പി എസ് സിക്ക് പകരം യൂട്യൂബ് നോക്കി വീഡിയോ എഡിറ്റിങ് പഠിച്ചു, സംസ്ഥാന സിനിമ അവാര്‍ഡ് കൂടെപ്പോന്നു

വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.

എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?

അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. ഞാന്‍ ജനിച്ചത് തിരുവനന്തപുരത്താണ്, വളര്‍ന്നതും ഇവിടെത്തന്നെ. എന്റെ നാട്ടില്‍വെച്ച്, എന്റെ ജന്മദിനത്തില്‍ ഇങ്ങനെ ഒരു പുരസ്‌കാരം ഏറ്റുവാങ്ങാനായി. അതും എന്റെ ആദ്യ സിനിമയ്ക്ക്. ഏറെ പ്രധാനപ്പെട്ടതാണ് ഈ അനുഭവം. എന്നും ഓര്‍മ്മയിലുണ്ടാകും. വളരെ സന്തോഷമുള്ളൊരു ഓര്‍മ്മ.

പുരസ്‌കാരം ലഭിച്ച ഒരു ഞായറാഴ്ച എന്ന ഈ സിനിമയിലേക്ക് എങ്ങനെയെത്തി?

ശ്യാമപ്രസാദ് സാറിന്റെ സിനിമയാണിത്. മികച്ച സംവിധായകനായി അദ്ദേഹത്തിനും പുരസ്‌കാരമുണ്ട്. ഈ സിനിമയിലേക്കെത്തിയത് എഡിറ്ററായ അപ്പു ഭട്ടതിരി വഴിയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയത് ഇദ്ദേഹത്തിനായിരുന്നു. അപ്പു ചേട്ടന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് വരികയായിരുന്നു ഞാന്‍. ശ്യാമപ്രസാദ് സാറിന്റെ അസോസിയേറ്റായ റിത്വിക് ബൈജുവിനെ പരിചയപ്പെടുന്നത്. ആ ചേട്ടന്‍ വഴിയാണ് ഈ സിനിമയിലേക്കെത്തിയത്. ഞാന്‍ ഈ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞാണ് ചേര്‍ന്നത്. റഫ് കട്ട് ചെയ്യാനായി. അങ്ങനെ റഫ് കട്ട് സര്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അങ്ങനെ സെക്കന്റ് ഷെഡ്യൂള്‍ വരുമ്പോള്‍ ബാക്കിയും ചെയ്യാന്‍ പറഞ്ഞു. അങ്ങനെ അതും ചെയ്തു.

ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിനിമ ശ്യാമപ്രസാദെന്ന വലിയൊരു സംവിധായകനൊപ്പം? ആ അനുഭവമെങ്ങനെയുണ്ടായിരുന്നു?

എന്റെ ആദ്യത്തെ സിനിമ ‘തീവണ്ടി’യാണ്. അസിസ്റ്റന്റായിട്ട്. പിന്നീട് കുറേ സിനിമകള്‍ ചെയ്തു അസിസ്റ്റന്റ് എഡിറ്ററായി. ഇതാണ് ആദ്യത്തെ സ്വതന്ത്ര സിനിമ. ശ്യാം സാറുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യം നല്ല പേടിയുണ്ടായിരുന്നു. അദ്ദേഹം വലിയൊരു സംവിധായകന്‍, ഞാന്‍ ഒരു പുതിയ എഡിറ്റര്‍. വളരെ കുറച്ച് സിനിമകള്‍ മാത്രമേ അസിസ്റ്റ് ചെയ്തിട്ടുള്ളൂ. പക്ഷേ ആദ്യം എഡിറ്റ് ചെയ്തത് സാര്‍ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വന്നു. സാറും ഞാനും ഒരുമിച്ചിരുന്നാണ് എഡിറ്റ് ചെയ്തത്. സാര്‍ വളരെ പ്രൊഫഷണല്‍ ആണ്. ഷോട്ട് ഡിവിഷന്‍ ഒക്കെ നന്നായി ചെയ്താണ് സിനിമ ചെയ്യുന്നത്. സാറിന്റെ വിഷ്വല്‍സ് എഡിറ്റ് ചെയ്യാനായതേ വലിയ കാര്യമാണ്. ശ്യാമപ്രസാദ് സാറിന്റെ തന്നെ അടുത്ത സിനിമ വരുന്നുണ്ട്. ചിലപ്പോള്‍ അതിലും എഡിറ്റ് ചെയ്യാനായേക്കും.

അരവിന്ദ് മന്‍മദന്‍

സിനിമ എങ്ങനെയാണ് മനസിലേക്ക് കയറിയത്?

സിനിമാമോഹം ഉള്ളിലേക്ക് വരുന്നത് ചേട്ടന്‍ വഴിയാണ്. ആനന്ദ് മന്‍മഥന്‍. അഭിനയവും സിനിമയും സ്വപ്‌നം കണ്ടാണ് ചേട്ടന്‍ നടക്കുന്നത്. ആ പാഷന്‍ മനസിലാക്കിയതും സിനിമയെ അറിഞ്ഞതും ചേട്ടന്‍ വഴിയാണ്. ചേട്ടനെ കണ്ടാണ് സിനിമയിലേക്ക് വരുന്നത്. പക്ഷേ എനിക്ക് സംവിധായകന്‍ ആകാനായിരുന്നു താത്പര്യം. കുറേ ശ്രമിച്ചതുമാണ്. പക്ഷേ, നടന്നില്ല. അപ്പോഴാണ് ടെക്‌നിക്കല്‍ ആയി എന്തേലും നോക്കാമെന്ന് കരുതിയത്. അപ്പോള്‍ പിടിച്ചുനില്‍ക്കാമെന്നും ചാന്‍സ് കിട്ടുമെന്നും തോന്നി. അങ്ങനെ എഡിറ്റിങ്ങിലേക്ക് വന്നു. അതെന്തായാലും ശരിയായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ മനസിലായി.

എഡിറ്റിങ്ങിലേക്ക് വന്നതിനുമുണ്ടല്ലോ ഒരു കഥ

സ്‌കൂള്‍ പഠന സമയത്തേ സിനിമ ഉള്ളിലുണ്ടായിരുന്നു. ഡിഗ്രി സമയത്ത് കുറച്ച് സുഹൃത്തുക്കളുമായി ഷോര്‍ട്ട് ഫിലിം ചെയ്തു. അപ്പോഴാണ് എഡിറ്റിങ്ങിനെക്കുറിച്ച് അറിയുന്നത്. അത് എഡിറ്റ് ചെയ്താണ് തുടങ്ങിയത്. സത്യത്തില്‍ ഞാന്‍ ആദ്യം എഡിറ്റിങ് പഠിച്ചത് യുട്യൂബ് ട്യൂട്ടോറിയല്‍ നോക്കിയാണ്. അങ്ങനെയുള്ള വീഡിയോ നോക്കി പഠിച്ചാണ് ആ ഷോര്‍ട്ട് ഫിലിം ചെയ്തത്. പിന്നീട് ശരിയായി പഠിച്ചു. തിരുവനന്തപുരം കെല്‍ട്രോണില്‍ ആറ് മാസത്തെ കോഴ്‌സ് ചെയ്തു. അത് കഴിഞ്ഞ് ഒരു വി എഫ് എക്‌സ് കമ്പനിയിലും ഒരു ചാനലിലും ജോലി ചെയ്തു. അത് കഴിഞ്ഞ് ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സ്ഥാപനം തുടങ്ങി. കുറച്ച് വര്‍ക്കുകളൊക്കെ ചെയ്തു. മ്യൂസിക് ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളുമൊക്കെ. അങ്ങനെ വര്‍ക്ക് ചെയ്യുമ്പോഴാണ് അപ്പുച്ചേട്ടനെ പരിചയപ്പെടുന്നത്.

എഡിറ്റ് ടേബിളിലിരിക്കുമ്പോള്‍ മനസില്‍ വരുന്നത് എന്താണ്?

അപ്പോള്‍ മനസിലുണ്ടാവുക സ്‌ക്രിപ്റ്റ് തന്നെയാണ്. ഞാന്‍ മാത്രമല്ല, മിക്ക എഡിറ്റര്‍മാര്‍ക്കും അങ്ങനെ തന്നെയാണ്. കഥ മനസില്‍ വേണം. അത് വെച്ചാണല്ലോ ചെയ്യുന്നത്. കഥയിലുള്ളതായിരിക്കില്ല ചിലപ്പോ ഷൂട്ട് ചെയ്തത് വരുന്നത്. ചിലപ്പോ എഡിറ്റിംഗ് ടേബിളില്‍ വെച്ച് കഥ മാറാം. അങ്ങനെയങ്ങനെ. എങ്കിലം സ്‌ക്രിപ്റ്റ് എപ്പോഴും മനസിലുണ്ടാകണം. അതാണ് വേണ്ടത്.


ഒറ്റയ്ക്കുള്ള വര്‍ക്കാണ് അതോ ഒരു ഗ്രൂപ്പിന്റെ ഭാഗമായുള്ള വര്‍ക്കാണോ നല്ലത്?

എനിക്ക് തോന്നുന്നു ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന്‌. കാരണം നമ്മള്‍ ഒറ്റയ്ക്ക് വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ ഐഡിയകള്‍ മാത്രം ഉപയോഗിച്ച് നമ്മള്‍ ചെയ്യും. പക്ഷേ് ഒരു ഗ്രൂപ്പിലാണെങ്കില്‍, മറ്റുള്ളവരുടെയും ഐഡിയ ഉണ്ടാകും. നമ്മുടെ ഐഡിയയൊക്കെ ചര്‍ച്ച ചെയ്ത് കുറച്ചുകൂടെ നന്നാക്കാം. അവരുടെ ടേസ്റ്റ് കൂടെ മനസിലാക്കി നല്ലൊരു ഔട്ട്കം ഉണ്ടാകും. അതുകൊണ്ട് തന്നെ ഒടു ടീമായി ചെയ്യുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇനി സംവിധാനമെന്ന സ്വപ്‌നത്തിലേക്ക് തിരിച്ചുപോകുമോ?

ഉറപ്പായിട്ടും. എന്നും മനസിലുള്ളത് സംവിധാനമാണ്. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യണം. അതിനൊരു സമയം വരുമെന്നാണ് പ്രതീക്ഷ. എല്ലാം ഒത്തുവരുമ്പോള്‍ ചെയ്യണം. അല്ലാതെ ഇത്ര സമയത്തിനുള്ളില്‍ ചെയ്യണമെന്നൊന്നുമില്ല. സിനിമ ഇഷ്ടമാണ്. അതില്‍ എങ്ങനെയും പിടിച്ചുനില്‍ക്കണമെന്നേയുള്ളൂ. ഞാന്‍ ചില ഷോര്‍ട്ട് ഫിലിമുകളില്‍ ക്യാമറയും ചെയ്തിട്ടുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More