കലയുടെ ദാനം, ഈ ജീവിതം

ഒരു കലാകാരനു മുന്നില്‍ പരാധീനതകള്‍ മുട്ടുമടക്കുമെന്നതിനുള്ള ഉദാഹരണമാണ് ടി ആര്‍ വിഷ്ണു ആചാരിയുടെ ജീവിതം. കല ജീവനേയും ജിവിതത്തേയും കാക്കുമെന്ന വിശ്വാസം തീര്‍ത്തും ശരിയാണെന്നത് ചിത്രകലയിലൂടെയും സ്വന്തം ജീവിതത്തിലൂടെയും ആ കലാകാരന്‍ കാട്ടിത്തരുന്നു. ഓരോ ചിത്രങ്ങളിലുമുള്ളത് അദ്ദേഹത്തിന്റെ പ്രാണനാണ്. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വെളിച്ചമാണ്… പ്രതീക്ഷയാണ്…

പത്തനംതിട്ട ജില്ലയിലെ പന്തളത്തിനമടുത്ത് കുരമ്പാലയിലുള്ള തെക്കടത്തു തെക്കേതില്‍ വീട്ടിലെ വിഷ്ണു ആചാരി ടി. ആര്‍ എന്ന വിഷ്ണുവിനെ അധികമാര്‍ക്കും പരിചയം കാണില്ല. അല്ലെങ്കില്‍ത്തന്നെ നമുക്കിടയില്‍ ഭിന്നശേഷിക്കാരായ എത്രയോ കലാകാരന്മാരുണ്ട്. അവരെയൊക്കെ നമ്മളോര്‍ക്കുന്നുണ്ടോയെന്ന ചോദ്യം പലരും ചോദിയ്ക്കാം. എന്നാലതിനിവിടെ പ്രസക്തിയില്ല. അഭ്യസ്തവിദ്യരെന്നു നടിയ്ക്കുന്ന ഒരു സമൂഹം നമുക്കിടയില്‍ത്തന്നെയുണ്ടെന്നതിനാല്‍ അത്തരമൊരു സമൂഹത്തിന്റെ ഭാഗമായ ഓരോരുത്തരും തന്നോടുതന്നെ ഒന്നു ചോദിച്ചു നോക്കിയാല്‍… അതിനുള്ള ഉത്തരം ലഭിച്ചാല്‍… അവിടെ നിസ്സഹായരായ ഓരോ കലാകാരനും പുതുജീവനത്തിനുള്ള വഴി തെളിയും… അത്തരം വഴികളാണ് നല്ലൊരു നാളെയുടെ മുതല്‍ക്കൂട്ടാവുകയെന്ന സത്യമാണ് വിഷ്ണുവിന്റെ ജീവിതം പറയുന്നത്.

ഭിന്നശേഷിക്കാരനെന്ന വിധിയുടെ ലേബലിനോട് പുഞ്ചിരിയോടെ ബൈ പറഞ്ഞ് ഒരുപാടു സ്വപ്നങ്ങളും മോഹങ്ങളുമായി തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിയ്ക്കാനെത്തിയ ഒരു യുവാവ്, ഇന്നാരാലുമറിയപ്പെടാതെ പോയതില്‍ തെല്ലും വിഷമമില്ലാതെ, ആരോടും പരാതിയോ പരിഭവങ്ങളോ കൂടാതെ തന്റെ പ്രാണനായ കലയെപ്പറ്റി ദേവികൃഷ്ണയുമായി സംസാരിക്കുന്നു.

ക്ഷേത്രവും ആചാരാനുഷ്ഠാനങ്ങളും കലയുമൊക്കെ ഇഴചേര്‍ന്ന ഒരു ജീവിതം, അതേക്കുറിച്ച്

ചില ജീവിതങ്ങള്‍ അങ്ങനെയാണല്ലോ…. നമ്മളെത്ര കണ്ടും കേട്ടുമറിഞ്ഞാലും അനുഭവിയ്ക്കുമ്പോഴാണതിന്റെ സത്ത മനസ്സിലാകുക. ഒരു ജീവിതം ഇങ്ങനെയാണ് അല്ലെങ്കില്‍ അങ്ങനെയാണ് എന്നൊക്കെ നമുക്ക് നിസ്സാരമായി പറയാം. എന്നാല്‍ അതിലുള്ള സന്തോഷവും സന്താപവും സുഖവും ദുഃഖവുമൊക്കെ എത്ര മാത്രമാണെന്ന് നാം അനുഭവിയ്ക്കുമ്പോളറിയുന്നു. അത് നമ്മുടേതാകുമ്പോള്‍ മാത്രം.

ചിത്രകല ശരിയ്ക്കും എന്റെ ഉപജീവനമാര്‍ഗ്ഗമാണ്. അതാണെനിയ്ക്കു ജീവിതം നല്‍കിയത്. ക്ഷേത്രവും വിശ്വാസവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയൊക്കെ കലയാല്‍ സമീപിയ്ക്കുന്നത് കാലമേറെക്കഴിഞ്ഞാണ്. പിന്നീടതിന്റെ ഭാഗമായിത്തീരുകയായിരുന്നു.

കുട്ടനാടന്‍ പ്രദേശങ്ങളിലെ ഭഗവതിക്ഷേത്രങ്ങളിലും മറ്റുമാണ് പടയണിവേഷം കൂടുതലായി കെട്ടിയാടാറുള്ളതെന്നു കേട്ടിട്ടുണ്ട്, അതിനെപ്പറ്റി…

ഒരു കലാരൂപമെന്നതിനപ്പുറം പടയണിവേഷമെന്നത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അത് ഒരു ക്ഷേത്ര കലയാണ്. അതിനാല്‍ത്തന്നെ അത് ആചാരങ്ങളും വിശ്വാസങ്ങളുമായൊക്കെ ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു നിസ്സംശയം പറയാം. ക്ഷേത്രങ്ങളില്‍ പടയണി ഉത്സവ സമയങ്ങളിലാണ് സാധാരണയായി കെട്ടിയാടാറുള്ളത്. അപ്പോള്‍ തീര്‍ത്തും വ്രതശുദ്ധിയോടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അത് അവതരിപ്പിയ്ക്കപ്പെടുന്നു.

നമ്മുടെ സംസ്‌കാരവുമായും കാര്‍ഷികവൃത്തിയുമായൊക്കെ അതിനു അഭേദ്യമായ ഒരു ബന്ധമുണ്ട്. മാത്രമല്ല ഓരോ പ്രദേശത്തിന്റെയും തനതു രീതികള്‍ക്കനുസരിച്ച് പടയണിയോടുള്ള സമീപനത്തിലവും മാറ്റങ്ങളുണ്ടാകാറുണ്ട്. എല്ലാവരും വ്യത്യസ്തരല്ലേ. അതുപോലെ. അതിനാല്‍ത്തന്നെ കുട്ടനാടന്‍ പ്രദേശങ്ങളിലുള്ള ഭഗവതിക്ഷേത്രങ്ങളില്‍ പടയണിയ്ക്കുള്ള സ്വീകാര്യത കൂടുതലാണ്.

പടയണിയിലേക്കുള്ള വരവിനെക്കുറിച്ച്…

വളരെ യാദൃശ്ചികമായി സംഭവിച്ച ഒന്നാണ് പടയണിയുമായുള്ള ബന്ധം. ഒരിയ്ക്കലും ഞാന്‍ ആ മേഖലയിലേക്ക് തിരിയുമെന്നോ പിന്നീടതെന്റെ ജീവിതത്തില്‍ താങ്ങും തണലുമാകുമെന്നോ കരുതിയിരുന്നില്ല. അതിനാല്‍ത്തന്നെ പടയണിയുമായുള്ള ബന്ധം ഈശ്വരാനുഗ്രഹമാണെന്ന് കരുതാന്‍ ആണ് എനിക്കിഷ്ടം. 2000 ത്തിലാണ് പടയണിയുമായുള്ള ആത്മബന്ധം തുടങ്ങുന്നത്. അതും ഒരു സുഹൃത്തിന്റെ പ്രചോദനത്തില്‍.

അന്നൊരിയ്ക്കലും ഞാന്‍ ഈ കലാരൂപത്തിന്റെ ഭാഗമായിത്തീരുമെന്നോ അതിനാല്‍ മുന്നോട്ടുപോകപ്പെടുമെന്നോ ചിന്തിച്ചില്ലെന്നതാണു സത്യം. എല്ലാം അങ്ങ് സംഭവിയ്ക്കുകയായിരുന്നു. ഇപ്പോള്‍ പതിനെട്ടു വര്‍ഷമായി പടയണിയുടെ ഭാഗമാണ്. കോലം വരച്ചുണ്ടാക്കുകയെന്നതാണു ദൗത്യം. ഈശ്വരാനുഗ്രഹത്താല്‍ അത് ഭംഗിയായി മുന്നോട്ട് പോകുന്നു.

പടയണിയുടെ കോലം വരയ്ക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ച്?

പ്രോഗ്രാം സീസണ്‍ അനുസരിച്ചാണ് ഒരുക്കങ്ങള്‍ തീരുമാനിയ്ക്കുന്നത്. പ്രോഗ്രാമിന്റെ തലേ ദിവസമാണ് ശരിയ്ക്കും വരച്ചുതുടങ്ങുന്നത്. പിറ്റേന്ന് ഉച്ചയോടുകൂടി അത് പൂര്‍ത്തിയാക്കാന്‍ കഴിയും. വലിയകോലമെന്നു പറയുന്നത് നൂറ്റിയൊന്ന് പച്ചപ്പാളകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അതിനു ഭൈരവിയെന്നു പറയും. കവുങ്ങില്‍ നിന്നുള്ള പച്ചപ്പാള എടുത്തതിനു ശേഷം അതിലെ പച്ച ചെത്തിക്കളയുന്നു.

അപ്പോള്‍ അത് വെള്ളയാകുന്നു. ശേഷമാണ് അതില്‍ വരച്ചുതുടങ്ങുന്നത്. മാത്രമല്ല ഇതിനു പല രൂപങ്ങള്‍ അഥവാ മുഖങ്ങള്‍ ഉണ്ട്. അത് വെട്ടിയെടുക്കുകയാണു ചെയ്യുക. ഇതിലുപയോഗിക്കുന്ന അഞ്ചു വര്‍ണ്ണങ്ങളും പ്രകൃതിദത്തമാണെന്നതാണ് പ്രധാന സവിശേഷത. കറുപ്പ്, ചുവപ്പ്, മഞ്ഞ, വെള്ള, പച്ച എന്നീ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ മറ്റൊരു ആകര്‍ഷണം. പച്ചമാവില വെയിലത്തു വാട്ടി തീയില്‍ ചൂടാക്കുന്നു. ഇല പൂര്‍ണ്ണമായും കത്തിച്ചാരമാകുന്നതിനു മുന്‍പ് അത് വെള്ളമൊഴിച്ച് കെടുത്തുന്നു. പിന്നീടത് കല്ലിലരച്ചെടുക്കുന്നു.അങ്ങനെയാണ് കറുപ്പു നിറത്തിനുള്ള കരി തയ്യാറാക്കുന്നത്. ചുവപ്പിനുപയോഗിക്കുന്നത് ചെങ്കല്ലാണ്. അത് അങ്ങാടിക്കടയില്‍ ലഭ്യമാണ്.

മഞ്ഞയ്ക്കു മഞ്ഞള്‍, വെള്ളയ്ക്കു വേണ്ടി പാളയുടെ പച്ച ചെത്തിയെടുക്കുന്നു. ഏതു ഭാഗത്താണോ പച്ച വേണ്ടത്, അതിനായി പാളയുടെ പച്ച നിലനിര്‍ത്തും. ശേഷം മാത്രമേ ബാക്കി ചെത്തിക്കളയുകയുള്ളു.അഞ്ചു വര്‍ണ്ണങ്ങള്‍ക്കും ആചാരപരമായ അഞ്ചു സങ്കല്പങ്ങളാണ്. ആകാശം, ഭൂമി, അഗ്നി, വായു, ജലം. വരച്ചെടുത്തതിനു ശേഷം ഫ്രെയിം കൂട്ടുന്നു. കവുങ്ങാണ് അതിനു ഉപയോഗിയ്ക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന ചട്ടത്തില്‍ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഓരോ മുഖങ്ങളും വച്ചു തയ്ച്ചുപൂര്‍ണ്ണമായിക്കഴിയുമ്പോള്‍ അത് വലിയൊരു കോലമായിത്തീരുന്നു.

ഗോത്രകല എന്ന സംഘടനയെക്കുറിച്ച്…

ഗോത്രകല ഞങ്ങളുടെ അന്നമാണ്. കേരളമെമ്പാടും പടയണിയുടെ ഭാഗമായി പോകാന്‍ സാധിക്കുന്നതൊക്കെ അത്തരമൊരു സംഘടനയുടെ പിന്‍ബലത്തിലാണ്. പടയണിക്കോലം വരയ്ക്കുന്നവര്‍ തൊട്ട് പടയണിയേറ്റുന്നവര്‍ വരെ ഈസംഘടനയുടെ ഭാഗമാണ്. എല്ലാവരും കലയെ ആത്മാവുകൊണ്ടറിഞ്ഞവര്‍. അനുഭവത്തിലൂടെ അതിന്റെ ഭാഗമായ എട്ടു പേരാണുള്ളത്. മാത്രമല്ല എല്ലാവരും സുഹൃത്തുക്കളുമാണ്. അതിനാല്‍ത്തന്നെ ഞങ്ങള്‍ക്കിടയുള്ള ആശയവിനിമയം വളരെ എളുപ്പമാണ്.

കലകളുടെ നല്ല നാളേയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരിലൊരാളെന്ന നിലയ്ക്ക്… അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ കിട്ടാറുണ്ടോ?

കലയ്ക്കു വേണ്ടി ഒരു കലാകാരന്‍ സ്വന്തം ജീവിതം വേണമെങ്കിലും ത്യജിയ്ക്കും. അത് ആ കലയുമായുള്ള ആത്മബന്ധമാണ്. പക്ഷേ ഒരു കലാകാരനു വേണ്ടി ആരാണ് ജീവിതം ഉഴിഞ്ഞുവയ്ക്കുക? കുടുംബമല്ലാതെ മറ്റാരും കാണില്ല. നമ്മളെത്ര നാള്‍ ആ കലയുമായി ബന്ധപ്പെട്ടു ജീവിയ്ക്കുന്നോ അന്നു വരെ എല്ലാവരും ഓര്‍ക്കും. പിന്നെ മറക്കും. നമ്മള്‍ക്കിടയില്‍ത്തന്നെ എത്രയോ പേര്‍ ആരാലും അറിയപ്പെടാതെ, അറിയപ്പെട്ടിട്ടും ഓര്‍ക്കപ്പെടാതെ ജീവിച്ചു മരിയ്ക്കുന്നു?

അതു കൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ല. പ്രോഗ്രാമുകള്‍ കിട്ടാറുണ്ട്. എന്നാല്‍ അതും ഉത്സവ സീസണുകളില്‍ മാത്രമായതിനാല്‍ കുറച്ചു മാസങ്ങള്‍ മാത്രമേ വരുമാനം നേടാന്‍ കഴിയുന്നുള്ളൂ.അതു കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്.ഒരു വര്‍ഷം മുന്‍പു വരെ ചിത്രകല പഠിപ്പിയ്ക്കുന്നതിനു വേണ്ടി പന്തളത്ത് ഒരു സ്‌കൂള്‍ നടത്തിയിരുന്നു. ഒരു കടമുറി വാടകയ്‌ക്കെടുത്തായിരുന്നു അത് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് അവിടെ തീപിടിത്തം ഉണ്ടാവുകയും കടമുറി ഒഴിയേണ്ടതായും വന്നു. കുറേ ചിത്രങ്ങളും മറ്റും നശിയ്ക്കുകയും ചെയ്തു. പലയിടങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് പന്തളത്ത് അത്തരമൊരു സ്ഥാപനം തുടങ്ങിയത്. ഏകദേശം 16 കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രോഗ്രാമുകളില്ലാത്ത സമയത്തെ പ്രധാന വരുമാന മാര്‍ഗ്ഗവും ഇല്ലാതായി.

ഇതൊക്കെ നമ്മുടെ മാത്രം നഷ്ടങ്ങളല്ലേ. എങ്കിലും അതിനെയൊക്കെ നേരിടുകയെന്നത് അത്ര എളുപ്പമല്ലെല്ലോ. ഒരു ഭിന്നശേഷിക്കാരനെന്ന നിലയ്ക്ക് സര്‍ക്കാര്‍ പെന്‍ഷനുള്ളത് ഒരു ചെറിയ തുകയും. അത് കിട്ടുന്നതാകട്ടെ മാസങ്ങള്‍ കൂടിയും. അതാണവസ്ഥ. അങ്ങനെയുള്ള ഞങ്ങളെയൊക്കെ നാട്ടില്‍ കുറച്ചു പേര്‍ അറിയും. അത്രേയുള്ളു. തീര്‍ത്തും സാധാരണ കലാകാരന്മാരുടെ ജീവിതങ്ങളൊക്കെ അങ്ങനെയാണ് മുന്നോട്ടു പോകുന്നത്.

പുതുതലമുറ ഇത്തരം കലാരൂപങ്ങളെ എങ്ങനെ സമീപിയ്ക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്?

ഒരുകാലത്ത് ഇത്തരം കലാരൂപങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കാലമേറെക്കഴിഞ്ഞപ്പോള്‍ അതിനു മാറ്റം വന്നുവെന്നതു സത്യം തന്നെയാണ്. ടെക്‌നോളജിയുടെ വരവൊക്കെ സമൂഹത്തെ വേറൊരു തലത്തിലേക്കു കൊണ്ടുപോയി. കലയാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു ചിലരെങ്കിലും ചിന്തിച്ചു.

അങ്ങനെ പതിയെ കല ക്ഷയിച്ചു. അതിന്റെ അഭിവൃദ്ധിയൊക്കെ വെറും ഓര്‍മ്മകളായി മാറിത്തുടങ്ങി. ഞങ്ങളപ്പോലെ കല ഉപജീവനമാര്‍ഗ്ഗമായവരില്‍ മാത്രം അത് നശിയ്ക്കാതെ കിടന്നു. ഏതൊരു കലയും അത്തരമൊരവസ്ഥ നേരിട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ അത്തരമൊരവസ്ഥയ്‌ക്കൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറയില്‍ നമ്മുടെ നാടന്‍ കലകളോടൊക്കെ ആഭിമുഖ്യമുള്ളവരുണ്ട്.

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കിടയിലും അത്തരക്കാരുണ്ട്. മാത്രമല്ല ഇത്തരം കലാരൂപങ്ങള്‍ പഠിയ്ക്കാന്‍. അതിന്റെ എല്ലാ സാധ്യതയയും ഉനപയോഗിയ്ക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നവരുണ്ട്. അതിനാല്‍ത്തന്നെ വരും തലമുറയില്‍ പ്രതീക്ഷയുണ്ട്.

നാടന്‍കലകളുടെ ഭാവി പുതുതലമുറയില്‍ ഭദ്രമാണെന്ന വിശ്വാസമാണോ ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം?

അത് ഞാന്‍ തൊട്ടു മുന്‍പു പറഞ്ഞപൊലെ തന്നെ.ഇപ്പോള്‍ കുറേ ആള്‍ക്കാര്‍ ഇത്തരം കലകളിലും മറ്റും താത്പര്യം കാണിയ്ക്കുന്നുണ്ട് . പുതുതലമുറയിലവശേഷിയ്ക്കുന്ന ചില നന്മകളാണതിനു പിന്നിലെന്നു വിശ്വസിയ്ക്കാനാണെനിക്കിഷ്ടം.അതു കൊണ്ടു തന്നെ നാടന്‍കലകളുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയില്ല.

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച്…

കുടുംബമാണല്ലോ നമ്മുടെയൊക്കെ സമ്പാദ്യം. അവര്‍ ഏതു ഘട്ടത്തിലും താങ്ങും തണലുമായി നില്‍ക്കുന്നതാണ് ഒപ്പമുള്ള ഭാഗ്യം. അവരുടെ പിന്തുണവല്ലാത്തൊരുആത്മവിശ്വാസമാണു പകരുന്നത്. ആ വിശ്വാസമാണു നമ്മെ മുന്നോട്ടു കൊണ്ടു പോകുന്നതും. ഭാര്യ ധന്യ, ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മകന്‍ അവീന്‍ അഞ്ചാം ക്ലാസ്സിലും.

ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് ഇവിടെ വരെയെത്തിയിരിയ്ക്കുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?

ഞാന്‍ നേരത്തെ പറഞ്ഞില്ലേ, പന്തളത്തു നടത്തി വന്ന ഒരു സ്ഥാപനത്തെപ്പറ്റി. അതില്ലാതായതാണ് ഏറ്റവും വലിയ ഒരു നഷ്ടം.ഒരു ഉപജീവനമാര്‍ഗ്ഗമെന്നതിനപ്പുറം അതൊരു സന്തോഷമായിരുന്നു. സാമ്പത്തിക പരാധീനതകളും കുടുഃബത്തിന്റെ അവസ്ഥയുമൊക്കെ കാരണം ഡിഗ്രിയ്ക്കു ശേഷം തുടര്‍ന്നു പഠിയ്ക്കാന്‍ പറ്റിയില്ലായെന്നതിലുമുണ്ട് വിഷമം. അത്രേയുള്ളൂ. എന്നാലും ഈയൊരു കൊച്ചു ജീവിതത്തില്‍ ഇത്രയുമൊക്കെ ഭാഗ്യം തന്നതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു.

ചെറിയ ചെറിയ സ്വപ്നങ്ങളാണ് വിഷ്ണുവിനു കൂട്ടായുള്ളത്. കഴിയുമെങ്കില്‍ പഠനം തുടരുക, മകനെ നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തുക, ഒരു കലാകാരനെന്ന നിലയില്‍ ഇനിയുമിനിയും ഉയരുക, അങ്ങനെയങ്ങനെ….എല്ലാ സ്വപ്നങ്ങളും ഈശ്വരനിലര്‍പ്പിച്ച് പ്രതീക്ഷകളോടെ വിഷ്ണു കാത്തിരിയ്ക്കുകയാണ്. കലയുടെ നല്ല നാളേയ്ക്കായി..കലാകാരനു കാലം കൂട്ടാകുമെന്ന വിശ്വാസത്തോടെ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More