വിവാഹ ഫോട്ടോഗ്രഫിയില്‍ നിന്നും കമല്‍ഹാസന്റെ ഛായാഗ്രാഹകനായ ഷാംദത്ത്

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര. ഉലകനായകന്‍ കമലാഹാസനൊപ്പം രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങള്‍ വിശ്വരൂപം രണ്ടും ഉത്തമ വില്ലനും, ഋതു, പ്രമാണി, മേരിക്കുണ്ടൊരു കുഞ്ഞാട്, ആര്‍ട്ടിസ്റ്റ്, സാഹസം, ഊഴം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ അങ്ങനെ നീളുന്ന നിര. പാലക്കാട് വിവാഹങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി തുടങ്ങിയ അദ്ദേഹം ഇന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം സംവിധായകന്‍ ആകുന്നത്.  ഷാംദത്തുമായി നോബി ജോര്‍ജ്ജ് സംസാരിക്കുന്നു.

ചെറിയ കാര്യങ്ങള്‍ പോലും വലിയ ആഘോഷമാകുന്ന ചലച്ചിത്ര ലോകത്ത്, ബഹളങ്ങള്‍ ഒന്നും ഇല്ലാതെ എന്നാല്‍ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി 30 ചിത്രങ്ങള്‍. എങ്ങനെ കാണുന്നു?

അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല. സിനിമയില്‍ വരാന്‍ സാധിച്ചു എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. പാലക്കാട് ഉള്ള ഒരു ഗ്രാമത്തില്‍ വിവാഹ ഫോട്ടോഗ്രാഫി ഒക്കെ ചെയ്ത നടന്ന കാലത്തു നിന്നും ഇത്ര സിനിമകള്‍ ചെയ്യാന്‍ പറ്റി. 100 കോടി ബഡ്ജറ്റ് സിനിമകള്‍ തൊട്ട് വളരെ ചുരുങ്ങിയ ചെലവിലുള്ള ചിത്രങ്ങളുടെ വരെ ഭാഗമായി. സിനിമയുമായി ബന്ധപ്പെട്ട് ഒരു പാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തു. ഒട്ടേറെ ആളുകളെ പരിചയപ്പെടാനും ഒരു കുടുംബാംഗത്തിനോടെന്ന പോലെ വ്യക്തിബന്ധങ്ങള്‍ ഉണ്ടാകാനും സാധിച്ചു. അതൊക്കെയാണ് ഇതു വരെയുള്ള സന്തോഷങ്ങള്‍.

ഉലകനായകന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകന്‍മാരില്‍ ഒരാളായി മാറിയതെങ്ങനെ? അദ്ദേഹവുമായുള്ള അനുഭവം?

അടുത്ത സുഹൃത്തും, ക്യാമറാമാനുമായ സാനു ജോണ്‍ വര്‍ഗീസ് വഴിയാണ് കമല്‍ സാറിനെ പരിചയപ്പെടുന്നത്. കമല്‍ ഹാസന്‍ എന്ന വ്യക്തി കലാകാരന്‍ എന്നതിലുപരി നല്ല വ്യക്തിത്വത്തിനുടമയാണ്. അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥത കലയെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനമാണ്.

സിനിമയിലേക്കുള്ള വഴി ?

ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു കൊണ്ടാണ് സിനിമയിലേക്കുള്ള വരവ്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ സഹായി ആയാണ് സിനിമയില്‍ തുടക്കം.

കൂടെ വര്‍ക്ക് ചെയ്തവരിലെ പ്രിയ സംവിധായകര്‍?

സിനിമയിലും പരസ്യ ചിത്രങ്ങളിലുമായി ഒത്തിരി സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ ഒരു സ്‌റ്റൈല്‍ ഉണ്ട്. കൂടെ പ്രവര്‍ത്തിച്ചവരില്‍ പ്രിയപ്പെട്ട സംവിധായകന്‍ തീര്‍ച്ചയായും കമല്‍ഹാസന്‍ തന്നെയാണ്. ക്യാമറ, സൗണ്ടിംഗ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും നടന്‍, ഗായകന്‍, നര്‍ത്തകന്‍ എന്ന നിലയിലുമൊക്കെയുള്ള അദ്ദേഹത്തിന്റെ അറിവും, അവബോധവും വളരെ വലുതാണ്.

ഒട്ടേറെ ആളുകള്‍ കൊതിക്കുന്ന ഒരു നിലയില്‍ എത്തിയിട്ടും ജാഡകളോ, മറ്റു പരിവേഷങ്ങളോ ഇല്ലാതെ സൗമ്യ സാന്നിധ്യമായി നില്‍ക്കാന്‍ എങ്ങനെ സാധിക്കുന്നു?

‘ഒരു സിനിമാക്കാരന്‍’ ആണെന്ന് പറയാനോ, പബ്ലിസിറ്റിക്കോ ഒന്നും വേണ്ടിയല്ല സിനിമയില്‍ വന്നത്. സിനിമയിലൂടെ കഥകള്‍ പറയാനിഷ്ടമാണ്, ക്യാമറയുടെ ഉള്ളിലൂടെ കാണാന്‍ ഇഷ്ടമാണ്, കഥാപാത്രങ്ങളെ ഇഷ്ടമാണ്, അവരുടെ ഇമോഷന്റെ കൂടെ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. മറ്റു കാര്യങ്ങളൊന്നും കൂടുതല്‍ ചിന്തിക്കാറില്ല.

സമകാലീന ഛായാഗ്രാഹകരില്‍ ഇഷ്ടപ്പെട്ടവര്‍?

കഴിവുള്ള ഒത്തിരി പേര്‍ നമുക്കുണ്ട്. രാജീവ് രവി, അമല്‍ നീരദ്, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ജോമോന്‍ ടി ജോണ്‍, ഗോദ ചെയ്ത വിഷ്ണു ശര്‍മ. ഇവരുടെ ഒക്കെ വര്‍ക്കുകള്‍ ഇഷ്ടമാണ്.

മെഗാസ്റ്റാര്‍ മമ്മൂക്കയുമായി ഛായാഗ്രാഹകനായും, സംവിധായകനായുമുള്ള അനുഭവം?

ഞാന്‍ കണ്ട ആദ്യ സിനിമാ താരമാണ് മമ്മൂക്ക. ഋതുവിന്റെ സിനിമാട്ടോഗ്രഫി കണ്ടിട്ട് എന്നെ അഭിനന്ദിച്ച ആദ്യ സിനിമാ താരവും മമ്മൂക്ക ആണ്. സംവിധായകന്‍ ആകുന്നില്ലേ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോദിച്ച ആദ്യ സിനിമാതാരവും മമ്മൂക്കയാണ്. മമ്മൂക്കയെ വെച്ചു തന്നെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു. മമ്മൂക്കയുടെ ഒരു നല്ല വശം, ടാലന്റ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നിയാല്‍ വേണ്ട അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കും. സത്യത്തില്‍ വലിയ സഹായമാണ് മമ്മൂക്ക തുടക്കക്കാര്‍ക്ക് കൊടുക്കുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹം അത് നിര്‍മ്മിക്കാം എന്ന് പറഞ്ഞു. ഭയങ്കര എനര്‍ജിയാണ് അത് തന്നത്.

ആദ്യ സംവിധാന സംരംഭമായ സ്ട്രീറ്റ് ലൈറ്റിനെക്കുറിച്ച്?

ഒരു പൂര്‍ണ എന്റര്‍ടെയിനര്‍ ആയിട്ടാണ് സ്ട്രീറ്റ് ലൈറ്റ് ഒരുങ്ങുന്നത്.

കുടുംബത്തെ കുറിച്ച്?

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഭാര്യ സജ്‌ന, രണ്ട് കുട്ടികള്‍ താഷി, താല്യ. ക്യാമറാമാന്‍ കൂടിയായ സഹോദരന്‍ സാദത്ത് സൈനുദീനാണ് സ്ട്രീറ്റ് ലൈറ്റിന്റെ ഛായാഗ്രഹണം.

സ്ട്രീറ്റ് ലൈറ്റിനു ശേഷമുള്ള പുതിയ പ്രോജക്റ്റുകള്‍?

മലയാളത്തിലും, തെലുങ്കിലും പുതിയ സിനിമയ്ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

ആര്‍ട്ടിസ്റ്റ് പോലുള്ള ഗൗരവമേറിയ സിനിമകള്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, റോള്‍ മോഡല്‍സ് പോലുള്ള പൂര്‍ണ ചിരി സിനിമകള്‍ വന്നു ഭവിക്കുന്നതാണോ അതോ ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പുണ്ടോ? ഇതില്‍ ഏതു തരമാണ് ചെയ്യാന്‍ ഇഷ്ടം?

അങ്ങനെ ഒരു വേര്‍തിരിവ് കാണുന്നില്ല.സിനിമ കാണുന്ന പ്രേക്ഷകരെ അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് രണ്ടര മണിക്കൂര്‍ അവരെ അവരല്ലാതാക്കി, ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ലോകത്തിലേക്ക് എത്തിപ്പിക്കുന്ന മാദ്ധ്യമമാണ്.
എന്നാല്‍ ഇതില്‍ മറ്റൊരാളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ സന്തോഷം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More