ഓമന പള്ളീലച്ചന്‍: കത്തോലിക്ക സഭയ്ക്കുള്ള പ്രൊട്ടന്‍സ്റ്റന്റ് മാതൃക

ഓമന പള്ളീലച്ചന്‍. ഓമനയായ പള്ളീലച്ചന്‍ എന്ന അര്‍ത്ഥത്തില്‍ വിശ്വാസികള്‍ ഏതെങ്കിലും പുരുഷ ഇടവക വികാരിയെ വിളിക്കുന്ന പേരല്ല ഇത്. ലോകമെമ്പാടും കത്തോലിക്ക സഭയടക്കമുള്ള വിഭാഗങ്ങള്‍ സ്ത്രീകളെ പൗരോഹിത്യവൃത്തിയില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി എസ് ഐ തെക്കന്‍ കേരള മഹായിടവകയിലെ ചരിത്രത്തിലെ പുരോഹിതയാകുന്ന രണ്ടാമത്തെ വനിതയായ കാട്ടാക്കട സ്വദേശിനി ഓമനയെ വിശ്വാസികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നതാണിത്. ഒന്നാമത്തെ വനിത മരതകവല്ലി ഡേവിഡ് ആയിരുന്നു. സി എസ് ഐയുടെ തെലങ്കാന മഹായിടവകയില്‍ ബിഷപ്പായി ഇ പുഷ്പ ലളിതയെ 2013-ല്‍ നിയമിച്ചതും ചരിത്രമായിരുന്നു. മുഖ്യധാര ക്രിസ്തീയ സഭകളുടെ സ്ത്രീ ശാക്തീകരണ ചരിത്രത്തില്‍ ഇടംപിടിച്ചവരാണ് ഈ മൂവരും. ഓമന പള്ളീലച്ചന്‍ അവര്‍ ഏപ്രില്‍ മാസം അവസാനത്തെ ഞായറാഴ്ച സേവനത്തില്‍ നിന്നും വിരമിച്ചു. അവരുമായി മീര സംസാരിക്കുന്നു.

എങ്ങനെയാണ് പൗരോഹിത്യ ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്?

ചെറിയ പ്രായത്തില്‍ തന്നെ ഈ ഫീല്‍ഡ് ഇഷ്ടമായിരുന്നു. ശുശ്രൂഷയും ആത്മീയ കാര്യങ്ങളിലൊക്കെ മുഴുകി കഴിയാന്‍ ഇഷ്ടമായിരുന്നു. കാട്ടാക്കടയ്ക്ക് അടുത്ത് പന്നിയോട് ആണ് ഞാന്‍ ജനിച്ചത്. എനിക്ക് 12 വയസ്സുള്ളപ്പോഴാണ് പപ്പ മരിക്കുന്നത്. അമ്മയുടെയും മറ്റ് ഏഴുസഹോദരങ്ങളോടൊപ്പമായിരുന്നു താമസം. നാലാമത്തെ ആളാണ് ഞാന്‍. ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ മൂത്തയാളാണ്. അങ്ങനെയിരിക്കെയാണ് വിവാഹാലോചന വരുന്നത്. ഭര്‍ത്താവ് റവ.റോബര്‍ട്ട് വിക്ടര്‍ ഒരു പുരോഹിതനായിരുന്നു. അദ്ദേഹം സെമിനാരിയില്‍ പഠിക്കുമ്പോഴാണ് എന്നെ വിവാഹം ആലോചിക്കുന്നത്.

ഒരു കോഴ്‌സ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു വിവാഹം. പിന്നീട് രണ്ടുമക്കളെയും സ്‌കൂളില്‍ പറഞ്ഞു വിടുന്ന സമയത്താണ് അദ്ദേഹം രണ്ടാമത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ചേരുന്നത്. അങ്ങനെ ഫാമിലി ക്വാര്‍ട്ടേഴ്‌സ് ഒക്കെ ഞങ്ങള്‍ക്ക് കിട്ടി. അപ്പോഴാണ് എനിക്കും ഇത് പഠിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അച്ചന് മനസിലാകുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ പിന്തുണയില്‍ എല്ലാം എളുപ്പമായി. എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരുന്നു. അത് പാസായി. സി എസ് ഐയുടെ കണ്ണമ്മൂല യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയിലാണ് പഠിച്ചത്.

എന്റെ ഒരു വര്‍ഷം സീനിയറായിരുന്നു ഭര്‍ത്താവ്. കുട്ടികളെ സ്‌കൂളിലേക്ക് അയച്ചതിന് ശേഷം ഞങ്ങള്‍ ഇരുവരും പഠിക്കാനായി ഇറങ്ങും. ഡിഗ്രി നല്ല മാര്‍ക്കോടെ പാസായി. ശുശ്രൂഷ മേഖലയിലുള്ളവരുടെ അനുഗ്രഹമൊക്കെ എന്നെ ഇതിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാം.

പഠനം കഴിഞ്ഞ ഉടന്‍ പുരോഹിതയാവാന്‍ കഴിഞ്ഞോ?

പഠനം കഴിഞ്ഞപ്പോള്‍ അന്നത്തെ പൗരോഹിത്യ മഹാസഭ ഒരു ചര്‍ച്ചിന്റെ ചാര്‍ജ് തന്നു. നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുള്ള ക്രിസ്തുപുരം ചര്‍ച്ചിലായിരുന്നു അത്. 1993-ല്‍. ചര്‍ച്ചില്‍ ആദ്യമായി ചെന്നപ്പോള്‍ ആളുകള്‍ക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു. വനിതയാണെന്ന ആശങ്ക ആയിരുന്നു അവര്‍ക്ക്. പിന്നീട് അത് മാറി.

സഭാജനങ്ങളുമായുള്ള ബന്ധം നന്നായി വന്നു. എല്ലാവരും എന്നെ സ്‌നേഹിക്കുകയും തിരികെ സ്‌നേഹിക്കുകയും അവരുടെ ആവശ്യങ്ങളില്‍ കരുതുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്തു. പ്രാര്‍ത്ഥനയൊക്കെ അവര്‍ക്ക് ഫലപ്രദമായിരുന്നു. അങ്ങനെ അഞ്ചു വര്‍ഷത്തോളം ആ ചര്‍ച്ചില്‍ തുടര്‍ന്നു.

ആദ്യത്തെ നാലുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് ഓര്‍ഡിനേഷന്‍ പദവി കിട്ടുന്നത്. ആ നാലുവര്‍ഷം കൊണ്ട് എന്റെ ശുശ്രൂഷകള്‍ നല്ലത് എന്ന് നേതൃത്വത്തിന് ബോധ്യപ്പെടുകയും മഹാഇടവകയ്ക്ക് എന്നെ കുറിച്ച് പരാതികളൊന്നും വന്നില്ല എന്നൊക്കെ വന്നപ്പോഴാണ് 1998ല്‍ ഓര്‍ഡിനേഷന്‍ തന്നത്.

മറക്കാനാവാത്ത അനുഭവം?

ക്രിസ്തുപുരത്തെ അഞ്ചുവര്‍ഷങ്ങളാണ് ഞാനിപ്പോഴും ഓര്‍ക്കാറുള്ളത്. പുരുഷന്മാര്‍ പഠനത്തിന് മുമ്പ് മൂന്ന് വര്‍ഷം പള്ളികളില്‍ ശുശ്രൂഷ ചെയ്യണം. അതാണ് നിയമം. സ്ത്രീകള്‍ക്ക് അത് ബാധകമായിരുന്നില്ല. ആ മൂന്നുവര്‍ഷത്തെ ശുശ്രൂഷ ചെയ്യാനാണ് ആദ്യം എന്നെ അവിടെ പറഞ്ഞുവിടുന്നത്. അന്ന് അച്ചന്മാരുടെ വേഷം എനിക്ക് കിട്ടിയിട്ടില്ല. സാരി ഉടുത്തായിരുന്നു ഞാന്‍ ശുശ്രൂഷ ഒക്കെ നടത്തിയിരുന്നത്. അവര്‍ക്കും എനിക്കും പുതിയ അനുഭവമായിരുന്നു. ധാരാളം പേര്‍ എന്റെ പ്രാര്‍ത്ഥനയുടെ അനുഭവം 25 വര്‍ഷത്തിന് ശേഷം ഇപ്പോഴും കാണുമ്പോള്‍ പറയാറുണ്ട്.

ഓമന പള്ളീലച്ചന്‍

സ്ത്രീകള്‍ വരുമ്പോള്‍ പദവിക്ക് മറ്റൊരു പേരുണ്ടോ?

ഇല്ല. ഇംഗ്ലീഷ് പദമായ പ്രെസ്ബിറ്റര്‍ എന്ന വാക്കിന് മലയാളം അച്ചന്‍ എന്നാണ്. അതുകൊണ്ട് എന്നെയും എല്ലാവരും അച്ചന്‍ എന്ന് തന്നെയാണ് വിളിച്ചത്.

സ്ത്രീയെന്ന നിലയില്‍ മാറ്റി നിറുത്തല്‍ എവിടുന്നെങ്കിലും അനുഭവപ്പെട്ടിരുന്നോ?

സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മോശം അനുഭവം എനിക്ക് എവിടെയും അനുഭവപ്പെട്ടിട്ടില്ല. എന്റെ പിതാവിന്റെയോ മാതാവിന്റെയോ പ്രായമുള്ളവരായിരുന്നു അവിടെ. എന്നാല്‍, നേതൃത്വത്തില്‍ നിന്ന് പലപ്പോഴും തഴയുന്നതായി തോന്നിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് നല്‍കുന്ന ഗ്രേഡ് ഒക്കെ നല്‍കാന്‍ പലപ്പോഴും അവര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ അതിലെനിക്ക് വിഷമം തോന്നിയിട്ടില്ല.

വലിയ നേതാക്കളായി പള്ളിയില്‍ ഇരിക്കുന്നതിനേക്കാള്‍ ചെറിയ ശുശ്രൂഷകള്‍ ചെയ്ത് വിശ്വാസികള്‍ക്കൊപ്പം കഴിയാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് നേതൃത്വത്തിനോട് പരാതിയും പറഞ്ഞിട്ടില്ല. ചെയ്യുന്ന ജോലിയില്‍ എനിക്ക് സംതൃപ്തി ഉണ്ടായിരുന്നു. മനസിന്റെ ദൈവികമായ ബന്ധത്തില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങള്‍ തൃപ്തിയോടെ ചെയ്യാനായതു കൊണ്ടാണ് വിഷമം തോന്നാതിരുന്നത്. എല്ലാവരും എന്നെ ഇപ്പോഴും അംഗീകരിക്കാറുണ്ട്.

ജോലി ചെയ്ത പള്ളികളില്‍ നിന്നെല്ലാം ആളുകള്‍ വിളിക്കാറുണ്ട്. പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് അവിടങ്ങളിലെ വിശ്വാസികള്‍ വിളിക്കാറുണ്ട്. നേതൃത്വം നേരിട്ട് വഴക്ക് പറയാറില്ലെങ്കിലും നേതൃത്വത്തിന് ചിലപ്പോള്‍ എന്തെങ്കിലും അതൃപ്തി മനസ്സില്‍ ഉണ്ടായിരിക്കാം. എന്നെക്കുറിച്ച് ചെറിയ പരാതി പോലും നേതൃത്വത്തിന് പോകാത്തതു കൊണ്ടാകാം നേരിട്ട് വഴക്കോ മറ്റോ പറയാതിരുന്നത്.

വേറെയും വനിതകള്‍ പഠിക്കാന്‍ ഉണ്ടായിരുന്നില്ലേ. അവരാരും അച്ചന്‍മാരായില്ലല്ലോ?

എന്നോടൊപ്പം പഠിച്ചിട്ടുള്ളവര്‍ മറ്റു മഹാഇടവകയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരായിരുന്നു. അതുകൊണ്ടായിരിക്കാം. എന്റെ ബാച്ചില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഠിക്കാനായി നിരവധി സ്ത്രീകള്‍ വരുന്നുണ്ട്. പക്ഷേ, മഹാ ഇടവക ഇപ്പോള്‍ ആര്‍ക്കും ഓര്‍ഡിനേഷന്‍ കൊടുക്കുന്നില്ല. എന്തുകൊണ്ടാണ് നിര്‍ത്തിയത് എന്ന് അറിയില്ല. നിര്‍ത്തിവച്ചതായി ഉത്തരവില്ല. എങ്കിലും ആര്‍ക്കും കൊടുക്കുന്നില്ല. അത് മഹാ ഇടവകയുടെ ക്രമീകരണം ആയിരിക്കാം. കേപ്പബിള്‍ ആയിട്ടുള്ളവര്‍ ഉണ്ട്.

പക്ഷേ, അവര്‍ക്ക് ഈ ഫീല്‍ഡില്‍, അതായത് പൗരോഹിത്യത്തിലേക്കോ സഭയുടെ ചാര്‍ജ്ജിലേക്കോ വരാന്‍ താല്‍പര്യമില്ല. താല്‍പര്യമുള്ളവരുമുണ്ട്. എനിക്ക് ശേഷം ആള് വേണമെന്ന് പറയാറുണ്ട്. ഞാന്‍ മാത്രമല്ല, ആണുങ്ങളായ അച്ചന്‍മാരും വാദിക്കുന്നുണ്ട്. നേതൃത്വം അത് കാര്യമായിട്ട് എടുക്കാറില്ല. ആധികാരികതയൊന്നുമില്ലെങ്കിലും ദൈവവുമായുള്ള ബന്ധത്തില്‍ ശുശ്രൂഷ ചെയ്യുന്ന ധാരാളം സ്ത്രീകളുണ്ട്.

കത്തോലിക്ക വിഭാഗം സ്ത്രീകളെ പൗരോഹിത്യത്തിലേക്ക് കടക്കാന്‍ സ്ത്രീകളെ തീരെ അനുവദിക്കാത്തത് എന്തുകൊണ്ടാകാം?

അവര്‍ പണ്ടേ അതിന് അനുവദിക്കുന്നില്ലല്ലോ. കന്യാസ്ത്രീകളുണ്ടെങ്കിലും ചര്‍ച്ചിന്റെ എല്ലാ ശുശ്രൂഷകളും ചെയ്യാനുള്ള അധികാരം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നില്ല.

ഈ അടുത്ത കാലത്തുണ്ടായ കന്യാസ്ത്രീ വിവാദങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?

ക്രിസ്ത്യന്‍ സമുദായത്തെ ആകെ നാണംകെടുത്തിയ സംഭവങ്ങളാണല്ലോ. അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിവാഹജീവിതം അനുവദിച്ചുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മനുഷ്യരാണല്ലോ.

വെല്ലുവിളികളുണ്ടായിട്ടുണ്ടോ?

എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല, കരോള്‍ ശുശ്രൂഷ ഒക്കെ ചെയ്യാറുണ്ടായിരുന്നു. അതിന് പല പ്രായത്തിലുള്ളവര്‍ വരും. മക്കളെ പോലും സഹോദരങ്ങളെ പോലെയുമാണ് അവരെല്ലാം ഇടപെട്ടിരുന്നത്. ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.

ആദ്യ പുരോഹിത മരതകവല്ലി ഡേവിഡ് സ്വാധീനിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. നല്ല ശുശ്രൂഷയും അവരെകുറിച്ച് നല്ല അഭിപ്രായവുമായിരുന്നു എല്ലാവര്‍ക്കും. 1989-ലാണ് അവര്‍ അച്ചനായതാണെന്നാണ് എന്റെ ഒരോര്‍മ്മ. അവര്‍ നേരത്തെ മരണപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ റിട്ടയര്‍മെന്റ് ജീവിതത്തിലായിരുന്നേനെ.

റിട്ടയര്‍മെന്റിന് ശേഷം എങ്ങനെയാണ് ജീവിതം?

ഏപ്രില്‍ 30ന് ആയിരുന്നു റിട്ടയര്‍മെന്റ്. രണ്ടാഴ്ച ആകുന്നതല്ലേയൂള്ളൂ. റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ ഒരു വീട് കരുതിയിട്ടിരുന്നു. ഇപ്പോള്‍ ഇളയമകനും കുടുംബത്തോടുമൊപ്പം കാട്ടാക്കടയിലെ ആ വീട്ടിലാണ് താമസം. മൂത്തമകന്‍ ഷാജി.ആര്‍.വിക്ടര്‍ നിയമസഭയില്‍ ജോലി ചെയ്യുന്നു. ഇപ്പോഴും ആരാധനയ്‌ക്കൊക്കെ ആളുകള്‍ വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും തൊട്ടടുത്ത പള്ളിയില്‍ ഞാനായിരുന്നു ശുശ്രൂഷയില്‍ പങ്കെടുത്തു മെസേജ് നല്‍കിയത്. അടുത്ത ദിവസങ്ങളിലും ചില പള്ളികളില്‍ വിളിച്ചിട്ടുണ്ട്.

മക്കള്‍ അമ്മയുടെ ഈ ജോലിയുമായി പൊരുത്തപ്പെട്ടിരുന്നോ?

മക്കള്‍ തൃപ്തരായിരുന്നു. ശുശ്രൂഷയിലും പ്രാര്‍ത്ഥനയിലും മാത്രമല്ല, പള്ളിക്കാരെ ബാക്കിയുള്ളവര്‍ അംഗീകരിക്കുന്നു എന്നതിലും അവര്‍ തൃപ്തരാണ്. എല്ലാവരും സ്‌നേഹിക്കുന്നു, കരുതുന്നു, ബഹുമാനിക്കുന്നു. ഞാനും സംതൃപ്തയാണ്.

മക്കള്‍ പൗരോഹിത്യത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചില്ലേ?

എനിക്കും അവരുടെ പപ്പയ്ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നേതൃത്വം അതിന് വേണ്ട ക്രമീകരണം ഉണ്ടാക്കി തന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും അത് നടന്നില്ല. എവിടെയും സ്വാധീനമാണ്. ഏത് മേഖലയിലും കൂടെ നില്‍ക്കണം, സ്വാധീനിക്കണം എന്നത് നേതൃത്വത്തിനിടയിലുമുണ്ട്.

പക്ഷേ, സ്വാധീനത്തിന് പോകാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. മഹാ ഇടവകയുടെ ഔദ്യോഗികമായ തലത്തിലല്ലെങ്കിലും ഇളയമകന്‍ ഒരു ചെറിയ പള്ളിയില്‍ ശുശ്രൂഷയ്ക്ക് പോകാറുണ്ട്. അവന് വളരെ താല്‍പര്യമുണ്ടായിരുന്നു. ശമ്പളം കിട്ടില്ല എന്നേയുള്ളൂ, ദൈവികമായ ബന്ധത്തില്‍ നന്മ ചെയ്യുക എന്നതാണല്ലോ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അതില്‍ അവന് പറ്റുന്നത് പോലെ അവന്‍ ചെയ്യുന്നു. ഇതുവരെയും ദൈവം ഞങ്ങളുടെ കൂടെ തന്നെ നിന്നു.

പുറംരാജ്യങ്ങളില്‍ വിശ്വാസികളുടെ എണ്ണം കുറയുന്നു എന്ന് പഠനം പറയുന്നുണ്ട്?

അത് വിശ്വസിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അത്തരം വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും അങ്ങനെയല്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More