അവാര്‍ഡ് അമ്മയില്‍ നിന്നും, ആ ചിത്രത്തിനുമുണ്ടൊരു രാഷ്ട്രീയം: നിഖില്‍ എസ് പ്രവീണ്‍

നിഖില്‍ എസ് പ്രവീണ്‍; വെഡിംഗ് വീഡിയോഗ്രഫി രംഗത്തു നിന്നെത്തി ആദ്യ സിനിമയായ ഭയാനകത്തിലൂടെ സ്വന്തമാക്കിയത് മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് കഠിന പ്രയത്‌നത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ ഏതറ്റം വരെ പോകാമെന്നതിന് തെളിവാണ് ഈ ചെറുപ്പക്കാരന്‍. സിനിമയെന്നത് ഭ്രമിപ്പിക്കുന്ന വെള്ളി വെളിച്ചമാണെന്ന് നിഖിലും സമ്മതിക്കുന്നു, പക്ഷേ തന്നെ ഭ്രമിപ്പിക്കുന്നത് കലാമൂല്യവും, സാമൂഹിക പ്രസക്തിയും ഉള്ള സിനിമകളാണെന്ന് പറയാന്‍ കാണിക്കുന്ന ചങ്കൂറ്റം കാണുമ്പോളറിയാം നിഖില്‍ വേറെ ലെവലാണ് ഭായ്.

ആദ്യ സിനിമക്ക് തന്നെ നിഖിലിന് ദേശീയ അവാര്‍ഡ് കിട്ടിയത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയാണ്, സിനിമയില്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ല, അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള എന്‍ട്രി ക്യാമറയെ വിടാതെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ ഒരു ചെറുപ്പക്കാരനെന്ന നിലക്ക് എനിക്ക് അഭിമാനിക്കാവുന്നതാണെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്നുമാകാത്തവനെന്നു പരിഹസിച്ചവര്‍ ഏറെയാണ്.

പ്രോത്സാഹിപ്പിച്ചില്ലേലും നിരുല്‍സാഹപ്പെടുത്തിയവര്‍ അനേകരുണ്ട്. മുന്നോട്ട് കൂടുതല്‍ കൂടുതല്‍ കരുത്തോടെ ഓടാന്‍ തനിക്ക് ഇന്ധനമായത് ആ കുറ്റപ്പെടുത്തലുകളാണ്. അവര്‍ക്കെന്റെ ബിഗ് താങ്ക്‌സ് എന്നു ഉറക്കെ നിഖില്‍ വിളിച്ച് പറയുന്നു. ജീവിതത്തിലെ അനുഭവങ്ങളെ നിഖില്‍ നമുക്ക് മുന്‍പില്‍ തുറന്നിടുന്നു. നിഖിലുമായി ശങ്കരി ഇസബെല്ലസംസാരിക്കുന്നു.

ഓര്‍മ്മയിലെ സുന്ദരകാലങ്ങള്‍

കോട്ടയം, മറ്റക്കരയെന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിക്കുന്നത്. ടൈപ്പിസ്റ്റായിരുന്ന പപ്പ ശിവനും തയ്യല്‍ കട നടത്തുന്ന അമ്മ സലിലക്കും മൂത്ത പുത്രനായ അഖിലിന് ശേഷം 1992 ലാണ് ഞാന്‍ ജനിക്കുന്നത്. മക്കള്‍ക്ക് സാമ്യമുള്ള പേരിടണമെന്ന് ഉറപ്പിച്ചിട്ടതാണ് ഈ അഖിലും, നിഖിലും. പക്ഷേ ഇതിനൊരു രസകരമായ വസ്തുതയെന്തെന്നു വച്ചാല്‍ നിഖിലേ… അഖിലേ… എന്നു അമ്മ നീട്ടിവിളിക്കുന്ന കേട്ടാല്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ വിളിക്കുന്ന പോലിരിക്കും.

വീട്ടിലത്ര സാമ്പത്തിക സ്ഥിതിയൊന്നുമില്ല. അതുകൊണ്ട് തന്നെ വലുതായി പപ്പയ്ക്കും മമ്മിയ്ക്കും എന്തെങ്കിലും ജോലി ചെയ്ത് എന്നെക്കൊണ്ട് കഴിയുന്ന പോലെ സഹായിക്കണം എന്നൊക്കെയുള്ള ചിന്തയായിരുന്നു ആദ്യകാലത്തൊക്കെ. പിന്നെ പിന്നെയാണ് ക്യാമറ വലിയൊരു ആകര്‍ഷണം ആകുന്നതും അതില്ലാതെ ജീവിക്കാനാവില്ലെന്ന ചിന്ത വന്നതും ഒക്ക. ഒരു സാധാരണ കുടുംബത്തിന്നുള്ള എനിക്ക് ഡിജിറ്റല്‍ ക്യമറയെന്നതൊക്കെ പുറത്ത് പറയാതെ ഉള്ളില്‍ കൊണ്ടു നടന്ന വലിയ സ്വപ്നങ്ങളാണ്.


കലയോടുള്ള ബന്ധം

പാരമ്പര്യമായി നോക്കിയാല്‍ വീട്ടിലാര്‍ക്കും വലിയ കലാ പാരമ്പര്യമില്ല. എന്റെ ചേട്ടന്‍ അഖില്‍ നന്നായി പാടും. മ്യൂസിക് കംപോസ് ചെയ്യും. ക്യാമറാ വര്‍ക്കും എഡിറ്റിംഗും എല്ലാം ചെയ്യും സൗണ്ട് എഞ്ചിനീയറിംഗും ചെയ്യും.

എല്‍പി, യുപി പഠിക്കുന്ന സമയത്ത് ഞാനും ചേട്ടനും കലാപ്രതിഭയായിട്ടുണ്ട് ഒരേ സമയത്ത്. ഞാനും ചേട്ടനും ഒരുമിച്ചാണ് കല്ല്യാണ വര്‍ക്കുകള്‍ക്കൊക്കെ പോയിരുന്നത്. എന്നും താങ്ങും തണലുമായി ഒരു ചേട്ടനെക്കാളുപരി സുഹൃത്തായി പുള്ളി കൂടെയുണ്ട്. പരസ്യമായി എന്നെ വിമര്‍ശിക്കാതെ ആരും കാണാതെ രഹസ്യമായി മാത്രം എന്നിലെ കുറവുകളെ ചൂണ്ടിക്കാണിച്ചു തരുന്നയാളാണ് ചേട്ടന്‍.

കലയോട് പറയത്തക്ക യാതൊരു ബന്ധവും കുടുംബത്തിനില്ല, പക്ഷേ പപ്പയായാലും, അമ്മയായാലും മുത്തശ്ശിയായാലും ഞങ്ങളില്‍ അല്‍പ്പമെങ്കിലും ഉള്ള കലയെ പരിപോഷിപ്പിച്ചെടുക്കാന്‍ മത്സരിച്ചവരാണ്. അങ്ങനൊരു ഭാഗ്യം ഉണ്ടായതാണ് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മഹത്തായ കാര്യം.

എന്റെ പല കൂട്ടുകാരുടെയും മാതാപിതാക്കള്‍ ഡോക്ടറാകാനും എഞ്ചിനീയറാകാനും അപ്പുറത്തെ വീട്ടിലെ കൊച്ചിനെ കണ്ട് പഠിക്കെടായെന്നും നിരന്തരം അവരോട് പറഞ്ഞിരുന്നവരാണ്. അങ്ങനൊരു ദുരന്തം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഞാനെന്താണോ അത് വീട്ടുകാര്‍ അംഗീകരിച്ചു കൂടെ നിന്നു.

ബിജു ചേട്ടന്‍ എന്ന വ്യക്തിക്ക് നിങ്ങളുടെ ജീവിതത്തിലുള്ള സ്ഥാനം

പപ്പയുടെ സുഹൃത്തായ ബിജു ചേട്ടന് പിക്ചര്‍ കഫെയെന്ന സ്റ്റുഡിയോ ഉണ്ട്. ഫോട്ടോയെടുക്കുന്നതും, അത് തെളിഞ്ഞ് വരുന്നതും തുടങ്ങി എല്ലാം വലിയ കൗതുകമായിരുന്നു. അഞ്ചാം ക്ലാസില്‍ ആയപ്പോഴാണ് ക്യാമറയെന്നത് കുറച്ചുകൂടെ വലിയ ഇഷ്ടമായി മാറിയത്. ബിജു ചേട്ടന്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയും ഒരിക്കലും അകറ്റി നിര്‍ത്താതെ എന്റെ എല്ലാ ക്യാമറ സംബന്ധിച്ച സംശയങ്ങളെയും മാറ്റി തന്നു.

കുട്ടിത്തം മാറാത്ത വെറും കൗതുകമായെടുക്കാതെ എന്റെ ക്യാമറയോടുള്ള ഇഷ്ടത്തെ മനസിലാക്കി കൂടെ നിന്നു എന്നത് വളരെ വലിയൊരു കാര്യമാണ്. അന്നേ നിരാശപ്പെടുത്തിയിരുന്നെങ്കില്‍, എന്റെ കൗതുകത്തെ നിസാരവല്‍ക്കരിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനുണ്ടാകുമായിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ എല്ലാ സ്ഥലങ്ങളിലും ബിജു ചേട്ടനെ പോലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് ജന്‍മങ്ങള്‍ കൃത്യമായി എത്തേണ്ടിടത്ത് എത്തിയേനെ. അന്നും ഇന്നും എന്റെ സംശയങ്ങള്‍ കൂടി വരുന്നതല്ലാതെ കുറഞ്ഞിട്ടില്ല, ഒരു പരാതിയും ഇല്ലാത ബിജു ചേട്ടനെല്ലാം കേട്ട് തെറ്റ് തിരുത്തി തരുന്നുണ്ട്. പണ്ട് പപ്പയുടെ മാത്രം സുഹൃത്തായിരുന്നു, എന്നാലിന്ന് എന്റെയും ചേട്ടന്റെയും ബെസ്റ്റ് ഫ്രണ്ടും വഴികാട്ടിയും ആണ് ബിജു ചേട്ടന്‍. പപ്പയുടെ സുഹൃത്ത് പതിയെ പതിയെ ഞങ്ങളുടെ സുഹൃത്തായത് ഒക്കെ രസമുള്ള കാര്യമാണ്.

ജീവിതത്തിലെ ആദ്യമായി ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങിയ ക്യാമറ

ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ വെറുമൊരു സാധാരണ കുടുംബമാണ് എന്റേത്. അതായത് ഓരോ ചെറിയ നാണയതുട്ടിനും വലിയ വിലകല്‍പ്പിച്ചിരുന്നു. മാനം കാണാതെ കുടുക്കക്കുള്ളിലെ ഇത്തിരി ഇരുട്ടത്ത് കൂട്ടി വച്ചിരുന്നത് എന്റെയും ചേട്ടന്റെയും ഒക്കെ ചെറിയ സ്വപ്നങ്ങളായിരുന്നു.

കുടുക്കയുടെ ഇട്ടാവട്ടത്തൂടെ ഉള്ളിലേക്കിടുന്ന നാണയതുട്ട് പിന്നെ പുറം ലോകം കാണുന്നത് അമ്പലത്തിലെ ഉത്സവത്തിനും , പെരുന്നാളുകള്‍ക്കുമൊക്കെയാണ്. കുഞ്ഞികുടുക്ക മൊത്തം നിറച്ചാലും ക്യാമറ വാങ്ങാന്‍ പറ്റില്ലല്ലോയെന്നോര്‍ത്ത് വിഷമിച്ചിട്ടുണ്ട്.

അഞ്ചാം ക്ലാസിലൊക്കെ എത്തിയപ്പോള്‍ ക്യാമറയെന്നത് ഹരമായി മാറി. ഹൈസ്‌കൂള്‍ പഠന കാലത്ത് അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഇന്‍സ്റ്റാള്‍മെന്റായി പപ്പ ക്യാമറവാങ്ങി എന്നെയും ചേട്ടനെയും ഞെട്ടിച്ചത്. പപ്പയെ കെട്ടിപ്പിടിക്കണോ അതോ ഡിജിറ്റല്‍ ക്യമറയെ തൊട്ടും തലോടിയും ഇരിക്കണോ എന്ന് ഒരു പിടിയും കിട്ടിയില്ല. അന്നെന്താ സന്തോഷം കൊണ്ട് ചെയ്‌തേന്ന് ഇന്നും വല്ല്യ പിടിയില്ല. ആദ്യമായി ക്യാമറ സ്വന്തമായ ആവേശത്തില്‍ പുല്ലും, പൂമ്പാറ്റയും രാത്രിയും പകലുമൊക്കെ മാറി മാറി ഒപ്പിയെടുത്തു. പൂച്ചേം പശുവും എന്നു വേണ്ട അന്നെന്റെ മോഡലാകാത്ത ഒരു ജീവിയും ആ പരിസരത്ത് ഉണ്ടാകില്ല.അന്നും ഇന്നും എന്റെ കണ്ണിലൂടെ കാണുന്നതിനേക്കാളും ഇഷ്ടം ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാനാണ്.

വെഡ്ഡിംഗ് വീഡിയോഗ്രഫി ഉപജീവനമായത് എപ്പോഴാണ്?

ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ കല്ല്യാണ വീഡിയോ ചെയ്യാന്‍ പോകുമായിരുന്നു. കടം വാങ്ങിയ ക്യാമറയുമായിട്ടായിരുന്നു അന്നത്തെ എല്ലാ യാത്രയും. പക്ഷേ ഉള്ളില്‍ ഭയങ്കര സന്തോഷമാണ്. എനിക്ക് തോന്നുന്നു അന്നും ഇന്നും ക്യാമറ കാണുമ്പോള്‍ അതേ കൗതുകവും സന്തോഷവും ഉള്ളിലുള്ള ഒരു കുട്ടി എന്റെയുള്ളിലുണ്ടെന്ന്.

കല്യാണ വീഡിയോ ഒക്കെ ഒരുപാട് ചെയ്തിട്ടുണ്ട്. നിലനില്‍പ്പിന് അത് ആവശ്യമായിരുന്നു. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇതൊക്കെ വളരെ സഹായിച്ചിട്ടുണ്ട്. അകലക്കുന്നം ഗവ. എല്‍പിഎസ്, മറ്റക്കര ഹൈസ്‌കൂള്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി ളാക്കാട്ടൂര്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം കൊച്ചിന്‍ മീഡിയാ സ്‌കൂളില്‍ നിന്ന് സിനിമറ്റോഗ്രാഫി കഴിഞ്ഞതിനും ശേഷമാണ് സജീവമായി ഈ രംഗത്തോട്ടെത്തിയത്.

ഹ്രസ്വചിത്രങ്ങളും ആല്‍ബങ്ങളും ധാരാളം ചെയ്തിട്ടുണ്ടല്ലോ?

തീര്‍ച്ചയായും. പലപല വിഷയങ്ങളെ കേന്ദ്രീകരിച്ച് ചെയ്തിട്ടുണ്ട്. ഞാന്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ ചേട്ടന്‍ എഡിറ്റിംഗും മ്യൂസികുമെല്ലാം ചെയ്യും.

യെസ് ഫൗണ്ടേഷനുവേണ്ടി ആനവാല്‍ മോതിരം, ദീപം എന്നിങ്ങനെ രണ്ട് ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനും നാഷണല്‍ ലെവല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഞാനും ചേട്ടനുമാണ് ക്യമറയും എഡിറ്റിംഗുമെല്ലാം ചെയ്തത്. ഒരു ടീമായിട്ടായിരുന്നു വര്‍ക്ക്.

2010-ല്‍ നിഴല്‍ മുത്തം എന്ന ആല്‍ബവുമായാണ് തുടക്കം. ഡെകെയ്ഡ്‌സ് ഡ്രീംസ് എന്ന ആല്‍ബം സിഎംഎസ് കോളേജിനായി നിര്‍മ്മിച്ചിരുന്നു. 2014-ല്‍ ഓളങ്ങള്‍ക്കപ്പുറം എന്ന ആല്‍ബവും ചെയ്തിരുന്നു. പിന്നെയും ഉണ്ട് കുറെയെണ്ണം.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത്?

സ്വന്തമായൊരു ക്യാമറ. 2013 വരെ കാത്തിരിക്കേണ്ട വന്നു അങ്ങനൊരെണ്ണം സ്വന്തമാക്കാന്‍. കാനോണ്‍ ക്യാമറയാണ് ആദ്യമായി ഞാന്‍ വാങ്ങിയത്. ഇന്നും എന്റെ ഏറ്റവും വലിയ സ്വകാര്യ സമ്പാദ്യമാണത്. ഒരുപാട് കാത്തിരുന്ന് വന്നതുകൊണ്ടാണെന്ന് തോന്നുന്നു എനിക്കതെന്റെ പ്രിയപ്പെട്ടതാകുന്നത്. അതോ ആദ്യമായി സ്വന്തമാക്കിയത് ആയതുകൊണ്ടാണോ എന്നറിയില്ല.

2015-ല്‍ കൂട്ടായെത്തിയ ഫീനിക്‌സ്

2015-ലാണ് ഞാനും ചേട്ടനും കൂടി ഫിനിക്‌സെന്ന സ്റ്റുഡിയോ തുടങ്ങുന്നത്. പിന്നെ വര്‍ക്കുകളുമെല്ലാം അതിന്റെ കീഴിലായിരുന്നു. അമ്മയ്ക്ക് ഒരു തയ്യല്‍ കടയുണ്ട്, ഫീനിക്‌സ് എന്നാണ് അതിന്റെയും പേര്. സ്റ്റുഡിയോക്കും അതുതന്നെ നല്‍കിയതാണ്. വെഡ്ഡിംഗ് വീഡിയോഗ്രഫിയും, ഫോട്ടോഗ്രഫിയും. പരസ്യങ്ങളും, മോഡലിംങും, ഷോര്‍ട്ട് ഫിലിംസുമെല്ലാം ഇവിടെ ചെയ്യുന്നുണ്ട്.

ജീവിതത്തില്‍ എന്നും പിന്തുണച്ചവര്‍ ആരെല്ലാമാണ്?

പപ്പയും അമ്മയും അമ്മൂമ്മയും പരാതി പറയാതെ, ശകാരിക്കാതെ എന്റെയും ചേട്ടന്റെയും ഇഷ്ടത്തിന് കൂടെ നിന്നു. പിന്നെ സജി പാഴൂര്‍ എന്ന വ്യക്തി ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരിലൊരാളാണെന്ന് പറയാം. എന്റെ വളര്‍ച്ചയില്‍ പല ഘട്ടങ്ങളിലും ഒരു തണല്‍ മരമായി നിന്നത് സജി ചേട്ടനാണ്. പിന്നെ നവാസ് ഇസ്മായില്‍ ഇക്ക. ഇവരൊക്കെ എന്നെ ഞാനാക്കി മാറ്റിയവരാണ്. കടപ്പാടെന്നൊക്കെ പറഞ്ഞാല്‍ തീരില്ല.

നിഖിലിന്റെയും അഖിലിന്റെയും ആല്‍ബത്തിലൂടെ ആദ്യമായി സ്‌ക്രീനിലെത്തിയ ബേബി മീനാക്ഷി

മധുര നൊമ്പരക്കാറ്റ് എന്ന ആല്‍ബത്തില്‍ കാമുകിയുടെ മകളുടെ റോളിലാണ് മീനാക്ഷി ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. നല്ല ടാലന്റുള്ള കുട്ടി, അഭിനയം ഇഷ്ട്ടപ്പെടുന്ന മീനാക്ഷിയെപ്പോലൊരു കുട്ടിക്ക് മലയാള സിനിമയില്‍ സ്ഥാനമുണ്ടാകും. ചേട്ടന്‍ സംവിധാനം ചെയ്യുകയും, ഞാന്‍ ക്യാമറ ചെയ്യുകയും ചെയ്ത ഒന്നായിരുന്നു മധുര നൊമ്പരക്കാറ്റ്.

തമാശയും. കുസൃതിയുമായി ഓടിച്ചാടി നടക്കുന്ന മീനാക്ഷി കുട്ടി ആക്ഷന്‍ എന്ന് കേട്ടാല്‍ ഉത്തരവാദിത്തമുള്ള അഭിനേത്രിയാകും. മീനാക്ഷിയെന്ന കുസൃതിയെ ഒളിപ്പിച്ച് വച്ച് കഥാപാത്രത്തിലേക്കിറങ്ങി പോകുന്നത് കാണാന്‍ ഒരു ചന്തമുണ്ട്.

എല്ലാരും ഉറങ്ങിക്കഴിഞ്ഞ് ഉറങ്ങുന്ന, എല്ലാരെക്കാളും മുന്നേ എണീക്കുന്ന മണര്‍കാട്ടമ്മ

തങ്കമ്മ എന്ന ഞങ്ങളുടെ മുത്തശ്ശിയാണത്. വര്‍ക്കിനൊക്കെ പോകാന്‍ എത്ര നേരത്തെ എണീറ്റാലും ചായയും ചൂടന്‍ ദോശയുമായി മുത്തശ്ശി കാത്തിരിക്കും. പാതിരാത്രി വന്നാലും ഇതു തന്നെ സ്ഥിതി. ചുരുക്കി പറഞ്ഞാല്‍ സ്‌നേഹം കൊണ്ട് തോല്‍പ്പിച്ച് കളയുന്ന ഒരു അഡാര്‍ ഐറ്റമാണത്. ഞങ്ങള്‍ ചെയ്യുന്ന വര്‍ക്കുകളൊക്കെ കണ്ട് വിലയിരുത്തലും നടത്തും. ഇഷ്ടപ്പെടാത്തത് മുഖത്ത് നോക്കി പറയുകയും ചെയ്യും. മണര്‍കാട്ടമ്മയെന്നാണ് കുഞ്ഞിലേ മുതല്‍ വിളിക്കുന്നത്.

ഭയാനകത്തിന്റെ ലൊക്കേഷന്‍ അനുഭവം

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കായലും വയലും ഒക്കെ ഷൂട്ടിംഗിന് വലിയ വെല്ലുവിളിയായിരുന്നു. 1937 കാലഘട്ടത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനും ഇടയില്‍ കുട്ടനാട്ടിലെ ജീവിത സാഹചര്യത്തിലുണ്ടായ മാറ്റങ്ങള്‍ ചിത്രീകരിക്കുക എന്നത് എല്ലാ വിഭാഗത്തിനും വെല്ലുവിളിയായിരുന്നു എന്ന് പറയാം. രാവിലെ 5.30 -ന് സൂര്യോദയത്തിനു മുമ്പ് ഷൂട്ടിംഗ് ആരംഭിച്ച് രാത്രി 9.30 വരെ 18 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് മറക്കാനാകാത്ത അനുഭവമായിരുന്നു. ഒരുപാട് ആസ്വദിച്ച് ചെയ്ത വര്‍ക്കാണത്.

ഭയാനകത്തിലെ ഇഷ്ടപ്പെട്ട ഷോട്ട്

ഏകദേശം വൈകുന്നേരം ഒരു അഞ്ചരയായിട്ടുണ്ടാകും. വെളിച്ചമൊക്കെ പോയിതുടങ്ങി. നല്ല മഴക്കാറും ഉണ്ട്. അപ്രതീക്ഷിതമായി പെലിക്കണ്‍ പക്ഷികള്‍, മഴക്കാറിന്റെ അകമ്പടിയോടെ പറന്നുയര്‍ന്നത്. അപ്രതീക്ഷിതമായി കിട്ടിയ എന്നാല്‍ നല്ലതെന്ന് എനിക്ക് തോന്നിയതും സംതൃപ്തി നല്‍കിയതുമായ ഒരു ഫ്രയിമാണത്.

ദേശീയ അവാര്‍ഡ് എന്ന നേട്ടം വരുത്തിയ മാറ്റം

എനിക്കിപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളാണത്. ആള്‍ക്കാരെന്നെ കുറച്ചുകൂടി തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് ചെറിയ മാറ്റങ്ങള്‍ എന്ന് പറയാം. അല്ലാതെ നോക്കിയാല്‍ ഞാനാ പഴയ കോട്ടയംകാരന്‍ നിഖില്‍ തന്നെയാണ്.

ഗവണ്‍മെന്റ് ജോലിയുള്ള ചേട്ടന്റെ മക്കളെന്താ മുടിയും നീട്ടി ക്യാമറയുമായി നടക്കുന്നത്. ഇവരെന്താ രക്ഷപെടാത്തത്? എന്റെ അച്ഛനും അമ്മയും ഒക്കെ ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം. മുടി കുറച്ച് നീണ്ടാല്‍ ആര്‍ക്കാണ് പ്രശ്‌നം? ക്യാമറതൂക്കി നടന്നാല്‍ ആര്‍ക്കാണ് ഇത്ര പ്രശ്‌നം? എല്ലാവരെയും ഗവണ്‍മെന്റ് ജോലിക്കാരാക്കാന്‍ നടക്കുന്ന ചിലരുടെ നിരന്തരമായ ചോദ്യങ്ങളായിരുന്നു ഇത്. എല്ലാവരും വ്യത്യസ്തരാണെന്നും പലര്‍ക്കും ഇഷ്ടവും കഴിവും പല മേഖലയിലാണെന്ന് ഇക്കൂട്ടര്‍ ചിന്തിക്കാത്തതെന്തേയെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇതൊന്നും കേട്ട് അച്ഛനും അമ്മയും മുത്തശ്ശിയുമൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നിന്നില്ല. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞു.

അമ്മയുടെ കയ്യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രമിട്ടതിലെ രാഷ്ട്രീയം

അമ്മയോടുള്ള സ്‌നേഹമാണത്. എനിക്കങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനമോ, കൊടിപിടിക്കാന്‍ പോകുന്ന ശീലവുമില്ല. ആ ഫോട്ടോക്കൊരു രാഷ്ട്രീയമുണ്ടെങ്കില്‍ വളര്‍ത്തി വലുതാക്കിയ അമ്മയോടുള്ള സ്‌നേഹമെന്ന രാഷ്ട്രീയം മാത്രമാണത്. എന്റെ രാഷ്ട്രീയം എന്നു പറയുന്നത് കലയാണ്. മറ്റുള്ളവരോട് സംവദിക്കാനാകുന്ന, മാറ്റങ്ങള്‍ കൊണ്ടു വരുത്താനാകുന്ന, കാണുന്നവരെ ഒരു നിമിഷമെങ്കിലും ചിന്തിപ്പിക്കുന്ന കല, എന്റെ ലക്ഷ്യം അത് മാത്രമാണ്.

ആത്യന്തികമായ ലക്ഷ്യം ഓസ്‌കാര്‍ മാത്രം

അതേ. കഷ്ടപ്പെടാന്‍ ഞാന്‍ തയ്യാറാണ് അതുപോലെ പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ഓസ്‌കാര്‍ മാത്രമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ശങ്കരി ഇസബെല്ല)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More