ഇത് കോസ്റ്റ്യൂം ഡിസൈനര്‍മാരുടെ സുവര്‍ണകാലം: സഖി എല്‍സ

അടുത്തകാലം വരെ സിനിമയില്‍ വസ്ത്രാലങ്കാരം എന്നു പറയുന്നത് അത്രകണ്ട് ശ്രദ്ധിക്കുന്ന ഒന്നായിരുന്നില്ല. അഭിനേതാക്കള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തയ്പ്പിച്ചുകൊടുക്കുന്നുവരോ തെരഞ്ഞെടുത്ത് കൊടുക്കുന്നുവരോ ആണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നായിരിക്കും പ്രേക്ഷകരില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകുക. സിനിമയുടെ വിജയാഘോഷങ്ങളിലും അവരെ മുന്‍നിരയില്‍ കണ്ടിരുന്നുമില്ല. വസ്ത്രങ്ങള്‍ ട്രെന്‍ഡായാല്‍ മാത്രം ശ്രദ്ധിക്കും എന്നുമാത്രം. എന്നാല്‍ പുതിയ കാലത്തെ സിനിമയില്‍ അങ്ങനെയല്ല. അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി മാറി കോസ്റ്റ്യൂം ഡിസൈനര്‍മാരും. ആ കണ്ണിയിലെ മുന്‍നിരയിലാണ് സഖി എല്‍സയും. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ സിനിമ അവാര്‍ഡുകളില്‍ ഹേയ് ജൂഡിലെ വസ്ത്രാലങ്കാരത്തിന്‌ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചതും സഖി എല്‍സയ്ക്കാണ്. കോസ്റ്റ്യൂം ഡിസൈനിംഗിനെ കുറിച്ചും അവാര്‍ഡ് നേട്ടത്തെ കുറിച്ചും സഖി എല്‍സ, രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു.

സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് ഇപ്പോള്‍. എന്തുതോന്നുന്നു?

തീര്‍ച്ചയായും പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിലാണ് ഇപ്പോള്‍. അപ്രതീക്ഷിതമാണ് ഈ നേട്ടം. അവാര്‍ഡ് ലഭിക്കുമെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നുവെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ ശരിക്കും അത്ഭുതമായിരുന്നു. ദൈവത്തിനോട് നന്ദിയുണ്ട് ഇങ്ങനെയൊരു അംഗീകാരം കിട്ടിയതില്‍. പിന്നെ വലിയൊരു പ്ലാറ്റ്ഫോം തന്ന ശ്യാമപ്രസാദ് സാറിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. സാര്‍ വര്‍ക്ക് ചെയ്യാനുള്ള ഫ്രീഡവും ഇന്‍പുട്ടും തന്നതുകൊണ്ടാണ് ഇന്ന് ഈ അംഗീകാരം ലഭിച്ചത്.

കളിയച്ഛനിലും ഇലക്ട്രയിലും പ്രതീക്ഷിച്ചിരുന്ന അവാര്‍ഡാണല്ലോ ഇപ്പോള്‍ തേടിയെത്തിയത്

ആ സമയത്ത് അവാര്‍ഡിന് പരിഗണിച്ചിരുന്നുവെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. പക്ഷെ അന്ന് പുരസ്‌കാരം കിട്ടാത്തതില്‍ വിഷമമില്ല. പരിഭവവും ഇല്ല. ഒരുപാട് കാര്യങ്ങള്‍ നോക്കിയാണ് ജൂറി ഒരാളെ അവാര്‍ഡിന് പരിഗണിക്കുക.

ഹേയ് ജൂഡിലെ നിവിന്‍ പോളിയുടേയും സിദ്ദീഖിന്റെയും തൃഷയുടേയും കോസ്റ്റ്യൂം ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനായി എന്തൊക്കെയാണ് ശ്രദ്ധിച്ചത്?

നിവിന്‍ പോളിയുടെ ക്യാരക്ടറിന് വേണ്ടി കുറച്ച് അധികം റിസര്‍ച്ച് നടത്തിയിരുന്നു. കാരണം അസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ളയാളാണ് നിവിന്റെ ക്യാരക്ടര്‍. ഇത്തരത്തിലുള്ള ആള്‍ക്കാരുടെ വസ്ത്രങ്ങളിലും പ്രത്യേകത കാണാറുണ്ട്. അത്തരം ആളുകളുടെ വസ്ത്രങ്ങളിലുള്ള അഭിരുചി അറിയാന്‍ പഠനം നടത്തിയിരുന്നു. അസ്പര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആളുകളുടെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് അവരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാണ് നിവിന്റെ വസ്ത്രത്തിന്റെ രൂപകല്‍പന ഉണ്ടാവുന്നത്. മറ്റ് കഥാപാത്രങ്ങള്‍ക്കെല്ലാം ഓരോ കാരിക്കേച്ചര്‍ പോലെ ചെയ്തിരുന്നു. തൃഷയുടേത് ബൊഹോയില്‍ ബേസ് ചെയ്തുള്ള ലുക്കാണ്. പെണ്‍കുട്ടികള്‍ക്കിടയിലൊക്കെ തൃഷയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എന്തു വേഷം ധരിച്ചാലും ഇണങ്ങുന്ന ശരീരമാണ് തൃഷയുടേത്. പിന്നെ സിനിമയില്‍ തൃഷ ഗോവന്‍ പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ മലയാളി പെണ്‍കുട്ടികള്‍ക്ക് വേണ്ടി വസ്ത്രമൊരുക്കുമ്പോഴുണ്ടാകുന്ന നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഗുണമായി. പിന്നെ തൃഷയുടെ ക്യാരക്ടര്‍ പല മൂഡ് സെന്‍സുള്ള പെണ്‍കുട്ടിയുടേതാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത രീതിയിലുള്ള വസ്ത്രങ്ങളും ഒരുക്കാന്‍ സാധിച്ചു.

ഒരു സിനിമയ്ക്ക് വേണ്ടി വസ്ത്രങ്ങളൊരുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്?

സംവിധായകന് എന്താണ് വേണ്ടത് എന്ന് തന്നെയാണ് ആദ്യം ശ്രദ്ധിക്കുന്ന കാര്യം. ക്യാരക്ടറാണോ വേണ്ടത് അതോ വളരെ ഭംഗിയുള്ള ഒരു സ്റ്റൈലാണോ വേണ്ടത് എന്ന് നോക്കും. ക്യാരക്ടറാണ് ശ്രദ്ധിക്കേണ്ടത് എങ്കില്‍ ഡ്രമാറ്റികാണോ വേണ്ടത് അതോ റിയലിസ്റ്റികാണോ എന്ന് നോക്കും. പിന്നെ ക്യാമാറമാന്റെ അടുത്തും ആര്‍ട്ട് ചെയ്യുന്നവരോടും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ക്കും അഭിപ്രായങ്ങള്‍ കാണും. ക്യാമറ കൈകാര്യം ചെയ്യുന്നവര്‍ സിനിമയുടെ ടോണിനെ കുറിച്ചും ഔട്ട്പുട്ടിനെ കുറിച്ചും നമുക്കൊരു ധാരണ തരും. അതുപോലെ ആര്‍ട്ട് ചെയ്യുന്നവര്‍ കളറിനെ കുറിച്ചു പശ്ചാത്തലത്തെ കുറിച്ചും പറഞ്ഞു തരും. ഇത് സിനിമയ്ക്ക് വേണ്ടി വസ്ത്രമൊരുക്കുന്നതിന് ഏറെ സഹായകരമാണ്. പിന്നെ ആര്‍ട്ടിസ്റ്റിന്റെ ശരീരം, നിറം,പൊക്കം, സ്‌കിന്‍ ടോണ്‍ ഇതെല്ലാം നോക്കിയാണ് വസ്ത്രലങ്കാരം ചെയ്യുന്നത്. അതുപോലെ തന്നെ സിനിമയില്‍ താരങ്ങളുടെ സ്റ്റാര്‍ഡം ആണോ ക്യാരക്ടറാണോ പ്രധാനം എന്നു നോക്കാറുണ്ട്. സ്റ്റാര്‍ഡത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ വേണം തയ്യാറാക്കാന്‍.

സംവിധായകര്‍ വസ്ത്രലങ്കാരം ഒരുക്കുന്നവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാറുണ്ടോ?

ഓരോ സംവിധായകര്‍ ഓരോ തരത്തിലും രീതിയിലുമാണ്. ചിലര്‍ അവര്‍ക്കെന്താണ് വേണ്ടതെന്ന് കൃത്യമായി പറയും. ചില സംവിധായകര്‍ ഔട്ട് ലൈന്‍ മാത്രമായിരിക്കും പറയും. മറ്റു ചിലര്‍ ആദ്യം മുതല്‍ നമ്മുക്കൊപ്പം ഇരിക്കും. ഫീഡ്ബാക്ക് പറയും. നിര്‍ദ്ദേശങ്ങള്‍ തരും. ശ്യാം സാറൊക്കെ അങ്ങനെയുള്ള ആളാണ്. എന്താണ് എന്ന് വെച്ചാല്‍ ചെയ്തോള്ളൂ എന്ന് പറയുന്ന സംവിധായകരും ഉണ്ട്. ഇതെല്ലാം സിനിമ എങ്ങനെയുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും.

ശ്യാമപ്രസാദിന്റെ കൂടെയാണല്ലോ അധികം സിനിമകള്‍ ചെയ്തിരിക്കുന്നത്

അഞ്ച് സിനിമകള്‍ ശ്യാം സാറിന്റെ കൂടെ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമാണ്. സാറിനൊരു ടീം കംഫര്‍ട്ടുണ്ട്. അതുപോലെ തന്നെ സാറിന്റെ കൂടെ ഇത്രയും സിനിമകള്‍ ചെയ്തതു കൊണ്ട് ശ്യാം സാറിന്റെ ഒരു ടേസ്റ്റ് എനിക്കും അറിയാം. എന്താണ് ഇഷ്ടം , ഇഷ്ടമല്ലാത്തത് എന്തൊക്കെയാണ് എന്നറിയാം. അതുപോലെ തന്നെ സഖിയോട് പറഞ്ഞാല്‍ സഖി എന്താണ് ചെയ്യുക എന്ന കാര്യത്തില്‍ സാറിനും വ്യക്തമായ ധാരണയുണ്ട്. സാറിന്റെ കൂടെയുള്ള വര്‍ക്ക് ഒരു കംഫര്‍ട്ട് ലെവലാണ്.

നയന്‍താര, തൃഷ, മനീഷ കൊയ്രാള, സമീറ റെഡ്ഢി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ് എങ്ങനെയുള്ളതായിരുന്നു?

വളരെ എളുപ്പമായിരുന്നു അവരുടെ കൂടെയുള്ള വര്‍ക്ക്. അവര്‍ക്കാര്‍ക്കും ഒരു നിബന്ധനകളും ഇല്ലായിരുന്നു. ഞാന്‍ ചെയ്ത രീതിയിലൊന്നും അവര്‍ ഇടപെട്ടിട്ടില്ല. പിന്നെ ചില അഭിപ്രായങ്ങള്‍ പറയാറുണ്ട്. ചിലത് ചേരും ചേരില്ല എന്നൊക്കെ. ഇതുതന്നെ അഭിപ്രായമായി മാത്രമേ പറയാറുള്ളൂ. അല്ലാതെ ചെയ്താല്‍ ഇടില്ല എന്നൊന്നും ഇല്ല. വലിയ താരങ്ങളായതു കൊണ്ട് തന്നെ വസ്ത്രങ്ങളൊരുക്കുന്ന സമയത്ത് അവരുടെ ക്യാരക്ടര്‍, അഭിനയിക്കുന്ന സീനുകളെല്ലാം ശ്രദ്ധയോടെ നോക്കും. പിന്നെ ഇവരെ പോലുള്ള വലിയ താരങ്ങള്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ ഞങ്ങളുടെ ജോലി കുറെ കൂടി എളുപ്പമാണ്. കാരണം വര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടും. തീരുമാനങ്ങള്‍ ഒന്നും ഷൂട്ടിന്റെ സമയത്തേക്കായി മാറ്റിവെയ്ക്കില്ല. പിന്നെ ടീമെല്ലാം ഈ കാര്യത്തില്‍ പ്രധാന്യം കൊടുത്ത് കൃത്യമായി അവലോകനം ചെയ്യും. സെറ്റില്‍ വരുമ്പോഴേക്ക് അതൊരു കംഫര്‍ട്ടബിള്‍ സെറ്റിങ്ങായിരിക്കും.

കണക്കിന്റെ ലോകത്ത് നിന്ന് ചമയങ്ങളുടെ ലോകത്തെക്കുള്ള ചാട്ടം എങ്ങനെയായിരുന്നു?

കണക്കിനോട് ഇഷ്ടം ഉണ്ടാകുന്നത് സ്‌കൂളിലെ കണക്ക് അധ്യാപകന്‍ അലക്സ് സാറിനോടുള്ള ഇഷ്ടം കൊണ്ടാണ്. നല്ല മാഷുമാര്‍ പഠിപ്പിക്കുന്ന വിഷയത്തോടുണ്ടാകുന്ന സ്വാഭാവികമായ ഇഷ്ടമായിരുന്നു അത്. ചെറുപ്പം മുതല്‍ വരയ്ക്കാറുണ്ടായിരുന്നു. പക്ഷെ വരയൊക്കെ ഉഴപ്പായാണ് വീട്ടില്‍ കാണുന്നത്. ഉഴപ്പേണ്ട സമയത്താണ് വരയ്ക്കുന്നത് എന്നത് വേറെ കാര്യം. അന്ന് ഞാനും അത് കാര്യമായി എടുത്തില്ല. സമയം കിട്ടുമ്പോള്‍ എന്തെങ്കിലുമൊക്കെ വരയ്ക്കും. കൂട്ടുകാര്‍ക്കൊക്കെ ഗ്രീറ്റിങ്ങ്സ് കാര്‍ഡ് ഉണ്ടാക്കി കൊടുക്കും. എം.ബി.എയുടെ എന്‍ട്രന്‍സ് എഴുതാന്‍ അപേക്ഷിക്കേണ്ട സമയത്ത് എന്റെ കസിന്‍ ബിബിന്‍ ചോദിച്ചു എന്തിനൊക്കെയാണ് അപേക്ഷിക്കുന്നത് എന്ന്. വരയ്ക്കാനാണ് ആഗ്രഹം പക്ഷെ വരയ്ക്കാന്‍ പറ്റുന്ന എന്‍ട്രന്‍സ് ഒന്നും ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അച്ചാച്ചനാണ് നിഫ്റ്റിനെ കുറിച്ച് പറയുന്നത്. അങ്ങനെ വരയിലൂടെ തല വരയും മാറി.

ചെയ്ത സിനിമകളില്‍ ഏറെ ഇഷ്ടമുള്ള സിനിമ ഏതാണ്?

ചെയ്ത സിനിമകളില്‍ ഹേയ്‌ ജൂഡ്, കളേഴ്സ്, ഇലക്ട്ര എന്നീ സിനിമകളാണ് എന്റെ ടോപ് ലിസ്റ്റില്‍ നില്‍ക്കുന്നവ. എനിക്ക് സന്തോഷം തന്ന സിനിമകളാണ് അരികെയും ആര്‍ട്ടിസ്റ്റും. ആര്‍ട്ടിസ്റ്റ് വളരെ റിയലിസ്റ്റികാണ്. അതില്‍ കോസ്റ്റ്യൂമിന്റെ ഭംഗിയല്ല ക്യാരക്ടറിന്റെയും ആ സ്റ്റോറിക്കുള്ളിലും വസ്ത്രങ്ങള്‍ ഇണങ്ങിപ്പോകുന്നതിന്റെ ഭംഗിയാണ്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കല്ല്യാണ ചടങ്ങിലുള്ള പാട്ടിനു വേണ്ടി ചെയ്ത ചട്ടയും മുണ്ടും ഭയങ്ക ഹിറ്റായി. അതു കഴിഞ്ഞ് അവിടെയുള്ള കല്യാണങ്ങള്‍ക്ക് മുഴുവന്‍ ചട്ടയും മുണ്ടും ട്രെന്‍ഡായി. ഫേസ്ബുക്ക് പേജിലൂടെ അതുപോലെ ചെയ്തു കൊടുക്കാമോ എന്ന് കുറേ പേര്‍ ചോദിക്കുകയും ചെയ്തു.

ഇപ്പോള്‍ കോസ്റ്റ്യൂം ഡീസൈനേഴ്സിനെയും സെലിബ്രിറ്റികളായി കാണുന്നുണ്ട്. ഇത് എന്ത് മാറ്റമാണ് ഈ മേഖലയില്‍ കൊണ്ടു വന്നിട്ടുള്ളത്?

ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ സമയത്ത് നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി. എല്ലാ ഫാഷനും അംഗീകരിക്കുന്നവരായി മലയാളികള്‍ മാറിയിട്ടുണ്ട്. യുവതലമുറയിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ ഈ ചെയ്ഞ്ചിന് കാരണം. കഴിവ് തെളിയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. നേരത്തെ ഒക്കെ സ്‌കേര്‍ട്ട്, ബൂട്ട് എന്നിവയൊക്കെ സിനിമയില്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം ഇതൊന്നും സാധാരണഗതിയില്‍ ആളുകള്‍ ഉപയോഗിക്കാത്തതാണ്. അതുപോലെ വലിയൊരു കമ്മല്‍ ഉണ്ടെങ്കില്‍ അത് വിവാഹ സീനില്‍ മാത്രമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ആളുകള്‍ ഇതൊക്കെ സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ട്.

ആര്‍ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാനാണ് ഏറ്റവും ആഗ്രഹം?

നല്ല ടീമിന്റെ കൂടെ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. നല്ല പ്ലാനിങ്ങോടെ, സ്‌ക്രീനില്‍ ഏറ്റവും ഭംഗിയോടെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുള്ള ടീമിന്റെ കൂടെ ജോലി ചെയ്യണം . സ്‌ക്രീനില്‍ കാണുന്നതിന് ഭംഗി വേണമെന്ന് ചിന്തിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. ഇതിനു മുമ്പ് വരെ സ്‌ക്രിപ്റ്റിങ്ങ്, സ്റ്റോറി ഇതിനു മാത്രമായിരുന്നു മുന്‍ഗണന. വിഷ്വലി ഭംഗിയാക്കുക എന്നത് എപ്പോഴും രണ്ടാമത്തെ കാര്യമായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ് വിഷ്വല്‍ ഭംഗിക്ക് കൂടി മുന്‍ഗണന നല്‍കുന്നത്.

ഒരുപാട് പേര്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കുന്ന സഖിയ്ക്ക് ഏത് വസ്ത്രത്തിനോടാണ് പ്രിയം?

അതാണ് എന്റെ ഏറ്റവും വലിയ വെല്ലിവിളി. മറ്റുള്ളവരെ നമ്മുക്കൊരു ക്യാന്‍വാസായി കാണാന്‍ എളുപ്പമാണ്. എന്നാല്‍ എനിക്ക് എന്നെ തന്നെ ആലോചിച്ച് ഡിസൈന്‍ ചെയ്യാന്‍ പറ്റാറില്ല. സ്വന്തമായി റീ ഇമാജിന്‍ ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് ഇട്ട് നോക്കി പരീക്ഷിച്ചാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എന്നെ മാത്രം ഞാന്‍ ഡിസൈന്‍ ചെയ്യുന്നത് വേറെയൊരു തരത്തിലാണ്. കൂടുതലായി കാഷ്വല്‍ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

എതൊക്കെയാണ് പുതിയ സിനിമകള്‍?

ഒരുപാട് സിനിമകള്‍ ഈ വര്‍ഷം ചെയ്യുന്നില്ല. ഒന്നോ രണ്ടോ സിനിമ മാത്രം ചെയ്യാനാണ് പദ്ധതി. എന്റെ സ്വന്തം കളക്ഷന്‍ തുടങ്ങാനാണ് പ്ലാന്‍. ഉടന്‍ അതിലേക്ക് തിരിയും.

മലയാളികളുടെ അടുത്ത ട്രെന്‍ഡ് എന്തായിരിക്കും?

ഇപ്പോഴുള്ള വൈബറന്റ് നിറങ്ങളുടെ ട്രെന്‍ഡ് തന്നെയായിരിക്കും കുറച്ചു കാലം കൂടി ഉണ്ടാവുക. പിന്നെ ബോഡി ഫിറ്റായിട്ടുള്ള സ്‌റ്റൈലില്‍ നിന്ന് ലൂസായ വസ്ത്രധാരണമായിരിക്കും ഇനി പ്രിയം . കൂടാതെ മേക്കപ്പിനും മുടിയുടെ സെറ്റിങ്ങിനും കുറച്ചു കൂടി മുന്‍ഗണന കിട്ടുന്ന സമയമാണ് ഇനി വരുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More