ശബരിമലയുടെ പ്രാധാന്യം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നത്: പി എസ് ശ്രീധരൻപിള്ള

ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ബിജെപിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായ പി എസ് ശ്രീധരന്‍പിള്ള കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ച് അനുവിനോട് പ്രതികരിക്കുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ കുറിച്ച്

വിധിയെ മാനിക്കുന്നു. എന്നാല്‍ ഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. അതിന് ആശയപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക്കൊപ്പം ബിജെപി നിലനില്‍ക്കും. പിന്നെ എന്നും എപ്പോഴും ശബരിമലയുടെ പ്രാധാന്യം താഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് സിപിഎമ്മിന്റേത്. പണ്ട് ശബരിമലയ്ക്ക് എന്ന പേരില്‍ എ കെ ഗോപാലന്‍, ഒരു പിരിവ് നടത്തി ഒടുവില്‍ അത് ഗോപാലസേനയുടെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചത്.അപ്പൊ അങ്ങനെ ഒരു പാര്‍ട്ടിയാണ് സിപിഎം.കൂടുതലൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കണ്ട.

ഇടത്, വലത് പാര്‍ട്ടികള്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ ന്യൂനപക്ഷങ്ങളില്‍ നിന്നും അകറ്റുന്നുണ്ടോ?

സത്യത്തില്‍ വര്‍ഗീയത കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സിപിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍.ബിജെപിയും,ആര്‍ എസ് എസും ഭീകര സംഘടനകളാണ് എന്ന പേരിലാണ് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസും,സിപിഎമ്മും പ്രചരണം നടത്തുന്നത്.എന്നാല്‍ ഇപ്പൊള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് രണ്ട് പാര്‍ട്ടികളെയും മനസ്സിലായി തുടങ്ങി.മാത്രമല്ല കോണ്‍ഗ്രസിന്റെയും,ബിജെപിയുടെയും ഇത്തരം പ്രവര്‍ത്തനങ്ങളും,ആരോപണങ്ങളും പാര്‍ട്ടി എതിര്‍ക്കുക തന്നെ ചെയ്യും.

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ഇടത്,വലത് പാര്‍ട്ടികള്‍?

തീര്‍ച്ചയായും, ഒരു ജനസമൂഹത്തെ ഭയപ്പെടുത്തി അവരില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു,ഇവരാണോ മതേതര പാര്‍ട്ടി.ഇപ്പോ വര്‍ഗീയ കലാപങ്ങള്‍ ഇല്ലായെന്ന് തന്നെ പറയാം. 2004 ല്‍ ബിജെപിയെ ഒറ്റപ്പെടുത്താന്‍ വലിയ ശ്രമം നടന്നു.ക്രിസ്റ്റ്യന്‍ പള്ളികള്‍ തകര്‍ത്തു എന്നൊക്കെ പറഞ്ഞു.ന്യൂയോര്‍ക്ക് ടൈംസ് വരെ റിപ്പോര്‍ട്ട് ചെയ്തു.അത് ഇത്തരത്തിലുള്ള വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമായിരുന്നു.തത്വങ്ങളില്‍ അധിഷ്ടിതമാണ് ബിജെപി.നമുക്ക് ഒരു സംസ്‌ക്കാരമുണ്ട്. ഇവിടുത്തെ ജമാ അത്തെ ഇസ്ലാമിയുടെ പേരില്‍ പോലും ഹിന്ദ് എന്നില്ലെ.ഞങ്ങള്‍ ഒരു സമുദായത്തിനും എതിരല്ല. ഹിന്ദുത്വമാണ് ഈ രാഷ്ട്രത്തിന്റെ ആത്മാവ്.അത് ഒരു മതമോ, ജാതിയോ അല്ല, അത് ഒരു സംസ്‌ക്കാരമാണ്. നാടിന്റെ പൈതൃകമാണ്.

കന്യാസ്ത്രീ സമരത്തെ കുറിച്ച് ബിജെപി നിലപാട്

കന്യാസ്ത്രീ സമരത്തിനൊപ്പം നിന്ന ജനങ്ങളെ പോലും പരിഹസിച്ച സര്‍ക്കാരാണിത്. കോടിയേരി ബാലകൃഷ്ണന്‍ ഈ സമരത്തെ കുറിച്ച് പറഞ്ഞത് വര്‍ഗീയത ഇളക്കിവിടുന്ന പരാമര്‍ശങ്ങളായിരുന്നു.സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയിട്ട് അത് ലഭിക്കാതെ വന്നപ്പോള്‍ കന്യാസ്ത്രീകള്‍ സമരം ചെയ്തു. അപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യാനല്ല,മറിച്ച് സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത്.

പ്രളയ സമയത്ത് കേരളത്തിനു വേണ്ട സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തിയോ, അത്തരം ആരോപണങ്ങളെ കുറിച്ച്

കേരളത്തില്‍ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചത്ര ആത്മാര്‍ത്ഥത മറ്റേതെങ്കിലും ഭരണകൂടം കേരളത്തോട് കാണിച്ചിരുന്നോ, കുട്ടനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ തന്നെ ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി എത്തി.പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി വന്നു. വാജ്പേയിയുടെ സംസ്‌കാര ചടങ്ങിനിടയിലും പ്രധാനമന്ത്രി വന്നു. സഹായങ്ങളെല്ലാം ചോദിച്ചതില്‍ കൂടുതല്‍ കേന്ദ്രം നല്‍കി. മുഖ്യമന്ത്രിക്ക് പോലും ഇക്കാര്യം സമ്മതിക്കേണ്ടി വന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബിജെപിയില്‍ ഒരു അനിശ്ചിതത്വം ഉണ്ടായിരുന്നോ?

ഒരിക്കലുമില്ല, പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് പേര് നിര്‍ദേശിക്കാന്‍ പറഞ്ഞ അവസരത്തില്‍ ഞാനും മൂന്ന് പേരുടെ എഴുതി നല്‍കിയിരുന്നു.പക്ഷെ അതില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നെ ദേശീയ അദ്ധ്യക്ഷന്‍ നിര്‍ദേശിച്ച പേര് എന്റെതായിരുന്നു.പക്ഷെ ഞാന്‍ അദ്ദേഹവുമായി ചില കോര്‍ കമ്മിറ്റികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് പരിചയമൊന്നുമില്ലായിരുന്നു. അത് തന്നെ ഒരു ആറേഴ് തവണയാണ്.പിന്നെ എന്റെ പേര് സംഘപരിവാര്‍ അംഗീകരിക്കുകയും ചെയ്തു.

കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസമുണ്ടോ?

തന്റെ പിറകില്‍ ആളുകളെ ചേര്‍ത്ത് ഒരു ഗ്രൂപ്പുണ്ടാക്കാന്‍ നില്‍ക്കുന്ന ഒരു നേതാവ് കേരളത്തില്‍ ഉണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഈ പാര്‍ട്ടി ആദര്‍ശാധിഷ്ടിതമാണ്. കേന്ദ്രസര്‍ക്കാരില്‍ നമുക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി പോലുമില്ല.എന്നിട്ടും അണികള്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത് പാര്‍ട്ടിയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ്.

ബിജെപി യുടെ കേരളത്തിലെ വളര്‍ച്ച

ഇപ്പോള്‍ പതിനഞ്ച് വിഹിതം വോട്ടാണ് കേരളത്തിലുള്ളത്. 2003 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ 13 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞു. അത് ഒരു പാര്‍ട്ടികളുടെ അണികളുടെ പ്രവര്‍ത്തനത്തില്‍ കൂടിയാണ്. രണ്ട് ലക്ഷത്തിലധികം വോട്ട് കിട്ടിയ മണ്ഡലമുണ്ട്.തിരുവനന്തപുരം പോലെ വോട്ട് കിട്ടിയ സ്ഥലമാണ് ആറ്റിങ്ങല്‍. അത് നിസാരകാര്യമല്ല. പത്തനം തിട്ടയില്‍, മാവേലിക്കരയില്‍ രണ്ട് ലക്ഷം വോട്ട് കിട്ടിയിട്ടുണ്ട്. അപ്പോള്‍ വളരെയേറെ ജയസാധ്യത ഉള്ള പാര്‍ട്ടിയാണ് ബിജെപി. തകരുന്ന കോണ്‍ഗ്രസ് വേണോ,വളരുന്ന ബിജെപി വേണോ എന്ന് ചോദിച്ചാല്‍ ബിജെപി എന്ന് തന്നെയാകും മലയാളി പറയുക.

മോഹന്‍ലാല്‍ ബിജെപിയിലേക്ക് വരുമെന്ന വാര്‍ത്തകളെ കുറിച്ച്

അദ്ദേഹം വരുന്നതിനോട് സന്തോഷമേയുള്ളൂ.അങ്ങനെ ഒരു പ്രഖ്യാപനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ സ്വാഗതം ചെയ്യും.

2019 ലും മോദി തരംഗം ബിജെപിയ്ക്ക് പ്രതീക്ഷയുണ്ടോ?

തീര്‍ച്ചയായും , എന്‍ ഡി എ സര്‍ക്കാര്‍ രാജ്യത്തിനു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അത് എക്കാലവും ജനനന്മയെ ലക്ഷ്യമിട്ടുള്ളതാണ്.അതുകൊണ്ട് തന്നെ 2019 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തരംഗമാവും.ബിജെപി അധികാരത്തിലേറുകയും ചെയ്യും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More