ജമ്മു കശ്മീര്‍ വിഭജനം; തീവ്രവാദത്തെ സഹായിക്കും: എംഎം ഹസന്‍

278,370

ഐ എ എസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമോടിച്ച് ഉണ്ടാക്കിയ അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ വീഴ്ചവരുത്തിയതിന് കേരള പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം കിട്ടിയത് കഴിഞ്ഞ ദിവസമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പി എസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്നത് പി എസ് സിയും സമ്മതിച്ചു. ഈ സാഹചര്യത്തില്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സംസാരിക്കുന്നു.

ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണത്തിലും പൊലീസ് വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നല്ലോ. ഈ സാഹചര്യത്തില്‍ കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും എന്താണ് പറയാനുളളത്?

ശ്രീറാമിനെ പൊലീസ് സഹായിക്കുകയാണ് ഈ കേസില്‍. അതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. ഗവണ്‍മെന്റിന് ഇതില്‍ പൂര്‍ണ ഉത്തരവാദിത്വമുണ്ട്. ഇങ്ങനെയൊരു അപകടം നടന്ന ശേഷം ശ്രീറാമിനെ ആദ്യം വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. അപകടം നടന്ന സമയത്തിന് ശേഷം പത്ത് മണിക്കൂറിന് ശേഷവും ശ്രീറാമിന്റെ രക്തപരിശോധന നടത്താന്‍ പൊലീസിനായില്ല. ഇതൊക്കെ കുറ്റവാളികളെ സഹായിക്കുന്ന നടപടികളാണ്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് കോടതിയില്‍ തെളിയിക്കാനായില്ലല്ലോ. കോടതി കഴിഞ്ഞ ദിവസം ചൂട്ടിക്കാട്ടിയത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ശ്രീറാമിനെ പൊലീസ് സഹായിക്കുന്നു. കുറച്ചു കാലമായി ഇതൊക്കെത്തന്നെയല്ലേ നടക്കുന്നത്. പൊലീസുകാര്‍ ആണ് കുറ്റക്കാരെങ്കില്‍ പൊലീസിന് സഹായം, പാര്‍ട്ടിക്കാര്‍ കുറ്റക്കാരായാല്‍ പാര്‍ട്ടിക്കാര്‍ക്കും സഹായം.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെന്താണ്?

ശ്രീറാമിനെതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഒപ്പം കൊല്ലപ്പെട്ട ആ മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിനെയും സഹായിക്കണം. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായി നടത്തണം. ഇപ്പോള്‍ തന്നെ ധാരാളം വീഴ്ചകള്‍ ഈ വിഷയത്തില്‍ സംഭവിച്ചു. തെളിവുകളാണ് നഷ്ടപ്പെട്ടത്. ഇനി വീഴ്ചകള്‍ ഉണ്ടാകാതെ, കര്‍ശന നടപടിയുമായി മുമ്പോട്ട് പോകണം. ശ്രീറാമിന് അയാള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Sriram-Venkitaraman

ശ്രീറാം കേസ് അന്വേഷിച്ചിരുന്ന മ്യൂസിയം എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തല്ലോ. അതിനെക്കുറിച്ച്.

എസ് ഐക്കാണല്ലോ കേസിന്റെ ചുമതല. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണം. അദ്ദേഹത്തിനായിരുന്നല്ലോ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കേണ്ട ചുമതല, അതില്‍ വീഴ്ച പറ്റിയില്ലേ. എന്നാല്‍ എസ് ഐ യെ മാത്രം സസ്‌പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല. ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കും ഇതില്‍ പങ്കുണ്ട്. അതെല്ലാം പുറത്തുകൊണ്ടുവരണം. എല്ലാം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള വിശദമായ അന്വേഷണം വേണം.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍ വരികയാണല്ലോ.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തെക്കുറിച്ച് കേരള പൊലീസോ ക്രൈം ബ്രാഞ്ചോ അന്വേഷിച്ചിട്ട് കാര്യമില്ല. സിബിഐ അന്വേഷണം വേണം ഇക്കാര്യത്തില്‍. ഓരോ ദിവസം കഴിയുംതോറും കത്തിക്കുത്ത് കേസിലെ പ്രതികളുടെ കൂടുതല്‍ പ്രശ്‌നങ്ങള്‍, തട്ടിപ്പുകള്‍ പുറത്തുവരികയാണ്. പ്രതികളായ ശിവരഞ്ജിത്തും നസീമും പി എസ് സി പരീക്ഷയില്‍ നല്ല റാങ്ക് നേടിയതിനെയും ആദ്യം എല്ലാവരും ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ ക്രമക്കേടും പുറത്തുവന്നു. ഫോണ്‍ ഉപയോഗിച്ചൊക്കെയാണ് പി എസ് സി പോലെയൊരു മത്സരപരീക്ഷ എഴുതിയത്. അതിന് സഹായിച്ചവര്‍ വേറെയും. എത്രയോ പേര്‍ കഷ്ടപ്പെട്ട് പഠിച്ച് എഴുതുന്ന പരീക്ഷയാണ്. പി എസ് സിയുടെ വിശ്വാസ്യത തന്നെ ഇപ്പോ തകര്‍ന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം.കേരളത്തിലെ ഇന്നത്തെ പ്രശ്‌നങ്ങളെയെല്ലാം വിലയിരുത്തുമ്പോള്‍.

ഭരണത്തിലിരിക്കുന്ന ആളുകളുടെ സംഘടനകളാണ്, ആള്‍ക്കാരാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത്. അതിനെ ചോദ്യംചെയ്യുന്നവര്‍ കുറ്റക്കാരും. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നം നോക്കൂ, എസ് എഫ് ഐ പ്രവര്‍ത്തകരാണ് പ്രതിക്കൂട്ടില്‍. ശ്രീറാം വിഷയം നോക്കൂ. പൊലീസ് കുറ്റവാളിയെ സഹായിക്കുകയാണ്. അതിനെതിരെ നടപടിയുണ്ടോ.പി എസ് സി പരീക്ഷയില്‍ നടന്നത് വലിയൊരു അഴിമതിയാണ്..വ്യാപം അഴിമതിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍. പി എസ് സി പരീക്ഷ നടത്തിയ ഇന്‍വിജിലേറ്റര്‍ മുതല്‍ പ്രതികള്‍ക്കൊപ്പമാണ്. ക്രൈം ബ്രാഞ്ചിന് ഈ വിഷയങ്ങളില്‍ എത്രത്തോളം സത്യസന്ധമായി അന്വേഷണം നടത്താനാകുമെന്നതില്‍ എനിക്ക് സംശയമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ഞാന്‍ പറയുന്നതും.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയിരിക്കുന്നു. എന്താണ് പ്രതികരണം?

ബിജെപിയുടെ ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു. 370-ാം അനുച്ഛേദമായാലും 35 എ ആയാലും എടുത്തുകളയുന്നത് ശരിയായ നടപടിയല്ല. ഇത് ദൂരവ്യപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കശ്മീരി ജനതയുടെ സുരക്ഷിതത്വത്തിനായാണ് ഇവ നിലവിലുള്ളത്. ബിജെപി ഇത് മാറ്റണമെങ്കില്‍, ആദ്യം സംസ്ഥാന സര്‍ക്കാരിനോടും അവിടുത്തെ പാര്‍ട്ടിയോടും പാര്‍ലമെന്റിലെ പ്രതിപക്ഷത്തോടുമൊക്കെ ചര്‍ച്ച ചെയ്യേണ്ടേ. ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നു എന്ന് പറയുമ്പോള്‍ അങ്ങനെയല്ലേ. ഇത് അന്ന് ജനാധിപത്യത്തിന്റെ മരണമണിയല്ലേ പാര്‍ലമെന്റില്‍ മുഴങ്ങിയത്. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് ഭിന്നിപ്പിക്കാന്‍ മാത്രമേ ഈ നടപടി കൊണ്ട് സാധ്യമാകൂ. പിന്നെ അവിടുത്തെ തീവ്രവാദത്തിനും സഹായകമാകും.

Comments
Loading...