്രണയിച്ചേനെ. ഞങ്ങൾക്ക് പുറത്ത് പോയി ഒരു കോഫി കുടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നല്ലോ. ഇനിയായിരിക്കും ഞങ്ങളുടെ ആപ്റ്റ് ആയിട്ടുള്ള പ്രണയം ആരംഭിക്കാൻ പോകുന്നത്. ഒരു പക്ഷേ, പ്രണയിക്കാനുള്ള ആഗ്രഹം കൊണ്ടായിരിക്കാം ഞങ്ങൾ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പ്രണയിക്കാൻ വെമ്പൽ കൊള്ളുന്ന രണ്ടുപേരാണ് ഞങ്ങൾ.

ശബരിനാഥ്‌ എനിക്ക് യോജിച്ച പുരുഷനാണെന്ന് എപ്പോഴാണ് തോന്നിയത്?

വളരെ ക്ഷമാശീലനായ വ്യക്തിയാണ്. സോപ്പിംഗല്ല. നാട്ടുകാരു പറയുന്നതും അങ്ങനെയാണ്. ഞാൻ ഒന്നു രണ്ടു തവണ വഴക്കിടാൻ ശ്രമിച്ചപ്പോൾ അതൊക്കെ സോൾവായി. ഞാൻ ദേഷ്യക്കാരിയൊന്നുമല്ല. പക്ഷേ, പഴ്സണൽ ലൈഫിൽ പൊസസീവ് ആയ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ, പുള്ളിക്കാരൻ കുറച്ചൂടെ കാര്യങ്ങൾ ഒക്കെ നോക്കി, അനലൈസ് ചെയ്തിട്ടൊക്കെ തീരുമാനം എടുക്കുകയുള്ളൂ. ചാടിക്കയറി തീരുമാനിക്കില്ല. ശാന്തമായി, ക്ഷമയോടു കൂടി തീരുമാനിക്കുകയുള്ളൂ. എന്റെ പാർട്നറിൽ എനിക്ക് വേണമെന്ന് തോന്നിയ കാര്യമതാണ്. അത് ഒരു കാര്യം. പഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. ഞാൻ പല പല മേഖലകളിൽ കൈ വയ്ക്കുന്നത് കൊണ്ടും കളർഫുൾ ലൈഫ് ആയതുകൊണ്ടും വിവാഹശേഷം പഴ്സണൽ ലൈഫ് ഉണ്ടാകില്ല എന്ന ചിന്താഗതിയായിരുന്നു പലർക്കും. ഇതുവരെ ഈ മേഖലകളിലെല്ലാം ഒരു ബാലൻസ് കീപ്പ് ചെയ്യാൻ എനിക്ക് പറ്റിയിട്ടുണ്ട്. വിവാഹശേഷവും ഈ ബാലൻസ് ഉണ്ടാകണമെന്നുണ്ടായിരുന്നു. അദ്ദേഹത്തിനും ഒരു കളർഫുൾ ലൈഫുണ്ട്. ഒരു ദിവസം മുഴുവൻ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം അവർക്ക് വേണ്ടി ജോലിലും തിരികെ വീട്ടിൽ വരുമ്പോൾ അദ്ദേഹം ആ ബുദ്ധിമുട്ടുകളൊന്നും കൊണ്ടു വരാറില്ല. പഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും വെൽബാലൻസ്ഡ് ആയി കൊണ്ടു പോകുന്ന വ്യക്തിയാണ്. അങ്ങനെയൊരു വ്യക്തി കൂടെയുണ്ടായാൽ നമുക്കും ആ സ്ട്രെംഗ്ത്ത് കിട്ടുകയുള്ളൂ. പഴ്സണൽ ലൈഫ് പ്രൊഫഷണൽ ലൈഫിനെ ഡൈല്യൂട്ട് ചെയ്യുകയാണെന്ന് കരുതുന്ന വ്യക്തിയാണെങ്കിൽ നമുക്കും അങ്ങനെ ചെയ്യേണ്ടി വരും കുറച്ച് കഴിയുമ്പോൾ. ഇത് ഞങ്ങൾക്കിടയിലെ നല്ലൊരു പോയിന്റ് ആയിരുന്നു. രണ്ട് ലൈഫും ബാലൻസ് ചെയ്യാൻ പറ്റുമെന്നത് ഞങ്ങൾക്ക് ലൈഫ് മാനേജ് ചെയ്യാൻ പറ്റും എന്നതിന്റെ തെളിവായിരുന്നു.

വിവാഹ സ്വപ്നങ്ങൾ ഒന്നു പങ്കുവയ്ക്കാമോ?

ഒരുപാടൊന്നും സ്വപ്നം കണ്ടിട്ടില്ല. ലളിതമായിട്ടുള്ള കല്ല്യാണമായിരിക്കണമെന്നാണ് പണ്ടുമുതൽ ആഗ്രഹിച്ചിട്ടുള്ളത്. അതുപോലെ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. കല്ല്യാണത്തിന് ഫാമിലീസ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഏതെങ്കിലും അമ്പലത്തിൽ വച്ചായിരിക്കും കല്ല്യാണം. എവിടെയാണെന്ന് തീരുമാനിക്കുന്നതേയുള്ളൂ. പിന്നെ, തിരുവനന്തപുരത്ത് റിസപ്ഷനുണ്ടാകും. രണ്ടുപേരും തിരുവനന്തപുരത്തുകാരാണല്ലോ.

പ്രൊഫഷണൽ ലൈഫ് വീട്ടിൽ കൊണ്ടു വരേണ്ടതായിട്ടുള്ള കരിയറാണ് രണ്ടുപേരുടെയും. സ്വകാര്യ ജീവിതത്തെ ബാധിക്കില്ലേ?

സമയം എന്നത് വലിയ പ്രശ്നമല്ല. പൊതു സേവനത്തിന് മാറ്റി വയ്ക്കാനായിരിക്കും രണ്ടുപേരും തീരുമാനിക്കുന്നത്. എന്നാൽ, ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് സ്‌പെന്‍ഡ്‌ ചെയ്യുന്ന സമയത്തിന് ക്വാളിറ്റി കൊടുക്കാനാണ് ശ്രമിക്കുക. ഒരുപാട് സമയം ഒരുമിച്ചിരിക്കണമെന്നോ കല്ല്യാണം കഴിഞ്ഞ്‌ ഏതെങ്കിലും ഫാൻസി സ്ഥലത്ത് പോയി ഹണിമൂൺ ചെയ്യണമെന്നോ ഒന്നും ഞങ്ങൾ രണ്ടു പേർക്കുമില്ല. ലളിതമായിട്ടുള്ള ജീ വിതം നയിക്കുക എന്നതാണ് രണ്ടുപേരുടെയും ആഗ്രഹം. അതുപോലെ ചെയ്യുന്ന ജോലി ആയാലും വെറുതെ ജോലിക്കായി ചെയ്യുന്നവരല്ല രണ്ടുപേരും. വീ ആർ വെരി പാഷനേറ്റ് എബൗട്ട് ഔവർ പ്രൊഫഷൻ. ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. അപ്പോൾ വീ വാണ്ട് ടു കം ബാക്ക് ആൻഡ് ഷെയർ ഔവർ ജോയ്സ് ആൻഡ് നീഡ്സ് ഒഫ് ഔവർ പ്രൊഫഷൻ എന്നുണ്ട്. അത് ഞങ്ങൾ എൻജോയ് ചെയ്യുന്നുണ്ട്. ഇപ്പോൾ ടെക്നോളജി ഇത്രയും വികസിച്ചിരിക്കുകയല്ലേ. ഒരു ഷോപ്പിംഗിന് പോകാൻ കടയിൽ രണ്ടു മണിക്കൂർ ചെലവിടുന്നതിന് പകരം ഒരുമിച്ച് വീട്ടിലിരുന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്താമല്ലോ. സമയം ഒരുപാട് ലാഭിച്ച് സ്പെൻഡ് എ ക്വാളിറ്റി ടൈം എന്നതിന് ടെക്നോളജിയും ഹെൽപ് ആകും.

ലോ അക്കാദമി വിഷയത്തിൽ ഇത്ര കാര്യമായി ഇടപെട്ടതും പ്രണയിതാവിന് വേണ്ടിയായിരുന്നോ?

എനിക്ക് ആ സമയത്ത് ഇദ്ദേഹത്തിനെ അറിയത്തു പോലുമില്ല. ഇങ്ങനെ വ്യക്തിയുണ്ടെന്നറിയാം. പക്ഷേ, അത്തരമൊരു പഴ്സണൽ കണക്ഷൻ ഒന്നുമില്ലായിരുന്നു. ബാക്കി 139 എം.എൽ.എ മാരെ പോലെ 140-ാമതൊരു എം.എൽ.എ. അത്രേയുണ്ടായിരുന്നുള്ളൂ.

ഇനി ഇതുപോലെ വിവാദങ്ങൾ ഉണ്ടാകാനിരിക്കുന്നു. ജോലിയെ ബാധിക്കില്ലേ?

അതിൽ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിയമാധിഷ്ഠിതമായ തീരുമാനങ്ങൾ നമ്മളെടുക്കുമ്പോൾ അതിനൊരു രാഷ്ട്രീയ ചുവ നൽകാനല്ലേ ബാക്കിയുള്ളവരെ കൊണ്ടു പറ്റുകയുള്ളൂ. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എപ്പോഴും പാർട്ടിയുടെ ഐഡിയോളജിയും നയങ്ങളുമൊക്കെ വച്ചിട്ടായിരിക്കും. പക്ഷേ, എന്റെ തീരുമാനങ്ങൾ ഒരിക്കലും രഹസ്യമായിരിക്കില്ല. എപ്പോഴും തുറന്ന വെളിച്ചത്തിൽ, നിയമത്തെ അധിഷ്ഠിതമായിരിക്കും അവ. അപ്പോൾ അങ്ങനെ ഒരു പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. ഞാനൊരു രാഷ്ട്രീയ പ്രവർത്തകയും മറ്റൊരു പൊളിറ്റിക്കൽ പാർട്ടിയിലുമായിരുന്നെങ്കിൽ പ്രശ്നമുണ്ടാകും. പാർട്ടിക്കകത്തെ തീരുമാനങ്ങൾ മാധ്യമങ്ങൾക്കോ എന്നെപോലെ ബ്യൂറോക്രാറ്റ്സിനോ അറിയണമെന്നില്ലല്ലോ. അത് കുറച്ച് ദുരൂഹമായവയാണ്. എന്റേത്‌ തിരിച്ചും. അതുകൊണ്ട് അത് പ്രശ്നമാകില്ല.

രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഒരുപോലെയാണോ?

അല്ല. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു സ്ട്രോംഗ് രാഷ്ട്രീയ കാഴ്ചപ്പാടില്ല. ഞാൻ ക്ളൂലെസാണ്. വ്യൂസ് തെറ്റണമെങ്കിൽ എനിക്ക് ഒരു വ്യൂ വേണമല്ലോ. എനിക്ക് അങ്ങനെ ദൃഢമായ ഒരു കാഴ്ചപ്പാടില്ല, അദ്ദേഹത്തിന് ഉണ്ടുതാനും.

സബ്‌ കളക്ടർ വൈഫിന് പൊളിറ്റീഷ്യൻ ഹസ്ബന്റ്. സിനിമാറ്റിക്കാണല്ലോ?

പുറത്ത് സിനിമാറ്റിക്കായി തോന്നുമെങ്കിലും അകത്ത് എല്ലാവരും പച്ചയായ മനുഷ്യർ തന്നെയാണല്ലോ. നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം ഒന്നുതന്നെയാണല്ലോ. ഇന്ന് ഒരു ദിവസം മാധ്യമങ്ങൾ ചോദിച്ച് ചോദിച്ചാണ് ഇദ്ദേഹം ഒരു എം.എൽ.എ ആണെന്നും ഞാനൊരു സിവിൽ  സർവന്റാണെന്നും എനിക്ക് തന്നെ തോന്നിയത്. ഇത്രയും ദിവസം ഇതേക്കുറിച്ച് ഞാൻ ചിന്തിച്ചതേയുണ്ടായിരുന്നില്ല. ഈ ക്രഷ് അങ്ങ് കഴിഞ്ഞാൽ ശബരി എന്ന വ്യക്തിയെ മാത്രമേ ഞാൻ കാണുന്നുള്ളൂ. തിരിച്ച് ദിവ്യ എന്ന വ്യക്തിയെ മാത്രേ ശബരിയും കാണുന്നുള്ളൂ. രണ്ടുപേർക്കും ഒരുപാട് വർണാഭമായിട്ടുള്ള താൽപര്യങ്ങളുണ്ട്, ലക്ഷ്യങ്ങളുണ്ട്. അതെല്ലാം പരസ്പരം പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അതേസമയം, ബന്ധങ്ങളുടെ മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരുമാണ്. ഞങ്ങ8 അത്ര അൾട്രാ മോ‌ഡേൺ ആൾക്കാരല്ല. വസ്ത്ര ധാരണം തട്ട്, ജീവിതം എങ്ങനെ ആയിരിക്കണമെന്ന് ചിന്തിക്കുന്നതിൽ പോലും അത്ര അൾട്രോ മോഡേൺ അല്ല. ട്രഡീഷണലായി ചിന്തിക്കുകയും ചിട്ടയായി ജീവിക്കുകയും ചെയ്യുന്നവരാണ്. അത് ലൈഫ് ഈസിയാക്കുമെന്ന് കരുതുന്നു.

വിവാഹവിശേഷങ്ങ8 മാറ്റി വയ്ക്കാം. മെഡിക്കൽ പ്രൊഫഷൻ പിന്നെ സിവിൽ സർവീസ്. എങ്ങനെയായിരുന്നു ആ യാത്ര?

കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിവിൽ സർവീസ് എന്നത്. പിന്നെ ഹൈസ്കൂളിൽ എത്തിയപ്പോൾ സയൻസിനോടുള്ള ഒരു അഭിനിവേശം കൊണ്ട് മെഡിസിൻ പഠിച്ചു. ഒരുപക്ഷേ, സിവിൽ സർവീസ് പോലെ തന്നെ എനിക്ക് ഇഷ്ടമായിരുന്നു ആതുരസേവനവും. കമ്മ്യൂണിറ്റി മെഡിസിൻ അനുഭവങ്ങളിൽ നിന്നാണ് കമ്മ്യൂണിറ്റി സെർവീസിന് സിവിൽ സർവീസിന് എത്രത്തോളം സ്കോപ് ഉണ്ടെന്ന് മനസിലാകുന്നത്. അപ്പോൾ വീണ്ടും പഴയ ആഗ്രഹത്തിലേക്ക് തിരിച്ചു വന്നാൽ കൊള്ളാമെന്ന് തോന്നി പരീക്ഷയെഴുതി. ഒരുപക്ഷേ, വെല്ലൂരിൽ മെഡിസിൻ ചെയ്തതും കൊണ്ടും കൂടിയാവാം ഞാൻ സിവിൽ സർവീസിലേക്ക് വന്നത്. അത് ഒരു ബിസിനസ് സെന്റേർ‌ഡ് മെഡിക്കൽ കോളേജല്ല. എത്തിക്സിനും പേഷ്യന്റ് കെയറിനുമൊക്കെ ഒരുപാട് വാല്യൂസ് കൊടുക്കുന്ന സ്ഥാപനമാണ്. ഗ്രൗണ്ട് റിയാലിറ്റിയും ഗ്രാസ് റൂട്ടിൽ എന്തൊക്കെയാണ് പ്രശ്നമെന്ന് അറിയാനും അവിടെ നിന്ന് സാധിച്ചു. സേവനമേഖലയുടെ വ്യാപ്തി കൂട്ടുകയെന്നായിരുന്നു അപ്പോഴത്തെ എന്റെ ഒരു ആഗ്രഹം. അങ്ങനെ സൂപ്പർ സ്പെഷ്യലൈസ് ചെയ്ത് ഒരു കോർണറിലേക്ക് ഒതുങ്ങുന്നതിന് പകരം ഞാൻ എന്ന ഒരു വ്യക്തിയിലൂടെ സമൂഹത്തിന് കൂടുതൽ എന്ത് ചെയ്യാൻ ആകുമെന്നതായിരുന്നു ആലോചിച്ചത്. അങ്ങനെ സിവിൽ സർവീസിലേക്ക് വരികയായിരുന്നു.

എടുത്തതിൽ മികച്ചതെന്ന് തോന്നിയ തീരുമാനങ്ങളോ അനുഭവങ്ങളോ എന്താണ്?

ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്നതാണ് ചലഞ്ചിംഗ്‌ ആയിട്ടുള്ളത്. പ്രശ്നം വരുമ്പോൾ ആംഗ്രി മോബിനെ ഫേസ് ചെയ്യുക എന്നത്. എന്നാൽ തൃപ്തി തരുന്നത് ആ ജോലിയല്ല. കോട്ടയത്ത് ഉണ്ടായിരുന്നപ്പോൾ ഭിന്നശേഷിക്കാർക്കായി ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഓരോരുത്തരുടെയും വീടുകളിൽ സന്ദർശിച്ച് കുടുംബവുമായി സമയം ചെലവിടാനൊക്കെ സാധിച്ചു. മെന്റലി ചലഞ്ച്ഡ് ആയിട്ടുള്ളവരായിരുന്നു അധികവും 71 പേർക്ക് സർട്ടിഫിക്കേറ്റ് നൽകി, അതിൽ 25 പേരോളം ആളുകളുടെ വീടുകളിൽ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം മുഴുവൻ രൂപപ്പെടുകയാണ് അവരുടേത്. ഇവിടെ മുതിർന്ന പൗരന്മാർക്കായുള്ള ട്രബ്യൂണലിൽ ഉണ്ട്. മുതിർന്ന പൗരന്മാർക്കായി ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയാണ് തിരുവനന്തപുരം. എല്ലാ ദിവസവും കേസുണ്ടാവും. നിയമത്തിനകത്ത് നിന്നും പുറത്ത് നിന്നും അവർക്കായി എന്തു ചെയ്തു കൊടുക്കാമെന്നാണ് ഞാൻ നോക്കുന്നത്, അത് ചെയ്തു കൊടുക്കുന്നുമുണ്ട്. അങ്ങനെ ഒരുപാട് അമ്മമാാരുടെയും അച്ഛൻമാരുടെയും അനുഗ്രഹം കിട്ടുന്നുണ്ട്. ആ അനുഗ്രഹമാണ് ഇപ്പോൾ ഇങ്ങനെയൊരു വിവാഹം തന്നതെന്നും ഞാൻ കരുതുന്നു.

മാധ്യമങ്ങളും പൊതുസമൂഹവും ബ്യൂറോക്രാറ്റ്സിന്റെ കാര്യത്തിൽ കൂടുതൽ ഇടപെടുന്നുണ്ട് ഇപ്പോൾ. കളക്ടർ ബ്രോ പോലുള്ള വിളികളും അഭിപ്രായ പ്രകടനവുമൊക്കെ നല്ലതാണെന്ന് കരുതുന്നുണ്ടോ?

ഏതൊരു സ്ഥാനത്തിനും അതിന്റേതായ ബഹുമാനവും ആദരവും നാം കൊടുക്കണം. അതിന് യോജിക്കുന്ന രീതിയിലുള്ള പോപ്പുലാരിറ്റിയും ജനങ്ങൾക്കിടയിൽ ഇറങ്ങുന്നതും ആ പദവിക്ക് വിശേഷണമായാൽ കുഴപ്പമില്ല. എന്നാൽ, ആ പദവിയെ താഴ്ത്തുന്ന രീതിയിലുള്ള പോപ്പുലാരിറ്റി വേണ്ട.ഞാനെപ്പോഴും പറയാറുള്ള കാര്യമുണ്ട്. ഞാൻ പാട്ടുപാടുന്നു, ത്തം ചെയ്യുന്നു, അഭിനയിക്കുന്നു, പുസ്തകമെഴുതുന്നു എന്നതൊക്കെ ഞാൻ വർഷങ്ങളായി ചെയ്യുന്നതാണ്. എന്നാൽ ദിവ്യ.എസ്. അയ്യർ എന്നതിനേക്കാൾ ദിവ്യ. എസ്. അയ്യർ ഐ.എ.എസ് ചെയ്യുമ്പോൾ അതിന് കൂടുതൽ റീച്ച് കിട്ടുന്നു. പരിപാടി കാണാൻ വരുന്നവരും അഭിനന്ദിക്കുന്നവരും പത്തിരട്ടിയോ നൂറിരട്ടിയോ ആകുന്നു. അതൊക്കെ എന്റെ പദവിക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവുമാണ്. പദവിക്ക് പോപ്പുലാരിറ്റിയെന്നത് ഒരു അളവുകോലാണ്. ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിയും ആ പദവിക്ക് മാറ്റ് കൂട്ടുന്നതാവണം. അത് മാത്രമേ ഞാൻ നോക്കാറുള്ളൂ.

ഒരുപാട് മേഖലയിൽ ഒരേസമയം. എങ്ങനെ സമയം ക്രമീകരിക്കുന്നു?

ഞാൻ സമയത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കാറില്ല. സമയം വരും പോകും, അത്രേയുള്ളൂ. പുതിയ കാലഘട്ടത്തിൽ മാനേജ്മെന്റ് ട്രെയിനിംഗിലും മറ്റും ടൈംമാനേജ്മെന്റിനെ രു ഭീകരസത്വമാക്കി മാറ്റിയിരിക്കുകയാണ്. ഗാന്ധിജി മുതൽ നാം അറിയാവുന്ന എല്ലാവർക്കും ഒരേ സമയമാണുള്ളത്. എൻഡ്ലെസ് ഓപ്പർച്യുണിറ്റിയാണുള്ളത്. അതിൽ നാം ഏത് തിരഞ്ഞെടുത്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ഒരു ഉദാഹരണമുണ്ട്. ചുരിദാറും സാരിയും പോലെയാണ് സമയം. ഇപ്പോൾ നാം ചുരിദാർ അളവെടുത്ത് തയ്പിച്ച് നമ്മുടെ ദേഹത്തെ അതിനുള്ളിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് പോലെയാണ് ടൈം മാനേജ്മെന്റ്. അതേസമയം, സാരി പോലെയാണെങ്കിലോ നാം തടിച്ചാലും മെലിഞ്ഞാലും അത് നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് അങ്ങനെ നിന്നോളും. അതു പോലെ സമയത്തെ ഉപയോഗിക്കണമെന്നേ ഞാൻ പറയൂ. നമുക്ക് എന്തെങ്കിലും ചെയ്യാനുള്ള ഇച്ഛാശക്തിയുണ്ടെങ്കിൽ സമയം ഇങ്ങ് വന്നോളും. തേടിച്ചെല്ലേണ്ട കാര്യമില്ല.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More