ജസ്റ്റിന്‍ ജോസ്- സചിന്‍: എ ബില്ല്യണ്‍ ഡ്രീംസിലെ തൃശൂര്‍ ഗഡി

ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ കളത്തിലിറങ്ങുമ്പോഴും ഓരോ റണ്‍സും നേടുമ്പോഴും സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോഴും ഗാലറിയില്‍ നിന്ന് ഒരു ശബ്ദം മാത്രമേയുണ്ടാകാറുള്ളൂ. സചിന്‍… സചിന്‍… എന്ന വിളികള്‍. ആരോഹണ-അവരോഹണത്തില്‍ ശബ്ദം ഗാലറിയും കടന്ന് കളിഭ്രാന്തന്‍മാരുടെ സ്വീകരണ മുറികളിലെത്തും. അവിടെ നിന്നുമുണ്ടാകും സചിന്‍…സചിന്‍ എന്ന വിളികള്‍. പക്ഷേ, സചിനെ കുറിച്ച് ഒരു സിനിമ ഇറങ്ങുമ്പോള്‍ സചിന്‍… സചിന്‍ എന്ന ആരവം മാത്രം പോര അതില്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സചിന്‍ എ ബില്ല്യണ്‍ ഡ്രീംസില്‍ കാണികളെ ത്രസിപ്പിക്കുന്ന ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് ഒരു മലയാളിയാണ്. തൃശൂര്‍ കുരിയച്ചിറക്കാരന്‍ ജസ്റ്റിന്‍ ജോസ് ആ ഗഡി. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലും എല്ലാമായി 250-ല്‍ അധികം സിനിമകളില്‍ ജസ്റ്റിന്‍ ശബ്ദ മിശ്രണം നടത്തിയിട്ടുണ്ട്. ബാജിറാവു മസ്താനി എന്ന ചലച്ചിത്രത്തിന് ശബ്ദ മിശ്രണം ചെയ്തതിന് നാഷണല്‍ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിലും ശബ്ദമിശ്രമണം നടത്തിയിട്ടുള്ള ജസ്റ്റിന്‍ ജോസുമായി മീര നളിനി സംസാരിക്കുന്നു.

സച്ചിന്‍ സിനിമയുടെ അനുഭവം ഒന്ന് വിവരിക്കാമോ?

സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. ഇത് ശരിക്കും ഒരു ഡോക്യുമെന്ററി ആണ്. പക്ഷേ, ബോളിവുഡ് സിനിമ പോലെയാണ് അപ്രോച്ച്. അത് വളരെ ക്രിട്ടിക്കലായിട്ടുള്ള സംഭവമാണ്. സാധാരണ ഡോക്യുമെന്ററി എന്ന് പറഞ്ഞാല്‍ സോഫ്ട് ആയിട്ടുള്ള സൗണ്ടും അതുപോലെത്തെ നരേഷനുമൊക്കെയാണ്. ഇത് ചെയ്തിരിക്കുന്നത് സിനിമാസ്‌റ്റൈലില്‍ തന്നെയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. അത് വളരെ വലിയ എക്‌സ്പീരിയന്‍സ് ആണ്. ജെയിംസ് എന്ന സംവിധായകന്‍ ലണ്ടന്‍ ബേസ്ഡ് ആണ്. ആള് ഡോക്യുമെന്ററി മൂവീസില്‍ സ്‌പെഷ്യലൈസ്ഡ് ആണ്. റഹ്മാന്‍ സാറിന്റെ മ്യൂസിക്, ബിശ്വദീപ് ചാറ്റര്‍ജി എന്ന സൗണ്ട് ഡിസൈനര്‍ ആകെ മൊത്തം നല്ല അനുഭവമായിരുന്നു.

സച്ചിന്‍ സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

ഫ്യൂജോ കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. മൂന്നാലുമാസം മുമ്പ് സൗണ്ട് ഡിസൈനറായ ബിശ്വദീപ് ചാറ്റര്‍ജിയാണ് പറയുന്നത്, ‘സച്ചിന്‍ സിനിമ ഞാനാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. അതില്‍ നീ വേണം സൗണ്ട് മിക്‌സിംഗിന് ചെയ്യാന്‍ എന്ന്. അങ്ങനെ കമ്പനിയില്‍ സംസാരിച്ച് 45 ദിവസത്തോളം അതിന് മാറ്റി വയ്ക്കുകയാണുണ്ടായത്.

ജസ്റ്റിന്‍ ജോസ് ബാഹുബലി ടീമിനൊപ്പം

ബാഹുബലിയുടെയും ഭാഗമായിരുന്നല്ലോ?

ബാഹുബലി ഒന്നാംഭാഗത്തിലാണ് ഞാന്‍ ഉണ്ടായിരുന്നത്. രണ്ടാംഭാഗത്തിന്റെ സമയത്ത് എന്റെ ഡേറ്റ്‌സ് എല്ലാം ബ്‌ളോക്കായിരുന്നു, സച്ചിന് വേണ്ടിയും അല്ലാതെ കുറച്ച് പ്രൊജക്ടുകള്‍ക്ക് വേണ്ടിയും.

ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമാവുമ്പോള്‍ ഉള്ള വ്യത്യാസമെന്താണ്?

ഇതിന് മുമ്പും ബ്രഹ്മാണ്ഡ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ബാഹുബലിയാണ് അതില്‍ ടോപ്പ്. എപിക് സിനിമകളായി സഞ്ജയ്, ബാജിറാവു മസ്താനി, മോഹന്‍ ജൊദാരോ എന്നിങ്ങനെ കുറേ സിനിമകള്‍. ബ്രഹ്മാണ്ഡ സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മുടെ ചിന്ത മുഴുവന്‍ വ്യത്യസ്തമാകേണ്ടി വരും. സാധാരണ ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുന്നത് പോലെയല്ല ഇത്തരം സിനിമകള്‍. സൗണ്ടിന് പ്രാധാന്യം കൂടും. ഈച്ച് ആന്റ് എവരി ഫ്രെയിംസിലെയും സൗണ്ടിന് പ്രാധാന്യം വരും. കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ആദ്യം ഒരു ഫൈറ്റ് സീക്വന്‍സ് വന്നു, പാട്ട് വന്നു, പിന്നെ ഡയലോഗ് അങ്ങനെ ഒരു ഓറിയന്റേഷന്‍ ആണ് കൊമേഴ്‌സ്യല്‍ അപ്രോച്ച് എന്നു പറഞ്ഞാല്‍. ഇത് കൊമേഴ്‌സ്യലും ആണ് അതേസമയം കുറേ സൗണ്ട് നമ്മള്‍ റീക്രിയേറ്റ് ചെയ്ത് അതില്‍ ഏതാണ് ബെസ്റ്റ് എന്ന് ഡിസിഷന്‍ എടുക്കുന്ന പോയിന്റ് ആണ്. അത് അത്ര ഈസിയല്ല. ബാഹുബലി ശരിക്കും നല്ല ബുദ്ധിമുട്ടായിരുന്നു. പക്ഷേ, വളരെ വലിയ എക്‌സ്പീരിയന്‍സുമായിരുന്നു. അത്തരം സിനിമ ചെയ്യുമ്പോള്‍ നമ്മുടെ സിനിമ കാണുന്ന രീതി തന്നെ മാറി പോകും. എങ്ങനെയാണ് സിനിമ കാണേണ്ടത്, എന്താണ് ഡയറക്ടര്‍ ചിന്തിച്ചിരിക്കുന്നത്, എന്താണ് എഡിറ്റേഴ്‌സ് പോയിന്റ് ഒഫ് വ്യൂ, മ്യൂസിക് ഡയറക്ടറുടെ വിഷന്‍ എന്താണ്, എന്തുകൊണ്ടാണ് ഒരു സീനിന് അണ്ടര്‍ലൈന്‍ കൊടുക്കേണ്ട ആവശ്യം, എന്തുകൊണ്ടാണ് ഒരു സീനും അടുത്ത സീനും തമ്മില്‍ കണക്ഷന്‍ വരുന്നത് അങ്ങനെ നമ്മുടെ സ്റ്റോറി ടെല്ലിംഗ് മനസ്സിലാക്കുന്ന രീതി വ്യത്യാസമാണ്.

എങ്ങനെയാണ് ശബ്ദം ഒരു പ്രൊഫഷനാക്കിയത്?

ഞാന്‍ ഒരു മ്യൂസിക് ലവര്‍ ആണ്. ചെറുപ്പം മുതല്‍ ഒരുപാട് പാട്ട് കേള്‍ക്കുകയും കേള്‍പ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു ഞാന്‍. ടെക്‌നിക്കലി അല്ല. ചെറുപ്പത്തിന്റെ ഒരു ജ്വരം. അങ്ങനെ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞാന്‍ സംഗീതം പഠിക്കാന്‍ പോയി. തൃശൂരിലെ ഹാര്‍മണി സ്‌കൂള്‍ ഒഫ് മ്യൂസികില്‍. അവിടുത്തെ സര്‍ എന്നെ പിയാനോയും കീ ബോര്‍ഡും പഠിപ്പിച്ചു. അവിടെ വച്ചാണ് ഞാന്‍ സൗണ്ട് എഞ്ചിനീയറിംഗ് എന്ന കോഴ്‌സിനെ കുറിച്ച് കേള്‍ക്കുന്നത്. അപ്പോഴും അതേക്കുറിച്ച് അധികമൊന്നും അറിയില്ല. മ്യൂസിക് സാറും റെക്കോര്‍ഡിംഗിന് പോകുന്നവരുമൊക്കെ പറഞ്ഞു കേട്ടതു വച്ച് ചെറിയ ഒരു വര്‍ഷത്തെ കോഴ്‌സ് ആണ് അത് എന്ന് എനിക്ക് മനസ്സിലായി. ആ അറിവു വച്ച് സെന്റ് തോമസ് കോളേജിലെ ഡിഗ്രി എക്കണോമിക്‌സ് പഠിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ പറഞ്ഞു, ഇനി എനിക്ക് സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കണം എന്ന്. ചെറുപ്പത്തില്‍ കുറേ തവണ റെക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ പോയിട്ടുണ്ട്. അവിടെ പാടുന്നവരെ ഇപ്പുറത്തിരുന്ന് റെക്കാര്‍ഡ് ചെയ്യുകയാണെന്ന് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഭാഗ്യത്തിന് ചേതനയില്‍ കോഴ്‌സിന് കിട്ടി. ഫസ്റ്റ് റാങ്കില്‍ പഠിക്കാനും പറ്റി. കോഴ്‌സ് കഴിഞ്ഞ് പല സ്ഥലത്തും ജോലി ചെയ്തപ്പോഴാണ് ഇതിന് ഒരുപാട് ജോലി സാധ്യത ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. എഫ്.എം, ടി.വി, സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, മിക്‌സിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിങ്ങനെ നിറയെ സാധ്യതകള്‍. അങ്ങനെയാണ് ഞാന്‍ ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തുന്നത്.

ജസ്റ്റിന്‍ ജോസ്‌

അതില്‍ തന്നെ മിക്‌സിംഗ് ആണ് എന്റെ ഏരിയ എന്ന തീരുമാനം എപ്പോഴായിരുന്നു

തുടക്കകാലത്ത് ഒരിക്കലും മിക്‌സിംഗ് നമുക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റില്ല. റെക്കാര്‍ഡിസ്റ്റായി ഏതെങ്കിലും സ്റ്റുഡിയോയില്‍ ഏതെങ്കിലും സീനിയേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്ത്, അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കി, അതില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും പഠിച്ചെടുത്ത് നമ്മള്‍ സെല്‍ഫായി ഇംപ്‌ളിമെന്റ് ചെയ്യണം. റെക്കാര്‍ഡിംഗ് കഴിഞ്ഞ് അടുത്ത ഘട്ടത്തില്‍ അസിസ്റ്റന്റ് മിക്‌സിംഗ് എഞ്ചിനീയര്‍ ആയി വര്‍ക്ക് ചെയ്യാം. അത് കഴിഞ്ഞ് പ്രീ മിക്‌സിംഗ് എഞ്ചിനീയര്‍. ഞാന്‍ അത് തിരിച്ചറിഞ്ഞത് പലപ്പോഴും ഞാന്‍ ഫ്രീലാന്‍സ് എഞ്ചിനീയര്‍ ആയി വര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. കുറച്ച് നാള്‍ മ്യൂസിക് സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്തു. പക്ഷേ, അവിടെ വച്ച് മ്യൂസിക്കിന്റെ പല സ്ഥലങ്ങളിലും എനിക്ക് എത്തിപ്പെടാന്‍ പറ്റാത്തെ പോലെ തോന്നി. ആകെ കണ്‍ഫ്യൂഷനായി എനിക്ക്. ആയിടയ്ക്കാണ് എന്നെ പഠിപ്പിച്ച സ്റ്റാലിന്‍ ചേട്ടന്‍ പറയുന്നത് അവിടുത്തെ കുറച്ച് സ്റ്റുഡന്റ്‌സ് ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ട്. അതില്‍ സൗണ്ട് മിക്‌സ് ചെയ്യാന്‍ ഫ്രീലാന്‍സ് ആയി പോയി ട്രൈ ചെയ്യാമോ എന്ന്. അങ്ങനെ പോയി ചെയ്തപ്പോള്‍ എനിക്ക് കുറച്ച് കോണ്‍ഫിഡന്‍സ് വന്നു. അത് എനിക്ക് ചെയ്യാന്‍ പറ്റും എന്ന് മനസ്സിലായി. പക്ഷേ, അപ്പോഴും എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നില്ല. അപ്പോള്‍ സ്റ്റാലിന്‍ ചേട്ടന്‍ റിവ്യൂ ചെയ്തപ്പോള്‍ പറയുന്നത് നിനക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റും. അതിലൊന്ന് നോക്കിക്കൂടെ എന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലായത് മ്യൂസിക്ക് അല്ലാതെ സിനിമയില്‍ ഇങ്ങനെയും സംഭവമുണ്ടല്ലേ എന്ന്. മ്യൂസിക്കും ഡയലോഗും എഫക്ട്‌സും ഉണ്ട്. മൂന്നിന്റെയും സമ്മിശ്രരൂപമാണ് ഇതെന്ന്. സിനിമ എനിക്ക് കുറച്ചൂടെ ഇന്ററസ്റ്റിംഗ് ആയി തോന്നി. അങ്ങനെ ഞാന്‍ ബോംബെയില്‍ ഡബ്ബിംഗിനായി വന്നു. രണ്ടു രണ്ടര വര്‍ഷത്തോളം ഡബിംഗ് ചെയ്തു. അതുകഴിഞ്ഞ് ഡിവിഡി പ്രൊജക്ടുകളൊക്കെ ഹാന്‍ഡില്‍ ചെയ്യാന്‍ തുടങ്ങി. സ്റ്റീരിയോ മിക്‌സസ് ഒക്കെ. അപ്പോഴാണ് സ്റ്റുഡിയോയില്‍ ഫിലിം മിക്‌സിംഗ് സെറ്റ് അപ് സ്റ്റാര്‍ട്ട് ചെയ്യുന്നുവെന്ന് കേട്ടു. അവിടുത്തെ സീനിയയര്‍ എഞ്ചിനീയറിനോട് സംസാരിച്ച് അസിസ്റ്റന്റ് ആയി കയറി. കുറേക്കാലം പുറകില്‍ വെറുതെ ഇരിപ്പായിരുന്നു. എന്താണ് അത് എന്ന് മനസ്സിലാക്കാന്‍. ആദ്യമൊന്നും ഒന്നും മനസ്സിലായില്ല. പിന്നെ, പതിയെ മനസ്സിലാകാന്‍ തുടങ്ങി. ഇന്ററസ്റ്റും പാഷനും ഇതില്‍തന്നെയാണ് ജീവിതം എന്ന വാശിപ്പുറത്ത് തന്നെയാണ് ഇവിടം വരെയെത്തിയത്.

ബോളിവുഡില്‍ എത്രത്തോളം ചലഞ്ചിംഗ് ആയിരുന്നു പ്രൊഫഷന്‍?

ലാംഗ്വേജ് ആയിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം. ഹിന്ദിയും ഇംഗ്‌ളീഷ് പോലും നല്ലതായിരുന്നില്ല. നാട്ടില്‍ ഹിന്ദിയില്‍ സംസാരിക്കുക എന്ന ഒരു കള്‍ച്ചര്‍ ഇല്ലല്ലോ. സംവിധായകരോടും സൗണ്ട് എഞ്ചിനീയര്‍മാരോടും ആര്‍ട്ടിസ്റ്റുകളോടും കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നത് വലിയ പ്രശ്‌നമായിരുന്നു. ഹിന്ദി നമുക്ക് നന്നായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റും എന്നുണ്ടെങ്കില്‍ ഈ ഇന്‍ഡസ്ട്രിയില്‍ സര്‍വൈവ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ഇംഗ്‌ളീഷും ഉണ്ടെങ്കില്‍ നല്ലത്. പിന്നെ നാട്ടിലുള്ളത് പോലെയല്ല. രാവിലെ 11 മണിക്ക് തുടങ്ങി ഏഴെട്ട് മണിയാകുമ്പോള്‍ നിര്‍ത്തും. ഇവിടെ അങ്ങനെയല്ല. വര്‍ക്ക് തുടങ്ങിയാല്‍ രാത്രിയും പകലും ഇരിക്കേണ്ടി വരും. ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആണ്. പടേന്ന് പറഞ്ഞ് പണി തീരും. ഫിലിം മിക്‌സിംഗില്‍ ഇവിടെ 100 മണിക്കൂര്‍ ആണ് ടൈം ആണെങ്കില്‍ അവിടെ അതിന്റെ പകുതി സമയത്ത് തീരും. ബഡ്ജറ്റിന്റേതാകും. ഇവിടെ ഡീറ്റെയ്ല്‍സിന് പ്രാധാന്യം ഉണ്ട്.

മലയാളം ഇന്‍ഡസ്ട്രിയില്‍ എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടുണ്ടോ ഈ ഫീല്‍ഡില്‍?

ഒരിക്കലുമില്ല. ഒത്തിരി നല്ല ടെക്‌നീഷ്യന്‍സ് ഉണ്ട്. ഞാന്‍ ഒരുവിധം എല്ലാ സിനിമകളും കാണുന്നതാണ്. വളരെ നല്ല വര്‍ക്കാണ് മലയാളം സിനിമയില്‍.

അടുത്ത കാലത്ത് തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ സൗണ്ട് ക്‌ളാരിറ്റി ഇല്ല, വിഷ്വല്‍ ക്‌ളാരിറ്റി ഇല്ല എന്നൊക്കെ മലയാളം സിനിമാക്കാര്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ചെയ്യുന്ന വര്‍ക്ക് നന്നായി വന്നില്ലെങ്കില്‍ വിഷമം തോന്നില്ലേ?

6000 തീയേറ്ററില്‍ 6000 രീതിയിലാണ് സൗണ്ടും വിഷ്വലും റീപ്രൊഡ്യൂസ് ചെയ്യുന്നത്. വളരെ നന്നായി ഇത് പരിപാലിക്കുന്നവരുണ്ട്. ഒരിക്കല്‍ തീയേറ്റര്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ അത് പിന്നെ നോക്കുക പോലും ചെയ്യാത്തവരുമുണ്ട്. ഒരുപറ്റം ആളുകള്‍ സിനിമ കാണാന്‍ ചെന്നിട്ട് വിഷ്വല്‍ മോശം സൗണ്ട് മോശം എന്നൊക്കെ പറയുമ്പോള്‍ ഓട്ടോമാറ്റിക്കായി ആ സിനിമ കാണാനുള്ള ഇന്ററസ്റ്റ് ഇല്ലാതാവും. സിനിമ എന്നാല്‍ എന്റര്‍ടെയിന്‍ ചെയ്യേണ്ട മീഡിയം ആണ്. അത് ഇല്ല എന്ന് വരുമ്പോള്‍ മോശമാണ്. 3 വര്‍ഷം മുമ്പത്തെ അവസ്ഥയുമായി ഇപ്പോള്‍ വളരെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കിലും മുംബൈയിലാണെങ്കിലും നല്ല തീയേറ്ററും റൂം സൗണ്ട് ബോക്‌സുമൊക്കെ. പ്രത്യേകിച്ച് മള്‍ട്ടിപ്ലക്‌സുകാര്‍. പണ്ട്, മിക്‌സിംഗ് റൂമില്‍ നിന്ന് നല്ല സൗണ്ടായി സിനിമ പോകും തീയേറ്ററില്‍ സിനിമ കാണുന്ന കൂട്ടുകാര്‍ വിളിച്ചു പറയും ഇവിടെ ഭയങ്കര മോശാട്ടോ ശബ്ദം എന്ന്. പിന്നെ, നമ്മള്‍ തീയേറ്ററായ തീയേറ്ററൊക്കെ കയറി സിനിമ കാണും. എവിടെയെങ്കിലും ഒരു സ്ഥലത്ത് യഥാര്‍ത്ഥ ശബ്ദം വന്നിട്ടുണ്ടാകും.അപ്പോഴാണ് സമാധാനം ആവുക. അത് ശരിക്കും ഞങ്ങളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് സിനിമാ നിര്‍മ്മാതാക്കള്‍ക്കാണ്. വിഷ്വലും സൗണ്ടും മോശമാണെന്ന് പറഞ്ഞ് സിനിമ മോശമെന്ന പറച്ചില്‍ വന്നാല്‍ അത് ബാധിക്കുന്നത് സിനിമാ ഇന്‍ഡസ്ട്രിയെ ആണ്.

ശബ്ദത്തിന് അപ്പുറം സിനിമയില്‍ കൈ നോക്കുമോ?

സംവിധാനം കുറച്ചുകാലമായി മനസ്സിലുണ്ട്. പക്ഷേ, ഇപ്പോഴിറങ്ങില്ല. അത് ചെയ്യണമെങ്കില്‍ ഞാന്‍ ഇതില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കണം. തല്‍ക്കാലം അതിന് സാധിക്കില്ല. സൗണ്ട് മിക്‌സിംഗിനൊപ്പം സൗണ്ട് ഡിസൈനിംഗും ചെയ്യുന്നുണ്ട്. ഒരു കാന്തത്തിന്റെ സൗത്ത് പോളും നോര്‍ത്ത് പോളും പോലെയാണ് അത് രണ്ടും. രണ്ടും ഒരേ സമയം ചെയ്യണമെങ്കില്‍ നമ്മള്‍ അതില്‍ നല്ല എക്‌സ്പീരിയന്‍സ്ഡ് ആവണം. ശബ്ദത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് തല്‍ക്കാലം എന്റെ ലക്ഷ്യം.

കുടുംബം?

തൃശൂര്‍ കുരിയച്ചിറ ആണ് നാട്. അച്ഛന്‍ ജോസും അമ്മ ലിസിയും നാട്ടിലാണ്. ഭാര്യ ലിജിനും മകന്‍ ഏയ്ഡന്‍ മൈക്കലും എന്റെ കൂടെ മുംബൈ അന്ധേരിയിലാണ് താമസം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More