ജെഎന്‍യുവിലെ ഇടത് വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ ശക്തമായ മറുപടി: ഗോപിക

ഇന്ത്യയുടെ രാഷ്ട്രീയ ചിത്രത്തില്‍ മുറിവായി മാറുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും. രാജ്യതലസ്ഥാനം പ്രതിഷേധ പരമ്പരകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു, ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന അതേ ഡല്‍ഹിയില്‍, ജനാധിപത്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ ഉണരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) ക്യാമ്പസില്‍. ഇത്തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യം വിജയം കൊയ്തിരിക്കുന്നു. തിരഞ്ഞെടുപ്പില്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് കൗണ്‍സിലറായി ജയിച്ച ഏക മലയാളി വിദ്യാര്‍ഥിനി ഗോപിക സംസാരിക്കുന്നു.

ജെഎന്‍യുവിലെ ഇടത് വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ ശക്തമായ മറുപടി: ഗോപിക 1

ഡല്‍ഹിയിലെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, ജെഎന്‍യുവിലെ ഈ വിജയത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ജെഎന്‍യുവിലേത്. ആ രീതിയില്‍ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇടത് സഖ്യത്തിന്റെ വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ ശക്തമായ മറുപടിയായാണ് കാണുന്നത്. ജെഎന്‍യു ചരിത്രം നോക്കിയാല്‍ തന്നെ അറിയാം… ആ ക്യാമ്പസ് ഇടതിനൊപ്പമായിരുന്നെന്ന്.

ഇന്ന്, ആര്‍ക്കാണ് കേന്ദ്രത്തിനെതിരെ നില്‍ക്കാനുള്ള ആര്‍ജവമുള്ളതെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കിയിട്ടുണ്ട്. ജെഎന്‍യു അധികൃതര്‍, ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എല്ലാം അവിടെ എബിവിപിക്ക് സഹായമായുണ്ടായിരുന്നു. എന്നാല്‍ക്കൂടിയും, വിദ്യാര്‍ഥികള്‍ ഇടത് സഖ്യത്തിനൊപ്പം നിന്നു. അത് തന്നെ ആത്മവിശ്വാസം നല്‍കുന്നുണ്ട്…

ജെഎന്‍യുവിലും എബിവിപിക്ക് വോട്ട് കൂടുന്നുണ്ട്… അത് ഗൗരവത്തില്‍ കാണേണ്ടതല്ലേ…

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എബിവിപിക്ക് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു, അതിന് കാരണം ആദ്യം എബിവിപി ശക്തികേന്ദ്രങ്ങളുടെ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, സംസ്‌കൃതം ഡിപ്പാര്‍ട്ട്‌മെന്റ് ഇവിടെയൊക്കെയാണ് കൗണ്ടിഗ് തുടങ്ങിയത്. പിന്നീട് ഇടത് ലീഡാണ് കണ്ടത്.

എബിവിപി വോട്ട് ഷെയര്‍ ഇപ്പോള്‍ കൂടിയിട്ടുണ്ട്, അത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ട് ഷെയറിന് കുറവ് വന്നിട്ടില്ല..പക്ഷേ, എബിവിപിക്ക് എങ്ങനെ വോട്ട് കൂടുന്നുവെന്നത് ഗൗരവമായി ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്..എവിടെയാണ് എബിവിപി ശക്തി കൂട്ടുന്നത് എന്നൊക്കെയുള്ള പഠനം വേണ്ടതുണ്ട്.

അധികൃതര്‍ എബിവിപിക്ക് ഫുള്‍ സപ്പോര്‍ട്ടാണ്.. ആദ്യം ക്യാമ്പസില്‍ വരുന്ന കുട്ടികള്‍ കൂടുതലും എബിവിപിക്കാണ് സപ്പോര്‍ട്ട് നല്‍കുന്നത്, അതിന് കാരണം അവിടെ വരുന്നവരില്‍ ഭൂരിപക്ഷവും ബിജെപിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ നിന്നാണ് വരുന്നത് എന്നതുകൊണ്ടാണ്. എന്നാല്‍ ജെഎന്‍യുവിലെത്തി, ചര്‍ച്ചകളിലും സംവാദങ്ങളിലും എല്ലാം പങ്കെടുത്ത് അവരുടെയും ചിന്തകള്‍ മാറും. അപ്പോഴാണ് അവര്‍ ഇടതിലേക്ക് വരുന്നത്. എബിവിപിക്ക് വോട്ട് ഷെയര്‍ കൂടുന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

ഷെഹ്ല റാഷിദിന്റെ യു-ടേണ്‍…

കനയ്യ കഴിഞ്ഞാല്‍ ഏവരും ഉറ്റുനോക്കിയ ഒരാള്‍…നിലപാടുകള്‍ ഉറച്ചതെന്ന് എല്ലാവരും പറഞ്ഞ ഒരാളുടെ മാറ്റം ഞെട്ടിക്കുന്നതായിരുന്നു. ആരെയാണോ എതിര്‍ത്തത്, എന്തിനെയാണോ എതിര്‍ത്തത്, അവരെ പിന്തുണച്ച് എങ്ങനെ സംസാരിക്കാനാകുമെന്നൊക്കെ എല്ലാവരും സംശയിച്ചിരുന്നു. അവരുടെ ട്വീറ്റ് എല്ലാവരും ഉറ്റുനോക്കിയതാണ്… പിന്നീടാണ് അസിസ്റ്റന്റ് പ്രൊഫസര്‍ പദവി കിട്ടിയത്… പിന്നെ പതിയെ പതിയെ എല്ലാം ക്ലിയറായല്ലോ…അതിനെപ്പറ്റി ഞാന്‍ ഉത്തരം പറയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല…അവസരവാദ രാഷ്ട്രീയമാണത്, ഫാസിസത്തിന്റെ കൂടെ നില്‍ക്കുകയെന്നത് വല്ലാത്ത മോശം അവസ്ഥയാണ്.

കൗണ്‍സിലറെന്ന നിലയില്‍ എന്തൊക്കെ തീരുമാനങ്ങള്‍…

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് കൗണ്‍സിലര്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, പ്രകടന പത്രികയില്‍ പറഞ്ഞവ നടപ്പാക്കണം, യൂണിയന് കുറച്ച് കൂടെ ശക്തി പകരണം. ക്യാമ്പസിനുള്ളില്‍ ജെന്‍ഡര്‍ അവബോധ ക്ലാസുകള്‍ കൂടുതല്‍ നടത്തണമെന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ നേരിടുന്ന ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ക്യാമ്പസില്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രശ്‌നങ്ങളുണ്ട്, ഫണ്ട് അനുവദിക്കാത്തത് പോലെയയുള്ള പ്രശ്‌നങ്ങളുണ്ട്. ഇതിനൊക്കെ എതിരെ ശബ്ദമുയര്‍ത്തണം.

ജെഎന്‍യുവിലെ ഇടത് വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ ശക്തമായ മറുപടി: ഗോപിക 2

രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന്…

ബഹ്‌റനില്‍ ആണ് ഫാമിലിയൊക്കെ. സ്‌കൂള്‍ പഠനമെല്ലാം അവിടെയായിരുന്നു. അച്ഛന്‍, കെജി ബാബു, സെയില്‍സ് മാന്‍ ആണ്, അമ്മ ജുമ ബാബു, ടീച്ചറാണ്. ഒരു ഇരട്ട സഹോദരിയുണ്ട്, ദേവിക. അച്ഛന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തനമില്ല. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലാണ് ഞാന്‍ ഡിഗ്രി പഠിച്ചത്, സോഷ്യോളജി ആയിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ തന്നെ ജെഎന്‍യു ആണ് എന്തുകൊണ്ടും നല്ലതെന്ന് തോന്നിയിരുന്നു. ജെഎന്‍യുവില്‍ എല്ലാവര്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. മെസ് ഫീസ് മാത്രമേയുള്ളൂ. അതുമാത്രമല്ല, 268 രൂപയാണ് ഇവിടെ സെമസ്റ്റര്‍ ഫീസ്. പഠനത്തിനും മികച്ച സൗകര്യങ്ങളുണ്ട്. ഇതിനെല്ലാം പുറമെ ജെഎന്‍യുവിന്റെ ലെഗസി… ഇവിടുത്തെ രാഷ്ട്രീയം എല്ലാം തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ജെഎന്‍യുവിലെ ഇടത് വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ ശക്തമായ മറുപടി: ഗോപിക

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More