ലളിതം സുന്ദരം മന്ദാരതാളം

‘മന്ദാരത്തിന്റെ’ സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് അമ്പതിലധികം ഗാനങ്ങള്‍. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍ സെല്‍ഫി, വേട്ട, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കസബ, ആനന്ദം, ഗോദ അങ്ങനെ നീളുന്നു മനുവിന്റെ എഴുത്തിന്റെ ഈണം മലയാളികള്‍ അറിഞ്ഞ സിനിമകള്‍. ഗാനരചയിതാവ് മനു മഞ്ജിത്തുമായി നോബി ജോര്‍ജ് സംസാരിക്കുന്നു.

ഹോമിയോ ഡോക്ടറില്‍ നിന്നും ഗാന രചയിതാവിലേക്ക്

ഹോമിയോപ്പതി എന്നത് ഞാന്‍ എപ്പോഴും, ഏറ്റവും ബഹുമാനത്തോടെ കാണുന്ന എന്റെ പ്രൊഫഷനാണ്. നിലവില്‍ ഹോമിയോപ്പതിയില്‍ എം.ഡി ചെയ്യുകയാണ്. പാട്ടെഴുതുക എന്നത് എന്റെ പാഷനും. പാട്ടെഴുത്തിന്റെ ആരംഭകാലത്ത് ഏറ്റവും കൂടുതല്‍ പ്രോല്‍സാഹനം ലഭിച്ചത് ഹോമിയോപ്പതിയില്‍ ഗുരുസ്ഥാനത്തുള്ളവരില്‍ നിന്നും, കൂടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്നുമൊക്കെയാണ്. ഇപ്പോഴും അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഹോമിയോപ്പതിയും, പാട്ടെഴുത്തും തമ്മില്‍ രസകരമായ ഒരു ബന്ധമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു രോഗിയുടെ പശ്ചാത്തലവും, അവസ്ഥയുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് മനസിലാക്കി അതിനനുസരിച്ചാണ് മരുന്ന് നല്‍കുന്നത്. അതിന്റെ മറ്റൊരു വേര്‍ഷനായിട്ടാണ് പാട്ടെഴുത്തിനെ കാണുന്നത്. സിനിമയുടെ കഥാപശ്ചാത്തലവും, കഥാഗതിയും, സന്ദര്‍ഭവും എല്ലാം മനസിലാക്കി അതിനനുസരിച്ച് വരികളെഴുതുകയാണ് ചെയ്യുന്നത്. രണ്ടും കൂടി എറ്റവും മികച്ചതായി എങ്ങനെ കൊണ്ടു പോകാം എന്നതാണ് എപ്പോഴും ആലോചിക്കുന്നത്.

അതുല്യ കലാകാരന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും വലിയ ആരാധകരില്‍ ഒരാളാണ് താങ്കള്‍ എന്ന് കേട്ടിട്ടുണ്ട്. എത്രത്തോളം സ്വാധീനമുണ്ട് വ്യക്തിപരമായും, ഗാനരചയിതാവ് എന്ന നിലയിലും?

പാട്ടിന്റെ വരികളെ ശ്രദ്ധിക്കാന്‍ ആദ്യമായി പ്രേരിപ്പിച്ചത് ഗിരീഷേട്ടന്റെ പാട്ടുകളാണ്.
അദ്ദേഹത്തിന്റെ പാട്ടുകളിലെ ‘സൗണ്ടിംഗിന്റെ’ പ്രത്യേക ശൈലിയും, കവിതയുടെ മാസ്മരികതയുമെല്ലാം ഒട്ടെറെ ആകര്‍ഷിച്ചിട്ടുണ്ട്. ഗിരിഷേട്ടന്റെ വരികളുടെ സൗന്ദര്യവും, അതിലെ വികൃതികളും ഒക്കെയാണ് ഒരര്‍ത്ഥത്തില്‍ മറ്റു കവികളെയും അവരുടെ എഴുത്തിന്റെ ഭംഗികളെയും ഒക്കെ ശ്രദ്ധിക്കാന്‍ പ്രധാന കാരണമായത്. തീര്‍ച്ചയായും പാട്ടെഴുത്തിന്റെ വഴിയില്‍ എത്തിച്ച പ്രധാന പ്രചോദനം ഗിരിഷ് പുത്തഞ്ചേരിയാണ്.

ഷാന്‍ റഹ്മാന്‍-മനു മഞ്ജിത്ത് കൂട്ടുകെട്ടിലെ ഗാനങ്ങള്‍ മിക്കതും വലിയ ഹിറ്റുകളാണ്. എന്താണ് ഷാന്‍ റഹ്മാനുമായുള്ള വിജയ രസതന്ത്രം?

ഷാനിക്കയുടെ കൂടെ ഓം ശാന്തി ഓശാന എന്ന സിനിമയിലാണ് തുടക്കം. തുടര്‍ന്ന് ഓര്‍മ്മയുണ്ടോ ഈ മുഖം, ആട്, വടക്കന്‍ സെല്‍ഫി അങ്ങനെ പതിനഞ്ചോളം സിനിമകള്‍. നിലവിലും ചില സിനിമകള്‍ ഒരുമിച്ച് ചെയ്യുന്നു. അങ്ങനെ ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതും, ആളുകള്‍ക്ക് ആ കൂട്ടുകെട്ടിലെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നതുമെല്ലാം ഭാഗ്യമായിട്ടാണ് കാണുന്നത്. ഷാനിക്ക ഒരു ട്യൂണ്‍ അയച്ച് തരുമ്പോള്‍, നമുക്ക് അറിയാം എന്താണ് അദ്ദേഹം അവിടെ ഉദ്ദേശിക്കുന്നത്, എങ്ങനെയാണ് അക്ഷരങ്ങള്‍ അവിടെ വരേണ്ടത് എന്നൊക്കെയുള്ള ഒരു പരസ്പര ധാരണ ഞങ്ങള്‍ക്കിടയിലുണ്ട്. വലിയ തിരുത്തലുകള്‍ ഉണ്ടാവാതെ ഈണത്തിനനുസരിച്ച് എഴുതാനും സാധിക്കാറുണ്ട്. ആ പാട്ടുകളെല്ലാം സ്വീകരിക്കപ്പെടുന്നത് കൂടുതല്‍ നന്നാക്കാനുള്ള പ്രചോദനവുമാണ്.

സാങ്കേതികത ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പാട്ടെഴുത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക സഹായം ഉപയോഗപ്പെടുത്താറുണ്ടോ?

സിനിമയുടെ മറ്റു കാര്യങ്ങളില്‍ ഉപയോഗിക്കുന്നത്ര സാങ്കേതികത പാട്ടെഴുത്തില്‍ കൊണ്ടു വരാന്‍ പറ്റുമോ എന്നത് സംശയമാണ്. അത്ര പരിചയം അക്കാര്യത്തിലില്ല. പക്ഷെ ചില ഘട്ടങ്ങളില്‍ വാട്ട്‌സപ്പ് പോലുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടി വരാറുണ്ട്. പക്ഷെ കടലാസില്‍ എഴുതി അത് വായിക്കുമ്പോളാണ് എഴുത്തിന്റെ ഒരു സുഖം പൂര്‍ണമായും ലഭിക്കുന്നത്. അങ്ങനെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. വിനീതേട്ടനൊക്കെ പറയും, ടൈപ്പ് ചെയ്യണ്ട കടലാസില്‍ എഴുതി തന്നാല്‍ മതി എന്ന്.

മലയാളത്തില്‍ എല്ലാക്കാലത്തും മികച്ച ഗാനരചയിതാക്കള്‍ ഉണ്ടായിട്ടുണ്ട്.
നിലവില്‍ റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, ശരത് വയലാര്‍, ഹരിനാരായണന്‍ തുടങ്ങി മികച്ച ഒരു നിര തന്നെയുണ്ട്. ആരോഗ്യകരവും, അല്ലാത്തതുമായ ഒരു മത്സരം ഈ മേഖലയിലുണ്ടോ?

ഒരുപാട് നല്ല പാട്ടെഴുത്തുകാരുടെ അല്ലെങ്കില്‍ കവികളുടെ കൂടെയാണ് എപ്പോഴും മലയാള സിനിമ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ സജീവമായിട്ടുള്ള എല്ലാവരുമായി
വളരെ നല്ല ബന്ധം തന്നെയാണ് ഉള്ളത്. സിനിമാക്കാരന്‍ അല്ലെങ്കില്‍ പാട്ടെഴുത്തുകാരന്‍ എന്നതിനപ്പുറം ഒരു ആസ്വാദകന്‍ കൂടി ആയത് കൊണ്ട് തീര്‍ച്ചയായും നല്ല ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അതിന്റെ സ്രഷ്ടാക്കളെ നമ്മുടെ സ്‌നേഹം വിളിച്ചറിയിക്കാറുണ്ട്. തിരിച്ചും അതു പോലെ പലരും വിളിക്കാറുണ്ട്. തീര്‍ച്ചയായും അങ്ങനെ ഒരു പരസ്പര ബഹുമാനം എല്ലാവര്‍ക്കുമിടയില്‍ ഉണ്ട്. മത്സരം ഉള്ളത് പ്രധാനമായും നമ്മളോട് തന്നെയാണ്. നമുക്ക് കൂടുതല്‍ നന്നായി എന്തു ചെയ്യാന്‍ പറ്റും, എന്നതാണ് അന്വേഷിക്കാറ്. പോസിറ്റിവ് ആയിട്ടുള്ള ഒരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് ഇത്രയും മുതിര്‍ന്ന റഫീഖ് ജിയൊക്കെ എഴുതുന്ന പാട്ടിന്റെ ഒക്കെ കൂടെ എഴുതുമ്പോള്‍ സ്വാഭാവികമായും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കും.

ഗാനരചനയില്‍ മനു മഞ്ജിത്തിന്റെ രീതിയും, ശൈലിയും എന്താണ്?

ഏറ്റവും ലളിതമായി പറയാന്‍ ശ്രമിക്കുക എന്നുള്ളതാണ് എപ്പോഴും ശ്രദ്ധിക്കാറുള്ള കാര്യം. കൂടുതലും പാട്ടെഴുതിയിട്ടുള്ളത് വളരെ ലളിതമായിട്ടുള്ള സിനിമകളിലാണ്. അതു കൊണ്ട് തന്നെ അത്തരം സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ലളിതമായി എന്നാല്‍ പരമാവധി പ്രാസഭംഗിയുമൊക്കെ ആവും വിധം കൂട്ടിയിണക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഒരു പാട്ട് ആദ്യം ശ്രദ്ധിക്കപ്പെടുന്നത് മൊത്തത്തിലുള്ള അതിന്റെ ഭംഗി കൊണ്ടാണ്. അതിന്റെ അര്‍ത്ഥ തലങ്ങളിലേക്കൊക്കെ എത്ര പേര്‍ ഇറങ്ങി ചെല്ലുന്നു എന്നത് സംശയമാണ്. അങ്ങനെ ഉണ്ടാവണമെങ്കില്‍ തന്നെ ആദ്യ കേള്‍വിയില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എന്തെങ്കിലും ആ പാട്ടില്‍ വേണം.

ഗാനരചന അല്ലാതെ എന്താണ് സിനിമയിലെ ഇഷ്ട മേഖലകള്‍?

ക്യാമറ, എഡിറ്റിംഗ് പോലുള്ള സിനിമയിലെ മറ്റു സാങ്കേതിക കാര്യങ്ങളില്‍ വളരെ പരിമിതമായ അറിവേ ഉള്ളൂ. പാട്ടുകള്‍ കഴിഞ്ഞാല്‍ ശ്രദ്ധിക്കുന്ന മറ്റൊരു മേഖല തിരക്കഥ ആണ്, പ്രത്യേകിച്ച് സംഭാഷണങ്ങള്‍. ഒരു പക്ഷെ എഴുത്ത് ഇഷ്ടമുള്ളത് കൊണ്ടാവാം. പക്ഷെ തിരക്കഥാകൃത്ത് എന്ന നിലയിലേക്കൊന്നും ഇപ്പോള്‍ ചിന്തിക്കാന്‍ കഴിയില്ല. സ്വാഭാവികമായും ചില ആശയങ്ങളും, കഥകളുമൊക്കെ മനസിലുണ്ടാവാറുണ്ട്. അത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത് വലയങ്ങളിലെ തിരക്കഥാകൃത്തുകളുമായി പങ്കുവെക്കാറാണ് പതിവ്. അത് അവരിലൂടെ എപ്പോഴെങ്കിലും സംഭവിക്കട്ടെ.

പുതിയ കാലത്തെ പാട്ടുകള്‍ക്ക് കാലത്തെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം നിരൂപകരുടെ ഭാഗത്ത് നിന്നുമുണ്ട്. എന്താണ് അഭിപ്രായം?

പാട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുവേ എത് കാര്യത്തിലും പഴമയാണ് നന്‍മ എന്ന് പറയാറുണ്ട്. ഇപ്പോഴത്തെ ഓണമല്ല, പണ്ടത്തേ ഓണമാണ് ‘ഓണം’ എന്നു പറയാറില്ലേ? എഴുപതുകളിലെ സിനിമ കണ്ടാല്‍ ചിലപ്പോള്‍ അതിലും പറയുന്നുണ്ടാവാം ‘പഴയ കാലമൊന്നുമല്ല. സൂക്ഷിക്കണം’ എന്ന്. എല്ലാകാലത്തും ഉള്ളതാണ് ഇത്തരം ചിന്തകള്‍. കാലത്തെ അതിജീവിക്കില്ല എന്ന് നമുക്ക് ഇപ്പോള്‍ എങ്ങനെ പറയാന്‍ സാധിക്കും! പിന്നെ സിനിമകളുടെ സ്വഭാവം മാറിയിട്ടുണ്ട്, കഥ പറയുന്ന രീതികള്‍ മാറി, കഥകള്‍ മാറി, സന്ദര്‍ഭങ്ങള്‍ മാറി. പാട്ടുകളുടെ പ്രാധാന്യവും അതിനനുസരിച്ച് മാറിയിട്ടുണ്ട്. ഒരു സന്ദര്‍ഭത്തെ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു ഉപാധി എന്ന രീതിയിലൊക്കെയാണ് ഇപ്പോള്‍ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിക്കപ്പെടുന്നത്. അപ്പോള്‍ സിനിമയ്ക്ക് പുറത്ത് ആ പാട്ടുകള്‍ക്ക് ഒരു ഐഡന്റിറ്റി നഷ്ടപ്പെട്ടേക്കാം. സിനിമകളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് പാട്ടുകളും മാറും. അത് ആരും മനപ്പൂര്‍വ്വം ചെയ്യുന്ന കാര്യമല്ലല്ലോ.

പുതിയ പ്രൊജക്റ്റുകള്‍ ഏതൊക്കെയാണ്?

ആദ്യമായിട്ട് ലാല്‍ ജോസ്- ലാലേട്ടന്‍ കൂട്ടുകെട്ടില്‍ വരുന്ന വെളിപാടിന്റെ പുസ്തകമാണ് നിലവില്‍ റിലീസിന് തയ്യാറെടുക്കുന്നത്. ലാലേട്ടനു വേണ്ടി പാട്ടെഴുതുന്നതിന്റെ പ്രത്യേക സന്തോഷമുണ്ട്. ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂക്ക ചിത്രം സ്ട്രീറ്റ് ലൈറ്റ് ആണ് മറ്റൊരു ചിത്രം. ടോവിനോ നായകനായി ധനുഷ് നിര്‍മ്മിക്കുന്ന തരംഗം, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ആന അലറലോടലറല്‍‘, സാജിദ് ചിത്രം ‘മോഹന്‍ലാല്‍’, മിഥുന്‍ മാനുവലിന്റെ ആട് – 2, ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന രണ്ടു ചിത്രങ്ങള്‍ കൂടാതെ ചില സമാന്തര സിനിമകളുടെയും ഭാഗമാവുന്നുണ്ട്.

കുടുംബത്തെ കുറിച്ചും, കോഴിക്കോടിനെ കുറിച്ചും?

അച്ഛന്‍ സുരേന്ദ്രന്‍ റിട്ടയര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ഉഷാദേവി മലയാളം അധ്യാപികയായിരുന്നു. അനിയത്തി മനീഷ ഇപ്പോള്‍ എം ബി ബി എസ് ചെയ്യുന്നു. ഭാര്യ ആയുര്‍വേദ ഡോക്ടറാണ്. പേര് ഹിമ. മോള്‍ക്ക് ഇപ്പോള്‍ മൂന്നു മാസമാകുന്നു. പ്രണതി എന്നാണ് പേരിട്ടിരിക്കുന്നത്.

കോഴിക്കോട് എന്ന് പറയുന്നത് എനിക്കും എതൊരാളെയും പോലെ സ്വന്തം നാട് എന്ന വലിയ വികാരമാണ്. കോഴിക്കോട് എന്ന നഗരം അല്ലായിരുന്നെങ്കില്‍ എഴുത്തിന്റെ വഴിയില്‍ എത്രത്തോളം എത്തിച്ചേരും എന്നറിയില്ല. എപ്പോഴും വല്ലാത്ത ഇമോഷനുള്ള ഒരു നഗരമായിട്ട് തോന്നിയിട്ടുണ്ട്. കോഴിക്കോടിന്റെ സംസ്‌കാരത്തെയും, കലാകാരന്‍മാരെയും ഒക്കെ കുറിച്ചുള്ള ‘ഇമ്മിണി ബല്യ കോഴിക്കോട് ‘ എന്ന ആല്‍ബത്തില്‍ പാട്ടെഴുതിയാണ് തുടങ്ങുന്നത് തന്നെ. വലിയ ഒരു അനുഗ്രമാണത്.

‘ബാബുക്ക നീട്ടിപ്പാടിയ പെട്ടിപ്പാട്ടില്‍ കൈ തട്ടി താളം തട്ടി കോഴിക്കോട്’ എന്ന ഗാനം കേള്‍ക്കാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് നോബി ജോര്‍ജ്)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More