അവൻ അവളായി,​ അവൾ അവനും; ഒടുവിൽ അവർ ഒന്നായി

സൂര്യയും ഇഷാനും… ഇവരിനി രണ്ടല്ല. ഒന്നാണ്. ഇരുവരുടേയും പ്രണയം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദമ്പതികളാണ് ഇഷാനും സൂര്യയും. രണ്ടു വഴിയില്‍ നടന്നു നീങ്ങിയവര്‍ ഇന്ന് സമൂഹത്തിനൊരു മാതൃകയാണ്. ജീവിതത്തിലെ പല മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും സൂര്യയുടെയും ഇഷാന്റെയും മനസില്‍ വിവാഹം ഒരു വിദൂര സ്വപ്നമായിരുന്നു. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചു, നീണ്ട നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇഷാന്‍, സൂര്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സൂര്യയും ഇഷാനും അഭിമുഖം.കോം പ്രതിനിധി വിനീത രാജുമായി സംസാരിക്കുന്നു.

വളരെ കാലം നീണ്ടു നിന്ന സൗഹൃദം എപ്പോഴാണ് പ്രണയത്തിലേക്ക് വഴിമാറിയത്?

സൂര്യ: അതൊരു വലിയ കഥയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയില്ലേ.. ഞങ്ങളുടെ സമയം ഇപ്പോഴായിരുന്നു.

ആരാണ് പ്രണയം ആദ്യം പറഞ്ഞത്?

(സൂര്യ ഇഷാന്റെ മുഖത്തേക്ക് നോക്കുന്നു. ഇഷാന്‍ ചെറുചിരിയോടെ മറുപടി പറയുന്നു) പ്രണയം പറഞ്ഞത് ഞാന്‍ തന്നെയാണ്. ഞങ്ങളൊരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ വച്ചിട്ടാണ് ആദ്യമായി കാണുന്നത്. രണ്ടു പേരും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോവുകയാണ്. യാത്രയിലുടനീളം ഞങ്ങള്‍ സംസാരിച്ചു. വളരെ ജെനുവിനായിട്ട് സംസാരിച്ച സൂര്യയോട് പെട്ടെന്ന് തന്നെ ഒരടുപ്പം തോന്നി. പരിപാടിയെല്ലാം കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ വല്ലാതെ മിസ് ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ പറയാതെ പറ്റില്ലെന്ന് വന്നതോടെ ഞാന്‍ സൂര്യയെ കാണാന്‍ അവളുടെ വീട്ടില്‍ ചെന്നിരുന്നു. എന്നിട്ട്, പറയാനുള്ള കാര്യം എഴുതി വച്ചിട്ടു മടങ്ങി. ബാക്കിയൊക്കെ ചരിത്രമാവുകയായിരുന്നു.

സൂര്യയുടെ മറുപടി എന്തായിരുന്നു?

ഞാന്‍ ആദ്യം ഒന്ന് ഷോക്കായി. എന്നെ കളിപ്പിക്കുന്നതാണോയെന്ന് വരെ സംശയിച്ചു. മറുപടി നല്‍കിയത് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്. പക്ഷേ, എനിക്കും ആദ്യം മുതലേ ഒരടുപ്പം തോന്നിയിരുന്നു. പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവസാനം കുറേ ആലോചിച്ചു. മുമ്പ് എന്നോട് ഇഷ്ടം പറഞ്ഞ് ഇതുപോലൊരു ആള്‍ വന്നതായിരുന്നു. ആ ബന്ധം മുന്നോട്ട് പോയില്ല. അതുകൊണ്ട് തന്നെ ഇതും അങ്ങനെ ആയി പോകുമോയെന്ന പേടി ഉണ്ടായിരുന്നു. ഒടുവില്‍ മനസ് തുറന്ന് പരസ്പരം സംസാരിച്ചു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഇതാണ് ഞാന്‍ കാത്തിരുന്ന ആളെന്ന് തോന്നി.

വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നില്ലേ?

ഇഷാന്‍: ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്നൊരാളാണ് ഞാന്‍. ആകെ അവര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം, ഒരു മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു. പക്ഷേ, എന്റെ മനസില്‍ അപ്പോഴേക്കും സൂര്യ കയറിക്കൂടിയതുകൊണ്ട് അത് നടക്കില്ലെന്ന് ഞാനാദ്യമേ പറഞ്ഞു. ഒടുവില്‍ വീട്ടുകാരും സമ്മതിച്ചു.

സൂര്യ: പെട്ടെന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടലായിരുന്നു വീട്ടുകാര്‍ക്ക്. പിന്നീട് എന്റെ ഇഷ്ടം മനസിലാക്കി അവര്‍ കൂടെ തന്നെ നില്‍ക്കുകയായിരുന്നു. മതം മാറുമോ എന്നതായിരുന്നു അവരുടെ പേടി. എന്തായാലും ഞങ്ങള്‍ സെപ്ഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം കഴിച്ചത്. അതുകൊണ്ട് മതം മാറുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല.

സാധാരണയായി പുരുഷന്‍ സ്ത്രീയാകുന്ന വാര്‍ത്തയാണ് കൂടുതലും കാണാറുള്ളത്. ഇഷാന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ഇഷാന്‍ എപ്പോഴാണ് പുരുഷനായി മാറാന്‍ തീരുമാനിച്ചത്?

നേരത്തേ പറഞ്ഞതു പോലെ മുസ്ലീം കുടുംബത്തില്‍ ജനിച്ചതിന്റെ പ്രശ്‌നമുണ്ടായിരുന്നു. സ്വാഭാവികമായും മറ്റുള്ളവര്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നം എനിക്ക് കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരും ഒരുപാട് നാണം കെട്ടു. കുട്ടിക്കാലം മുതലേ എനിക്ക് ആണ്‍കുട്ടികളെ പോലെ നടക്കാനായിരുന്നു ഇഷ്ടം. നാട്ടുകാരൊക്കെ ആണും പെണ്ണുമല്ലാതെ ജീവിക്കുന്നുവെന്നൊക്കെ പറഞ്ഞ് ഒരുപാട് കളിയാക്കിയിട്ടുണ്ട്. മാത്രവുമല്ല, എനിക്ക് രണ്ട് അനിയത്തിമാരാണുള്ളത്. അതുകൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം നോക്കി തുടങ്ങിയിരുന്നു. അന്ന് സമ്മതിക്കാതെ വന്നതോടെ നാട്ടുകാരും വീട്ടുകാരും എനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് വിധിയെഴുതി. ഒടുവില്‍ ഇളയ പെങ്ങളുടെ സപ്പോര്‍ട്ടോടെയാണ് ഞാന്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുന്നത്. വീട്ടുകാരെയൊക്കെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനും അവള്‍ നന്നായി ശ്രമിച്ചു. ഇന്നിപ്പോള്‍ വീട്ടിലാര്‍ക്കും എന്നോട് ദേഷ്യമില്ല.

സൂര്യയ്ക്ക് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചൊക്കെ ഓര്‍ക്കാറുണ്ടോ?

കുട്ടിക്കാലത്ത് സ്ത്രൈണ സ്വഭാവം കൂടിയതുകൊണ്ടാകാം ആരും കൂട്ടത്തില്‍ കൂട്ടില്ലായിരുന്നു. ഒരുപാട് കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ നാട് വിടാതെ രക്ഷയില്ലെന്ന് മനസിലായി. ആത്മഹത്യയ്ക്ക് മുന്നില്‍ നിന്നുമാണ് തിരിച്ചെത്തിയത്. പിന്നെ ആലോചിച്ചപ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്ന് എനിക്ക് തന്നെ തോന്നി, ഞാന്‍ എന്തിന് ഇവിടെ നിന്ന് പോകണമെന്ന് സ്വയം ചോദിച്ചപ്പോള്‍ വാശിയോടെ എനിക്കിവിടെ ജീവിക്കണമെന്ന് മനസ് പറഞ്ഞു.

ഞങ്ങളുടെ തെറ്റ് കൊണ്ടല്ലല്ലോ ഈ അവസ്ഥ ഉണ്ടായത്. നാളെ ഇത് ആര്‍ക്കും ഉണ്ടാകാവുന്നതേയുള്ളൂ. ഒളിച്ചോട്ടത്തിന് ശേഷം തിരിച്ച് വന്നപ്പോള്‍ സ്ത്രീ വേഷം അണിഞ്ഞ് തന്നെ നടക്കാനായിരുന്നു ആദ്യ തീരുമാനം. ഒരു സ്ത്രീയെ പോലെ ഒരുങ്ങി നടന്നു. അതൊക്കെ കാണുമ്പോള്‍ പലര്‍ക്കും ചിരിയും പുച്ഛവുമൊക്കെയാണ് ഞങ്ങളോട് തോന്നുന്നത്. പക്ഷേ, എല്ലാവരേയും പോലെ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്.

എപ്പോഴാണ് വിനോദ് ഇനി സൂര്യയാകണം എന്ന് ആഗ്രഹിച്ചു തുടങ്ങിയത്?

ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. പത്താം ക്ലാസ് ജയിച്ചിട്ടില്ല. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നായതു കൊണ്ട് കുടുംബത്തിന്റെ സപ്പോര്‍ട്ടും അത്രയൊന്നും തന്നെ കിട്ടിയിട്ടില്ല. ആണായി ജനിച്ചിട്ട് പെണ്ണായി ജീവിക്കേണ്ടി വരുന്നത് ആര്‍ക്കും പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റില്ലല്ലോ. അതുകൊണ്ടു പത്താംക്ലാസില്‍ നാടു വിട്ടു. കോഴിക്കോട്ടും പരിസരഭാഗത്തുമായി കുറേ അലഞ്ഞു. ഒടുവില്‍ ചെന്നെത്തിയത് ലൈംഗിക തൊഴിലാളികള്‍ക്കിടയിലാണ്. ഒടുവില്‍ എങ്ങനെയൊക്കെയോ നാട്ടില്‍ തിരിച്ചെത്തി. ഒരു സ്ത്രീയായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം.

നമ്മുടെ പൊതുസമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതിന്റെ ഇരട്ടിയാണ് ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍. പൊതു സ്ഥലങ്ങളിലായാലും ബസിലായാലും ഒരുപാട് ചൂഷണത്തിനിരയായിട്ടുണ്ട്. ലൈംഗികമായി പലരും ഉപയോഗിക്കും. ഒരു തൊഴില്‍ പോലും മര്യാദയ്ക്ക് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ഒരു തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ പോലും അവസാനം ചെന്നെത്തുന്നത് ലൈംഗിക ആക്രമണങ്ങളിലായിരിക്കും. ഇതൊക്കെയാണ് ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍. എന്റെ കുട്ടിക്കാലത്തെ പേര് വിനോദ് എന്നായിരുന്നു. സൂര്യ എന്നത് ഡാന്‍സ് സ്‌കൂളില്‍ ഇട്ട പേരാണ്. ആ പേരുമായാണ് ചാനലിലേക്ക് എത്തിയത്. ഇപ്പോള്‍ എന്റെ ആധാര്‍ കാര്‍ഡിലും തിരിച്ചറിയല്‍ കാര്‍ഡിലും സൂര്യ എന്നാണ് പേര്. കുട്ടിക്കാലത്ത് വീട്ടില്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.

എനിക്ക് എന്നും പൂര്‍ണ പിന്തുണ നല്‍കിയത് അമ്മ തന്നെയാണ്. ഇതിനിടെ മനസ് പറഞ്ഞ വഴിയെ സ്ത്രീയായാലോ എന്ന ചിന്ത വന്നു. വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. പക്ഷേ, സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ എന്തു സംഭവിച്ചാലും ഇനി പെണ്ണായാലേ പറ്റൂ എന്ന വാശിയായി. ഇതിനിടയില്‍ എങ്ങനെ മാറാമെന്നും എവിടെയൊക്കെ സര്‍ജറി ചെയ്യും, ആകെ എത്ര രൂപയാകും തുടങ്ങിയ കാര്യങ്ങളെ പറ്റി അന്വേഷിക്കാനും തുടങ്ങി. ടെലിവിഷന്‍ ഷോകളിലൂടെ ലഭിച്ച തുച്ഛമായ പൈസ കൂട്ടിവച്ചാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്.

ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി വളരെയധികം ആഘോഷിച്ച വിവാഹമായിരുന്നു ഇത്?

ഇഷാന്‍: ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഇത് ആദ്യമല്ലേ. മറ്റു പലര്‍ക്കും ഒരു മാതൃകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. ഇനിയും ഇതുപോലുള്ള വിവാഹങ്ങള്‍ നടക്കണമെന്നാണ് ആഗ്രഹം. അതിന് വഴിതെളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

വിവാഹം കഴിഞ്ഞു. സ്വാഭാവികമായും അടുത്ത ചോദ്യം കുഞ്ഞുങ്ങളെ കുറിച്ചാകും?

സൂര്യ: ഞങ്ങളെ സംബന്ധിച്ച് കുടുംബജീവിതത്തില്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കുക എന്നത് പ്രായോഗികമല്ല. ഉണ്ടെങ്കില്‍ തന്നെ അത് വിദൂരവുമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സര്‍ജറി പോലും ചെയ്തത്. നിയമപരമായി ഒരു കുഞ്ഞിനെ ദത്തെടുക്കാനും ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ, കുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ ഉള്ളവരെ തന്നെ ഞങ്ങള്‍ക്ക് ദത്തെടുക്കാം. പ്രായവ്യത്യാസമില്ലാതെ. ഇപ്പോള്‍ ഞാന്‍ അഞ്ചു പേരെ ദത്തെടുത്തിട്ടുണ്ട്.

ഇഷാന്‍: ഈ വിവാഹം തന്നെ ചരിത്രമായില്ലേ… നാളെ എന്ത് നടക്കുമെന്ന് നമുക്ക് ഇപ്പോഴേ പ്രവചിക്കാന്‍ കഴിയില്ലല്ലോ. ദത്തെടുക്കാന്‍ ഒരവസരം കിട്ടിയാല്‍ അങ്ങനെ നോക്കാവുന്നതാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More