“കാർട്ടൂണിസ്റ്റിന്റെ ഫ്രീഡം എഡിറ്റർ തളികയിൽ വച്ച് നീട്ടിത്തരുന്ന ഒന്നല്ല”

ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക കാർട്ടൂണുകളാണ്. കുട്ടികൾ കാണുന്ന ആനിമേഷൻ ചിത്രങ്ങളല്ല, വെളുത്ത പ്രതലത്തിൽ കറുത്ത മഷി കൊണ്ട് ജീവിതനേരുകളെ കോറിയിടുന്ന രാഷ്ട്രീയ സാമൂഹ്യ കാർട്ടൂണുകൾ. മലയാളിയെ പരിസരം മറന്ന് ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കാർട്ടൂണിസ്റ്റുകളുണ്ട്.  ശങ്കർ മുതൽ ഇങ്ങേതലയ്ക്കൽ എണ്ണിയാലൊടുങ്ങാത്ത നിരവധിപേർ.കാർട്ടൂണിന്റെ  മലയാളിപ്പെരുമയിൽ തന്റേതായ ഇടം കണ്ടെത്തിയ കാർട്ടൂണിസ്റ്റാണ് കേരളകൗമുദിയിലെ  ടി.കെ സുജിത്ത്. രാഷ്ട്രീയക്കാരുടെ നീരസത്തിലും രസമുണ്ടെന്ന് കണ്ടെത്തി സുജിത്ത് വരച്ച് നേടിയ അംഗീകാരങ്ങൾ ചെറുതല്ല.ഈ വർഷത്തെ മായാ കാമത്ത് ദേശീയ കാർട്ടൂൺ പുരസ്കാരം,സംസ്ഥാന മാധ്യമ അവാർഡ് എന്നിവയ്ക്ക് പുറമേ  ഏഴു സംസ്ഥാന പുരസ്കാരങ്ങൾ,ലളിതകലാ അക്കാദമി അവാർഡുകൾ,പ്രസ് ക്ലബ് പുരസ്കാരങ്ങൾ അങ്ങനെ നീളുന്നു അവ. സുജിത്ത് സംസാരിക്കുന്നു മീര നളിനിയുമായി, കാർട്ടൂണുകളെ കുറിച്ചും തന്റെ കാർട്ടൂൺ ജീവിതത്തെ കുറിച്ചും…

നിയമത്തിൽ ബിരുദാനന്തരബിരുദം   ഉണ്ടായിട്ടും  താൻ വരച്ചു ജീവിക്കും, കാർട്ടൂണിസ്റ്റ് ആകും എന്ന തീരുമാനം എടുത്തത് എപ്പോഴാണ്?

ചെറുപ്പത്തിൽ വരയ്ക്കുമായിരുന്നു  എങ്കിലും നിറങ്ങൾ എന്നെ വലുതായി ആകർഷിച്ചിരുന്നില്ല.സാധാരണ കുട്ടികൾക്ക് കളർ പെൻസിലുകളൊക്കെ ഉപയോഗിക്കാൻ ഒരിഷ്ടം കാണുമല്ലോ.ഞാൻ കളർ ചിത്രങ്ങൾ  വളരെ ചെറുപ്പത്തിൽ വരച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ.യു പി സ്കൂൾ കാലം മുതലേ  ഇന്ത്യൻ ഇങ്ക് ഉപയോഗിച്ച് വൈറ്റ് പേപ്പറിൽ ലൈൻ സ്കെച്ചസ് ആയിരുന്നു വരച്ചിരുന്നത്. വൈറ്റ് പേപ്പറിൽ ബ്ളാക്ക് ലൈൻസ്  ഉണ്ടാക്കുന്ന ഇംപാക്ട് വളരെ ചെറുപ്പത്തിൽ തന്നെ എന്നെ ആകർഷിച്ചിരുന്നു. അത് കാർട്ടൂണാണ് വരയ്ക്കുന്നത് എന്നറിഞ്ഞിട്ടൊന്നുമല്ല. ആ സമയത്ത് ടോംസിന്റെ ബോബനും മോളിയുമുണ്ടല്ലോ. അതിന്റെ ഒരു ഇംപാക്ട് ആയിരിക്കാം. ആദ്യകാലത്ത് ടോംസിന്റെ ഓർമ്മക്കുറിപ്പുണ്ടാകുമായിരുന്നുഅതിൽ. എങ്ങനെയാണ് കാർട്ടൂണിസ്റ്റ് ആയത് എന്നും കാർട്ടൂൺ എങ്ങനെ ജനിച്ചു എന്നൊക്കെ . എനിക്ക് കാർട്ടൂണുകളേക്കാൾ പ്രിയം അത് വായിക്കാനായിരുന്നു.ഒരു സ്പോർട്സ് മീറ്റിന്റെ  ഭാഗ്യ ചിഹ്നമായ രാമു എന്ന കടുവയെ കഥാപാത്രമാക്കി ബോബനും മോളിയുടെ ഫോർമാറ്റിൽ ആറ് കളങ്ങളിൽ വൈറ്റ് ബാക്ക് ഗ്രൗണ്ടിൽ കാർട്ടൂൺ ഒക്കെ വരച്ചിരുന്നു. എസ് എസ് എൽ സി കഴിഞ്ഞ് ഫസ്റ്റ് ഗ്രൂപ്പെടുത്ത് എൻട്രൻസ് എഴുതുക  എന്ന സ്ഥിരം വഴിയിലൂടെയാണ് ഞാനും പോയത്. ഞാനൊരു എഞ്ചിനീയർ ആകുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്.എനിക്ക് അത് തീരെ താൽപര്യമില്ലെന്ന് പിന്നീടാണ് മനസ്സിലായത്. അതു കഴിഞ്ഞ്  വടക്കാഞ്ചേരി വ്യാസ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്ക് ചേർന്നു. സ്കൂൾ തലം മുതൽ എസ്.എഫ്.ഐയിൽ ഉണ്ടായിരുന്നു. കോളേജിൽ എത്തിപ്പോൾ അത് വളരെ ശക്തമായി. പിന്നെ, നാഷണൽ സർവീസ് സ്കീമിന്റെ യൂണിറ്റ് ലീഡറായിരുന്നു. സംഘടനക്കു വേണ്ടിയും നാഷണൽ സർവ്വീസ് സ്കീമിനു വേണ്ടിയും പോസ്റ്ററുകൾ ഒരുപാട് വരക്കേണ്ടി വന്നു, അപ്പോൾ വീണ്ടും കാർട്ടൂണുകൾ വരച്ച് സജീവമായി. ആ സമയത്ത് യൂണിവേഴ്സിറ്റീസ് ടോക്ക് എയ്ഡ്സ്  (യു.ടി.എ). എന്ന പരിപാടി ഉണ്ടായിരുന്നു. എയ്ഡ്സിനെതിരായി ബോധവത്ക്കരണം. ഇന്നത്തെ പോലെയല്ല എച്ച്ഐവി എന്ന് കേട്ടാൽ ആളുകൾ വിറയ്ക്കുന്ന കാലം. യു ടി എ പോസ്റ്ററുകളിൽ കാർട്ടൂൺസ് ഒരുപാട് യൂസ് ചെയ്തു. അത് അപ്രീഷിയേറ്റ് ചെയ്യപ്പെട്ടു. മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള ആദ്യ സംസ്ഥാന അവാർഡും കിട്ടി.അതേ കാലത്ത് മാതൃഭൂമിയിലും മനോരമയിലും കാമ്പസ് കാർട്ടൂൺസ് ഒരുപാട് വരാൻ തുടങ്ങി. മാതൃഭൂമിയുടെ കലാലയ ലോകത്തിലും മനോരമയുടെ കാമ്പസ് ലൈനിലും. കോളേജിലെ തമാശകളൊക്കെ. കോളേജിൽ ഞങ്ങൾക്ക്  ജരാസു ബിരാസു എന്ന ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ആറു പേരുടെ പേരിന്റെ ആദ്യാക്ഷരമായിരുന്നു ജ.രാ.സു.ബി.രാ.സു. കോളേജിലെ അധികൃതർ പുറത്ത് അറിയിക്കാൻ താൽപര്യപ്പെടാത്ത കാര്യങ്ങൾ  തമാശയായി പത്രത്തിലിടുന്നത് പോലെയുള്ള ആക്ടിവിസ്റ്റ് ലൈനായിരുന്നു ജരാസു ബിരാസുവിന്റേത്. കോളേജ് ലാബിൽ എലിയാണ്, പരാതി നൽകിയിട്ടും ഫലമില്ലാതെ വിദ്യാർത്ഥികൾ പൂച്ചയെ വളർത്തുന്നു പോലുള്ള കാര്യങ്ങൾ. കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. ഞങ്ങളും സേഫായിരുന്നു. ആരുടെയും പേരില്ലല്ലോ. മനോരമയിലൊക്കെ ജരാസു ബിരാസുവിന്റെ കമന്റുകളും എന്റെ കാർട്ടൂണുകളും മിക്ക തിങ്കളാഴ്ചയും ഉണ്ടാകും. അങ്ങനെ കാർട്ടൂണിസ്റ്റ് എന്നപേരിൽ കോളേജിൽ അറിയപ്പെട്ടു തുടങ്ങി. ഞാനെന്താകുമെന്ന് ഞാൻ തിരിച്ചറിയുന്നതിന് മുമ്പ് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു എന്നതാണ് സത്യം. പിന്നീട് മനോരമ സ്റ്റേറ്റ് ലവലിൽ കാർട്ടൂണുകൾക്കായി മത്സരം നടത്തിയപ്പോൾ അതിൽ ഒന്നാം സ്ഥാനം കിട്ടി. യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ഓയിൽ പെയിന്റിങ്ങ് പോലുള്ള മത്സരങ്ങളിലേക്ക് എനിക്കൊന്നും അടുക്കാൻ പറ്റില്ലായിരുന്നു. അതേസമയം, കാർട്ടൂൺ, കൊളാഷ്,ക്ലേ  മോഡലിങ്ങ് പോലുള്ള മത്സരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ ഡി സോണിലും ഇന്റർസോണിലും അഞ്ചു തവണ ഒന്നാമതെത്താൻ കഴിഞ്ഞു. അങ്ങനെ കാമ്പസിൽ കാർട്ടൂണിസ്റ്റ് എന്ന ലേബൽ ഉറച്ചു. അപ്പോഴും  ഇതൊരു പ്രൊഫഷനാക്കാം എന്നൊന്നും മനസ്സിലുണ്ടായിരുന്നില്ല. മാതൃഭൂമിയിലെ ബി.എം ഗഫൂർ ആയിരുന്നു ഒരു തവണ ജ‌ഡ്ജ് ആയി വന്നിരുന്നത്. . പത്രത്തിൽ എന്നെപ്പറ്റി നല്ലതുപറഞ്ഞതു കൂടാതെ, ഗഫൂർ സർ കാർട്ടൂണിൽ നിനക്ക് ഭാവിയുണ്ടെന്ന് ഒക്കെ പറഞ്ഞൊരു കത്ത് . കാർട്ടൂണിസ്റ്റ് ആയി ജീവിക്കുക  ബുദ്ധിമുട്ടാണ്. ഒന്നോ രണ്ടോ പേരേ ഇതിൽ ഉറച്ചു നിൽക്കുന്നുള്ളൂ. വര കണ്ടിന്യൂ ചെയ്യുക. അതേ സമയം, വക്കീൽ പണി നല്ലതാണ്. പ്രൊഫഷൻ എന്ന രീതിയ്ക്ക് അതും കൊണ്ടു പോകുക എന്നൊക്കെ എഴുതിയിരുന്നു. ലോ കോളേജിൽ പഠിക്കുന്ന സമയത്ത്, ഞാൻ ജയ കാഹളം എന്ന പേരിലുള്ള  സായാഹ്ന പത്രത്തിലും വരയ്ക്കുന്നുണ്ടായിരുന്നു. ലിമിറ്റഡ് ആയിട്ടുള്ള ഓഡിയൻസിന്റെ അടുത്തായിരുന്നു അത് എത്തിയിരുന്നത്. അപ്പോഴേക്കും പത്രസ്ഥാപനത്തിൽ കാർട്ടൂണിസ്റ്റ് ആകണമെന്ന ചിന്ത  വന്നു തുടങ്ങി. അങ്ങനെ കാർട്ടൂണിസ്റ്റ് ആയാൽ ജീവിക്കാൻ പറ്റുമോ എന്ന ചിന്തയും ഉണ്ടായിരുന്നു.  പഠിച്ചതൊന്നുമല്ല ഞാൻ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, കാർട്ടൂണിസ്റ്റ് ആകാൻ പറ്റുമെന്ന്  ഉറപ്പില്ലായിരുന്നു. വര പഠിക്കാതെ,പത്രപ്രവർത്തനം പഠിക്കാതെ ഒരു പത്രസ്ഥാപനത്തിൽ പതിനഞ്ചുകൊല്ലം വരച്ച് ജീവിക്കാൻ സാധിച്ചതിൽ ഇപ്പോൾ അഭിമാനമുണ്ട്.


എഞ്ചിനീയർ ആകുമെന്ന് കരുതിയിരുന്ന മകൻ അഡ്വക്കേറ്റാവാൻ പഠിക്കുന്നു, അവസാനം അതുമല്ലാതെ കാർട്ടൂണിസ്റ്റ് ആകുന്നു. കുടുംബത്തിന്റെ  പിന്തുണ ഉണ്ടായിരുന്നോ അതോ എതിർപ്പോ?

മത്സരങ്ങളിൽ വിജയിക്കുമ്പോഴും പത്രത്തിൽ പടം അടിച്ചു വരുമ്പോഴൊക്കെ സന്തോഷിക്കുമെങ്കിലും ഇവൻ വരച്ചു ജീവിക്കുമെന്ന് അച്ഛനോ അമ്മയോ കുടുംബത്തിലെ ആരും തന്നെ വിചാരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ഒരു തൊഴിൽ സാധ്യത ഇതിനുണ്ടെന്നതിനെ പറ്റി അവർക്ക് ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  സാധാരണ രക്ഷിതാക്കളെ പോലെ  നമ്മൾ പഠിച്ചതിന് അനുസരിച്ചുള്ള  ജോലി കിട്ടുക എന്നേ അവർക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കിൽ  പി എസ്‌ സി പരീക്ഷയോ ബാങ്ക് ടെസ്റ്റോ ഒന്നും അപേക്ഷിക്കുക പോലും ചെയ്യാതെ നടക്കുന്ന കാലം. പോസിറ്റീവ്  വശം എന്താണെന്ന് വച്ചാൽ ഒരിക്കലും അവരുടെ ഇഷ്ടം എന്നെ അടിച്ചേൽപ്പിക്കാൻ നോക്കിയിരുന്നില്ല എന്നതാണ്. എന്നെ എതിർത്തിരുന്നില്ല.  കോളേജ് പഠനകാലത്ത് മിക്കവാറും വൈകിട്ട് കോളേജിലോ ചുറ്റുവട്ടത്തോ തന്നെയാവും താമസം. പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ മാറ്റി വയ്ക്കാൻ ഉണ്ടായിരുന്നത്  ക്ളാസുകളും ലാബുമായിരുന്നു. ബി എസ്‌ സി ഫൈനൽ ഇയറിൽ നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ കൂടാതെ  കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്നു. സിനിമകളിലൊക്കെ കാണുന്നത് പോലെ കെ.എസ്.യു കോട്ട ആയ കാമ്പസിൽ  ജയിച്ച ഒന്നോ രണ്ടോ സീറ്റ് വെച്ച് എസ്.എഫ്.ഐ  വളർത്തുക,അടുത്ത വർഷമെങ്കിലും യൂണിയൻ പിടിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. ക്ളാസ് കഴിഞ്ഞ്, എല്ലാ കുട്ടികളും പോയതിന് ശേഷമാണ് ശരിക്കും ഞങ്ങളുടെ കോളേജ് ജീവിതം ആരംഭിക്കുന്നത്. കോളേജിൽ ശരിക്കും ആസ്വദിച്ചിരുന്നത് ആ ലൈഫായിരുന്നു.  ഇതിനെയൊന്നും  വീട്ടിൽ എതിർത്തിരുന്നില്ല. എന്റെ അച്ഛനമ്മമാർ അവരുടെ പ്രതീക്ഷയും ആഗ്രഹവും എന്നിൽ കെട്ടി ഏൽപ്പിക്കാൻ ശ്രമിച്ചില്ല. ഒരുപക്ഷേ, ജോലി കിട്ടിയതിന് ശേഷമാകാം വരച്ചു കൊണ്ടും ജോലി നേടാമെന്നും ഇതിന് ജോലി സാധ്യതയുണ്ടെന്നും അവർ തിരിച്ചറിഞ്ഞത്.

അന്നത്തെ പോലെയല്ല, ഒരുപാട് കരിയർ ഓപ്ഷനുകളുള്ള ഒരു കാലഘട്ടമാണ് ഇന്ന്. ശരിക്കും കാർട്ടൂണിസ്റ്റ് എന്ന കരിയറിലേക്ക് ആളുകളെ കൊണ്ടു വരാൻ പറ്റുമോ?

ഇത് ശരിക്കും തൊഴിൽ ഗ്യാരണ്ടി നൽകുന്ന കരിയർ  ഓപ്ഷനാണെന്ന് പറയാൻ പറ്റില്ല.ഫുൾ ടൈം കാർട്ടൂണിസ്റ്റ് ആയി ജീവിക്കുന്ന നാലോ അഞ്ചോ ആളുകളേ കേരളത്തിലുള്ളൂ.  ഓരോ കാർട്ടൂണിസ്റ്റും കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന് ഞാൻ പറയും. കാർട്ടൂണിസ്റ്റിനെ ഒരിക്കലും നമുക്ക് സൃഷ്ടിക്കാൻ പറ്റില്ല. കാർട്ടൂണിസ്റ്റ് ഇവോൾവ് ചെയ്ത് വരികയാണ്. ഒരാൾക്ക് നന്നായി വരയ്ക്കാൻ പറ്റുന്നതു കൊണ്ടോ, നല്ല ഹ്യൂമറസായുള്ള ഐഡിയ ഉള്ളതു കൊണ്ടോ നല്ല ഫിലോസഫി ഉള്ളതു കൊണ്ടോ അയാൾക്ക് നല്ല കാർട്ടൂണിസ്റ്റ് ആകാൻ പറ്റണമെന്നില്ല. ഇതെല്ലാം ചേരുംപടി ചേരുന്ന പോലെയോ എല്ലാം ബാലൻസ് ചെയ്യാൻ പറ്റുന്ന ഒരു പോയന്റിലോ ആണ് നല്ലൊരു കാർട്ടൂണിസ്റ്റ് ഉണ്ടാവുക. എത്ര തന്നെ കാർട്ടൂൺ വരച്ച ആളായാലും പുതിയ ഒരു കാർട്ടൂൺ വരയ്ക്കുമ്പോൾ ജീവിതത്തിൽ ആദ്യത്തെ കാർട്ടൂൺ വരയ്ക്കുന്ന പോലെ തന്നെ ആവും വരയ്ക്കേണ്ടി വരിക.ഇന്നലെവരെ എത്ര കാർട്ടൂൺ വരച്ചു എന്നല്ല  അന്ന് അയാൾ എന്തു വരച്ചു എന്നതാണ് പ്രധാനം.അതിലാണ് നിത്യനിദാനകാർട്ടൂണിസ്റ്റിനെ വിലയിരുത്തുന്നത്. അത്രമാത്രം ചലഞ്ചിംഗ് ആണ് ഇത്. ഇന്നത്തെ സിറ്റ്വേഷനിൽ എന്തു കൊടുക്കാൻ പറ്റി എന്നതാണ് ആളുകൾ നോക്കുക. അതൊന്നും ട്രെയിനിംഗിന്റെ ഭാഗമായി ഉണ്ടാക്കാൻ പറ്റില്ല. 30 വർഷം ഒരാൾ ജോലിഎടുത്തു എന്നു പറഞ്ഞാൽ ആ എക്സ്പീരിയൻസ് ജോലിയിൽ ഗുണം ചെയ്യും. എന്നാൽ, കാർട്ടൂണുകളെ സംബന്ധിച്ച് ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച് നമ്മൾ  വരച്ചത്  നന്നായില്ലെങ്കിൽ  പിന്തള്ളപ്പെട്ടു പോകും. ഇന്നത്തെ ഐഡിയ എത്രത്തോളം സെല്ലിംഗ് ആണ്, അല്ലെങ്കിൽ കുറിക്ക് കൊള്ളുന്നതാണ് എന്നാണ് നോക്കുക. ഇല്ലെങ്കിൽ വായനക്കാർ ശ്രദ്ധിക്കാതെ പോകും.  ഓരോ കാലഘട്ടത്തിനും അനുസരിച്ച് കാർട്ടൂണിസ്റ്റുകൾ ഉണ്ടായി വരും എന്നാണ് എന്റെ ഒരു തോന്നൽ.ടോംസ് ,ബി.എം ഗഫൂർ,യേശുദാസൻ എന്നിവർക്ക് പിന്നാലെ ഗോപീകൃഷ്ണൻ വന്നു.  ഗോപീകൃഷ്ണന് മുമ്പും പിമ്പും എന്ന നിലയിൽ കേരളത്തിലെ കാർട്ടൂണുകളെ തരം തിരിച്ച പോലെ പ്രഗത്ഭനായ കാർട്ടൂണിസ്റ്റാണ് ഗോപീകൃഷ്ണൻ. കേരളകൗമുദിയിൽ ഗോപീകൃഷ്ണൻ നിന്നപോലെ എനിക്കു പിടിച്ചു നിൽക്കാൻ കഴിയില്ല എന്നുപോലും തോന്നിയിരുന്നു പലർക്കും. കൗമുദി വായനക്കാർക്കിടയിൽ ഗോപിക്കുണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു.പതുക്കെപതുക്കെ വായനക്കാർ എന്നെയും സ്വീകരിച്ചു. ഗോപി മാതൃഭൂമിയിലൂടെ ഇപ്പോഴും സജീവമായി നിൽക്കുന്നു. ഇന്നിന്റെ കാർട്ടൂണിസ്റ്റ് ആരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് മാധ്യമത്തിലെ വി.ആർ രാഗേഷാണെന്ന്. രാഗേഷ് ഒരു കാർട്ടൂൺ സ്കൂളിന്റെ പ്രോഡക്ട് അല്ല, ആരും പിടിച്ചു വലിച്ചു കൊണ്ടുവന്നതുമല്ല.സ്വയം വരച്ച് തെളിഞ്ഞ് വന്നതാണ്. അതൊരു തുടർ പ്രക്രിയ ആണ്. ഓരോ കാലത്തിന്റെയും കാർട്ടൂണിസ്റ്റ് തനിയെ ഉയർന്നുവരും. ഫോഴ്സ് ചെയ്ത് ഒരാളെ കാർട്ടൂണിസ്റ്റാക്കാൻ പറ്റില്ല.


സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ കാലമാണിത്. കാർട്ടൂണുകളെ പോലെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുകയാണ് അവയുടെയും ലക്ഷ്യം. ട്രോളുകൾ കാർട്ടൂണുകൾക്ക് വെല്ലുവിളിയാണോ?

രണ്ടു രീതിയിൽ പറയാം. ഒരു തരത്തിൽ അത് കാർട്ടൂണിസ്റ്റുകളുടെ ജോലിയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇപ്പോൾ മൂന്നാറിൽ കുരിശ് പൊളിച്ചു മാറ്റിയതിനെ കുറിച്ച് മുഖ്യമന്ത്രി  പ്രസംഗം നടത്തി. അതിനെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാർട്ടൂൺ ഇന്ന് വരച്ചാൽ അത് പിറ്റേ ദിവസത്തെ പത്രത്തിലേ കാണാൻ പറ്റൂ. ട്രോളുകളുടെ ഗുണം അത് ഇൻസ്റ്റൻന്റ് ആയി പോസ്റ്റ് ചെയ്യാമെന്നതാണ്. എപ്പോഴും ആദ്യം അടിക്കുന്ന ഗോളിന്  ഇംപാക്ട് കൂടും. ഒറ്റ ഷോട്ടിലുള്ള ഗോളാണ് കാർട്ടൂൺ. ഒരുപാട് നേരം ആലോചിച്ച് കണ്ടുപിടിച്ച് ചിരിക്കേണ്ടതല്ല കാർട്ടൂൺ.  ശങ്കർ പറഞ്ഞ ഒരു കാര്യമുണ്ട്. കാർട്ടൂൺ വായിച്ച് മനസ്സിലാകാതെ  വായനക്കാരൻ ടാക്സി പിടിച്ച് ലൈബ്രറിയിൽ പോയി ഷേക്സ്പിയറിന്റെ കൃതിഎടുത്തുവായിച്ച് അതിൽ മാർക്ക് ആന്റണി ബ്രൂട്ടസിനോട് പറഞ്ഞതെന്താണെന്ന് മനസ്സിലാക്കി, തിരിച്ച് അതേ ടാക്സിയിൽ വന്ന് കാർട്ടൂണുമായി ഒത്തുനോക്കി മനസ്സിലാക്കി ചിരിക്കുന്നതിൽ കാര്യമില്ല എന്ന് കാർട്ടൂൺ ഒറ്റനോട്ടത്തിൽ മനസ്സിലാകണം. അത്രയും ഫാസ്റ്റായി കമ്മ്യൂണിക്കേറ്റ് ചെയ്യണം. അതിൽ വലിയൊരു സാധ്യതയാണ് ട്രോളുകൾ ഉണ്ടാക്കുന്നത്. ഏറ്റവും ക്രിയേറ്റീവ് ആയിട്ടുള്ള വർക്കാണ് ട്രോളുകൾ. ഞാൻ ട്രോളുകളുടെ വലിയ ആരാധകൻ ആണ്. ഏതൊരു കാർട്ടൂണുകളെയും വെല്ലുന്ന ഐഡിയയുള്ള ആളുകളുണ്ട് നമ്മുടെ നാട്ടിൽ. ക്രിറ്റിസിസത്തിന്റെ കാര്യം മാത്രമല്ല പറയുന്നത്, മലയാളികൾ കാര്യങ്ങൾ മനസ്സിലാക്കുന്ന രീതി, ഉൾക്കൊള്ളുന്ന രീതി,പ്രതികരിക്കുന്നത് ഒക്കെ…അത്രത്തോളം ഇൻഫോർമ്ഡ് ആണ് നമ്മുടെ വായനക്കാർ. ആ  സമൂഹത്തിനിടയിൽ  ക്രിയേറ്റീവ് ആയി സർവൈവ് ചെയ്യുകയെന്ന് പറഞ്ഞാൽ ഒരുതരം ആർട്ട് ഓഫ് ലിവിംഗ് ആണ് കാർട്ടൂണിസ്റ്റുകളെ സംബന്ധിച്ച്. ഇത്രത്തോളം പ്രതികരണ ശേഷിയുള്ള, ഹ്യൂമറുള്ള വായനക്കാരന്റെ ഇടയിൽ സർവൈവ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ട്രോളുകൾ ഉയർത്തുന്ന വെല്ലുവിളി എന്നു വച്ചാൽ , നമ്മുടെ മനസ്സിലുള്ളതിനെ വെല്ലുന്ന ക്രിയേറ്റീവ് ആയിട്ടുള്ള സംഭവം വന്നിട്ടുണ്ടാകും എന്നതാണ്. ട്രോളുകൾ പറയാത്ത ആംഗിളിൽ മാത്രമേ പിന്നീട് നമുക്ക് കാർട്ടൂൺ വരയ്ക്കാൻ പറ്റൂ . വളരെ പോസറ്റീവ് ആയിട്ടുള്ള കാര്യം  ഹ്യൂമറസ് ആയ ഒരു സൊസൈറ്റി ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ്.ഏത് ദുരന്തവും ദു:ഖവും ചിരിക്കാനുള്ളതാക്കി മാറ്റാൻ വൈറൽ ആകുന്ന ട്രോളുകൾക്ക് കഴിയുന്നുണ്ട്.  ഹാസ്യത്തെ,വിമർശനത്തെ,ചിരിയെ എല്ലാം അംഗീകരിക്കുന്ന  അന്തരീക്ഷം പൊളിറ്റിക്കൽ കാർട്ടൂണുകൾക്ക് നല്ലതാണ്. .

പക്ഷേ, അതിലൊരു വിയോജിപ്പുണ്ട്. ദുരന്തങ്ങളെ പോലും ചിരിപ്പിക്കുന്ന ട്രോളുകൾ ആക്കുമ്പോൾ വളരെ സീരിയസ് ആയി കാണേണ്ടുന്ന വിഷയങ്ങളെ അതല്ലാതാക്കി കളയുന്നില്ലേ?

ഉവ്വ്. അതുണ്ടാകാം.ട്രോളുകളെ ട്രോളുകളായി കണ്ടാൽ പ്രശ്നം തീരും.അടുത്തിടെ വന്ന കമ്മ്യൂണിസ്റ്റ് ചിത്രങ്ങളെക്കുറിച്ച് വിയോജിപ്പ് വന്നപ്പോൾ കണ്ട കമന്റ് സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്നാണ്. അതുപോലെ തന്നെയാണ് ട്രോളുകളും.ഉണ്ടാക്കുന്ന ആളുടെ ക്രിയേറ്റിവിറ്റി പോലിരിക്കും.നിർദ്ദോഷമായ ട്രോളുകളും മനപ്പൂർവ്വം അവഹേളിക്കാൻ ഉണ്ടാക്കുന്നവയും ഉണ്ട്. കത്തി ഉപയോഗിക്കുന്നതു പോലെ എന്ന് പറയാം. ഒരു സർജൻ ഉപയോഗിക്കുന്നതു പോലെയല്ല ഒരു വീട്ടമ്മ കത്തി ഉപയോഗിക്കുന്നത്. ഒരു കൊലപാതകി കത്തി ഉപയോഗിക്കുന്നത് ഇത് രണ്ടിൽ നിന്നും വ്യത്യസ്തമായാണ്. അതുപോലെയാണ് ഉപയോഗിക്കുന്ന ആളുടെ സ്കിൽ അല്ലെങ്കിൽ മോട്ടീവ് അനുസരിച്ച് ട്രോളിന്റെ പ്രഹരശേഷിയിൽ വ്യത്യാസം വരും. എല്ലാ ട്രോളുകളും നല്ലതാണ് എന്നല്ല ഞാൻ പറയുന്നത്. അതിപ്പോൾ കാർട്ടൂണും അങ്ങനെയാകാറുണ്ട്.ചിരിപ്പിക്കുമെങ്കിലും പ്രകടമായ സ്ത്രീ വിരുദ്ധത ഉള്ള എത്രയോ കാർട്ടൂണുകൾ കാണിക്കാം. ആക്സിഡന്റ്   ഒഴിവാക്കാൻ ഡ്രൈവറുടെ തൊട്ടടുത്തിരിക്കുന്ന ഭാര്യയുടെ വായ മൂടിക്കെട്ടുന്ന പോലെ സീറ്റ് ബെൽറ്റ് ഡിസൈൻ. അത് കാർട്ടൂൺ ആണ്. നമ്മൾ ചിരിച്ചു കൊണ്ട് ഫോർവേർഡ് ചെയ്യുന്നില്ലേ? അതുപോലെ എത്രയോ എണ്ണം. വളരെ നെഗറ്റീവ് ആയിട്ടുള്ള മെസേജ് പർപസ്ഫുള്ളി സമൂഹത്തിലേക്ക് ഇൻജക്ട് ചെയ്ത് വിടാനായി കാർട്ടൂണുകളെ ഉപയോഗിച്ചിട്ടുണ്ട്.  ആവിഷ്കാര സ്വാതന്ത്ര്യം  അബ്സല്യൂട്ട് അല്ല എന്നതാണ് സത്യം. പിന്നെ ഒന്നുണ്ട്,നല്ലതേ ജനം ഓർക്കൂ,ചീത്ത കാർട്ടൂണും ട്രോളും വിസ്മരിക്കപ്പെടും.


ട്രോളുകളുടെ പൊതുവായുള്ള സ്വഭാവം സിനിമയെ ബേസ് ചെയ്തിട്ടുള്ളവയാണ്. അതേസമയം, കാർട്ടൂണിസ്റ്റുകൾ സിനിമയെ കൂടുതൽ ഉപയോഗിച്ചാൽ എതിർപ്പ് നേരിടേണ്ടി വരാറുമുണ്ട്. കാർട്ടൂണുകൾക്ക് ഒരു ബാരിയർ ജനം വച്ചിട്ടുണ്ടോ?

അങ്ങനെയല്ല. കാർട്ടൂണുകൾക്ക് കുറച്ചുകൂടി സാധ്യത ഉണ്ട് എന്നതു കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്.   കാർട്ടൂൺ ഐഡിയ ഒരിക്കലും സിനിമയിൽ ഒതുങ്ങരുത് എന്നതു കൊണ്ടാണ് അത്. ലക്ഷ്മണിന്റെ ആത്മകഥയിൽ  പറയുന്നുണ്ട് സന്ദർഭോചിതമായി കടന്നു വരുന്ന ഓർമ്മകളാണ് കാർട്ടൂണിസ്റ്റിന്റെ വിജയം എന്നത്. എല്ലാ മനുഷ്യരുടെ മനസ്സിലും ഒരു ഫയലുണ്ടായിരിക്കും. കണ്ടതും കേട്ടതും അനുഭവിച്ചിട്ടുള്ളതുമായിട്ടുള്ള ഓർമ്മകളുടെ ഒരു ആൽബം . എന്ത് സംഭവം വന്നാലും ഈ ഫയലുമായി റിലേറ്റ് ചെയ്തിട്ടാവും ആളുകൾ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അത് സിനിമയാകാം, പാട്ടാകാം, കവിതയാകാം, പഴഞ്ചൊല്ലാകാം, പരസ്യമാകാം അങ്ങനെ എന്തും ആവാം. ജനം കണ്ടതും കേട്ടതുമായ സംഭവങ്ങളുമായി റിലേറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് കമ്മ്യൂണിക്കേഷൻ എളുപ്പമാകും. അത് നല്ലതോ ചീത്തയോ എന്നൊന്നും പറയാൻ പറ്റില്ല. വരയ്ക്കുന്നയാളും വായിക്കുന്ന ആളും എൻജോയ് ചെയ്യുന്നുണ്ടോ എന്നേ  നോക്കേണ്ടൂ. ട്രോളുകൾ ഉണ്ടാക്കുന്നവർ വരയ്ക്കാൻ അറിയാവുന്ന ആളുകളാവില്ല,എന്നാൽ, ഈ ഓർമ്മകളുടെ ആൽബം വളരെ സ്ട്രോംഗ് ആയി സൂക്ഷിക്കുന്ന ആളായിരിക്കാം. വായനക്കാരന്റെ മനസ്സ് അറിയുന്നവർ.ആരും കാണാത്ത ഒരു സിനിമയായിട്ട് റിലേറ്റ് ചെയ്തിട്ട് കാര്യമില്ലല്ലോ. എല്ലാ ആളുകൾക്കും പറഞ്ഞാൽ മനസ്സിലാകും എന്ന സിനിമയായിട്ടേ റിലേറ്റ് ചെയ്യൂ.  ഇത്തരം മുന്നൊരുക്കം  കാർട്ടൂൺ വരയ്ക്കുമ്പോഴും ഉണ്ടാകാറുണ്ട്. പൊളിടിക്സ് എന്താണെന്ന് മനസ്സിലാകുന്ന ഒരു വായനക്കാരന് മാത്രമേ പൊളിറ്റിക്കൽ കാർട്ടൂൺ ആസ്വദിക്കാൻ പറ്റൂ. അപ്പോൾ ഇതെല്ലാം അറിയാവുന്ന  വായനക്കാരനെ മനസ്സിൽ കണ്ടാണ് കാർട്ടൂണിസ്റ്റ് കാർട്ടൂൺ വരയ്ക്കുന്നത്. കാർട്ടൂണിന് പക്ഷേ, ട്രോളുകൾക്കും ആനിമേഷന് പോലും ഇല്ലാത്ത ഒരു സാധ്യതയുണ്ട്.  പിണറായി വിജയൻ അച്യുതാനന്ദൻ എന്ന കുരിശിനെ എടുത്തു കൊണ്ടു നടക്കുന്ന കാർട്ടൂൺ ആണെന്ന് വയ്ക്കൂ. ട്രോളിനെ സംബന്ധിച്ച് ഒരു വിഷ്വൽ ആ വിഷ്വലിൽ അവസാനിക്കുകയാണ്. എന്നാൽ കാർട്ടൂണിൽ അത് അവിടെ അവസാനിക്കില്ല. കാണുന്നവന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതിന്റെ ഒരു തുടർച്ച അവന്റെ മനസ്സിലുണ്ടാകും. ആനിമേഷൻ സിനിമയിൽ പോലും കാണിക്കുന്ന വിഷ്വലോടെ  സീൻ അവസാനിക്കും. കാർട്ടൂണിൽ നിശ്ചലമായ ചിത്രമാണെങ്കിലും വായനക്കാരന്റെ മനസ്സിൽ അത് ചലിക്കും.ഇനി അടുത്ത ഫ്രെയിമിൽ എന്തുണ്ടാകും എന്ന് അവർ മനസ്സിൽ കാണും. അത് ഓരോ വായനക്കാരനും വ്യത്യസ്തമായിരിക്കും.മൂന്നാറിലെപൊളിച്ചുമാറ്റിയ കുരിശ് അരിവാൾ ചുറ്റികയായി മാറുന്നത് എളുപ്പത്തിൽ ചിത്രീകരിക്കാൻ കാർട്ടൂണിസ്റ്റിന് പറ്റും. ഇത് കാർട്ടൂണിന്റെ ഭയങ്കരമായ സാധ്യതയാണ്. അതുകൊണ്ടു തന്നെ കാർട്ടൂൺ പെട്ടെന്ന് മരിച്ചു പോകില്ല എന്നാണ് ഞാൻ കരുതുന്നത്.

വരയ്ക്കുന്ന രീതികളെല്ലാം വ്യത്യസ്തവും പുതുമയുള്ളതുമായി. ശരിക്കും ഡിജിറ്റലൈസേഷൻ കാർട്ടൂണിസ്റ്റുകളെ സഹായിക്കുന്നുണ്ടോ?

ഹെൽപ്പ് ചെയ്യുന്നുണ്ട്. എന്റെ അനുഭവത്തിൽ കാർട്ടൂൺ വരച്ച് അത് പത്രമോഫീസിലേക്ക് എത്തിക്കുക എന്നത് വല്ലാത്ത ബുദ്ധിമുട്ടുള്ളതായിരുന്നു. യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ചും.പേപ്പറിൽ വരച്ചത് ഫാക്സ് ചെയ്യുകയായിരുന്നു തുടക്കത്തിൽ. പിന്നീട് സ്കാൻ ചെയ്ത് അയക്കാൻ തുടങ്ങി. നമ്മുടെ പക്കൽ സ്കാനർ വന്നതിന് ശേഷം നെറ്റ് പ്രശ്നമായി. അപ്പോൾ ഇന്റർനെറ്റ് കഫെ തപ്പി പോകേണ്ടിയിരുന്നു. പക്ഷേ, ഇപ്പോൾ ലൊക്കേഷൻ പ്രശ്നമില്ലാതെ കാർട്ടൂൺ വരയ്ക്കാൻ പറ്റും. സ്കാനർ ആപ്പുകൾ വന്നു. നേരിട്ട് വരക്കാവുന്ന ടാബുകൾ വന്നു.സ്പീഡ് ഉള്ള ഇന്റർനെറ്റ് കണക്ഷൻ വന്നു. പക്ഷേ, പേന പേപ്പറിൽ കോറുമ്പോൾ വരുന്ന ഒരു ഫ്രിക്ഷനുണ്ടല്ലോ അത് വരയിൽ നമ്മുടെ ഒരു കൺട്രോളാണ്. ഒരുപാട് ഡിജിറ്റലൈസ്ഡ് ആയപ്പോൾ,വര സ്മൂത്ത് ആയപ്പോൾ, ആ കൺട്രോൾ എനിക്ക് വല്ലാതെ മിസ് ചെയ്തു. എല്ലാത്തിനോടും അഡാപ്റ്റബിൾ ആണെങ്കിലും ഞാൻ പ്രിഫർ ചെയ്യുന്നത് പേനയും പേപ്പറുമാണ്. പിന്നെ കളർ പോലും കാർട്ടൂണിനെ കോംപ്ളക്സ് ആക്കുമെന്നാണ്  കരുതുന്നത്. കമ്പ്യൂട്ടറിൽ ഒരുപാട് വർക്ക് ചെയ്ത് ഉഗ്രൻ കാർട്ടൂണുകൾ വരക്കുന്ന രീതിയും  പ്രചാരത്തിലുണ്ട്.അതിനും ഇഷ്ടക്കാരുണ്ട്. ഏറ്റവും സിംപിളായി ഐഡിയ കൺവേ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.മായ കാമത്ത് ദേശീയ അവാർഡ് കിട്ടിയ കാർട്ടൂണിൽ ആകെ മൂന്നോ നാലോ വരകളേ ഉള്ളൂ.


ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. ചില താൽപര്യങ്ങൾക്ക് അനുസരിച്ച് വരയ്ക്കേണ്ടി വന്നിട്ടുണ്ടോ?

പതിനഞ്ച് കൊല്ലമായി ഞാൻ ജോലി ചെയ്തിട്ടുള്ളത് ഒരേയൊരു പത്രത്തിലാണ്, കേരളകൗമുദിയിൽ. മാനേജ്മെന്റിന്റെ താൽപര്യത്തിന് അനുസരിച്ച് വരയ്ക്കേണ്ടി വന്നിട്ടില്ല. എന്നാൽ, പല കാരണം കൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിക്കാതെ വന്നിട്ടുണ്ട്.  കാർട്ടൂണിസ്റ്റിന്റെ ഫ്രീഡം അയാൾ ഉണ്ടാക്കേണ്ടതാണ്. കാർട്ടൂണിസ്റ്റ് എപ്പോഴും പ്രതിപക്ഷത്താണ്. ആരു ഭരിച്ചാലും സർക്കാരിന്റെ ജനദ്രോഹ നടപടികളെ തുറന്നു കാട്ടുകയാണ് കാർട്ടൂണിസ്റ്റ് ചെയ്യേണ്ടത്.  ഭരിക്കുന്ന പാർട്ടിയുടെ പത്രത്തിൽ സർക്കാരിന് എതിരെ പറഞ്ഞുകൊണ്ടുള്ള ഒരു കാർട്ടൂൺ വരയ്ക്കുക സാധ്യമല്ലായിരിക്കാം. അങ്ങനെ വരയ്ക്കണോ വേണ്ടയോ അങ്ങനെ ഒരു പത്രത്തിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഫ്രീഡം കാർട്ടൂണിസ്റ്റിന് ഉണ്ട്. ഫ്രീഡത്തിൽ നമ്മൾ കോംപ്രമൈസ് ചെയ്യുകയും പിന്നീട് ഫ്രീഡം ഇല്ല എന്ന് പറഞ്ഞ് കരയുകയും ചെയ്തിട്ട് അർത്ഥമില്ല. പല വലിയ പത്ര സ്ഥാപനങ്ങളിലും അതുകൊണ്ട് തന്നെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്ന പോസ്റ്റ് കുറഞ്ഞ് വരികയാണ്. കാർട്ടൂൺ  ഇരുതല മൂർച്ചയുള്ള വാളാണ്. കാണുമ്പോൾ  ഒരർത്ഥം തോന്നുമെങ്കിലും ഇന്നർ മീനിംഗിലൂടെ നേരെ തിരിച്ചുള്ള അർത്ഥം വായിച്ചെടുക്കാവുന്ന കലാരൂപമാണ്. അത്തരത്തിലുള്ള പോസ്റ്റിൽ ആളെ വയ്ക്കണോയെന്ന് മാനേജ്മെന്റിന് തീരുമാനിക്കാം. ബിസിനസ് താൽപര്യം മുൻനിറുത്തുന്ന പത്രങ്ങൾക്ക് ഇത് ബുദ്ധിമുട്ടാകാം.കാർട്ടൂണിസ്റ്റിന്റെ ഫ്രീഡം എഡിറ്റർ തളികയിൽ വച്ച് നീട്ടിത്തരുന്ന ഒന്നല്ല. അത് നമ്മൾ തീരുമാനിക്കേണ്ടതാണ്. നമ്മൾ ക്വാളിറ്റി പ്രൊഡക്ട് കൊടുക്കുകയാണെങ്കിൽ ആ ഫ്രീഡത്തിനെ പത്രം  അംഗീകരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഡീമോണിറ്റൈസേഷൻ വന്നപ്പോൾ  കേരളകൗമുദി പത്രത്തിന്റെ എഡിറ്റോറിയൽ  അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പക്ഷേ, കാർട്ടൂൺ അതിന്റെ നേർവിപരീതമായിരുന്നു.  അത് രണ്ടും ഒരേദിവസം അടിച്ചു വരികയും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു ഫ്രീഡം എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്.മറ്റൊരു പത്രത്തിൽ ഇതാകണമെന്നില്ല അവസ്ഥ.

ഇടക്കാലത്ത് ചളുമെഷീൻ എന്ന ഒരു സംഭവം വന്നിരുന്നു. വരകളുണ്ടാകും. നമ്മുടെ ഐഡിയ നമുക്ക് ഉപയോഗിക്കാം എന്നുള്ള രീതിയിൽ. പക്ഷേ, അത് പരാജയപ്പെട്ടു. മറ്റൊരാളുടെ ഐഡിയയിൽ വരയ്കുകയെന്നത്  പോസിബിൾ അല്ലേ?

പോസിബിളാണ്. അത് നല്ലതുമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ അടുത്ത് നടത്തിയ കാർട്ടൂണിസ്റ്റ് ഹണ്ട് ഇതുപോലാണ്.ഒറ്റ കാർട്ടൂണിസ്റ്റിൽ ഒതുങ്ങാതെ പൂൾ ഓഫ് കാർട്ടൂണിസ്റ്റ്സിനെ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒരൊറ്റ വ്യക്തി എന്നതിനപ്പുറത്തേക്ക് സമാന ചിന്താഗതിക്കാരായ ഒരു കൂട്ടത്തെ ഉണ്ടാക്കുകയും പ്രാദേശികമായി അവർക്കാവശ്യമുള്ള അസൈൻമെന്റ്സ് കൊടുക്കുകയുമാണ് ചെയ്യുന്നത്. അതുപോലെയാണ് ഇതും. പലരും പറഞ്ഞ് കേട്ടിട്ടുള്ളത് ‘എനിക്ക് വരയ്ക്കാൻ അറിയില്ല, പക്ഷേ, ഒരുപാട് ഐഡിയാസ് വരുന്നുണ്ട് “എന്ന്. അവർക്ക് ഉപകാരമാകും. എന്ത് തന്നെയാണെങ്കിലും ലക്ഷ്യം വായനക്കാരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതാണല്ലോ. എന്റെ കാർട്ടൂൺ തന്നെ ഡയലോഗ്സ് മാറ്റി വേറെ കമന്റ്സ് ഇട്ട് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇതിനൊക്കെ സാധ്യതയുണ്ട്. പക്ഷേ, വിജയം കാണാത്തത് ഐഡിയ മോശമായതു കൊണ്ടല്ല, വേണ്ട രീതിയിൽ ഇംപ്ളിമെന്റ് ചെയ്തില്ല എന്നതു കൊണ്ടാവാം.

അവാർഡുകളെ കുറിച്ച്?

അവാർഡുകൾ നല്ലതാണ്.പ്രചോദനവും  പ്രശസ്തിയും മാത്രമല്ല,നമ്മുടെ വർക്ക് കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ അത് കാരണമാകും.അവാർഡുകൾ കൊണ്ട് ഒരാളെ അളക്കുന്നതിൽ അർത്ഥമില്ല. നൂറ് അവാർഡുകൾ കിട്ടിയ ഒരാളേക്കാളും നന്നായി വേറൊരാൾ വരച്ചെങ്കിൽ ജനം അത് തേടിപ്പോകും. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇങ്ങനെ ഒരാൾ ഇവിടെ വർക്ക് ചെയ്യുന്നുണ്ടെന്ന് കൗമുദിയുടേത് അല്ലാത്ത ഒരു വായനക്കാരൻ തിരിച്ചറിയാൻ അവാർഡ് സഹായിക്കുന്നുണ്ട്. മലയാള മനോരമയോ മാതൃഭൂമിയോ പോലെ മുക്കിലും മൂലയിലും കൗമുദിയില്ല. പക്ഷേ, അവാ‌ർ‌‌‌ഡ് കിട്ടുമ്പോൾ കൗമുദിയിലെ കാർട്ടൂണുകൾ നല്ലതാണ് ഒന്നു നോക്കണം എന്ന രീതിയിൽ കാർട്ടൂണിന് പുതിയ വായനക്കാരനെ കിട്ടുമെങ്കിൽ അത് നല്ലതാണ്. ഒരുപാട് അവാർഡ് കിട്ടിയിട്ട് ഇന്ന് ഞാൻ മിണ്ടാതിരുന്നാൽ ഈ പണി ഇന്നത്തോടെ നിർത്തേണ്ടി വരും.കാർട്ടൂണിസ്റ്റിന് എത്ര അവാർഡ് കിട്ടി എന്നല്ല, നാളത്തെ പത്രത്തിൽ  എന്ത്  കാർട്ടൂൺ ആണ് എന്നതുമാത്രമേ വായനക്കാരൻ നോക്കൂ.

വീട്, കുടുംബം?

തൃശൂരാണ് സ്വന്തം സ്ഥലം. ഇപ്പോൾ തിരുവനന്തപുരത്താണ്. അച്ഛൻ  ടി.ആർ കുമാരൻ ജനുവരിയിൽ മരിച്ചു.അമ്മ പി.ആർ തങ്കമണി കൂടെയുണ്ട്.  ഭാര്യ നമിത. വഞ്ചിയൂർ കോടതിയിൽ വക്കീലാണ്. മകൻ അമൽ ഏഴിലായി. മകൾ ഉമ രണ്ടിലേക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More