ശ്രീജ സൂപ്പറാണ്, നിമിഷയും

അയഞ്ഞ ചുരിദാര്‍ ധരിച്ച് അലസമായി നടന്നു പോകുന്ന പെണ്‍കുട്ടി. മേക്കപ്പ് ഇല്ലാത്ത കരുവാളിച്ച മുഖം, എണ്ണമയമുള്ള മുടി. മലയാളി മറന്നുതുടങ്ങിയ നാടന്‍പെണ്‍കുട്ടിയുടെ ഈ ചേലുകളുമായാണ് അങ്ങ് മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടി മലയാളക്കരയ്ക്ക് പ്രിയങ്കരിയായത്. ആദ്യ സിനിമ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് നിമിഷ സജയന്‍. സ്റ്റാറായി മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും നിമിഷയില്‍ നിന്ന് മാറിയിട്ടില്ല. നിമിഷ സംസാരിക്കുകയാണ് ആദ്യ സിനിമയെ കുറിച്ച് രണ്ടാമത്തെ സിനിമയുടെ പ്രതീക്ഷകളെ കുറിച്ചെല്ലാം ആര്‍ രാജിയുമായി.

ഇപ്പോള്‍ പറയാന്‍ പറ്റാത്ത ഫീലിലാണ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സൂപ്പര്‍ഹിറ്റായി ഓടുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. മുംബൈയില്‍ തിരിച്ചെത്തിയെങ്കിലും ആ അമ്പരപ്പ് ഇപ്പോഴും കൂടെയുണ്ട്. ഒരു പ്രത്യേക ഫീലാണ് ഇപ്പോള്‍. കരയണോ, ചിരിക്കണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥ. ചിലപ്പോള്‍ തോന്നും ഡാന്‍സ് ചെയ്താലോ എന്ന്. അത്രയ്ക്ക് സന്തോഷമുണ്ട്.

മികച്ച പ്രതികരണങ്ങള്‍

സിനിമ കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ശ്രീജ സൂപ്പറാണ് എന്നാണ് എല്ലാവരും പറഞ്ഞത്. മമ്മിയുടെ നാട്ടിലെ എസ്.ഐ ആയി റിട്ടയേര്‍ഡ് ചെയ്ത ഒരങ്കിള്‍ സിനിമ കണ്ടിട്ട് പറഞ്ഞത് ഒരു പോലീസ് സ്‌റ്റേഷനില്‍ അറിയാതെ ക്യാമറവെച്ച് ഷൂട്ട് ചെയ്തത് പോലെയുണ്ട് എന്നാണ്. അങ്ങനെ എല്ലാവരും നല്ലത് പറയുന്നു.

സ്റ്റാര്‍ഡം

ഒരു സ്റ്റാര്‍ ആകുമെന്ന് ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മലയാളി പ്രേക്ഷകര്‍ ശരിക്കുമെന്നെ സ്വീകരിച്ചു. കൃത്യമായ പറഞ്ഞാല്‍ ശ്രീജയെ ആണ് സ്വീകരിച്ചത്. നിമിഷ എവിടേയും ഇല്ല. എല്ലാവരും സംസാരിക്കുന്നത് ശ്രീജയെ കുറിച്ചാണ്.

പ്രതീക്ഷിച്ച വിജയം

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, രാജീവ് രവി വിജയം ഉറപ്പിച്ച ടീം തന്നെയായിരുന്നു അത്. ഇവരില്‍ നിന്നൊരു മാജിക് തന്നെ പ്രതീക്ഷിച്ചിരുന്നു. സിനിമയ്ക്കായി എല്ലാവരും ശരിക്കും കഠിനാധ്വാനം ചെയ്തു. ഔട്ട്പുട്ട് നന്നാവും എന്ന് ഉറപ്പായിരുന്നു.

നിമിഷയില്‍ നിന്ന് ശ്രീജയിലേക്ക്

മുംബൈയില്‍ നിന്നാണ് വന്നതെങ്കിലും കേരളത്തിലെ നാടന്‍ പെണ്‍കുട്ടിയാവുക എളുപ്പമായിരുന്നു.ദിലീഷ് എട്ടന്റെ സപ്പോര്‍ട്ട് അത്രയ്ക്കുണ്ടായിരുന്നു. ശ്രീജയുടെ ഡ്രസ്സിംഗ്, ഒരുങ്ങുന്നത് എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു തന്നു. അതുമാത്രമാണ് സിനിമയില്‍ ചെയ്തത്. ചുരിദാറിന്റെ ഷാള്‍ ഇടാനൊന്നും ആദ്യം അറിയില്ലായിരുന്നു. പിന്നെ അതങ്ങ് ശരിയായി. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എനിക്കൊരു ജോഡി ഡ്രസ്സ് തന്നിരുന്നു ഇട്ട് ശീലിക്കുന്നതിന് വേണ്ടി. പിന്നെ ഞാനൊരു ദിവസം തവണക്കടവില്‍ പോയി കറങ്ങി. തട്ടുകടയില്‍ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് നല്ല രസമായിരുന്നു. ഈ തയ്യാറെടുപ്പുകളൊക്കെ സിനിമയ്ക്ക് ശരിക്കും ഗുണം ചെയ്തു. എന്നെ കണ്ടപ്പോള്‍ ആരും പറഞ്ഞില്ല നാട്ടിന്‍ പുറത്തുള്ള കുട്ടിയല്ല എന്ന്. അതുകൊണ്ടാണ് ശ്രീജയുടെ താലിമാല മോഷണം പോയപ്പോള്‍ പ്രേക്ഷകര്‍ക്കും വേദനിച്ചത്.

ബയിച്ചോ ബയിച്ചോ 

സിനിമയുടെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തത് കാസര്‍ഗോഡാണ്. എത്ര സ്‌നേഹമുള്ള ആളുകളാണ് അവിടെ. നല്ല മനുഷ്യര്‍ പക്ഷെ അവര്‍ സംസാരിക്കുന്നതും ചോദിക്കുന്നതും ഒന്നും ആദ്യം മനസ്സിലായില്ല. ഷൂട്ടിങ്ങ് കഴിയുമ്പോള്‍ എല്ലാവരും സംസാരിക്കാന്‍ വരും. കുറെ ചേച്ചിമാര്‍ ബയിച്ചോ ബയിച്ചോ എന്ന് ചോദിക്കും. ഒന്നും മനസ്സിലായില്ല. ഇതില്‍ നിന്ന് രക്ഷപ്പെടുന്നത് പോലീസ് സ്‌റ്റേഷനകത്തേക്ക് വലിഞ്ഞായിരുന്നു. പിന്നെ മനസ്സിലാക്കി ചേച്ചിമാര്‍ സ്‌നേഹത്തോടെ കഴിച്ചോ, കഴിച്ചോ എന്നാണ് ചോദിക്കുന്നത് എന്ന്. പിന്നെ ഞാനും തിരിച്ച് ചോദിക്കാന്‍ തുടങ്ങി ബയിച്ചോ, ബയിച്ചോ.

ഫഹദ്, സുരാജ് 

രണ്ടും പേരും അസാധ്യമായി അഭിനയിക്കുന്നവരാണ്. ഇവരുടെ കൂടെ അഭിനയിച്ചതു കൊണ്ട് ആദ്യ സിനിമയില്‍ നിന്ന് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. എന്റെ മലയാളം വളരെ മോശമാണ്. ഞാന്‍ പറയുന്നത് തെറ്റാണെങ്കിലും ആരും ചിരിക്കില്ല. അത് വല്ല്യ ആത്മവിശ്വാസം തരുന്നതായിരുന്നു. പേടിക്കാതെ അഭിനയിക്കാന്‍ പറ്റി. ഫഹദിക്കയായാലും സുരാജേട്ടനായാലും തെറ്റിയാല്‍ അപ്പോള്‍ പറഞ്ഞു തരും. ശരീര ഭാഷ എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു തന്നു. പിന്നെ ശരിക്കുമൊരു ഗീവ് ആന്‍ഡ് ടെയ്ക് പ്രോസസായിരുന്നു അവരുടെ ഒപ്പമുള്ള അഭിനയം. അലന്‍സിയര്‍ ചേട്ടനും നല്ല സപ്പോട്ടായിരുന്നു.

നിമിഷയും ശ്രീജയും ശരിക്കും രണ്ടാണ്

നിമിഷയെ പോലെയെ അല്ല ശ്രീജ. ശ്രീജ ബോള്‍ഡാണ് , നാടന്‍ പെണ്‍കുട്ടിയാണ്. എനിക്കിതൊന്നും പരിചയമില്ലായിരുന്നു. നിമിഷ സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നയാളാണ്. കുട്ടിക്കളികള്‍ ഉള്ള ആളാണ്.

മനസ്സില്‍ പതിഞ്ഞ നിമിഷങ്ങള്‍

സിനിമയിലെ എല്ലാ സീനുകളും ഇഷ്ടമാണെങ്കിലും മാല മോഷണം പോയതിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫഹദിക്കയോട് ദേഷ്യപ്പെടുന്ന ഒരു സീനുണ്ട് . നീ അല്ലേ എടുത്തത് എന്ന് ചോദിച്ച് അത് വല്ലാതെ ഇഷ്ടമായ സീനാണ്. പിന്നെ സുരാജേട്ടനോട് പറയുന്നുണ്ട് വൈക്കത്തപ്പനാണേ കള്ളന്റെ വയറ്റില്‍ പോയ മാല ഞാനിനി ഇടില്ല എന്നും അതും സിനിമയില്‍ ഒരുപാട് ഇഷ്ടമായ സീനാണ്.

പോലീസ് സ്‌റ്റേഷന്‍ കാണാത്ത നായിക

പോലീസ് സ്‌റ്റേഷന്‍ , അവിടുത്തെ രീതികള്‍ ഇതൊക്കെ ആദ്യമായാണ് കാണുന്നത്. പിന്നെ കള്ളനെ കുറിച്ച് പറഞ്ഞാലും തീരില്ല. എന്റെ മനസ്സില്‍ കള്ളന്‍ എന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക കറുത്തിട്ട് പേടിപ്പിക്കുന്ന മുഖമുള്ള ഒരാളെയാണ്. ഞങ്ങളുടെ കള്ളന്‍ എന്തൊരു സുന്ദരനാ..കണ്ണെടുക്കാന്‍ തോന്നില്ല. അത്രയ്ക്ക് ഭംഗിയുള്ള കള്ളന്‍. ആരും പറയും കള്ളന്‍ കൊള്ളാല്ലോ എന്ന്.

ഈട

രാജീവ് രവി നിര്‍മ്മിച്ച് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈടയാണ് ഇനി റീലിസ് ചെയ്യുന്ന സിനിമ. ഷെയ്ന്‍ നിഗമാണ് നായകന്‍. ഇത് ഒരു പ്രണയകഥയാണ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് ഈടയില്‍ അവതരിപ്പിക്കുന്നത്. ശ്രീജയുടെ ഒരു ഛായയും ഇല്ലാത്തത് ആണ് ഐശ്വര്യ. തികച്ചും വ്യത്യസ്തതയുള്ള കഥാപാത്രം.

കഥാപാത്രം നിമിഷയാവേണ്ട

നിമിഷയുമായി ഒരു ചേര്‍ച്ചയുമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് ഇഷ്ടം. സിനിമ കാണുമ്പോള്‍ ഇത് ഞാന്‍ തന്നെയാണോ എന്ന് തോന്നണം. അപ്പോ ഉണ്ടാവുന്ന ഒരു ഫീല്‍ വല്ലാതെ സന്തോഷം തരുന്നതാണ്. ഇനി കാത്തിരിക്കുന്നത് അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് എന്നെയും പ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More