ട്യൂണ്‍ ഉണ്ടാക്കാന്‍ ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്നില്ല: ഗായകന്‍ കെ കെ നിഷാദ്‌

69

മലയാളത്തിലെ യുവഗായകരില്‍ ഏറെ ശ്രദ്ധേയനാണ് കെ കെ നിഷാദ്. സംഗീതത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന കലാകാരന്‍. സംഗീതകാരന്‍മാരായ ടി എന്‍ കൃഷ്ണന്‍കുട്ടിയുടേയും ശാരദയുടേയും മകന്‍. സഹോദരി ആതിരയും ഗായികയാണ്.സിനിമയില്‍ ഒട്ടേറെ അവസരങ്ങളാണ് മധുരമൂറുന്ന ശബ്ദത്തിന് ഉടമയായ നിഷാദിനെ തേടിയെത്തുന്നത്. വ്യത്യസ്തങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ ആ ശബ്ദത്തിലൂടെ മലയാളികള്‍ ആസ്വദിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലെ പാലപ്പൂവിതളില്‍, കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലെ നാട്ടുവഴിയോരത്തെ തുടങ്ങിയ ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പ്രശസ്തനാകാന്‍ വേണ്ടി മാത്രം സംഗീതത്തിന്റെ ഓരംപറ്റിവന്ന ഒരാളല്ല നിഷാദ്. അദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ആ ഗായകനെ കൂടെ നിര്‍ത്തുകയായിരുന്നു മലയാള സിനിമ സംഗീതം. നിഷാദുമായി ഹരിപ്രസാദ് കാക്കൂര്‍ സംസാരിക്കുന്നു.

സംഗീത പാരമ്പര്യം, സിനിമ രംഗത്തെ പ്രവേശനം

അച്ഛനും അമ്മയും സംഗീതരംഗത്തുള്ളവരായിരുന്നു. കര്‍ണാടക സംഗീതം ചെറുപ്പം മുതലേ പഠിച്ചു തുടങ്ങി. സ്‌കൂള്‍, സര്‍വകലാശാലതലങ്ങളിലൊക്കെ ഒരുപാട് തവണ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. അങ്ങനെയാണ് ഗന്ധര്‍വ സംഗീതം എന്ന റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. അതില്‍ വിജയിച്ചപ്പോഴാണ് സംഗീതമാണ് തൊഴില്‍ എന്ന തിരിച്ചറിവുണ്ടാകുന്നത്. ആ സമയത്താണ് രാജസേനന്‍ സാറിന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ സിനിമയായ സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലും പാടി. അങ്ങനെയാണ് സിനിമയിലേക്ക് കാല്‍വച്ചത്.


മ്യൂസിക് ബാന്റുകളുടെ സ്വാധീനത്തെ കുറിച്ച്

ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് ഒരു കൂട്ടം ആളുകള്‍ ചെയ്യുന്നു. അത്തരം കൂട്ടുചേരലില്‍ നല്ല വര്‍ക്കുകളും നല്ല പെര്‍ഫോമന്‍സും ഉണ്ടാകുന്നു. എനിക്ക് അവരോട് വലിയ ബഹുമാനമാണ്.

ഫെയ്‌സ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഒരു സുപ്രഭാതത്തില്‍ വൈറലാകുന്ന ഗായകരുണ്ട്. അതിനെ എങ്ങനെ കാണുന്നു?

വളരെ നല്ല കാര്യമാണ്. അവര്‍ ഒരു സുപ്രഭാതത്തില്‍ വരുന്നവരൊന്നുമല്ല. അവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള വേദികള്‍ കിട്ടാത്തത് കൊണ്ടായിരിക്കാം. ഇത്തരം ആളുകള്‍ക്ക് പിന്നില്‍ ഒരുപാട് നാളത്തെ പ്രയത്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ വൈറലാകുന്നത്. അതുകൊണ്ട് തന്നെ അത്തരം ആളുകളെ തീര്‍ച്ചയായും നമ്മള്‍ അംഗീകരിക്കണം. അവരും ഒരുപാട് കഴിവുള്ളവരാണ്.

മലയാളിയുടെ സംഗീത ബോധം പൊതുവേ സിനിമ ഗാനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ?

ആസ്വാദനത്തിന്റെ നിലവാരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പാട്ട് ആസ്വദിക്കുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരൊക്കെ സിനിമാഗാനം ആസ്വദിക്കുന്നതോടൊപ്പം സംഗീതത്തിലെ മറ്റ് ശാഖകളേയും സീരിയസായി കേള്‍ക്കുന്നുണ്ട്. അത് വെസ്റ്റേണ്‍ ആയിക്കോട്ടെ ഇന്ത്യന്‍ സംഗീതത്തിന്റെ മറ്റ് വിഭാഗങ്ങളായിക്കോട്ടെ.

ശാസ്ത്രീയ സംഗീത അവബോധമില്ലാത്തവര്‍ സിനിമ സംഗീതത്തില്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ സാധ്യമാണോ?

ഒരു ട്യൂണ്‍ ഉണ്ടാക്കാന്‍ ശാസ്ത്രീയമായി പഠിക്കണമെന്നില്ല. എത്രയോ സംഗീത സംവിധായകരെ എനിക്കറിയാം. പ്രത്യേകിച്ച് ആല്‍ബങ്ങൡലൊക്കെ വര്‍ക്ക് ചെയ്യുന്നവരെ. അവര്‍ക്ക് സ്വരസ്ഥാനങ്ങളെക്കുറിച്ചു പോലും വലിയ അറിവൊന്നുമില്ല. എന്നാല്‍ മനോഹരമായ ട്യൂണുകള്‍ അവര്‍ പറഞ്ഞുതരും. അവരും കഴിവുള്ളവര്‍ തന്നെയാണ്.


ദൃശ്യ ഭംഗി മാത്രം മികച്ചുനില്‍ക്കുന്ന സിനിമാരംഗത്ത് നല്ല ഈണമോ നല്ല ശബ്ദമോ നല്ല ഗായകര്‍ പോലും വേണ്ട. യോജിക്കുന്നുണ്ടോ?

പൊതുവേ ഗാനരംഗങ്ങള്‍ ഏറ്റവും ആകര്‍ഷകമാക്കുവാനാണ് ശ്രമിക്കുന്നത്. അതിന് യോജിച്ച ശബ്ദം ആരുടേതാണെന്ന് കണ്ടെത്തിയാണ് ഗാനങ്ങള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് ഇപ്പോള്‍ റീ-റെക്കോര്‍ഡിങ് പോലും വളരെ ശ്രദ്ധിച്ച് ആസ്വദിക്കുന്നുണ്ട്. ആ സിനിമയിലെ റീ-റെക്കോര്‍ഡിങ് നന്നായി അല്ലെങ്കില്‍ മോശമായി എന്നൊക്കെ അഭിപ്രായം പറയുന്നുവരുണ്ട്. റീ-റെക്കോര്‍ഡിങിനോട് ചേര്‍ന്നു നില്‍ക്കുന്ന ട്യൂണുകളാണ് പല സംഗീത സംവിധായകരും ഇപ്പോള്‍ നല്‍കുന്നത്.

പുതിയ തലമുറയിലെ പ്രതീക്ഷ നല്‍കുന്ന ശബ്ദങ്ങള്‍

പുതിയ തലമുറയിലെ എല്ലാവരും തന്നെ വളരെ തയ്യാറെടുത്താണ് പാടാന്‍ വരുന്നത്. വളരെ പരിശീലനം കിട്ടിയവരാണ് എല്ലാവരും. എല്ലാവരും മുന്‍പന്തിയില്‍ എത്തേണ്ടവരാണ്.

പുതിയ പ്രൊജക്ടുകള്‍

ഒരു കാറ്റില്‍ ഒരു പായക്കപ്പല്‍ എന്ന സിനിമ. ബിജിപാലാണ് സംഗീതം. രചന സന്തോഷ് വര്‍മ്മ. ഒന്നാമാണിക്യത്തട്ട് കൊട് എന്നാണ് ഗാനം തുടങ്ങുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments
Loading...