“ജീവിതത്തില്‍ പ്രണയം പരാജയം”

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബി 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു നായകനെത്തുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലി. തമിഴ് സിനിമാ ലോകത്തിന്റെ മായികപ്രപഞ്ചം സ്വപ്നം കണ്ടുനടക്കെ, അവിചാരിതമായി കൈവന്ന നായകവേഷത്തെ കുറിച്ചും സിനിമാ സ്വപ്നങ്ങളെ കുറിച്ചും അസ്‌കര്‍ അലിയുമായി രാജി രാമന്‍കുട്ടി സംസാരിക്കുന്നു.

ഹണി ബീ 2.5ല്‍ എത്തുന്നത് എങ്ങനെയാണ്?

സിനിമാമോഹവുമായി ചെന്നൈയില്‍ കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം ലാല്‍ അങ്കിള്‍ വിളിച്ചു. കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. അപ്പോഴേ തോന്നി ഇതിലെന്തോ ഒളിഞ്ഞു കിടപ്പുണ്ടല്ലോ എന്ന്. പിന്നെയാണ് മനസ്സിലായത് നടന്നത് ഒരു ഓഡിഷന്‍ ആണെന്ന്. ആസിഫിക്ക അറിയാതെയാണ് ലാല്‍ അങ്കിള്‍ വിളിച്ചത്. ഞാന്‍ പറയുമ്പോഴാണ് സിനിമയെ കുറിച്ച് ഇക്ക അറിയുന്നത്. തമിഴ് സിനിമ സ്വപ്നം കണ്ട് ചെന്നൈയില്‍ കഠിന്വാധ്വാനം നടത്തുമ്പോഴാണ് അതിന്റെ ഫലം മലയാളസിനിമയുടെ രൂപത്തില്‍ കിട്ടുന്നത്. അതൊരു ഭാഗ്യമാണ്. ഹണി ബീ 2.5ലെ കഥാപാത്രവും അങ്ങനെയാണ് ചാന്‍സ് ചോദിച്ച് സിനിമ സെറ്റിലെത്തുന്ന ചെറുപ്പക്കാരന്‍. പിന്നീട് സിനിമയോടുള്ള മോഹം കൊണ്ട് ആ സെറ്റിലെ എല്ലാ പണിയും എടുക്കുന്നു.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് ഹണി ബീ 2.5നെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ഇത് ഹണി ബീ സീരിസില്‍ ഉള്‍പ്പെടുന്ന ഒരു സിനിമയാണ് എന്ന് പറയാന്‍ പറ്റില്ല. ഹണി ബീ 2 വിന്റെ സെറ്റിലല്ലാതെ ഈ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. മെയ്ക്കിങ്ങ് വീഡിയോയില്‍ ഒരു സിനിമ എടുത്തത് പോലെയാണ് ഹണി ബീ 2.5. ശരിക്കും വ്യത്യസ്തമായ ചിത്രമാണ് ഇത്. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സിനിമ. അതിന്റെ ഭാഗമായതില്‍ സന്തോഷം.

ചിത്രീകരണ അനുഭവങ്ങള്‍

ഹണി ബീ 2വിന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആദ്യത്തെ നാലഞ്ച് ദിവസം ആര്‍ക്കും അറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭവം അവിടെ നടക്കുന്ന കാര്യം. എന്നെ കാണുമ്പോള്‍ ആസിഫിന് ഡ്യൂപ്പിടാന്‍ വന്നതാണോ എന്നാണ് എല്ലാരും ചോദിച്ചിരുന്നത്. ലൈവ് ഷൂട്ടാണ്. സ്‌ക്രിപ്‌റ്റൊന്നും ഇല്ല. റീ ടേക്കും ഇല്ല. ഞാന്‍ നടക്കുന്നതിന് പുറകെ ക്യാമറയും ഉണ്ട്. സെറ്റില്‍ ആദ്യം എത്തണം. ഏറ്റവും അവസാനമേ പോകാന്‍ പറ്റൂ. ആക്ഷന്‍ ഇല്ല, കട്ട് ഇല്ല, റെസ്റ്റും ഇല്ല. പിന്നെ ഇക്കയും ഉണ്ട് സെറ്റില്‍. ഞങ്ങള്‍ തമ്മില്‍ വല്യ സംസാരമൊന്നും ഇല്ല. കാണുമ്പോള്‍ ചോദിക്കും വീട്ടിലേക്ക് വിളിച്ചോ, എന്താ മുഖം വല്ലാതിരിക്കുന്നത്, ഭക്ഷണം കഴിച്ചോ, തലവേദനയാണോ, ഡോക്ടറെ കാണണോ എന്നൊക്കെ. നായിക ലിജോ മോളുമായി നല്ല കമ്പനിയായി. സിനിമയിലെ സീനിയറായതു കൊണ്ട് എന്റെ അഭിനയത്തില്‍ അഭിപ്രായവും നിര്‍ദ്ദേശങ്ങളുമൊക്കെ പറയും. ഞങ്ങള്‍ തമ്മില്‍ നല്ല സിങ്കായിരുന്നു.

ഹണി ബീ 2.5 എന്ന പേര്

ആസിഫിക്കയുടെ ഹിറ്റ് സിനിമകളാണ് ഹണി ബീ സീരീസ്. ആ പേരില്‍ ഉള്ള ചിത്രത്തിലൂടെ സിനിമാ പ്രവേശനം നടത്തുന്നതില്‍ ഭയങ്കര സന്തോഷം ഉണ്ട്. ആര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്. ഷൂട്ടിനിടെ ആസിഫിക്കയ്ക്ക് ഫോക്കസ് പൊസിഷന്‍ ഇടാന്‍ നില്‍ക്കുന്നത് ഒക്കെ ഞാനാണ്. എല്ലാവര്‍ക്കും കിട്ടുന്ന അവസരങ്ങളല്ലല്ലോ ഇത്. ഹണി ബീ 2.5ലെ പാട്ടുകളും ടീസറും ഒക്കെ കണ്ട് എല്ലാവരും വിളിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ ശരിക്കുമൊരു സ്വപ്നലോകത്താണ്. ഒന്നും മനസ്സിലാവാത്ത ഒരു അവസ്ഥയില്‍.

ലാലിനും ശ്രീനിവാസനും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം

നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ശ്രീനിവാസന്‍ എന്ന നടനെ ആദ്യമായിട്ടാണ് കാണുന്നത്. ലാല്‍ അങ്കിളിനെയും. പിന്നെ ഇവരാരും ഹണി ബീ 2.5 ലെ കഥാപാത്രങ്ങള്‍ അല്ല. ഹണി ബീ 2വിന്റെ ബ്രേക്കിലാണ് ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം. നല്ല ചമ്മല്‍ ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ഒരു ലൊക്കേഷന്‍ കാണുന്നത്. ആസിഫിക്കയുടെ കൂടെ ഇതുവരെ ഒരു പടത്തിന്റെ ലൊക്കേഷനിലും പോയിട്ടില്ല.

പാട്ടുകളും ടീസറുകളും കാണുമ്പോള്‍ ആസിഫിനെ ഓര്‍മ്മ വരുന്നു?

ഒരുപാട് പേര്‍ പറഞ്ഞു എന്നെ കാണുമ്പോള്‍ ഇക്കയെ ഓര്‍മ്മ വരുന്നു എന്ന്. ഞങ്ങളുടെ രണ്ടാളുടേയും പൊക്കവും വണ്ണവും ഒക്കെ ഏകദേശം ഒരുപോലെയാണ്. ആദ്യം ലൊക്കേഷനില്‍ എത്തിയപ്പോള്‍ മിക്കവരും ചോദിച്ചത് ആസിഫിന് ഡ്യൂപ്പിടാന്‍ വന്നയാളാണോ എന്നാണ്. പിന്നെ ഞാനും ഇക്കയും തമ്മിലുള്ള മറ്റൊരു സാമ്യം ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലാണ്. ഫോണില്‍ സംസാരിക്കാന്‍ മടിയാണ്. എല്ലാവരും ചോദിച്ചു തുടങ്ങി ഇപ്പോഴെ ആസിഫിന് പഠിക്കുകയാണോ എന്ന്. അറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കുന്നതിന് ഒരു ബുദ്ധിമുട്ടാണ്. കംഫര്‍ട്ട് അല്ലെങ്കില്‍ മറുപടി ഒന്നോ രണ്ടോ വാക്കില്‍ ഒതുക്കും.

ആസിഫിന്റെ നിര്‍മ്മാണ കമ്പനിക്കൊപ്പമുള്ള പ്രവര്‍ത്തന പരിചയം ഗുണം ചെയ്‌തോ?

ഇക്കായുടെ പ്രൊഡക്ഷന്‍ കമ്പനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞാന്‍ അറിയുന്നത് എല്ലാവരും പറഞ്ഞിട്ടാണ്. ശരിക്കും പറഞ്ഞാല്‍ എന്നെ ആ ഏരിയയിലേക്ക് അടുപ്പിച്ചിട്ടില്ല. ഇക്കാടെ മോന്റെ പേരാണ് എന്നതിലപ്പുറം അതേ കുറിച്ച് ഒന്നും അറിയില്ല. ഞങ്ങള്‍ അത്ര കമ്പനിയുള്ള ചേട്ടനും അനിയനും അല്ല. ഇക്കയേക്കാള്‍ ആറ് ഏഴു വയസ്സിന്റെ ഇളയതാണ് ഞാന്‍. ഓവര്‍ റെസ്‌പെക്ടുള്ള അനിയന്‍ എന്നാണ് പൊതുവേ എല്ലാവരും പറയാറ്. ഇക്കാടെ മുന്നില്‍ ചെന്നാല്‍ കൈകെട്ടി നിന്നു പറയുന്നത് എല്ലാം കേള്‍ക്കുന്ന അനിയനാണ്. സംസാരിക്കുന്നത് രണ്ടോ മൂന്നോ വാക്കാണ്. അത് മിക്കവാറും ഉപദേശമായിരിക്കും. അതുകൊണ്ട് തന്നെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആസിഫിന്റെ പ്രതികരണം?

വിശ്വാസം ഉണ്ടെങ്കില്‍ ചെയ്തു നോക്ക് എന്നാണ് പറഞ്ഞത്. ലാല്‍ അങ്കിളിനൊന്നും ഒരു ബാധ്യത ആവരുതെന്നും പ്രത്യേകം പറഞ്ഞു.ഡിഗ്രി കഴിഞ്ഞിട്ട് എന്നെ പുറത്ത് എവിടെയെങ്കിലും എംബിഎ ചെയ്യിക്കാനായിരുന്നു ഇക്കയുടെ ആഗ്രഹം. പക്ഷെ എനിക്കിഷ്ടം ചെന്നൈയില്‍ രാജീവ് മേനോന്റെ മൈന്‍ഡ് സ്‌ക്രീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാനായിരുന്നു. നീ വിചാരിക്കുന്നത് പോലെയായിരിക്കില്ല അഭിനയം പഠിക്കുന്നതൊക്കെ എന്ന് ഇക്ക പറഞ്ഞു. ഒടുവില്‍ സംവിധാനം പഠിക്കാന്‍ പോയി. രണ്ടാഴ്ചയില്‍ കൂടുതല്‍ പഠനം തുടര്‍ന്നില്ല എന്നതാണ് സത്യം. പിന്നീട് അങ്ങോട്ട് പാര്‍ട് ടൈം ജോലിയും തമിഴ്‌സിനിമയിലെ ചാന്‍സ് ചോദിക്കലുമൊക്കെ ആയിട്ടായിരുന്നു ചെന്നൈ ജീവിതം. അപ്പോഴാണ് ലാല്‍ അങ്കിളിന്റെ വിളി വരുന്നത്.

ആസിഫ് അലിയുടെ അനിയന്‍ എന്ന പേര് ഒരു ഭാരമാണോ?

ആസിഫ് അലിയുടെ അനിയനാണ് എന്ന് പറയുന്നത് ചിലപ്പോഴൊക്കെ പ്രഷര്‍ തരുന്നുണ്ട്. ഇക്കയുടെ ഫാന്‍സ് അസോസിയേഷന്‍ ഒക്കെ നല്ല സപ്പോര്‍ട്ടാണ് സിനിമയ്ക്ക് തരുന്നത്. എവിടേയും ഇക്കയുടെ പേര് അങ്ങനെ പറയാത്ത ആളാണ് ഞാന്‍. പക്ഷെ സിനിമയില്‍ വന്നപ്പോള്‍ എല്ലായിടത്തും ഇക്കയുടെ പേരിലാണ് അറിയപ്പെടുന്നത്. അപ്പോഴാണ് എന്താവുമെന്ന ടെന്‍ഷന്‍ വരുന്നത്. ഇക്കായ്ക്ക് പേരുദോഷം ഉണ്ടാക്കരുതല്ലോ. വീണയിടം വിഷ്ണുലോകം എന്ന ആറ്റിറ്റിയൂഡ് ആണ് ഇപ്പോള്‍.

രണ്ടാമത്തെ സിനിമയെ കുറിച്ച്?

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തി പൂവാണ് രണ്ടാമത്തെ സിനിമ. മൂന്ന് ഷെഡ്യൂളായി ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. രണ്ട് കാലട്ടത്തെ കഥാപാത്രത്തെയാണ് ചെമ്പരത്തി പൂവില്‍ അവതരിപ്പിക്കുന്നത്. പ്രണയ സിനിമയാണ്. ഒരു നടന് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ നാരങ്ങവെള്ളവും കിട്ടുമെന്ന് മനസിലായത് ചെമ്പരത്തി പൂവിന്റെ ഷൂട്ടിങ്ങിനിടയിലാണ്. അതിഥി രവിയും പാര്‍വ്വതിയുമാണ് നായികമാര്‍. അജു വര്‍ഗീസ്, സുധീര്‍ കരമന, ധര്‍മ്മജനും ഒക്കെ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ഇക്ക കാസ്റ്റിങ്ങ് കോള്‍ ഇട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീവിതത്തിലും പ്രണയനായകനാണോ?

ഒരിക്കലും അല്ല. എന്റെ പ്രണയങ്ങളൊക്കെ വന്‍ പരാജയങ്ങളായിരുന്നു. ശരിക്കും പറഞ്ഞാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ പാറിപ്പറന്നു നടക്കുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ട് സിനിമയിലെ പ്രപ്പോസല്‍ സീനും ചെറിയ തോതിലുള്ള തടി തപ്പലും പ്രണയ പരാജയവുമൊക്കെ നന്നായി ചെയ്യാന്‍ പറ്റും. ടേക്ക് വേണ്ടി വരില്ല.

വീട്ടിലെ പ്രോത്സാഹനം?

ഇക്ക സിനിമയില്‍ ആയതുകൊണ്ട് എന്റെ കാര്യത്തില്‍ വീട്ടില്‍ വല്യ ടെന്‍ഷന്‍ ഇല്ല. ഇടയ്‌ക്കൊക്കെ അസ്‌കര്‍ ഉണ്ടോ ഒരു കഥ പറയാനാണ് എന്നൊക്കെ പറഞ്ഞ് ഫോണ്‍കോള്‍ വരുന്നതു കൊണ്ട് ഇവന്‍ നന്നാവുമായിരിക്കും എന്നൊരു വിശ്വാസം ഉണ്ട് അവര്‍ക്ക്. ഏറ്റവും അടുത്ത സുഹൃത്ത് ആസിഫിക്കയുടെ ഭാര്യയാണ്. എന്റെ എടിഎം എന്നും പറയാം. എന്തു കാര്യവും ആദ്യം പറയുന്നത് ഇത്താത്തയുടെ അടുത്താണ്. ചെന്നൈ ജീവിതം കഷ്ടപ്പാടില്ലാതെ നോക്കിയത് ഇത്താത്തയാണ്.

സിനിമാ ചര്‍ച്ചകള്‍ ഒക്കെ ആരുമായാണ്?

രണ്ട് ദിവസം ഉറക്കം കളഞ്ഞ് മനസ്സിലിട്ട് തന്നെയാണ് എന്റെ സിനിമാ ചര്‍ച്ചകള്‍. വേറെ ആരോടും അഭിപ്രായം ചോദിക്കാറില്ല. സുഹൃത്തുക്കളോട് ഒക്കെ സംസാരിക്കുകയാണെങ്കില്‍ പറയും. ഒന്നും ഇങ്ങോട്ട് പറയണ്ട്, പറയുന്നത് കേട്ടാല്‍ മതിയെന്ന്.

ആസിഫിന്റെ ഇഷ്ടപ്പെട്ട സിനിമ?

വയലിന്‍ ആണ് ഇക്കയുടെ ഇഷ്ടമുള്ള സിനിമ. കണ്ണു നിറഞ്ഞാണ് ആ സിനിമ കണ്ടത്. എനിക്ക് തോന്നുന്നു വാപ്പയ്ക്കും ഇക്കയുടെ ഇഷ്ടപ്പെട്ട സിനിമ അത് തന്നെയാണ് എന്ന്. അതുവരെ സിനിമ വേണ്ട, പഠിക്കാന്‍ പോകാന്‍ ഒക്കെ ഇക്കയോട് പറഞ്ഞ വാപ്പ ആ സിനിമ കണ്ടിട്ടാണ് നല്ല അഭിപ്രായം പറയുന്നത് കേട്ടത്.

ഇഷ്ടപ്പെട്ട താരങ്ങള്‍?

ഇക്കയാണ് ഇഷ്ടപ്പെട്ട നടന്‍. രാജീവ് മേനോന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത് ചോദിച്ചു ആരാണ് ഇഷ്ടപ്പെട്ട നടന്‍, നടി എന്നൊക്കെ എല്ലാരും അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് ആസിഫ് അലി എന്നാണ്. മണിരത്‌നം ഒക്കെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഇക്കയുടെ അനിയനായതില്‍ അത്രയ്ക്ക് അഭിമാനം ഉണ്ട്. എന്റെ അഭിനയം കൊണ്ട് ഇക്കയുടെ പേര് പോകരുതെന്ന ആഗ്രഹമേ ഉള്ളൂ. നടിമാരില്‍ ഇഷ്ടം നിത്യാ മേനോനാടാണ്. ഇക്കയുടെ കൂടെ അഭിനയിച്ചവരില്‍ ആകെ സംസാരിച്ചതും നിത്യാ മേനോന്റെ അടുത്താണ്. അവര്‍ നല്ല സുഹൃത്തുക്കളുമാണ്. നല്ല നടിയും വ്യക്തിയുമാണ് നിത്യ.

സിനിമയ്ക്കപ്പുറമുള്ള ഇഷ്ടം?

സിനിമയോടാണ് ഇഷ്ടം മുഴുവന്‍. പിന്നെയുള്ള ഹരം കാര്‍ ഡ്രൈവിങ്ങിനോടാണ്. അതിനായി കാരണങ്ങള്‍ കണ്ടുപിടിക്കാനും മിടുക്കനാണ് ഞാന്‍. ഇടയ്ക്ക് കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കാര്‍ എടുത്ത് വീട്ടിലേക്ക് പോകും. വീട്ടില്‍ നിന്ന് ഇങ്ങോട്ട് വരും അങ്ങനെ കറങ്ങികൊണ്ടിരിക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More