തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മമറ്റൊരു ട്വന്റി ട്വന്റിയാകുമോ; ജി വിജയരാഘവന്‍ മറുപടി പറയുന്നു

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ഇന്ന് പുതിയ ചില പോരാട്ടങ്ങള്‍ക്ക് വേദിയാകുകയാണ്. കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അതേ മാതൃകയില്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മ. ടെക്‌നോപാര്‍ക്കിന്റെ ആദ്യ സിഇഒയായ ജി വിജയരാഘവനും എസ് എന്‍ രഘുചന്ദ്രനുമാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. തലസ്ഥാന വികസനം എന്ന മുദ്രാവാക്യവുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ടിവിഎം എന്ന തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജി വിജയരാഘവനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.

നൂറ് സീറ്റില്‍ 35 സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പിന്നില്‍….

നൂറ് സീറ്റും വിലയിരുത്തുമ്പോള്‍ 35 സീറ്റില്‍ കൂടുതല്‍ വിജയസാധ്യതയുണ്ട്. ഇപ്പോഴിതുവരെ 49 സീറ്റുകളിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ആളുകള്‍ എത്തിയിട്ടുണ്ട്. അതില്‍ വിജയസാധ്യത നോക്കുമ്പോഴാണ് 35 സീറ്റ് എന്ന എണ്ണം വരും. നൂറ് വാര്‍ഡുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്.

നൂറ്റിയന്‍പതോളം ആളുകളുള്ള ഗ്രൂപ്പുകളാണിത്. വിജയസാധ്യത കൂടുതലുള്ള വാര്‍ഡുകളില്‍ കൂടുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. അതിലൂടെയാണ് പ്രവര്‍ത്തനമൊക്കെ. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകള്‍ നടക്കുന്നേയുള്ളൂ. ഒന്നും ഉറപ്പിച്ച് പറയാറായിട്ടില്ല.

100 സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 35 സീറ്റുകളില്‍ കൂട്ടായ്മ സ്ഥാനാര്‍ഥികളെ നിര്‍ത്തും. പൊതുരംഗത്ത് നല്ല പ്രവര്‍ത്തന മികവുള്ള ജനങ്ങള്‍ക്ക് സ്വീകാര്യനായയാളെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്താനുദ്ദേശിക്കുന്നത്.

35 സീറ്റില്‍ പരമാവധി ജയിച്ചുകഴിഞ്ഞാല്‍ തിരുവനന്തപുരത്ത് ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാകും. കഴിഞ്ഞ തവണ സിപിഎമ്മിന് 40ന് മുകളില്‍ സീറ്റ് പിടിക്കാനായിരുന്നു.

തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മമറ്റൊരു ട്വന്റി ട്വന്റിയാകുമോ; ജി വിജയരാഘവന്‍ മറുപടി പറയുന്നു 1

മറ്റൊരു ട്വന്റി ട്വന്റിയാകുമോ ടിവിഎം?

ശരിക്കും ഇതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയല്ല. ഇതൊരു സമ്മര്‍ദ ഗ്രൂപ്പാണ്. ഇത് പൊളിറ്റിക്കല്‍ പാര്‍ട്ടിയാകാനുള്ള സമയമായിട്ടില്ല, ഒരു ചിഹ്നത്തില്‍ നില്‍ക്കാനൊന്നുമായിട്ടില്ല. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിന് ഒരു രൂപം വരുത്താന്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.

തിരുവനന്തപുരത്തെ പല കൂട്ടായ്മകളുമായും അതിന്റെ തലപ്പത്തുള്ളവരുമായുമൊക്കെ ചര്‍ച്ചകള്‍ നടത്തുകയാണ്. സോഷ്യല്‍മീഡിയയിലെ പ്രധാന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരുമായുമൊക്കെ ചര്‍ച്ചകള്‍ നടക്കുകയാണ്. അധികം വൈകാതെ ഒരു തീരുമാനത്തിലെത്തും.

എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു?

ശരിക്കും ഇത് തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഒരു വോട്ടു ബാങ്ക് ആണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് രണ്ടര മാസമായിട്ടാണ് തിരുവനന്തപുരത്തെ പല പ്രദേശത്തുമുള്ള ഗ്രൂപ്പുകളുമായും ജനങ്ങളുമായും ചര്‍ച്ച നടത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് പല രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സിദ്ധാന്തങ്ങള്‍ നടപ്പിലാക്കിയും അവരുടെ താത്പര്യങ്ങള്‍ നടപ്പിലാക്കിയുമാണ് മുന്നോട്ട് പോയത്. അത് കാരണം തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അവര്‍ തഴയപ്പെട്ടുവെന്ന തോന്നലുണ്ടായി.

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് വന്നു, അത് കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിഴിഞ്ഞത്ത് തുറമുഖം വന്നത്. പിന്നെ ഇതിന് മുമ്പ് നടന്നത് റോഡ് വികസനമാണ്. ഇതൊക്കെ അല്ലാതെ തിരുവനന്തപുരം മെട്രോ എവിടെ? അതിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് വരെ കൊടുത്തതാണ്, മെട്രോമാന്‍ എന്നറിയപ്പെടുന്ന ശ്രീധരന്‍ പിള്ളയൊക്കെ പിന്തുണച്ചതാണ്. പക്ഷേ അതിനെപ്പറ്റി ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം നോക്കിയാലോ. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നുവെന്ന് കേട്ടപ്പോള്‍ പലരും പ്രതിഷേധമായിരുന്നു. പക്ഷേ വിമാനത്താവളം ബുദ്ധിമുട്ടിലായപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. ഇതൊക്കെ നടന്നപ്പോഴാണ് ഒരു ചിന്തയുണ്ടായത്. തിരുവനന്തപുരത്തിന്റെ വികസനം തിരുവനന്തപുരത്തെ ആള്‍ക്കാര്‍ കരുതുന്ന, ആഗ്രഹിക്കുന്ന രീതിയില്‍ വേണമെന്ന് തോന്നി.

എന്തൊക്കെയാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍?

നേരത്തെ ഞങ്ങള്‍ ഒരു സര്‍വെ ചെയ്തിരുന്നു, അതില്‍ ഒമ്പതിനായിരത്തിലധികം പേര്‍ വോട്ട് ചെയ്തിരുന്നു. തലസ്ഥാനത്തിന്റെ വികസനത്തിനായി ഇരുപത്തിയഞ്ചോളം പദ്ധതികള്‍ തെരഞ്ഞെടുക്കുന്ന സര്‍വെ ആയിരുന്നു അത്. ആ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

പദ്ധതികള്‍ ഇവ…

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പിപിപി മാതൃകയിലുള്ള വികസനം, വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കല്‍, ഏകീകൃത മാലിന്യ സംസ്‌കരണ പദ്ധതി, തിരുവനന്തപുരം മെട്രോ, ജലാശയങ്ങളുടെയും കനാലുകളുടെയും നവീകരണം, ജില്ലയിലെ റോഡ് വികസനം, ടെക്നോപാര്‍ക്ക് വികസനം, തിരുവനന്തപുരം എയര്‍, റെയില്‍, സീ മൊബിലിറ്റി ഹബ്, മെഡിക്കല്‍ ഹെല്‍ത്ത് ഹബ്, ഇന്റഗ്രേറ്റഡ് ടൂറിസം വികസനം, ചാല, ബീമാപള്ളി, ആനയറ, പാളയം ചന്തകളുടെ വികസനം, കോവളം ടൂറിസം പദ്ധതി, സ്പോര്‍ട്സ് ഹബ് വികസനം, കോവളം കൊല്ലം ജലപാത വികസനം, തിരുവനന്തപുരം ബ്രാന്‍ഡിംഗ്, തീരദേശ വികസന പദ്ധതി, എംജി റോഡിലെ സമരങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റല്‍, ഹൈക്കോടതി ബെഞ്ച്, എജ്യുക്കേഷന്‍ ഹബ്, റെയില്‍ സൗകര്യ വികസനം, സോളാര്‍ പവര്‍ വ്യാപിപ്പിക്കല്‍.

എന്താണ് തിരുവനന്തപുരത്തിന് വേണ്ടത്?

നോക്കൂ, ഒരു മന്ത്രിസഭയിലെ ഏതാണ്ടെല്ലാ മന്ത്രിമാരും… അവര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് തിരുവനന്തപുരത്താണല്ലോ..ഇവിടെ താമസിച്ചിട്ട്, ഇവിടെയിരുന്ന് അവരെല്ലാം തിരുവനന്തപുരം എയര്‍പോര്‍ട്ടിനെതിരായി വോട്ട് ചെയ്യുമ്പോള്‍, തിരുവനന്തപുരത്തെ ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത്.. തിരുവനന്തപുരത്തെ തഴഞ്ഞുവെന്ന തോന്നല്‍ ജനങ്ങള്‍ക്ക് വന്നു. ആ തോന്നല്‍ മാറ്റുകയെന്ന ഉത്തരവാദിത്തം രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്.

തിരുവനന്തപുരത്തിന്റെ വികസനം ഞങ്ങളുടെ പ്രധാന അജണ്ടയാക്കണം എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തോന്നണം. അങ്ങനെയായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യം ഇവിടെ വരില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയൊരു കൂട്ടായ്മ ഉണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഞങ്ങള്‍ക്ക് ആര്‍ക്കും രാഷ്ട്രീയത്തില്‍ താത്പര്യമില്ല, തെരഞ്ഞെടുപ്പില്‍ നില്‍ക്കാനും താത്പര്യമില്ല. അങ്ങനെയുള്ളൊരു സംഘം ആള്‍ക്കാരെ ഇങ്ങനെ കൂട്ടായ്മയിലേക്കെത്തിച്ചത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. ഞങ്ങളിങ്ങനെയൊക്കെയേ പോകൂയെന്ന അവരുടെ ചിന്തയാണ്.

രാഷ്ട്രീയക്കാരുടെ ശക്തിയെന്നത് അവരുടെ വോട്ടാണ്. വോട്ട് ബാങ്ക്് ഉണ്ടാക്കാമെന്ന് തോന്നിയത് അതില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതിനാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്ത മാറ്റമം. തിരുവനന്തപുരത്തിന് അര്‍ഹമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം.

എങ്ങനെയൊക്കെയാണ് പ്രവര്‍ത്തനം?

നേരത്തെ പറഞ്ഞതുപോലെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കുറേ പ്രവര്‍ത്തനം. ഇപ്പോള്‍ സ്ഥാനാര്‍ഥികളാകാന്‍ താത്പര്യം പ്രകടിപ്പിച്ച് വരുന്ന കുറേ ആള്‍ക്കാരുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. വിദ്യാഭ്യാസ യോഗ്യത, എത്ര കാലമായി ഇവിടെയുണ്ട്, കേസുകള്‍ വല്ലതും ഇവരുടെ പേരിലുണ്ടോ അങ്ങനെയെല്ലാം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമായ കുറേയധികം പേര്‍ നമ്മുടെ കൂട്ടായ്മയുടെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്കൊരു ചിഹ്നമില്ല, ഇതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയല്ല, അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഞങ്ങളും അപ്പോള്‍ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങും. നേരിട്ട് പോയി കാണും. അങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിന്റെ പല സ്ഥലങ്ങളിലും ഞങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങള്‍ വീഡിയോകള്‍ ചെയ്യാറുണ്ട്. ഇതൊക്കെ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാറുണ്ട്.

ഞങ്ങളുടെ ശക്തി യൂത്ത് ആണ്. യുവാക്കള്‍ ഞങ്ങളോടൊപ്പമുണ്ട്. അവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 25 മുതല്‍ 32 വയസിനിടയ്ക്കുളള ധാരാളം പേര്‍ ഞങ്ങളെ കാണാന്‍ വരുന്നുണ്ട്. അവര്‍ക്കൊന്നും സ്വാര്‍ഥ താത്പര്യങ്ങളില്ല. എല്ലാവര്‍ക്കും വേണ്ടത് തിരുവനന്തപുരത്തിന്റെ വികസനമാണ്.

ജനങ്ങളുടെ പ്രതീക്ഷയെക്കുറിച്ച്

ഞങ്ങളുടെ ശക്തി തന്നെ ജനങ്ങളുടെ പ്രതീക്ഷയാണ്. നിങ്ങളാരും പ്രതീക്ഷിക്കാത്ത ആളുകള്‍ ഞങ്ങളെ വിളിക്കുന്നുണ്ട്. ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും തയ്യാറാണെന്ന് പറഞ്ഞ് വിളിക്കുന്നവരുണ്ട്. ചിലര്‍ പറയുന്നുണ്ട്, പ്രചാരണത്തിന് പൈസ തരാമെന്ന്.

ചില ബിസിനസ് ഗ്രൂപ്പുകള്‍ അവരുടെ ആശങ്കയും ഞങ്ങളെ അറിയിട്ടുണ്ട്. എല്ലാത്തവണയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഫണ്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ സമീപിക്കുമെന്നും, എന്നാല്‍ ജയിച്ചുകഴിഞ്ഞാല്‍ ആവശ്യങ്ങള്‍ കേള്‍ക്കാറില്ലെന്നും. ഇത്തവണ വികസനത്തിന്റെ അജണ്ട ഇല്ലാത്തവര്‍ക്ക് ഞങ്ങള്‍ പൈസ കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ട്.

വികസനം പ്രധാന അജണ്ടയാക്കട്ടെ പാര്‍ട്ടിക്കാര്‍. പലരും ചോദിക്കുന്ന മറ്റൊരു ചോദ്യം എന്തെന്ന് വെച്ചാല്‍, ഇപ്പോള്‍ പലരും വികസനം പറഞ്ഞ് വോട്ട് വാങ്ങിക്കും. എന്നിട്ട് വാക്ക് പാലിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന്. അപ്പോള്‍ നമ്മള്‍ അസംബ്ലി തെരഞ്ഞെടുപ്പിനെപ്പറ്റി ആലോചിക്കണം. ജനങ്ങള്‍ക്ക് വേണ്ടത് നമ്മള്‍ കൊടുക്കണം.

ബിജെപിയുടെ ബി ഗ്രൂപ്പെന്നും മറ്റുമുള്ള ആരോപണങ്ങളെക്കുറിച്ച്

പലരും പല ആരോപണമാണ് മുന്നോട്ട് കൊണ്ടുവരുന്നത്. ബിജെപിക്കാര്‍ പറയുന്നത് അവര്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ ഞങ്ങള്‍ കൊണ്ടുപോകുമെന്നാണ്.

യുഡിഎഫ് പറയുന്നത് കഴിഞ്ഞ തവണ അവര്‍ വളരെ ചുരുക്കം വോട്ടുകളില്‍ തോറ്റുപോയ ഇടങ്ങളില്‍ ഞങ്ങളുടെ കൂട്ടായ്മ സ്ഥാനാര്‍ഥിയെ നിര്‍ത്തി എല്‍ഡിഎഫിനെ സഹായിക്കുന്നുവെന്നാണ്.

എല്‍ഡിഎഫ് പറയുന്നത് ഞങ്ങള്‍ അവര്‍ക്കെതിരാണ് എന്നാണ്. മൂന്ന് പേരും ഇങ്ങനെ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴേ ഒരു കാര്യം വ്യക്തമാണ്, ഞങ്ങള്‍ ഈ മൂന്ന് പേരുടെയും താത്പര്യത്തിന് നില്‍ക്കുന്ന ഒരു ഗ്രൂപ്പല്ല എന്നത്.

ഇനി മറ്റ് ചില ആരോപണങ്ങളുള്ളത് ഞങ്ങള്‍ക്ക് വേറെ എവിടെയോ നിന്ന് ഫണ്ടിംഗ് വരുന്നു എന്നാണ്. അതിന്റെയൊന്നും ആവശ്യം എന്തായാലും ഞങ്ങള്‍ക്കില്ല. ഇതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണ്.

ടെക്നോപാര്‍ക്ക് വികസനം- എന്താണ് നിരീക്ഷണം?

ടെക്നോപാര്‍ക്ക് വികസനത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. ഇനിയത് ഉണ്ടാവാന്‍ പാടില്ല. നിസാന്‍ ഗ്രൂപ്പൊക്കെ ഇവിടെ ടെക്നോപാര്‍ക്കില്‍ ക്യാമ്പസ് തുടങ്ങാനെത്തിയവരാണ്.

അവിടെ അവര്‍ മൂന്ന് കമ്പനികള്‍ തുടങ്ങി. പക്ഷേ ഇപ്പോള്‍ അവിടെ വളരെ കുറച്ച് പേരേ ജോലി ചെയ്യുന്നുള്ളൂ. അവര്‍ അവിടെ ജോലി ചെയ്യുന്നവരോട് പറയുന്നത്, വേറെ എവിടെയെങ്കിലും ജോലി കിട്ടിയാല്‍ പൊക്കോളൂ എന്നാണ്.

അവര്‍ കൊണ്ടുവന്ന മൂന്ന് കമ്പനികളും കുറച്ച് കാലം കഴിഞ്ഞ് ഇവിടെ നിന്ന് പോയി, അതിന് പ്രധാനപ്പെട്ട കാരണമെന്തെന്ന് വെച്ചാല്‍ വിമാനത്താവളമാണ്. കാരണം ജപ്പാന്‍ പോലെയുള്ള രാജ്യങ്ങളില്‍ നിന്നൊക്കെ തിരുവനന്തപുരത്തേക്ക് വരാന്‍ പാടാണ്.

പല വിമാനത്താവളങ്ങളിലും വന്ന്, അവിടെ സ്റ്റേ കഴിഞ്ഞേ പറ്റൂ. ഡയറക്ടായിട്ട് തിരുവനന്തപുരത്തേക്ക് വരാന്‍ വഴിയില്ല. ഇത്രയൊക്കെ ബുദ്ധിമുട്ടി എന്്തിന് തിരുവനന്തപുരത്തേക്ക് വരണമെന്നാണ് അവര്‍ ചോദിക്കുന്നത്. അത് മാത്രമല്ല, വിഴിഞ്ഞം തുറമുഖം വന്നു. എന്തൊക്കെ പ്രശ്നങ്ങളാണ് ുണ്ടായത്.

ഇവിടേക്ക് വരുന്ന കമ്പനികള്‍ അവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പിന്മാറും. ഇത് മാറണം. ഇത് മാറിയാല്‍ തിരുവനന്തപുരത്ത് കുറേ തൊഴിലവസരങ്ങള്‍ വരും, വികസനം വരും.

ഇപ്പള്‍ ലോക്ക്ഡൗണ്‍ സമയത്ത് ടെക്നോപാര്‍ക്കിലെ പല കമ്പനികളിലെയും തൊഴിലാളികളുടെ ജോലി പോയിട്ടുണ്ട്. ആരും അതിനെപ്പറ്റി മിണ്ടുന്നില്ല,. ഇവിടേക്ക് പുതിയ കമ്പനികള്‍ വന്നാള്‍ തൊഴില്‍ പോയവര്‍ക്ക് അവസരം കിട്ടില്ലേ. ഇവിടെ കമ്പനികള്‍ കുറേ ഉണ്ടെങ്കില്‍ ജോലിസാധ്യത കൂടുതലാണ്.

വിമാനത്താവളത്തിന്റെ കാര്യമെടുത്താലോ. എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് നല്‍കാന്‍ പറ്റുന്നതിലും എത്രയോ മടങ്ങ് തൊഴിലവസരങ്ങള്‍ അദാനി ക്ക് നല്‍കാനാകും. പക്ഷേ അതിനൊക്കെ തടയിടുകയാണ് ഇവിടെയുള്ളവര്‍. എയര്‍പോര്‍ട്ടും സീപോര്‍ട്ടും വന്ന് കഴിഞ്ഞാല്‍ ഇതൊരു ഹബ് ആയി മാറും. അങ്ങനെ ഉണ്ടായാല്‍ എന്തൊക്കെ സാധ്യതകളാണുള്ളത്.

വിഴിഞ്ഞത്ത് പോര്‍ട്ട് വരുന്നു. നമ്മുടെ തീരപ്രദേശത്തെ ജനങ്ങള്‍ക്ക് അവിടെ തൊഴില്‍ കിട്ടാനായി നമ്മള്‍ ഒരു ട്രെയിനിംഗ് അവര്‍ക്ക് കൊടുക്കേണ്ടേ. പക്ഷേ അതൊന്നും നമ്മള്‍ ചെയ്തിട്ടില്ല. ഓരോ പ്രോജക്ട് ആയി കാണാതെ ഒരു ഫുള്‍ പാക്കേജായി കാണണം. എന്നാലേ ശരിയായ അര്‍ഥത്തില്‍ വികസനം ഇവിടെ സാധ്യമാകൂ.

രണ്ട് വര്‍ഷത്തിനകം പോര്‍ട്ട് പണികള്‍ കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങും. അപ്പോഴേക്ക് അവിടെ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകും. അവിടേക്ക് നമ്മള്‍ നമ്മുടെ ജനങ്ങളെ പ്രാപ്ര്തരാക്കണം. അതിനുള്ള ജോലികള്‍ ഇപ്പോഴേ തുടങ്ങണം. നമ്മുടെ തീരപ്രദേശത്തെയും അവഗണിച്ച് വിട്ടേക്കുകയാണ് പാര്‍ട്ടികള്‍. അവരുടെ ആവശ്യങ്ങള്‍ നടത്തേണ്ടേ..

# ജി വിജയരാഘവന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More