വിദേശ ഓഹരികളില്‍ നിക്ഷേപിക്കാം, കൂടുതല്‍ നേട്ടത്തിനും വൈവിധ്യവത്കരണത്തിനും: അലക്സ് കെ ബാബു
മികച്ച നേട്ടവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട് വിദേശ ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം അടുത്തിടെയായി കൂടുകയാണ്. രാജ്യത്തെല്ലായിടത്തും തന്നെ ഈ ട്രെന്‍ഡ് കാണുന്നുണ്ട്. ഇപ്പോള്‍ മലയാളികളും ഇതിലേക്ക് ധാരാളമായി ആകൃഷ്ടരാകുന്നുണ്ട്. നിരവധി കാരണങ്ങളാണ് നിക്ഷേപകരെ വിദേശ വിപണിയോട് അടുപ്പിക്കുന്നതെങ്കിലും അതില്‍ പ്രധാനം ഉയര്‍ന്ന നേട്ടം തന്നെയാണെന്ന് ഹെഡ്ജ് ഇക്വിറ്റീസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അലക്സ് കെ ബാബു പറയുന്നു. ആഗോള വിപണിയില്‍ നിക്ഷേപിക്കുന്നത് എങ്ങനെയെന്നും അതിന്റെ സാധ്യതകളും അപകട സാധ്യതകളും എന്തൊക്കെയെന്നും വിശദമാക്കുകയാണ് അലക്സ് കെ ബാബു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഹരി ബ്രോക്കര്‍മാരും മ്യൂച്വല്‍ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തമായ വഴികള്‍ തുറന്നു നല്‍കിയിട്ടുണ്ട്. ടെസ്ല, ആമസോണ്‍, ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ്, ഫെയ്സ്ബുക്ക് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികളിലൊക്കെ ഇപ്പോള്‍ അനായാസം നിക്ഷേപിക്കാം. കൂടാതെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളുമെല്ലാം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
നിയമ പരമാണോ?
വിദേശ ഓഹരി വിപണിയില്‍ നിക്ഷേപിക്കാം എന്നു പറയുമ്പോള്‍ തന്നെ പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഇത് നിയമപരമാണോ എന്നത്. പൂര്‍ണമായും നിയമപരമായി തന്നെയാണ് ഇത്തരം നിക്ഷേപം സാധ്യമാകുന്നത്. ആര്‍ബിഐയുടെ ലിബറല്‍ റെമിറ്റന്‍സ് സ്‌കീം(എല്‍ആര്‍എസ്) പ്രകാരം രാജ്യത്തെ വ്യക്തിഗത നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 2,50,000 ഡോളര്‍ വരെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കാം.
എന്താണ് നേട്ടം?
വിദേശ കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം എപ്പോഴും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശ ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഇതിന് ഒരു പരിഹാരമാകും. വിദേശത്ത് നിക്ഷേപിക്കുന്നത് വിദേശ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനു തുല്യമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ യുഎസ് ഡോളര്‍, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വിദേശ കറന്‍സികളില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കാനാകും. കമ്പനികളുടെ പെര്‍ഫോമന്‍സിനനുസരിച്ച് ഓഹരി വില ഉയരുന്നത് കൂടാതെ വിനിമയത്തിലെ ഈ വ്യതിയാനവും ഫലത്തില്‍ നിക്ഷേപകന് മികച്ച നേട്ടം നല്‍കുന്നു. മികച്ച വൈവിധ്യവത്കരണവും വിദേശ വിപണിയില്‍ നിക്ഷേപിക്കുന്നത് വഴി സാധിക്കുന്നു.
എന്തുകൊണ്ട് യുഎസ് വിപണി?
യുഎസ് വിപണിയിലേക്കാണ് കൂടുതല്‍ ആളുകളും ശ്രദ്ധതിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ നിക്ഷേപിക്കുന്നതിലൂടെ ലോകത്തില്‍ വളര്‍ന്നു വരുന്ന എല്ലാ വിപണികളിലും നിക്ഷേപിക്കുന്നതിന്റെ ഗുണം ലഭിക്കുന്നു. ലോകത്തിലെ മുന്‍നിര ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളെല്ലാം തന്നെ യുഎസില്‍ നിന്ന് വാങ്ങാനാകും. വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ അമേരിക്കന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
മറ്റ് വികസ്വര രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചാഞ്ചാട്ടമാണ് യുഎസ് വിപണിയില്‍ ഉണ്ടാവുകയെന്നതാണ് ഇവിടെ നിക്ഷേപിക്കുന്നതിന്റെ ഒരു ഗുണം. കാരണം ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്ന പല കാര്യങ്ങളും യുഎസ് വിപണിയില്‍ ചലനമുണ്ടാക്കില്ല. അപ്പോള്‍ ഇവിടെ വിപണി ഇടിഞ്ഞു നില്‍ക്കുന്ന സമയത്തും നേട്ടം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു. ഭാവിയില്‍ മക്കള്‍ക്ക് വിദേശത്ത് വിദ്യാഭ്യാസം നടത്തുന്നതിനോ അല്ലെങ്കില്‍ യുഎസില്‍ വിനോദ സഞ്ചാരത്തിന് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ഒക്കെ ഈ നിക്ഷേപം കൂടുതല്‍ ഗുണകരമാകും.
എങ്ങനെ നിക്ഷേപിക്കാം?
രണ്ട് മാര്‍ഗങ്ങളാണ് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി നിക്ഷേപകര്‍ക്ക് മുന്നിലുള്ളത്. ഡയറക്ട് ഇന്‍വെസ്റ്റിംഗ് വഴി നേരിട്ട് യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാം. അതേ സമയം ഇന്‍ഡയറക്ട് ഇന്‍വെസ്റ്റിംഗില്‍ ആക്ടീവ് ഫണ്ടുകള്‍ അതായത് മ്യൂച്വല്‍ഫണ്ടുകള്‍ വഴിയും പാസീവ് ഇന്‍ഡെക്സ് ഫണ്ട് അല്ലെങ്കില്‍ ഇടിഎഫുകള്‍ വഴിയും നിക്ഷേപിക്കാം.
ഡയറക്ട് ഇന്‍വെസ്റ്റിംഗ് നടത്താന്‍ അംഗീകൃത ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് ഓവര്‍സീസ് ട്രേഡിംഗ് അക്കൗണ്ട് തുറക്കണം.
ഡിജിറ്റലായി ഇത് തുറക്കാനുള്ള സൗകര്യമുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴി പണം അടയ്ക്കാം. കറന്‍സി വിനിമയം, റെമിറ്റന്‍സ്, ബ്രോക്കറേജ്, പിന്‍വലിക്കല്‍ തുടങ്ങിയവയ്ക്കായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളെ കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ഇതു കൂടാതെ ഫോറിന്‍ എക്സ്ചേഞ്ചുകളിലൂടെയോ ബ്രോക്കറേജ് സ്ഥാപനങ്ങളിലൂടെയോ നിക്ഷേപകര്‍ക്ക് നേരിട്ട് വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങാം. മിക്ക ഇന്ത്യന്‍ ബ്രോക്കിംഗ് ഹൗസുകളും ആഗോള ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനായി വിദേശ ബ്രോക്കര്‍മാരുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.
ഫണ്ട് ഓഫ് ഫണ്ടുകളില്‍ അല്ലെങ്കില്‍ ആഗോള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഉയരാനിടയുണ്ട്. കാരണം ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനുള്ള ചാര്‍ജ്, ബ്രോക്കറേജ്, കറന്‍സി വിനിമയത്തിനുള്ള ഫീസ് എന്നിവയൊക്കെ നിക്ഷേപകന്‍ നല്‍കണം.
ഇടിഎഫുകളും മ്യൂച്വല്‍ഫണ്ടുകളും
വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് ഇടിഎഫുകളുണ്ട്. ഇന്റര്‍നാഷണല്‍ ട്രേഡിംഗ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവര്‍ക്ക് രാജ്യത്തെ ട്രേഡിംഗ് അക്കൗണ്ട് വഴി തന്നെ ഇത്തരം ഇടിഎഫുകളില്‍ നിക്ഷേപിക്കാനാകും. അതേപോലെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമാണ് മ്യച്വല്‍ഫണ്ടുകള്‍. ഇന്ത്യയിലെ എഎംസികള്‍ക്ക് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്.
നഷ്ട സാധ്യത
വിദേശ ഓഹരികളിലെ നിക്ഷേപം വളരെ ആകര്‍ഷകമാണ്. എന്നാല്‍ ഒന്നോര്‍ക്കുക, ഓഹരി വിപണിയിലെ നഷ്ടസാധ്യതകള്‍ രാജ്യത്തിനകത്തായാലും പുറത്തായാലും ഒരു പോലെ തന്നെയാണ്. മൂന്നു തരം റിസ്‌കുകളാണ് ഈ നിക്ഷേപത്തിലുള്ളത്. ആദ്യത്തേത് കറന്‍സി റിസ്‌ക്. അതായാത് രൂപ കരുത്താര്‍ജിച്ചാല്‍ വിദേശ വിപണിയിലെ നിക്ഷേപം നഷ്ടമാകും. തിരിച്ചാണെങ്കില്‍ നേട്ടവും.
അടുത്തത് നിക്ഷേപിക്കുന്ന രാജ്യത്ത് സംഭവിച്ചേക്കാവുന്ന പ്രതിസന്ധികളാണ്. അത് ആ രാജ്യത്തെ സാമ്പത്തിക രംഗത്തും ഓഹരി വിപണിയിലും പ്രതിഫലിക്കും.
നികുതി സംബന്ധിച്ച റിസ്‌കാണ് മൂന്നാമത്തേത്. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇരട്ടനികുതി ഒഴിവാക്കാനുള്ള ധാരണയില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് ഗുണകരമാണ്. എന്നാല്‍ ഭാവിയില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിക്ഷേപകരെ ബാധിക്കും. അതിനാല്‍ സ്വന്തം സാമ്പത്തിക സ്ഥിതിയും റിസ്‌ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തി വേണം നിക്ഷേപം തീരുമാനം കൈക്കൊള്ളാന്‍. ഏത് നിക്ഷേപത്തിലുമെന്നതു പോലെ വിദേശ വിപണികളിലെ നിക്ഷേപത്തിന്റെ കാര്യത്തിലും കൃത്യമായൊരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കണമെന്ന് ചുരുക്കം.
നികുതി ബാധ്യത
രാജ്യത്തെ നിയമമനുസരിച്ച് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനു മാത്രമാണ് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് നല്‍കേണ്ടത്. ഇന്റര്‍നാഷണല്‍ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. ഹ്രസ്വകാല നിക്ഷേപങ്ങള്‍, അതായത് മൂന്നു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നേട്ടം നിക്ഷേപകന്റെ വരുമാനത്തോട് ചേര്‍ത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി കണക്കാക്കുക. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശം വച്ചാല്‍ മൂലധന നേട്ടത്തിന്‍മേല്‍ പണപ്പെരുപ്പ നിരക്ക് കിഴിച്ച് (ഇന്‍ഡക്സേഷന്‍ ബെനഫിറ്റ്) ബാക്കിയുള്ള തുകയ്ക്ക് 20 ശതമാനം നികുതിയടച്ചാല്‍ മതിയാകും.
Comments are closed.