ആ ഫോട്ടോ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതൊരു മാറ്റത്തിന്റെ തുടക്കമാണ്: ജിലു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയായിരുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തുറിച്ചുനോക്കേണ്ട എന്ന അടിക്കുറിപ്പോടെ ഗൃഹലക്ഷ്‍മിയില്‍ വന്ന ഒരു ഫോട്ടോയെ കുറിച്ച്. അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മറുപടി പറയുകയാണ് ആ ഫോട്ടോയ്‍ക്ക് മോഡലായ ജിലു ജോസഫ്. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നോ?

ഇത്തരത്തിലുള്ള വ്യാപകമായ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു അവസരം വന്നപ്പോള്‍ ഏതെങ്കിലും തരത്തില്‍ ആളുകള്‍ക്ക് കുറ്റം പറയാനുള്ള കാര്യങ്ങള്‍ ഫോട്ടോ ഷൂട്ടിലുണ്ടെന്ന് കരുതിയിട്ടുമില്ല. പക്ഷെ ഇതിനെ കുറിച്ച് വീട്ടില്‍ സംസാരിച്ചപ്പോള്‍ വലിയ രീതിയിലുള്ള എതിര്‍പ്പാണുണ്ടായത്. അപ്പോള്‍ പിന്നെ നൂറു ശതമാനം ഉറപ്പായി വ്യാപകമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍. നെഗറ്റീവായ പ്രതികരണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് പ്രതീക്ഷിച്ച് മനസ്സിനെ അതുപോലെ പാകപ്പെടുത്തുകയും ചെയ്തിരുന്നു.

പേടിയുണ്ടായിരുന്നോ?

പേടിയുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് അമ്മ കുഞ്ഞിന് പാലു കൊടുക്കുന്നത് വിശുദ്ധമായ, പരിശുദ്ധിയുള്ള കാര്യമാണെന്നാണ്. അതിനെയാണ് ഞാന്‍ പിന്തുണച്ചത്. ഇപ്പോഴത്തെ ഈ മോശം അനുഭവങ്ങളെയും ഞാന്‍ കാര്യമാക്കുന്നില്ല. കേരളത്തിലുള്ളവര്‍ മുഴുവന്‍ വിവരമില്ലാത്തവരും ചിന്തിക്കാത്തവരുമൊന്നുമല്ലല്ലോ. ഒരുപാട് അറിവും വിവരവുമൊന്നുമുള്ള ആളല്ല ഞാന്‍. പക്ഷെ വളരെ പുരോഗമനത്തോടെ ചിന്തിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആള്‍ക്കാരെങ്കിലും എന്റെ ഒരു കാല്‍വെയ്പിനെ സ്വാഗതം ചെയ്യുമെന്ന ആത്മവിശ്വാസം ഉണ്ട്. ഇതിനെ ഒരു സംസാര വിഷയമെങ്കിലും ആക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.

ജിലുവിനെ അനുകൂലിച്ചും വ്യാപകമായി പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. എങ്ങനെ കാണുന്നു ഇതിനെ?

നിരവധി പേര്‍ വിളിക്കുന്നുണ്ട്. ഇപ്പോള്‍ ഫോണ്‍ എടുക്കണ്ട എന്നാണ് തീരുമാനം. പറയാനുള്ളവര്‍ എന്താന്ന് വെച്ചാല്‍ പറഞ്ഞിട്ടു പോകട്ടെ. തെറി വിളി ഒഴികെ പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് മോശമാണ്, ഇഷ്ടമല്ല എന്നിങ്ങനെയുള്ള എല്ലാ കമന്റ്‌സിനേയും ഞാന്‍ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. അത് എനിക്ക് മനസ്സിലാക്കാനും പറ്റും. ആരെങ്കിലും എന്തെങ്കിലും ചെയ്താലുടന്‍, ഇഷ്‍ടപ്പെട്ടില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ തെറി പറയുക എന്ന രീതിയോട് തീരെ യോജിക്കാന്‍ പറ്റില്ല. എന്റെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടുവെന്ന് പറഞ്ഞിട്ട് ആര്‍ക്കാണ് ഇവിടെ ഇത്ര പ്രശ്‌നമുള്ളത്. എനിക്കല്ലെ പ്രശ്‌നമുണ്ടാകേണ്ടത്. എന്റെ ആകാശമല്ലെ ഇടിഞ്ഞു വീഴേണ്ടത്. എനിക്കിതില്‍ നാണക്കേടൊന്നുമില്ല. എന്റെ കൈ എല്ലാവരും കാണുന്നില്ലേ. ശരീരപ്രദര്‍ശനമല്ലല്ലോ ഞാനവിടെ ചെയ്തത്. ഒരമ്മയായി കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ജോലി നടിയായ എന്നെ തേടി വന്നപ്പോള്‍ അത് തള്ളിക്കളയാന്‍ പാകത്തിന് കാരണമൊന്നും ഞാന്‍ കണ്ടില്ല. ഒരു കോണ്ടത്തിന്റെ പരസ്യത്തിലാണ് അഭിനയിച്ചതെങ്കില്‍ ഇതൊക്കെ കേള്‍ക്കാന്‍ ബാധ്യസ്ഥയാണ്. ഈ ക്യാമ്പയിന്‍ നന്നായി പോയാല്‍ ആരെങ്കിലും ഒക്കെ അംഗീകരിക്കുമെന്ന വിശ്വാസമുണ്ട്.

നേരിട്ടു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഒക്കെ എങ്ങനെയാണ്?

എന്നെ വിളിക്കുന്നവര്‍ പോസീറ്റീവായ രീതിയില്‍ തന്നെയാണ് സംസാരിക്കുന്നത്. നിരവധി ചെറുപ്പക്കാരും പുരുഷന്മാരും ഒക്കെ മെസ്സേജുകള്‍ അയക്കുന്നുണ്ട്. പലരുടേയും സന്ദേശങ്ങള്‍ ഹൃദയത്തില്‍ തട്ടിയുള്ള ഊര്‍ജ്ജം തരുന്നതാണ്. ആള്‍ക്കാര്‍ക്ക് ഇത് ഇപ്പോഴും ദഹിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്. ഇതുവരെ ഒരു ഫോട്ടോ ഷൂട്ട് പോലും ചെയ്യാത്ത ആളാണ് ഞാന്‍. പലരും എന്നെ മോഡല്‍ എന്നൊക്കെ പറയുന്നുണ്ട്. അത് തെറ്റാണ് ഞാന്‍ ഇതുവരെ ആര്‍ക്കുവേണ്ടിയും മോഡലിംഗ് ചെയ്തിട്ടില്ല. കുഞ്ഞിനെ പറ്റിക്കുവാണെന്ന് പറയുന്നവരുണ്ട്. ഞാന്‍ ഒന്നു ചോദിക്കട്ടെ ആ കുഞ്ഞിനെ ഞാന്‍ ഒറ്റയ്‌ക്കൊരു മുറിയില്‍ കൊണ്ടു പോയി പിച്ചുകയോ, മാന്തുകയോ ഒന്നുമല്ലല്ലോ ചെയ്തത്. സ്‌നേഹത്തോടെ മാറത്തോട് ചേര്‍ക്കുകയല്ലെ ചെയ്തത്. സ്‌നേഹത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ നല്ലതിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികള്‍ ആള്‍ക്കാര്‍ എന്താണ് അംഗീകരിക്കാത്തത് എന്ന് മനസിലാകുന്നില്ല. ഇവിടെ വഴിയിലിട്ട് ഒരാളെ പട്ടിയെ പോലെ അടിച്ചു കൊല്ലാം. അതുകഴിഞ്ഞ് ഒരു ഹര്‍ത്താല്‍ നടത്തുകയോ സമരം നടത്തുകയോ ഒക്കെ ആവാം. അതോടെ എല്ലാവരും ഹാപ്പിയാണ്. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആ മനുഷ്യ ജീവനെ കുറിച്ച് മറക്കും.

വീട്ടുകാരുടെ പ്രതികരണം എന്താണ്?

എന്റേത് വളരെ സാധാരണ കുടുംബമാണ്. കുമിളിയാണ് സ്വദേശം. ഞാനിങ്ങനെ ചെയ്തിനെ കുറിച്ച് ഏതു രീതിയില്‍ ചിന്തിക്കണം എന്നു പോലും അറിയാത്തവരാണ് അവര്‍. എന്നെ സ്‌നേഹിക്കുന്നവര്‍ പേടിക്കുന്നത് ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിയെ അല്ല എന്ന് എനിക്ക് നന്നായി അറിയാം. അവര്‍ക്ക് ഭയം ഇതുപോലെയുള്ള പ്രതികരണങ്ങളെയാണ്, നാട്ടുകാര്‍ എന്തു പറയും എന്നൊക്കെയാണ്. മോശമായ രീതിയില്‍ പ്രതികരണം നടത്തുന്നവര്‍ക്കും ആവശ്യം അത് തന്നെയാണ്. ഇത് ചെയ്യുന്ന ആള്‍ പേടിക്കണം.

ഫോട്ടോ ഷൂട്ടിലേക്ക് എത്തുന്നത് എങ്ങനെയാണ്? 

വളരെ യാദൃശ്ചിമായാണ് ഈ ഫോട്ടോഷൂട്ടിലേക്ക് എത്തുന്നത്. ശരീരത്തിനെ ഭയക്കുന്നതിനെ പറ്റിയൊക്കെ ഞാന്‍ വായിക്കുന്ന സമയത്താണ് ഈ പ്രോജക്ട് വരുന്നത്. ഇതിന്റെ ഫോട്ടോഗ്രാഫറായ ജിന്‍സണ്‍ എബ്രഹാം എന്റെ സുഹൃത്താണ്. ബ്രെസ്റ്റ് ഫീഡിങ്ങ് ക്യാമ്പയിന്റെ മോഡലാകാന്‍ താല്‍പര്യമുള്ള ഫ്രണ്ട്‌സ് വല്ലവരും എനിക്കുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് ജിന്‍സണ്‍ വിളിച്ചത്. അപ്പോ പിന്നെ ഞാന്‍ ചെയ്യാലോ അതിനിപ്പോള്‍ എന്താന്ന് ജിന്‍സണോട് പറഞ്ഞു. കേട്ടപ്പോഴെ ജിന്‍സണ്‍ ചോദിച്ചു, ഉറപ്പാണോ, ചെയ്യുമോ എന്നൊക്കെ. എനിക്ക് ആ സമയത്തും ഇപ്പോഴും ഇതൊരു തെറ്റായി തോന്നുന്നില്ല.

മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ചെയ്തുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു?

ഈ ഒരു കാര്യത്തിന് ഗൃഹലക്ഷ്മി എന്നെ സമീപിച്ചത് കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഇതിന് തയ്യാറാകാത്തതു കൊണ്ടായിരിക്കില്ലെ. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുന്നില്‍ നല്ലൊരു സന്ദേശമാണ് അവര്‍ മുന്നോട്ടുവെച്ചത്. മുലയൂട്ടുന്ന അമ്മമാരെ നോക്കാന്‍ തുറിച്ചു നോട്ടക്കാര്‍ നിരവധിയുണ്ടാകും. നിങ്ങള്‍ പേടിക്കേണ്ട, ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് എന്നു പറയുന്നത് നല്ലൊരു ആശയമല്ലേ. നല്ലൊരു ലക്ഷ്യവുമായി ഒരു സ്ഥാപനം മുന്നോട്ടു വന്നപ്പോള്‍ ആളുകള്‍ക്ക് അതും പ്രശ്‌നമായി. കല്ല്യാണം കഴിച്ചിട്ടില്ല. ഫോട്ടോയിലെ സിന്ദൂരം, താലി, മുഖത്തെ ഭാവം , കുഞ്ഞിനെ പറ്റിക്കുന്നു, ക്യാമറയിലോട്ടാണ് നോക്കുന്നത് ഇങ്ങനെയൊക്കെയാണോ നല്ലൊരു ഉദ്യമത്തിനെ വിലയിരുത്തേണ്ടത്. വര്‍ഷങ്ങളായി പിന്തുടരുന്ന ഒരു തെറ്റായ രീതിയെ മാറ്റാനുള്ള ശ്രമത്തിനെ ഇത്തരത്തിലാണോ കാണേണ്ടത്. ഗൃഹലക്ഷ്മിയുടെ വായനക്കാര്‍ കൂടുതലും ഭാര്യമാരും അമ്മമാരുമാണ്. അതാണ് ആ ഫോട്ടോയില്‍ സിന്ദൂരം ഉപയോഗിച്ചത്. അല്ലാതെ ഇതില്‍ ജാതീയത കലര്‍ത്തേണ്ടതില്ല. ക്രിസ്ത്യാനിയായ എന്നെ ഹിന്ദുവാക്കാനുള്ള ഒരു ശ്രമവും എവിടേയും നടന്നിട്ടുമില്ല.

ഈ ചിത്രം സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്ന് തോന്നുണ്ടോ?

ഈ ചര്‍ച്ചകള്‍ തന്നെ ഒരു നല്ല മാറ്റമാണ്. പിന്നെ ഇതെല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമായിരുന്നെങ്കില്‍ ഇത്രയും കോലാഹലങ്ങള്‍ഉണ്ടാകില്ലായിരുന്നു. ഒരു സാധാരണ ചിത്രം എന്നു പറഞ്ഞ് അതങ്ങ് പോയേനെ. പക്ഷെ പലരേയും ഇത് പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ ഇതൊരു മാറ്റത്തിനു തുടക്കമാകും. എല്ലാവരും കല്ലെടുത്ത് എറിഞ്ഞാലും ഇപ്പോള്‍ മുലയൂട്ടുന്ന ഒരമ്മയ്‌ക്കെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടോയെടുത്ത് സൂക്ഷിക്കാന്‍ തോന്നുകയാണെങ്കില്‍ അത് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുമെന്നുറപ്പുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ അതാകും ആ അമ്മയുടെ ഏറ്റവും മികച്ച സന്തോഷവും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More