പഠിത്തവും വരയും; ക്യുപ്പിപ്പെണ്ണ് തിരക്കിലാണ്

റോഡരികുകളില്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നമ്മുടെ കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ വലിച്ചെറിയുന്ന കുപ്പികളില്‍ നിറങ്ങള്‍ ചാലിച്ച് സുന്ദരമാക്കിയെടുക്കുന്ന ഒരു ജാലവിദ്യക്കാരിയുണ്ട്. കൊല്ലം ജില്ലയിലെ അപര്‍ണ. ‘ക്യുപ്പി’യെന്ന പേരില്‍ അപര്‍ണ കുപ്പികളില്‍ വസന്തം തീര്‍ക്കുകയാണ്. അപര്‍ണയുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.

കുപ്പിവരകളിലേക്ക് എങ്ങനെയെത്തി?

കുപ്പിവരയല്ല ആദ്യം തുടങ്ങിയത്. ആദ്യം ജ്വല്ലറി മേക്കിങ് ആരുന്നു. പിന്നെ ചെറിയ രീതിയില്‍ ഫാബ്രിക് പെയിന്റിങ് ഒക്കെയുണ്ടായിരുന്നു. ടെറാക്കോട്ട ജ്വല്ലറിയും ഒന്ന് പരീക്ഷിച്ചു. അങ്ങനെ എല്ലാത്തിലും കൈവെച്ച് അവസാനമാണ് ഇതിലെത്തിയത്.

ഒരു ദിവസം കോളജില്‍ നിന്നു വരുമ്പോള്‍ വഴിയില്‍ പച്ചനിറത്തിലുള്ള എന്തോ ഒന്നു കണ്ടു. വൈകുന്നേരത്തെ വെയില്‍ അതിലേക്ക് പതിച്ചിട്ട് നല്ല തിളക്കമായിരുന്നു. എന്താണെന്നു നോക്കിച്ചെന്നപ്പോഴാണ് മനോഹരമായ ഒരു കുപ്പി കണ്ടത്. സംഗതി വൈന്‍ ബോട്ടിലാണെന്ന് ആദ്യം തന്നെ മനസിലായി. പിന്നെ അത് എങ്ങനെയെങ്കിലും എടുക്കണം എന്നായി. പക്ഷേ ചുറ്റും ആളുകളുണ്ടായിരുന്നതുകൊണ്ട് എടുക്കാന്‍ നല്ല ചമ്മലായിരുന്നു.

അന്ന് ആ കുപ്പിയെടുക്കാന്‍ രണ്ടോ മൂന്നോ പ്രാവശ്യം ഒരു കാര്യോം ഇല്ലാതെ ഞാന്‍ ആ വഴി നടന്നു. ഒടുവില്‍ ആള്‍ക്കാ രൊക്കെ മാറിയപ്പോള്‍ പെട്ടെന്ന് അതെടുത്ത് ബാഗിലാക്കി വീട്ടിലേക്ക് ഓടി. ആ പച്ച നിറത്തിലുള്ള വൈന്‍ ബോട്ടിലാണ് ഇന്ന് ഒരുപാടു കുപ്പികള്‍ നിറയുന്ന ക്യുപ്പിയിലേക്കുള്ള ആദ്യ പടി. ഇപ്പോള്‍ കാണുന്ന കുപ്പികളെല്ലാം പെറുക്കും.

ഇപ്പോള്‍ പലരും ഇങ്ങോട്ടേക്ക് വിളിച്ച് കൊണ്ടുത്തരാറുണ്ട്. ചിലരൊക്കെ കുപ്പികള്‍ എനിക്ക് ഗിഫ്റ്റ് ചെയ്യാറുമുണ്ട്. പിന്നെ വരകള്‍ തുടങ്ങിയത് അമ്മയില്‍ നിന്നാണ്. അമ്മയ്ക്ക് ഇങ്ങനെ ചെറിയ മിനുക്കുപണികളൊക്കെയുണ്ട്.

പഠിത്തവും വരയും; ക്യുപ്പിപ്പെണ്ണ് തിരക്കിലാണ് 1

എങ്ങനെ പോകുന്നു കുപ്പിവരകള്‍?

കിടിലമായി പോകുന്നു…ഇത്രയൊക്കെ സ്വീകാര്യത കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചുമ്മാ വട്ടിന് തുടങ്ങിയതാണ്. ഇപ്പോള്‍ കുറെപേര്‍ കുപ്പികളില്‍ വരച്ച് തരണമെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഒക്കെ വഴിയാണ് വില്‍പ്പന. ആവശ്യക്കാര്‍ മെസേജ് ചെയ്യും, പിന്നെ വിളിക്കും. ആദ്യമൊക്കെ നല്ല സമയം കിട്ടുമായിരുന്നു.

ഓര്‍ഡറുകള്‍ കൂടിയപ്പോള്‍ പണി ഇരട്ടിയായി. ഇടയ്ക്ക് ഞാനങ്ങ് ബ്രേക്ക് ചവിടട്ും. ഒരു രണ്ടുമൂന്ന് ദിവസമൊക്കെ ഒന്നും ചെയ്യില്ല. ഇപ്പോള്‍ പുറത്തുനിന്നും ഓര്‍ഡറുകള്‍ വരാറുണ്ട്. പക്ഷേ ഇന്റര്‍നാഷണലി കൊടുത്ത് തുടങ്ങിയില്ല, ഇനി അതും ചെയ്യണം. ബര്‍ത്ത് ഡേയ്‌ക്കൊക്കെ ഗിഫ്റ്റ് കൊടുക്കാനായും കല്യാണത്തിനൊക്കെ ഗിഫ്റ്റ് കൊടുക്കാനായും ആണ് പ്രധാനമായും എല്ലാവരും വാങ്ങിക്കുന്നത്. പറ്റാവുന്ന പോലെ ചെയ്ത് കൊടുക്കാറുണ്ട്. വെറൈറ്റി പരീക്ഷണങ്ങളും നടത്താറുണ്ട്.

ഒരു ഭാവി അധ്യാപികയല്ലേ?

അതേ, ഇപ്പോള്‍ ബിഎഡ് പഠനം നടക്കുകയാണ്. കോളേജില്‍ എല്ലാവരും വലിയ സപ്പോര്‍ട്ടാണ്. ക്ലാസിലേക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ കുപ്പി പെറുക്കാറുണ്ട്. ബാഗില്‍ ബുക്കിനൊപ്പം കുപ്പിയും കാണും. ഞാന്‍ ലേറ്റായി ചെന്നാല്‍ അവര്‍ക്ക് മനസിലാകും, എവിടോ ഏതോ കുപ്പി കളഞ്ഞ് കിട്ടിക്കാണുമെന്ന്. രാവിലെ കോളേജില്‍ പോയി വൈകുന്നേരം വരെ പഠിക്കും. തിരിച്ച് വന്ന് പഠിത്തവും എഴുത്തുമൊക്കെ കഴിഞ്ഞിട്ട് കുപ്പിവരയ്ക്കാന്‍ ഇരിക്കും. നല്ല ലേറ്റാകും ചിലപ്പോഴൊക്കെ. ഇപ്പോള്‍ നല്ല കഷ്ടപ്പാടാണ്. പഠിത്തം ഒട്ടും നടക്കാതെ വരുമ്പോള്‍ ഒരു സഡന്‍ ബ്രേക്കിടും. എന്നിട്ട് തിരക്കൊഴിഞ്ഞിട്ട് വരപ്പ് തുടങ്ങും.

ഇപ്പോള്‍ പഠിത്തം ഒരു വെല്ലുവിളിയാണ്. ലെസണ്‍ പ്ലാനും അസൈന്റ്‌മെന്റ്‌സും ധാരാളമുണ്ട്. അതിനിടയില്‍ ഈ വരയും. ഏപ്രിലില്‍ എന്റെ ബിഎഡ് പഠനം കഴിയും. അതുകഴിഞ്ഞു വേണം സജീവമായി എന്റെ ക്യുപ്പിക്കൊപ്പം ഇരിക്കാന്‍.

ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍

ടെറാക്കോ ജ്വല്ലറിയിലൂടെയാണ് ഞാന്‍ ഓണ്‍ലൈന്‍ സെയില്‍ ആരംഭിക്കുന്നത്. അതുപക്ഷേ ഇത്ര വിപുലമായിരുന്നില്ല. പിന്നെ കുപ്പി വന്നപ്പോഴാണ് ഓണ്‍ലൈന്‍ സെയിലിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കിയത്. ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു കസ്റ്റമേഴ്സ്. വളരെ തുച്ഛമായ വിലയ്ക്കാണ് തുടക്കത്തില്‍ കുപ്പി വിറ്റിരുന്നത്.

വര്‍ക്കിന്റെ സ്വഭാവമനുസരിച്ച് കുപ്പിയുടെ വിലയില്‍ വ്യത്യാസം വരും. സാധാരണ കുപ്പികള്‍ക്കു പുറമേ പേഴ്സണലൈസ്ഡ് കുപ്പികള്‍ക്കും കലണ്ടര്‍ കുപ്പികള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍. ആവശ്യം വരുമ്പോള്‍ നമുക്ക് ഓരോ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ താത്പര്യം തോന്നുമല്ലോ. അതുകൊണ്ട് ഞാന്‍ ബോട്ടില്‍ ആര്‍ട്ടിനേക്കുറിച്ച് കൂടുതല്‍ റെഫര്‍ ചെയ്യുകയും അപ്ഡേറ്റഡ് ആണെന്ന് സ്വയം ഉറപ്പുവരുത്തുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ക്യുപ്പിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതോടെ ഫോളോവേഴ്സിന്റെ എണ്ണവും ഓര്‍ഡറുകളും കൂടി.

പലരും പേജില്‍ കണ്ടും സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞുമാണ് വിളിക്കുന്നത്. തുടക്കത്തില്‍ ബൈ ഹാന്‍ഡ് ഡെലിവറിയായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ ഓര്‍ഡറുകള്‍ വന്നു തുടങ്ങിയതോടെ കൊറിയറായും ബോട്ടിലുകള്‍ എത്തിച്ചുകൊടുക്കാറുണ്ട്. ചില ഹോട്ടലുകളില്‍ നിന്നും ഇവന്റ് ഗ്രൂപ്പുകളില്‍ നിന്നുമൊക്കെ ബള്‍ക്ക് ഓര്‍ഡറുകളും കിട്ടും. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്.

അഷ്ടമുടി ടു ഇഷ്ടമുടി

ഈ കായലും അതില്‍ നിറഞ്ഞൊഴുകുന്ന മാലിന്യങ്ങളും എപ്പോഴും കാണാറുണ്ട്. എനിക്ക് ഏറ്റവുമധികം കുപ്പികള്‍ കിട്ടുന്നതും ഈ കായല്‍ തീരത്തു നിന്നാണ്. ഇതിന് എന്തെങ്കിലുമൊരു പരിഹാരം വേണം എന്ന് കരുതിയിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജലദിനത്തോടനുബന്ധിച്ച് അത് നടന്നു.

‘ഞാന്‍ കുപ്പി ഉപയോഗിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇവിടെ അടുത്തുള്ള പലരും ഇതുചെയ്തു തുടങ്ങി. അപ്പോള്‍ എനിക്കു മനസിലായി ഒരാശയം മുന്നോട്ടുവച്ചാല്‍ അത് ഏറ്റെടുക്കാന്‍ തയാറുള്ള ഒരുപാടുപേര്‍ നമുക്കു ചുറ്റുമുണ്ടെന്ന്. ആളുകളുടെ സമീപനത്തിലെ വ്യത്യാസം നേരിട്ട് മനസിലാക്കിയതില്‍ നിന്നാണ് ഞാനിതു പറയുന്നത്. എങ്കില്‍പ്പിന്നെ എന്നാല്‍ കഴിയുന്നിടത്തോളം ആളുകളെ സംഘടിപ്പിച്ച് അഷ്ടമുടിക്കായലിനെ പുനരുജ്ജീവിപ്പിച്ചുകൂടെ എന്നെനിക്കു തോന്നി. കൊല്ലത്ത് ഒരുപാട് സ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നുണ്ടെങ്കിലും അഷ്ടമുടിക്കായലിനെയാണ് എനിക്ക് അടുത്തറിയാവുന്നത്.

കായല്‍ മുഴുവന്‍ ഒരാള്‍ വിചാരിച്ചാല്‍ വൃത്തിയാക്കാന്‍ സാധിക്കില്ലെന്ന് എനിക്കറിയാം. അതേസമയം ഒരു കൂട്ടം ആളുകള്‍ വിചാരിച്ചാല്‍ ചെറിയ മാറ്റങ്ങള്‍ സാധ്യമാകുമല്ലോ. ഇവിടെ നിന്നാണ് അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം എന്ന കാമ്പയിന്‍ ആരംഭിക്കുന്നത്. കാമ്പയിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോഴും ഇത് ഇത്ര വലിയ വിജയമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

പക്ഷേ എന്നെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ആളുകള്‍ മുന്നോട്ടുവന്നത്. കൊല്ലം ലിങ്ക് റോഡ് ഭാഗമാണ് ആദ്യം വൃത്തിയാക്കിയത്. ഇവിടുത്തെ മൂന്ന് ആശുപത്രികളില്‍ നിന്നുള്ള ഡ്രെയിനേജ് മാലിന്യങ്ങള്‍ തള്ളുന്നത് കായലിലേക്കാണ്. അതു കൂടാതെ ഹോട്ടലില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഇറച്ചിക്കടമാലിന്യങ്ങളും ഒക്കെ അടിയുന്നത് ഇവിടെയാണ്. ഇതില്‍ ഞങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കുന്നത് കുപ്പി, ബള്‍ബ് തുടങ്ങിയ മാലിന്യങ്ങള്‍ മാത്രമാണ്.

അവിടെനിന്നു ശേഖരിച്ച മാലിന്യങ്ങളുപയോഗിച്ച് ഞങ്ങള്‍ മനോഹരമായ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ചു. ഈ വസ്തുക്കളെല്ലാം ഇതേ അഷ്ടമുടിക്കായലിന്റെ തീരത്തുതന്നെ ഞങ്ങള്‍ വില്‍പനയ്ക്കു വച്ചു. കുറേ ആളുകള്‍ അന്ന് ആ കുപ്പികളൊക്കെ വന്ന് വാങ്ങി. അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി.

പഠിത്തവും വരയും; ക്യുപ്പിപ്പെണ്ണ് തിരക്കിലാണ് 2

കുപ്പി തന്നെയാണോ സ്വപ്നം

ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ് ക്യുപ്പിയുടെ കാര്യം നോക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ സഹായിക്കാറുണ്ട്. ഇതുവരേയും ഞാന്‍ ക്യുപ്പി എന്ന ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിഎഡ് കഴിഞ്ഞു വേണം അതു ചെയ്യാന്‍.

പിന്നെ പഠനം നിര്‍ത്തിയാല്‍ പിടിച്ച് കെട്ടിച്ചു വിടും എന്നുള്ളതു കൊണ്ട് എംഎഡിന് ചേരണം. ക്യുപ്പിയെ സോഷ്യല്‍ മീഡിയ പേജില്‍ തളച്ചിടാതെ പുറത്തേക്കു കൊണ്ടുവരണം എന്നുണ്ട്. ഒരു ആര്‍ട്ട് ഗാലറിയാണ് മനസില്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആര്‍ട്ട് ഗാലറി എന്ന സ്വപ്നമുണ്ട്. പ്രളയകാലത്ത് ക്യുപ്പിയില്‍ നിന്നു കിട്ടിയ വരുമാനം കൊണ്ട് എന്നാല്‍ കഴിയുന്ന സഹായം ഞാനും ചെയ്തു. ഇനി മുന്നോട്ടും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്.

ദൈവം അനുഗ്രഹിച്ചാല്‍ എല്ലാം സാധിക്കും. പിന്നെ ടൂറിസത്തിലും ഒരു കൈ നോക്കണം. എന്റെ വീട് മണ്‍റോതുരുത്തിന് അടുത്താണ്, ഇപ്പോള്‍ വീടിനടുത്ത് ഒരുക്കിയിട്ടുള്ള ചെറിയ ഒരു വീട്ടിലാണ് കുപ്പികളൊക്കെ സൂക്ഷിച്ചേക്കുന്നത്. അത് കാണാനായി ഇവിടെ ആളുകള്‍ വരാറുണ്ട്. അതുപോലെ എന്തേലുമൊക്കെ ചെയ്യണം.

(ഫോട്ടോകള്‍ക്ക് കടപ്പാട് ക്യുപ്പി ഫേസ് ബുക്ക് പേജ്)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More