കഥ, പുതുമ, ടീം: ഷെയ്ന്‍ നിഗമിന്റെ വിജയക്കൂട്ട്‌

73

സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. ഡാന്‍സിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് പിച്ചവെച്ച് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ആ കൊച്ചുപയ്യന്‍ ഇപ്പോള്‍ കേരളത്തിലെ യുവതയുടെ മുഖമാണ്. ഇഷ്‌ക് തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ സിനിമയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് ഷെയ്ന്‍ സംസാരിക്കുന്നു.

ഇഷ്‌കിലേക്ക് എങ്ങനെയെത്തി?

പ്രൊഡ്യൂസര്‍ വഴിയാണ് ഞാന്‍ ഇഷ്‌കിലേക്ക് എത്തിയത്. സിവി സാരഥി ഫോണില്‍ വിളിച്ചിരുന്നു. ഒരു പുതിയ കഥയുണ്ട്. കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കഥ കേട്ടു. കഥയിഷ്ടമായി. സച്ചിയുടെ വേഷം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നി. അങ്ങനെ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. കഥയില്‍ എനിക്ക് പുതുമ തോന്നി.

എന്താണ് ഇഷ്‌കിന്റെ പുതുമ?

പ്രണയം മാത്രം പറയുന്ന സിനിമയല്ല ഇഷ്‌ക്. ടാഗ് ലൈന്‍ പോലെ. ഇഷ്‌ക് നോട്ട് എ ലവ് സ്‌റ്റോറി. രണ്ട് പേരുടെ പ്രണയം പറയുന്നതിലുമുപരി സാമൂഹിക പ്രസക്തിയുള്ള, നമ്മുടെ നാട്ടില്‍ ഇന്ന് നടക്കുന്ന ഒരു പ്രശ്‌നം കൂടെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. പ്രണയവുമുണ്ട്. പക്ഷേ അതിനപ്പുറമുള്ള പ്രശ്‌നങ്ങളുമുണ്ട്. പ്രണയത്തിനൊപ്പം സമൂഹത്തില്‍ ഉണ്ടാകുന്ന പ്രശ്‌നവും ഗൗരവത്തോടെ പറയുന്ന സിനിമയാണ് ഇഷ്‌ക്. അതാണ് പുതുമ.

കുമ്പളങ്ങിയുടെ ഹാങ്ങോവര്‍ ഇപ്പോഴുമുണ്ട് ഇവിടുത്തെ പ്രേക്ഷകരില്‍. ബോബിയില്‍ നിന്ന് ഇഷ്‌കിലേക്ക്. സച്ചിയിലേക്ക്?

ഇഷ്‌ക് ഷൂട്ടിങ് തുടങ്ങുന്നത് കുമ്പളങ്ങി കഴിഞ്ഞ ഉടനെയായിരുന്നു. ബോബിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇഷ്‌കിലെ സച്ചി. രൂപത്തിലും ക്യാരക്ടറിലും. രൂപമാറ്റത്തിനായി കുറച്ച് എഫേര്‍ട്ട് എടുത്തിട്ടുണ്ട്. സംവിധായകനായ അനുരാജ് മനോഹര്‍ പറഞ്ഞതുപോലെ പല്ലില്‍ കമ്പിയിട്ടു. ബോബിക്ക് നല്ല മുടിയൊക്കെ ഉണ്ടായിരുന്നല്ലോ. അതൊക്കെ വെട്ടി. താടിയൊക്കെ മാറ്റി. ഒരു യങ്‌സ്റ്റര്‍ ലുക്കാണ് ഇഷ്‌കില്‍. ഇഷ്‌കില്‍ കഥാപാത്രത്തിന് ആ ലുക്ക് അനിവാര്യമാണ്.


കിസ്മത്ത്, കുമ്പളങ്ങി, ഈട ഇപ്പോള്‍ ഇഷ്‌ക്. എല്ലാത്തിലും പ്രണയ നായകനാണ്?

പ്രണയമില്ലാത്ത സിനിമകള്‍ കുറവാണ്. ഏത് സിനിമയിലും കുറച്ച് പ്രണയമുണ്ടാകും. അതിപ്പോള്‍ നായകനും നായികയും തന്നെ ആകണമെന്നില്ല. പ്രണയം പറയുകയും അതേ സമയം അതില്‍ മാത്രം ഒതുക്കാതെ മറ്റ് വിഷയങ്ങളും പറയുന്നതാണ് മിക്ക സിനിമകളും. ഈ പറഞ്ഞ സിനിമകളൊക്കെയും അതില്‍പ്പെടുന്നവയാണ്. ഇഷ്‌കിലും പ്രണയം മാത്രമല്ലെന്ന് കണ്ടുകഴിയുമ്പോള്‍ മനസിലാകും.

പ്രണയം മാത്രം പറയുന്ന പറയത്തക്ക പുതുമയൊന്നുമില്ലാത്ത സിനിമകള്‍ ഒഴിവാക്കാറുണ്ട്. വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെത്തെ സിനിമകളേ ചെയ്യൂ എന്ന് വാശിപിടിക്കാന്‍ പറ്റില്ലല്ലോ. വരുന്ന സിനിമകള്‍, കഥകള്‍ കൂടുതലും ഇങ്ങനെ പ്രണയമൊക്കെ ഉള്ളതാണ്.

ഒരുപിടി നല്ല സിനിമകള്‍ പറയാനുണ്ട്. ഷെയ്ന്‍ എന്ന അഭിനേതാവില്‍ വന്ന മാറ്റം? എത്രത്തോളം നല്ല നടനായി?

ഞാന്‍ എത്ര നല്ല നടനാണെന്ന് പറയേണ്ടത് ഞാനല്ല. അത് പ്രേക്ഷകരാണ്. പിന്നെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതിര്‍ന്ന നടന്മാരുമായി അഭിനയിക്കുമ്പോള്‍ അഭിനയത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അഭിനയം കുറച്ചുകൂടെ മെച്ചപ്പെട്ടതായാണ് തോന്നിയിട്ടുള്ളത്. ഓരോ സിനിമയും ഓരോ പാഠങ്ങളാണ് എന്നാണ് തോന്നിയിട്ടുള്ളത്. അഭിനയം മെച്ചപ്പെടുത്താന്‍ തന്നെയാണ് ശ്രമങ്ങള്‍.

ഓരോ സെറ്റും വ്യത്യസ്തമാണ്. സുഹൃത്തുക്കളുടെ കൂടെ ചെയ്യുന്നതും അല്ലാത്ത ഒരു ടീമുമായി ചെയ്യുമ്പോളും രണ്ട് തരം അനുഭവങ്ങളാണ്. അതില്‍ നിന്നും പഠിക്കാനുണ്ട്. എങ്ങനെയുള്ള സെറ്റായാലും പൊരുത്തപ്പെടാന്‍ സാധിക്കണം. അതിനായി ശ്രമിക്കാറുണ്ട്. ഇങ്ങനെ പഠിച്ചുകൊണ്ടേയിരിക്കുന്നു.

ഷെയ്ന്‍ നിഗം
ഷെയ്ന്‍ നിഗം

സിനിമ തെരഞ്ഞെടുക്കുന്ന ക്രൈറ്റീരിയ എന്താണ്?

കഥ നോക്കും. പറ്റുന്നതാണോയെന്ന് നോക്കണം. പിന്നെ അണിയറ പ്രവര്‍ത്തകരെയും നോക്കാറുണ്ട് ഞാന്‍. നല്ല ഒരു ടീമുണ്ടെങ്കില്‍ ആ സിനിമ ചെയ്യും. ഇപ്പോള്‍ കുമ്പളങ്ങി അങ്ങനെ ചെയ്തതാണ്. അങ്ങനെയൊരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുകയല്ലേ. അത് അവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള താത്പര്യം കൊണ്ടുകൂടിയാണ്. അവിടെ കഥയേക്കാള്‍ പ്രധാന്യം അണിയറയ്ക്കായിരുന്നു. കിസ്മത്തിന് ശേഷമാണ് കുമ്പളങ്ങിയിലേക്ക് വിളി വന്നത്. തുടക്കക്കാരനെന്ന നിലയില്‍ അങ്ങനയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുകയെന്നത് നല്ലതാണെന്ന് തോന്നി.

പുതുമുഖങ്ങള്‍ക്കൊപ്പമാണെങ്കില്‍ അവരുടെ ടീം ശക്തമാണോയെന്നും നോക്കും. ഇഷ്‌ക് പുതിയ ആള്‍ക്കാരുടെയാണ്. പക്ഷേ ആ ടീം അത്രയ്ക്ക് ശക്തമായിരുന്നതുകൊണ്ട് കൂടിയാണ് തെരഞ്ഞെടുത്തത്.

ഇഷ്‌കിലെ അണിയറ പ്രവര്‍ത്തകരെക്കുറിച്ച്?

സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറച്ച് സമയം അണിയറ പ്രവര്‍ത്തകരുമായി ചെലവിടാന്‍ പറ്റിയിരുന്നു. അപ്പോഴേക്കും നല്ല അടുപ്പമായി. അത് ഷൂട്ടിങ് സമയത്ത് സഹായിച്ചു. അവരോടൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. ഇവര്‍ക്കൊക്കെ നല്ല എക്‌സ്പീരിയന്‍സ് ഉണ്ട്. സ്വന്തമായിട്ട് സിനിമ ആദ്യമെന്നെയുള്ളൂ.

ഇഷ്‌കിന്റെ സംവിധായകനായ അനുരാജ് സഹസംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെയൊക്കെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. ക്യാമറാമാന്‍ അന്‍സാര്‍ ഷായും ഈ രംഗത്ത് അനുഭവമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇഷ്‌ക് ഷൂട്ടിങ് നല്ലതായിരുന്നു. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല.

Comments
Loading...