സിനിമ പഠിച്ചത് കളിമണ്‍ സ്ലേറ്റില്‍ വരച്ചും കണ്ടും വായിച്ചും: വി സി അഭിലാഷ്‌

പുതിയ കാല മലയാള സിനിമയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമയിലൊക്കെ സംഭവിക്കുന്ന ആവിഷ്‌കാര ശൈലീ മാറ്റങ്ങള്‍ നമ്മുടെ സിനിമയിലും സംഭവിക്കുന്നു. അടുത്തിടെ ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ പ്രിയങ്കരനായ ഇന്ദ്രന്‍സ് നായകനാവുന്ന ആളൊരുക്കം അത്തരമൊരു വ്യത്യസ്ത സിനിമയാണ്. കഴിഞ്ഞ ദിവസം അതിന്റെ പ്രിവ്യു ഷോയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. ഗന്ധര്‍വ ചലച്ചിത്രകാരന്‍ പി പത്മരാജന്റെ സഹധര്‍മ്മിണി രാധാലക്ഷ്മി ചിത്രത്തെകുറിച്ച് പ്രതികരിച്ചത് കുറച്ച് ദിവസത്തേക്ക് ഈചിത്രം എന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്നാണ്. ഏപ്രിലില്‍ റിലീസിന് തയ്യാറെടുക്കുന്ന ആളൊരുക്കത്തെയും തന്റെ കലാജീവിതത്തെയും കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ വിസിഅഭിലാഷ് അമ്പു സേനനുമായി സംസാരിക്കുകയാണ്.

ആളൊരുക്കത്തിന്റെ പ്രിവ്യുഷോയെക്കുറിച്ച് ഗംഭീര അഭിപ്രായമാണല്ലോ?

അതെ. എനിക്ക് വലിയ എക്സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ആദ്യ സിനിമയാണ് എന്നത് കൊണ്ടല്ല. ഈ പ്രമേയം അപകടം പിടിച്ച ഒന്നാണ്. പ്രിവ്യുവില്‍ ആളുകള്‍ അതിനെ എങ്ങനെ എടുക്കുമെന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. പക്ഷെ അവരുടെ പ്രതികരണം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.ശരിയാണ്, നമ്മള്‍ ക്ഷണിച്ച് വരുത്തിയ ആളുകളാണ്. അവര്‍ മുഖത്ത് നോക്കി നെഗറ്റീവ് പറയണമെന്നില്ല. പക്ഷെ അവരുടെ ശരീര ഭാഷയില്‍ എല്ലാമുണ്ടായിരുന്നു. പലരും ഷോ കണ്ടിട്ട് പോയി സോഷ്യല്‍ മീഡിയയിലൊക്കെ എഴുതി. ഷോയ്ക്ക് വരാന്‍ പറ്റാത്തവര്‍ എന്നെ വിളിച്ച് ”ഇന്നയാള്‍പടം കണ്ടു, ഗംഭീര സിനിമ എന്ന് പറഞ്ഞല്ലോ” എന്നൊക്കെ പറയുകയും ചെയ്തു. അത് വലിയ സന്തോഷം തോന്നുന്നു.

ഇന്ദ്രന്‍സ്

ഇന്ദ്രന്‍സേട്ടന്‍ തന്നെ ഈ വേഷം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം തിരക്ക് പിടിച്ച് ഓടുന്ന സമയമായിരുന്നു. പക്ഷെ കഥ കേട്ടപ്പോ തന്നെ സമ്മതം മൂളി. കുറച്ച് കഷ്ടപ്പാടുള്ള വേഷമാണ്. അങ്ങനൊരു പൊട്ടന്‍ഷ്യല്‍ ഇന്ദ്രന്‍സ് എന്ന നടനുണ്ടോയെന്ന് എന്നാരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ അവര്‍ ഉറപ്പായും ഈസിനിമ കാണണം. സംവിധായകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് അദ്ദേഹം. ആളൊരുക്കത്തില്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പഴയ ഇന്ദ്രന്‍സിനെ കാണാന്‍ സാധിക്കില്ല.  അസാധാരണമായ രീതിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്തു. മറുനാടന്‍ മലയാളിയായ ബോളിവുഡ് ആക്റ്റര്‍ ശ്രീകാന്ത് മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹവും പ്രേക്ഷകനെ അത്ഭുതപ്പെടുത്തും.

മാധ്യമപ്രവര്‍ത്തകനാണല്ലോ ? സിനിമയാണോ ജേര്‍ണലിസമാണോ ആദ്യം മനസില്‍ കയറിക്കൂടിയത്?

സിനിമതന്നെ. എന്റെ കുട്ടിക്കാലത്തെ ചെറിയ ഓര്‍മയില്‍ ഇപ്പോഴുമുള്ള ഒരുകാര്യം പറയാം. എന്റെ കുടുംബ വീട് ഒരു പഴയ തറവാട് മോഡല്‍ വീടായിരുന്നു. അതിന്റെ നീളമുള്ള വരാന്തയുടെ അരമതിലില്‍ ചാരിനിന്ന് മണ്‍സ്ലേറ്റില്‍ ഞാന്‍ പടം വരയ്ക്കുമായിരുന്നു. എന്റെ മനസ്സില്‍ തോന്നുന്ന കഥകളാണ് ചിത്രങ്ങളാക്കുന്നത്. ഒരു കള്ളന്‍ വരുന്നു, അതൊരുകഥ. പിന്നെ പോലീസ് അയാളെ പിടിക്കാന്‍ വരുമ്പോ കള്ളനെ മായ്ച്ച് കളഞ്ഞ് പോലീസിനെ വരയ്ക്കുന്നു.

അങ്ങനെ മായ്ച്ചും വരച്ചും ഒരുപരമ്പര തന്നെ നമ്മളുണ്ടാക്കുന്നു. സെമി വെര്‍ച്വല്‍ ആയിട്ടാണ് സംഗതി. പക്ഷേ ഇന്ന് ആലോചിക്കുമ്പോ മനസിലാവുന്നത് സ്ലേറ്റില്‍ ഞാനൊരു സിനിമ രൂപപ്പെടുത്തുകയായിരുന്നു എന്ന്. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു സ്റ്റോറിബോര്‍ഡ്. എന്നിലെ അന്നത്തെ ആ നാല് വയസുകാരനില്‍ ഒരുഫിലിം മേക്കര്‍ ഉണ്ടായിരുന്നിരിക്കണം. പിന്നീട് വരുമാന മാര്‍ഗ്ഗം മാധ്യമ മേഖലയിലായിരുന്നു എങ്കിലും സിനിമ ഒരുഘട്ടത്തിലും വിട്ടു പോയിട്ടുണ്ടായിരുന്നില്ല.

സിനിമയുമായി ചങ്ങാത്തം

പൂര്‍ണ്ണമായ അര്‍ഥത്തില്‍ ഞാനാരെയും അസിസ്റ്റ് ചെയ്ത് സിനിമയില്‍ വന്നയാളല്ല. ആരുടേയും കൂടെ ചേര്‍ന്ന് അസിസ്റ്റന്റ് ആയി നില്‍ക്കാന്‍ സാഹചര്യം അനുവദിച്ചില്ല. തിരുവനന്തപുരത്ത് സുനില്‍ഭാസ്‌കര്‍ സംവിധാനം ചെയ്ത ഒരു സിനിമയില്‍ എനിക്ക് സഹസവിധായകനായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നു. പക്ഷേ ആ സിനിമയുടെ 99 ശതമാനവും തീര്‍ന്നു കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പക്ഷേ അവര്‍ക്ക് ചില ഭാഗങ്ങള്‍ ഒന്നും കൂടി ഷൂട്ട് ചെയ്യണമെന്നു തോന്നി അതിലേക്ക് എന്നെ വിളിച്ചു. വെറും മൂന്ന് ദിവസത്തെ മാത്രം ജോലിയെ ഉണ്ടായിരുന്നുള്ളൂ. സിനിമാ ഷൂട്ടിംഗ് എന്ന് പറയുന്നത് അതിന്റെ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വിരസതയോ ഉണ്ടാക്കുന്ന ഒന്നല്ല. പക്ഷേ ഷൂട്ടിംഗ് കാണുന്ന ഒരാള്‍ക്ക് അതൊരു മടുപ്പുള്ള കാര്യമാണ്.

സംവിധാന സഹായിയായായുള്ള എന്റെ ആദ്യ ശ്രമത്തില്‍ വാസ്തവത്തില്‍ ഷൂട്ടിങ് കാണാന്‍ വന്ന് ബോറടിച്ച് ഒരു കാണിയായി ഞാന്‍ ചുരുങ്ങിപ്പോയി. എനിക്കാ സിനിമയുടെ കഥയറിയുമായിരുന്നില്ല. അപ്പോള്‍ എടുക്കുന്ന സീന്‍ എന്താണെന്ന് പോലും എനിക്ക് അറിയില്ല. ഡ്രസ്സ് കണ്ടിന്യൂറ്റി നോക്കലായിരുന്നു എന്റെ ചുമതല. ആദ്യ ദിവസം തന്നെ വല്ലാതെ മടുത്തു. മൂന്നു ദിവസം എങ്ങനെയോ പിടിച്ച് നിന്നശേഷം വീട്ടിലേക്ക് തിരിച്ച് പോയി. പോസ്റ്റ് പ്രൊഡക്ഷന് സമയത്ത് എന്നെ വിളിക്കാമെന്ന പറഞ്ഞെങ്കിലും അതുണ്ടായില്ല. ആ സിനിമയുടെ തുടക്കം മുതല്‍ ഒപ്പം നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആലോചിക്കാറുണ്ട്. ആ സിനിമയ്ക്ക്‌ശേഷം മാധ്യമ പ്രവര്‍ത്തന രംഗത്ത് തുടര്‍ന്നു.

സിനിമ പഠിക്കാതെ സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ. ആരുടെയെങ്കിലും സംവിധാന സഹായിയായി മുഴുവന്‍ സമയം നില്‍ക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സംവിധാന സഹായിക്ക് മിക്കപ്പോഴും വരുമാനം ഉണ്ടാവില്ല. ആ സമയത്ത് സിനിമാക്കാരായ ഒരുപാട് സുഹൃത്തുക്കള്‍ അവരുടെ വരാനുള്ള പ്രൊജക്റ്റിന്റെ കഥ കേട്ട് അഭിപ്രായം പറയാനും മറ്റുമൊക്കെ വിളിക്കുമായിരുന്നു. അങ്ങനെ അവരുടെ ഒരു ക്രൂ മെമ്പര്‍ ആകാതെ അവരുടെ സെറ്റില്‍ പോയി ഷൂട്ടിങ്ങും മറ്റു കാര്യങ്ങളും നിരീക്ഷിച്ചു പഠിക്കല്‍ പതിവാക്കി. അങ്ങനെ പറയാന്‍ ഒരു ഗുരുവില്ലാതെ ഏകലവ്യനെ പോലെ മാറി നിന്ന് സിനിമ പഠിക്കുകയായിരുന്നു.

ഇനി എനിക്കൊരു സിനിമ ചെയ്യാന്‍ സാധിക്കും എന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ടായപ്പോഴാണ് കഥയുമായി നിര്‍മ്മാതാവിനെ അന്വേഷിച്ചിറങ്ങുന്നത്. എന്നിട്ടും സാങ്കേതിക കാര്യങ്ങളില്‍ പല സംശയങ്ങളും ഉണ്ടായിരുന്നു. അതിനൊക്കെ കിട്ടാവുന്ന റെഫറന്‍സൊക്കെ തപ്പി. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ മനസ്സില്‍ സിനിമയുണ്ടെങ്കില്‍ സിനിമയുടെ സാങ്കേതികത എന്ന് പറയുന്നത് പുറകെ വരും, എന്റെ മനസ്സില്‍ എന്റെ സിനിമ പൂര്‍ണമായും ഉണ്ടായിരുന്നു. സംശയങ്ങളോ ആകുലതകളോ ഇല്ലാതെയാണ് എന്റെ മനസിലെ സിനിമ പൂര്‍ത്തീകരിച്ചത്. അതിനു നല്ലൊരു ടീമിനെയും എനിക്ക് ലഭിച്ചു. അതുകൊണ്ട് ഷൂട്ടിങ് വേളയില്‍പോലും പുതിയ സീക്വന്‍സും സീനുകളുമൊക്കെ എഴുതിച്ചേര്‍ത്ത് ചിത്രീകരിക്കാന്‍ എനിക്ക് സാധിച്ചു.

ആദ്യസിനിമ

പണ്ടൊക്കെ ഞാന്‍ ആരോട് എന്ത് സംസാരിക്കുമ്പോഴും ഒടുവിലെത്തുക സിനിമയിലായിരിക്കും. അക്കാലത്തെയെന്നല്ല, എക്കാലത്തെയും നമ്മുടെ ക്യാരക്റ്റര്‍ അതാണ്. എന്റെ മാത്രമല്ല; സിനിമ സ്വപ്നം കാണുന്ന എല്ലാവരുടെയും കാര്യമാണത്. ആ സ്വപ്‌നം കാണലാണ് കുറെ നല്ല മനുഷ്യര്‍ വഴി ജോളി ലോനപ്പന്‍ എന്ന വ്യക്തിയിലേക്ക് ഞാനെത്തുന്നത്. അദ്ദേഹം ഒരു നല്ല സിനിമ എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.

വിട്ടു വീഴ്ച്ചയില്ലാത്ത പിന്തുണ ഒരു നിര്‍മാതാവെന്ന നിലയില്‍ കിട്ടിപ്പോയതാണ് ആളൊരുക്കം എന്ന സിനിമയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ 2008-ല്‍ മനസില്‍ തയ്യാറാക്കിയ കഥയാണ് ആളൊരുക്കത്തിന്റേത്. ഒരു കൊമേഴ്സ്യല്‍ സിനിമയാണ് ആളൊരുക്കം. പക്ഷെ അതില്‍ കലയുണ്ട്. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കഥപറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ കഥ നമ്മുടെ കണ്മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരുമാമ്പഴം പോലെയാണ്. ആര്‍ക്കു വേണമെങ്കിലും എത്തിപ്പിടിക്കാവുന്നത്ര മാത്രം ഉയരത്തില്‍.

പിന്നണിയില്‍

ഇന്ദ്രന്‍സേട്ടന്‍ ഒരു പഴയ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് അഭിനയിക്കുന്നത്. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി അദ്ദേഹത്തെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.രാമായണത്തില്‍ ഹനുമാന്റെ സഭാപ്രവേശം ആസ്പദമാക്കി പുതിയതായി എഴുതിയ ഓട്ടന്‍തുള്ളല്‍ കൃതി ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കലാമണ്ഡലം നാരായണന്, കലാമണ്ഡലം നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗാനം അണിയിച്ചൊരുക്കുന്നത്.

കൊച്ചിയിലെ പ്രശസ്ത അഭിനയകളരിയായ ആക്ട്‌ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാര്‍ ആളൊരുക്കത്തില്‍ വേഷമിടുന്നു. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് റോണി റാഫേല്‍ ആണ്. മുന്‍പ് അടിപൊളി പാട്ടുകളുടെയും അതുപോലുള്ള ബിജിഎമ്മുകളും മാത്രം ചെയ്തിട്ടുള്ള ആളാണ് റോണി. ഞാന്‍ റോണിയോട് കഥ പറഞ്ഞു, എനിക്ക് ഇന്ന ഇന്ന കാര്യങ്ങളാണ് ബിജിഎമ്മില്‍ വേണ്ടതെന്നു പറഞ്ഞപ്പോള്‍ റോണി അതുള്‍ക്കൊണ്ട് മനോഹരമായിചെയ്തു. ആകാശവാണിയില്‍ ജോലി ചെയ്യുന്ന അജേഷ് ചന്ദ്രന്‍ എന്ന സുഹൃത്താണ് പാട്ടെഴുതിയത്. ‘ഒരിടത്തൊരുപുഴയുണ്ടേ’ എന്ന അദ്ദേഹം രചിച്ച ഗാനം വിദ്യാധരന്‍ മാഷാണ് പാടിയിരിക്കുന്നത്.

താങ്കളുടെ മനസിലെ സിനിമ എന്ത് തരം സിനിമയാണ്?

എന്റെ മനസിലെന്നല്ല, ഏതവസ്ഥയിലും സിനിമ പ്രേക്ഷകന്റേതാണ്. സംവിധായകന്‍ ഒരു പ്രേക്ഷകനായാലേ സിനിമയ്ക്ക് പ്രസക്തിയുണ്ടാവൂ എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഒരു പ്രമേയം മനസില്‍ തോന്നിയാല്‍, അതിപ്പോ എന്റെ മാത്രം തോന്നലാണ്. മറ്റൊരു വ്യക്തിക്ക് അത് സ്വീകാര്യമാവണമെങ്കില്‍ ഫിലിം മേക്കര്‍ ആ വ്യക്തിയുടെ കൂടിപ്രതിനിധിയാകണം. ആഅര്‍ഥത്തില്‍ എനിക്ക് ഏതെങ്കിലും ഒരു പ്രത്യേക ശൈലിയില്ല. സ്പില്‍ബര്‍ഗിനെആരാധിക്കുന്ന, വിന്‍സെന്റ് മാസ്റ്റുടെ ഫ്രെയിമുകള്‍ ഓര്‍ത്ത് അത്ഭുതം കൂറുന്ന ഒരു അടിസ്ഥാന ചലച്ചിത്ര പ്രവര്‍ത്തകനാണ് ഞാന്‍ തമിഴില്‍ മിഷ്‌കിന്റെ സിനിമ കാണുമ്പോ എനിക്ക് വല്ലാത്ത ആവേശം ഉണ്ടാവും. ആ ശൈലിയെന്നല്ല, എല്ലാത്തരം ശൈലിയിലും സിനിമ ഉണ്ടാവുക എന്നത് പ്രധാനമാണ്.

സംവിധായാകന്‍ അവന്റെ മനസിനെ തൃപ്തിപ്പെടുത്തുന്നത് പോലെ പ്രാധാന്യമാണ് പ്രേക്ഷകനെ സന്തോഷപ്പെടുത്തുന്നതും. വിപണി വിജയം പ്രധാനമായ കാര്യം തന്നെയാണ്. ഞാനെപ്പോഴുംആലോചിച്ചിട്ടുണ്ട്. നൂറും ഇരുന്നൂറും രൂപ കൊടുത്ത് ഒരാള്‍ ടിക്കറ്റെടുത്ത് സിനിമ കാണുകയും അതിന്റെ പത്തിലൊന്നുപോലും അയാള്‍ക്ക് മുതലാവുകയും ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ എന്ത് തരം സിനിമാപ്രവര്‍ത്തകനാണ്? പ്രേക്ഷകനെയും കലയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയുടെ വഴിയേ സഞ്ചരിക്കാനാണ് എനിക്കിഷ്ടം.

കുടുംബത്തിന്റെ പിന്തുണ

സിനിമയെപ്പറ്റി വലിയ വിശകലനം നടത്താനൊന്നും അറിയില്ലെങ്കിലും സിനിമയെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയും അച്ഛനും സന്തോഷിച്ചതേഉള്ളൂ. കാരണം എന്റെ സ്വപ്നം അതാണെന്ന് അവര്‍ക്കറിയാം. ഭാര്യ രാഖി കൃഷ്ണ പഞ്ചായത്ത് വകുപ്പ് ജീവനക്കാരിയാണ്. നല്ലൊരു കലാസ്വാദകയും എന്റെ ഒരു തിരുത്തല്‍ ശക്തിയുമാണ്. എന്റെ സഹോദരനും ഒരു സിനിമാ ഭ്രാന്തനാണ്. അവനും അധികം വൈകാതെ ഫിലിം മേക്കറാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവി

സിനിമ തന്നെ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More