ആ മാധ്യമപ്രവര്‍ത്തകന്‍ ഇരയാക്കിയത് നിരവധിപേരെ! മാധ്യമങ്ങള്‍ ഏറ്റെടുക്കാത്തതില്‍ അതിശയമെന്ന് യാമിനി നായര്‍

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ വെച്ച് ഗൗരിദാസന്‍ നായരില്‍ നിന്നും ദുരനുഭവമുണ്ടായി എന്ന് ബ്ലോഗിലൂടെയാണ് യാമിനി നായര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയത്. ബ്ലോഗില്‍ പേര് പരാമര്‍ശിക്കാതെ ഇരുന്നിട്ടുകൂടി എല്ലാവരുടെയും വിരല്‍ ഗൗരിദാസന്‍ നായരിലേക്ക് ആയിരുന്നു. ബ്ലോഗിലെ പോസ്റ്റിന് താഴെ പലരും ഇക്കാര്യം വ്യക്തമാക്കി കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റെസിഡന്റ് എഡിറ്ററായിരിക്കവേയാണ് ഗൗരിദാസന്‍ നായര്‍ക്കെതിരെ മീ ടു ആരോപണം വന്നത്. യാമിനിയുടെ ബ്ലോഗ് പോസ്റ്റിന് പിന്നാലെ ഗൗരിദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും വന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് ജോലിയില്‍ നിന്നും മാറേണ്ടിയും വന്നു.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ആദ്യമായി വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മാധ്യമ പ്രവര്‍ത്തക യാമിനി നായര്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക പവിത്ര ജെ ദ്രൗപതിയുമായി സംസാരിക്കുന്നു.

ബ്ലോഗിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം യാമിനിയെ സ്വാധീനിക്കാനോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാനോ  അദ്ദേഹം ശ്രമിച്ചിരുന്നോ?

ഇക്കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഞാന്‍ എന്റെ അനുഭവം വെളിപ്പെടുത്തിയതിന് ശേഷവും ഒരു തരത്തിലും എന്നെ ബന്ധപ്പെടാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. വാര്‍ത്തകള്‍ വന്നതിന് ശേഷം പലരും എന്നോട് ഇതേ കാര്യം ചോദിച്ചിരുന്നു. എന്നെ സ്വാധീനിക്കാനുള്ള വല്ല ശ്രമവും അദ്ദേഹത്തില്‍ നിന്നും ഉണ്ടായോ എന്ന്. അങ്ങനെയൊന്നും ഉണ്ടായില്ല എന്നതാണ് വാസ്തവം. അങ്ങനെയൊക്കെ ശ്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ് എന്നാണ് എനിക്ക് തോന്നുന്നത്.

മീ ടൂ വിലൂടെ അനുഭവം തുറന്നു പറയാനുണ്ടായ സാഹചര്യം?

ബ്ലോഗ് എഴുതുന്ന സമയത്ത് ഞാന്‍ കരുതിയത് ഇത് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം മാത്രമാണ് എന്നാണ്. പിന്നീട് ഇത് ഓര്‍ത്ത് വിഷമിച്ചിരിക്കാനോ ഇതോര്‍ക്കാനോ എനിക്ക് സമയമുണ്ടായില്ല. എന്നാലിപ്പോള്‍ മീടൂ ക്യാംപെയ്ന്‍ വന്നപ്പോള്‍ എനിക്ക് തോന്നി ഞാനിത് എഴുതണമെന്ന്. ഇത് പറയണമെന്ന്. വേറൊന്നിനുമല്ല. എന്റെ അനുഭവം ഒന്ന് പറയാന്‍ വേണ്ടി മാത്രം. ഒരു മാറ്റം വേണമെന്ന് തോന്നി. ഇത്രയും നാള്‍ മനസില്‍ കിടന്നത് പറയണമെന്ന് തോന്നി. ഇതിലൂടെ അദ്ദേഹത്തെ ഒറ്റപ്പെടുത്താനോ കഷ്ടപ്പെടുത്താനോ ഉദ്ദേശമില്ല എനിക്ക്. ഇനി ആരെങ്കിലും ഇതുപോലെ മോശമായി മറ്റുള്ളവരോട് പെരുമാറുമ്പോള്‍ ഓര്‍ക്കണം. ഇതുപോലെ ഭവിഷ്യത്തുകള്‍ ഉണ്ടായേക്കുമെന്ന്. അത്രമാത്രം. ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. അതെനിക്ക് ഉറപ്പാണ്.

യാമിനിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ധാരാളം പേര്‍ ഇദ്ദേഹത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നുണ്ട്. ഇവരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ പുറത്തുനിന്നുള്ള ആരെങ്കിലുമോ നിങ്ങളോട് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നുവോ?

ഞാന്‍ പേര് വെളിപ്പെടുത്താതെയാണ് ബ്ലോഗില്‍ അനുഭവം കുറിച്ചത്. അത് വായിച്ച് ഇദ്ദേഹമാണെന്ന് മനസിലാക്കിയവരും ഞാനും തമ്മില്‍ സംസാരിച്ചിരുന്നു. എന്റെ ബ്ലോഗിന് താഴെ അനുഭവം വെളിപ്പെടുത്തിയവരും പിന്നീട് പതിനേഴാം വയസില്‍ ദുരനുഭവമുണ്ടായി എന്ന് പറഞ്ഞ യുവതിയും എന്നോട് ബന്ധപ്പെട്ടിരുന്നു. ഞാന്‍ പേര് പറയാതെ എഴുതിയിട്ടും എന്നെ വിളിച്ചവരും എന്റെ ബ്ലോഗില്‍ വന്ന് കമന്റിട്ടവര്‍ക്കും എല്ലാം അദ്ദേഹത്തിന്റെ പേര് തെറ്റിയില്ല എന്നതാണ്. എല്ലാവര്‍ക്കും കൃത്യമായി മനസിലായി ഞാനുദ്ദേശിച്ചത് ആരെയാണെന്ന്. ഇത് എന്നെ അതിശയിപ്പിച്ചു. സമൂഹത്തില്‍ വളരെ നല്ല മുഖമുള്ള മനുഷ്യനാണ് ഇദ്ദേഹം. എനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്ന വരെ എന്നോട് വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാന്‍ ഭയം തോന്നാതെയിരുന്നതും.

എന്റെ സുഹൃത്തുക്കള്‍ വഴി വേറെ പെണ്‍കുട്ടികള്‍ എന്നെ വിളിച്ചിരുന്നു. അവര്‍ അവരുടെ അനുഭവങ്ങള്‍ എന്നോട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും ബഹുമാനം നല്‍കിയ വ്യക്തിയുടെ മറ്റൊരു മുഖം പെട്ടെന്ന് മുന്നില്‍ വന്നപ്പോള്‍. എന്നോട് തുറന്നു സംസാരിച്ച പലരും അവരവരുടെ സ്വകാര്യ ജീവിതം സുഖകരമായി മുന്നോട്ട് പോകേണ്ടതുകൊണ്ടാണ് തുറന്നു പറയാത്തത്. ഒരു മാധ്യമത്തിന് മുന്നിലും തുറന്നു പറയാന്‍ തയ്യാറാകാത്തവരും ഉണ്ട്.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഗൗരിദാസന്‍ നായര്‍ക്കതിരെ വന്ന ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടില്ല. വളരെ കുറച്ച് വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നത്. മാധ്യമങ്ങളുടെ ഈ പ്രവൃത്തിയെ എങ്ങനെ നോക്കിക്കാണുന്നു?

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിന് വേണ്ട പ്രാധാന്യം ഇതിന് നല്‍കാത്തതില്‍ ഞാന്‍ അതിശയപ്പെടുകയാണുണ്ടായത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം എങ്ങനെ കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ് എന്നെ അമ്പരപ്പിച്ചത്. കേരളത്തിലെ മാധ്യമങ്ങള്‍ വളരെ വിമര്‍ശനാത്മകമാണ്. എന്തിലും നിലപാട് കൈക്കൊള്ളുന്നവരുമാണ്. എന്നിട്ടും ഈ വിഷയത്തില്‍ അവര്‍ കാണിക്കുന്ന മൗനം എന്നെ ചിന്തിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുകയാണ്. എന്താണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.

ഈ വിഷയത്തില്‍ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച പ്രതികരണം?

എനിക്ക് ഏറ്റവും ധൈര്യം പകര്‍ന്നത് കേരളത്തിലെ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍ഗനൈസേഷനാണ്. ഞാന്‍ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ എന്നെ സപ്പോര്‍ട്ട് ചെയ്ത് അവര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിലെ മിക്ക അംഗങ്ങളും എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എനിക്ക് ധൈര്യം പകര്‍ന്ന് അവര്‍ എന്റെ കൂടെത്തന്നെയുണ്ട്. അത് വളരെ വലിയ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനിങ്ങനെ ധൈര്യമായി ഇരിക്കുന്നതിന് പിന്നില്‍ ഇവരൊക്കെ തരുന്ന സപ്പോര്‍ട്ട് തന്നെയാണ്. ഇവര്‍ എന്നെ വിശ്വസിക്കുകയും ഞാന്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്തവരാണ്. ഇത്രയും പേര്‍ എന്നെ പിന്തുണക്കാന്‍ ഉണ്ടെന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More