മരം ചുറ്റാനില്ല, പ്രിയം കാമ്പുള്ള കഥാപാത്രങ്ങളോട്: ലിയോണ ലിഷോയ്

നായികാ പ്രധാന്യമുള്ള സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്ന യുവനടിമാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണ് ലിയോണ ലിഷോയ്. ചെറിയ റോളാണെങ്കിലും അമ്മ വേഷമാണെങ്കിലും ചെയ്യാന്‍ ധൈര്യമുള്ള താരം. ലിയോണ സംസാരിക്കുകയാണ് ഇനിയും അവസാനിക്കാത്ത മായാനദിയിലെ സമീറയുടെ വിശേഷങ്ങള്‍, നടിമാരുടെ സുരക്ഷയെ കുറിച്ച്, പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍. ലിയോണ ലിഷോയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ആശങ്കയുടെ മായാനദി 

മായാനദിയ്ക്ക് കിട്ടിയ സ്വീകാര്യതയില്‍ ഭയങ്കര സന്തോഷം ഉണ്ട്. മായാനദി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് കണ്‍ഫ്യൂഷനായിരുന്നു. ചെയ്യണോ വേണയോ എന്നൊക്കെ ഒരുപാട് ആലോചിച്ചിരുന്നു. ചെറിയൊരു ക്യാരക്ടര്‍ ഇനി ചെയ്യണോ എന്ന സംശയം ഒക്കെ ഉണ്ടായിരുന്നു. സിനിമയെ കുറിച്ചും ക്യാരക്ടറിനെ കുറിച്ചും ഒന്നും അറിയില്ലായിരുന്നു. അപ്പുവിന്റെ ഫ്രണ്ടായ സെലിബ്രിറ്റിയായ കഥാപാത്രം എന്നത് മാത്രമായിരുന്നു അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ എന്റെ റോളിനെ കുറിച്ച് അറിയുമായിരുന്നത്. സമീറ എന്ന പേരൊക്കെ ഷൂട്ടിന്റെ അന്നാണ് അറിയുന്നത്.

സമീറയുടെ സ്വീകാര്യതയില്‍ സന്തോഷം

സമീറയ്ക്ക് ഇത്രയ്ക്ക് റീച്ച് കിട്ടുമെന്നൊന്നും അഭിനയിക്കുന്ന സമയത്ത് കരുതിയിട്ടില്ല. സത്യം പറഞ്ഞാല്‍ ഒന്നും വിചാരിച്ചിട്ടില്ലെന്ന് വേണം പറയാന്‍. സിനിമയില്‍ ആകെ ഷൂട്ടുണ്ടായിരുന്നത് നാല് അഞ്ച് ദിവസം മാത്രമാണ്. നന്നായി പ്ലാന്‍ ചെയ്തിട്ടുള്ള ഷെഡ്യൂളുകളായിരുന്നു മായാനദിയുടേത്. സെറ്റില്‍ പോയി അധികം സമയമൊന്നും ഇരുന്നിട്ടില്ല, അതുകൊണ്ട് തന്നെ സിനിമയെ കുറിച്ചുള്ള മറ്റ് ഡീറ്റെയില്‍സ്, കഥ ഒന്നും അറിയില്ലായിരുന്നു. അഭിനയിച്ച സീന്‍സ് വല്ലതും കട്ട് ചെയ്യുമോ എന്ന് വിചാരിച്ചിരുന്നു. കട്ട് ചെയ്താല്‍ പിന്നെ പ്രത്യേകിച്ച് ഒന്നും ഇല്ല താനും. സിനിമ വന്നപ്പോള്‍ അഭിനയിച്ച ഒറ്റ സീന്‍ പോലും കട്ട് ചെയ്തിട്ടില്ല. സമീറ എന്ന ക്യാരക്ടറിന്റെ ഡെപ്ത് സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും മനസിലായത്.

ഓഡിഷന് പോയത് ആഷിക് സാറിനെ കാണാന്‍ വേണ്ടി 

ആഷിക് സാറിന്റെ അസോസിയേറ്റായ ബിനു ചേട്ടന്‍ വഴിയാണ് മായാനദിയിലേക്ക് എത്തുന്നത്. സിനിമയുടെ കാസ്റ്റിങ്ങ് കോള്‍ കണ്ടപ്പോള്‍ ഞാന്‍ ബിനു ചേട്ടനെ വിളിച്ചു. അപ്പോള്‍ എന്നോട് ഓഡിഷന് ചെല്ലാന്‍ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ആഷിക് സാറിനെ ഒന്നു കാണാല്ലോ എന്ന് വിചാരിച്ചാണ് ഓഡിഷന് പോയത്. പക്ഷെ അന്ന് സാര്‍ ഉണ്ടായിരുന്നില്ല. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഓഡിഷന് പോയപ്പോഴാണ് ആഷിക് സാറിനേയും ശ്യാം സാറിനേയും ഒക്കെ കാണുന്നത്. എല്ലാരും ഭയങ്കര പോസിറ്റീവായിരുന്നു. ഓഡിഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ചെയ്തത് എന്താ എന്നൊന്നും അറിയില്ല എന്നായിരുന്നു. പക്ഷെ ആളുകളെ എല്ലാരെയും നന്നായി ഇഷ്ടപ്പെട്ടുവെന്നാണ്.

ദര്‍ശനയെ ഹിറ്റാക്കിയ ക്രെഡിറ്റ് എനിക്ക് സ്വന്തം

പാട്ട് പാടുന്നവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദര്‍ശനയെ നേരത്തെ അറിയാമായിരുന്നുവെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. ആദ്യമായി കാണുന്നത് മായാനദിയുടെ സെറ്റില്‍ വെച്ചാണ്. ലൊക്കേഷനിലെത്തി മേക്കപ്പിട്ട് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ കമ്പനിയായി. ദര്‍ശനയും ഐശ്വര്യയും തമ്മില്‍ നേരത്തെ അറിയാം. അതുകൊണ്ട് എന്റേയും ഐഷുവിന്റെ ഇടയിലെ കോമണ്‍ ഫാക്ടറും ദര്‍ശനയായിരുന്നു. പിന്നെ ഞങ്ങള്‍ മൂന്ന് പേരും പെട്ടെന്ന് തന്നെ കൂട്ടായി. ദര്‍ശനയുടെ പാട്ട് സെറ്റില്‍ എല്ലാവരേയും കേള്‍പ്പിക്കുന്നത് ഞാനാണ്. എല്ലാവരോടും ചോദിക്കും ഒരു മിനിറ്റ് ഒരു പാട്ട് കേള്‍ക്കാന്‍ സമയമുണ്ടോ എന്ന്. അങ്ങനെ പാട്ട് ഞാനങ്ങ് ഹിറ്റാക്കി. ഹിറ്റായ ആ ബാല്‍ക്കണി സീനും പാട്ടുമൊന്നും സത്യത്തില്‍ ശ്യാം സാറൊന്നും ആലോചിച്ചതല്ല. ഞങ്ങള്‍ മൂന്നു പേരുടെ കൂട്ടുകെട്ട് കണ്ടിട്ടാണ് ആ സീന്‍ വരുന്നത്. ദര്‍ശനയുടെ പാട്ടും അങ്ങനെ യാദൃശ്ചികമായി വന്നതാണ്. ആ സീനിന് തൊട്ടു മുമ്പാണ് ദര്‍ശനയുടെ പാട്ട് ഞാന്‍ അവരെ കേള്‍പ്പിച്ചത്. എന്നാല്‍ പിന്നെ പാടാന്‍ ദര്‍ശനയോട് പറയുകയായിരുന്നു.

മൂവര്‍ സംഘത്തിന്റെ നടക്കാത്ത യാത്ര

വളരെ കുറച്ച് സുഹൃത്തുക്കള്‍ ഉള്ളയാളാണ് ഞാന്‍. വിരലില്‍ എണ്ണാവുന്ന ഫ്രണ്ട്‌സ് മാത്രമാണുള്ളത്. സ്‌കൂളില്‍ കൂടെ പഠിച്ച രണ്ടു പേര്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും അടുത്ത ഫ്രണ്ട്‌സ്. സിനിമയിലുള്ള ഫ്രണ്ട്‌സ് എന്നു പറഞ്ഞാല്‍ ദര്‍ശനയും ഐശ്വര്യയും തന്നെ ഉള്ളൂ. അവരല്ലാതെ ഇത്രയും അടുപ്പമുള്ള ആരും ഇന്‍ഡസ്ട്രിയില്‍ ഫ്രണ്ട്‌സായില്ല. ആരെങ്കിലുമായി അടുപ്പമായാല്‍ നന്നായി ക്ലോസാവുന്ന സ്വഭാവമാണ് എന്റേത്. പിന്നെ എല്ലാം അവരോട് പറയും. ദേഷ്യം വന്നാല്‍ കാണിക്കും. ഞാനും ഐശ്വര്യയും ദര്‍ശനയും എവിടെയെങ്കിലും യാത്ര പോവണമെന്ന് എപ്പോഴും പ്ലാന്‍ ചെയ്യും. പക്ഷെ ഇതുവരെ നടന്നിട്ടില്ല. മൂന്നാളും കൂടെ ഒരുമിച്ച് ഇതുവരെ ഫ്രീയായിട്ടില്ല.

പക്വതയും പാകതയും കൊണ്ടുവന്ന ആന്‍ മരിയ 

റൊമാന്‍സ് എനിക്ക് ചേരില്ല എന്നാണ് തോന്നിയിട്ടുള്ളത്. അതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ തന്നെയാണ്. മരംചുറ്റി പ്രേമൊക്കെ ചെയ്താല്‍ അയ്യേ എന്നു ഞാന്‍ എന്നെ തന്നെ പറയും. പക്ഷെ അത്തരത്തിലുള്ള നല്ലൊരു കഥാപാത്രം വന്നാല്‍ ചിലപ്പോള്‍ ചെയ്യുമായിരിക്കും. ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമ ഇറങ്ങിയതിന് ശേഷം വരുന്നത് ഒക്കെ പക്വതയുള്ള റോളുകളാണ്. പിന്നെ വരുന്നതില്‍ നിന്നും എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സിനിമകളെ തെരഞ്ഞെടുക്കാറുള്ളൂ. ഒരു കഥ കേട്ടുകഴിഞ്ഞാല്‍ പെട്ടെന്ന് താല്‍പര്യം തോന്നാറുള്ളത് ഇങ്ങനെയുള്ള കഥാപാത്രങ്ങളോടാണ്. സിനിമയിലെ പ്രധാന കഥാപാത്രമാവണം എന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് പറയുമ്പോള്‍ പലരും ചോദിക്കാറുണ്ട് മെയിന്‍ റോളാണോ എന്ന്.

അമ്മ റോളിനെ ചെറുതാക്കരുത്

ആന്‍ മരിയയിലെ അമ്മ കഥാപത്രം ചെയ്യുന്ന സമയത്ത് ഇമേജിനെ കുറിച്ചുള്ള പേടിയൊന്നും ഉണ്ടായിരുന്നില്ല. ഒന്നും തോന്നിയില്ല എന്നതാണ് സത്യം. ആന്‍ മരിയയ്ക്ക് മുമ്പ് അത്ര നല്ല ക്യാരക്ടറുകള്‍ ഒന്നും ചെയ്തിട്ടില്ല. ജവാന്‍ ഓഫ് വെള്ളിമലയില്‍ നല്ല റോളാണെങ്കിലും അത് നന്നായി ചെയ്തിട്ടുമില്ല. പിന്നെ വന്നതൊക്കെ ചെറിയ റോളകളായിരുന്നു. പിന്നെ കഷ്ടപ്പെട്ട് ചെയ്ത സിനിമയൊന്നും പുറത്ത് ഇറങ്ങിയില്ല. അങ്ങനെ വല്ലാതെ നിരാശപ്പെട്ടിരിക്കുന്ന സമയത്താണ് ആന്‍ മരിയ വരുന്നത്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു എന്താണ് അമ്മ റോള്‍ ചെയ്തത് എന്ന്. ശരിക്കും നല്ലൊരു വേഷം എന്ന് മാത്രം നോക്കിയാല്‍ പോരെ അല്ലാതെ അമ്മ റോള്‍ എന്നൊക്കെ പറഞ്ഞത് അതിനെ ചെറുതാക്കണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ തീരുമാനങ്ങളില്‍ മികച്ച ഒന്നാണ് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

നായിക ആവണമെന്ന ആഗ്രഹമില്ല

നമ്മുടെ സിനിമകളില്‍ നായികയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഉണ്ടാകാറില്ല. നായകന്‍ പ്രണയിക്കുന്നയാളാവണം നായിക എന്നതാണ് നമ്മുടെ നാട്ടിലെ പൊതുധാരണ. അങ്ങനെ ഒരു നായിക ആവാന്‍ എനിക്ക് താല്‍പര്യമില്ല. നായികയായില്ലെങ്കിലും കുഴപ്പമില്ല എന്തെങ്കിലും ചെയ്യാനുള്ള വേഷമാവണമെന്നാണ് നോക്കാറുള്ളത്.

സിനിമയിലേക്കുള്ള വഴി

ബാംഗ്ലൂരില്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛന്‍ ലിഷോയ് നടനായതു കൊണ്ട് അച്ഛനോട് എല്ലാവരും എന്താ മോള്‍ അഭിനയിക്കുന്നില്ലേ എന്ന് എപ്പോഴും ചോദിക്കും. ബി കോമാണ് പഠിച്ചത്. പക്ഷെ ആ ഫീല്‍ഡില്‍ ജോലി ചെയ്യാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. എന്തെങ്കിലും ക്രിയേറ്റീവായ ജോലി ചെയ്യണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം. പക്ഷെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നുളള ജോലിയും ഇഷ്ടമല്ല. പിന്നെ വേറെ എന്ത് എന്ന് ചിന്തിക്കുന്ന സമയം കൊണ്ട് ഞാന്‍ സിനിമയിലെത്തി. രണ്ടാമത്തെ സിനിമ തന്നെ മമ്മൂക്കയുടെ കൂടെയായി. പിന്നെ ചെറുതാകുമ്പോഴെ സിനിമാ മോഹം ഒന്നുമില്ല . അച്ഛന്‍ നടനാണെങ്കിലും വീട്ടില്‍ അതിന്റെ ബഹളങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രം. ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഒരു സെറ്റില്‍ പോകുന്നത് തന്നെ.

അമ്മയാണ് പ്രധാന വിമര്‍ശക

അമ്മയുടേതിനെ വെറും വിമര്‍ശനം എന്നു പറഞ്ഞാല്‍ പോര. അത്രയ്ക്ക് ഭീകരമാണ്. അമ്മ എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കും. കൈ എങ്ങനെയാണ് വെച്ചിരിക്കുന്നത്, കണ്ണ് എങ്ങനെയായിരുന്നു എന്നൊക്കെ. മായാനദി കണ്ടിട്ട് അമ്മ എന്റെ മുഖത്ത് നോക്കി പറഞ്ഞു നിനക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നുവെന്ന്. ഞാന്‍ മാത്രമല്ല അച്ഛനും അമ്മയുടെ ഒരു ഇരയാണ്. പക്ഷെ ആന്‍ മരിയ അമ്മയ്ക്ക്  ഇഷ്ടപ്പെട്ടു. സിനിമ കണ്ടിട്ട് പറഞ്ഞു നന്നായി ചെയ്തിട്ടുണ്ടെന്ന്. അച്ഛനും ആ സിനിമ ഇഷ്ടപ്പെട്ടിരുന്നു.

സമീറ പകുതി ലിയോണ തന്നെ

ചെയ്തതില്‍ ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലെ ഡോക്ടറുടെ കഥാപാത്രമാണ് കുറച്ച് പറഞ്ഞതു പോലെ തയ്യാറെടുപ്പുകള്‍ വേണ്ടി വരുന്നത് ഉണ്ടായത്. ആ സിനിമ ചെയ്യുമ്പോള്‍ ഡയറക്ടര്‍ മിഥുന്‍ ചേട്ടന്‍ പറഞ്ഞിരുന്നു ട്രീസ ഡോക്ടറാണ്, പെട്ടെന്ന് ദേഷ്യം പിടിക്കുന്ന വ്യക്തിയാണ് പക്ഷെ ഡോക്ടര്‍ ആയതുകൊണ്ട് തന്നെ അവര്‍ ദേഷ്യം പിടിക്കുന്നതിലും സംസാരത്തിലും ഒക്കെ ഒരു മിതത്വം ഉണ്ടാവുമെന്ന്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സമയത് കണ്ണില്‍ ദേഷ്യം വരുത്തി ശബ്ദം താഴ്ത്താന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. പിന്നെ മായാനദിയിലെ സമീറയ്ക്ക് ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. അഭിനയിക്കുന്നതിന് തൊട്ട് മുമ്പാണ് സീന്‍ പറഞ്ഞു തരിക. അതില്‍ പകുതി ലിയോണ തന്നെയാണുള്ളത്. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഈശ്വരാ ഞാനിപ്പോ എന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്നു. അത് അഭിനയിച്ചു കഴിഞ്ഞപ്പോഴും എനിക്ക് അത്ര ഇഷ്ടമായില്ല. പക്ഷെ ആഷിക് സാറും ശ്യാം സാറുമൊക്കെ പറഞ്ഞു നന്നായി എന്ന്.

പൂര്‍ണ്ണത നല്‍കുക സ്വന്തം ശബ്ദം 

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് സ്വന്തം ഡബ്ബ് ചെയ്യുന്നതായാണ് നല്ലത്. വെറെയാള്‍ ഡബ് ചെയ്യുമ്പോള്‍ അത് അഭിനയിക്കുന്നയാളുടെ ഫീലിങ്ങ് പോലെ ചില സമയത്ത് വരാറില്ല. എന്റെ സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട് അയ്യോ ഇത് ഞാന്‍ ഇങ്ങനെയല്ലല്ലോ പറഞ്ഞത് എന്നൊക്കെ. മുഖത്ത് വരുന്ന അഭിനയവും ശബ്ദവും ഒരു പോലെ വരണമെങ്കില്‍ നമ്മള്‍ തന്നെ ചെയ്യുന്നതാണ് നല്ലത്. എന്റെ ശബ്ദം ചെറിയ കുട്ടികളുടേത് പോലെയാണെന്ന് എല്ലാവരും പറയാറുണ്ട്. ആദ്യം ഡബ്ബ് ചെയ്തത് ഹരത്തിലാണ്. ആന്‍ മരിയയിലേത് ഞാനല്ല ചെയ്തത്. മായാനദിയില്‍ സ്‌പോട്ട് ഡബ്ബിങ്ങായിരുന്നു. എയര്‍പോര്‍ട്ട് സീന്‍ മാത്രം അല്ലാതെ ചെയ്തു.

തെന്നിന്ത്യേന്‍ നടിയോ ഞാനോ

ഇതെല്ലാരും ചോദിക്കാറുണ്ട്. കന്നഡയും തമിഴുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആ സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. പരിപാടികള്‍ക്ക് ഒക്കെ പോവുന്ന സമയത്ത് എല്ലാരും പരിചയപ്പെടുത്തുക തെന്നിന്ത്യേന്‍ നടി എന്നു പറഞ്ഞാണ്. അപ്പോള്‍ വിചാരിക്കാറുണ്ടോ ദൈവമേ ഞാനോ ആ സിനിമകള്‍ ഇതുവരെ വെളിച്ചം കണ്ടില്ലല്ലോ എന്ന്. ഇനി മറ്റ് ഭാഷകളില്‍ അഭിനയിക്കുകയാണെങ്കില്‍ നല്ല സിനിമ, ടീം ഒക്കെ നോക്കിയിട്ടേ ചെയ്യൂ. ഇപ്പോള്‍ മലയാളത്തില്‍ നല്ല കുറെ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.

ഇഷ്ടമില്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം

എപ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ പറ്റാത്ത ഒരവസ്ഥയുണ്ട് ഇപ്പോള്‍ സിനിമാ മേഖലയില്‍.  എന്നാല്‍ പേടിക്കേണ്ട ഒരവസ്ഥയൊന്നും ഇല്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ ആ സമയത്ത് തന്നെ പ്രതികരിക്കണം. എന്റെ കൂടെ അമ്മയുണ്ടാവാറുണ്ട് എപ്പോഴും. അമ്മയ്ക്ക് ഞാന്‍ കേരളത്തിന് പുറത്ത് എവിടേയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ പേടിയില്ല. ബാംഗ്ലൂര്‍, മുംബൈ ഒക്കെ ഒറ്റയ്ക്ക് പോയാലും തൃശൂരില്‍ നിന്ന് കൊച്ചി വരെ തനിച്ച് പോവാന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് പേടിയാണ്.

സ്ത്രീപക്ഷ സിനിമകള്‍ക്ക് പിന്തുണ വര്‍ദ്ധിച്ചു

സിനിമാ രംഗത്ത് ലിംഗസമത്വം ഉണ്ടാവണമെങ്കില്‍ എല്ലാവരും ഒരുമിച്ച് വിചാരിക്കണം. നടന്മാര്‍ക്ക് ലഭിക്കുന്നത് പോലെ തുല്യമായുള്ള വേതനം അടുത്ത കാലത്ത് ആര്‍ക്കും ലഭിക്കുമെന്ന് തോന്നുന്നില്ല. ഒരു നയന്‍താര, ദീപിക പദുകോണ്‍ എന്നീ ചുരുക്കം പേര്‍ക്ക് മാത്രമാണ് നായകന് തുല്യമായ വേതനം കിട്ടുന്നത്. മലയാള സിനിമയില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് കുറേ കൂടി പിന്തുണ കിട്ടുന്നത്. ലാലേട്ടന്‍ തന്നെ ഉദാഹരണം. യുവതാരങ്ങളില്‍ ടൊവിനോ തോമസ് അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ ചെയ്തു ഗോദ, മായാനദി, ആമി അങ്ങനെ. ഇത്തരത്തിലുള്ള ചിന്താഗതിയുള്ള കൂടുതല്‍ നടന്മാരുണ്ടാകണം, ടെക്‌നീഷ്യന്‍മാര്‍ വേണം. എന്നാല്‍ മാത്രമാണ് ഇന്‍ഡസ്ട്രിയില്‍ മാറ്റം ഉണ്ടാകൂ.

വിവാഹം ഇപ്പോള്‍ ഇല്ല

കല്ല്യാണം കഴിക്കുമെന്തായാലും. എപ്പോള്‍ എന്നൊന്നും അറിയില്ല. തീരുമാനിച്ചിട്ടുമില്ല. ഇപ്പോഴത്തെ ആഗ്രഹം കൂടുതല്‍ നല്ല സിനിമ ചെയ്യണമെന്നാണ്.

വീണ്ടും ടൊവീനോയ്‌ക്കൊപ്പം 

ഇനി പുറത്തിറങ്ങാനുള്ളത് ടൊവീനോയുടെ കൂടെയുള്ള മറഡോണ എന്ന സിനിമയാണ്. ടൊവിനോയുടെ സഹോദരിയായിട്ടാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ അമ്മയായിട്ടാണ്. നല്ല കഥാപാത്രമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More