ഒമ്പത് മാസം പച്ചക്കറി മാത്രം; ഗൗരി നന്ദ മെലിഞ്ഞതിങ്ങനെ

തീയറ്ററുകളില്‍ അയ്യപ്പനും കോശിയും നിറഞ്ഞോടുകയാണ്. പൃഥ്വിരാജിനും ബിജു മോനോനും ഒപ്പം ഇന്ന് ചര്‍ച്ചയാകുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഒരൊറ്റ ഡയലോഗില്‍ കോശിയുടെ ആണത്തത്തിന്റെ മുനയൊടിച്ച കണ്ണമ്മയെന്ന ആദിവാസി സ്ത്രീ. കണ്ണമ്മയായെത്തിയത് ഗൗരി നന്ദ. ഒക്കത്ത് പിഞ്ചുകുഞ്ഞിനെയും പിടിച്ച്, തീക്ഷ്ണമായ നോട്ടങ്ങളുമായി കോശിയെ വിറപ്പിച്ച കണ്ണമ്മയായി തീയറ്ററുകളില്‍ കയ്യടി നേടിയ ഗൗരി നന്ദ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.

കയ്യടി വാങ്ങുന്ന കണ്ണമ്മ

ഇപ്പോള്‍ എന്റെ പേരിനേക്കാള്‍ കണ്ണമ്മ എന്ന പേരിലാണ് എന്നെ എല്ലാവരും അറിയുന്നത്. ഒരുപാട് സന്തോഷമുണ്ട്, ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് വളരെ വലിയ കാര്യമാണ്. അതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഫുള്‍ ക്രെഡിറ്റും സംവിധായകന്‍ സച്ചി സാറിനാണ്.

അദ്ദേഹമാണ് അങ്ങനൊരു കഥാപാത്രത്തെ സൃഷ്ടിച്ച് എനിക്ക് നല്‍കിയത്. സച്ചി സാറിന്റെ കഥകളില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രത്യകിച്ചും. അവരുടെ വ്യക്തിത്വം കാട്ടുന്ന സീനുകള്‍ ുണ്ടാകും. കണ്ണമ്മയെന്ന കഥാപാത്രത്തെ എന്നെ വിശ്വസിച്ച് സര്‍ തന്നു. അത് കുറച്ചെങ്കിലും നന്നായി എനിക്ക് ചെയ്യാന്‍ പറ്റി.

ഇപ്പോള്‍ ആളുകള്‍ നല്ലതെന്ന് പറയുമ്പോള്‍ സന്തോഷമാണ്.കണ്ണമ്മയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ന്യായത്തിന് വേണ്ടി പോരാടുന്ന, അന്യായം കണ്ടാല്‍ പ്രതികരിക്കുന്ന, അവളുടെ ആളുകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ശക്തയായ സ്ത്രീയാണ് കഥാപാത്രം.

ഗൗരി നന്ദ കണ്ണമ്മയാകാനുള്ള തയ്യാറെടുപ്പുകള്‍

സച്ചി സാറാണ് സ്‌ക്രിപ്റ്റ് പറഞ്ഞുതന്നത്, തുടക്കത്തിലേ കണ്ണമ്മ എന്ന കഥാപാത്രത്തെ കുറിച്ച് വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു.  അവളുടെ ശരീരഭാഷ ഇങ്ങനെയാണ്, നടക്കുന്നത് ഇതുപോലെയാണ്, അവളൊരു കാര്യത്തെ സമീപിക്കുക ഇങ്ങനെയായിരിക്കും എന്നെല്ലാം വളരെ ഡീറ്റെയിലായി പറഞ്ഞു തന്നിരുന്നു. കഥാപാത്രത്തിന് വേണ്ടി 9 മാസത്തോളം കുറച്ചധികം തന്നെ കഷ്ടപ്പെട്ടു.

അട്ടപ്പാടിയിലെ സ്ത്രീകള്‍ വെയിലും മഴയുമൊന്നും വക വയ്ക്കാതെ, സ്വന്തം ശരീരം പോലും നോക്കാതെ കുന്നു മലയുമെല്ലാം കയറി ഇറങ്ങി നടക്കുന്നവരാണ്. എനിക്കും അതുപോലെ ആകണമായിരുന്നു. അതുകൊണ്ട് ആദ്യം ശരീരഭാരം കുറച്ചു. നന്നായി മെലിയണമെന്ന് സാര്‍ പറഞ്ഞിരുന്നു. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെ ഭക്ഷണം നിയന്ത്രിച്ചു. ഒമ്പത് മാസം പച്ചക്കറി മാത്രം, അരിയോ മീറ്റോ മറ്റൊ കഴിച്ചതേയില്ല.

ബുദ്ധിമുട്ടായിരുന്നു, പക്ഷെ അതിന്റെ ഫലം തിയേറ്ററില്‍ നിന്നും ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. കണ്ണമ്മയെ തിയേറ്ററില്‍ കണ്ടവര്‍ പലരും യഥാര്‍ത്ഥത്തില്‍ അട്ടപ്പാടിയില്‍ ഉള്ള സ്ത്രീ തന്നെയാണോ എന്നു ചോദിക്കുന്നു, ഞാനാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പറയുന്നു. അതൊക്കെ സന്തോഷമാണ്.

നരസിംഹസ്വാമി എന്ന മേക്കപ്പ് മാനും അരുണ്‍ മനോഹര്‍ എന്ന കോസ്റ്റ്യൂമറുമാണ് ആ ലുക്കിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സാദാ ഒരു കോട്ടണ്‍ സാരിയാണ് കണ്ണമ്മയുടെ വേഷം. കണ്ണമ്മയുടെ നടപ്പ് പോലും ശ്രദ്ധിക്കേണ്ടതാണ്. തലയുയര്‍ത്തിയാണ് അവര്‍ നടക്കുന്നത്. ഇതൊക്കെയും ശ്രദ്ധിച്ചിരുന്നു.

ഒമ്പത് മാസം പച്ചക്കറി മാത്രം; ഗൗരി നന്ദ മെലിഞ്ഞതിങ്ങനെ 1

ബിജു മേനോനും പൃഥ്വിയും- ആ കൂട്ടുകെട്ട്

ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒപ്പം അഭിനയിക്കുക എന്നത് വളരെ സന്തോഷമായിരുന്നു. ആദ്യമായാണ് രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കുന്നത്. പ്രേക്ഷക എന്ന നിലയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരുമിച്ച് അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. ബിജുവേട്ടനെ ആദ്യം കാണുന്നത് തന്നെ അയ്യപ്പനും കോശിയുടേയും സെറ്റില്‍ വച്ചായിരുന്നു. രണ്ടു പേരും വലിയ സപ്പോര്‍ട്ടായിരുന്നു.

കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഡെപ്പ്ത് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഒരുപാട് സഹായിച്ചിട്ടുണ്ട്. തങ്ങളുടെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ചു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്റെ ചില ഡയലോഗുകള്‍ കോശിക്കെതിരെ ശക്തമായി ഉള്ളതായിരുന്നു. അപ്പോഴൊക്കെ കണ്ണമ്മ പറയുന്നത് കോശിയോടാണ്, അവിടെ പൃഥ്വിരാജ് എന്ന നടന്‍ അവിടെയില്ല. കണ്ണമ്മ വിജയിച്ചത് കോശിയും അയ്യപ്പനും കാരണമാണ്. ശരിക്കും നന്ദി പറയേണ്ടത് അവരോടാണ്.

അയ്യപ്പന്‍ നായരുമായുള്ള കെമിസ്ട്രി

സിനിമ കണ്ടിറങ്ങിയ എല്ലാവരും പറയുന്നത് ആ കെമിസ്ട്രിയെക്കുറിച്ചാണ്. അയ്യപ്പന്‍ നായരും കണ്ണമ്മയും നാം സ്ഥിരം കാണുന്ന ഭര്‍ത്താവും ഭാര്യയുമല്ല. അവര്‍ സ്‌നേഹം അങ്ങനെ പുറത്തുകാട്ടാറില്ല. സച്ചി സര്‍ കഥ പറയുമ്പോഴും ഞാന്‍ ആലോചിക്കുമായിരുന്നു, ഇതെന്താ ഇങ്ങനെയെന്ന്. അപ്പോള്‍ സര്‍ പറയും തീയറ്ററില്‍ കാണുമ്പോള്‍ മനസിലാകുമെന്ന്.

ശരിക്കും അത് അപ്പോഴാണ് മനസിലായത്. രണ്ടുപേരും ശരിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നില്‍ക്കുന്നവരാണ്. ഒരാളുടെ ശരിയെ ചോദ്യം ചെയ്യുന്നില്ല ഇതില്‍. ഒരു പ്രത്യേക തരം ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍. അയ്യപ്പന്‍ നായര്‍ കണ്ണമ്മയെ കല്യാണം കഴിച്ച കഥയും വ്യത്യസ്തമാണല്ലോ.

കണ്ണമ്മയെന്ന അമ്മ

ഇതുവരെ നാം മലയാള സിനിമയില്‍ കണ്ട് പരിചയിച്ച തരത്തിലുള്ള അമ്മയല്ല കണ്ണമ്മ. കണ്ണമ്മ കുഞ്ഞിനെ പിടിക്കുന്നതൊക്കെ കാണുമ്പോ മനസിലാകും. ഒക്കത്തുണ്ടാകും, പക്ഷേ അത്ര കെയര്‍ ചെയ്യാറില്ല. കുഞ്ഞിനെ പുറത്ത് മരച്ചോട്ടില്‍ തൊട്ടിലില്‍ കിടത്തും.

അവള്‍ കരുതുന്നത് അവളുടെ കുഞ്ഞ് മഴയും വെയിലും കൊണ്ട് എല്ലാം തരണം ചെയ്ത് വളരണമെന്നാണ്. അതുള്‍പ്പെടുന്ന സമൂഹത്തിന് നേരെ നടക്കുന്നത് അറിഞ്ഞ് വളരണമെന്നാണ്. എന്നാല്‍ ആ കുഞ്ഞിനോട് സ്‌നേഹമുണ്ട് അവള്‍ക്ക്. പക്ഷേ, കുഞ്ഞും തന്നെപ്പോലെ വളരണമെന്ന് ആഗ്രഹിക്കുന്ന ഒരമ്മ. വളരെ വ്യത്യസ്തമാണ് കണ്ണമ്മയെന്ന് പറയാം.

ഗൗരിക്ക് രാഷ്ട്രീയമുണ്ടോ

ഇല്ല. എനിക്ക് മുന്നില്‍ സിനിമ മാത്രേയുള്ളൂ. സിനിമയാണ് ലോകം. സിനിമയില്‍ എന്തെങ്കിലുമൊക്കെ നല്ലത് ചെയ്യണമെന്ന് മാത്രമേ ആഗ്രഹമുള്ളു. പക്ഷേ കണ്ണമ്മയ്ക്കുണ്ട്. അവള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്.

അവള്‍ ശരിക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണ്. തെറ്റ് കണ്ടപ്പോള്‍ പ്രതികരിക്കുന്നതാണ്. അങ്ങനെയൊക്കെ ചെയ്തത് കൊണ്ടാണല്ലോ അവള്‍ അയ്യപ്പന്‍ നായരെ കല്യാണം കഴിക്കേണ്ടി വന്നത്.

തീയറ്ററുകളില്‍ കൈയടി വാങ്ങുന്ന പഞ്ച് ഡയലോഗുകള്‍

എന്റെ ഡയലോഗുകള്‍ക്ക് നന്ദി പറയേണ്ടതും സച്ചി സാറിനോടാണ്. സാറിന് നല്ല ബോധ്യമുണ്ട്, കണ്ണമ്മയെക്കുറിച്ച്. സര്‍ അവിടെ പോയി നിന്ന്, അട്ടപ്പാടിയെക്കുറിച്ച് അറിഞ്ഞ്, വ്യക്തമായി അറിയാം. പിന്നെ എനിക്ക് മാത്രമല്ല നല്ല ഡയലോഗുകള്‍. ഈ സിനിമയില്‍ എല്ലാവര്‍ക്കും നല്ല ഡയലോഗുകള്‍ ഉണ്ട്. കണ്ണമ്മയ്‌ക്കെതിരെ കോശി നിന്നത് കൊണ്ടാണ് അത് ശ്രദ്ധക്കപ്പെട്ടതെന്ന് മാത്രം.

അതിലും നന്ദി പറയേണ്ടത് രാജുവിനോടാണ്. എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, എനിക്കെതിരെ നില്‍ക്കുന്നത് പൃഥ്വിരാജാണെന്ന്. എനിക്കെതിരെ നിന്നത് കോശിയായിരുന്നു. അത്രയും നന്നായി രാജു ശ്രമിച്ചിട്ടുണ്ട്, എനിക്ക് അങ്ങനെ തോന്നാന്‍. ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട് സിനിമ കഴിഞ്ഞിറങ്ങിയാലും കണ്ണമ്മ മനസില്‍ നിന്ന് പോകുന്നില്ല, ഡയലോഗുകള്‍ പോകുന്നില്ലയെന്ന്, അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

കറുത്ത സ്ത്രീകളുടെ കഥാപാത്രമായി അഭിനയിക്കാന്‍ നടിമാരെ കറുത്ത മേക്കപ്പ് ഇടീക്കുന്നത് വിവാദമായിരുന്നല്ലോ?

കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നത് നല്‍കുക മാത്രമാണ് ചെയ്തത്. മഞ്ജു ചേച്ചിയും പണ്ട് ചെയ്തിട്ടില്ലേ..കണ്ണമ്മ ഒരു ആദിവാസി സ്ത്രീയാണ്. വെയിലും മഴയും കൊണ്ട്, കാടും മലയുമൊക്കെ കയറിയിറങ്ങുന്ന, വസ്ത്രത്തിലോ ലുക്കിലോ ശ്രദ്ധിക്കാത്ത സാധാരണ ആദിവാസി സ്ത്രീ.

സച്ചി സാറിന് നിര്‍ബന്ധമുണ്ടായിരുന്നു, കണ്ണമ്മയ്ക്ക് കൃത്രിമത്വം തോന്നരുതെന്ന്. സിനിമ കണ്ടിറങ്ങുന്നവര്‍ക്കും അത് തോന്നിയിട്ടില്ല. പലരും പറയുന്നുണ്ട് കണ്ണമ്മ ഒറിജിനലായി തോന്നിയെന്ന്.

സിനിമായാത്രയെക്കുറിച്ച്

ഞാന്‍ ആദ്യം നായികയായി അഭിനയിച്ചത് 2010ലാണ്. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് തമിഴ് സിനിമ ചെയ്തു. ഒരു തെലുങ്ക് സിനിമ ചെയ്തു. പിന്നീട് ലോഹം, കനല്‍. അത് കഴിഞ്ഞ് ‘പകുതിയാട്ടം’ എന്ന സിനിമ ചെയ്തു.

അത് കണ്ടാണ് കണ്ണമ്മയായി എന്നെ തെരഞ്ഞെടുത്തത്. 10 വര്‍ഷമെടുത്തു. പിന്നെ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. എന്റെ കഴിവ് കാണിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ഒരു നല്ല സിനിമയുടെ ഭാഗമാകണം, മികച്ചൊരു കഥാപാത്രം ചെയ്യണമെന്നും ആഗ്രഹിച്ച് കാത്തിരുന്നു. അതെനിക്ക് കണ്ണമ്മ കൊണ്ടുവന്നു. അയ്യപ്പനും കോശിയും താരമാകുമ്പോള്‍ എല്ലാവരും കണ്ണമ്മയെയും ഓര്‍ക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം. ഇനിയും നല്ല കഥകള്‍ക്കായും കഥാപാത്രങ്ങള്‍ക്കായും കാത്തിരിക്കുകയാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More