സംവിധായകനാകാന്‍ ധൈര്യം നല്‍കിയത് കണ്ടുകൂട്ടിയ സിനിമകള്‍; വിഷ്ണു മോഹന്‍ മേപ്പടിയാന്റെ വിശേഷങ്ങള്‍ പറയുന്നു

ഉണ്ണി മുകുന്ദന്‍ പതിവ് മസില്‍മാന്‍ വേഷങ്ങളില്‍ നിന്നു മാറി ജയകൃഷ്ണന്‍ എന്ന നാട്ടുമ്പുറത്തുകാരനായ വര്‍ക്ക് ഷോപ്പുകാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. പുതുമുഖ സംവിധായകനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചുകൊണ്ട് നിര്‍മാണ സംരംഭത്തിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ തന്നെയാണ്.

ഓണത്തിന് തീയറ്ററില്‍ റിലീസ് ചെയ്യാനുദ്ദേശിച്ചാണ് പടം പൂര്‍ത്തിയാക്കിയതെങ്കിലും കോവിഡ് മൂലം തീയറ്ററുകള്‍ തുറക്കാത്തതിനാല്‍ റിലീസ് നീട്ടി വച്ചു. തീയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുകയാണെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍ പറയുന്നു. മേപ്പടിയാന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും വിഷ്ണു മോഹന്‍ അഭിമുഖം ഡോട്ട് കോം പ്രതിനിധി രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.

സംവിധായകനാകാന്‍ ധൈര്യം നല്‍കിയത് കണ്ടുകൂട്ടിയ സിനിമകള്‍; വിഷ്ണു മോഹന്‍ മേപ്പടിയാന്റെ വിശേഷങ്ങള്‍ പറയുന്നു 1
മേപ്പടിയാന്‍ സിനിമയുടെ പോസ്റ്റര്‍

‘മേപ്പടിയാന്‍’ പൂര്‍ത്തിയായെങ്കിലും റിലീസ് അനിശ്ചിതമായി വൈകുകയാണല്ലോ?

എന്റെ ആദ്യ സിനിമയാണ് മേപ്പടിയാന്‍. അതേപോലെ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ ബാനറില്‍ ഇറങ്ങുന്ന ആദ്യ സിനിമയുമാണ്. അതുകൊണ്ട് തീയേറ്ററില്‍ ഇറക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തീയേറ്ററില്‍ കാണാന്‍ പാകത്തിനാണ് സിനിമ ഒരുക്കിയിരിക്കുന്നതും. അധികം വൈകാതെ തീയറ്റുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് റിലീസ് നീട്ടികൊണ്ടു പോകുന്നത്. എന്നാല്‍ ടിപിആര്‍ ഇങ്ങനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തീയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടാല്‍ മറ്റു ഓപ്ഷനുകള്‍ നോക്കും. തീയറ്ററുകള്‍ തുറന്നാല്‍ തന്നെയും മരയ്ക്കാര്‍ പോലുള്ള വലിയ പടങ്ങള്‍ റിലീസ് ചെയ്യുകയാണെങ്കില്‍ ആദ്യ രണ്ടാഴ്ച ആ സിനിമയ്ക്ക് മാത്രമായി നല്‍കാനുള്ള തീരുമാനം തീയറ്ററുകള്‍ എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ പടം ഇറങ്ങാന്‍ പിന്നെയും താമസിക്കും. എന്തായാലും സെപ്റ്റംബര്‍- ഒക്ടോബറില്‍ റിലീസ് ചെയ്യണമെന്നാണ് വിചാരിക്കുന്നത്.

പുതുമുഖ സംവിധായകനായതുകൊണ്ടു തന്നെ പടം ഇറങ്ങാന്‍ വൈകുന്നതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ടോ?

ശരിക്കും പറഞ്ഞാല്‍ തീയറ്ററില്‍ റിലീസ് ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായം അറിയാന്‍ ഒരു ക്യൂരിയോസിറ്റി ഉണ്ടെങ്കിലും ടെന്‍ഷന്‍ ഒന്നുമില്ല. ഷൂട്ടിംഗാണെങ്കില്‍ പോലും എന്തെങ്കിലും കാരണം കൊണ്ടു വൈകിയാലും അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളു. അതുകൊണ്ട് ഓരോ തടസം വരുമ്പോഴും അത് നല്ലതിനാണെന്ന ചിന്തയാണ് എനിയ്ക്കുണ്ടാകാറുള്ളത്. യഥാര്‍ത്ഥത്തില്‍ കൊറോണയ്ക്ക് മുന്‍പ് പടം തുടങ്ങാനിരുന്നതാണ്, അങ്ങനെയായിരുന്നെങ്കില്‍ ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് മുടങ്ങിയേനെ. അതേ പോലെ പല ആര്‍ട്ടിസ്റ്റുകളും ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ ഇല്ലായിരുന്നവരാണ്. അതൊക്കെ ഗുണം തന്നെയാണ്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങുന്ന ആദ്യ ചിത്രമാണല്ലോ മേപ്പടിയാന്‍. എങ്ങനെയാണ് ഉണ്ണി ഇതിന്റെ നിര്‍മാണ രംഗത്തേക്ക് വരുന്നത് ?

മൂന്നു വര്‍ഷം മുന്‍പാണ് ഈ പടത്തിനായി ഉണ്ണിയെ സമീപിക്കുന്നത്. ഈരാറ്റുപേട്ട-പാല ഭാഗത്ത് നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിലൂടെ പറയുന്നത്. ‘ജയകൃഷ്ണന്‍’ എന്ന വര്‍ക്ക് ഷോപ്പുകാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ബാക്ക് ടു ബാക്ക് സംഭവങ്ങളാണ് ചിത്രം. പതിവ് മസില്‍മാന്‍ ലുക്കില്‍ നിന്ന് മാറി തനിയൊരു നാട്ടുമ്പുറത്തുകാരനായാണ് ഉണ്ണി ഇതിലെത്തുന്നത്. അതിനായി ശരീര ഭാരം കുറച്ചധികം കൂട്ടിയിരുന്നു.

അതുകൊണ്ടു തന്നെ ഈ ചിത്രം പൂര്‍ത്തിയാകുന്നതു വരെ സോളോ ചിത്രങ്ങളൊന്നും ഉണ്ണി കമ്മിറ്റ് ചെയ്തിരുന്നില്ല. പക്ഷെ നമ്മള്‍ വിചാരിച്ചതു പോലെ പടം തുടങ്ങാന്‍ ഇതിന്റെ നിര്‍മാണം ഏറ്റെടുത്ത ടീമിന് സാധിച്ചില്ല. കഥയിഷ്ടമായതുകൊണ്ടു തന്നെ എത്രയും വേഗം പടം തീര്‍ക്കണമെന്ന ആഗ്രഹം ഉണ്ണിയ്ക്കുമുണ്ടായിരുന്നു. നേരത്തെ നിര്‍മാണ രംഗത്തേക്ക് കടക്കാനുള്ള പദ്ധതി ഉണ്ണിയ്ക്കുണ്ടായിരുന്നെങ്കിലും പറ്റിയ പ്രോജക്ട് ഒത്തുവന്നിരുന്നില്ല. മേപ്പടിയാനാണ് ആ ഭാഗ്യമുണ്ടായത്. എല്ലാത്തിനും ഒരു നിമിത്തമുണ്ടെന്നല്ലേ പറയുന്നത്.

കൊറോണക്കാലത്തായിരുന്നല്ലോ ഷൂട്ടിംഗ്. ആ അനുഭവം എങ്ങനെയുണ്ടായിരുന്നു?

ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ച ആഴ്ചയിലാണ് കൊറോണ വന്നതും കേരളം ലോക്ക് ഡൗണിലേക്ക് പോയതും. ലോക്ക് ഡൗണ്‍ മാറിയ ശേഷം ആദ്യം ഷൂട്ട് തുടങ്ങിയ ചിത്രങ്ങളിലൊന്നാണ് മേപ്പടിയാന്‍. 45 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് 39 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. കോവിഡ് കാലത്തെ മിക്ക സിനിമകളും ഒന്നോ രണ്ടോ ലൊക്കേഷനുകളില്‍ മാത്രമായി ഷൂട്ട് ചെയ്തതാണ്. എന്നാല്‍ മേപ്പടിയാന്റെ കഥ അത്തരത്തില്‍ ഉള്ളതായിരുന്നില്ല. 58 ലൊക്കേഷനിലായിട്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇത് നമ്മളെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നെങ്കിലും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നതാണ് സന്തോഷം. പത്ത് വര്‍ഷം മുന്‍പ് നടക്കുന്ന സംഭവമാണ് നമ്മള്‍ പറയുന്നത്.

ഇപ്പോഴത്തെ കാലത്തു നിന്നും ഒരു പാട് വ്യത്യാസങ്ങളുണ്ട്. വണ്ടികള്‍, മൊബൈല്‍ ഫോണ്‍, ടെക്നോളജി എന്നിവയിലൊക്കെ വ്യത്യാസമുണ്ട്. പിന്നെ കൊറോണ കാലത്തെ ഷൂട്ട് ചെയ്യുമ്പോഴുള്ള ഒരു പ്രധാന പ്രശ്നം മാസ്‌ക് ആയിരുന്നു. 35 ഓളം ഔട്ട് ഡോര്‍ സീനുകളുണ്ടായിരുന്നു.അതൊക്കെ എടുക്കുമ്പോള്‍ മാസ്‌ക് വലിയ പ്രശ്നമായിരുന്നു. 450-500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരുന്ന സീനൊക്കെ സിനിമയിലുണ്ട്. പ്രിവ്യു കണ്ട പലരും പറഞ്ഞത് കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത ഒരു സിനിമയാണെന്ന് തോന്നില്ല എന്നാണ്. കോവിഡിന്റെ പേരില്‍ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലൊന്നും യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.

സംവിധായകനാകാന്‍ ധൈര്യം നല്‍കിയത് കണ്ടുകൂട്ടിയ സിനിമകള്‍; വിഷ്ണു മോഹന്‍ മേപ്പടിയാന്റെ വിശേഷങ്ങള്‍ പറയുന്നു 2
മേപ്പടിയാന്‍ സിനിമ സംവിധായകന്‍ വിഷ്ണു മോഹനും നടന്‍ സൈജു കുറുപ്പും

ഒപ്പം ഷൂട്ട് തുടങ്ങിയ ദൃശ്യം 2 ഒക്കെ ഒടിടിയില്‍ റിലീസ് ചെയതല്ലോ. മേപ്പടിയാന്‍ പൂര്‍ത്തിയാകാനും കുറച്ചധികം സമയമെടുത്തല്ലോ?

നമ്മുടെ സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ നടക്കുമ്പോഴാണ് കോവിഡിന്റെ ആദ്യ തരംഗം അവസാനിച്ച് തീയറ്ററുകള്‍ തുറന്നത്. ആദ്യം 50 ശതമാനം പേര്‍ക്ക് മാത്രമായിരുന്നല്ലോ പ്രവേശനം. പിന്നെയാണ് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്. 100 ശതമാനം ഒക്യുപെന്‍സിയിലേക്ക് പോകുമ്പോള്‍ പടം റിലീസ് ചെയ്യാമെന്നായിരുന്നു വിചാരിച്ചത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പടം ഏകദേശം പൂര്‍ത്തിയായപ്പോഴേക്കും തീയറ്ററുകള്‍ വീണ്ടുമടച്ചു.

പുതുമുഖ സംവിധായകനെന്ന നിലയില്‍ ഇതുവരെയുള്ള യാത്രയെക്കുറിച്ച് പറയാമോ?

സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കുടുംബമാണ് എന്റേത്. എനിക്ക് അടുത്ത് അറിയാവുന്ന ആരെങ്കിലും പോലും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരാളെ പോലും ഞാനെന്റെ ചെറുപ്പത്തിലൊന്നും കണ്ടു മുട്ടിയിട്ടില്ല. 19-20 വയസുള്ള സമയത്ത് എറണാകുളത്ത് പഠിക്കുന്നതിനൊപ്പം ബിടിഎച്ചില്‍ ജോലി ചെയ്തിരുന്നു. സിനിമക്കാരുടെ ഒരു ഹബ് ആയിരുന്നു അന്ന് അവിടം.

സേതുരാമയ്യറെയൊക്കെ സൃഷ്ടിച്ച എസ് എന്‍ സ്വാമിയെയൊക്കെ കാണുമായിരുന്നു. അങ്ങനെയാണ് എഴുതണം എന്നൊക്കെ തോന്നിത്തുടങ്ങിയത്. തിരക്കഥകള്‍ ഒക്കെ എഴുതി നോക്കി. പിന്നീടാണ് സ്വയം സംവിധാനം ചെയ്യാനൊക്കെ സാധിക്കുമെന്ന് മനസിലാകുന്നത്. അതിനായി പല വഴികള്‍ നോക്കിയെങ്കിലും വ്യക്തിപരമായ ചില പ്രശ്നങ്ങളും ബിസിനസുമൊക്കെയുണ്ടായിരുന്നതുകൊണ്ട് ഒന്നും നടന്നില്ല. നാലഞ്ച് വര്‍ഷം മുമ്പാണ് വീണ്ടും ആഗ്രഹം ശക്തമാകുകയും എങ്ങനെയും സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതും. ആദ്യം ഒരു സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി അത് ചെയ്യാന്‍ തീരുമാനമായ സമയത്താണ് യാദൃശ്ചികമായി മേപ്പടിയാന്റെ കഥ രൂപപ്പെടുന്നത്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇതെല്ലാം സ്വയമാണല്ലോ ചെയ്തിരിക്കുന്നത്. സഹസംവിധായകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത വിഷ്ണു എങ്ങനെയാണ് ഈ ഒരു കോണ്‍ഫിഡന്‍സ് നേടിയത്?

സ്‌ക്രിപ്റ്റ് തന്നെയാണ് എന്റെ ഏറ്റവും വലിയ കോണ്‍ഫിഡന്‍സ്. ഇതു വായിച്ച ആരും തന്നെ ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ല. ഉണ്ണി നിര്‍മാണം ഏറ്റെടുക്കാനുള്ള കാരണവും അത് തന്നെ. അത്രത്തോളം ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെ ധാരാളം സിനിമകള്‍ കാണുന്ന ഒരാള്‍ എന്നുള്ളതാണ് സിനിമ എടുക്കാനുള്ള ധൈര്യം. ടെക്നിക്കല്‍ നോളജിനേക്കാള്‍ ഒരു എഴുത്തുകാരനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കണ്‍സീവ് ചെയ്യാനുള്ള കഴിവാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. ടെക്നിക്കല്‍ ആയ പരിചയം നേടുന്നതിന് ഒന്നു രണ്ട് പരസ്യ ചിത്രങ്ങളും മോഹന്‍ലാലിനെ വച്ച് ഒരു പാട്രിയോട്ടിക് വീഡിയോയുമൊക്കെ ചെയ്തിരുന്നു.

ഷൂട്ടിന്റെ മുന്‍പ് എന്നോട് പടം എത്ര മണിക്കൂറായിരിക്കുമെന്ന് ഉണ്ണി ചോദിച്ചിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് രണ്ടു മണിക്കൂറും നാലു മിനിറ്റുമെന്നാണ്. ഇപ്പോള്‍ പടം സെന്‍സര്‍ ചെയ്ത് കൈയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂറും മൂന്നു മിനിറ്റും 54 സെക്കന്‍ഡുമാണ്. അത്രത്തോളം പ്ലാന്‍ ചെയ്താണ് സിനിമ എടുത്തിരിക്കുന്നത്. ഷൂട്ട് ചെയ്ത ഒരു സീന്‍ പോലും കട്ട് ചെയ്തിട്ടില്ല. ആദ്യത്തെ പടമായതുകൊണ്ടു തന്നെ ഒരു വീഴ്ച സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ളതുകൊണ്ടു തന്നെ അത്യാവശ്യം ബജറ്റ് ഈ സിനിമയ്ക്കുണ്ട്. എന്നിലുള്ള വിശ്വാസം കൊണ്ടാണ് ഉണ്ണി പടം നിര്‍മിക്കാന്‍ മുന്നോട്ടു വരുന്നത്. അതിനോട് പരമാവധി നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ഉണ്ണി മുകുന്ദനുമായി നല്ലൊരു ബോണ്ടിംഗ് ആയെന്നു തോന്നുന്നല്ലോ? ഇരുവരുമൊന്നിച്ചുള്ള പുതിയ പടം അനൗണ്‍സ് ചെയ്തല്ലോ ഇതിനകം തന്നെ?

സത്യത്തില്‍ മേപ്പടിയാന്റെ സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് ഉണ്ണി മുകുന്ദന്‍ മനസിലുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ഉണ്ണിയോട് കഥ പറയാന്‍ ഒരു അവസരം ലഭിച്ചു. കഥകേട്ട് ഉണ്ണി അതില്‍ താല്‍പ്പര്യം പറഞ്ഞു. അന്നു മുതല്‍ പിന്നെ ഒരു സുഹൃത്തിനേക്കാള്‍ ഉപരി ഒരു സഹോദരനെ പോലെ കൂടെ നിന്നാണ് പടം പൂര്‍ത്തിയാക്കിയത്.

ഒരു നോട്ടത്തിലൂടെ പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്. സിനിമയ്ക്കും ഈ അടുപ്പം ഗുണം ചെയ്തിട്ടുണ്ട്. ‘പപ്പ’ എന്നൊരു പടം ഞങ്ങള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. അതിന്റെ മോഷന്‍ ടീസറൊക്കെ ഇറക്കിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമിത്. പ്രാദേശിക രാഷ്ട്രീയം പറയുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാര്‍ച്ചില്‍ ആരംഭിക്കും.

മേപ്പടിയാന്റെ മറ്റു വിശേഷങ്ങള്‍?

ഉണ്ണിയെ കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, മേജര്‍ രവി, കുണ്ടറ ജോണി, അഞ്ചു കുര്യന്‍, നിഷ സാരംഗ്, അപര്‍ണ ജനാര്‍ദ്ദനന്‍, പോളി വില്‍സന്‍, മനോഹരിയമ്മ തുടങ്ങിയ വലിയൊരു താരനിരയുണ്ട് ചിത്രത്തില്‍. കഥയ്ക്ക് ആവശ്യമായ കാസ്റ്റിംഗാണ് ചെയ്തിരിക്കുന്നത്. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ഒരു പാട്ട് ഉണ്ണി തന്നെയാണ് പാടിയിരിക്കുന്നത്. രാഹുല്‍ സുബ്രഹ്‌മണ്യന്‍ ആണ് മ്യൂസിക് ഡയറക്ടര്‍. എന്റെ അടുത്തൊരു സുഹൃത്ത് കൂടിയാണ് രാഹുല്‍. മേപ്പടിയാന്റെ കഥ ഞാന്‍ ആദ്യം ഡിസ്‌കസ് ചെയ്തതൊക്കെ രാഹുലിനോടാണ്. വിജയ് യേശുദാസ്, കാര്‍ത്തിക്, നിത്യ മാമ്മന്‍ എന്നിവരും പാടിയിട്ടുണ്ട്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More