ശബരിമലയില്‍ തുല്യത ഉണ്ടാവണം, വിവേചനമരുത്: കെ എന്‍ ബാലഗോപാല്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിട്ടത് സുപ്രീംകോടതി ആണെങ്കിലും സംസ്ഥാനം ഭരിക്കുന്ന സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കുന്ന പ്രചാരണങ്ങളാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഐഎമ്മിന്റെ നിലപാടിനെ കുറിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍ അനുവുമായി സംസാരിക്കുന്നു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ചോദിക്കട്ടെ, ഇടതുപക്ഷം ഹിന്ദുക്കള്‍ക്ക് എതിരാണോ?

ഒരിക്കലുമല്ല, അത്തരം ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. മുന്‍പ് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ തുല്യതയ്ക്ക് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ഹിന്ദുക്കള്‍ക്ക് എന്നോ, ഇസ്ലാമുകള്‍ക്ക് എന്നോ, ക്രിസ്ത്യാനികള്‍ക്ക് എന്നോ യാതൊരു വിവേചനവുമില്ലാതെയാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചിട്ടുള്ളത്. ക്ഷേത്ര പ്രവേശനത്തിനായി സമരം നടത്തിയ സമയത്ത് കോണ്‍ഗ്രസും അന്ന് സമരമുഖത്തുണ്ടായിരുന്നു. അത് മറക്കാന്‍ കഴിയില്ല. മഹാത്മാഗാന്ധി വരെ കേരളത്തില്‍ വന്നതും നമുക്ക് മറക്കാന്‍ കഴിയില്ല. അന്ന് എ കെ ജി അടക്കമുള്ളവര്‍ നിലകൊണ്ടത് ഒരു ജാതിക്കും വേണ്ടിയായിരുന്നില്ല. മനുഷ്യര്‍ എന്ന വിഭാഗത്തെ മാത്രമാണ് മുന്നില്‍ കണ്ടത്. അനാചാരങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ആ സമരം. അതുപോലെ തന്നെയാണ് ഗുരുവായൂര്‍ സത്യാഗ്രഹവും. ഇതൊക്കെയും തുല്യതയ്ക്ക് വേണ്ടിയാണ് നടന്നത്. സുപ്രീം കോടതിയിൽ നാളുകളായി നടക്കുന്ന കേസ്‌ അതിന്റെ വിധിയിൽ പറയുന്നത് വിശ്വാസ കാര്യങ്ങളിൽ വിവേചനം പാടില്ല എന്നാണ്. അത് ആ വിധി നടപ്പ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ വിധി നടപ്പാകുമ്പോ ഭരണഘടനാപരമായ തുല്യത കൂടിയാണ് സർക്കാർ കൊണ്ടു വരുന്നത്

അപ്പോള്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെ?

അതാണ് നേരത്തെ പറഞ്ഞത് സിപിഎം നില്‍ക്കുന്നത് അനാചാരങ്ങള്‍ക്ക് എതിരായാണെന്ന്. ഭരണഘടനപരമായ തുല്യത അതാണ് ശബരിമലയുടെ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ ഉദ്ദേശം. അല്ലാതെ സിപിഐഎം ആരെയും നിര്‍ബന്ധിച്ച് ക്ഷേത്രത്തില്‍ കൊണ്ടുപോകാനോ, പള്ളികളില്‍ കൊണ്ടു പോകാനോ വരുന്നില്ല. പക്ഷെ ആചാരങ്ങളുടെ പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ അത് എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുക.


സര്‍ക്കാരിന്റെ ഈ ഒരു നടപടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെ?

ഒരിക്കലുമില്ല, കാരണം അവസരവാദ രാഷ്ട്രീയം പറയുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തെ വോട്ട് നേടാനുള്ള തന്ത്രമായാണ് കാണുന്നത്. ആത്മാര്‍ത്ഥത ഉള്ളത് ആര്‍ക്കാണെന്ന് കാലം തെളിയിക്കും. അഖിലേന്ത്യാ തലത്തില്‍ അവരുടെ പാര്‍ട്ടികള്‍ ഈ വിധിയെ സ്വാഗതം ചെയ്തതാണ്. എന്നിട്ട് കേരളത്തിലെത്തിയപ്പോള്‍ കളം മാറ്റി ചവിട്ടി. ജാതീയമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെക്കാളും സങ്കടം മറ്റൊന്നാണ് ഒരിക്കള്‍ കേരളത്തില്‍ നടന്ന പന്തി ഭോജന സമരത്തിന്റെ ഭാഗമായവരാണ് കോണ്‍ഗ്രസുകാര്‍, ആ അവരാണിപ്പോള്‍ വോട്ടിനായി ജാതിയും മതവും ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇടതുപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണോ?

തീര്‍ച്ചയായും, ഭരണഘടനപരമായ തുല്യത ജനങ്ങള്‍ക്ക് നേടിക്കൊടുക്കണം എന്നതില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. കാരണം ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കം ശരിയായ ദിശയിലാണ്. 1991 വരെ അവിടെ സ്ത്രീകള്‍ വന്നിരുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞത് വെറുതെയുള്ള വാദങ്ങളല്ല. അമിക്കസ് ക്യൂറി ഒക്കെ തയ്യാറാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണത് പറഞ്ഞത്.

കേരളത്തില്‍ വര്‍ഗീയത ലക്ഷ്യമിട്ട് സിപിഐഎം പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം?

കേരളത്തിലെ വര്‍ഗീയ പാര്‍ട്ടികള്‍ ഏതാണെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. സംഘപരിവാര്‍ പോലെയുള്ള തീവ്ര വര്‍ഗീയ പാര്‍ട്ടികളാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുടെ പിന്നില്‍. മുന്‍പ് മാറുമറയ്ക്കല്‍ സമരം നടന്നിരുന്നു. അന്ന് ജനങ്ങള്‍ക്ക് വേണ്ടിയെന്ന പേരില്‍ ആരെയും കണ്ടില്ല. ഒന്നര വര്‍ഷം മുന്‍പ് ദളിതനെ പൂജാരിയാക്കിയ ക്ഷേത്രത്തില്‍ ചിലര്‍ സമരം നടത്തിയിരുന്നു. അന്നും സിപിഐഎം പറഞ്ഞു. ഞങ്ങള്‍ ജാതിക്കൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണെന്ന്.

അപ്പോള്‍ കേരളത്തിലെ ഇടതുപാര്‍ട്ടികളെ തകര്‍ക്കാന്‍ ഒരു ആസൂത്രിത ശ്രമം നടക്കുന്നതായി തോന്നുന്നുണ്ടോ?

അതെ, പക്ഷെ അതിപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുട നീളം ഇടതുപക്ഷത്തെയും അതിലെ സഹയാത്രികരെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനൊരുദാഹരണമായി പറയാവുന്ന ഒരു കാര്യമാണ് ത്രിപുരയില്‍ സിപിഐഎം മുഖപത്രമായ ദേഷര്‍ കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. അതായത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന നയം. ഇപ്പൊ നാളെ ഇത് കേരളത്തില്‍ സംഭവിച്ചാലോ? ദേശാഭിമാനി അടച്ചു പൂട്ടിയാലോ? ചില കാര്യങ്ങളിലെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നല്‍കുന്ന ഒരു മാദ്ധ്യമമാണ് ദേശാഭിമാനി. അപ്പൊ അത് അടച്ചു പൂട്ടിയാല്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിക്കുകയല്ലെ.

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ഒരവസരത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍?

അദ്ദേഹത്തിന്റെ അഭിപ്രായത്തെ പലരും അന്ന് വളച്ചൊടിക്കാനാണ് ശ്രമിച്ചത്. ആ കന്യാസ്ത്രീകള്‍ അവര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമത്തേയ്ക്ക് കൊര്യങ്ങള്‍ എത്തിയപ്പോഴാണ് സമരവുമായി രംഗത്തിറങ്ങിയത്. അത് സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് പാര്‍ട്ടി സെക്രട്ടറി പിന്നീട് പറഞ്ഞിരുന്നു. പിന്നെ എലാവരും ചോദിക്കുന്നത് ബിഷപ്പിനെ എന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തില്ലാ എന്നാണ്. നാലു വര്‍ഷം മുന്‍പ് നടന്ന ഒരു കേസ് അതില്‍ അറസ്റ്റ് നടത്തി, പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടാവണം. അതിനു അല്പം സമയം വേണമായിരുന്നു. അതികൊണ്ടാണല്ലൊ എത്ര ശ്രമിച്ചിട്ടും ഇപ്പൊഴും ബിഷപ്പിന് ജാമ്യം ലഭിക്കാത്തത്.

സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പരാമര്‍ശത്തെ കുറിച്ച്?

അവിടെയാണ് ഞാന്‍ മുന്‍പ് പറഞ്ഞതിന്റെ പ്രസക്തി. ഏതെങ്കിലുമൊരു ജാതിയുടെ കൂടെയല്ല സിപിഐഎം എല്ലാവരുടെയും കൂടെയാണെന്ന്. ആചാരങ്ങള്‍ ഉണ്ടെന്ന പേരില്‍ വേര്‍തിരിവ് കാട്ടുന്നത് ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് നമ്മള്‍ സ്വീകരിക്കുക. അത് ഹിന്ദുവായാലും മറ്റ് ഏത് സമുദായമായാലും. ആ വേര്‍തിരിവ് പാടില്ല. ഭരണഘടന അനുവദിച്ചിരിക്കുന്ന ഒരു തുല്യതയുണ്ട്. അത് ലഭിക്കണം. മുന്‍പ് മഹാരാഷ്ട്രയിലെ ശനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. അത് മാറ്റിയില്ലെ. അതുപോലെ തന്നെ മുന്‍പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകളും മാറുമറച്ച് പ്രവേശിക്കണമെന്ന ഉത്തരവ് വന്നപ്പൊള്‍ ഇവിടെ സമരം ഉണ്ടായി. പിന്നെ മഹാരാജാവ് തന്നെ നേരിട്ട് ഇടപെടുകയുണ്ടായി. അപ്പൊ അതൊക്കെ ഒരു അനാചാരാത്തിന്റെ പേരിലായിരുന്നു.

2019 ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത്.കേരളത്തിലും അത് പ്രകടമാവില്ലെ?

ഈ തരംഗം എന്നുള്ളത് രണ്ട് തരത്തില്‍ പറയാം.എന്റെ അഭിപ്രായത്തില്‍ അത് പരാജയ തരംഗമായിരിക്കും. കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപി പരാജയം അറിയുകയാണ്. പിന്നെ കോണ്‍ഗ്രസ് ത്രിപുരയില്‍ മുന്‍പ് 37 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ വോട്ട് വളരെ കുറവായിരുന്നു. അതൊക്കെ മറിക്കുകയാണ് ബിജെപിക്ക് വേണ്ടി. പല മുതിര്‍ന്ന നേതാക്കളും ബിജെപിയിലേക്ക് പോയി. ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി മോദി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയപ്പെടുന്ന മിക്ക കോണ്‍ഗ്രസുകാരും അതോടെ ബിജെപിക്കാരായി മാറും.അതാണ് സത്യം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More